പങ്കജാക്ഷൻ കടൽ‌വർണ്ണൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


പങ്കജാക്ഷൻ കടൽ‌വർണ്ണൻ വാസുദേവൻ ജഗന്നാഥൻ
നാരദാധി മുനിജന വന്ദിതൻ കൃഷ്ണൻ
ഭാര്യമാരു പതിനാറായിരത്തെട്ടുമൊരുമിച്ചു
സാന്ദ്രമോതും ദ്വാരകയിൽ വസിയ്ക്കും കാലം

പത്ഭനാഭനൊരു ദിനം പങ്കജാക്ഷി രുക്മിണിയെ
സാരസ്യമായ് വിളിച്ചങ്ങു അരുളി ചെയ്തു
സാരസലോചനേ ബാലേ രുക്മിണീ നീ വരുകില്ലേ
ചൂതിനായിട്ടിരുന്നാലും വൈകരുതേതും

ചൂതിനേറ്റം പരിചയമില്ലെനിയ്ക്കു ജീവനാഥാ
എങ്കിലും ഞാൻ കളിച്ചീടും ഒന്നു ചോല്ലേണം
കൈതവാഴി അരുൾ ചെയ്തു രുക്മിണീ നീ തോറ്റുവെങ്കിൽ
ഭൂപധനം നൃപധനം പറഞ്ഞിടേണം

കേശവാനീ തോറ്റൂവെങ്കിൽ അന്യനാരീ ജനങ്ങളെ
തൊടുകയില്ലിനി മേലിൽ എന്നു വയ്ക്കേണം
രുക്മിണീ നീ തോറ്റുവെങ്കിൽ നിന്നധരം പണയം
വൈകിടാതെ ഇന്നെനിയ്ക്കു തരിക വേണം.

വീരവാദം പറകയും ചൂതെടുത്തു തടുക്കയിൽ
വെട്ടുവാനായ് ചുരികയും വെട്ടീടുകയും
പൂമുടിക്കെട്ടഴികയും പുഷ്പജാലം കൊഴികയും
മുല്ലമലർക്കെട്ടഴിഞ്ഞു നിലത്തു വീണു

ഇപ്രകാരമിരുവരും കൈപിടിച്ചു കടാക്ഷിച്ചു
ചിത്രമായ മെത്തതന്നിൽ ശയിച്ചു കൃഷ്ണൻ
പാതിരാത്രിയും കഴിഞ്ഞു കോഴി കൂവുന്നതും കേട്ടു
ഇനിയുള്ള കളി ശേഷം നാളെയാവട്ടെ.

"https://ml.wikisource.org/w/index.php?title=പങ്കജാക്ഷൻ_കടൽ‌വർണ്ണൻ&oldid=141115" എന്ന താളിൽനിന്ന് ശേഖരിച്ചത്