നെപ്പോളിയന്റെ കണ്ണുനീർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നെപ്പോളിയന്റെ കണ്ണുനീർ (സരസകാവ്യം)

രചന:മാണിക്കോത്ത് രാമുണ്ണിനായർ (1924)
[ 11 ]

നെപ്പോളിയന്റെ കണ്ണുനീർ
(കേക)

റാറ്റിസ്ബൺ കോട്ടയ്ക്കുള്ള വിസ്തീർണ്ണപ്പുറമതിൽ
ചുറ്റിനിന്നമർചെയ്യുന്നുണ്ടൊരു മഹാസൈന്യം
ഇടവപ്പാതിക്കോളിലാകാശംപോലേ, ധൂമം
പൊടിയെന്നിവകളാലാവൃതം പടക്കളം,
വമ്പിച്ച പീരങ്കികൾ തൻഘോരനിർഘോഷത്താൽ
കമ്പിതമായീടുന്നു, ചെന്തിയ്യു പാളീടുന്നു.

അബ്ദടോത്തമന്മാർതൻ രക്തനാഡികളിൽനി-
ന്നുദ്ഭവിച്ചൊഴുകിയ ചെഞ്ചോരപ്പുഴകളോ,
പാരിടം വിട്ടു വീര്യസ്വർഗ്ഗത്തെ പ്രാപിയ്ക്കുന്ന
ധീരർക്കു ദിവ്യസ്നാനതീർത്ഥങ്ങളായിത്തീർന്നു.

ആരാണിസ്സൈന്യത്തിന്നു നായകൻ? ലോകമെങ്ങും
പേരാർന്ന നെപ്പോളിയൻ-പൗരുഷപാരാവാരം!

കാലുകളല്പം കവച്ചങ്ങൊരു കുന്നിന്മീതേ,
കാലദണ്ഡങ്ങളാകും കൈകൾ പിമ്പുറത്താക്കി,
നതശീർഷത്തോടുമാ വിസ്തൃതഫാലത്തോടും,
നിതരാം ഗാംഭീര്യത്തെക്കാട്ടുന്ന മുഖത്തോടും
തീവ്രമാം മനഃസ്ഥൈര്യം തീപ്പൊരി ചിന്നിക്കുന്ന
തീക്ഷ്ണനേത്രങ്ങളോടും, യുദ്ധരംഗത്തിൽത്തന്നെ
ബദ്ധദൃഷ്ടിയായ് നില്ക്കുന്നുണ്ടതാ നെപ്പോളിയൻ-
ഇദ്ധരാഗോളം കളിപ്പമ്പരംപോലാക്കിയോൻ!

എന്തൊരു വിചാരത്തിൻ ദുർഭരഭാരമാവാ-
മെന്തിനും പോരുന്നൊരാ നേതാവെത്തപിപ്പിപ്പൂ!

പെട്ടെന്നു, പടക്കളം മൂടിടും പുകയെപ്പി-
ന്നിട്ടു പാഞ്ഞിടുന്നൊരു ഭടനെക്കാണായ് വന്നു.

ചക്രവർത്തിതൻ നേത്രം ചുകന്നു; കാണ്മാതെന്തെ-
ന്തക്രമം! പേടിച്ചോടിപ്പോകയോ പുമാനിവൻ?
അല്ലല്ല-തൻചാരത്തേക്കാണവൻ വരുന്നതു-
കില്ലില്ല-സമീപസ്ഥനായിതബ്ഭടൻതാനും
സാലഭഞ്ജിക പോലെ നിന്നുപോയ് നെപ്പോളിയൻ.
ബാലനാണീയാഗതൻ!-ധൈര്യമേ, നമസ്ക്കാരം!
മുട്ടുകുത്തിയബ്ബാലനുരച്ചു ശീഘ്രം: "പ്രഭോ!
നാട്ടി നാം കൊടിക്കൂറ റാറ്റിസ്ബൺകോട്ടയ്ക്കുമേൽ"

[ 12 ]

നേത്രങ്ങളുജ്വലിച്ചു നായക,ന്നെന്നാൽ ക്ഷണ-
മാത്രത്താലവ ദയാർദ്രങ്ങളാ, യത്യത്ഭുതം!
തൻകൊച്ചുപോരാളിതൻ കഞ്ചുകം നെഞ്ചിന്മീതെ
തൻകരംകൊണ്ടു പൊത്തീടുകിലും, രക്തത്തിനാൽ
വൈവർണ്ണ്യം പൂണ്ടു കണ്ടു, ചക്രവർത്തിയുമുടൻ
ഭാവമത്രയും മാറി, ബ്ബാലനെത്താങ്ങീടിനാൻ.

ചോദിച്ചു:- "കുഞ്ഞേ! മുറിപറ്റിയതെവിടത്തിൽ?
ഹാ ! ദിഷ്ടവൈപരീത്യം! പറ്റലർ ചതിച്ചുവോ ?"

കൃതകൃത്യനാം ബാലൻ പുഞ്ചിരി തൂകീ മന്ദം;
നൃപനോടോതീടിനാനസ്പഷ്ടാക്ഷരങ്ങളിൽ:
"മുറിയേല്ക്കുകയോ ? ഞാൻ മുക്കാലും ചത്തു - പക്ഷേ
പരിതൃപ്തൻ ഞാൻ, തൃക്കൈസ്പർശത്താൽത്തിരുമേനി!"

ബാലകൻതന്റെ ചുണ്ടു തൽക്ഷണം വിളർത്തുപോ-
യാലോലനേത്രങ്ങളും നിശ്ചലസ്ഥിതങ്ങളായ്;
ചുടുകണ്ണീരൊന്നുടൻ വീണു, മൃത്യുവിൻ മുദ്ര
പതിയും നെറ്റിതന്മേൽ- അന്നൊരു ദിനംമാത്രം !!

(ആശയാനുവാദം)

(കവനകൗമുദി, പുസ്തകം 19, ലക്കം 6,7, 1099 മീനം,മേടം-1924)

"https://ml.wikisource.org/w/index.php?title=നെപ്പോളിയന്റെ_കണ്ണുനീർ&oldid=68303" എന്ന താളിൽനിന്ന് ശേഖരിച്ചത്