നീറുന്ന തീച്ചൂള/പൊൻപുലരി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വെല്ക നീ, വെല്ക നീ, മന്മാതൃഭൂവിനെ-
പ്പുൽകിയുണർത്തുന്ന പൊന്നുഷസ്സെ!

 സ്വാതന്ത്ര്യ പീയൂഷവാഹിനീ, മോഹിനീ,
സ്വാഗതം ചെയ്യുന്നു നിന്നെ ഞങ്ങൾ!
എത്രയോകാലമായൊത്തൊരുമിച്ചു നീ-
യെത്തുവാൻ ഞങ്ങൾ തപസ്സുചെയ്വൂ!
കർമ്മതപസ്സിതിൻ കാഠിന്യപൂർത്തിയിൽ
കണ്ണഞ്ചിച്ചെത്തിയോ ശാരദേ, നീ?
അർച്ചിപ്പൂ നിൻ കാൽക്കലാനന്ദ സാന്ദ്രങ്ങ-
ളച്ഛങ്ങൾ ഞങ്ങൾതൻ മാനസങ്ങൾ!

നിർന്നിമേഷാക്ഷരായ് നിർവൃതിയാർന്നിതാ
നിന്മുന്നിൽക്കൈകൂപ്പി നിൽപൂ ഞങ്ങൾ.
വെൽക നീ, വെൽക നീ, മാതൃഭൂവിനെ-
പ്പുൽകിയുണർത്തുന്ന പൊന്നുഷസ്സേ!

 ഒത്തുകൈകോർത്തു പോം കൂട്ടുകാർ കൂസല-
റ്റൊട്ടുചെല്ലുമ്പോളകന്നു മാറാം.
ഒറ്റവയറ്റിൽക്കിടന്നവർകൂടിയു-
മൊറ്റതിരിഞ്ഞു പിരിഞ്ഞുപോകാം.
വന്ധ്യമാണദ്വൈതം, ദ്വൈതമേ ലോകത്തെ
ബന്ധിച്ചുനിൽക്കൂ സഗർഭയായി-
ഉജ്ജ്വല സംസ്കാരതേജോമയങ്ങളാ-
മുൽക്കർഷങ്ങൾക്കു സവിത്രിയായി-
എങ്കിലും സർവ്വവുമൊന്നാണൊടുവിൽ നിൻ
പൊങ്കതിർ മേൽക്കുമേൽ പെയ്യു, ദേവി!

 വെല്ക നീ, വെല്ക നീ, മന്മാതൃഭൂവിനെ-
പ്പുൽകിയുണർത്തുന്ന പൊന്നുഷസ്സെ!
 വിശ്വസൗഹാർദ്ദത്തിൻ ക്ഷേമോത്സവം വാഴ്ത്തി
വിസ്തൃതാദർശങ്ങൾ വീശി വീശി,
ഉൽക്കകൾ ചിന്തട്ടെ ഞങ്ങൾതൻ ചിന്തകൾ
ചക്രവാളാന്തത്തെ ലക്ഷ്യമാക്കി.
ഓരോ ചിറകടി തട്ടിയുണർത്തീട-
ട്ടോരായിരം കൊടുങ്കാറ്റുകളെ.
എത്തട്ടേ ഞങ്ങൾതൻ നിത്യോത്സവത്തിനാ-
യെത്രയും വേഗം സമത്വ ചൈത്രം.
ദാരിതമാകട്ടെ മൺകട്ടമാതിരി
ദാരിദ്ര്യമെന്ന മൂന്നക്ഷരങ്ങൾ.

വെല്ക നീ, വെൽക നീ, മന്മാതൃഭൂവിനെ-
പ്പുൽകിയുണർത്തുന്ന പൊന്നുഷസ്സെ!

 നിസ്തുലനിസ്വാർത്ഥ സേവനത്താൽ ഞങ്ങൾ
നിത്യ സൗഹാർദ്ദം പുലർത്തുവാനും,
സ്വാന്തോത്സവം ചേർന്നു, താന്തരായ്ത്തീരാതെ
ശാന്തിയെ മേന്മേൽ ഭജിക്കുവാനും,
സ്വാതന്ത്യശക്തി നീയേകുന്നു ഞങ്ങൾക്കു
പൂതചൈതന്യത്തിൻ പൊൽത്തിടമ്പേ!
എന്നെന്നും കാത്തിടും ഞങ്ങളുൾക്കാമ്പിലീ-
പ്പുണ്യോദയത്തിൻ സുഖസ്മൃതികൾ
ഭംഗിഇൽ പൂത്തിടും ഞങ്ങൾതൻ വീഥിയിൽ
മങ്ങാതെ നിത്യവും മംഗളങ്ങൾ.
 
വെല്ക നീ, വെല്ക നീ, മന്മാതൃഭൂവിനെ-
പ്പുൽകിയുണർത്തുന്ന പൊന്നുഷസ്സെ!
 
20-12-1947