നീറുന്ന തീച്ചൂള/പുരോഗതിയെ തടുത്താൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പൂങ്കുലച്ചാർത്താൽ ചിരിക്കുന്നലോകമേ,
തേൻ കിനിയും നിൻ പഴമൊഴിയാൽ സ്വയം
വഞ്ചിച്ചിതെന്നെ നീ -നിൻ താളിയോലകൾ
വെൺചാരമാക്കാൻ ജ്വലിപ്പു മദ്യൗവനം!

   ചുറ്റും മതിൽക്കെട്ടുകെട്ടിയും ചങ്ങല-
ച്ചുറ്റുകളാലെന്റെ കാലിണപൂട്ടിയും,
വീർപ്പുമുട്ടിപ്പു നിൻ നീതിയാൽ, മുന്നിലേ-
ക്കാർപ്പിട്ടു പായേണ്ടു മെന്നുദ്ഗതിയെ നീ!
രക്തക്കളങ്ങൾ-മതിമതി-നിന്റെയീ-
ത്തത്ത്വ പ്രസംഗം-തരില്ല ഞാൻ മാപ്പ്പ്പിനി!

പോട്ടിക്കുമിക്കൊടും ചങ്ങലക്കെട്ടുകൾ
തട്ടിത്തകർക്കുമാക്കന്മതിൽക്കെട്ടു ഞാൻ!
ലജ്ജാർഹമായ നിൻ സ്വാർത്ഥപൂർത്തിക്കായി
മൽച്ചക്രവാളം കുടവട്ടമാക്കി നീ...

ഇന്നലത്തേതിൻ വളിച്ച തത്ത്വങ്ങളെ-
ത്തിന്നു ദുർമ്മേദസ്സു വീർത്ത നിൻ വിഗഹം,
ഇന്നിൻ കൊടും വെയിലേറ്റെന്നടിമുടി-
യൊന്നായ് വിയർക്കുന്നു- മൂർച്ചിച്ചിടുന്നു നീ.
ഭൂതകാലത്തിൻ ശവപ്പെട്ടിയും ചുമ-
ന്നാദർശമന്ത്രമുരുക്ക്ഴിച്ചങ്ങനെ,
വൃക്ഷത്തണലിൽ സദാ പുനർജ്ജീവനം
ലക്ഷ്യമായ് ഹാ, നീ തപസ്സുചെയ്തീടവേ,
മർത്ത്യൻ ദഹിപ്പൂ വിശപ്പിൽ, ക്കൊലക്കളം
മത്തടിക്കുന്നൂ കബന്ധനൃത്തങ്ങളാൽ!
കൊറ്റിനായ് വിറ്റു ചാരിത്രം, വിഷാണുക്കൾ
മുറ്റിപ്പിടയ്ക്കുന്നു, ഗർജ്ജിപ്പുമർദ്ദനം.!
ഏതോകിനാവിലെ സ്വർഗ്ഗം നുണഞ്ഞു നിൻ
ഗീതയും താങ്ങിത്തപസ്സുചെയ്യുന്നു നീ!
ഒന്നിളകീടുകെന്നോതി മരവിച്ച
നിന്നെക്കുലുക്കിവിളിപ്പൂ പുരോഗതി,
ഹാ, ചലിക്കായ്കിൽ, പുരോഗമിച്ചീടായ്കിൽ
നീ ചവിട്ടേറ്റേറ്റടിയും മറവിയിൽ!
14-10-1945