Jump to content

നീതിസാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നീതിസാരം
നീതിസാരം


പ്രണമ്യ സർവലോകേശം ദേവദേവേശ്വരം ഹരിം

നീതിസാരം പ്രവക്ഷ്യാമി സർവ്വശാസ്ത്രസമാഹൃതം


അർത്ഥം - ചരാചര ഗുരുവാകുന്ന ഭഗവാനെ നമസ്കരിച്ച് സർവ്വ ശാസ്ത്രങ്ങളിലും ചൊല്ലിയതിൽ സാരമായുള്ള വാക്കുകളെ എടുത്തു ലോകോപകാരത്തിനായിക്കൊണ്ട് പറയുന്നേൻ .



ശ്രൂയതാം ധർമ്മസർവസ്വം ശ്രുത്വാ ചൈവ വിചാര്യതാം

ആത്മന: പ്രതികൂലാനി പരേഷാന്ന വിചാരയേൽ


അർത്ഥം - ധർമാധർമങ്ങൾ എല്ലാം കേട്ട് അതിനെ ബുദ്ധികൊണ്ടു വിചാരിച്ച് ആത്മാവിനു ഗുണവിരോധമായ കാര്യങ്ങളെ ആരോടും ചെയ്യരുതെന്നറിയുക.



അപരീക്ഷ്യനകർത്തവ്യം കർത്തവ്യം സുപരീക്ഷ്യ ച

ന ചേദ്‌ ഭവതി സന്ദാപോ ബ്രാഹ്മണ്യ നകുലാദ്യഥ


അർത്ഥം - ഒന്ന് ചെയ്‌വാൻ തുടങ്ങുമ്പോൾ പരീക്ഷ കൂടാതെ ചെയ്യരുത്. പരീക്ഷയോടുകൂടി സകല കാര്യങ്ങളും ചെയ്യണം. പരീക്ഷ കൂടാതെ ചെയ്‌താൽ കീരിയെ കൊന്ന ബ്രാഹ്മണിയെപ്പോലെ സന്താപത്തിനു കാരണമാകുമെന്ന് അറിയുക.



അവശ്യമനുഭോക്തവ്യം കൃതം കർമശുഭാശുഭം

നാഭുക്തം ക്ഷീയതെ കർമകല്പകോടിശതൈരപി


അർത്ഥം - നല്ലത് എങ്കിലും ചീത്ത എങ്കിലും തന്നാൽ ചെയ്യപ്പെട്ട പുണ്യപാപങ്ങൾ താൻ തന്നേ അനുഭവിക്കു. നൂറു കോടി കല്പകാലം ചെന്നാലും അനുഭവിക്കാതെ തീരാ എന്നറിയുക.



അർത്ഥാനാമാർജ്ജനേദുഃഖം ആർജ്ജിതാനാന്തു രക്ഷണേ

ആയേ ദുഃഖം വ്യയേ ദുഃഖമർത്ഥ: കിം ദുഃഖഭാജനം


അർത്ഥം - അർത്ഥം ഉണ്ടാക്കുവാനും ഉണ്ടാക്കിയാൽ രക്ഷിപ്പാനും ദുഃഖം; അർത്ഥം അഴിക്കുമ്പോഴും ലാഭം വരുത്തുമ്പോഴും ദുഃഖം; അർത്ഥം ദുഖത്തിനായിക്കൊണ്ടുള്ള പാത്രമെന്നറിയുക.



വിദ്വാനേവ വിജാനാതി വിദ്വജ്ജനപരിശ്രമം

നഹി വന്ധ്യാവിജാനാതി ഗുർവീം പ്രസവവേദനാം.


അർത്ഥം - വിദ്വാനേ വിദ്യയുള്ളവനെ അറിഞ്ഞുകൂടു. എന്തെന്നാൽ പ്രസവിക്കാത്ത സ്ത്രീക്ക് പ്രസവ വേദന തിരിയായല്ലോ എന്നതുപോലെ എന്നറിക.



മാതാ പിതാ ച മേ ശത്രുര്യേന ബാല്യേനപാദ്യതെ

സഭാമദ്ധ്യേ ന ശോഭതേ ഹംസമദ്ധ്യെ ബകോയഥാ


അർത്ഥം - ചെറുപ്പത്തിൽ വിദ്യാഭ്യാസം ചെയ്യിപ്പിക്കാത്ത മാതാപിതാക്കൾ ശത്രുക്കൾക്കു സമാനം ആകുന്നു. അത് എന്തെന്നാൽ വിദ്യ അഭ്യസിച്ചിട്ടില്ലാത്തവൻ ഒരു സഭാമധ്യത്തിൽ ചെന്നാൽ അന്നങ്ങളുടെ ഇടയിൽ അകപ്പെട്ട കൊക്കിനു സമം തന്നെ എന്നറിക.



കർപ്പൂരധൂളികലിതാലവാലെ

കസ്തൂരികാകല്പിത ദോഹളശ്രീ:
ഹിമാംബുകാഭൈരഭിഷിച്യമാന:
പ്രാഞ്ചം ഗുണം മുഞ്ചതി നോ പലാൺഡു:


അർത്ഥം - കർപ്പൂരതടത്തിൽ ഉള്ളി നട്ട് കസ്തൂരി വളമിട്ടു പനിനീരുകൊണ്ട് അഭിഷേകം ചെയ്താലും ഉള്ളിയുടെ ഗന്ധം തീരാ എന്നറിക.



ആചാര്യാൽപാദമാദത്തെ പാദം ശിഷ്യ:സ്വമേധയാ

പാദം സബ്രഹ്മചാരിഭ്യ: പാദം കാലക്രമേണതു.


അർത്ഥം - യാതോരുവിദ്യയും, ഗുരുവിനോടു നാലിലൊന്നും സ്വമേധയാ നാലിലൊന്നും, കൂടെ പഠിക്കുന്ന സഖികളോടു നാലിലൊന്നും കാലക്രമം കൊണ്ടു നാലിലൊന്നും; ഇങ്ങനെ നാലുംകൂടി മുഴുവനാകും എന്നറിക.



ശ്രുതമിച്ഛന്തി പിതരോ ധനമിച്ഛന്തി മാതര:

ബാന്ധവാ: കുലമിച്ഛന്തി: രൂപമിച്ഛന്തി കന്യകാ:


അർത്ഥം - വിവാഹത്തിങ്ങൽ പിതാക്കൾ വിദ്വാനെ ആഗ്രഹിക്കുന്നു, മാതാക്കൾ ധനവാനെ ആഗ്രഹിക്കുന്നു, ബന്ധുക്കൾ വംശവാനെ ആഗ്രഹിക്കുന്നു, കന്യകമാർ രൂപവാനെ ആഗ്രഹിക്കുന്നു എന്നറിക.


വൃശ്ചികസ്യവിഷം പുച്ഛം മക്ഷികായാ വിഷം ശിര:

തക്ഷകസ്യവിഷം ദന്തം സർവാംഗം ദുർജനസ്യച.


അർത്ഥം - തേളിന്നു വാലിൻമേൽ വിഷം, ഈച്ചയ്ക്ക് തലയിൽ വിഷം, സർപ്പത്തിനു പല്ലിന്മേൽ വിഷം, ദുഷ്ടർക്ക് സർവാംഗം വിഷം എന്നറിക.


പക്ഷീണാം ബാലമാകാശം മത്സ്യാനാമുദകം ബലം

ദുർബലസ്യ ബലം രാജാ ബാലാനാം രോദനം ബലം.


അർത്ഥം - പക്ഷികൾക്ക് ആകാശം ബലം, മത്സ്യങ്ങൾക്ക് വെള്ളമുള്ള ദിക്കിൽ ബലം, ബലഹീനന്മാർക്ക് രാജാവ് ബലം, കുട്ടികൾക്ക് കരച്ചിൽ ബലം.



വിവാദശീലാം സ്വയമർത്ഥചോരിണീം

പരാനുകൂലാം പതിദോഷഭാഷിണീം
അഗ്രാശിനീമന്യഗ്രിഹപ്രവേശിനീം
ഭാര്യാം ത്യജേൽപുത്രദശപ്രസൂതികാം.


അർഥം - യാതൊരു സ്ത്രീ എല്ലായിപ്പോഴും വിവാദിക്കുകയും തന്റെ മുതൽ താൻതന്നെ മോഷ്ടിച്ചെടുക്കുകയും അന്യ പുരുഷന് അനുകൂലമായിരിക്കുകയും ഭർത്താവിനെകൊണ്ട് ദോഷം പറയുകയും ഭർത്താവിനും തനിക്കും കൂടി വച്ചാൽ താൻ മുമ്പിൽ ഉണ്ണുകയും എല്ലായിപ്പോഴും അന്യ ഭവനങ്ങളിൽ പോയിരിക്കുകയും ചെയ്യുന്നോ, ആ സ്ത്രീക്ക് പത്തു പുത്രർ ഉണ്ടെങ്കിലും ഉപേക്ഷിക്കണമെന്ന് അറിയുക.



കാര്യേഷു മന്ത്രീ കരണേഷു ദാസീ

രൂപേഷു ലക്ഷ്മീ ക്ഷമയാ ധരിത്രീ
സ്നേഹേഷു മാതാ ശയനേഷു വേശ്യാ
ഷട്കർമ്മനാരീ കുലധർമപത്നീ


അർഥം - യാതൊരു സ്ത്രീ കാര്യത്തിൽ മന്ത്രിയെപോലെയും പ്രവൃത്തിയിൽ ദാസിയെപോലെയും രൂപത്തിൽ ലക്ഷ്മിയെ പോലെയും ക്ഷമകൊണ്ട്‌ ഭൂമീദേവിയെപോലെയും സ്നേഹത്തിൽ മാതാവിനെപോലെയും ശയനത്തിൽ വേശ്യയെ പോലെയും ഇരിക്കുന്നുവോ, ഈ ഗുണം ആറും ഉള്ളവൾ ധർമപത്നിയെന്നറിയുക.

"https://ml.wikisource.org/w/index.php?title=നീതിസാരം&oldid=52085" എന്ന താളിൽനിന്ന് ശേഖരിച്ചത്