നിർവ്വാണമണ്ഡലം/സഹതപിക്കുന്നു ഞാൻ!

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അത്യന്തമോഹനമാണെന്നിരിക്കിലു-
മെത്രനാൾ നിൽക്കുമിസ്സ്വപ്നോത്സവം, സഖീ?
കഷ്ടമെന്നെങ്കിലും, യാത്രോക്തിയും ചൊല്ലി
വിട്ടുപോകേണ്ടവരല്ലി നാമോമലേ?
അന്യോന്യമിത്രയ്ക്കടുത്ത നാംതന്നെയാ-
ണന്യരായ് നാളേക്കകന്നു നിൽക്കേണ്ടവർ.
ഓർക്കാതിരിക്കാൻ ശ്രമിച്ചിടുന്തോറുമ-
ത്തീക്കനലെന്നുള്ളിലാളുന്നു മേൽക്കുമേൽ!

വേനലിൽ ചൂടിൽ വരണ്ടിരണ്ടോടുന്നു
കാനനച്ചാർത്തിൻ മരതകശോഭകൾ.
വർഷമോർമ്മിപ്പീല വാസന്തകോകിലം
ഹർഷപുളകം വിതച്ചകളകളം!
ഞെട്ടറ്റു പാഴിലുതിരുന്നു മണ്ണിലാ
മൊട്ടിട്ട വല്ലിതൻ ജീവിതസിദ്ധികൾ.
സർവ്വവും സ്വപ്നം-ജഗത്തേ തവോൽക്കട-
ഗർവത്തിലേറ്റം സഹതപിക്കുന്നു ഞാൻ!