നിർവ്വാണമണ്ഡലം/വ്യതിയാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വ്യതിയാനം

എന്നെത്തിരക്കി നീയാനന്ദദേവതേ,
വന്നിട്ടുമെന്തേ പറയാതെപോയി നീ?
ഒത്തില്ലെനിക്കെന്റെ ജോലിത്തിരക്കിനാൽ
കഷ്ടം, ഭവതിയെസ്സൽക്കരിച്ചീടുവാൻ.
ചെറ്റും മനുഷ്യത്ത്വമില്ലാത്തവനെന്നു
തെറ്റിദ്ധരിക്കാനിടയുണ്ടിവനെ നീ!
എന്തു ചെയ്യട്ടെ, മനോരമേ, ജീവിത-
ചിന്തകളെന്നെ വിടുന്നില്ലൊരിക്കലും!
ഉദ്ധതനല്ല ഞാൻ, മാമകമാനസ-
ശുദ്ധിയോർത്തെങ്കിലും മാപ്പു നീ നൽകണേ!

അന്നു നീ വന്ന മധുമാസരാത്രിയിൽ
മന്ദഹസിച്ചിതെൻ മുറ്റത്തുമുല്ലകൾ.
വെള്ളിനിലാവിൽ കുളിപ്പിച്ചു നീയെന്റെ
വല്ലികൾ മൊട്ടിട്ട പൂങ്കാവനികൾ!
വിസ്മയംതോന്നുമാറന്നെന്റെ മുന്നിലീ
വിശ്വം മുഴുക്കെക്കവിതകൊളുത്തി നീ!
സ്നേഹിക്കുവാനായ് പാഠിപ്പിച്ചു നീ നിന്റെ
മോഹനദർശനംകൊണ്ടു മജ്ജീവനെ!
എന്നെ ക്കൃതഘ്നനെന്നോർക്കായ്ക നിർമ്മലേ
നിന്നോടെന്നെന്നും കൃതജ്ഞനാകുന്നു ഞാൻ!

കാഴ്ചവച്ചേനേ മടിച്ചിടാതന്നു നിൻ
കാൽത്തളിരിങ്കലെൻ പിഞ്ചുമനസ്സു ഞാൻ.
എന്നാലെനിക്കതന്നൊത്തില്ല, വാഞ്ഛതൻ
പിന്നാലെയങ്ങിങ്ങലഞ്ഞു ഞാൻ പോകയാൽ.
കണ്ണീർക്കടലിൻ നടുക്കെന്റെ ജീവിത-
പ്പൊന്നിങ്കളിത്തോണി മുങ്ങുമീവേളയിൽ
കാളാംബുദാളികൾ മൂടിക്കൊടുന്തണു-
പ്പാളുമീഭീകരവർഷാന്തരാത്രിയിൽ,
നിന്നെയിരുളിൽ തിരഞ്ഞു വിളിച്ചു ഞാ-
നെങ്ങുനീ, യെങ്ങു നീ, യത്ഭുതോന്മാദമേ?

അയ്യോ, തിമിരം, വിജനം, ഭയാനകം
വയ്യെനി, ക്കെന്നെ മറന്നോ വെളിച്ചമേ?
മുന്നോട്ടു മുന്നോട്ടു പോകട്ടെ വീണ്ടുമീ-
ക്കണ്ണീർക്കടലിലീ ഞാനുമെൻ തോണിയും!
അല്ലെങ്കിലാക്കൊടുമ്പാറമേൽച്ചെന്നതു
തല്ലിത്തകർന്നിനിത്താണിടാനും മതി.
വിസ്മൃതിയിങ്കൽ മറഞ്ഞതില്ലിത്രനാൾ
വിശ്വസമുദ്രത്തിലെത്രനീർപ്പോളകൾ?
ഇന്നവയിങ്കലൊന്നായിഗ്ഗണിച്ചേക്കു-
കെന്നെയും കൂടി-ക്ഷമിക്കനീ ലോകമേ!