നിർവ്വാണമണ്ഡലം/മുന്നോട്ടു പോവുക
മുന്നോട്ടു പോവുക
ഭാവസമത്വസനാതനസൗരഭം
താവിടും സ്വാതന്ത്ര്യമേഖലയിൽ
പാടിപ്പറക്കുകെൻ ചിത്തമേ മേൽക്കുമേൽ
പാടിപ്പറക്കു നീ വീതശങ്കം.
വങ്കൊടുങ്കാറ്റടി ചുറ്റിലും കേട്ടൽപം
ശങ്കിക്കും മൽക്കലാകൗതുകമേ !
ശുഷ്കിച്ച മാമൂലിൻ ജീർണ്ണിച്ച ചങ്ങല-
കെട്ടുകളോരോന്നും തട്ടിനീക്കി
മുന്നോട്ടു മുന്നോട്ടു പോക നീ, പോക നീ
മന്നിൽ ചുടുകണ്ണീരൊപ്പിയൊപ്പി.
അൽപജ്ഞന്മാരുടെ ക്ഷുദ്രപ്രശംസതൻ
സർപ്പക്കാവല്ലല്ലോ നിന്റെ ലക്ഷ്യം.
പല്ലിറുമ്മട്ടെ നിൻ ചുറ്റുമസൂയകൾ,
ചില്ലി ചുളിച്ചിടട്ടപ്രിയങ്ങൾ
വാരിവിതറട്ടെ മുള്ളുകൾ നിന്മുന്നി-
ലോരോരോ മായികവൈഭവങ്ങൾ.
എന്തിനവ കണ്ടു ശങ്കിച്ചുനിൽക്കുന്നു
സന്തതം മുന്നോട്ടു പോവുക നീ !
ഇല്ലേ നിങ്കൈവശമാത്മാർത്ഥതയുടെ
പുലാങ്കുഴലതുമൂതിയൂതി
സുന്ദരപ്രേമം വിതുമ്പിത്തുളുമ്പുന്ന
മന്ദസ്മിതങ്ങളും വീശിവീശി
മർദ്ദിതസോദരഹൃത്തുക്കൾ പെയ്യുമാ-
ത്തപ്തബാഷ്പങ്ങളുമൊപ്പിയൊപ്പി
നിന്നെക്കുറിച്ചാരെന്തോതിയാലോതട്ടേ
മുന്നോട്ടു മുന്നോട്ടു പോവുക നീ !
നിന്നെപ്പഠിപ്പിച്ചു വിണ്ണില്വെച്ചീശ്വരൻ
മന്നിൽ വന്നിങ്ങനെ പാട്ടുപാടാൻ.
താളമ്പിടിച്ചില്ലതിനിജ്ജഗത്തെങ്കിൽ
ചൂളുന്നതെന്തിനു ലജ്ജയാൽ നീ ?