Jump to content

നിർവ്വാണമണ്ഡലം/ബാഷ്പധാര‍

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ബാഷ്പധാര

 കണ്മണി നിന്നെയെൻ കൈയിലെടുത്തു ഞാ-
നുമ്മവെച്ചുമ്മവെച്ചുല്ലസിക്കേ,
ആയിരംജന്മങ്ങൾക്കൊണ്ടെനിക്കുണ്ടാകു-
മാനന്ദനിർവൃതിയെന്നു നേടി.
അമ്മതന്നാത്മാവും കോൾ മയിർക്കൊള്ളുമാ-
റന്നു നീ തൂകിയ മന്ദഹാസം.
എന്നെന്നും സൂക്ഷിക്കുന്നുണ്ടഖിലേശ്വരൻ
പൊന്നുഷസ്സന്ധ്യതൻ പൂങ്കവിളിൽ.
ആലോഭനീയമാമാരമ്യവസ്തു, വൊ-
രാനന്ദം തന്നെയാണെന്നെന്നേക്കും!

 കറ്റക്കിടാവിന്നൊരമ്മയായ്ത്തീർന്നു ഞാൻ
മുറ്റത്തു മുക്കുറ്റി പൂത്തനാളിൽ,
മാകന്ദശാഖികളൊക്കെയും കൈവിട്ടു
കോകിലപാളികൾ പോയകാലം
എന്നങ്കതൽപമിതെന്നേക്കും കൈവെടി-
ഞ്ഞെങ്ങോ നീയോമനേ, പോയൊളിച്ചു!
കേണു ഞാൻ വാഴ്കയാണിന്നെന്റെ കണ്മുന്നിൽ
കാണുന്നതെല്ലാം ചലനചിത്രം.
നശ്വരമാകുമീ ലോകത്തിലെങ്ങനെ
ശശ്വത്പ്രണയം പ്രതിഷ്ഠ നേടും ?

 മാരിവിൽ മാറിങ്കൽനിന്നു മാഞ്ഞീടിന
ശാരദാകാശം വിഷാദമൂകം!
വാരലർ വാടിക്കൊഴിഞ്ഞ വയോധിക-
വാസന്തിവല്ലികൾ വിഹ്വലകൾ !
നഷ്ടാത്മജമാരാം ഞങ്ങളെക്കാണുമ്പോൾ
'കഷ്ട' മെന്നാരും പറഞ്ഞുപോകും.
ശൂന്യമായ്ത്തീർന്നോരെന്നുത്സംഗം കാണുമ്പോൾ
മാനസമാർക്കും ദ്രവിച്ചുപോകും.
അത്രയ്ക്കനഘമാം രത്നമാണെന്നതി-
ലുത്തമകാന്തി പൂണ്ടുല്ലസിച്ചൂ !

 മായാബ്ധിയിൽ പൊങ്ങും കൊച്ചുനീർപ്പോളകൾ
മായാത്ത ചിത്തങ്ങളായ് ഭ്രമിച്ചേൻ
വിദ്യുല്ലതികയെ മാറോടുചേർക്കുവാ-
നുദ്യമിച്ചീടുമെന്നുൾപ്പുളപ്പേ !
ഹന്ത നീയിന്നോളം വായുവിൽ നിർമിച്ച
മൺതരിക്കോട്ട തകർന്നടിഞ്ഞു !
ഹീരദീപാങ്കുരം നഷ്ടമായ് ഞാനൊരു
ഘോരാന്ധകാരപ്പരപ്പിലായി.
എണ്ണിയാൽ തീരാത്തോരെന്നഴൽ നിന്നോടു
വിണ്ണിൽ ഞാൻ വന്നെങ്കിലന്നു ചൊല്ലാം !