നിർവ്വാണമണ്ഡലം/നിർവ്വാണമണ്ഡലം
നിർവ്വാണമണ്ഡലം
ഹൃദയങ്ങൾതമ്മിൽപ്പുണർന്നിടുമ്പോ-
ളിളകുന്നൊരാനന്ദമർമ്മരവും,
പ്രണയപരവശയായി വാഴും
കുലകന്യാരത്നത്തിൻ കണ്ണുനീരും,
സുമിതസുരഭിലകുഞ്ജകത്തിൽ
'മധുവുധു' കാലരജനികളിൽ,
പുളകിതലജ്ജാവനമ്രയായി
മരുവും നവോഢതന്നങ്കഭൂവിൽ,
തലചാച്ചുറങ്ങുന്ന കാമുകൻ തൻ
നിരവദ്യനിർമ്മലനിർവൃതിയും,
മലരിലോരോന്നിലും മാറി മാറി-
യലയും പൂമ്പാറ്റയെക്കാണുംനേരം,
അതിനെപ്പിടിക്കാൻ കൊതിച്ചുനിൽക്കു-
മരുമപ്പൂമ്പൈതലിൻ പിഞ്ചുചുണ്ടിൽ
വഴിയുന്ന ലാലാജലാർദ്രമാകും
തിരളൊളിപ്പുഞ്ചിരിപ്പൂനിലാവും,
ചുടുവെയിലേറ്റിടാതാറ്റുവക്കിൽ
വടവൃക്ഷച്ഛായയിലുച്ചനേരം,
വിരമിച്ചമരുന്നോരാട്ടിടയൻ
ചൊരിയുന്ന പുല്ലാങ്കുഴൽ വിളിയും,
ഒരുമിച്ചു ചേർന്നതിനൂതനമാ-
മൊരുലോകമെത്തി ഞാൻ വിശ്രമിപ്പൂ!
ഇവിടെയന്താനന്ദം!-എന്നെയാരു-
മിവിടെനിന്നയ്യോ വിളിക്കരുതേ!
ഇവിടത്തെക്കേളീതടാകന്തോറും
സുരസുന്ദരിമാർ നിറഞ്ഞിരിപ്പൂ.
സഖികളവരെന്നരികിലെത്തി
സരസമായ് സന്തതം സല്ലപിപ്പൂ.
അവരെല്ലാമെന്നെ നടുക്കിരുത്തി
പ്രണയഗാനങ്ങൾ പൊഴിച്ചിടുന്നു.
അതുകേട്ടു കേട്ടു ഞാനെന്നെയും വി-
ട്ടെവിടെയോ ചെന്നു ലയിച്ചിടുന്നു.
പുളകംകൊണ്ടെന്നെപ്പൊതിയുവാനായ്
'നളിനി' ക്കും 'ലീല' യ്ക്കുമെന്തുമോഹം!
പതിവായി 'ചമ്പകക്കുട്ടി' യുമായ്
പനിമലർത്തൊപ്പിങ്കൽ ചെന്നിരിക്കേ,
അറിയാറില്ലല്ലോ ഞാനെന്നിലാളും
പരിഖേദത്തിന്റെ കണികപോലും!
സുദതി 'സുഭദ്ര' ഞാനുമായി-
സ്സുലളിതഹേമന്തചന്ദ്രികയിൽ
ശിഥിലതരംഗങ്ങളുമ്മവെയ്ക്കും
പുളിനങ്ങൾതോറുമുലാത്തിടുമ്പോൾ
സകലതും തീരെ മറന്നു ഞാനൊ-
രകളങ്കാനന്ദമനുഭവിപ്പൂ!
കനകപ്രഭാമയം!-എത്രയെത്ര
കമനീയമെന്റെയീ സ്വർഗ്ഗരംഗം!
ഇവിടെയെന്താനന്ദം!-എന്നെയാരു-
മിവിടെനിന്നയ്യോ വിളിക്കരുതേ!