Jump to content

നിർവ്വാണമണ്ഡലം/നിഴലുകൾക്കിടയിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നിഴലുകൾക്കിടയിൽ

അനുഭവങ്ങളേ നിങ്ങളിനിമേ-
ലനുവദിക്കില്ലാ സ്വപ്നം രചിയ്ക്കാൻ.
മധുരചിന്തകൾ ചാലിച്ച ചായം
വിധിമുഴുവനും തട്ടിക്കളഞ്ഞു.
സതതമെന്മനം നോവിച്ചു മാത്രം
സഹകരിപ്പതുണ്ടിപ്പൊഴും കാലം.
വെറുതെയാണിപ്പരിഭവം-മേലിൽ
ശരി, യൊരിയ്ക്കലും ദു:ഖിച്ചിടാ ഞാൻ!
ഹതനെനിയ്ക്കതു സാദ്ധ്യമോ?-വീണ്ടു-
മിതളുതിർന്നതാ വീഴുന്നു പൂക്കൾ!
ഇവിടെയെല്ലാമിരുട്ടാണു, കഷ്ട-
മെവിടെ നിത്യതേ, നിൻരത്നദീപം?
-നിയതിയെൻകാതിൽ മന്ത്രിപ്പൂ നിത്യം:-
"നിഖില,മയ്യോ, നിഴലുകൾ മാത്രം!! ..."