Jump to content

നിർവ്വാണമണ്ഡലം/തപസ്വിനി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നിന്നെ ഞാനെത്ര വിളിച്ചുകേണെങ്കിലും
വന്നില്ലടുത്തു നീ സൗന്ദര്യകേന്ദ്രമേ!
ആകാംക്ഷമൂലമനാരതം നിന്നെ, യീ
ലോകം മുഴുവൻ തിരഞ്ഞുനടന്നു ഞാൻ!
"കണ്ടില്ല ഞങ്ങൾ" ചിരിച്ചോതി പിഞ്ചിതൾ-
ച്ചുണ്ടുവിടർത്തിച്ചെറുമലർച്ചെണ്ടുകൾ!
"ഞങ്ങളുമാരാഞ്ഞുപോകയാ" ണോതിനാർ
മിന്നിപ്പുളഞ്ഞൊഴുകുന്ന പൂഞ്ചോലകൾ!
'എന്തൊരാശ്ചര്യം കഴിയുമോ കാണുവാൻ"
ചിന്തിച്ചനങ്ങാതെ നിന്നുപോയ് കുന്നുകൾ!
'എന്നാലസാദ്ധ്യം" മടങ്ങിനിരാശനാ-
യെങ്ങുമലഞ്ഞു തളർന്ന സമീരണൻ.
ബ്രഹ്മാണ്ഡമൊന്നോടസാദ്ധ്യമെന്നോതുവ-
തിമ്മൺതരിക്കു പിന്നാവുന്നതെങ്ങനെ?
എങ്കിലും ജീവിതച്ചായത്തിനാൽ നിന്റെ
സങ്കൽപചിത്രമെഴുതിക്കഴിഞ്ഞു ഞാൻ!
കഷ്ടമെൻ തോരാത്ത കണ്ണീരിനാലതി-
ന്നൊട്ടുമുക്കാലും നനഞ്ഞുപോയെങ്കിലും
സഞ്ചിതോന്മാദം പുണരുന്നു ഗാഢമെൻ
ചഞ്ചലപ്രജ്ഞയതിനെയെല്ലായ്പൊഴും!
വ്യാമൂഢ ഞാനെന്നമിതശ്രുശ്രൂഷയാ-
ലാമഞ്ജിമയിൽ പരുക്കുചേർത്തെങ്കിലോ!
ഭക്ത ഞാൻ നിന്നെസ്സമീപിക്കിൽ, മജ്ജീവ-
രക്തം വമിപ്പതിലില്ല മേ സങ്കടം.
വേദനാവീചികൾ നീന്തിക്കടക്കണം
വേണുനാദത്തിന്റെ പൂങ്കാവിലെത്തുവാൻ
അന്ധകാരത്തിൽ മരവിച്ചൊതുങ്ങണം
ബന്ധുരോഷസ്സിൽ മൃദുസ്മിതം കാണുവാൻ.
പ്രാണസർവ്വസ്വമേ, സന്തപ്തയെങ്കിലും
ഞാനസംതൃപ്തയല്ലിത്തപശ്ചര്യയിൽ!