Jump to content

നിർവ്വാണമണ്ഡലം/കലാപ്രേമംമൂലം‍

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

  കലാപ്രേമംമൂലം

ഓമനത്താമരപ്പൂമണം ചേർ
ന്നോളംതുളുമ്പിയ പൊയ്കയിങ്കൽ
നീരാടി, യാടി, നീയേകയായി
നീലക്കാർകൂന്തലും മാടിമാടി,
വിദ്യുല്ലതാംഗശ്രീവിലാസ-
വിശ്വവിജയപതാക വീശി,
പ്രാണൻ ലഭിച്ചോരുടലെടുത്ത
വീണാരവത്തിനു തുല്യയായി,
പാതയിൽക്കൂടി നീ പോയഓക്കിൽ
പാറകൾപോലുമൊന്നെത്തിനോക്കി!

ചാരുചെമ്പകം പൂത്തുപൂത്തു
വാരുറ്റസൗരഭം വീശിനിൽക്കേ,
ഹാ, മത്തഭാവനാഭൃംഗകമൊ-
രാമോദവേദി മറ്റേതു തേടും?
നമ്മിലുൾക്കൊള്ളും കലാപ്രണയം
നമ്മെപ്പതുക്കെയൊന്നുമ്മവെയ്ക്കേ;
നാമറിയാതൊന്നുരുമ്മിനോക്കി-
നാണമില്ലാത്തൊരാക്കണ്മുനകൾ.
അസ്വർഗ്ഗഹർഷത്തിൻ പൂമഴയൊ-
രസപഷ്ടബോധത്തിലായിരുന്നു.
എങ്കിലുമെത്രമധുരമിന്നാ-
ത്തങ്കക്കിനാവിൻ സ്മരണപോലും!
കോമളആകുമാച്ചിന്തയേതോ
കോരിത്തരിപ്പിന്റെ കൂട്ടുകാരി.
ഒന്നുചേർന്നല്ലാതണഞ്ഞിടാറി-
ല്ലെന്നരികത്തവർ രണ്ടുപേരും!

ഉൽഫുല്ലയൗവനേ, നിന്മനസ്സാം
കൽപകപ്പൂമൊട്ടൊരുദിവസം
നീതടഞ്ഞാലും വിടർന്നുപോകും
സ്ഫീതാനുരാഗവസന്തരാവിൽ!
അന്നതിൽനിന്നും വഴിഞ്ഞൊഴുകും
സുന്ദരസൗരഭധോരണികൾ
ചുംബിച്ചുണർത്തിപ്പുണർന്നുകൊള്ളു-
മൻപോടെൻ മന്ദിതപ്രജ്ഞകളെ!
ഇക്കലാസ്വാദനതൽപരത്വ-
മുക്കൊള്ളുമത്ഭുതശക്തിയെന്നും,
നമ്മിലും മീതെ നിന്നെത്തിനോക്കി
നമ്മെപ്പതുക്കെപ്പരിഹസിക്കും.
അല്ലെങ്കിലെന്തി, നിതിങ്കലൊന്നു-
മല്ലപരാധികളല്ല നമ്മൾ.
തെറ്റുമുഴുവനും ൻമ്മിലുള്ളോ-
രിക്കലാലോലുപത്വത്തിൽമാത്രം!