നിർവ്വാണമണ്ഡലം/കപോതഗീതം‍

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 കപോതഗീതം

 കൊച്ചുപുൽപരപ്പിനാൽ വസുധാംബികേ, നീ, നൽ-
പ്പച്ചക്കച്ചകളെന്തേ പുതച്ചു കിടക്കുന്നു ?
നീരദാവലി നീളെ നിന്മെയ്യിൽ വർഷിക്കുന്ന
നീരബിന്ദുക്കളിത്ര ശൈത്യദായകമെന്നോ ?
എങ്കിലെന്തതിലെഴും പുഞ്ചിരിയൊന്നല്ലല്ലീ
തങ്കവല്ലരിതോറും പുഞ്ചിരി പൊഴിപ്പിപ്പൂ ?
മാമരം ഫലപുഷ്ടശോഭമായ്ത്തീർന്നീടാനും,
മാമല മരതകനീരാളം ധരിപ്പാനും,
വഹിനിചിത്തം ഹർഷകല്ലോലമടിപ്പാനും
സ്നേഹശീകരങ്ങളാം മേഖങ്ങളില്ലാതാമോ ?
വാരിദ, വർഗുണപൂരിത, ലസിപ്പൂ നീ
നീരദ, നിരർഘസൽജീവിതജയിപ്പൂ നീ!

പരശോണിതത്തിനാൽ പങ്കിലമായീടുന്ന
നരജീവിതമിന്നീ മന്നിന്റെ മുഖത്തിങ്കൽ
കരിതേക്കവേ കഷ്ടമായതു കഴുകുവാൻ
ചൊരികല്ലല്ലീ ധാരധാരയായ് ജലം ഭവാൻ?
കൃത്യം താവകം സ്തുത്യമെന്നിരിക്കിലും വ്യർത്ഥം
സത്യസൗന്ദര്യം കാണ്മാൻ കാലമിന്നിനിയും പോണം.
അക്കറുപ്പൽപാൽപമായ് മാറ്റാൻ നീ ശ്രമിക്കുന്നു
മേൽക്കുമേൽ വീണ്ടും വീണ്ടൂം മർത്ത്യന്മാർ പുരട്ടുന്നു.
ഇന്നലെ മരിച്ചോരു നിശയും കൂടിപ്പാടി
'മന്നിന്റെ മറിമായ' മെന്നൊരുശൂന്യ ഗാനം!
സമരം പരസ്പരം സഹജീവികൾ ചെയ്താൽ
ക്ഷമ, യെത്രനാൾ കഷ്ട, മീവിധം ക്ഷമിച്ചിടും?
സോദരഹൃദന്തങ്ങൾ കുത്തിവാർത്തീടും, കുറെ
ചോരച്ചാലുകളല്ലാതിങ്ങു കാണ്മാനില്ലൊന്നും?
അതിന്നിന്നോരോതുള്ളികൊച്ചുപൂങ്കുലകളിൽ
പതിയാനിടയായിട്ടവയും ചുവന്നുപോയ്.
എത്രയും ശാന്തം വാഴുമെൻ മാംസമൊന്നേ വേണ്ടൂ
ഗൃദ്ധ്രോദരത്തിലുണ്ടാം തീജ്വാല കെടുത്തുവാൻ!
മുകിലേ, മുഷിഞ്ഞു ഞാൻ ലോകജീവിതത്തിങ്കൽ
സുഖശാദ്വലമെങ്ങോ, ഹാ, മരീചിക മാത്രം!
ഇനിയുണ്ടെങ്കിൽ ജന്മ മുകിലായ് പിറക്കുവാൻ
മനതാരിങ്കൽ ഞാനിന്നത്യന്തമാശിക്കുന്നു!