നിർവ്വാണമണ്ഡലം/ഉപഹാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഞാനൊരുവെറും വിസ്മൃതിയെന്നെ-
ത്തേടിടുന്നെന്തിനോമേ?
എൻനിഴൽ നോക്കി നിശ്വസിക്കയാ-
ണിന്നു വാടേണ്ടും പൂവുകൾ.
മന്ദഹാസം പൊഴിച്ചു മിന്നിയ
മഞ്ഞുതുള്ളികളെങ്ങുപോയ്?
അന്നുവസന്തലക്ഷ്മിയേകിയ
പൊന്നണിഞ്ഞ പുലരിയിൽ,
ഈ മരത്തിലിരുന്നു പാടിയോ-
രോമനക്കുയിലെങ്ങു പോയ്?
ഇല്ല കാര്യമതോർക്കുവാൻ മന്നി-
ലില്ലവസരം തെല്ലുമേ!
ആ രമണീയചിത്രങ്ങൾപോലും
ഘോരവിസ്മൃതിമൂടവേ,
സാരമില്ലാത്ത പുൽക്കൊടി ഞാനെൻ
കാര്യമെന്തിനിയോതുവാൻ!

മന്ദഹാസവിലാസമല്ലൊരു
കണ്ണുനീർക്കണമാണു ഞാൻ
ഗാനമല്ലേ നിനക്കുവേണ്ടതു
ദീനരോദനമാണു ഞാൻ!
പാവനാതിഥേ, ശൂന്യമാകുമി-
ജ്ജീവിതപാത്രമെന്തി ഞാൻ
രാഗഭിക്ഷയിരന്നുകൊണ്ടിതാ
ലോകമൊട്ടുക്കലകയാം.
എന്തി, നങ്ങു വരുമ്പോളങ്ങതിൻ
മുന്നിലർപ്പണം ചെയ്യുവാൻ!
എങ്കിലുമിന്നും ശൂന്യമാണു, ഞാ-
നെങ്ങനെയിതു നൽകിടും?
മൽപ്രഭോ, ഭവാനെന്നിലെന്നാലു
മപ്രിയമരുതൽപവും!
ത്യാഗസുന്ദരമാമിതിൽ തവ
രാഗപൂരം ചൊരിയുകിൽ
ആയതുപരിപൂർണ്ണമായ്, കവി-
ഞ്ഞീയുലകം നിറഞ്ഞിടും.
സത്യമെൻ നിഴൽ മായുകിലെന്തെൻ
നിത്യതയ്ക്കതു പോരുമേ!

അന്തമില്ലാതെ നീണ്ടുനീണ്ടുപോ-
മന്ധകാരത്തിനപ്പുറം,
എന്തിനയേ്യാ മറഞ്ഞിരുന്നേവം
സന്തപിപ്പിപ്പതെന്നെ നീ?
നിത്യമോരോ മുറിവുകൾതട്ടി-
യെത്രതേങ്ങിക്കരഞ്ഞു ഞാൻ!
ഇണ്ടലാർന്നു ഞാൻ പോകെ, യെൻ കാലിൽ
കൊണ്ടതില്ലെത്ര മുള്ളുകൾ!
ദേവ, മൽപ്രയാണത്തിലെത്രയെൻ
ജീവരക്തമൊലിക്കിലും,
ഭാവിഘോരനിരാശയാലെന്റെ
നേർവഴികൾ വിലക്കിലും,
പിന്തിരിയാതെ പോന്നു ഞാൻ, തവ
ബന്ധുരാശ്ലേഷമേൽക്കുവാൻ.
താവകാഗമപാവനൊത്സവം
ജീവനിവാണദായകം
ഞാനറിഞ്ഞില്ലിന്നോളമതെൻ
മാനനീയമഹാതിഥേ!
ശൂന്യമെങ്കിലും ജീവിതപാത്രം
ഞാനിതർപ്പണം ചെയ്യുവാൻ!

"https://ml.wikisource.org/w/index.php?title=നിർവ്വാണമണ്ഡലം/ഉപഹാരം&oldid=36741" എന്ന താളിൽനിന്ന് ശേഖരിച്ചത്