Jump to content

നിർവ്വാണമണ്ഡലം/അർത്ഥന

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കരയാനുംകൂടിക്കഴിഞ്ഞിടാതി-
ക്കനലിൽക്കിടന്നു പൊരിഞ്ഞിടുമ്പോൾ
കനിവിൻ സുധാകണം വീഴ്ത്തി വീഴ്ത്തി-
ക്കവിതേ, നീ കാൽക്ഷണം മുമ്പിലെത്തി,
ഇരുളിൻ തിരശ്ശീല നീക്കി നീക്കി
ചെറുതാരകങ്ങളൊളിഞ്ഞു നോക്കി.

അറിയാത്ത ഭാവം നടിച്ചു ഞാനെ
ന്നവിവേകം മൂലമെൻ കണ്ണുപൊത്തി.
ഉദിതരാഗാർദ്രമാമെൻ ഹൃദന്ത-
മുപചാരസന്നദ്ധമായിരിക്കേ,
ഉചിതമല്ലാത്തൊരസ്സാഹസത്തി-
ന്നുപരിപ്ലവത്വം തിരക്കുകൂട്ടി....
അണുവും രസിക്കാതരക്ഷണംകൊ-
ണ്ടനഘേ, നീയെന്നെപ്പിരിഞ്ഞുപോയി.
മിഴികളിൽനിന്നും കരമെടുത്തി-
ട്ടഴകേ, കുതിച്ചു ഞാൻ നിന്റെ പിമ്പേ!
തരമായീലെത്ര ഞാൻ വെമ്പിയിട്ടും
കിരണമേ, നിൻഗതി പിന്തുടരാൻ.
അനുശയചിന്തതൻ കൂർത്തമുള്ളിൻ
മുനയിലെൻ മാനസം വിണ്ടുകീറി.
ഒരുനാളുമൊട്ടുമുണങ്ങുവാനും
തരമാകാതിക്ഷതം വേദനിക്കേ,
പരിഭവമെല്ലാം മറന്നു പക്ഷേ,
വരുമായിരിക്കാം നീ മുന്നിൽ വീണ്ടും.
അതുവരേക്കിത്തപ്തഗദ്ഗദങ്ങൾ-
ക്കലിവാർന്നു ലോകമേ, മാപ്പുനൽകൂ!

"https://ml.wikisource.org/w/index.php?title=നിർവ്വാണമണ്ഡലം/അർത്ഥന&oldid=36740" എന്ന താളിൽനിന്ന് ശേഖരിച്ചത്