Jump to content

നിർവ്വാണമണ്ഡലം/അനുവാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഇനി ഞാനൊഴിഞ്ഞൊരു പാട്ടു പാടാ-
നനുമതിയേകുകെനിക്കു നാഥാ!
അതിലൂടെൻ സർവ്വരഹസ്യവും, ഞാ-
നവിടുത്തെ തൃക്കാൽക്കൽ കാഴ്ചവെയ്ക്കാം!

പകലിൻ സമാപനകാന്തിയിങ്കൽ
മുകിൽനിര മുങ്ങിക്കുളിച്ചിടുമ്പോൾ;-
സുലളിതഗീഷ്മാന്തവാതപോതം
സുഖകരമർമ്മരം വീശിടുമ്പോൾ;
ഉലകിന്റെ ജോലിത്തിരക്കു നിന്നൊ-
രലഘുപ്രശാന്തതയെത്തിടുമ്പോൾ;-
മുരളിയുമായ് നിന്മണിയറയി-
ലൊരു കോണിൽ, മന്ദ, മൊഴിഞ്ഞൊതുങ്ങി
അനുരാഗഗാനങ്ങൾ തൂകുവാനി-
ന്നനുമതിയേകുകെനിക്കു നാഥാ!

പതറിപ്പോമെൻ ഗാനമാകമാനം
പരനിരർത്ഥകമായിരിക്കാം
അതിലെങ്ങും തിങ്ങിത്തുളുമ്പിടുന്ന-
തഴലിന്റെ കണ്ണുനീരായിരിക്കാം;
പരിചിലെന്നാലുമതിന്റെ ലക്ഷ്യം
പരമാർത്ഥസ്നേഹമൊന്നായിരിക്കും.

അലിവാർന്നിനിയൊരു പാട്ടുപാടാ-
നനുമതിയേകുകെനിക്കു നാഥാ!

"https://ml.wikisource.org/w/index.php?title=നിർവ്വാണമണ്ഡലം/അനുവാദം&oldid=36738" എന്ന താളിൽനിന്ന് ശേഖരിച്ചത്