Jump to content

നിർവൃതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ങ്കി,ലെന്നോടു നീയത്രമേലാർദ്രയാ-
ണെങ്കിൽ, നിനക്കിതാ നേരുന്നു നന്മ ഞാൻ.
ഇപ്പത്തു നീണ്ട സംവത്സരമാശയ്ക്കു
തൽപമൊരുക്കിത്തളർന്ന മൽജ്ജീവനെ,
ഇന്നെങ്കിലുമൊന്നു വിശ്രമിപ്പിക്കുവാ-
നുന്നിയല്ലോ നീ- കൃതാർത്ഥനായ്ത്തീർന്നു ഞാൻ!
കൈക്കൊള്ളുകോമനേ,മുറ്റുമാത്മാർത്ഥത-
യുൾക്കൊള്ളു മീ മൽക്കൃതജ്ഞതാശംസ നീ.
നീ തന്നൊരാശാസുമങ്ങൾ സമസ്തവും
നീതന്നെയിന്നു മടക്കി വാങ്ങിയ്ക്കണേ!
ലോകത്തിൽ മേലിലെനിയ്ക്കവയിങ്കൽനി-
ന്നേകമധുരസ്മരണമാത്രം മതി-
പോര, ഞാനർത്ഥിപ്പതന്യായമല്ലെങ്കി-
ലാരോമലേ, നിന്നരികിലിന്നിങ്ങനെ,
സല്ലാപലോലനായൽപനേരംകൂടി-
യുല്ലസിച്ചീടാനുമുണ്ടെനിക്കാഗഹം.
സമ്മതം മൂളലാലിന്ദ്രധനുസ്സൊന്നു
സഞ്ജനിപ്പിക്കുകെന്മോഹമേഘത്തിൽ നീ!

രണ്ട്

ചൊല്ലിഞാനേവം-ഞൊടിക്കുള്ളി,ലോമലിൻ
ചില്ലിക്കൊടികൾ ചുളിഞ്ഞതായ്ക്കണ്ടു ഞാൻ.
പേശലനീലനേത്രങ്ങളിൽ ജ്വാലകൾ
വീശുമഹങ്കാരമൽപാൽപമങ്ങനെ,
കേട്ടുകെട്ടൊന്നോടടങ്ങീ,യനുഭാവ-
പുഷ്ടി വർഷിയ്ക്കും സഹതാപവൃഷ്ടിയിൽ!
എന്നിട്ടുമത്യന്തരൂക്ഷമാം കൺമുന-
യെന്നിൽത്തറച്ചൊട്ടൊഴിഞ്ഞുനിന്നാളവൾ.
ജീവിതത്തിനും മരണത്തിനും നടു-
ക്കാവിധം തത്തിത്രസിച്ചിതെൻ മാനസം.
ഒറ്റയ്ക്കൊരൊറ്റനിമേഷത്തൊടമ്മട്ടു
പറ്റിപ്പിടിച്ചു കിടപ്പു മൽസർവ്വവും . ...
ഭാഗ്യം!-ജയിച്ചു ഞാൻ!-രക്തത്തുടുതുടു-
പ്പേൽക്കുമാറായ് വീണ്ടുമെൻകവിൾത്തട്ടുകൾ.
ഒന്നുമില്ലെങ്കിലുമെന്നന്ത്യവാഞ്ഛിത-
മിന്നു പാഴാകാതിരുന്നുവല്ലോ, മതി!
തോളോടുതോൾ ചേർന്നു, സല്ലപിച്ചിക്കുളിർ-
നീലശിലാതലത്തിന്മേലനാകുലം,
ഒന്നിച്ചിരിക്കാമെനിക്കുമെൻപ്രാണനാം
പൊന്നോമലാൾക്കും-ജയിച്ചു ഞാൻ ഭാഗ്യവാൻ!
ഇത്രയും കാലം സഹിച്ച ജീവവ്യഥ-
യ്ക്കത്രയ്ക്കുചിതമി പ്രത്യൗഷധാമൃതം.
പ്രത്യഹം നിന്നെത്തപസ്സുചെയ്തെങ്കിലും
പ്രത്യക്ഷയാകാതിരുന്നില്ലൊടുവിൽ നീ!
സ്വർഗ്ഗമെൻ മുന്നിൽത്തുറന്നു കാണിക്കുവാൻ
സ്വപ്നോപമം നീയണഞ്ഞൂ സുദിനമേ!
ആസ്വദിക്കട്ടെ ഞാനാകണ്ഠമിന്നു നീ-
യാർദ്രയായേകുമിദ്ദിവ്യസുധാമൃതം.
ആരറിയുന്നതൊടുങ്ങാതിരിക്കുകി-
ല്ലീ രാത്രികൊണ്ടിപ്രപഞ്ചമെ,ന്നോമനേ!....


മൂന്ന്

ക്രവാളത്തിലകലെപ്പടിഞ്ഞാറു
പൊൽക്കതിർപ്പൂക്കൾ ചൊരിഞ്ഞുകൊണ്ടങ്ങനെ,
ചന്ദ്രകലയും ചരമദിനേശനും
മന്ദഹസിയ്ക്കും മണിത്താരകകളും,
ഒന്നിച്ചനുഗഹി,ച്ചാകർഷകാഭമായ്
മിന്നിത്തിളങ്ങുന്ന പൊന്മുകിൽ മാതിരി,
ഏതോമഹിതപരിവർത്തനമെന്റെ
ചേതന ചുംബിച്ചു-മറ്റൊരാളായി ഞാൻ!
നിർമ്മലേ, നിന്മനം നേടിയകാരണം
മന്മനമാടുന്നു ഗന്ധർവ്വനർത്തനം.
മായികസ്മേരോജ്ജ്വലാനനേ, മോഹനേ,
മാമകപ്രാണനും പ്രാണനാമോമനേ,
എന്നോടു നിന്നനുഭാവമിതോർക്കുമ്പോ-
ഴെന്നെയുംകൂടി മറന്നുപോകുന്നു ഞാൻ!
സൂര്യാസ്തമനവും, ചന്ദ്രോദയവു, മ-
ത്താരപ്രഭയും,വലാഹകദീപ്തിയും,
ഒന്നിച്ചു കൂട്ടിയിണക്കി നിർത്തീടുന്നി-
തിന്നിതാ, നിൻ മനോഭാവപ്രകടനം.
ആവേശകോൽക്കടമായാത്മകാഭമാ-
മാ വലയത്തിനകത്താണു നിൽപൂ ഞാൻ.
ദൂരസാമീപ്യങ്ങളില്ലിതിൽ, സർവ്വവും
ചേരുന്നിതെന്നിൽ-ഞാനാവിധമെന്തിലും!
ഈ മഹൽസ്വർഗ്ഗമിതാത്മാവിനുള്ളതാ-
ണോമനേ, മാംസമകന്നു മറയണം.
ഏകനിമേഷമിതിൻ നീണ്ടുനിൽപാണു
നാകം-നിരുപമേ, നിർവൃതിയാണു മേ!
ചേർന്നു നിൽക്കുന്നു നാം-മോദവും ഭീതിയും
ചേർന്നു, നിൽക്കുന്നിതെൻ മാറോടു ചേർന്നു നീ! ...

നാല്

ചുറ്റും കുളുർക്കെക്കുറുമൊഴിമുല്ലകൾ
മുറ്റി മൊട്ടിട്ടൊരി ശ്യാമളകാനനം,
കോകിലാലാപത്തിലാകമാനം സദാ
കോരിത്തരിക്കിലും കേവലം നിർജ്ജനം.
കാലമോ,കാമുകർക്കേറ്റം പ്രിയപ്പെട്ട
കാമദഹേമന്തകാന്തസായന്തനം.
തൈമണിത്തെന്നലിൻ സൗരഭ്യസാന്ദ്രമാം
കൈ മെയ് മറന്നുള്ള മംഗളാലിംഗനം-
എന്തി,നല്ലെങ്കി,ലിക്കാടും മലയുമ-
ല്ലെന്തും നവീനം-പരം മനോമോഹനം!
ചെന്നിരിക്കാമാശ്ശിലാതളിമത്തിങ്ക-
ലൊന്നിച്ചുതോൾ ചേർന്നിനി നമുക്കോമനേ!
കാറകന്നാദിത്യകാന്തിയാറാടിയ
താരാപഥംപോൽത്തെളിഞ്ഞിതിന്നെൻ മനം.
കാല്ലത്തു തൈമണിക്കാറ്റിൽ പ്പനീരലർ-
പോലതാടുന്നൂ ചിരിച്ചുകൊണ്ടങ്ങനെ.
പിന്നിലകലെക്കിടപ്പൂ വെറുങ്ങലി-
ച്ചൊന്നോടെയെൻ ഭൂതകാലനിരാശകൾ!
മുള്ളാണു നീളെ നിറഞ്ഞു കിടപ്പതു
മുല്ലമലരല്ല ജീവിതപ്പാതയിൽ.
ആവശ്യമെന്തെനിക്കമ്മട്ടിലായതി-
ലാവേശപൂർവ്വം പരിഭവിച്ചീടുവാൻ?

അന്നതു ചൊന്നെങ്കി,ലന്നിതു ചെയ്തെങ്കി-
ലന്നതു നേടാ,നതന്നു നഷ്ടപ്പെടാൻ,
ഒത്തീടുമായിരുന്നെന്നുള്ള ചിന്തയേ
ചിത്തത്തിൽനിന്നു ബഹിഷ്ക്കരിക്കുന്നു ഞാൻ!
മോഹിച്ചു ഞാനിത്രകാലവു,മെങ്കിലും
സ്നേഹമെന്നോടവൽക്കുണ്ടായിരുന്നുവോ?
ഏവമുണ്ടായിരുന്നെങ്കിൽ-വെറുക്കാനു-
മാവാമവൾക്കതേമട്ടിലെന്നെ സ്വയം.
ആർക്കുസാധിക്കും പറയാ,നതൊന്നുമി-
ന്നോർക്കുവാനിപ്പോളൊരുമ്പെടുന്നില്ല ഞാൻ.
ആകയാ,ലാവക യാതൊന്നുമോർക്കുവാൻ
പാകാതിരിപ്പതാണേറ്റവുമുത്തമം!
ഒക്കയുമ്പോട്ടെ-കവിളിൽ കവിൾ ചേർത്തു
നിൽക്കുന്നിതിങ്ങിതാ ഞാനുമെൻ പ്രാണനും! ...

അഞ്ച്

ർമ്മോക്തികളിൽ പരാജിതനാകുന്ന-
തിമ്മന്നിൽ ഞാൻ മാത്രമാണോ, നിനയ്ക്കുകിൽ?
എന്തി,നെല്ലാവരും യത്നിപ്പൂ തീവ്രമാ-
യെന്തിലു,മെന്നാൽ ജയിക്കുവോരാരതിൽ?
സല്ലപിപ്പൂ ഞങ്ങളൊന്നിച്ചിരുന്നു, ഞാ
നല്ലീ ജഗത്തിലവരിലും ഭാഗ്യവാൻ?
അന്യലോകങ്ങൾ നവീനനഗരങ്ങ-
ളന്യൂനശോഭങ്ങൾ കണ്ടുകണ്ടങ്ങനെ,
പൊന്നിൻ ചിറകടിച്ചെന്നന്തരാത്മാവു
പൊങ്ങിപ്പറന്നുപോംപോലെ തോന്നുന്നു മേ!
രണ്ടുവശത്തും പ്രപഞ്ചമിരച്ചാർത്തു-
കൊണ്ടു കുതിക്കെ, ഞാൻ ചിന്തിക്കയാണിദം:-
യത്നം, പതനം, പരാജയം - പിന്നെയും
യത്നം-സഹനസമരമിതത്ഭുതം!
കർമ്മപ്രപഞ്ചം കുതിപ്പു മുന്നോട്ടു, നീ
കണ്ണൊന്നയയ്ക്കുകാക്കർമ്മസമാപ്തിയിൽ.
നിർവ്വഹിക്കപ്പെട്ടതായ നിസ്സാരവും
നിർവ്വഹിക്കപ്പെടാതുള്ള നിസ്സീമവും;
ഇന്നത്തെയീ വർത്തമാനവു,മാശതൻ
പൊന്നൊളി പൂശി മറഞ്ഞൊരാഭൂതവും;
തമ്മിലെന്നിട്ടൊന്നു താരതമ്യം ചെയ്തു
നിർണ്ണയിച്ചാലുമവയ്ക്കെഴുമന്തരം.
സ്നേഹിക്കുമെന്നുമാത്മാർത്ഥമായീ വിശ്വ-
മോഹിനിയെന്നെ,യെന്നാശിച്ചിരുന്നു ഞാൻ.
ഇല്ല പരിഭവം തെല്ലു,,മെന്തി,ന്നിതാ
സല്ലപിപ്പൂ ഞങ്ങൾ-ഭാഗ്യവാനല്ലി ഞാൻ! ....


ആറ്

ന്തു കൈയും തലച്ചോറുമാണൊന്നിച്ചു
സന്തതം ചേർന്നു പോയിട്ടുള്ളതൂഴിയിൽ?
എന്തുമനസ്സിനൊത്തിട്ടുണ്ടിണക്കുവാൻ
ചിന്തയോടൊന്നിച്ചുതന്നെ സംരംഭവും?
എന്തു കർമ്മം വെളിവാക്കിയിട്ടുണ്ടതിൻ
ചിന്താശതങ്ങൾതൻ പൂർണ്ണരൂപങ്ങളെ?
ഹന്ത, മാംസത്തിൻ യവനികാബാധവി-
ട്ടെന്താത്മശക്തി നിന്നിട്ടുണ്ടവനിയിൽ?
ഞങ്ങളോന്നിച്ചിരിക്കുന്നു, നെടുവീർപ്പു
പൊങ്ങിയുലയുന്നിതോമലിൻ മാർത്തടം.
ഒന്നല്ലൊരായിരം രത്നകിരീടങ്ങൾ
മന്നിലു,ണ്ടെത്തിപ്പിടിക്കുവാനൊക്കുകിൽ:
എന്തി,ന്നവയും ചുമന്നു നിന്നിട്ടു, ചെ-
ന്നന്ത്യത്തിൽ വിസ്മൃതിക്കുള്ളിലടിയുവാൻ!
പത്തുവരിക,ളടങ്ങിയവയില-
ത്യുത്തമരാജ്യതന്ത്രജ്ഞന്റെ ജീവിതം.
അസ്ഥികൾകൊണ്ടു പടുത്തുള്ളൊരദ്രിത-
ന്നഗഭാഗത്തൊരു ചഞ്ചൽപ്പൊൻകൊടി-
എന്തെന്നോ?-വാൾത്തലച്ചൊരിത്തീപ്പൊരി
ചിന്തിയോരുഗഭടാഗിമവിക്രമം
എന്തവൻ നേടി?-വെറുമൊരു കാറ്റുവ-
ന്നുന്തിയാൽ വീഴുമൊരു വെറും ചെങ്കൊടി!
കൂട്ടക്കൊലയിൽ വിറയ്ക്കാത്തൊരക്കരം
കൂട്ടൊന്നുമില്ലാതടിഞ്ഞുപോയ്പ്പൂഴിയിൽ.
ചാരം, സമസ്തവും ചാരം, ചിരിക്കുന്നു
ചാരെ ശ്മശാനം-കുതിക്കുന്നു ജീവിതം!
സമ്മതിക്കാതിരിക്കില്ലിവ,രെൻ നർമ്മ-
സല്ലാപമാണിവയെക്കാളുമുത്തമം! ...

ഏഴ്

വ്യർത്ഥമീ യത്ന,മിക്കാണുന്നവയ്ക്കൊക്കെ-
യർത്ഥമെന്താ,ണൊന്നു ചൊല്ലിത്തരൂ, കവേ!
സംഗീതസാന്ദ്രമായ് സ്പന്ദിപ്പതല്ലി, ഹാ,
മംഗളാത്മൻ, ഭവൽദിവ്യമസ്തിഷ്കകം?
ഞങ്ങളനുഭവിക്കുന്നവമാത്രമാ-
ണങ്ങു വർഷിപ്പതീ വാങ്മയധാരയിൽ,
അന്തരാത്മാവിലങ്ങാഞ്ഞുപുൽകുന്നൊരാ-
സ്സുന്ദരവസ്തുക്കളൊക്കെയുമൊന്നുപോൽ,
വിട്ടിട്ടുപോകുമാ മായികമുദ്രകൾ
പട്ടുനൂലിൽക്കോർത്തു മാല തീർപ്പൂ ഭവാൻ.
അർത്ഥവും വാക്കും കരംകോർത്തു സംഗീത-
തൽപത്തിലങ്ങിരുത്തുന്നൂ യഥോചിതം;
ഈ മഞ്ജുനീലശിലാതലത്തിങ്കലെ-
ന്നോമലും ഞാനും ലസിക്കുന്നമാതിരി!
അൽപമേതാണ്ടൊരു സാരവത്താണ,ത-
ല്ലത്യന്തമാണതിൻ പ്രാധാന്യമോർക്കുകിൽ.
എന്നാലഖിലരുമാശിച്ചു യത്നിപ്പൊ-
രന്നിധി കൈവശം നേടിവെച്ചോ ഭവാൻ?
ദീനൻ, ദരിദ്ര, നകാലവാർദ്ധക്യവാ-
നാണവരെപ്പോൽ ഭവാനും മഹാമതേ!
കഷ്ട,മൊരൊറ്റവരിയെങ്കിലുമൊന്നു
കുത്തിക്കുറിക്കാത്ത ഞങ്ങളെക്കാട്ടിലും,
എന്തെന്തു മേന്മയ്ക്കു പാത്രവാനായ് ഭവാൻ?
ഹന്ത, വിഫലം, വിഫലം സമസ്തവും!-
ഈ നർമ്മസല്ലാപ,മെന്നാ,ലനുഭൂതി-
യാണെനിയ്ക്കേകുന്ന, താസ്വദിക്കട്ടെ ഞാൻ!! ...


എട്ട്

ശിൽപതന്ത്രജ്ഞ, ഭവൽ സിദ്ധിയും വെറും
സ്വപ്നം-ജയിച്ചതില്ലെങ്ങും പരീക്ഷയിൽ.
അക്കലാലക്ഷ്മിയ്ക്കടിമയായ്ജ്ജീവിതം
മുക്കാലുമർപ്പിച്ചധ:പതിച്ചൂ ഭവാൻ.
മന്ദാക്ഷലോലയായ്പ്പന്തടിച്ചുംകൊണ്ടു
മന്ദസ്മിതംചെയ്തു നിൽപൂ തിലോത്തമ.
തർപ്പിച്ചു തൻജീവരക്തം മുഴുവനും
കൽപനാതീതമാശ്ശിൽപത്തിനായ് ഭവാൻ.
എന്നാലതിൻ നേർക്കു കണ്ണൊന്നെറിഞ്ഞിട്ടു
പിന്നെയും ഞങ്ങൾ തിരിപ്പൂ ശിരസ്സുകൾ;
അപ്പുഴവക്കിൽക്കടത്തുവള്ളത്തിലു-
ള്ളപ്പെൺകിടാവിനെ നോക്കി രസിക്കുവാൻ!
അത്രനിസ്സാരമാം സിദ്ധിയിൽസംതൃപ്തി
ചിത്തത്തിലങ്ങയ്ക്കു തോന്നുമോ?-തോന്നുകിൽ,
എന്നാത്മവാഞ്ഛിതം സാധിച്ചതായ ഞാൻ
പിന്നെപ്പരിതപ്തനായിച്ചമയുമോ? ...
ഗായക, സന്തതാലാപത്തിലങ്ങത-
ന്നായുസ്സു പാടേ നരച്ചിട്ടുമിപ്പൊഴും,
കഷ്ട,മിന്നേകസുഹൃത്തിൽനിന്നങ്ങേയ്ക്കു
കിട്ടിയിട്ടുള്ളതീയാശംസ മാത്രമോ?
"ഗന്ധർവ്വനെപ്പോലെ പാടു,മാ വീണയിൽ
ബന്ധുരഗാനം തുളുമ്പിയ്ക്കുമാ മഹാൻ!
എങ്കിലും നാളത്തെ ലോകം മതിക്കുന്ന-
തെന്തെന്നു ഞങ്ങൾക്കറിഞ്ഞിടാം സ്പഷ്ടമായ്.
ഗാനകലയിലക്കാലഗതിക്കൊത്തു
നൂനമണയും പല പരിവർത്തനം!"
ഞാനും പറയാ,മതേ,വിസ്മൃതന്തന്നെ
ഗാനാത്മകൻ ഭവാൻ നാളെ, മഹാമതേ!
ഞാനുമെൻയൗവനം നൽകീ-നിരാശയി-
ല്ലാനന്ദമല്ലീ പകരം ലഭിച്ചു മേ!
സല്ലപിപ്പൂ ഞങ്ങൾ-ഞാനുമെന്നോമലും-
നല്ലതു, നിങ്ങളേക്കാട്ടിൽ ഞാൻ ഭാഗ്യവാൻ!! ...


ഒൻപത്

ർക്കുസാധിക്കും നമുക്കു വേണ്ടുന്നതി-
ലേറ്റവുമുത്തമമിന്നതെന്നോതുവാൻ?
ഈ നർമ്മസല്ലാപരംഗം മതി-യിതാ-
ണാനന്ദരംഗം-മഹൽസ്വർഗ്ഗമണ്ഡപം.
ഇങ്ങുവെച്ചിങ്ങുവെച്ചാസ്വദിക്കട്ടെയീ
മംഗലാപാംഗിതൻ മാധുരിയൊക്കെ ഞാൻ.
ഏകനിമേഷമിതിൻ നീണ്ടുനിൽപാണു
ലോകം പുകഴ്ത്തുന്ന നാകം- വിജയി ഞാൻ!
ഇല്ല പരലോകചിന്തയ്ക്കണുപോലു-
മില്ലിടമീയന്ത്യസല്ലാപവേദിയിൽ
ആസ്വാദനം, വെറുമാസ്വാദനം മാത്ര-
മാശ്രയിച്ചാണിതിൻ സർവ്വസാഫല്യവും! ...


പത്ത്

ല്ല കളയാനൊരു നിമേഷംപോലു-
മല്ലല്ലിതെ, ന്താക്കഥയേ മറന്നു ഞാൻ!
ഇത്രയും നേരമായിട്ടുമൊരക്ഷരം
ശബ്ദിക്കുവാനൊന്നൊരുങ്ങിയിട്ടില്ലിവൾ!
മൗനം-നതാനനം, വിഹ്വലാലോകനം.
യൗവനത്തിങ്കൽ നാം നോക്കുന്നു ചുറ്റിലും
നിർവ്വാണദത്തിൽ മിഴിയുറപ്പിക്കുവാൻ.
ആയതുകണ്ടെത്തിയെന്നാ,ലധീനത്തി-
ലായാ,ലതുതന്നെ നാകത്തിലെസ്സുഖം!
ഹാ, നാകസൗഖ്യം മുഴുവനെനിക്കിങ്ങു
വേണമെന്നാണോ വിധിമതമെങ്കിലോ-
ആവിധം ഞാനൊരുടമ്പടി ചെയ്താണു
ഭൂവിതിലാഗമിച്ചിട്ടുള്ളതെങ്കിലോ!-
എന്നിരുന്നാലും നയിക്കേണ്ടതാണൊരാൾ-
ക്കന്യലോകത്തും കുറച്ചൊരു ജീവിതം!
ദൂരെയാണാ മഹത്സ്വർഗ്ഗം-സ്വയം മൃതി-
ദ്വാരം തുറക്കപ്പെടേണം-ക്ഷമിക്കണം.
അങ്ങുചെന്നീടിലും വിശ്വസിച്ചീടുന്ന-
തെങ്ങനെ സിദ്ധിയ്ക്കുമീസ്സുഖമെന്നു ഞാൻ?
നിസ്തുലസ്വർഗ്ഗത്തെ നേടിയിട്ടാവണം
നിൽക്കേണ്ടതാ മരണത്തെയും കാത്തു നാം.
ഇന്നീ മനോജ്ഞവിജയമാല്യത്തിനാ-
ലെന്നാത്മരംഗം വിലാസഹാസോജ്ജ്വലം
നിർമ്മലമാകുമീ നിർവൃതിപൂണുമോ
നിങ്ങൾ പുകഴ്ത്തുമസ്വർഗ്ഗലോകത്തു ഞാൻ?
ഒന്നു പരീക്ഷിച്ചു നോക്കിയാലോ?-വേണ്ട
പിന്നോട്ടു ഞെട്ടിത്തിരിഞ്ഞൊഴിയുന്നു ഞാൻ.
ഈ ലൊകമിത്രയ്ക്കു നന്നാണിതിലേറെ
മേലെയായ്ത്തോന്നുമോ നാകം നമുക്കിനി?
സ്വർഗ്ഗത്തിൽ വെച്ചിസ്സുഭഗയെക്കാണുവാ-
നൊക്കുമെന്നോ വീണ്ടു,മെന്തു മിഥ്യാഭ്രമം!
ഭാവപ്രസന്നസുശക്താഭിരാമരായ്
ജീവിതത്തിന്റെ സുവർണ്ണഘട്ടത്തിൽ നാം
നിൽക്കുമ്പൊളഗിമസ്ഥാനസ്ഥമാ,യത്ര
നിസ്തുലമാ,യെന്തിനെക്കൊതിക്കുന്നുവോ,
നമ്മോടതൊത്തുചേർന്നീടുകിൽ, സ്വർഗ്ഗമ-
തിമ്മന്നിലെത്തി-ഹാ, നേടി നാം നിർവൃതി!
എന്തായിരിക്കും കരത്തിൽ കരം കോർത്തു
സന്തതമിങ്ങനെ സല്ലാപലോലരായ്,
ആകൽപകാലം, മരിക്കാതെ, യൗവ്വനം
പോകാതെ, നിത്യം പുലരും പുതുമയിൽ,
സന്തുഷ്ടരായ്, ബാഹ്യതയൊഴിച്ചൊന്നിലു-
മന്തരമേശാതെ ഞങ്ങൾ ജീവിക്കുകിൽ?-
എന്തായിരിക്കും ക്ഷണികനിമേഷമി-
തന്തമറ്റങ്ങനെ നീണ്ടുപോയീടുകിൽ?-
സാക്ഷിനിന്നീടുകെൻ സ്വർഗ്ഗമേ, നീയെന്റെ
മോക്ഷത്തി,ലീ മമ സായൂജ്യപൂർത്തിയിൽ!-
എന്നെന്നുമിങ്ങനെ ഞാനുമെന്നോമലു-
മൊന്നിച്ചിരുന്നു രസിച്ചു സുഖിപ്പതിൽ!-
മോക്ഷ,മിതാണെന്റെ മോക്ഷ,മിതിനൊന്നു
സാക്ഷിനിൽക്കേണമേ നീ മഹൽസ്വർഗ്ഗമേ! ....

"https://ml.wikisource.org/w/index.php?title=നിർവൃതി&oldid=52257" എന്ന താളിൽനിന്ന് ശേഖരിച്ചത്