Jump to content

നിസ്കാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നിസ്കാരം

രചന:വി.വി. അബ്ദുല്ല സാഹിബ്
നിസ്കാരം

നിസ്‌കാരം നിർവ്വഹിക്കുന്ന രീതി സമഗ്രമായി പ്രതിപാദിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ഗ്രന്ഥമല്ല ഇത്‌. ഇന്ന്‌ പൊതുവെ മുസ്ലീംകൾ നമസ്‌കാരം നിർവ്വഹിക്കുന്ന രീതി ഒരാൾ നിരീക്ഷിക്കുകയാണെങ്കിൽ അതിൽ പല വൈകല്യങ്ങളും ഉള്ളതായി കാണാൻ കഴിയും. നമസ്‌കാരത്തിന്റെ വിശദാംശങ്ങൾ പൂർണ്ണമായും പഠിക്കാൻ സന്ദർഭം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാരുടെ അനുഷ്ഠാനത്തിൽ വൈകല്യങ്ങൾ കടന്നു കൂടുന്നത്‌ ആശ്ചര്യകര മല്ല. പലരുടേയും നമസ്കാരങ്ങൾ സസൂക്ഷ്മം വീക്ഷിക്കുമ്പോൾ ധാരാളം അപാകതകൾ കാണപ്പെടും. ബാഹ്യദർശനത്തിൽ കാണപ്പെടുന്ന അത്തരം ദോഷങ്ങൾ ചൂണ്ടിക്കാണിച്ച്‌ അവയുടെ ശരിയായ അനുഷ്ഠാന രീതി നിർദ്ദേശിക്കുക മാത്രമാണ്‌ ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം.

ഈ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്ന വൈകല്യങ്ങളിൽ ചിലത്‌ ഗൗരവപ്പെട്ടതും നിസ്കാരത്തെ നിഷ്ഫല(ബാത്വിലാ)മാക്കുന്നതുമാണ്‌.ഇവ നിർബന്ധമായും ദൂരീകരിക്കപ്പെടേണ്ടതാണ്‌. മറ്റ്‌ ചിലത്‌ നമസ്കാരത്തെ അസാധുവാക്കുന്നില്ല. എങ്കിലും അവയും ഒഴിവാക്കുന്നത്‌ ആശ്വാസ്യമാണ്‌. ഒരു കാര്യം ചെയ്യുമ്പോൾ അത്‌ ചെയ്യേണ്ട ക്രമത്തിൽ തന്നെ ചെയ്യുന്നതാണ്‌ ഉത്തമം. പ്രത്യേകിച്ചും നിസ്‌കാരം. നിസ്‌കാരം എന്നത്‌ എങ്ങനെയെങ്കിലും കാട്ടിക്കൂട്ടി ചെയ്തു തീർക്കാനുള്ള ഒരു കസർത്തല്ലല്ലോ. നബി (സ)യുടെ ഉപദേശമെന്താണ്‌ “സ്വല്ലുകമാറഐ /ത്തുമുനീ/ഉസ്വല്ലി' (ഞാൻ നിസ്‌കരിക്കുന്നത്‌ നിങ്ങൾ കണ്ടപോലെ നിസ്കരിക്കുവിൻ) എന്നാണ്‌. അപ്പോൾ എല്ലാ വിശദാംശങ്ങളിലും കഴിയുന്നത്ര നബി (സ) യുടെ നിസ്‌കാര രീതി അനുകരിക്കാൻ മുസ്ലീങ്ങൾ ബാദ്ധ്യസ്ഥരാണ്‌. നബി (സ) യുടെ നിസ്‌കാരമാണ്‌ നമ്മുടെ മാതൃക.

മുൻകാലക്കാരെല്ലാം കിത്താബോതി പഠിച്ചിട്ടല്ലെങ്കിലും നിസ്‌കാര ചിട്ടകൾ അറിയുന്നവരായിരുന്നു. അക്കാലത്തെ മതപ്രഭാഷണങ്ങളിൽ മതപണ്ഡിത ന്മാർ നിസ്‌കാരം, നോമ്പ്‌ മുതലായ അമലിയ്യാത്തുകൾ വിശദമായി പറഞ്ഞ്‌ ബഹുജനങ്ങളെ പഠിപ്പിക്കുമായിരുന്നു. ഇക്കാലത്ത്‌ മതപ്രസംഗ പരമ്പരകൾ നടക്കുന്നിടങ്ങളിൽ ഈ വക പ്രധാന വിഷയങ്ങൾ കൈകാര്യം ചെയ്യാറില്ല. അതിനാൽ ഒരു വിജ്ഞാനസ്രോതസ്സ്‌ ജനങ്ങൾക്ക്‌ നഷ്ടപ്പെട്ടു. ബഹുഭൂരി പക്ഷം മുസ്ലീംകൾക്കും ദർസുകളിൽ ഓതിപഠിക്കാനുള്ള സാഹചര്യം ഇന്നില്ല. മദ്രസ പഠനക്കാലത്താവട്ടെ,നിസ്കാരത്തിന്റെ വിശദാംശങ്ങൾ പാഠപുസ്തകങ്ങളിലുണ്ടായിരിക്കുകയില്ല., തന്നെയുമല്ല, ഇവ ഉൾക്കൊള്ളാനുള്ള പക്വതയും കൂട്ടികളിലുണ്ടായിരിക്കുകയില്ല, ചുരുക്കത്തിൽ നിസ്‌കാരത്തിൽ കൃത്യനിഷ്ഠയുള്ള വളരെയധികം മുസ്ലീംകൾക്ക്‌ ഇതിന്റെ പൂർണ്ണരൂപം ഗ്രഹിക്കാൻ ഒരു മാർഗ്ഗവും ലഭ്യമല്ലാത്ത നിർഭാഗ്യാവസ്ഥയാണ്‌ ഇന്ന്‌ നിലനിൽക്കുന്നത്‌. ഈ കുറവ്‌ പരിഹരിക്കാൻ ഒരളവിൽ ഈ പുസ്തകം ഉപകരിക്കുമെന്ന്‌ വിനയപൂർവ്വം പ്രതീക്ഷിക്കുകയാണ്‌.

ഇതിൽ ചൂണ്ടിക്കാണിക്കുന്ന ദോഷങ്ങളിൽ ഏതെങ്കിലും തങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന്‌ വായനക്കാർ കണ്ട്‌ പിടിക്കുകയും അവ ഓരോന്നായി ദൈനംദിന പരിശീലനം വഴി ദൂരീകരിക്കുകയും ചെയ്ത്‌ നിസ്‌കാരം പൂർണ്ണമായും ലക്ഷണയുക്തമാക്കിതീർക്കാൻ ശ്രദ്ധിക്കേണ്ടതാണ്‌.

നിങ്ങൾ അന്യരുടെ നമസ്‌കാരം സശ്രദ്ധം വീക്ഷിക്കുക. ഇവിടെ ചൂണ്ടിക്കാണിക്കുന്ന പല വൈകല്യങ്ങളും അതിലുണ്ടെന്ന്‌ ബോദ്ധ്യമാവും. ഇവയെല്ലാം വ്യക്തമാക്കിയാലല്ലേ തങ്ങളുടെ കുറവുകൾ മനസ്സിലാക്കി പരിഹരിക്കാൻ നമസ്കരിക്കുന്നവർക്ക്‌ കഴിയുകയുള്ളു? നമസ്‌കാരം ശരിയായ വിധം തങ്ങൾ നിർവ്വഹിക്കുന്നുവെന്നാണ്‌ അവരുടെ വിശ്വാസം. എന്തിനാണ്‌ ഈ “നൂലാമാല” കൾ വെളിച്ചത്താക്കി ജനങ്ങൾക്ക്‌ ശല്യമുണ്ടാക്കുന്നു എന്ന്‌ ചോദിക്കുന്ന വരുണ്ടായേക്കാം. താൽപ്പര്യമുള്ളവർക്ക്‌ സ്വയം പരിപൂർണ്ണനാവാൻ സന്ദർഭം ഉണ്ടാക്കുക മാത്രമാണ് ലക്ഷ്യമെന്ന്‌ ആദ്യം പറയുന്നു. പിന്നെ തുടർന്നു പറയുന്നു, വല്ലവണ്ണം കാട്ടിക്കൂട്ടാനുള്ളതല്ല നമസ്കാരം. ചെയ്യുമ്പോൾ ചെയ്യേണ്ട വിധം ചെയ്യണം. അല്ലെങ്കിലെന്തിനാണ്‌ പൂർവ്വികന്മാർ കണ്ടും കേട്ടും അന്വേഷിച്ചും ഈ വിവരങ്ങൾ കഷ്ടപ്പെട്ട്‌ ശേഖരിച്ച്‌ ഒരിക്കലും മറഞ്ഞുപോകാത്ത വിധം തങ്ങളുടെ ഗ്രന്ഥങ്ങളിൽ എഴുതി വെച്ചത്‌. പിൽക്കാല ക്കാരായ നമുക്ക്‌ പഠിക്കാൻ... എന്തിന്‌ പഠിക്കണം? ആചരിക്കാൻ...വിശദാംശങ്ങൾ കഴിയും വിധം അനുഷ്ഠാനങ്ങളിൽ കൊണ്ടുവരേണ്ടതാണ്‌. ഓരോരുത്തരുടേയും അറിവിന്റെ അളവനുസരിച്ച്‌ കർമ്മങ്ങളിൽ പൂർണ്ണതയുണ്ടാകും. നിസ്്‌കരിക്കേണ്ട ക്രമത്തിൽ നിസ്‌കരിക്കണമെന്ന്‌ പറയുന്നതും ശീലിക്കുന്നതും ശല്യമാണെങ്കിൽ ഇസ്ലാം മതം തന്നെ ശല്യമാണെന്ന്‌ പറയേണ്ടിവരും. മുസ്ലികൾക്ക്‌ ഇഹലോകം കാരാഗൃഹമാക്കിയത്‌ ഇസ്ലാമാണ്‌. അത്‌ കൊണ്ട്‌ വായിക്കുക, പഠിക്കുക. അമൽ ചെയ്യുക ഇഖ്റഅ... പറബ്ബുകൽ അക്‌റമുല്ലദീ അല്ലമ ബീൽഖലം.......മാലംയഅ്ലം

ഗ്രന്ഥകാരൻ

വി.വി.അബ്ദുല്ല സാഹിബ്.

നിസ്കാരം

[തിരുത്തുക]

(ചെയ്യുന്നതും ചെയ്യേണ്ടതും)

ശരീരം കൊണ്ടു ചെയ്യുന്ന “ഇബാദത്തു' കളിൽ ഏറ്റവും ശ്രേഷ്ഠമായതാണ്‌ നമസ്കാരം. നമസ്‌കാരം കൃത്യമായി അനുഷ്ഠിക്കാത്തവൻ മുസ്ലീം വൃത്തത്തിൽ നിന്നും പുറത്താണ്‌ എന്ന്‌ ബഹുഭൂരിപക്ഷം കർമ്മശാസ്ത്രപണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അല്ലാഹുവും റസൂലും നിർബന്ധമാക്കിയ കർമ്മങ്ങളിൽ നിന്ന്‌ മുസ്ലീംകൾക്ക്‌ ഒഴിവ്‌ കൊടുക്കാൻ ആർക്കും അധികാരമില്ലാത്തതാണ്‌.

സ്വല്ലൂ കമാറ ഐത്തുമൂനീ ഉസ്വല്ലി (ഞാൻ നമസ്‌കരിക്കുന്നത്‌ കണ്ട പോലെ നിങ്ങൾ നമസ്കരിക്കുവിൻ) എന്നാണ്‌ നബി (സ) കൽപിച്ചിട്ടുള്ളത്‌. അപ്പോൾ തിരുമേനി എങ്ങിനെയാണ്‌ നമസ്കാരം നിർവ്വഹിച്ചിരുന്നതെന്ന്‌ അറിഞ്ഞ്‌, പഠിച്ച്‌ അപ്രകാരം നമസ്കരിക്കുവാൻ മുസ്ലീങ്ങൾ ബാദ്ധ്യസ്ഥരാണ്‌.

നബി(സ) യുടെ നമസ്കാരം നേരിട്ട്‌ കണ്ട്‌ പഠിച്ചത്‌ നബിയുടെ സന്തത സഹചാരികളായ സ്വഹാബികളായിരുന്നല്ലോ. അവർ നബി(സ)യുടെ മദീന ജീവിത ഘട്ടത്തിൽ തിരുമേനിയുടെ എല്ലാ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുകയും അതെല്ലാം കണ്ടപോലെ തിരുമേനിയെ പരിപൂർണ്ണമായും അനുകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്തത്‌ കൂടാതെ അവരുടെ നിരീക്ഷണങ്ങളെല്ലാം സത്യസന്ധമായി പിൻതലമുറക്കാരെ പറഞ്ഞ്‌ പഠിപ്പിക്കുകയും പിന്നീട്‌ സത്യസന്ധമായി രേഖപ്പെടുത്തിവെയ്ക്കുകയും ചെയ്തു. ഹദീസ്‌ ഗ്രന്ഥങ്ങൾ ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്‌. ഇങ്ങനെ പരമ്പരയായി തലമുറ തലമുറയായിചെയ്തു പോന്ന അനുഷ്ഠാനങ്ങൾ കർമ്മ ശാസ്ത്രപണ്ഡിതന്മാർ വിശദമായി അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിവെച്ചിരിക്കുന്നു. ആയതിനാൽ നിസ്കാരം എങ്ങിനെ അനുഷ്ഠിക്കേണമെന്നത്‌ ഹദീസ്‌ ഫിഖ്ഹ്‌ ഗ്രന്ഥങ്ങളിൽ നിന്ന്‌ നമുക്ക്‌ പഠിക്കാൻ കഴിയും.

നിസ്‌കാരത്തിൽ നിർബന്ധമാ(ഫർളാ)യ കാര്യങ്ങളും ഐച്ഛികമാ(സുന്നത്താ)യ കാര്യങ്ങളുമുണ്ട്‌. ചിലതെല്ലാം പല രീതിയിലും നിറവേറ്റാവുന്നവയാണ്‌. ആകയാൽ ആ ക്രിയാംശങ്ങൾ നബി (സ) വിവിധ രീതികളിൽ നിർവ്വഹിച്ചിരിക്കുമെന്ന്‌ നമുക്ക്‌ ന്യായമായും കരുതാവുന്നതാണ്‌. തൽഫലമായി കർമ്മ ശാസ്ത്രജ്ഞന്മാരുടെയിടയിൽ ചില വിശദാംശങ്ങളിൽ വൈവിദ്ധ്യം കാണപ്പെടുന്നതാണ്‌. പ്രവാചകൻ പലപ്പോഴായി നിർവ്വഹിച്ചതി ലെ വ്യത്യാസവും സ്വഹാബികൾ മനസ്സിലാക്കിയിട്ടുള്ള വ്യത്യാസവും കൂടാതെ ഇമാമുകൾ തദ്വിഷയകമായ സ്വീകരിച്ച തെളിവുകളുടേയും അവരുടെ ഗവേഷണ ഫലങ്ങളുടേയും വിഭിന്നതയും ഹേതുവായി കർമ്മശാസ്ത്രങ്ങളിൽ വ്യത്യാസമുണ്ടാവാൻ കാരണമായി. മദ്‌ഹബിന്റെ ഇമാമുകളുടെ അഭിപ്രായാന്തരം ഇങ്ങനെ സംഭവിച്ചിട്ടുള്ളതാണ്‌. രൂപവൈവിദ്ധ്യമുള്ള ഇത്തരം കാര്യങ്ങൾ ഹദീസിന്റെ വെളിച്ചത്തിൽ നിർണ്ണയിക്കേണ്ടതാണ്‌ എന്ന്‌ യുക്തിപൂർവ്വം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അനുഷ്ഠാനകാര്യങ്ങളെ സംബന്ധിച്ചേടത്തോളം സ്വഹാബികൾ അസത്യംപ്രചരിപ്പിക്കുകയില്ലെന്നുള്ള വിശ്വാസമാണ്‌ ഈ തീരുമാനത്തിനടിസ്ഥാനം. മാത്രമല്ല എന്നെപ്പറ്റി കളവ്‌ പറയുന്നവർക്കുള്ള വാസസ്ഥാനം നരകത്തിലാണ്‌ എന്ന്‌ തിരുമേനി ഉണർത്തുകയും ചെയ്തിട്ടുള്ളതാണ്‌.

സംഘടിതമായി (ഇമാമും ജമാത്തുമായി) നിർവ്വഹിക്കുന്ന നമസ്‌കാര രീതിയുടെ ഒരു വിവരണം നൽകുന്നതായിരിക്കും കൂടുതൽ പൂർണ്ണമായിരിക്കുക. ഒരു പള്ളിയിൽ വെച്ചു നടക്കുന്ന രീതിയിലാണെങ്കിൽ പ്രതിപാദനം കൂടുതൽ വിജ്ഞാനപ്രദമായിരിക്കും. കാരണം വിഷയ വിസ്തൃതി അൽപം കൂടി വിപുലമായിരിക്കും. നമസ്കാര സമയം ആകുന്നതിന്‌ മുമ്പേതന്നെ പള്ളിയിൽ പ്രവേശിച്ച്‌ ജമാഅത്ത്‌ (കൂട്ടുനമസ്‌കാരം)പ്രതീക്ഷിച്ചു കൊണ്ട്‌ (ഇൻതിളാറു സ്വലാത്ത്) കുറേ സമയം കാത്തിരിക്കുകയെന്നത്‌ സ്വഹാബത്തിന്റെ കാലം മുതൽ നടപ്പുള്ളതാണ്‌. ഈ സമയം ഇഅതികാഫ്‌ കരുതിയാൽ ആ സുന്നത്ത്‌ കൂടി ലഭ്യമാകുമെന്ന ഒരു മെച്ചവുമുണ്ട്‌. ഇന്ന്‌ ലൗകികജീവിത ബഹളത്തിൽ മുഴുകിയിട്ടുള്ളവർക്ക്‌ അന്നത്തെ സ്വഹാബത്തിനെ അനുകരി ക്കാൻ പ്രയാസമുണ്ട്‌ എന്ന്‌ സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നാൽ ജുമുഅ ദിവസങ്ങളിൽ ഒരു മണിക്കൂറോ അതിൽ ചുരുങ്ങിയ സമയമോ പള്ളിയിൽ ചെലവാക്കാൻ തയ്യാറുള്ളവർ ധാരാളമുണ്ട്‌. പള്ളിയിൽ പ്രവേശിക്കുന്നേടം മുതൽ ചില മര്യാദകൾ പാലിക്കേണ്ടതുണ്ട്‌. ആകയാൽ വിവരണ പൂർണ്ണത യ്ക്കു വേണ്ടി വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം വിവരണ വിശദീകരണത്തിനായി തെരഞ്ഞെടുക്കുന്നത്‌ ഉചിതമായിരിക്കും.

വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്‌ വേണ്ടി കഴിയുന്നത്ര നേരത്തേ പള്ളിയിൽ എത്തിച്ചേരുന്നതിന്റെ ശ്രേഷ്ടതയെ സൂചിപ്പിക്കുന്ന നബി വാക്യങ്ങളുണ്ട്‌. പ്രസംഗം (ഖുത്വുബ) ആരംഭിക്കുന്നതിന്‌ മുൻപ്‌ പള്ളിയിൽ ഹാജരാവണമെന്ന നിർദ്ദേശമാണ്‌ ഈഹദീസ്‌കളുടെ ഉള്ളടക്കം. രാവിലെ മുതൽ ഉച്ചവരെ യുള്ള നീണ്ട സമയത്തിനിടയിൽ പലപ്പോഴായി എത്തുന്നവർക്ക്‌ ഒരൊട്ടകത്തെ അറുത്ത്‌ ദാനം ചെയ്യുന്നതിന്റെ പുണ്യം മുതൽ ഒരു കോഴിമുട്ട ദാനം ചെയ്യുന്നതിന്റെ പുണ്യം വരെ വിവിധ അളവിൽ ഇവക്ക്‌ ലഭിക്കുന്നതാണ്‌. ഗൗരവമേറിയ മറ്റൊരു മുന്നറിയിപ്പും ഈ ഹദീസിലുണ്ട്‌. പള്ളിയിലേക്ക്‌ വരുന്നവരുടെ പേരുകൾ രേഖപ്പെടുത്താൻ നിയോഗിക്കപ്പെട്ട മലക്കുകൾ ഖുത്വുബ ആരംഭിക്കുന്നത്‌ വരെ ഈ ജോലിയിൽ വ്യാപൃതരായിരിക്കുന്നതും ഖുത്വുബ ആരംഭിച്ചാൽ ഇവർ അത്‌ ശ്രദ്ധിക്കാനായി അങ്ങോട്ട്‌ തിരിയുന്നതുമാണ്‌. അതിന്റെ അർത്ഥം ഖുത്വുബ ആരംഭിച്ചശേഷം പള്ളിയിൽ എത്തിച്ചേരുന്നവരുടെ പേര്‌ മലക്കുകളുടെ രേഖയിൽ പതിയുകയില്ലെന്നതാണ്‌. കഴിയുന്നതും ഖുത്വുബക്ക്‌ മുമ്പായി തന്നെ പള്ളിയിലെത്തിച്ചേ രുന്നതിന്റെ ആവശ്യകതയും മഹത്വവുമാണ്‌ ഈ നബി വാക്യം സൂചിപ്പിക്കുന്നത്‌.

പള്ളിയിൽ പ്രവേശിച്ചാൽ ആദ്യത്തെ പരിഗണന എവിടെ ഇരിക്കമെന്നുള്ളതാണ്‌(ഇരിക്കുന്നതിന്‌ മുമ്പായി രണ്ടറകഅത്ത്‌ തഹിയത്ത്‌ നമസ്കരിക്കേണ്ടതു താഴെ വരും) ചുമരും ചാരിയിരിക്കുക, തൂണും ചാരിയിരിക്കുക, വാതിൽ പലകചാരിയിരിക്കുക, കാറ്റ്‌ കിട്ടാവുന്നിടത്ത്‌ ഇരിക്കുക, വെളിച്ചം കിട്ടു ന്നിടത്ത്‌ ഇരിക്കുക, ഖത്വീബിനെ കാണാൻ സൗകര്യമുള്ളടത്തിരിക്കുക, ഇങ്ങനെ പലർക്കും പല ലക്ഷ്യങ്ങളായിരിക്കും. ഇരിപ്പിടം നിശ്ചയിക്കുന്നതി നുള്ള ആധാരതത്വം എന്നാൽ സുന്നത്തായ നടപടി ഇത്തരം പരിഗണനയിലൂടെ സ്ഥാനം നിർണ്ണയിക്കലല്ല. പള്ളിയിൽ ആദ്യം പ്രവേശിക്കുന്ന ആൾ ആദ്യത്തെ (മുൻ) വരിയിൽ മദ്ധ്യത്തിലാണിരിക്കേണ്ടത്‌. രണ്ടാമത്തെ ആൾ ആദ്യത്തെ ആളുടെ വലത്ത്‌ ഭാഗത്ത്‌ ഇരിക്കണം. മൂന്നാമൻ ഒന്നാമന്റെ ഇടത്തും നാലാമൻ രണ്ടാമന്റെ വലത്ത്‌, അഞ്ചാമൻ മൂന്നാമന്റെ ഇടത്ത്‌ ഇങ്ങനെ ഓരോരുത്തരായി ഇരുഭാഗത്ത്‌ ഇരിക്കുകവഴി ആദ്യത്തെ വരി മദ്ധ്യ ത്തിൽ നിന്നും തുല്യ നിലയിൽ ഇരുഭാഗത്തേക്കും വളരണം. ആദ്യത്തെ വരി പൂർത്തിയായി കഴിഞ്ഞാൽ പിന്നെ പ്രവേശിക്കുന്ന ആൾ രണ്ടാം വരിയിൽ മദ്ധ്യത്തിൽ ഇരിക്കണം. ഈ വരിയും ഒന്നാം വരി പോലെ തുല്യനിലയിൽ ഇരുഭാഗത്തേക്കും വളർന്നു പൂർത്തിയാവണം. ഇങ്ങനെ ഓരോ വരിയും ക്രമത്തിൽ നിറയണം. ഇത്‌ കൂട്ടനമസ്കാരത്തിന്റേയും വിധിയാണ്‌.

ഇരിക്കുന്ന രീതി, അത്തഹിയ്യാത്തിന്‌ വേണ്ടി ഇരിക്കുന്ന തബർറൂകിന്റെയോ ഇഫ്തിറാശിന്റേയോ ആയിരിക്കൽ ഉത്തമം. ചമ്രം പടിഞ്ഞിരുന്നാലും കുഴപ്പമില്ല. ഒരിക്കലും കാലുകുത്തി (മുട്ടുകാൽ) കുത്തനെയാക്കിയിരിക്കരുത്‌. അത്‌ നായ്ക്കളുടെ ഇരുത്തമാണ്‌. ചമ്രം പടിഞ്ഞിരുന്നാൽ ഒരു ബുദ്ധിമുട്ട്‌ നേരിയതാണെങ്കിലും പിന്നീട്‌ നേരിടും. ഈ ഇരിപ്പിന്‌ അൽപം സ്ഥലം കൂടുതൽ ആവശ്യമായി വരും. പതിനഞ്ചുപേർക്ക്‌ ഇരിക്കാവുന്ന ഒരു വരിയിൽ പത്തോ പന്ത്രണ്ടോ പേർക്ക്‌ മാത്രമേ ചമ്രം പടിഞ്ഞിരിക്കാന്നൊക്കുകയുള്ളു. ഒടുവിൽ നമസ്കരിക്കാൻ എഴുന്നേറ്റ്‌ നിൽക്കുമ്പോൾ പിൻവരിയിൽ നിന്ന്‌ മൂന്നോ നാലോ പേർ മുൻവരിയിലേക്ക്‌ കേറി ആ വരി പൂർത്തിയാക്കണം. ഇവർ മുന്നേറിയ ഒഴിവ്‌ പിൻവരിയിലുള്ളത്‌ നികത്താൻ അതിന്റെ പിന്നിൽ നിന്നും ആളുകൾ മുന്നേറണം. ഇങ്ങനെ എല്ലാവരിലും ചലനം സൃഷ്ടിക്കേണ്ടി വരുന്നു. ചുരുക്കത്തിൽ പള്ളി മുഴുവനും ജനങ്ങളെ കൊണ്ട്‌ ഒരു കോളിളക്കം തന്നെ. ആദ്യംതന്നെ എല്ലാ വരികളിലും അച്ചടക്കത്തിൽ ഒതുങ്ങിയിരുന്നാൽ നമസ്കാര സമയത്ത്‌ ഈ ബഹളം ഒഴിവാക്കാൻ കഴിയുന്നതാണ്‌

ഇപ്പോൾ പള്ളികളിൽ ജനങ്ങൾ അനുവർത്തിക്കുന്ന നയം വളരെ അരോചകമാണ്‌. കയറി വരുന്നവരെല്ലാം അവിടേയും ഇവിടേയും കണ്ടേടത്തും തോന്നിയേടത്തും ഒരു നിയമവും വ്യവസ്ഥയും ചിട്ടയുമില്ലാതെ ഇരിപ്പുറപ്പിക്കുന്നു. വരികൾ പൂർത്തിയാവാതെ അവിടവിടെ വിടവുണ്ടായിരിക്കും.പിന്നെ പിന്നെ വരുന്നവർ ഈ വിടവുകളിലേക്ക്‌ നീങ്ങുന്നു. ഈ നീക്കമോ, വരികളിലിരിക്കുന്നവരുടെ ഇടയിൽ കൂടി കവച്ചുവെച്ചു കടന്നു മുന്നേറണം. ഒരദ്ധ്യാത്മിക സദസ്സിന്റെ മഹിമക്ക്‌ അനുഗുണമായ പ്രവൃത്തിയല്ല ഇത്‌. മുൻ സൂചിപ്പിച്ച പോലെ സ്വഹാബത്തിന്റെ സുന്നത്തായ ആ നടപടി വളരെ അച്ചടക്കമുള്ളതും അനുകരണ യോഗ്യവും ശ്രേഷ്ടവുമാണ്‌.

മുസ്ലീം സഹോദരന്മാർ അടുത്തടുത്തായി തൊട്ടുതൊട്ടിരിക്കണം. നിസ്‌കാരത്തിന്‌ നിൽക്കുമ്പോൾ ഇടയിൽ വിടവുണ്ടാകരുത്‌. വിടവുണ്ടായാൽ ആ വിടവുകളിൽ പിശാചു പ്രവേശിക്കുമെന്ന്‌ നബി(സ) താക്കീത്‌ ചെയ്തിട്ടുണ്ട്‌. ഇരിപ്പിന്റെ ഈ നിബന്ധന തന്നെയാണ്‌ നമസ്കരിക്കാൻ നിൽക്കുമ്പോഴും പാലിക്കേണ്ടത്‌. നമസ്കരിക്കുമ്പോൾ ഇമാമിന്റെ ഇരുഭാഗത്തും സഫ്ഫുകൾ (അണികൾ) തുല്യ നീളത്തിലായിരിക്കണം. ജമാഅത്ത്‌ നടന്നുകൊണ്ടിരിക്കേ വരുന്നവർ വരികളുടെ നീളം നോക്കി ഇമാമിന്റെ ഇരുഭാഗത്തും സമതുലിതമായി നിലകൊള്ളത്തക്കവിധം ഇടത്തോ വലത്തോ നിൽക്കേണ്ടതാണ്‌. ഈ കാലഘട്ടത്തിൽ വളരെ അധികം ആളുകൾ ഈ സംഗതി ഗൗനിക്കാറില്ല. ഇതിന്‌ പ്രേരകമായ ഒരു വസ്തുതയുണ്ട്‌. ഇമാമിന്റെ വലത്ത്‌ ഭാഗത്ത്‌ നിൽക്കുന്നത്‌ സുന്നത്താണെന്ന്‌ മിക്കവാറും എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടെന്ന്‌ തോന്നുന്നു. ഇമാമിന്റെ ഇടത്‌ഭാഗത്ത്‌ പറ്റെ അവഗണിച്ച്‌ വലത്‌ ഭാഗത്ത്‌ മഅമൂമുകൾ ചേക്കേറുന്നത്‌ കണ്ടാൽ ഇങ്ങനെ തോന്നും. വലത്‌ഭാഗത്തിന്‌ ശ്രേഷ്ഠതയുണ്ട്‌. എന്നുവെച്ച്‌ ഇടതുഭാഗം പകുതി കാലിയാക്കി വലത്തെ പകുതി പൂർത്തിയാക്കുന്നത്‌ സുന്നത്തായ നടപടിയല്ല. വലത്‌ ഭാഗത്ത്‌ നിൽക്കൽ സുന്നത്തെന്ന്‌ പഠിച്ച അതേ ശ്വാസത്തിൽ തന്നെ വരി ഇരു ഭാഗത്തും തുല്യ നിലയിലാക്കി നിർത്തുന്നതും സുന്നത്താണെന്ന്‌ പഠിക്കേണ്ടതായിരുന്നു. ഈ രണ്ടു സുന്നത്തുകളും ഒന്നിച്ച്‌ എന്തുകൊണ്ട്‌ മുസ്ലീം ബഹുജന ശ്രദ്ധയിൽ പെട്ടില്ലാ എന്നത്‌ അത്ഭുതകരമാണ്‌. ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ ഒന്നിച്ച്‌ വിട്ടുപിരിയാതെ ജോഡിയായി വർത്തിക്കുന്ന രണ്ട്‌ വസ്തുതകളാണല്ലൊ ഇവ.

ഈ സുന്നത്തിന്റെ പ്രയോഗവൽക്കരണത്തിന്റെ മൂർത്തിമൽഭാവമായ ഒരു വസ്തുത ഈ സന്ദർഭത്തിൽ ചൂണ്ടിക്കാണിക്കുന്നത്‌ ഉചിതമായിരിക്കും. ഇമാമിന്‌ നിൽക്കാനുള്ള മിഹ്റാബ്‌ മുൻ ചുമരിന്റെ മദ്ധ്യഭാഗത്താണല്ലോ ഒരുക്കാറുള്ളത്‌. ഇരു ഭാഗത്തും വരിയുടെ നീളം സമമാക്കി നിർത്താൻ ഇത്‌ അത്യാവശ്യമാണ്‌. പള്ളി വിസ്താരപ്പെടുത്തി വലുതാക്കി പണിയുമ്പോൾ ഇരുഭാഗത്തും തുല്യ അളവിൽ വലിപ്പം കൂട്ടുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്‌.

ഇപ്പോൾ സാർവത്രികമായി കാണപ്പെടുന്ന ഒരു പ്രവണതയാണ്‌ പഴയ വാസ്തു ശിൽപഭംഗിയുള്ള പള്ളികൾ മുഴുവൻ പൊളിച്ചു നീക്കി നവീന (ഭമമായ കോൺക്രീറ്റ്‌ കെട്ടിടങ്ങൾ നിർമ്മിക്കുകയെന്നത്‌. പുതുതായി നിർമ്മിതമായ പള്ളികളിലും മിഹ്റാബ്‌ മദ്ധ്യത്തിൽ ഒരുക്കിയിട്ടുള്ളതായിക്കാണാം. മുൻ ചുമരിന്റെ മദ്ധ്യഭാഗം ഏകദേശം മുന്ന്‌ മീറ്റർ അകലത്തിൽ പ്രത്യേകമായി അടയാളപ്പെടുത്തിയെടുത്തശേഷം അതിനെ മൂന്നായി ഭാഗിക്കുന്നു. മദ്ധ്യത്തിൽ മിഹാറാബിന്‌ നീക്കിവെക്കുന്നു. വലത്തുഭാഗത്ത്‌ മിമ്പർ സ്ഥാപിക്കുന്നു. ഇടത്‌ഭാഗം മൈക്ക്‌ സെറ്റ്‌, മുസഹഫ്‌ മുതലായ സാധനങ്ങൾ നിക്ഷേപിക്കുന്നു. കുഴപ്പമില്ല.

എന്നാൽ ഇതിന്‌ അപവാദമില്ലാതില്ല. ചില പള്ളി നിർമ്മാണത്തിൽ പിഴവ്‌ സംഭവിച്ചുകണ്ടിട്ടുണ്ട്‌. ശറഇയ്യായ ഈ അറിവ്‌ എഞ്ചിനീയർക്കോ, കോൺട്രാക്ടർക്കോ ഇല്ലെന്നിരിക്കട്ടെ. മതപണ്ഡിതന്മാരോ ഭരണകമ്മിറ്റിയോ സമുദായ നേതാക്കളോ ഇക്കാര്യം ശ്രദ്ധിച്ചില്ലെന്ന്‌ മനസ്സിലാക്കാം. എന്താണി വിടെ ചെയ്തിരിക്കുന്നതെന്ന്‌ നോക്കുക. മുൻ ചുമരിന്റെ മദ്ധ്യഭാഗം ഏതാണ്ട്‌ രണ്ട്‌ മീറ്റർ സ്ഥലം അടയാളപ്പെടുത്തി അതിനെ രണ്ട്‌ സമഭാഗമാക്കി.ഇടത്ത്‌ ഭാഗത്ത്‌ മിഹ്റാബും വലത്ത്‌ ഭാഗത്ത്‌ മിമ്പറും സജ്ജമാക്കുന്നു. ഇവിടെ എന്താണ്‌ സംഭവിക്കുന്നത്‌? മിഹ്റാബിന്റെ സ്ഥാനം ചുമരിന്റെ മദ്ധ്യഭാഗത്തു നിന്നും ഇടത്തോട്ട്‌ നീങ്ങിപ്പോകുന്നു. യഥാർത്ഥത്തിൽ ഇമാം നിലകൊള്ളേണ്ട സ്ഥാനത്ത്‌ മിഹ്റബിനേയും മിമ്പറിനേയും വേർതിരിക്കുന്ന ചുമരോ അഴികൾ കൊണ്ടലംകൃതമായ കലാശിൽപമോ ആണുള്ളത്‌.

ഈ ദോഷത്തിനൊരു തൽക്കാല പരിഹാരം നിർദ്ദേശിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ തോന്നുന്നു. ഈയുള്ളവന്റെ സ്വയം യുക്തിമാത്രമാണിത്‌. ആധാരികമായ പിൻബലത്തോടുകൂടിയല്ല. ഈ മിഹ്റാബിൽ ഇമാം നിന്നു നമസ്കരിക്കുമ്പോൾ ഇമാം മിഹ്റാബിന്റെ വലത്തെ അറ്റത്ത്‌ വിഭജന രേഖ യോടു തൊട്ടു നിൽക്കേണ്ടതാണ്‌. അപ്പോൾ വരിയുടെ മദ്ധ്യത്തിൽ നിന്നും അധികം അകലത്തല്ലാത്ത ഒരു സ്ഥാനത്ത്‌ നിന്നു എന്ന്‌ സമാധാനിക്കാം. വരികളെ പറ്റിപ്പറഞ്ഞപ്പോൾ സാന്ദർഭികമായി ഇത്രയും പറഞ്ഞുവെന്നു മാത്രം.

ജമാഅത്ത്‌ നമസ്‌കാരത്തിൽ ചേരാൻ വരുന്നവർ ചിലപ്പോൾ നേരിടുന്ന ഒരു പ്രശ്നമുണ്ട്‌. ഒരാൾ വരുന്ന സമയം ഒടുവിലെ വരി പൂർത്തിയായതായും ഒരാൾക്കു കൂടി നിൽക്കാൻ സ്ഥലമില്ലാത്തതായും കണ്ടെന്ന്‌ വരാം. അപ്പോൾ ഒരു പുതിയവരി ഇയാൾ ആരംഭിക്കണം. പക്ഷെ ഒരാൾ തനിയെ ഒരു വരിയിൽ നിൽക്കുന്നത്‌ കറാഹത്താണ്‌. (സമൂഹത്തിൽ ഒരാൾ ഒറ്റപ്പെടുന്നതിന്റെ പ്രതീകമാണ്‌ ഒരാൾ തനിയെ ഒരു വരിയിലാകുന്നത്‌.) ഇതിനൊരു പ്രതിവിധി കർമ്മശാസ്ത്രകാരന്മാർ നിർദ്ദേശിച്ചിട്ടുണ്ട്‌. ഇയാൾ ഒരു പുതിയ വരിയിൽ മദ്ധ്യത്തിൽ നിൽക്കുക. മുൻവരിയിൽ മദ്ധ്യസ്ഥിതനായ വൃക്തിയുടെ വലത്ത്‌ ഭാഗത്തുള്ള ആളെ വിരൽ കൊണ്ടു മെല്ലെ ഒന്നു തൊടുക. അനന്തരം നമസ്കാരത്തിൽ പ്രവേശിക്കുക.തോണ്ടൽ അനുഭവപ്പെട്ട വ്യക്തി കാര്യം മനസ്സിലാക്കികൊള്ളണം. ഒരാൾ പിൻവരിയിൽ ഏകനായി നിൽക്കുന്നുവെന്ന. അയാൾ പിന്നോട്ട്‌ നീങ്ങി തനിച്ചു നിൽക്കുന്ന ആളുടെ വലത്ത്‌ ഭാഗത്ത്‌ നിൽക്കണം. അറിവില്ലായ്മ മൂലം അയാൾ പിൻവരിയിലേക്ക്‌ വന്നില്ലെങ്കിൽ തന്നെ ഏകനായ മനുഷ്യൻ ഒറ്റയ്ക്കു നിൽക്കുന്ന കറാഹത്തിൽ നിന്നും മോചിതനാകുന്നതാണ്‌. ഈ പ്രക്രിയ ആവശ്യമില്ലെന്ന അഭിപ്രായവും ഉണ്ട്‌.

എപ്പോൾ പള്ളിയിൽ പ്രവേശിക്കുമ്പോഴും രണ്ട്റകഅത്ത്‌ തഹിയ്യത്ത്‌ നമസ്കരിക്കണം. ഇത്‌ പള്ളിക്കുള്ള അവകാശമാണ്‌. അത്‌ മുടക്കരുത്‌. ഖുത്വുബ നടന്നു കൊണ്ടിരിക്കെയാണ്‌ പ്രവേശിക്കുന്നതെങ്കിൽ പോലും തഹിയ്യത്ത്‌ ഉപേക്ഷിക്കാൻ പാടില്ല. ജമാ അത്ത്‌ നമസ്‌കാരം നടന്നു കൊണ്ടിരിക്കുമ്പോഴാണ്‌ പ്രവേശനമെങ്കിൽ അപ്പോൾ ഈ സുന്നത്ത്‌ ഉപേക്ഷിച്ച്‌ ജമാഅത്തിൽ ചേരുകയാണ്‌ വേണ്ടത്‌. തഹിയ്യത്ത്‌ നമസ്കരിച്ചശേഷം റവാത്തിബ്‌ സുന്നത്ത്‌ നമസ്കരിക്കണം. പിന്നെ ഖുത്വുബ അല്ലെങ്കിൽ ജമാ അത്ത്‌ പ്രതീക്ഷിച്ച്‌കൊണ്ടിരിക്കണം. ഇഖാമത്ത്‌ കൊടുക്കാൻ സമയമായി(അതായത്‌ ജമാ അത്ത്‌ തുടങ്ങാൻ നേരമായി) സുന്നത്ത്‌ നമസ്‌കരിക്കാനുള്ള സമയമില്ല എന്ന്‌ തോന്നുന്ന പക്ഷം സുന്നത്ത്‌ നമസ്കരിക്കാൻ ശ്രമിക്കരുത്‌.

ജുമാ നമസ്കാരത്തിന്‌ റവാത്തിബ സുന്നത്തുകളില്ല. എന്നാൽ ളുഹർ നമസ്‌കാരത്തിനുള്ളത്‌ പോലെയുള്ള റവാത്തിബുകൾ ജുമഅക്കുണ്ട്‌ എന്ന അഭിപ്രായവുമുണ്ട്‌. ഈ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ജുമാ അക്ക്റ വാത്തിബ്‌ സുന്നത്ത്‌ നമസ്കരിച്ചു വരുന്നുണ്ട്‌. അങ്ങിനെയാകുമ്പോൾ ജുമുഅ ദീവസം പള്ളിയിൽ പ്രവേശിക്കുന്ന വർക്കുള്ള അനുഷ്ഠാനങ്ങൾ മൂന്ന്‌ വിധമുണ്ട്‌.

1 വഖത്ത്‌ ആകുന്നതിനു മുൻപേ പള്ളിയിൽ വരുന്നവർ ആദ്യം പള്ളിയിൽ പ്രവേശിച്ച ഉടനെ തഹിയ്യത്ത്‌ നമസ്കരിക്കുക. പിന്നീട്‌ വഖത്‌ ആയാൽ റവാത്തിബും നമസ്‌കരിക്കുക.

2. വഖത്ത്‌ ആയശേഷം പള്ളിയിൽ പ്രവേശിക്കുന്നവർ, അവർ ആദ്യം തഹിയ്യത്തും പിന്നെ റവാത്തിബ്‌ നമസ്കരിക്കുക.

3. ഖുത്വുബ തുടങ്ങിയശേഷം പ്രവേശിക്കുന്നവർ. അവർ ലളിതമായ രീതിയിൽ തഹിയ്യത്ത്‌ മാത്രം നമസ്കരിക്കുക. പിന്നെ ഖുത്വുബ ശ്രദ്ധിക്കുക.

അധികം ആളുകളും പള്ളിയിൽ പ്രവേശിച്ചാൽ രണ്ടറകഅത്ത്‌ നമസ്കരിക്കുക എന്ന പതിവ്‌ നിർവ്വഹിക്കുന്ന സ്വഭാവക്കാരാണ്‌. അതോടെ എല്ലാം കഴിഞ്ഞു. വഖ്ത്തായാലും അല്ലെങ്കിലും ഈ പതിവിന്‌ മാറ്റമില്ല. തഹിയ്യത്താണോ റവാത്തിബാണോ - ഏത്‌ കണക്കിലാണ്‌ നിസ്‌കാരം എന്ന്‌ അവർക്ക്‌ തന്നെ അറിയുമോ ആവോ.കണിശമായ അറിവും ബോധവുമില്ലാതെ എല്ലാവരേയും പോലെ എന്നമട്ടിൽ നമസ്‌കരിച്ചാൽ അതിന്റെസ്ഥിതി പരുങ്ങലിലാണ്‌. “എല്ലാ കാര്യങ്ങളും അതിന്റെ ഉദ്ദേശ്യമനുസരിച്ചാണ്‌.” (ഇന്നമൽ അഅ്മാലു ബീന്നിയാത്ത്‌) എന്ന പ്രമാണമനുസരിച്ച്‌ അത്തരം നമസ്‌കാരങ്ങൾ ഫലദായകമല്ല.

ഖുത്വുബ രണ്ടേറകഅത്തിന്റെ സ്ഥാനത്താണ്‌. (നാല്‌ റകത്തുള്ള ളുഹറിന്‌ പകരം രണ്ടു മാത്രമാണ്‌ ജുമാ എന്ന പേരിൽ നമസ്കരിക്കുന്നത്‌.) ആകയാൽ ഖുത്വുബ നമസ്കാരം പോലെ കരുതണം. ഇതിൽ ഖത്വീബിന്‌ സംസാരിക്കാം. നമസ്കാരത്തിൽ സംസാരം പാടില്ലാത്തത്‌ പോലെ ഖുത്വുബ സമയത്തും സദസ്യർ സംസാരിക്കാൻ പാടില്ല. ഖുത്വുബ ശ്രവിച്ചുകൊണ്ടിരിക്കുകയാണ്‌ വേണ്ടത്‌. ശ്രോതാക്കൾക്ക്‌ മനസ്സിലാവാത്ത ഭാഷയിലാണ്‌ ഖുത്വുബ നടത്തപ്പെടുന്ന തെങ്കിൽ പോലും അതൊരു ഇബാദത്താണെന്ന ധാരണയോടു കൂടി ശ്രദ്ധിച്ചുകേൾക്കുക തന്നെവേണം. നമസ്കാര ത്തിൽ സംസാരിച്ചാൽ നമസ്‌കാരം നിഷ്ഫലമാ(ബാത്വിലാ)കുന്നത്‌ പോലെ ഖുത്വുബ സമയത്ത്‌ സംസാരിച്ചാൽ ജുമു അ നഷ്ടപ്പെടുന്നതാണ്‌. മറ്റൊരാളോട്‌ “സംസാരിക്കല്ലേ' എന്ന്‌ പറയുന്നത്‌ പോലും ജുമു അ നഷ്ടപ്പെടുത്തും. ഈ താക്കീതാണ്‌ ഖുത്വുബ ആരംഭിക്കുന്നതിന്‌ മുൻപ്‌ മുഅദ്ദീൻ (മുക്രി) അധികാരദണ്‌ഡു കയ്യിലേന്തി കൊണ്ട്‌ വിളിച്ചു പറയുന്നത്‌. 'മഅശറ'യുടെ ഉള്ളടക്കം ആർക്കറിയാം?

നിർഭാഗ്യമെന്ന്‌ പറയട്ടെ മുക്രി എന്താണ്‌ പറയുന്നതെന്ന്‌ അറബി ഭാഷ പരിജ്ഞാനമില്ലാത്ത ഭൂരിപക്ഷം മുസ്ലിംകൾക്കും അറിയില്ല. വളരുന്ന തലമുറയെ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാനുള്ള സംവിധാനവുമില്ല. ഖുത്വുബ നടന്നുകൊണ്ടിരിക്കെ അത്‌ ശ്രദ്ധിക്കാതെ അന്യോന്യം സംസാരിച്ചും ജുമാ നഷ്ടപ്പെടുന്നവർ ധാരാളമുണ്ട്‌. നിർബന്ധ കർമ്മം (ജുമുഅ) നിർവഹിക്കാൻ പള്ളിയിൽ വരികയും അതിൽ പരാജയപ്പെട്ടു മടങ്ങുകയും ചെയ്യുന്നവർ നിർഭാഗ്യവാന്മാർ! ഇനിയൊരുകൂട്ടർ നമസ്‌കാരം ആരംഭിക്കാറാവുന്ന സമയത്ത്‌ മാത്രം പള്ളിയിൽ പ്രവേശിക്കുന്ന വരാണ്‌. ഖുത്വുബ നടന്നു കൊണ്ടിരിക്കെ വർത്തമാനം പറഞ്ഞ്‌ പള്ളിമുറ്റത്ത്‌ സമയം കഴിച്ചുകൂട്ടി ഖുത്വുബ അവസാനിക്കാറാവുമ്പോൾ അവസാനിച്ചാൽ മാത്രം പള്ളിക്കകത്ത്‌ പ്രവേശിച്ചു നമസ്കാരത്തിൽ പങ്കാളികളാകുന്ന എത്രയോ പേരുണ്ട്‌. അറിയാത്ത ഭാഷയിലുള്ള ഈ പ്രസംഗം കേട്ടിട്ടെന്ത്‌ പ്രയോജനം. എന്ന അവരുടെ ചോദ്യം പ്രസക്തമെങ്കിലും അവരുടെ പ്രവൃത്തി ക്ഷന്തവ്യമല്ല. ഖുത്വുബാശ്രവണം ഒരു ഇബാദത്താണെന്ന ധാരണയോടുകൂടി അത്‌ ശ്രവിക്കുന്ന പക്ഷം പൂർണ്ണമായ ജുമുഅ പുണ്യം ലഭിക്കുവാൻ അത്‌ കാരണമായി തീരും. പള്ളിയിലിരിക്കുന്ന സമയം “ഇഅത്തികാഫ്‌ കരുതുന്ന പക്ഷം അതിനുള്ള പ്രതിഫലം കിട്ടുമെന്ന്‌ ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടി ട്ടുള്ളത്‌ കൊണ്ട്‌ ആ പുണ്യവും കൂടി ഇതോടൊപ്പം നേടിയെടുക്കാമെന്ന ഒരു സൗകര്യവുമുണ്ട്‌.

ഇനി ഇമാമും ജമാ അത്തുമായുള്ള നമസ്കാരം ആരംഭിക്കുമ്പോൾ മഅമൂമുകൾ എല്ലാവരും ഇമാമിന്റെ പിന്നിൽ അണിയായി നിരന്നു നിൽക്കുന്നു. വരിയായി നിൽക്കുന്നതിനുള്ള ചില നിബന്ധനകൾ മുമ്പേ സൂചിപ്പിച്ചു കഴിഞ്ഞി ട്ടുണ്ട്‌. അതിനും പുറമെ ചില വിശദാംശങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്‌. വരി കണിശമായും കൃത്യമായും പട്ടാളചിട്ട യിൽ ആയിരിക്കണം. വരിയിൽ ഒരാൾ മുന്നോട്ടോ പിന്നോട്ടോ ആവരുത്‌. ഓരോരുത്തരും വ്യക്തിപരമായി ശ്രദ്ധി ക്കേണ്ട ഭാഗമാണിത്‌. ഇത്‌ പിഴവ്‌ പറ്റാനുള്ള സാദ്ധ്യതയുള്ളത്‌ കൊണ്ടാണ്‌ വിശദീകരിക്കുന്നത്‌. മിക്കവരും ചെയ്യാറു ള്ള ഒരു എളുപ്പവഴിയുണ്ട്‌. പാദങ്ങളുടെ തള്ളവിരലുകൾ ഒരു വരിയിലാകത്തക്ക വിധം നിൽപ്‌ ക്രമീകരിക്കുക. ശരാശരി ആളുകളുടെ പാദം ഏതാണ്ട്‌ ഒരേ വലിപ്പത്തിലാകയാൽ ഈ നിൽപ്‌ മിക്കവാറും ശരിയാവും. എങ്കിലും ഈ മാനദണ്ഡം ചിലപ്പോൾ തെറ്റാനുള്ള സാദ്ധ്യതയുണ്ട്‌. ചില വ്യക്തികളുടെ പാദത്തിന്‌ അസാധാരണമായ നീളമുണ്ടായേക്കും. അയാൾ വിരൽത്തുമ്പൊപ്പിച്ചുനിന്നാൽ വരിയിൽ നിന്ന്‌ അൽപം പിന്നിൽ ആകും. മറിച്ച്‌ ചിലരുടെ പാദം പതിവിനേക്കാൾ വളരെ നീളം കുറഞ്ഞതായേക്കും. അവർ അപ്രകാരം നിലകൊണ്ടാൽ വരിയും വിട്ടു മുമ്പിൽ കയറിനിൽക്കുന്നതായിരിക്കും ഫലം. ചിലപ്പോൾ മുതിർന്നവരുടെ അണിയിൽ ഇടക്ക്‌ കുട്ടികളുണ്ടായേക്കും. അവരുടെ പാദങ്ങൾ നിസ്സംശയം ചെറുതായിരിക്കുമല്ലേോ. അവരും വരി വിട്ട്‌ മുന്നേറി നിൽക്കേണ്ടി വരും. അപ്പോൾ വരി നേരെയാക്കുന്നതിന്‌ വിരൽതുമ്പ്‌ തന്ത്രം കുറ്റമറ്റതല്ല എന്ന്‌ വ്യക്തം. അണി നിർണ്ണയം നെരിയാണി (ഉപ്പുറ്റി) യെ അടിസ്ഥാനമാക്കി ചെയ്യുന്നതാണ്‌ ശരിയായ രീതി. ഓരോരുത്തരും ഇടത്തും വലത്തും നിൽക്കുന്നവരുടെ നെരിയാണിക്ക്‌ സമമായി തന്റേതും നിർത്തുക. ഒരാൾ വരിയുടെ ഒരറ്റത്തു നിന്ന്‌ വരിക്ക്‌ സമാന്തരമായി വരിയിൽ നിൽക്കുന്നവരെ നെരിയാണി ഭാഗത്ത്‌ കൂടി നോക്കുകയാണെങ്കിൽ എല്ലാ കാലുകളും ഒരു നേർരേഖയിലായിരിക്കണം. ആദ്യത്തെ ആളുടെ കാലിന്റെ മറവിൽ മറ്റെല്ലാ കാലുകളും അപ്രത്യക്ഷമാവണം. വളവില്ലാത്ത ഒരു ദണ്ഡിന്മേൽ എല്ലാ കാലുകളും കെട്ടാൻ കഴിയണം. ഇതിന്‌ സമാനമായ ഒരു മാതൃക നിത്യ ജീവിതത്തിൽ നിന്നു എടുത്തു കാണിക്കാം. പൊതുനിരത്തുകളിൽ വൈദ്യുതി കമ്പി വഹിച്ചു നിൽക്കുന്ന കാലുകൾ എല്ലാം ഒരു നേർരേഖയിലായിരിക്കും. നിരത്തിന്‌ വളവില്ലെങ്കിൽ ഈ ദൂരം മുഴുവൻ കമ്പികാലുകൾ ഒരു കാലിന്റെ മറവിൽ അപ്രത്യക്ഷമാകുന്നത്‌ കൗതുകമുണർത്തുന്ന കാഴ്ചയാണ്‌.

രണ്ടാൾ മാത്രം നിസ്കരിക്കുമ്പോൾ മഅ്മും ഇമാമിന്റെ പിന്നിൽ ഒരു വരിയുടെ അകലത്തിൽ നിൽക്കരുത്‌. ഇമാമിന്റെ തൊട്ടുവലത്ത്‌ ഭാഗത്ത്‌ അൽപം ഒരു ചാൺ പിന്നിലായി മഅ്മും നിൽക്കണം. ഏറ്റവും ചുരുങ്ങിയത്‌ പാദത്തിന്റെ അളവിൽ പിന്നിലായിരിക്കണം. ഈ ഘട്ടത്തിൽ മൂന്നാമനായി ഒരാൾ ജമാഅത്തിൽ കൂടുകയാണെ ങ്കിൽ അയാൾ ഇമാമിന്റെ നേരെ പിന്നിൽ ഒരു വരിയുടെ അകലത്തിൽ നിൽക്കണം. ആദ്യത്തെ മഅമും പിൻ വലിഞ്ഞു മൂന്നാമത്തെ ആളോട്‌ വലത്ത്‌ ചേർന്ന്‌ ഒരു വരിയായി നിലകൊള്ളണം.

സന്ദർഭവശാൽ പറയട്ടെ മുതിർന്നവരുടെയിടയിൽ നിൽക്കുന്ന കൂട്ടികളെ നീക്കം ചെയ്യരുത്‌. ഭാവി പൗരന്മാരായ അവരെ നിൽക്കുന്നേടത്ത്‌ നിൽക്കുവാനനുവദിക്കണം. വലിയവരോടൊപ്പം നിന്ന്‌ കർമ്മങ്ങൾ പഠിക്കലുമായി. മുസ്ലീം അണികളിൽ പ്രത്യേകിച്ചും നമസ്കാരത്തിൽ പ്രായഭേദം പരിഗണിക്കാൻ പാടില്ല.സ്ത്രീകൾ ഹാളിലുണ്ടെങ്കിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിലായിരിക്കണം കുട്ടികൾ.

നമസ്‌കാരത്തിന്‌ അണികൾ നിരന്ന്‌ നിൽക്കുമ്പോൾ ആളുകൾക്കിടയിൽ വിടവുണ്ടാകരുത്. തോളോടുതോൾ കൂടി ചേർന്നു തന്നെ നിൽക്കണം. അങ്ങിനെ പിശാചിന്റെ പ്രവേശനം നിഷേധിക്കണം,

നിയ്യത്ത്‌ (നമസ്‌കാരത്തിന്റെ വിശദാംശങ്ങൾ കരുതൽ) ഒരു മാനസിക പ്രക്രിയയാണ്‌. ആ കരുത്ത്‌ വായ കൊണ്ട്‌ ഉച്ചരിക്കൽ സുന്നത്താണെന്ന്‌ കർമ്മശാസ്ത്ര പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അതിന്‌ കാരണവുമുണ്ട്‌. ചില ആളുകൾക്ക്‌ അവരുടെ വിചാരം ശരിയാവണമെങ്കിൽ അത്‌ പറഞ്ഞേ പറ്റു. അതായത്‌ അവർ വിചാരിക്കുന്നത്‌ പറഞ്ഞുകൊണ്ടാണ്‌. ചില ആളുകൾ ഒറ്റക്ക്‌ സംസാരിക്കുന്നത്‌ പലരും കേട്ടിരിക്കും. യഥാർത്ഥത്തിൽ അവർ വിചാരിക്കുകയാണ്‌ ബഹുഭൂരിപക്ഷം ജനങ്ങളും നിശബ്ദരായും കൊണ്ട്‌ വിചാരിക്കാൻ കഴിവുള്ളവരായിരിക്കെ ചുരുക്കം ചില വ്യക്തികൾ സംസാരിക്കാതെ ആ മനോവ്യാപാരം നടത്തുവാൻ അശക്തരാണ്‌. മനശാസ്ത്രപരമായ ഈ വൈകല്യം പരിഗണിച്ചു കൊണ്ടായിരിക്കണം ഫുഖഹാക്കൾ അങ്ങനെ നിർദ്ദേശിച്ചത്‌. വായ കൊണ്ടു പറയു മ്പോൾ ഇക്കാര്യം ശരിയാംവണ്ണം മനസ്സിൽ പതിഞ്ഞു ഉറച്ചു. ഈ വസ്തുതയുടെ വെളിച്ചത്തിൽ പലരും നിയ്യത്ത്‌ വായ കൊണ്ടു പറയുക എന്നനടപടി മുടങ്ങാതെ ആചരിച്ചു വരുന്നുണ്ട്‌. കാര്യം നല്ലതു തന്നെ. കുഴപ്പം എവിടെയെന്ന്‌ വെച്ചാൽ ചില ആളുകൾ നിസ്‌കരിക്കാൻ അണിയിൽ നിന്നാൽ സമീപത്തുള്ളവർക്ക്‌ ശല്യമാകുന്ന വിധത്തിൽ വളരെ ദീർഘമായി ഒരു നിയ്യത്ത്‌ ഉച്ചത്തിൽ ഉച്ചരിക്കാറുണ്ട്‌. അതൊഴിവാക്കാൻ എന്ന്‌ വെച്ചാൽ തന്റെ ശരീരംമാത്രം കേൾക്കത്തക്ക ഘോഷത്തിൽ പതുക്കെ നിയ്യത്ത്‌ പറയുവാൻ ബന്ധപ്പെട്ടവർ ശീലിക്കേണ്ടതാണ്‌. പതുക്കെ എന്നും ഉച്ചത്തിൽ എന്നും ഇതിന്റെ അതിർവരമ്പ്‌ ഏതാണ്‌? സമീപത്തുള്ള ആൾ കേട്ടാൽ ഉച്ചത്തിലായി. നിസ്‌കാരത്തിലുള്ള വാചീക കർമ്മങ്ങളിലും പതുക്കെ പറയേണ്ടതാണെങ്കിൽ ഈ ലക്ഷണം ശ്രദ്ധിക്കേണ്ടതാണ്‌.

ഇമാം തക്ബീർ ചൊല്ലി നമസ്‌കാരത്തിൽ പ്രവേശിച്ചശേഷമാണ്‌ മഅമൂമുകൾ തക്ബീർ ചൊല്ലി നമസ്കാരത്തിൽ പ്രവേശിക്കേണ്ടത്‌. അത്‌ അധികം താമസിയാതെ ചെയ്യുകയും വേണം. തക്ബീർ ഫർളായത്‌ കൊണ്ട്‌ ഇമാമിനേ ക്കാൾ മുൻകടക്കാൻ പാടുള്ളതല്ല.എല്ലാ അംശങ്ങളിലും മഅമും ഇമാമിന്റെ ശേഷമായിരിക്കൽ നിർബന്ധമാണ്‌. ഏതെങ്കിലും അംശത്തിൽ മഅമും ഇമാമിനേക്കാൾ മുന്നിലായാൽ അയാളുടെ നമസ്‌കാരം ബാത്വിലാ (നിഷ്ടമാ) യിത്തീരുന്നതാണ്‌.

തക്ബീറത്തുൽ ഇഹാറാം ചൊല്ലുന്നതിൽ പരക്കെ കാണപ്പെടുന്ന ഒരു വൈകല്യം ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. പല വകതിരിവുള്ളവർ പോലും ഇക്കാര്യത്തിൽ വളരെ അശ്രദ്ധരാണെന്ന്‌ ഗൗനിച്ചാൽ മനസ്സിലാകും. ചെറുപ്രായം മുതൽ തെറ്റായി ചൊല്ലി ശീലിച്ചുപോയ ആ ശീലം ചുടലെ വരെ നിൽക്കുകയും ചെയ്യും. കരുതികൂട്ടി ആ ശീലം ഒഴിവാക്കിയില്ലെങ്കിൽ

കാര്യം ഇതാണ്‌. തക്ബീർ രണ്ടു പദങ്ങളുടെ സമുച്ചയമാണ്‌. 1) അല്ലാഹു, 2) അക്ബർ രണ്ടാമത്തെ പദമായ അക്ബറിലെ 'അ' അധിക പക്ഷവും “വ' ആയിട്ടാണ്‌ പുറത്ത്‌ വരിക. അത്‌ വളരെ വ്യക്തമായി പറയണം. സൂചി കൊണ്ട്‌ കുത്തും പോലെ “അ” മുനയുള്ള സ്വരമായിത്തന്നെ ഉച്ചരിക്കണം. വേഗത്തിൽ പറയുമ്പോൾ “അ'സ്വാഭാവികുമായും “വ' ആയിത്തീരും. മലയാള വ്യാകരണത്തിൽ ആഗമസന്ധി എന്ന പേരിൽ ഒരു സന്ധിയുണ്ട്‌. ഉ+അ=വ ഉദാ: കണ്ടു+എന്ന്‌= കണ്ടുവെന്ന്‌.'വ' എന്നൊരക്ഷരം കടന്നു കുടുന്നു, ആഗമിക്കുന്നു. ഇങ്ങനെ “വ' അധികപ്പറ്റായി കയറി കൂടുന്നത്‌ ഭാഷയിൽ തെറ്റല്ല. തക്ബീറിൽ 'അല്ലാഹു'വിലെ “ഉ'കാരവും അക്ബറിലെ “അ'കാരവും ചേരുമ്പോൾ “വ' ആഗമിക്കാതെ സൂക്ഷിച്ചു. അക്ബർ എന്ന്‌ വ്യക്തമായി ചൊല്ലുകതന്നെ വേണം. 'അ' സൂചിമുന പോലെ ആവണം. ഉലക്കേടെ മൂട്‌ പോലെ ആവരുത്‌.

ഭാഗം രണ്ട്

[തിരുത്തുക]

സന്ദർഭവശാൽ പറയട്ടെ. ഉച്ചാരണ സൗകര്യം പരിഗണിച്ചാണ്‌ ഭാഷയിലെ നിയമങ്ങൾ. രണ്ട്‌ സ്വരാക്ഷരങ്ങൾ ഒന്നിക്കുമ്പോൾ അവക്കിടയിൽ “വ' അല്ലെങ്കിൽ “യ' എന്നിവ കടന്നു കൂടും. ഉദാ വന്ന+ആൾ-വന്നയാൾ, മിന്നി+ഇല്ല-മിന്നിയില്ല, കണ്ടു+എന്ന്‌- കണ്ടുവെന്ന്‌. ഖുർ ആനിൽ രണ്ട്‌ സ്വരാക്ഷരങ്ങൾ ഒന്നിച്ചു വരുന്ന നിരവധി ഘട്ടങ്ങളുണ്ട്‌. ഭാഷ ഏതായാലും മനുഷ്യന്റെ ശബ്ദരീതി- ഉച്ചാരണസ്വഭാവം ഒരു പോലെയാണല്ലോ. അതിനാൽ അറബി പദങ്ങൾ ഉച്ചരിക്കുമ്പോഴും ഈ ആഗമത്വം പ്രതിഫലിക്കും. സ്വരസിദ്ധാന്ത പ്രകാരം “യ” അല്ലെങ്കിൽ വ" വലിഞ്ഞു കയറും. ഖുർ ആനിൽ ഇത്‌ സംഭവിക്കാതിരിക്കാനെടുത്തിട്ടുള്ള മുൻകരുതലാണ്‌ മദ്ദ്‌ സമ്പ്രദായം അല്ല ങ്കിൽ ദീർഘസ്വര പ്രയോഗം. തന്ത്രം ഇതാണ്‌ ഒരു അക്ഷരത്തെ നല്ല വണ്ണം നീട്ടി പിന്നിൽ വരുന്ന അകാരത്തെ വ്യക്തമായി ഉച്ചരിക്കുക. അക്ഷരത്തെ ദീർഘമാക്കുന്നില്ലായെങ്കിൽ ആഗമം സംഭവിക്കും.ഇത്‌ രണ്ട്‌ പദങ്ങൾ സംയോജിക്കുമ്പോഴോ അല്ലെങ്കിൽ ഒരു പദത്തിനുള്ളിൽ തന്നെയോ ആവാം.

ഉദാഹരണം- ആ + അ - ഇലാ + അജലിൻ ആ + ഇ - അലാ + ഇബ്രാഹീം ആ + ഉ = ദിമാ ഉഹാ ഈ + അ= അല്ലദീ + അർസല ഈ + ഇ = നൂഹി + ഇലൈഹി ഈ + ഉ- ഇന്നമന്നസീഉ ഊ + അ = ലിയഅലമു + അന്ന ഊ + ഇ- ഖാലു+ ഇന്നാ ഊ + ഉ- അസ്വാജുഹൂ + ഉമ്മഹാത്തുഹും

ശബ്ദ ശാസ്ത്രതത്വ പ്രകാരം അല്ലാഹു + അക്ബർ- അല്ലാഹുവക്ബർ. ഇത്‌ സംഭവിക്കാതെ 'അ' വ്യക്തമാക്കി അക്ബർ എന്ന്‌ ഉച്ചരിക്കണം. തക്ബീറത്തുൽ ഇഹ്റാം ഫർളായതിനാൽ ഉച്ചാരണം പിഴച്ചുപോയാൽ നിസ്‌കാരം നിഷ്ഫലമായിത്തീരുന്നതാണ്‌. ആകയാൽ ഗൗരവമുള്ള ഈ സംഗതി നിർബന്ധമായും എല്ലാ നിസ്‌കാരക്കാരും ശ്രദ്ധിക്കുക തന്നെ വേണം. അല്ലാഹുവക്ബർ എന്ന്‌ പറയാതെ അല്ലാഹുഅക്ബർ എന്ന്‌ പറഞ്ഞു ശീലിക്കണം. ഇടയ്ക്കുള്ള തക്ബീറുകൾ സുന്നത്താണ്‌.

ചില ആളുകൾക്ക്‌ ഒരു സ്വഭാവമുണ്ട്‌. ഇമാം അല്ലാഹു അക്ബർ എന്ന്‌ ചൊല്ലി കഴിഞ്ഞാൽ ഉടനെ ഇതിനോടനുബ ന്ധിച്ച്‌ അല്ലാഹു അക്ബർ എന്ന്‌ പതുക്കെ പറയുക. അനന്തരം നിയ്യത്ത്‌ ഉച്ചാരണം മുതൽ സ്വന്തം നമസ്കാരം ആരം ഭിക്കുകയായി. അങ്ങനെ ഇമാമിന്റെ തക്ബീറിന്‌ വേണ്ടി മഅമും ഒരു വെറും തക്ബീർ ചൊല്ലണമെന്ന ഒരു നിബന്ധനയില്ല. ആരെങ്കിലും ചെയ്യുന്നത്‌ കണ്ടു പരിചയിച്ച ഒരു ദുശ്ശീലമായിട്ടേ ഇതിനെ ഗണിക്കാനൊക്കുകയുള്ളു. ഒരു ബിദ്‌ അത്തായ ഈ നടപടി ശീലിച്ചവർ അതുപേക്ഷിക്കുന്നത്‌ നല്ലതാണ്‌. അത്‌ ചെയ്തത്‌കൊണ്ട്‌ നമസ്‌കാരത്തിന്‌ ഒരു കോട്ടവും തട്ടുകയില്ലെന്ന്‌ ഉറപ്പിച്ചു പറയാം.

തക്ബീർ ചൊല്ലുന്ന ഫർളിനോടൊപ്പം കൈ കെട്ടുന്നത്‌ സുന്നത്താണ്‌. അതിന്‌ പല രീതികളുമുണ്ട്‌. ശാഫി ഈ കളുടെ സമ്പ്രദായം ഇങ്ങനെയാണ്‌. വലത്തെ ഉള്ളൻ കൈ ഇടത്തെ മണിക്കയിന്മേൽ വെക്കുകയും ആ സന്ധി സ്ഥാനം നെഞ്ചിന്‌ താഴെ പൊക്കിളിനുമേലെ പള്ളമേൽ ആക്കുകയും ചെയ്യുക. ഈ സന്ധിസ്ഥാനം താഴോട്ടോ മേലോട്ടോ ആകുന്നത്‌ കൊണ്ട്‌ കുഴപ്പമൊന്നും ഇല്ല. മദ്ഹബിന്റെ ഇമാമുകൾ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായക്കാരാ ണ്‌. മാലികീ മദ്‌ഹബിൽ കൈ കെട്ടേണ്ടതില്ല.ജഅ ഫരികൾക്കും അങ്ങിനെ തന്നെയെന്ന്‌ തോന്നുന്നു. ഇതൊരു സുന്നത്ത്‌ മാത്രമാണ്‌. എങ്ങനെ നിർവ്വഹിച്ചാലും അത്‌ അനുവദനീയമാണ്‌. സാധുവാണ്‌.

ചിലർ കൈ കെട്ടുമ്പോൾ മേൽ സൂചിപ്പിച്ച സന്ധിസ്ഥാനം അൽപം ഇടത്തോട്ട്‌ നീക്കിവെയ്ക്കാറുണ്ട്‌. ഹൃദയം നെഞ്ചിന്റെ ഇടത്‌ ഭാഗത്തായത്‌ കൊണ്ട്‌ അങ്ങനെ ചെയ്യണമെന്ന്‌ ഏതോ മഹാൻ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന്‌ ഏതോ കർമ്മശാസ്ത്ര (ഫിഖ്ഹ്) ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടത്രെ. അതിന്റെ അടിസ്ഥാനത്തിൽ ഇടത്തോട്ട്‌ നീക്കി കൈ വെക്കാൻ ചില പണ്ഡിതന്മാർ ഉപദേശിക്കാറുമുണ്ട്‌. ആ അഭിപ്രായത്തെ ബഹുമാനിച്ചുകൊണ്ട്‌ അല്പം (ഒരിഞ്ചോളം) നീക്കുന്നത്‌ കൊണ്ട്‌ അപകടമൊന്നുമില്ല. ചില ആളുകൾ ഒരു ചാൺ അകലത്തേക്ക്‌ നീക്കി ഇടത്തെ പക്കിൽ കൈ സന്ധികൊണ്ടു വെക്കാറുണ്ട്‌.

പിന്നിൽ നിന്ന്‌ നോക്കിയാൽ വലത്‌ കയ്യിന്റെ മുട്ടിന്‌ മേലെയുള്ള ഭാഗം കാണാൻ പറ്റാത്തവിധം ഇടത്തോട്ടു നീങ്ങിയിട്ടുള്ളതായി കാണാം. അത്‌ അപകടമാണ്‌. ഈ പ്രവണത നമസ്കാരത്തെ ബാത്വിലാക്കിയെന്ന്‌ വരാം. വിശദവിവരം ഖിബ്‌ല വർണ്ണനയിൽ കാണാം.

തക്ബീർ ചൊല്ലുന്ന സമയം തല അൽപം താഴോട്ട്‌ കുനിച്ചു പിടിക്കണം. അല്ലാഹുവിന്റെ മുമ്പിൽ താഴ്മയോടുകൂടി നിന്ന്‌ പ്രാർത്ഥിക്കുന്നു എന്നതിന്റെ പ്രതീകമായാണ്‌ ഈ കുനിച്ചിൽ. ചൊല്ലിക്കഴിഞ്ഞാൽ തലനിവർത്തി നേരെ നിൽക്കണം.

കൈ കെട്ടുന്നതോടൊപ്പം തല ഇളക്കരുത്‌. ഇങ്ങനെ ചെയ്താൽ നമസ്‌കാരം അസാധുവാ(ബാത്വിലാ)കുമെന്ന്‌ അഭിപ്രായപ്പെട്ടവരുണ്ട്‌. കൈ കെട്ടി കഴിഞ്ഞശേഷമേ തല നിവർത്താൻ പാടുള്ളു എന്നർത്ഥം. കൈ കെട്ടുന്ന ചലനത്തോടൊപ്പം തല ചലിക്കാതെ സൂക്ഷിക്കണമെന്ന നിബന്ധനയാണ്‌ ഈ താക്കീതിൽ അടങ്ങിയിരിക്കുന്നത്‌.

തക്ബീറത്തുൽ ഇഹ്റാം ചൊല്ലുന്ന വാചീക ക്രിയയും കൈ കെട്ടുന്ന ശാരീരികക്രിയയും തമ്മിൽ അന്വയിക്കുന്ന രീതിയും പ്രസക്തമാണ്‌. ചിലർ കൈ രണ്ടും ചുമലിന്‌ നേരെ ഉയർത്തി പിടിച്ചു നിന്ന്‌ കൊണ്ട്‌ നിയ്യത്ത്‌ ഉച്ചരിച്ച്‌ തക്ബീർ ഉച്ചരിച്ച അക്ബർ എന്ന്‌ പറയുന്നതോടൊപ്പം കൈരണ്ടും പള്ളമേൽ വെക്കുന്നു. ചിലർ തക്ബീർ ചൊല്ലി തീർന്ന ശേഷം കൈകൾ താഴ്ത്തി കൊണ്ടുവന്നു യഥാസ്ഥാനത്ത്‌ വെക്കുന്നു. ചിലർ തക്ബീർ ചൊല്ലുന്നതോടൊപ്പം കൈകൾ ഉയർത്തുകയും ചൊല്ലിത്തീർക്കുന്നതോടൊപ്പം കൈകൾ പള്ളമേൽ വെക്കുകയും ചെയ്യുന്നു. ഉന്നതനായ ഒരു പണ്ഡിതൻ പറയുന്നതായി ഈ ലേഖകൻ നേരിൽ കേട്ടിട്ടുള്ള രീതി ഇപ്രകാരമാണ്‌. തക്ബീർ ചൊല്ലുവാൻ തുട ങ്ങുമ്പോൾ കൈകൾ ഉയർത്തുക. ചുമലിന്‌ നേരെ കൈകൾ എത്തുന്നതോടെ തക്ബീർ ചൊല്ലിത്തീരുക. നിശ്ശബ്ദ മായ നിലയിൽ കൈകൾ താഴ്ത്തി സ്ഥാനത്ത്‌ വെക്കുക.

ഇമാമിന്റെ പിന്നിൽ നിരന്നു നിൽക്കുന്ന രീതിയെക്കുറിച്ച്‌ അല്പം വിവരണം നൽകേണ്ടതുണ്ട്‌. കവാത്ത എടുക്കു മ്പോൾ സ്റ്റാന്റ്‌ അറ്റ്‌ ഈസ്‌ (stand at ease) എന്ന വിശ്രമവേളയിലെ നിൽപ്പുപോലെ രണ്ടു കാലുകളും കണക്കില ധികം അകലെയാക്കി കവച്ചു നിൽക്കുന്ന രീതി ചിലർ അവലംബിച്ചിട്ടുള്ളതായി കാണാം. പതിനഞ്ചാൾക്ക്‌ നിൽക്കാവുന്ന ഒരു വരിയിൽ രണ്ടോ മൂന്നോ കവക്കാരുണ്ടായാൽ പിന്നെ പന്ത്രണ്ട്‌ പേർക്കേ നിൽക്കാൻ സ്ഥലമുണ്ടാ കുകയുള്ളു. ആവശ്യത്തിലധികം സ്ഥലം കയ്യടക്കുന്ന ഈ രീതി ശരിയല്ല. അരക്കെട്ടിന്‌ താഴെ രണ്ടു കാലുകളും കുറുകനെയായി നിലകൊള്ളണം. മാംസരഹിതമായ കാലുകൾ രണ്ടും സമാന്തരമായിരിക്കണം. നിൽക്കുന്ന അവസ്ഥയിൽ രണ്ടു കണങ്കാലുകൾക്കിടയിലൂടെ ഒരു പൂച്ചക്കോ മുയലിനോ നൂണ്ടു പോകാനുള്ള അകലം മാത്രമേ ഉണ്ടാവാൻ പാടുള്ളു. അതാണ്‌ നേരെ നിൽക്കുന്നതിന്റെ ശരിയായ വിവരണം. ഒരു ചാൺ അകലം അപ്രകാരം തന്നെ. വരിയിൽ നിരന്നു നിൽക്കുന്ന വ്യക്തികളുടെ ഇടയിൽ, വിടവുണ്ടാകരുത്‌. അന്യോന്യം കഴിയുന്നത്ര അടു ത്തടുത്ത്‌ നിൽക്കണം. തോളോട്‌ തോൾ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ ചേർന്നു നിൽക്കണം. മുസ്ലീംകൾ തമ്മിലുള്ള സാഹോദര്യത്തിന്റെ പ്രതിഫലനമാണിത്‌. വലിയവനും ചെറിയവനും എന്ന വ്യത്യാസമില്ലാതെ സമത്വസുന്ദരമായ സാഹോദര്യ പ്രകടനമാണിത്‌. രാജാവും പ്രജയും മുതലാളിയും തൊഴിലാളിയും മരം മുറിക്കുന്നവനും കല്ലുടക്കുന്നവനും വെള്ളം കോരുന്നവനും വണ്ടി വലിക്കുന്നവനും എല്ലാവരും ആറടിമണ്ണിന്റെ ഉടമകളെന്ന നിലയിൽ സമത്വം പ്രാപിച്ചു (സഷ്ടാവായ അല്ലാഹുവിന്റെ മുമ്പിൽ ദാസ്യഭാവത്തിൽ നിൽക്കുന്ന മഹത്തായ അദ്ധ്യാത്മികാന്തരീക്ഷം സൃഷ്ടിക്കുകയാണിവിടെ. ഈ നിൽപ്പിൽ അങ്കുരിക്കുന്ന സമത്വഭാവനയും സ്‌നേഹ ധാരണയും എപ്പോഴും മനസ്സിൽ സജീവമായി നിലനിൽക്കേണ്ടതും ജീവിത വൃവഹാരങ്ങളിലുടനീളം (പകടമാക്കേണ്ടതുമാണ്‌. മുൻവരിയിൽ നിൽ ക്കുന്ന പരിചാരകന്റെ കാൽ പാദങ്ങളിലാണ്‌ പിൻവരിയിൽ നിൽക്കുന്ന മുതലാളി സുജ്ജുദിൽ തന്റെ ശിരസ്സ്‌ വെക്കുന്നത്‌. എന്തൊരു പഠനം!

നേരെ ചൊവ്വേ നിൽക്കുക, മുന്നോട്ടു വളയുകയോ പിന്നോട്ട്‌ ഞെളിയുകയോ ചെയ്യരുത്‌. ചില ആളുകൾക്ക്‌ സ്വസ്ഥമായി നിൽക്കാൻ കഴിയാറില്ല. മുന്നോട്ടു വളഞ്ഞു പാദങ്ങളിലേക്ക്‌ നോക്കുക. മുണ്ടും ഷർട്ടും തൊപ്പിയും മറ്റും വലിച്ചും ചരിച്ചും വസ്ത്രധാരണം ശരിയാക്കുക. എന്തെങ്കിലും ചെയ്തുകൊണ്ട്‌ അസ്വസ്ഥാവസ്ഥയിൽ നിരന്തരം കഴിച്ചു കൂട്ടുന്ന ഈ രീതി ശരിയല്ല. ശരീരത്തിനെ പൂർണ്ണമായും നിയന്ത്രത്തിൽ ഒതുക്കിനിർത്തി ഏകാഗ്രതയിൽ മനസ്സിനെ ഉറപ്പിക്കാൻ പരിശീലിക്കണം. ചിലർ ഒറ്റക്കാലിൽ വലത്തോട്ടോ ഇടത്തോട്ടോ ചരിഞ്ഞ്‌ നിൽക്കുന്നത്‌ കാണാം. ഒരു വശത്തേക്ക്‌ ചായാതെ രണ്ടുകാലിൽ നിൽക്കാൻ ശീലിക്കുകയാണ്‌ വേണ്ടത്‌. ഇമാമിന്റെ ഓത്തിലും സ്വന്തം ഓത്തിലും ശ്രദ്ധ പതിപ്പിച്ചാൽ ശരീരത്തെ നിശ്ചലമായി നിർത്താൻ സാധിക്കും.

ഖിബ്‌ലക്ക്‌ നേരെ തിരിഞ്ഞു നിൽക്കുകയെന്ന്‌ നിറുത്തത്തിൽ പാലിക്കേണ്ടുന്ന നിബന്ധനയാണ്‌ കഅബക്ക്‌. അഭിമുഖമായി നിൽക്കൽ നമസ്‌കാരത്തിന്റെ ശർത്വകയാൽ ഒട്ടും വിട്ടുവീഴ്‌ചയില്ലാതെ നിർബന്ധമായും (ശദ്ധാ പൂർവ്വം പാലിക്കേണ്ടുന്ന കാര്യമാണിത്‌. ഇതിന്‌ ഭംഗം വന്നാൽ നമസ്കാരം അസാധുവാകുന്നതാണ്‌. ആകയാൽ ഗൗരവപൂർവ്വം മനസ്സിലാക്കേണ്ടുന്ന ഒരു വസ്തുതയാണിത്‌.

ഓരോ പ്രദേശത്തും പള്ളി ഖിബ്‌ല ദിശയിൽ (ആവശ്യമായ അളവിൽ ചരിച്ചു) പണിതീർത്തിരിക്കും. കേരളക്കര യിൽ നേർ പടിഞ്ഞാറ്‌ നിന്ന്‌ വടക്കോട്ട്‌ (വലത്തോട്ട്‌) ചരിഞ്ഞാണ്‌ ഖിബ്‌ല. പള്ളി വേണ്ട അളവിൽ ചരിഞ്ഞിരിക്കു ന്നതിനാൽ അതിനകത്ത്‌ നമസ്കരിക്കുന്നവർ ചുമരിന്‌ സമാന്തരമായി നിലയുറപ്പിച്ചാൽ ആ നിൽപ്‌ ഖിബ്‌ലക്ക്‌ അഭി മുഖമായി പള്ളിയല്ലാത്ത സ്ഥലത്ത്‌ നമസ്കരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധയോടെ നിൽപിന്റെ ദിശ ക്രമീകരിക്കേണ്ട താണ്‌. ഓരോ പ്രദേശത്തും ഏത്‌ ഭാഗത്തേക്ക്‌ ചരിയണമെന്നും ആ ചെരിവ്‌ ഏകദേശം എത്രയായിരിക്കുമെന്നും സാമാന്യമായി എല്ലാവരും അറിഞ്ഞിരിക്കൽ നിർബന്ധമാണ്‌.

കേരളക്കര ഒരു നീണ്ട പ്രദേശമാണ്‌. ആയതിനാൽ അതിന്റെ വടക്കെ അറ്റവും തെക്കെ അറ്റവും ഖിബ്‌ല ചെരിവിൽ ഏതാണ്ട്‌ നാല്‌ ഡിഗ്രിയോളം വ്യത്യാസമുണ്ടാകും. ഒരേകദേശ കണക്ക്‌ നോക്കുക. ദക്ഷിണേന്ത്യയിൽ നേർ പടിഞ്ഞാറ്‌ നിന്ന്‌ വലത്ത്‌ ഭാഗത്തേക്കാണ്‌ ചരിയേണ്ടത്‌ എന്ന്‌ സൂചിപ്പിച്ചുവല്ലോ. കന്യാകുമാരിയിൽ ആ ചെരിവ്‌ 24 ഡിഗ്രിയും കോഴിക്കോട്‌ 21 ഡിഗ്രിയും മംഗലാപുരത്ത്‌ 19 ഡിഗ്രിയുമാണ്‌. അഭ്യസ്തവിദ്യരല്ലാത്തവർക്ക്‌ ഡിഗ്രി കണക്കുമായി പരിചയപ്പെടാൻ അവസരം ലഭിച്ചിരിക്കുകയില്ല. അത് മനസ്സിലാക്കാൻ ഒരെളുപ്പ മാർഗ്ഗം താഴെ നിർദ്ദേശിക്കുന്നു.

ഒരു ചതുര കടലാസ്‌ എടുക്കുക. അതിന്റ ഒരു മൂല ഒരു വൃത്തത്തിന്റെ നാലിൽ ഒരു ഭാഗമാണല്ലോ. അത്‌ 90 ഡിഗ്രിയാണ്‌. ആ മൂല രണ്ടായി ഭാഗിക്കുക.ആ കോണിന്റെ ഇരുവശങ്ങളും കടലാസിന്റെ തൊട്ടുനിൽക്കുന്ന രണ്ടു വശങ്ങളും ഒന്നിന്‌ മേൽ മറ്റൊന്ന്‌ വരത്തക്കവണ്ണം രണ്ടായി മടക്കുക. അപ്പോൾ 45 ഡിഗ്രി വലിപ്പമുള്ള ഒരു കോൺ കിട്ടി. അത്‌ പോലെ ഒന്നു കൂടി മടക്കിയാൽ 22 1/2 ഡിഗ്രി വലിപ്പമുള്ള കോണായി. ഈ കോൺ വലിപ്പവുമായി പരിചയപ്പെട്ടാൽ ഏകദേശം ഖിബ്‌ല ചരിവ്‌ എത്രയെന്ന് ഒരു സാമാന്യ ജ്ഞാനം ലഭിക്കുന്നതാണ്‌.

നമസ്‌കാരം ആരംഭം മുതൽ അവസാനം വരെ ഖിബ്‌ലക്ക്‌ അഭിമുഖമായി നിൽക്കണമെന്നത്‌ നിർബന്ധമാണ്‌. അതൊരു ശർത്വാകയാൽ അതിന്‌ ഭംഗം വരുന്നത്‌ നമസ്‌കാരത്തെ അസാധുവാക്കും. ഇതിൽ നിന്നും ഖിബ്‌ല ദിശയുടെ ഗൗരവം മനസ്സിലാക്കാം. അത്‌ എപ്പോഴും അളന്നു നോക്കി തിട്ടപ്പെടുത്തുക സാദ്ധ്യമല്ല. അതിന്റെ ആവശ്യവുമില്ല. ഏകദേശനിർണ്ണയം ഉണ്ടായാൽ മതി. ആ ദിശ മനസ്സിൽ ബോദ്ധ്യപ്പെട്ടാൽ മതി. അറിഞ്ഞ്‌ കൊണ്ട്‌ തെറ്റിക്കരുതെന്ന്‌ മാത്രം. തെറ്റാനിടയാവുന്ന കാര്യങ്ങൾ അനുവർത്തിക്കയുമരുത്‌.

ഖിബ്‌ല ദിശയിൽ തിരിഞ്ഞു നിൽക്കുക എന്നതിനർത്ഥം നിൽക്കുന്ന ആളുടെ നെഞ്ച്‌-മാറിടം-ആ ദിശക്ക് അഭിമുഖമായിരിക്കണമെന്നാണ്‌ നെഞ്ചിന്റെ വിരിഞ്ഞ തലം(plane) ഇടത്‌ വലതാകയാൽ അതിന്‌ കുത്തനെ നേരെ പിടിച്ച മുഖവും നോട്ടവും ഖിബ്‌ല ദിശയിലാവണം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഖിബ്‌ല ദിശക്ക്‌ ലംബകമാ (perpendikkular) യിട്ടാവണം വിരിമാറ്‌ എന്ന്‌ വ്യക്തം. അപ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നെഞ്ഞടി അൽപം ചരിഞ്ഞാൽ ഖിബ്‌ല തെറ്റിപോകും. അനേകായിരം നാഴിക അകലെയുള്ള ഖിബ്‌ലയിലേക്കാണ്‌ ദർശനം. ഇവിടെയുണ്ടാകുന്ന ലഘുവായ ചരിവ്‌ സൃഷ്ടിക്കുന്ന മാറ്റം വമ്പിച്ചതാണ്‌ എന്ന്‌ മനസ്സിലാക്കാമല്ലോ. ഇടത്തോട്ട്‌ അൽപം ചരിഞ്ഞാൽ ദർശനം ഉത്തരാഫ്രിക്കയിലെത്തും. വലത്തോട്ടെങ്കിൽ ഇറാൻ, അഫ്ഗാനിസ്ഥാൻ, പശ്ചിമറഷ്യ എന്നിവിടങ്ങളിലേക്കായിരിക്കും ദർശനം ചെന്നെത്തുക. ആകയാൽ ഈ വിഷയത്തിൽ വളരെ സൂക്ഷ്മത ആവശ്യ മാണ്‌.

കൈ രണ്ടും പള്ള മേൽ വെയ്ക്കുമ്പോൾ സംയോജനസ്ഥാനം ചിലർ ഇടത്തോട്ട്‌ നീക്കാറുണ്ടെന്ന്‌ മുമ്പേ സൂചിപ്പിച്ചു വല്ലോ. അവിടെ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച്‌ ബോധവാന്മാരാകേണ്ടതുണ്ട്‌. കൈ കുറെ അധികം ഇടത്തോട്ട്‌ നീക്കുമ്പോൾ ഇടത്തേ തോൾ പിന്നോട്ടും വലത്തെ തോൾ മുന്നോട്ടും അൽപം ചലിക്കുന്നതാണ്‌. തൽഫലമായി നെഞ്ചിന്റെ വിരിവ്‌ നേരെ ഖിബ്‌ലയിൽ നിന്നും അൽപം ഇടത്‌ ഭാഗത്തേക്ക്‌ ചരിയുന്നതാണ്‌. നമസ്‌കാരാരംഭത്തിൽ തന്നെ ശർത്വിന്‌ ഭംഗം വരുന്നു. തുടർന്നു തുടർച്ചയായി ഈ ശർത്ത്‌ ഭഞ്ജിക്കപ്പെടുന്നു. നമസ്‌കാരം അസാധുവായിത്തീരുന്നു. ആകയാൽ പേരിന്‌ വേണ്ടി അൽപം മാത്രം കൈ സന്ധി ഇടത്തോട്ട്‌ നീക്കു കയോ അല്ലെങ്കിൽ ആ സമ്പ്രദായം തീരെ ഉപേക്ഷിക്കുകയോ ചെയ്യുന്നതാണ്‌ ഉത്തമം.

വളയാതേയും ഞെളിയാതേയും നേരെ നിവർന്നു നിൽക്കുമ്പോൾ മൂക്കിന്റെ തുമ്പിലൂടെയുള്ള നോട്ടം സുജൂദിന്റെ സ്ഥാനത്ത്‌ ചെന്ന്‌ പതിക്കുന്നതാണ്‌. തക്ബീറത്തുൽ ഇഹ്റാം മൂതൽ നിൽക്കുന്ന സമയത്തെല്ലാം സുജൂദിന്റെ സ്ഥാനത്തേക്ക്‌ നോക്കി കൊണ്ടിരിക്കണം എന്ന നിർദ്ദേശം മൂക്കിന്റെ തുമ്പിന്മേൽ നോക്കികൊണ്ടിരിക്കണമെന്ന്‌ നിർദ്ദേശിക്കുന്നതിന്‌ പകരമായുള്ള ലളിത രൂപമാണ്‌. രണ്ടു രൂപത്തിലും ലക്ഷ്യം ഒന്നുതന്നെ. നിൽക്കുമ്പോൾ നോട്ടം ഏത്‌ ദിശയിലായിരിക്കണമെന്നാണ്‌ അത്‌ വ്യക്തമാക്കുന്നത്‌. നാസാഗ്രത്തിലോ, നാസാഗ്രങ്ങളിലൂടേയോ ഉള്ള ദർശനത്തിൽ ഒരു പ്രത്യേകതയുണ്ട്‌. ആ നോട്ടത്തിൽ മുമ്പിലുള്ള ഒരു വസ്തുവും വ്യക്തമായി കാണുകയില്ല. ഒരു വസ്തു വ്യക്തമായി ദൃശ്യമാകുമ്പോൾ ഹൃദയം ആ വസ്തുവിനെ സംബന്ധിച്ച ചിന്തയിൽ വ്യാപൃതമാകാനിട യാകും. ഒന്നും വ്യക്തമാകാതിരിക്കുന്ന അവസ്ഥയിൽ ഹൃദയം യാതൊന്നിനാലും ആകൃഷ്ടമാകാതിരിക്കും. ദൈവീക ചിന്തയിൽ ഹൃദയത്തെ ഏകാഗ്രമായി പിടിച്ച്‌ നിർത്തുവാൻ ഇത്‌ സഹായകമാണ്‌.

നമസ്‌കാര സമയം അന്യമായ ലൗകിക ചിന്തകൾ മനസ്സിൽ കടന്നു കൂടാതെ ദൈവീക ചിന്തയിൽ മാത്രം ഹൃദയം വ്യാപരിക്കേണ്ടത്‌ ആശാസ്യമാണ്‌. ഇങ്ങനെ ഹൃദയത്തെ ഏകാഗ്രമാക്കുക എളുപ്പമല്ല. നിരന്തരമായ അഭ്യാസം കൊണ്ട്‌ മാത്രമേ അതിന്‌ സാധിക്കുകയുള്ളു. എന്നാൽ ഹൃദയത്തെ അന്യ ചിന്തകളിലേക്ക്‌ വലിച്ചിഴക്കുന്ന സാഹചര്യം നിശ്ചയമായും ഒഴിവാക്കേണ്ടതാണ്‌. അന്യശബ്ദങ്ങൾ നമസ്കാര സമയം സമീപത്തുണ്ടാക്കുന്നതിനെ നിരോധിച്ചത്‌ തന്നെ അത്‌ നമസ്കരിക്കുന്ന വ്യക്തിയുടെ ഏകാഗ്രതയെ ഭംഗപ്പെടുത്തുമെന്ന കാരണത്താലാണ്‌. നമസ്കരിക്കുന്നേടത്ത്‌ ഉച്ചത്തിൽ ഖുർ ആൻ പാരായണം പോലും അനുവദിച്ചിട്ടില്ല. ദിക്റ്‌, സലാത്ത്‌, തസ്ബീഹ്‌ ദുആ മുതലായവ ശബ്ദായമാനമായി നടത്തുന്നതും തഥൈവ. കൂട്ടത്തിൽ പറയട്ടെ, അതിനു പറ്റിയ സന്ദർഭമാണിത്‌. നമ്മുടെ പള്ളികളിൽ കടും നിറത്തിലുള്ള ചിത്രപ്പണികളും അലംകൃത രേഖകളും പള്ളികളും ഖുബ്ബകളും ചിത്രീകരിച്ചിട്ടുള്ള പടങ്ങളും വിരികളും നിറയെ വിരിച്ചിട്ടുള്ളതായിക്കാണാം. ശബ്ദം പോലെ, കാഴ്ചയും മനോശല്യം സൃഷ്ടിക്കാൻ മതിയായതാണ്‌. ഈ ചിത്രങ്ങൾ നോക്കിക്കൊണ്ട്‌ പ്രാർത്ഥിക്കുന്ന ഒരാളുടെ ഹൃദയത്തിൽ പല ചിന്ത കളും കയറി കൂടുവാൻ അവ കാരണമായേക്കും. അതിനാൽ അത്തരം വിരികളും പടങ്ങളും കഴിയുന്നതും പള്ളിയിൽ ഉപയോഗിക്കാതിരിക്കലാണ്‌ നല്ലത്‌.

പള്ളിച്ചിത്രവും മറ്റുമുള്ള ഉന്നതനിലവാരത്തിലുള്ള വിരികൾ സാധാരണയായി മിക്കപളളികളിലും വിരിക്കാറ്‌ പതിവുണ്ട്‌. നമസ്‌കാരത്തിന്റെ ആന്തരീക തത്വങ്ങളെ കുറിച്ച്‌ ബോധവാന്മാരായ പണ്ഡിതന്മാർ ഈ പ്രവണത നിരുത്സാഹപ്പെടുത്താറുണ്ട്‌. ഇത്തരം വിചിത്ര പണികളും ആകർഷകമായ വർണ്ണപ്പകി ട്ടുമുള്ള വിരികൾ ചില ഭക്തന്മാർ പള്ളികളിലേക്ക്‌ സംഭാവന ചെയ്യാറുണ്ട്‌. ശല്യജനകങ്ങളായ ഇത്തരം വിരികൾ കമഴ്ത്തി ഇടുകയോ അടിമേൽ മറി ച്ചിടുകയോ ചെയ്താൽ ആപത്ത്‌ ലഘൂകരിക്കാൻ കഴിയും.

തക്ബീറത്തുൽ ഇഹ്റാമിന്‌ ശേഷം (ആദ്യത്തെ റകഅത്തിൽ മാത്രം) വജ്ജഹ്ത്തു എന്ന പ്രാരംഭ ദുഅയും ഫാത്തിഹ, സൂറത്ത്‌ എന്നിവയും ഓതണം. ജമാ അത്തായി നമസ്കരിക്കയാണെങ്കിൽ രാത്രി വേളകളിൽ ഇമാമിന്റെ ഫാതിഹക്‌ ശേഷം മഅമും ഫാതിഹ ഓതുക. സുറത്ത്‌ ഓതേണ്ടതില്ല, ഫാതിഹ കഴിഞ്ഞാൽ ഇമാമിന്റെ ഖുർ ആൻ പാരായണം ശ്രദ്ധാപൂർവ്വം കേൾക്കുക. ഇമാമിനെ മുൻകടക്കാതെ ഇമാമിന്റെ പിന്നാലെ ഫാതിഹ പതുക്കെ ഓതി യാലും കുഴപ്പമില്ല. അങ്ങനെ ചെയ്യുന്ന പക്ഷം ഇമാമിന്റെ ഖുർ ആൻ പാരായണം മുഴുവൻ കേൾക്കാൻ കഴിയുമെന്ന ഒരു വിശേഷത കൂടിയുണ്ട്‌.

നിറുത്തത്തിൽ ഫാതിഹ മാത്രമേ നിർബന്ധമുള്ളൂ. സൂറത്ത്‌ സുന്നത്ത്‌ മാത്രമാണ്‌. അതോതിയില്ലെങ്കിലും നമസ്‌കാരത്തിന്‌ ദോഷമില്ല. ബിസ്മി ചൊല്ലിയാലും സൂറത്തിന്റെ ബാദ്ധ്യത നിറവേറുന്നതാണ്‌.

മഅ്മൂമിന്റെ വാചീകമായ കർമ്മങ്ങളെല്ലാം പതുക്കെ ആയിരിക്കണം. ഇമാമും തനിച്ച്‌ നമസ്കരിക്കുന്നവനും മാത്രമേ വചനങ്ങൾ ഉറക്കെ ഉച്ചരിക്കാൻ പാടുള്ളു. പതുക്കെയെന്നാൽ കാറ്റ്‌ പോലെ താൻമാത്രം കേൾക്കത്തക്ക നിലയിൽ ഉച്ചരിക്കുക. മഅമൂമുകൾ എല്ലാവരും ഒന്നിച്ച്‌ ശബ്ദമുണ്ടാക്കാൻ തുട ങ്ങിയാലുള്ള അവസ്ഥ ഊഹിക്കാമല്ലോ. ഉറക്കെ എന്നതിന്റെ വിവരണം ശ്രദ്ധേയമാണ്‌. സമീപത്ത്‌ നിൽക്കുന്ന ആൾ കേൾക്കത്തക്ക ശബ്ദത്തിലുള്ള ഉച്ചാരണം ഉറക്കെയാണ്‌.

സന്ദർഭോചിതം ഒരു വസ്തു ഓർമ്മിപ്പിയ്ക്കട്ടെ. തക്ബീർ, വജ്ജഹ്തു അളുദു....ഫാതിഹ, സൂറത്ത്‌ എന്നിവകളുടെയിടയിൽ ഒരു ശ്വാസമെടുക്കുന്ന അളവിൽ ഒരു വിടവ്‌ ഉണ്ടായിരിക്കുന്നത്‌ നല്ലതാണ്‌. പുസ്തകത്തിലെ പാരഗ്രാഫ്‌ പോലെ ആ ഇനങ്ങൾ വെവ്വേറെ വിട്ടു നിൽക്കണം.

ഫാതിഹ ഉമ്മുൽ ഖുർ ആൻ ആണ്‌ നമസ്കാരത്തിന്റെ നിർബന്ധമായ ഫർളായ ഭാഗവുമാണ്‌. അത്‌ ശ്രദ്ധാപൂർവ്വം ഓതേണ്ടതാണ്‌. പല മർമ്മ സ്ഥാന ങ്ങളും അതിനുണ്ട്‌. ആ സ്ഥാനങ്ങളിൽ അതിന്റെ ക്രമപ്രകാരം ഓത്ത്‌ നിർവ്വഹിച്ചില്ലെങ്കിൽ പാരായണം ദുർബ്ബലപ്പെടുന്നതും നമസ്കാരം നിഷ്ഫലമാകു ന്നതുമാണ്‌. അത്തരം വിശദാംശങ്ങൾ അറിയാത്തവരാണ്‌ ഭൂരിപക്ഷം ജനങ്ങളും എന്ന്‌ പറയുന്നത്‌ അതിശയോക്തിയല്ല.

ഫാതിഹ നിർവ്വഹിക്കുന്നതിൽ പല പാകപ്പിഴകളും പറ്റാറുണ്ട്‌. അതിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌. ഒന്ന്‌ -ഫാതിഹ മനപാഠമാക്കുന്ന ബാലപ്രായത്തിൽ പരുക്കനായി ഓതിപഠിക്കാനേ കഴിയൂ. ലക്ഷണയുക്തമായും തജ്‌വീദ്‌ നിയമങ്ങൾ പാലിച്ചും ഓതാനുള്ള പ്രാപ്തി അപ്പോൾ ഉണ്ടായിരിക്കുകയില്ലല്ലോ. രണ്ട്‌ -മുതിർന്ന്‌ കഴിഞ്ഞാൽ വിശദാംശങ്ങളെക്കുറിച്ച്‌ പഠിക്കാനുള്ള സന്ദർഭം ലഭിക്കാറില്ല. പിന്നെ പണ്ഡിതന്മാർ നടത്തുന്ന പാരായണം സശ്രദ്ധം കേട്ടു അതിന്റെ ക്രമങ്ങൾ പഠിക്കണം. അധികം പേരും ശ്രദ്ധിച്ചെന്നു വരികയില്ല. മറ്റൊന്ന്‌, എത്ര കേട്ടാലും പഠിക്കാത്തവരാണ്‌ അധികം. മാത്രമല്ല ചെറുപ്പ കാലം മുതൽ ഓതി പോന്ന അതേ ശൈലിയിൽ തുടരുക മാത്രമേ അധികംപേരും ചെയ്യുകയുള്ളു. ഇന്നലത്തെ പോലെ ഇന്നും സ്വയം തെറ്റു തിരുത്തുന്ന പ്രവണത അധികം പേർക്കും ഇല്ല. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ്‌ ബഹുജനങ്ങളിൽ പലരും.

ഒരു വിധത്തിലും പൊറുപ്പിക്കാൻ വയ്യാത്ത ഒന്നു രണ്ടു കാര്യങ്ങൾ ചൂണ്ടികാണിക്കട്ടെ. ഫാതിഹയിലെ സൂക്തങ്ങൾ ഏഴാണ്‌. ഓരോ വാക്യവും ഓരോ ശ്വാസത്തിൽ ഓതണമെന്നാണ്‌ നിശ്ചയം. രണ്ടോ മുന്നോ ശ്വാസത്തിൽ ഓതി തീർക്കുന്നത്‌ കൊണ്ട്‌ നമസ്‌കാരത്തിന്‌ പിഴവൊന്നുമില്ല. ധൃതിയിൽ ഓതുമ്പോൾ പറ്റാവുന്നപിഴവുകൾ സൂക്ഷിച്ചാൽ മതി. റഹീം+മാലികി-ഇതൊന്നിച്ച്‌ ഓതുമ്പോൾ “റഹീമ്മാലികി' എന്നായി തീരും. ഒരക്ഷരം - മീം വിട്ടു പോകും. ഇക്കാര്യം ബോധമുള്ളവർ ഓതുമ്പോൾ “റഹീമി, മാലികി” എന്ന്‌ വ്യക്തമാക്കേണ്ടതാണ്‌. ഇപ്രകാരം ഒരക്ഷരം നഷ്ടപ്പെടുന്ന മറ്റൊരു സ്ഥാനമുണ്ട്‌. “സ്വിറാത്വല്ലദിന അൻ അംത അലൈഹിം' എന്നിടം. സ്വിറാത്വല്ലദീനൻ അംത എന്നാണ്‌ വളരെ പേർ ഓതുന്നത്‌. അൻ അംതയിലെ 'അ' വീണു പോകുന്നു. സ്വിറാത്വല്ലദീന എന്നിടത്ത്‌ നിറുത്തി അൻഅംത എന്ന്‌ 'അ' യെ വ്യക്തമായി ഉച്ചരിച്ചു തന്നെ ഓതണം. തക്‌ബീറിലെ അക്ബറിന്റെ “അ' പോലെ പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന 'അ'ആണിത്‌. ഇത്‌ കൂടാതെ ശ്രദ്ധ അർഹിക്കുന്ന മറ്റുള്ള സ്ഥാനങ്ങളുമുണ്ട്‌. ക്രമേണ അവയെ മനസ്സിലാക്കി പ്രയോഗത്തിൽ വരുത്തുന്നതിന്‌ ഓരോരുത്തരും യത്നിക്കേണ്ടതാണ്‌.

പിന്നെ പരക്കെ എല്ലായിടത്തും കാണപ്പെടുന്ന ഒരു ദോഷമുണ്ട്‌. ആമീൻ പറയുന്ന രീതി. അതിന്റെ ഫിഖ്ഹ്‌ നിയമങ്ങൾ പഠിച്ചിട്ടുള്ള പണ്ഡിതന്മാരും ജനങ്ങളുടെ തെറ്റിൽ പങ്കാളികളാകുന്നു എന്നതാണ്‌. സങ്കടകരം. ദോഷം ചുണ്ടിക്കാണിക്കുന്നതിന്‌ മുമ്പായി അത്‌ നിർവ്വഹിക്കേണ്ടുന്ന സമ്പ്രദായം ആദ്യം ചുണ്ടികാണിക്കട്ടെ. ഫാതിഹായിലെ ഒടുവിലത്തെ സൂക്തമായ 'സ്വിറാത്വല്ലദീന......വലള്ളാല്ലീൻ എന്നതാണ്‌ ഏറ്റവും നീളം കൂടിയത്‌. അത്‌ മുമ്പേ സൂചിപ്പിച്ച പോലെ ഒരു ശ്വാസത്തിൽ ഓതി തീർക്കണം. ഇമാം ഉച്ചത്തിൽ അതോതുന്നു. പിന്നെ മിക്കവാറും വീർപ്പ്‌ ബാക്കി കാണുകയില്ല. ശ്വാസമെടുക്കാൻ പ്രകൃതിയുടെ നിർബന്ധം അവിടെ അനുഭവപ്പെടും. അതനുസരിച്ച്‌ തന്നെയാണ്‌ നിബന്ധനയും. ആ സുക്തം, ഓതിക്കഴിഞ്ഞാൽ ശ്വാസം എടുക്കണം. ഒരിടവേള, പിന്നെ ആമീൻ പറയണം. ജമാ അത്തായി നമസ്കരിക്കുമ്പോൾ ഇമാം ഉറക്കേ ഓതുന്ന ജുമാഅ രാത്രി നമസ്‌കാരങ്ങൾ എന്നിവയിൽ ഇമാം ആമീൻ പറയുമ്പോൾ ഇമാമിന്റെ കുടേയോ പിന്നാലേയോ മഅമുമുകൾ ഉറക്കെ ആമീൻ പറയണം. ഇതാണ്‌ ക്രമം. ഈ ക്രമം പാലിക്കാത്ത അനേകം സ്ഥലങ്ങൾ ഈയുള്ളവന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌. സത്യം പറഞ്ഞാൽ ഈ ക്രമം പാലിക്കുന്ന സ്ഥലങ്ങൾ വളരെ വിരളമാണ്‌. മിക്കയിടങ്ങളിലേയും അനുഷ്ഠാനക്രമം എങ്ങനെയെന്നാൽ ഇമാം വലള്ളാ ല്ലീൻ പറഞ്ഞുതീരും മുമ്പേ മഅ്മൂമുകളുടെ ആമീൻ ഘോഷണം നടക്കുന്നു. ഇമാമിന്റെ ആമീൻ കേൾക്കാനും കഴിയില്ല. ആമീൻ ചൊല്ലുന്ന ക്രമം ജനങ്ങളെ പറഞ്ഞു പഠിപ്പിക്കാൻ ബാദ്ധ്യസ്ഥരായ പണ്ഡിതന്മാർ ഈ തെറ്റായ നടപടി ക്രമം തുടർച്ചയായി കണ്ടിട്ടും മൗനം പാലിക്കുന്നല്ലോ എന്ന്‌ അത്ഭുതപ്പെടുകയാണ്‌. ജനങ്ങൾ പഠിച്ചത്‌ മറക്കാൻ പ്രയാസം, പുതിയത്‌ പഠിക്കാൻ പ്രയാസം, എന്ന്‌ കരുതി ബഹുജനങ്ങളെ കൈ വെടിഞ്ഞതാണോ? അടിക്കെ അടിക്കെ അമ്മിയും അശൊയും എന്ന പ്രമാണ പ്രകാരം പല പ്രാവശ്യം ഉപദേശിച്ചാൽ നിശ്ചയമായും അത്‌ ഫലം ചെയ്യാതിരിക്കയില്ല. ഇപ്പോൾ തലമുറ തലമുറയായി ഈ ദുശ്ശീലം കൈമാറി കൊണ്ടു സ്ഥിരപ്രതിഷ്ഠ നേടിക്കഴി ഞ്ഞിരിക്കുന്നു. എന്നാലും നിരാശപ്പെടേണ്ട.

റുകൂഅ് എന്ന ക്രിയയിലും ശ്രദ്ധിക്കേണ്ടതുണ്ട്‌. ജമാഅത്തായി നമസ്കരിക്കുമ്പോൾ ഇമാം റുകൂഇലെത്തിയ ശേഷം മഅമൂം റൂകഇലേക്ക്‌ കുനിയുക കൈ രണ്ടും തോൾ ഭാഗത്തേക്ക്‌ ഉയർത്തി താഴ്ത്തി റുകുഇലേക്ക്‌ നിങ്ങലാണ്‌ ഉത്തമം. ഉള്ളൻ കൈകൾ രണ്ടും കാൽമുട്ടുകളിൽ വെച്ചു കുനിഞ്ഞു നിൽക്കു മ്പോൾ, അരക്കു മേലുള്ള ശരീര ഭാഗം നിലത്തിന്‌ സമാന്തമായി തിരശ്ചീനമായി ഹൊറിസോണ്ടൽ ആയി നിലകൊള്ളണം. എന്നാണ്‌ അതിന്റെ ശരിയായ വർണ്ണനം. ക്രമപ്രകാരം റുകൂഅ ചെയ്താൽ ശരീരാർദ്ധം സ്വയം ആ സ്ഥിതിയാൽ നിലകൊള്ളുന്നതാണ്‌.

മനുഷ്യാവയവങ്ങൾക്ക്‌ ഒരു ക്രമീകരണമുണ്ട്‌. സാധാരണ ഗതിയിൽ ശരീരാംഗങ്ങളുടെ ദൈർഘ്യത്തിൽ ഒരനുപാത മുണ്ട്‌. പ്രത്യേകതകൾ ഒഴിവാക്കി യാൽ പൊതുവെ ഈ അനുപാതം പാലിക്കപ്പെട്ടുകാണാം. ആറടി ഉയരമുള്ള ആളുടെ കൈകാലുകളുടെ നീളം, വിരലുകളുടെ ആകെ നീളം, പാദങ്ങളുടെ നീളം, നെഞ്ചു വിരിവ്‌, പാദങ്ങളുടെ നീളം, തലയുടെ വലിപ്പം, ഭാരം 'എന്നിവകളുടെ അളവ്‌ ഇത്രയെന്ന്‌ ഒരു നിർണ്ണയമുണ്ട്‌. (ഈ അളവിൽ ചുരുക്കം അപവാദങ്ങൾ ഉണ്ടായെന്ന്‌ വരും) ഈ പൊതു ക്രമീകരണമനുസരിച്ച്‌ ഒരാൾ രണ്ടു കാലും പൂർണ്ണമായി നീർത്തി രണ്ടു കയ്യും മുട്ടുമടക്കാതെ നിവർത്തി മുൻ കൈ കാൽ മുട്ടുകളിൽ ബന്ധിപ്പിച്ചാൽ ശരീരം സമനിലയിലെത്തും. അതിനനുയോജ്യമായ നീളത്തിലാണ്‌ കൈകാലുകൾ (ഒരു ഋജു കോണ ത്രികോണം ഇവിടെ സങ്കൽപിക്കാം)

നോട്ട്‌; നമസ്കാരത്തിലെ ചേഷ്ഠകൾക്ക്‌ ആരോഗ്യപരമായ ചില (പാധാന്യങ്ങളുണ്ട്‌. ഭാരതീയരുടെ ആസനങ്ങൾക്ക്‌ നേരിട്ട്‌ “ലത്വാഇഫ്‌* എന്ന പേരിൽ മുസ്ലീംകളുടെയിടയിൽ ഒരു പരിപാടിയുണ്ട്‌. റകൂഉം സുജ്ജൂദും അത്തഹിയ്യാ ത്തിലെ പ്രത്യേകരീതിയിലുള്ള ഇരിപ്പും എല്ലാം അങ്ങനെയുള്ള “ആസനങ്ങളായി ഭാവിക്കുന്നതിൽ തെറ്റൊന്നുമില്ല. റുകൂഇൽ കാൽ രണ്ടും നിവർത്തി കൈപ്പടകൾ മുട്ടിൽ അമർത്തി ശരീരഭാഗം ആ നിലയിൽ താഴോട്ടു തൂങ്ങു മ്പോൾ കൈ കാലിന്റെ നാഡീഞരമ്പുകൾക്ക്‌ നല്ലവലിച്ചിൽ കിട്ടുന്നതാണ്‌ നാഡീവ്യൂഹത്തിന്‌ അത്‌ ഗുണകരമാണ്‌. നിസ്‌കാരം കൃത്യനിഷ്ടയോടെ പതിവാക്കുകയും റുകൂഅ മുതലായ ശാരീരക്രിയകൾ നിർദ്ദേശാനുസരണം നിർവ്വഹി ക്കുകയും ചെയ്യുന്നവർക്ക്‌ വാതം പോലെയുള്ള നാഡീരോഗങ്ങൾ എളുപ്പം ബാധിക്കയില്ലെന്ന്‌ വൈദ്യന്മാർ അഭിപ്രായ പ്പെടുന്നു. ഈ സുരക്ഷിതത്വം ലഭ്യമാകണമെങ്കിൽ കർമ്മങ്ങൾ പൂർണ്ണ രൂപത്തിൽ നിർവ്വഹിക്കണമെന്ന വസ്തുത പ്രാധാന്യത്തോടെ ഓർത്തിരിക്കേണ്ടതാണ്‌.

നിർഭാഗ്യവശാൽ ഗണ്യമായ ഒരു വിഭാഗം നിസ്‌കാരക്കാർ റുകുഅ ലക്ഷണയുക്തമായി നിർവഹിക്കുന്നില്ല എന്നതാണ്‌ വാസ്തവം. ചിലർ കൈമുട്ടുകൾ മുഴുവനും നിവർത്താതെ അൽപം വളച്ചു പിടിക്കും. തന്മൂലം ശിരസ്സ്‌ സമനിലയേക്കാൾ താഴ്ന്നിരിക്കും. ചിലർ കാൽമുട്ടുകൾ മുഴുവൻ നിവർത്തുകയില്ല. തന്മൂലം ശിരോഭാഗം സമനിലയും വിട്ട്‌ ഉയർന്നിരിക്കും. വേറെ ചിലർ കയ്യും കാലും രണ്ടും മുഴുവൻ നിവർത്താതെ ഒരു പരാക്രമ ത്തിന്റെ നിൽപ്പാണ്‌ റുകൂഇൽ. വേറെ ചിലർ ഒരു കയ്യും കണക്കുമില്ലാതെ കയ്യും കാലും അമിതമായി മടക്കിപിടിച്ചുകൊണ്ടാണ്‌ റുകുഅ ചെയ്യുന്നത്‌. നിലത്ത്‌ പോയ എന്തോ ചെറിയ സാധനം തിരയുന്നത്‌ പോലെയുള്ള ഒരു നിൽപാണ്‌ അവരുടേത്‌, കുമ്പിട്ടു നിൽക്കുക എന്ന്‌ മാത്രമേ റുകുഇനെ സംബന്ധിച്ച്‌ അവർ മനസ്സിലാക്കിയി ട്ടുള്ളു എന്ന്‌ വ്യക്തമാണ്‌. വിശദാംശങ്ങൾ പഠിക്കാൻ സന്ദർഭം ലഭിച്ചിട്ടില്ലാത്ത ആ നല്ലവരോടു സഹതപിക്കാം.

ഇവരൊക്കെ കുറുപ്പിന്റെ നെഞ്ചത്താണെങ്കിൽ കളരിക്ക്‌ പുറത്തു നിൽക്കുന്ന ഒരു വിഭാഗക്കാരുണ്ട്‌. അവർ റുകൂഇൽ പോകുമ്പോൾ കൈകൾ കാൽ മുട്ടിലെത്തുകയില്ല. തുടയുടെ മദ്ധ്യത്തിലോ അൽപം താഴേയോ ആയിരിക്കും. ശരീരം അൽപമൊന്ന്‌ വളയും. (ഋജുകോണിന്‌ പകരം 120, 130 ഡിഗ്രി വലിപ്പമുള്ള ഒരു വിശാല കോണാണ്‌ അവിടെ രൂപം കൊള്ളുന്നത്‌.) ആ നിൽപ്‌ കാൽ നിവർന്ന പഴയ കുളമ്പു കുടയെ അനുസ്മരിപ്പിക്കും. അത്തരക്കാർക്ക്‌ ആരോഗ്യപരമായ നന്മ നഷ്ടപ്പെടുന്നതോടൊപ്പം നമസ്‌കാരത്തിന്റെ ബാദ്ധ്യതയിൽ നിന്നുള്ള മോചനം തന്നെ സംശയാസ്‌പദമാണ്‌.

റുകൂഇലായിരിക്കുമ്പോൾ ദൃഷ്ടി എവിടെയാണ്‌ പതിയ്‌ക്കേണ്ടത്‌? പലരും ബുദ്ധിമുട്ടോടെ സുജൂദിന്റെ സ്ഥാനത്തേക്ക്‌ നോക്കുന്നത്‌ കാണാം എപ്പോഴും ആ സ്ഥാനത്തായിരിക്കണം നോട്ടമെന്ന്‌ വളരെ അധികം ആളുകൾ ധരിപ്പിച്ചിട്ടുണ്ട്‌. രണ്ടു പാദങ്ങളുടെ മദ്ധ്യത്തിലേക്കാണ്‌ റുകൂഇൽ ആയിരിക്കുമ്പോൾ നോക്കേണ്ടത്‌ ദർശന ദിശ നാസാഗ്രത്തിലൂടെ യെന്ന തത്വം സ്മരിക്കുക. ആദിശയിൽ നോക്കുമ്പോൾ നോട്ടം പാദങ്ങളിൽ പതിക്കുന്നതാണ്‌. ഈ യുക്തിക്ക്‌ ഉപോൽബലകമായ വസ്തുത താഴെ വരുന്നുണ്ട്‌. റുകൂഇൽ തല തൂക്കിയിടരുത്‌. നിവർത്തിപ്പിടിക്കണമെന്ന്‌ കർമ്മശാ സ്ത്രത്തിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്‌. പാദമദ്ധ്യത്തിലേക്ക്‌ നോക്കുമ്പോൾ സ്വമേധയാ തലതൂങ്ങിപോകാനിടയുള്ളത്‌ കൊണ്ടാണ്‌ ഈ താക്കീത്‌.

ഇടക്ക്‌ വെച്ച്‌ ജമാ അത്തിൽ വന്നു ചേരുന്നവർക്ക്‌ (മസ്ബൂക്കായ മഅമൂമിന്‌) ചിലപ്പോൾ പറ്റാറുള്ള അബദ്ധം ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്‌. ഇമാമിനോടുകൂടി റുകൂഇൽ അല്പസമയം നിശ്ചലമായിക്കഴിയാൻ സാധിച്ചാൽ മാത്രമേ ആ റകഅത്ത്‌ കിട്ടിയതായി കണക്കാക്കാൻ പാടുള്ളു. ഇതിലും അഭിപ്രായവിത്യാസങ്ങളുണ്ട്‌. ഈ നിബന്ധന പല ക്രമത്തിലും ലംഘിക്കപ്പെട്ടിട്ടും റകഅത്ത്‌ കിട്ടിയതായി കണക്കാക്കുന്നവരുണ്ട്‌. അങ്ങനെ അവരുടെ നമസ്കാരം അസാധുവായിത്തീരുകയാണ്‌. ഇമാം റുകൂഇലായാരിക്കെ മസ്ബൂക്ക്‌ തക്ബീറത്തുൽ ഇഹ്റാം ചൊല്ലിയശേഷം റുഖൂഇലേക്ക്‌ പോകുന്നു. ഒപ്പം ഇമാം റുകൂഇൽ നിന്ന്‌ ഉയരുന്നു. ഇയാൾ ഇമാമോടൊപ്പം റുകൂഇൽ അൽപസമയം കഴിച്ചുകൂട്ടിയിട്ടില്ലാത്ത ഈ സാഹചര്യത്തിൽ റകഅത്ത്‌ കിട്ടിയതായികണക്കാക്കി കൂടാ. പക്ഷെ ഇങ്ങനെ കണക്കാ ക്കുന്നവരുണ്ട്‌. ഇനി ഒരു തരക്കാർ നമസ്കാരത്തിൽ പ്രവേശിക്കുന്നതോടൊപ്പം ഇമാം റുകൂഇൽ നിന്ന്‌ ഉയരുന്നു. എന്നിട്ടും തനിയേ റുകൂഅ ചെയ്തു റകഅത്ത്‌ ലഭിച്ചതായി ഗണിക്കുന്നു.

ജാഗ്രത പാലിക്കേണ്ടുന്ന ഒരു സന്നിഗ്ദ്ധഘട്ടമുണ്ട്‌. മസ്ബൂക്ക്‌ തക്ബീറത്തുൽ ഇഹ്റാം ചൊല്ലി കൈ കെട്ടിയ ഉടൻ ഇമാം റുകൂഇൽ പോയെന്നിരിക്കട്ടെ. മസ്ബൂക്കായ മഅമൂം ഉടനെ ഇമാമിനെ തുടർന്നു റുകൂഇലേക്ക്‌ നീങ്ങുകയാണ്‌ വേണ്ടത്‌.എന്നാൽ നിസ്സംശയം ആ റകഅത്ത്‌ എണ്ണാവുന്നതാണ്‌. പക്ഷെ ചിലർ ആ അവസരം അനുയോജ്യമായ വിധം ഉപയോഗപ്പെടുത്തുന്നില്ല, രണ്ടോ മൂന്നോ സെക്കന്റ്‌ സമയം ഫാതിഹയോ മറ്റോ ഓതിയശേഷമേ റുകൂഇ ലേക്ക്‌ നീങ്ങുകയുള്ളു. കൈ കെട്ടിയിട്ടു ഒന്നും പറയാതെ റുകൂഇലേക്ക്‌ പോകുന്നത്‌ ഭംഗിയല്ലല്ലോ എന്ന നാടൻ ചിന്തയായിരിക്കാം അങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്‌. തൽഫലമായി അവർ റുകൂഇലെത്തുമ്പോഴേക്കും ഇമാം ഉയരുന്നതും ഇവക്ക്‌ ഇമാമൊന്നിച്ച്‌ റുകൂഇൽ അടങ്ങിപ്പാർക്കാൻ കഴിയാതെ വരുന്നതുമാണ്‌, ഇങ്ങനെ സംഭവിച്ചാൽ ആ റകഅത്ത്‌ എണ്ണത്തിൽപ്പെടുത്താൻ പാടുള്ളതല്ല. ഫാതിഹ ഓതാത്തവന് നിസ്‌കാരമില്ലെന്ന്‌ തുടങ്ങുന്ന ഹദീസിന്റെ വെളിച്ചത്തിൽ ഫാതിഹ ഓതിയില്ലെങ്കിൽ ആ റകഅത്ത്‌ കണക്കാക്കാൻ പാടില്ലാ എന്ന പല മഹാപണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അതാണ്‌ യുക്തിക്ക്‌ ചേരുന്നത്‌.

വ്യക്തമായി കാണുന്നതല്ലെങ്കിലും സംഭവ്യമായ ഒരബദ്ധത്തെ പറ്റി ഈ ഘട്ടത്തിൽ ഒരു മുന്നറിയിപ്പ്‌ നൽകേണ്ട തുണ്ട്‌. പകൽ നമസ്‌കാരത്തിൽ മസ്ബൂക്കായി ഇമാമിനെ തുടരുന്ന ഒരുവ്യക്തിക്ക്‌ ഇമാം റുകൂഇലേക്ക്‌ നീങ്ങുവാൻ എത്ര സമയമുണ്ടെന്ന് ഊഹിക്കാൻ കഴിയില്ല. അങ്ങനെ വരുമ്പോൾ മസ്ബൂക്ക്‌ സുന്നത്തായ വാചീകകർമ്മങ്ങളെ ഉപേക്ഷിച്ച്‌ ഫർള് മാത്രമേ നിർവഹിക്കാവൂ അതായത്‌ 'വജ്ജഹ്ത്തുവും അഊദും പറയാതെ ബിസ്മി മുതൽ ഫാതിഹ ഓതിത്തുടങ്ങുകയാണ് വേണ്ടത്‌. എന്നാൽ ഇമാമിനോടൊപ്പം റുകൂഇലേക്ക്‌ നീങ്ങാം.

ഭാഗം മൂന്ന്

[തിരുത്തുക]

ഫാതിഹ പൂർത്തിയാക്കേണ്ടതില്ല. നേരെ മറിച്ച്‌ ഐശ്ചികമായ വജ്ജഹ്ത്തുവോ അഊദോ ഓതിയിട്ടുണ്ടെങ്കിൽ അതിനുപയോഗപ്പെടുത്തിയ അത്ര സമയം നിർബന്ധമായ (ഫർളായ) ഫാതിഹ ഓതിയതിന്‌ ശേഷമേ റുകൂഇലേക്ക്‌ പോകാവൂ. അപ്പോഴേക്കും ഇമാം റുകൂഇൽ നിന്നും പോന്നു കാണും, ഇയാൾക്ക്‌ റകഅത്ത്‌ കിട്ടാനുള്ള സാദ്ധ്യത നഷ്ടപ്പെടുകയും ചെയ്യും.

ശ്രദ്ധിക്കേണ്ടതായ ഒരു വിഷയം. സാധാരണ തുടർന്നു നമസ്കരിക്കുമ്പോൾ മഅമൂം ഇമാമിനേക്കാൾ രണ്ടുഫർള കൊണ്ട്‌ പിന്നിലാകുന്നത്‌ കൊണ്ട്‌ തുടർച്ചക്ക്‌ വിഘാതമില്ല.എന്നാൽ മസ്ബൂക്കിന്റെ ആദ്യത്തെ റകഅത്ത്‌ ഇമാമൊ ന്നിച്ച്‌ റുകൂഇൽ അൽപസമയം കഴിച്ചുകൂട്ടണം എന്നത്‌ നിർബന്ധമാണ്‌.ശാഫി മദ്ഹബിൽ ഫാതിഹ ഓതിയാലേ റകഅത്ത്‌ ഉള്ളു. എന്നുവെച്ചാൽ നമസ്‌കാരം സാധുവാകയുള്ളു. എന്നാൽ മസ്ബൂക്കിന്റെ ആദ്യത്തെ റകഅത്തിന്‌ ഈ പൊതു നിബന്ധന ബാധകമല്ല. ഇതിൽ അഭിപ്രായമാറ്റമുണ്ട്‌.

ഒരു മസ്ബൂക്ക്‌ സംഗതി വശാൽ വജ്ജഹ്ത്തു ഓതി തുടങ്ങിയെന്നിരിക്കട്ടെ. അത്‌ തീരുന്നതോടൊപ്പം ഇമാം റുകൂഇ ലേക്ക്‌ നീങ്ങിയെന്നിരിക്കട്ടെ. എന്ത്‌ വേണം? വജ്ജഹ്ത്തു ഓതാനെടുത്ത അത്രയും സമയം ഫാതിഹ ഓതി ഇമാമി നോടൊപ്പം ചേർന്ന്‌ റകഅത്ത്‌ കരസ്ഥമാക്കാൻ സാദ്ധ്യമല്ലെന്ന്‌ വളരെ വ്യക്തമാണ്‌.ഈ അവസ്ഥയിൽ റകഅത്ത്‌ ഉപേക്ഷിച്ചുകൊണ്ട്‌ ഇമാമിനോട്‌ അനുഗമിക്കുകയാണ്‌ ഉത്തമം. വജ്ജഹ്തു ആരംഭിച്ചിട്ടേയുള്ളുവെങ്കിൽ രണ്ടോ മൂന്നോ സെക്കന്റ്‌ കൊണ്ട്‌ ഫാതിഹയുടെ ആരംഭം ഉരുവിട്ട്‌ റുകൂഇൽ ചേരാം.

രാത്രി നമസ്‌കാരമാണെങ്കിൽ ഇമാമിന്റെ പാരായണം കേൾക്കാം. റുകൂഇലേക്ക്‌ പോകാൻ എത്രസമയമുണ്ടെന്ന്‌ അനുമാനിക്കാം, അതനുസരിച്ച്‌ സുന്നത്തുകൾ നിർവ്വഹിക്കുന്നതിന്‌ സമയമുണ്ടോ ഇല്ലേ എന്ന്‌ തീരുമാനിക്കാം. സമയം ക്രമീകരിക്കാം. മുകളിൽ സൂചിപ്പിച്ച പ്രയാസങ്ങളൊന്നും നേരിടുകയില്ല.

റകൂഇൽ നിന്നുയർന്ന്‌ നേരെ (ഇഅത്തിദാലിൽ) നിൽക്കുമ്പോൾ കൈകൾ ചുമലിന്‌ നേരെ ഉയർത്തി താഴോട്ടിടുക യാണ്‌ ചെയ്യേണ്ടത്‌. ചിലർക്ക്‌ ഇവിടെ രണ്ടാൽ ഒരു രോഗം ബാധിക്കാറുണ്ട്‌. ചിലർ കൈ വേണ്ട അളവിൽ ഉയർ ത്താതെ പേരേൽപ്പിക്കാൻ അൽപം മാത്രം ഉയർത്തി താഴെയിടും. മറ്റു ചിലർ കൈ താഴെയിട്ടാൽ സുജ്ജുദിലേക്ക്‌ പോകുന്നത്‌ വരെ രണ്ടു കൈകളും ആടിക്കൊണ്ടിരിക്കും. തോളെല്ലുമായുള്ള ബന്ധം ഛേദിച്ചുപോയോ എന്നുപോ ലും തോന്നാനിടയുണ്ട്‌. ശരീരത്തിനെ അനിയന്ത്രിതമായി ആണിയൂരി ഇങ്ങനെ വിടരുത്‌. മൂന്ന്‌ അനക്കം നമസ്‌കാ രത്തെ നിഷ്ഫലമാക്കും. ശരീരം നമ്മുടെ പൂർണ്ണനിയന്ത്രണത്തിൽ അച്ചടക്കത്തിൽ നിലകൊള്ളണം. ഇത്തരം നിയന്ത്ര ണമില്ലായ്മ സംഭവിക്കാതെ സൂക്ഷിക്കണം.

ഇമാം സുജ്ജുദിലെത്തിയ ശേഷം മഅമൂം സുജ്ജുദിലേക്ക്‌ നീങ്ങുന്നതാണ്‌. സുരക്ഷിതമായ രീതി ഇമാമിന്റെ തക്ബീർ ധ്വനി അവസാനിക്കുമ്പോൾ സുജ്ജുദിലേക്കുള്ള ചലനം പൂർത്തിയായി എന്ന്‌ മനസ്സിലാക്കാം. ഇമാമിന്റെ പിന്നാലെ ഒപ്പം നീങ്ങുന്നത്‌കൊണ്ട്‌ കുഴപ്പം ഒന്നും ഇല്ല. ഒരപകട സാദ്ധ്യതയുള്ളത്‌ ശ്രദ്ധിച്ചാൽ മതി. ഇമാം സുജ്ജു ദിൽ നെറ്റി വെക്കുന്നതിന്‌ മുമ്പായി മഅമുൂമിന്റെ നെറ്റി നിലത്ത്‌ പതിയരുത്‌. ഇമാമിനെ ഒരിക്കലും ഒരു വിശദാം ശത്തിലും കേൾക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങളിൽ മഅമൂം മുൻകടക്കാൻ പാടില്ല. മുൻ കടന്നാൽ മഅമുമിന്റെ നിസ്‌കാരത്തിന്‌ ന്യൂനത ബാധിക്കയില്ലെങ്കിലും ജമാഅത്തിന്റെ മഹത്വം അയാൾക്ക്‌ നഷ്ടപ്പെടുന്ന താണ്‌.

ചില ഇമാമുകൾ സ്വാഭാവിക ശീലം കൊണ്ടോ പ്രായാധിക്യത്താലോ വളരെ സാവധാനത്തിലേ സുജൂദിലേക്ക്‌ നീങ്ങുകയുള്ളു. ആറോ ഏഴോ സെക്കന്റ്‌ സമയം ചിലപ്പോൾ വേണ്ടി വന്നേക്കാം. ആരോഗൃവാനോ യുവാവോ ആയ ഒരു മഅമും മൂന്നോ നാലോ സെക്കന്റ്‌ കൊണ്ടു സുജൂദിലെത്തിയെന്ന്‌ വരാവുന്നതാണ്‌. ഇമാമിനെ മുൻ കടക്കാനുള്ള സാദ്ധ്യത ഇവിടെ കാണാം. എല്ലാ ചലനത്തിന്റേയും സ്ഥിതി ഇത്‌ തന്നെയാണ്‌. ആകയാൽ ഇമാമി ന്റെ ചലനത്തിന്റെ (ഇൻത്വി കാലത്തിന്റെ) തക്ബീർ ധ്വനി അവസാനിക്കുന്നത്‌ വരെ മഅമും കാക്കുന്നത്‌ നല്ലതാണ്‌.

സുജൂദിലേക്കുള്ള ശാരീരിക ചലനം ഇപ്രകാരമാണ്‌. മുൻ കൈകൾ കാൽ മുട്ടിൽ വിശ്രമിക്കുന്ന നിലയിൽ കാൽ മുട്ടുകൾ ആദ്യം നിലത്ത്‌ വെക്കുക. അതിന്‌ ശേഷം കൈപ്പടങ്ങളും പിന്നെമുഖവും (നെറ്റിയും) നിലത്ത്‌ പതിപ്പി ക്കുക. ചിലർ നിന്ന നിൽപിൽ നിന്ന്‌ ശരീരം രണ്ടായി മടക്കി ആദ്യം കൈപടങ്ങൾ നിലത്ത്‌ കുത്തും. അതിന്‌ ശേഷമാണ്‌ കാൽ മുട്ടുകൾ വെക്കുക. അരോചകമായ ഒരു ചലന രീതിയാണിത്‌, ശരാശരി ആരോഗ്യമുള്ളവർ കാൽമുട്ടുകൾക്ക്‌ ശേഷമേ കൈപ്പടങ്ങൾ നിലത്ത്‌ വെക്കാവു. ഒരു വ്യായാമത്തിന്റെ ഗുണഫലവും ഈ ചലന രീതിയിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന്‌ മനസ്സിലാക്കണം. ആരോഗ്യക്കുറവ്‌ കൊണ്ടോ പ്രായാധിക്യം കൊണ്ടോ അവശത യുള്ളവർക്ക്‌ സൗകര്യം പോലെ സുജൂദിലെത്താവുന്നതാണ്‌. നിസ്‌കാരത്തിന്‌ ഒരു ദോഷവും ഈ ചലനരീതികൾ കൊണ്ട്‌-ബാധിക്കുന്നതല്ല.

സുജൂദ്‌ ലക്ഷണയുക്തമായിരിക്കണം. സപ്താംഗപ്രണാമമാണ്‌ സുജൂദ്‌, രണ്ടു പാദങ്ങൾ, രണ്ട്‌ കാൽമുട്ടുകൾ, രണ്ടു മുൻ കൈകൾ, നെറ്റി എന്നിങ്ങനെ ഏഴംഗങ്ങളാണ്‌ സുജൂദിൽ പങ്കുവഹിക്കേണ്ടവർ. പാദങ്ങളുടെ രണ്ടു തള്ള വിരലുകളും,അവയുടെ പള്ള അടിഭാഗം നിലത്തു കുത്തിയിരിക്കണം, പാദങ്ങൾ നിലത്തു മുട്ടാതെയാവരുത്. വിരൽ തുമ്പുകൾ നിലത്ത്‌ മുട്ടിയാലും മതിയാകയില്ല. വിരലുകളുടെ പള്ള തന്നെ നിലത്ത്‌ അമർന്നിരിക്കണം. പാദങ്ങളിലെ നാഡീഞരമ്പുകൾക്ക്‌ വലിച്ചിൽ കിട്ടാൻ ഇത്‌ സഹായകവുമാണ്‌.

മുൻ കൈകൾ രണ്ടും അവയുടെ പള്ള നിലത്ത്‌ അമർത്തി വെക്കണം. വിരലുകൾ മാത്രം നിലത്ത്‌ കുത്തി ഉള്ളൻ കൈ മുട്ടാതെ കുമ്പിളി പോലെ ഉയർത്തി പിടിച്ചാൽ സുജൂദ്‌ ശരിയാകയില്ല. രണ്ടു മുട്ടു കാലുകളുടെ മുമ്പിൽ ചുമലിന്‌ നേരെ സുജൂദ്സ്ഥാനത്തിന്റേയും മുട്ടുകളുടേയും ഏതാണ്ട്‌ മദ്ധ്യദൂരത്തിലായിട്ടാണ്‌ കൈകൾ വെക്കേ ണ്ടത്‌. കൈകൾ ദൂരെ കുത്തിയാൽ സുജൂദിന്റെ സ്ഥാനം അകുന്നേക്കും, അപ്പോൾ സുജൂദ്‌ ഒരു കമിഴ്ന്ന്‌ കിടപ്പിന്റെ പ്രതീതി ജനിപ്പിക്കും. ശരീരം നീണ്ടു വലിഞ്ഞു കിടക്കുമല്ലോ. കൂടാതെ കൃത്യ സ്ഥാനവും വിട്ടു അൽപം അകലെ സൂജൂദ്‌ ചെയ്യുകയാണെങ്കിൽ എഴുന്നേറ്റു പോരൽ അൽപം ശ്രമകരമായേക്കും. അപ്രകാരം തന്നെ മുൻ കൈകൾ കാൽമുട്ടുകൾക്ക്‌ വളരെ സമീപത്തും വെച്ചു പോകരുത്‌.അങ്ങനെ ചെയ്താൽ നെറ്റി നിലത്ത്‌ വെക്കുമ്പോൾ മുൻ കൈകളുടെ മണികണ്ഠഭാഗം നിലവും വിട്ടു ഉയരുവാനുള്ള സാദ്ധ്യതയുണ്ട്‌. അതിനാൽ കൈ വെക്കുന്ന സ്ഥാനം ഉചിതമായി ക്രമീകരിക്കേണ്ടതാണ്‌.

മൂൻ കൈകൾ നിലത്ത്‌ കുത്തി നെറ്റി സുജൂദിൽ വെക്കുമ്പോൾ കൈകൾ രണ്ടായി മടങ്ങിയിരിക്കുമല്ലോ. ഈ നിലയിൽ കൈമുട്ടുകൾ പക്കുകളുടെ ഇരുവശത്തും ശരീരത്തോട്‌ ചേർന്ന്‌ നില കൊള്ളണം. (സ്ത്രീകളാണെങ്കിൽ കൈമുട്ടുകൾ പള്ളമേൽ മുട്ടിയിരിക്കണം) ചിലരുടെ സുജൂദ്‌ വിചിത്രമാണ്‌. രണ്ടു കൈകളും ഇരുവശത്തേക്കും ശരീരത്തിന്‌ ലംബമായി അകറ്റിപിടിച്ചിരിക്കും. മുകളിൽ നിന്ന്‌ നോക്കിയാൽ ഒരു കുരിശ്‌പോലിരിക്കും. അവർ തന്നെ മറ്റൂള്ളവരോടൊപ്പം ജമാ അത്തായി വരിയിൽ നിന്നും നിസ്‌കരിക്കുമ്പോൾ ഇരുവശത്തും ആളുകളുള്ളതി നാൽ സുജൂദിൽ കൈകൾ ഒതുക്കി ശരീരത്തോട്‌ ചേർത്തി വെക്കുകയും ചെയ്യും. അതൊരു നിർബന്ധിതാവസ്ഥ യായത്‌ കൊണ്ടായിരിക്കും. പക്ഷെ ഇതാണ്‌ ശരിയായ (കമം.ഒറ്റക്ക്‌ നമസ്‌കരിക്കുമ്പോഴും ഇങ്ങനെതന്നെയാണ്‌ ചെയ്യേണ്ടേത്‌. ഇരുവശത്തേക്കും കൈകൾ തള്ളിപിടിക്കുന്ന ശീലം ഒഴിവാക്കണം.

ഇവിടെ ഒരു വിശദാംശം കുറിച്ചുകൊള്ളട്ടെ. ബോധമണ്ഡലത്തിൽ ഭാരം കൂട്ടാനായിട്ടല്ല ഇത്‌ പറയുന്നത്‌. ഈ ആശയം മനസ്സിലുണ്ടായാൽ ശരീരാവയവങ്ങളേയും ചലനങ്ങളേയും ക്രമീകരിക്കാൻ സഹായകമായിത്തീരും എന്നത്‌ കൊണ്ടാണ്‌. നിസ്‌കാരത്തിനെ ദോഷകരമായി ബാധിക്കുന്ന കാര്യമല്ല ഇതെന്ന് പ്രത്യേകം ധരിച്ചുകൊള്ളണം. നമ്മുടെ നമസ്‌കാരം ഖിബ് ലക്‌ നേരെ നിന്നു കൊണ്ടാണ്‌. ഖിബ് ല എന്ന ശർത്വിന്‌ വളരെ പ്രധാന്യമുണ്ട്‌. നമസ്കാരത്തിൽ ശരീരത്തിന്റെ ഭാഗങ്ങളും കഴിയുന്നത്ര ഖിബ് ല ദിശയിലാക്കുന്നതിൽ ബദ്ധശ്രദ്ധരായിരിക്കണം. അതെങ്ങനെയെന്നാൽ നിൽക്കുമ്പോൾ പാദങ്ങൾ രണ്ടും ഒരു ചാൺ അകലത്തിൽ കോൺ സൃഷ്ടിക്കാതെ സമാന്തരമായി ഖിബ് ല ദിശയിൽ വെക്കുക. (പലരും പാദങ്ങൾ ഇരുവശത്തേക്കും ചരിച്ചു വെച്ചു കോണുണ്ടാക്കു ന്നവരാണ്‌.) ഇരിക്കുന്ന അവസ്ഥയിൽ രണ്ടു തുടകളും ഇരുഭാഗത്തേക്കും വിടർത്തി വെക്കാതെ സമാന്തരമായി ഖിബലക്ക്‌ നേരെ വെക്കണം. തീർന്നില്ല, സുജൂദിൽ ആയിരിക്കുമ്പോൾ മുൻ കൈവിരലുകൾ വിടർത്തി ഖിബ് ല യുടെ നേരെ വെക്കണം. കൈമുട്ടുകൾ ശരീരത്തോടു ചേർന്നിരിക്കുമ്പോൾ മടങ്ങിയ കൈകൾ സ്വമേധയാ ഖിബ് ല ദിശയിൽ നിലകൊള്ളുന്നതാണ്‌. മുമ്പേ സൂചിപ്പിച്ച പോലെ കൈമുട്ടുകൾ ഇരുവശത്തേക്കും തള്ളിപിടിച്ചാൽ വിരലുകളും അതിനനുസരിച്ച്‌ ഖിബലക്ക്‌ ലംബമായി സ്ഥിതി ചെയ്യേണ്ടിവരും. കൈകളും വിരലുകളും ഒരേ സമയം നിശ്ചിത ദിശയിൽ ആവേണ്ടതിന്‌ കൈമുട്ടുകൾ ശരീരത്തോട്‌ ചേർന്നിരിക്കൽ ആവശ്യമാണ്‌. (കുരിശ്‌ ഉണ്ടാക്കരുതെന്നർത്ഥം)

സുജൂദിൽ നെറ്റിയാണ്‌ നിലത്ത്‌ വെക്കേണ്ടത്‌. നെറ്റി നിലത്ത്‌ വെക്കുമ്പോൾ സ്വാഭാവികമായും മൂക്കിന്റെ തുമ്പ്‌ നിലത്ത്‌ മുട്ടുക തന്നെ ചെയ്യും. അതിനാൽ സുജൂദിൽ മൂക്ക്‌ നിലത്ത്‌ മുട്ടിയിരിക്കണം. മൂക്ക്‌ നിലം തൊടാത്ത നിലയിൽ സുജൂദ്‌ ചെയ്താൽ നെറ്റിയല്ല നിലത്ത്‌ പതിയുക, മറിച്ച്‌ തലയുടെ മുൻഭാഗമായിരിക്കും. മൂക്ക്‌ നിലത്ത്‌ മുട്ടുന്നതിന്റെ അനിവാരൃതയെ സൂചിപ്പിച്ചുകൊണ്ട്‌ ചിലർ മൂക്കിനെ സുജൂദിന്റെ എട്ടാമത്തെ അംഗമായി എണ്ണിയിട്ടുണ്ട്‌.

സുജൂദ്‌ സമയത്ത്‌ നോട്ടം മൂക്കിന്മേലായിരിക്കണം. കണ്ണുകൾ അടച്ചു പിടിക്കരുതെന്ന്‌ പണ്ഡിതന്മാർ അഭിപ്രായ പ്പെട്ടിട്ടുണ്ട്‌.

സുന്നത്തെന്ന നിലക്ക്‌ നമസ്കാരത്തിൽ തല മറക്കാറുണ്ടല്ലോ. തലയിൽ കെട്ടോ, ടവലോ സാധാരണയായി ഇതിന്‌ ഉപയോഗിക്കാറുണ്ട്‌. ആ സമയം സുജൂദ്‌ ചെയ്യുമ്പോൾ നിലത്ത്‌ പതിയുന്ന നെറ്റിയുടെ ഭാഗം മറയാതെ സൂക്ഷിക്ക ണം. നഗ്നമായ നെറ്റിയാണ്‌ നിലത്ത്‌ അമരേണ്ടത്‌. വളരെ പഴക്കം ചെന്ന പള്ളികളിൽ ഹൗളിന്ന്‌ സമീപമുള്ള ചുമരിൽ കണ്ണാടി സ്ഥിരമായി ഉറപ്പിച്ചുവെച്ചിട്ടുള്ളതായി കാണാം. അതിന്റെ ആവശ്യം നെറ്റിത്തടം തലമറകൊണ്ടു മറഞ്ഞിട്ടില്ലെന്ന്‌ ഉറപ്പു വരുത്തലാണ്‌.

രക്തസംക്രമണവുമായി ബന്ധപ്പെട്ട ചില ഗുണഫലങ്ങൾ സുജൂദ്‌ കൊണ്ട്‌ ലഭിക്കുന്നുണ്ട്‌. ശിരസിലേക്ക്‌ ധാരാളം രക്തം പ്രവഹിക്കുവാൻ സുജൂദ്‌ സഹായകമാകയാൽ ശിരസാസനത്തിന്റെ വിശിഷ്ടതകൾ സുജൂദിനുണ്ടെന്നു പറയാം. ഹൃദയം ശ്വാസകോശങ്ങൾ ഇവയുടെ പ്രവർത്തനങ്ങൾക്ക്‌ സുജൂദ്‌ ഗുണകരമാണെന്ന്‌ ഡോക്ടർമാർ അഭിപ്രായപ്പെടുന്നുണ്ട്‌.

രണ്ടു സുജൂദുകളുടെ ഇടയിലുള്ള ഇരുത്തം ഇഫ്ത്തിറാശിന്റെ ഇരുത്തമാണ്‌. അതെങ്ങിനെയെന്നാൽ ഇടത്തെ പാദം ചരിച്ചുവെച്ചു അതിന്മേലിരിക്കുക. വലത്തെ പാദം വിരലുകൾ നിലത്ത്‌കുത്തി ഉപ്പുറ്റി മേലോട്ടാക്കി കുത്തനെ നിറുത്തുക. ഇങ്ങനെ ഇരിക്കുമ്പോൾ തുടകൾ രണ്ടും സമാന്തരമായി ഖിബലാ ദിശയിലായിരിക്കണം (ഇരുവശത്തേ ക്കും ചരിച്ച്‌ കോൺ ആക്കരുതെന്നർത്ഥം) അരക്കെട്ടിന്റെ വീതിക്ക്‌ തൂല്യമായ സ്ഥലമാണ്‌ ഒരാൾക്ക്‌ ആവശ്യം, ഇത്രയും അകലത്തിൽ പാദങ്ങൾ വെച്ചാണ്‌ ആദ്യമേ വരിയിൽ നിൽക്കേണ്ടതെന്ന്‌ വൃക്തമാകുന്നുണ്ടല്ലോ. മുമ്പേ സൂചിപ്പിച്ച പോലെ കാൽ കവച്ചുവെച്ചു നിൽക്കയാണെങ്കിൽ ഇരിക്കുമ്പോൾ ചന്തിക്കെട്ട്‌ രണ്ടു പാദങ്ങൾക്കടിയിൽ നിലത്തായിരിക്കും. അപ്പോൾ പാദങ്ങൾ അടുപ്പിക്കേണ്ടി വരും. ഇതിനാൽ ഈ ക്രമീകരണം ആദ്യമേ ചെയ്തിരിക്കണ മെന്നർത്ഥം. കാൽ കവച്ചു നിൽക്കരുത്‌.

ഇരുത്തത്തിൽ മുൻകൈകൾ രണ്ടും വിരലുകൾ പരത്തി മുട്ടിന്‌ സമീപം തുടമേൽ വെക്കണം. മുട്ടിന്മേൽ പിടിക്കേണ്ടുന്ന ആവശ്യമില്ല. കൈത്തലം തുടയുടെ മദ്ധ്യത്തിലുമല്ല വെക്കേണ്ടത്‌. നോട്ടം മടിത്തട്ടിലേക്കായിരി ക്കണം. അതിന്‌ വേണ്ടി തല കീഴോട്ട്‌ കുനിച്ചിടുകയും അരുത്‌. നേരെ നിവർന്ന്‌ (സിറ്റ്‌ അപ്പ്) ഇരിക്കണം. അപ്പോൾ ആ ദൃഷ്ടി നാസാഗ്രദിശയിലായി.

രണ്ടു സുജൂദും കഴിഞ്ഞ്‌ എഴുന്നേൽക്കുമ്പോൾ തല ഉയർത്തിയശേഷം ആദ്യം കാൽമുട്ടുകൾ നിലത്ത്‌ നിന്നുയർ ത്തണം. പിന്നെ മുൻകൈകൾ നിലത്ത്‌ കുത്തി ക്ഷീണിതനെപ്പോലെ എഴുന്നേറ്റു നിൽക്കണം. രണ്ടാം സുജുദിന്‌ ശേഷം ഇസ്തിറാഹത്തിന്റെ ചെറിയ ഇരുത്തം ഇരിക്കുന്ന പക്ഷം മുൻ കൈകൾ വീണ്ടും നിലത്ത്‌ കുത്തിയ ശേഷം കാൽ മുട്ടുകൾ ഉയർത്തണം. കൈകൾ നിലത്ത്‌ കുത്താതെ ഒരു കായികാഭ്യാസം പോലെ ഇരിപ്പിൽ നിന്ന്‌ ഉയരുന്നത്‌ ശരിയായ രീതിയല്ല. ഭംഗിയുമല്ല. അങ്ങിനെ ചെയ്തിട്ടുള്ള അനുഭവങ്ങളുള്ളത്‌ കൊണ്ടാണ്‌ ദീർഘിച്ചു വർണ്ണിച്ചത്‌.

നിൽപ്പ്‌ പൂർണ്ണമാക്കുന്നതോടൊപ്പം കൈകെട്ടുന്നതിന്‌ ചില നിബന്ധനകളുണ്ട്‌. അത്തഹിയ്യാത്ത്‌ കഴിഞ്ഞുള്ള ഒറ്റ റകഅത്തിലേക്കാണ്‌ നിൽക്കുന്നതെങ്കിൽ കൈകൾ രണ്ടു ചുമലിന്‌ നേരെ ഉയർത്തിയിട്ടു വേണം കൈ കെട്ടുവാൻ, നമസ്കാരാരംഭത്തിൽ തക്ബീറത്തുൽ ഇഹ്റാമിൽ ചെയ്യുന്ന പോലെ ഒന്നും മൂന്നും റകഅത്തിനു ശേഷമുള്ള രണ്ടും നാലും റകഅത്തിലേക്കാണ്‌ നിൽപ്പെങ്കിൽ കൈകൾ ഉയർത്താതെ കെട്ടണം. എല്ലാ റകഅത്തിലും ഉയർത്തുന്നവ രുണ്ട്‌. തീരെ ഉയർത്താത്തവരുമുണ്ട്‌. പൊതുതത്വം ഒറ്റയായ റകഅത്തുകൾക്ക്‌ കൈ ഉയർത്തണം.ഇരട്ടകൾക്ക്‌ വേണ്ട.

ഇതോടൊപ്പം ഓർത്തിരിക്കേണ്ടുന്ന ഒരു സംഗതി കൈകൾ ആവശ്യത്തിലധികം ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യരുത്‌. വിശദീകരണം: ഉയർത്തിയ കൈ കെട്ടുന്നതിനുവേണ്ടി താഴ്ത്തുമ്പോൾ അൽപം കൂടുതൽ താഴോട്ടു കൊണ്ടുവന്നു പിന്നെ ഉയർത്തി കെട്ടുന്ന പ്രവണത നന്നല്ല. പാകത്തിനേ താഴ്ത്താവൂ. അതുപോലെ തന്നെ ചുമലി ലേക്കുയർത്താതെ കൈ കെട്ടുന്ന സന്ദർഭത്തിൽ ആവശ്യത്തിലധികം ഉയർത്തി പിന്നെ താഴ്ത്തുന്ന രീതിയും അവലംബിക്കരുത്. പാകത്തിനേ ഉയർത്താവൂ. അനാവശ്യ ചലനം ഒഴിവാക്കണമെന്ന്‌ അടിസ്ഥാന തത്വം. മുമ്പേ സൂചിപ്പിച്ച പോലെ ഇമാം എഴുന്നേറ്റു നിന്ന്‌ ഇഅത്തിദാലിലെത്തി തക്ബീർ അവസാനിച്ചശേഷം മഅമൂം എഴുന്നേൽക്കാൻ തുടങ്ങുന്നത്‌ സൂക്ഷ്മതക്ക്‌ നല്ലത്‌.

മസ്ബൂക്കായ മഅമൂം കൈകൾ ഒറ്റയോ ഇരട്ടയോ എന്ന നിർണ്ണയിക്കുന്നത്‌ ഇമാമിന്റെ റകഅത്തുകളുടെ അടിസ്ഥാ നത്തിലായിരിക്കണം. ഇമാമിനെ പിരിഞ്ഞു തനിയേ ബാക്കി നമസ്‌കരിച്ച്‌ തീർക്കുമ്പോൾ സ്വന്തം റകഅത്ത്‌ അനുസരിച്ചും.

ഇമാമിന്റെ സലാമിന്‌ ശേഷം മസ്ബൂക്ക്‌ എഴുന്നേറ്റു നിൽക്കുമ്പോൾ തന്റെ ഒറ്റ റകഅത്തിലേക്കാണെങ്കിൽ മാത്രമേ തക്ബീർ ചൊല്ലേണ്ടതുള്ളു. ഇരട്ട റകഅത്തിലേക്കാണെങ്കിൽ തക്ബീർ ആവശ്യമില്ല.

അത്തഹിയ്യാത്തിനുള്ള ഇരിത്തത്തിൽ ഇടത്തെ മുൻകൈ മുമ്പേ പറഞ്ഞ പോലെ വിരലുകൾ നിവർത്തി മുട്ടിന്‌ സമീപം തുടമേൽ വെക്കുക. വലതു കൈയ്യുടെ മൂന്ന്‌ വിരലുകൾ മടക്കി ചൂണ്ടു വിരൽ നിവർത്തി അതേ പോലെ മുട്ടിന്‌ സമീപം തുടമേൽ വെക്കുക. വലത്ത്‌ കൈ വിരലുകൾ ഇടത്തേതിന്റേത്‌ പോലെ എല്ലാം നിവർത്തി വെക്ക രുത്‌. അത്തഹിയ്യാത്തിൽ ഇല്ലള്ള” എന്ന്‌ ഉച്ചരിക്കുന്നതോടൊപ്പം ചൂണ്ടുവിരൽ ഉയർത്തിപിടിക്കുക. അടുത്ത റകഅത്തിലേക്ക്‌ എഴുന്നേൽക്കുന്നത്‌ വരേയോ സലാം വീടുന്നത്‌ വരേയോ വിരൽ അങ്ങനെ ഉയർത്തിപിടിക്കുക. ചൂണ്ടുവിരൽ ഉയർത്തിയ ഉടൻ തന്നെ താഴ്ത്തിയിടുന്നതും അനുവദനീയമാണ്‌. ചിലർ ഈ ഘട്ടത്തിൽ ചില വൈകൃതങ്ങൾ കാണിക്കാറുണ്ട്‌. ചിലർ അശ്ഹദു...എന്നു തുടങ്ങുമ്പോൾ തന്നെ ചൂണ്ടുവിരൽ ഉയർത്തുന്നു. അത്‌ തെറ്റാണ്‌. മറ്റു ചിലർ ഇവിടെ ഒരഭ്യാസം കാണിക്കാറുണ്ട്‌. വലത്തെ മുൻകൈ തുടയിലൂടെ മൂന്നുനാലിഞ്ചു പിന്നോട്ടു വലിച്ച്‌, ചൂണ്ടുവിരൽ ഉയർത്തി കൈ പൊക്കി തുടമേൽ തൊടാതെ മുന്നോട്ടു കൊണ്ടുവന്നു കാൽ മുട്ടിൽ വെക്കും. ഒരു കഥാപാത്രത്തെ വേദിയിൽ ആർഭാടത്തോടെ അവതരിപ്പിക്കുന്ന പ്രതീതിയാണ്‌ ഇവിടെയുണ്ടാ കുന്നത്‌. എന്തോ മഹാകൃത്യം നിർവഹിക്കുന്ന ഭാവം! അത്തരം കോപ്പരായങ്ങളൊന്നും കാണിക്കേണ്ട ആവശ്യമില്ല. ഒരു വിരൽ ഉയർത്തുന്ന ലഘുചലനം മാത്രമേ ഇവിടെ വേണ്ടതുള്ളൂ.

രണ്ടാമത്തെ (ഒടുവിലെ) അത്തഹിയാത്തിനിരിക്കുന്നത്‌ തവർറുകിന്റെ ഇരിത്തമാണ്‌. ആദ്യത്തേതിന്റെ “ഇഫ്തിറാശല്ല രണ്ടിലും ഒരുപോലിരിക്കുന്നവർ ശ്രദ്ധിക്കുക തവർറൂകിന്റെ ഇരുത്തത്തിൽ ചന്തി നിലത്ത്‌ അമരു കയും വലതുപാദം കുത്തിനിറുത്തുകയും ഇടത്‌ കാൽ വലത്കാലിന്നടിയിലൂടെ വലത്ത്‌ ഭാഗത്തേക്ക്‌ പുറപ്പെടുവി ക്കുകയുമാണ്‌ വേണ്ടത്‌. മസ്ബുക്ക്‌ ഇമാമിന്റെ രണ്ടാം ഇരുത്തത്തിൽ ഇഫ്തിറാശിന്റെ ഇരുത്തമാണ്‌ സ്വീകരിക്കേ ണ്ടത്‌. കാരണം അയാളുടെ ഒടുവിലെ അത്തഹിയ്യാത്ത്‌ വരുന്നേയുള്ളു.

ഇരിത്തത്തിൽ നോട്ടം മടിയിലേക്കായിരിക്കണം എന്ന്‌ പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ മുസബ്ബഹ(ചൂണ്ടു) വിരൽ ഉയർത്തിയാൽ പിന്നീടുള്ള നോട്ടം ആ വിരലിന്മേലായിരിക്കണം. തല താഴോട്ടു തൂക്കിയിടാതെ നേരെ നിവർന്നിരി ക്കണമെന്നുള്ള നിബന്ധന എപ്പോഴും പാലിക്കേണ്ടതാണ്‌.

അത്തഹിയാത്തിലിരിക്കുമ്പോൾ തല നിവർത്തി പിടിക്കണം.ചിലർ നട്ടെല്ല് വളച്ച്‌ തല താഴോട്ട്‌ തൂക്കിയിട്ടിരിക്കാ റുണ്ട്‌. സലാം വീട്ടാൻ നേരത്തേ തല ഉയർത്തുകയുള്ളു. ശരീരവും തലയും നേരെ കുത്തനെ ആയിരിക്കുന്ന അവസ്ഥയിൽ മടിയിലേക്കോ വിരലിന്മേലോ നോക്കിയിരിക്കണം.

നിസ്‌കാരത്തിലെ അവസാനത്തെ ഇനമാണ്‌ സലാം വീട്ടുക എന്നത്‌. മുഖം വലത്തോട്ടും ഇടത്തോട്ടും തിരിക്കുക യാണ്‌ ശാരീരിക കർമ്മം. ഇത്‌ കൃത്യമായി നിർവ്വഹിക്കാത്തവർ കുറച്ചൊന്നുമല്ല. ഇതിൽ ആദ്യത്തേ സലാം ഫർളും രണ്ടാമത്തേത്‌ സുന്നത്തുമാണ്‌. ഇരുവശത്തേക്കും മുഖം തിരിക്കുമ്പോൾ പിന്നിലിരിക്കുന്നവർക്ക്‌ കവിൾത്തടം കാണാൻ സാധിക്കത്തക്ക വിധം നല്ലവണ്ണം തല തിരിക്കണം. ആ തിരിയൽ കഴുത്ത്‌കൊണ്ട്‌ മാത്രമാണ്‌ ചെയ്യേണ്ടത്‌. തല മാത്രമേ തിരിയാവൂ . കഴുത്തിന്‌ താഴെയുള്ള ശരീര ഭാഗത്തിന്‌ ഒരനക്കവും തട്ടേണ്ടതില്ല. തലയും സമനിര പ്പിൽ ഇരുവശത്തേക്കും തിരിക്കുകയല്ലാതെ മേലോട്ടും താഴോട്ടുമുള്ള ചലനം ഇവിടെ ആവശ്യമായി വരുന്നില്ല. “അസ്സൂലാമു......” എന്ന്‌ ഉച്ചരിക്കാൻ തുടങ്ങുന്നതോടൊപ്പം തല വലത്തോട്ട്‌ തിരിക്കുകയും ഉരുവിട്ട്‌ തീരുന്നത്‌ വരെ ആ നിലയിൽത്തന്നെ നിറുത്തുകയും ചെയ്യുക. രണ്ടോ മൂന്നോ സെക്കന്റ്‌ സമയം അങ്ങനെ കഴിയണം. അനന്തരം മുഖം മുൻസ്ഥിതിയിലേക്ക്‌ മടക്കികൊണ്ട്‌ വരിക. പിന്നെ രണ്ടാമത്തെ “അസ്സലാമു.....” എന്ന്‌ തുടങ്ങു ന്നതോടൊപ്പം തല ഇടത്തോട്ട്‌ തിരിക്കുകയും രണ്ടോ മൂന്നോ സെക്കന്റ്‌ ആ നിലയിൽ കഴിഞ്ഞശേഷം മുൻസ്ഥിതി യിലേക്ക്‌ മടങ്ങിനേരെ ഇരിക്കുകയും ചെയ്യുക.

ഈ ക്രിയയിലും പല വൈകൃതങ്ങളും ആളുകൾ കാട്ടിക്കൂട്ടുന്നുണ്ട്‌. ചിലർ തിരിയുന്ന കാര്യത്തിൽ പിശുക്ക്‌ കാണി ക്കുന്നവരാണ്‌. കഴുത്ത്‌ നല്ലവണ്ണം തിരിച്ച്‌ മുഖം പൂർണ്ണമായും ഇരുവശത്തേക്കും ആക്കുകയില്ല. അൽപമൊന്ന്‌ മുഖം തിരിച്ച്‌ പിന്നെ കണ്ണ്‌കൊണ്ട്‌ ആ ഭാഗത്തേക്ക്‌ നീട്ടിയൊന്നു നോക്കും. താടിയെല്ല്‌ തോളെല്ലിന്‌ സമീപം എത്തിയാലേ തിരിച്ചിൽ പൂർത്തിയാകുകയുള്ളൂ. അങ്ങനെ ചെയ്യുന്നത്‌കൊണ്ട്‌ ഒരു ശാരീരിക ഗുണഫലവും സിദ്ധിക്കേണ്ടതുണ്ട്‌. കഴുത്തിന്റെ ഇരുവശത്തുമുളള കരണഞരമ്പുകൾക്ക്‌ വലിച്ചിൽ കിട്ടുന്ന ഒരു വ്യായാമം കൂടിയാണിത്‌. മുഖം പൂർണ്ണമായും വശങ്ങളിലേക്ക്‌ തിരിച്ചാലേ ഈ കായികഫലം ലഭ്യമാകയുള്ളു. റസൂൽതിരുമേനി സലാം വീട്ടുമ്പോൾ അവിടുത്തെ കവിൾത്തടം സഹാബീകൾക്ക്‌ (പിന്നിലിരിക്കുന്നവർക്ക്) കാണാമായിരുന്നു എന്ന്‌ പ്രത്യേകം വ്യക്ത മായി വർണ്ണിച്ചിട്ടുള്ളത്‌ മുഖം തിരിച്ചലിന്റെ അളവ്‌ കാണിക്കാൻ കൂടിയായിരിക്കണം.

ചിലർക്ക്‌ രണ്ട്‌ തരം ചലനമുണ്ട്‌. സമതലത്തിൽ ഇരുവശത്തേക്കും തിരിയുന്നതോടൊപ്പം തല മേലോട്ടും കീഴോട്ടും ചലിക്കുന്നത്‌ കാണാം. നേരെ നിവർന്നിരിക്കെ സലാം ആരംഭിക്കുമ്പോൾ തല താഴോട്ട്‌ തൂക്കിയിടും. പിന്നെ തല ഉയർത്തിയും കൊണ്ട്‌ വലത്തോട്ടു തിരിയും. വീണ്ടും തല കീഴോട്ടിടും. അവിടെ നിന്നും മടങ്ങുന്നതോടൊപ്പം തല ഉയർത്തുന്നു തിരിക്കുന്നു. നേരെ വന്നു തലവീണ്ടും കീഴോട്ടിടുന്നു. അപ്പോൾ തലയുടെ ചലനം മലയാളത്തിൽ 'റ' എന്ന അക്ഷരം എഴുതുന്ന പോലെയായി. ഇതേ ചലന പ്രക്രിയ ഇടത്തോട്ടും നിർവ്വഹിക്കുന്നു. അതായത്‌ മറ്റൊരു “റ” അങ്ങോട്ടും ഇങ്ങോട്ടും ചുരുക്കത്തിൽ തല കൊണ്ട്‌ ഒരു 'ന' എഴുതി കഴിഞ്ഞു. ഒന്നല്ല രണ്ട്‌ മദ്ധ്യത്തിൽ നിന്ന്‌ തുടങ്ങി മദ്ധ്യത്തിൽ അവസാനിക്കുന്നു. ഈ ചലനം അൽപം ധൃതിയിലാണ്‌ നിർവ്വഹിക്കുന്നതെങ്കിൽ എന്തായി രിക്കും സ്ഥിതിയെന്ന്‌ ഒന്നു ഭാവിച്ചു നോക്കു. തലകൊണ്ട്‌ നാല് 'റ' നിമിഷ നേരം കൊണ്ട്‌ ചെയ്തു കഴിഞ്ഞു.

സലാം വീട്ടുമ്പോൾ ഇരുവശത്തേക്കും തിരിയണം. അപ്പോൾ കാണുന്നത്‌ സമീപത്തിരിക്കുന്നവരുടെ തലയോ ദൂരെയുള്ള ചുമരോ ആയിരിക്കും. പക്ഷെ പലരും ഇരുവശത്തേക്കും നിലത്തേക്ക്‌ നോക്കുന്നു. അതിനാൽ തല താ ഴ്ത്താനിടയാകുന്നു. ആ പ്രവണത ഒഴിവാക്കണം താഴോട്ട്‌ പാദത്തിനടുത്തേക്ക്‌ നോക്കേണ്ട ആവശ്യമില്ല.

സലാം വീട്ടുന്നതിൽ മറ്റൊരു ഗൗരവമേറിയ കുഴപ്പം പലർക്കും പിണയാറുണ്ട്‌. തല മാത്രമേ തിരിയാൻ പാടുള്ളു. കഴുത്തിന്‌ താഴെയുള്ള ശരീരഭാഗം ചലിക്കരുത്‌. ഇരുഭാഗത്തേക്കും തിരിഞ്ഞ്‌ അവിടെയുള്ള മഅ്മൂമുകൾക്കും മലക്കുകൾക്കും സലാം ചൊല്ലുന്നു എന്നാണ്‌ തത്വം. ചിലർ മുഖം തിരിക്കുന്നതോടൊപ്പം കഴുത്ത്‌ തിരിക്കുന്നതിന്‌ പകരം ചുമലും നെഞ്ചും കൂടി തിരിക്കുന്നു. നോട്ടം (മുഖം) ആ ഭാഗത്തേക്ക്‌ പൂർണ്ണമാക്കാനുള്ള ഉൽക്കട ശ്രമമാണ്‌ ഇവിടെ നടക്കുന്നത്‌. പിൻഭാഗത്തേക്ക്‌ എന്തോ നോക്കുകയാണ്‌ എന്ന്‌ പോലും തോന്നിപ്പോകും. നെഞ്ച്‌ തിരിയുക എന്നാൽ ഖിബ്‌ല തെറ്റുകയെന്നാണർത്ഥം. ഈ അപകടത്തെകുറിച്ച്‌ മുമ്പേ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്‌. ആദ്യത്തെ സലാം നിർബന്ധമാ(ഫർളാ)കയാൽ ശർത്വ തെറ്റുന്നത്‌. നിസ്കാരത്തെ ദോഷകരമായി ബാധിക്കുന്നതാണ്‌.നിസ്‌കാരം പൂർത്തിയാക്കുന്നതിന്‌ മുൻപ്‌ ഖിബ്‌ലാഭിമുഖ്യം നഷ്ടപ്പെടുന്നതിനിടവരാതെ ശ്രദ്ധാപൂർവ്വം ഈ കർമ്മം നിർവ്വഹിക്കേ ണ്ടതാണ്‌.

കഴുത്ത്‌ പിരിച്ചുകൊണ്ടുള്ള മുഖം തിരിയൽ നല്ലൊരു പ്രതിരോധ ചികിത്സയാണത്രെ. കണ്ഠമുഴ (തൊണ്ടവീക്കം ഗോയിറ്റർ) എന്ന രോഗം വരാതെ സൂക്ഷിക്കാൻ ഇത്‌ സഹായകമാകുമെന്ന്‌ വൈദ്യ വിശാരദന്മാർ അഭിപ്രായപ്പെ ടുന്നു.

മറ്റൊരു നിബന്ധന പരക്കെ അവഗണിക്കപ്പെട്ട്‌ വരുന്നുണ്ട്‌. ഇമാമിന്റെ രണ്ടു സലാമും കഴിഞ്ഞതിന്‌ ശേഷമേ മഅമൂം സലാം ആരംഭിക്കാവൂ. പക്ഷെ ഇപ്പോൾ സർവ്വസാധാരണമായി ചെയ്യുന്നതെന്താണ്‌! ഇമാമിന്റെ ഒരു സലാം കഴിഞ്ഞാൽ ഉടനെ മഅമൂം സലാം തുടങ്ങുകയായി. ഇമാമിന്റെ രണ്ടാം സലാമും മഅമൂമിന്റെ ആദ്യത്തേ തും ഒന്നിച്ച്‌ നടക്കുന്നു. പണ്ടൊക്കെ ചില പണ്ഡിതന്മാർ (ഇമാമത്ത്‌ നടത്തുമ്പോൾ) ആദ്യത്തെ സലാം വളരെ പതുക്കെയാണ്‌ ചൊല്ലുക. രണ്ടാമത്തേത്‌ മഅമൂമുകൾ കേൾക്കത്തക്കവിധം ഉച്ചത്തിലും ചൊല്ലുക പതിവാക്കിയി രുന്നു. അതിന്റെ പൊരുൾ ഇതാണ്‌. രണ്ടാമത്തെ സലാം മാത്രമേ മഅമൂമുകൾ കേൾക്കയുള്ളൂ. അതിനാൽ ഇവിടെ സൂചിപ്പിച്ച തകരാറ്‌ സംഭവിക്കാൻ സാദ്ധ്യതയില്ല. ഇത്തരം മുൻകരുതലെടുക്കുന്നവർ ഇന്ന്‌ വളരെ ചുരുക്ക മാണ്‌. നമസ്കാരത്തെ ദുർബലമാക്കുന്ന ദോഷമല്ല ഇതെന്നിരിക്കിലും അതിന്റെ ക്രമപ്രകാരം ചെയ്യുന്നതാണല്ലോ അഭിലഷണീയം.

അത്‌ പോലെ തന്നെ മസ്ബൂക്ക്‌ ബാക്കി റകഅത്തുകൾ നിസ്‌കരിക്കാൻ എഴുന്നേൽക്കുന്നതും ഇമാമിന്റെ രണ്ടു സലാമിനു ശേഷമായിരിക്കണം. ഇന്ന അധികം ആളുകൾ ചെയ്യുന്ന പോലെ ഇമാമിന്റെ ഒരു സലാം കഴിഞ്ഞാൽ എഴുന്നേൽക്കുന്ന സമ്പ്രദായം ശരിയല്ല.

മേലേ പറഞ്ഞിട്ടില്ലാത്ത ഒരു വസ്തുത ഇവിടെ ഉണർത്തുന്നു. അല്ലാഹു അക്ബർ എന്ന പദദ്വയം ആവർത്തിച്ചു പറയേണ്ടുന്ന ഘട്ടങ്ങൾ പലതുണ്ട്‌......നമസ്‌കാരത്തിന്‌ വേണ്ടിയുള്ള ബാങ്കിലും, ഇഖാമത്തിലും നമസ്‌കാര ശേഷ മുള്ള നടപടികളിൽ പെട്ട്‌ തസ്ബീഹുകളുടെ ഭാഗമായും, പെരുന്നാൾ ഖുത്വുബകളിലും തക്ബീർ തുടർച്ചയായി ഉരുവിടേണ്ടി വരും. അപ്പോൾ അനുവർത്തിക്കേണ്ടുന്ന ഒരു രീതിയുണ്ട്‌. ഒരു തക്ബീറിലെ അക്ബർ എന്ന പദവും തുടർന്ന്‌ വരുന്ന തക്ബീറിലെ അല്ലാഹു എന്ന പദവും ചേർന്നുവരുമല്ലോ. അപ്പോൾ അക്ബർ അല്ലാഹു എന്ന്‌ ചേർത്തു പറയേണ്ടി വരുന്നു. ഇത്‌ പല പ്രാവശ്യം ആവർത്തിക്കുകയും വേണം. ഈ ഘട്ടത്തിൽ അല്ലാഹു എന്ന പദത്തിലെ “അ' എന്ന അക്ഷരം വ്യക്തമായി മൊഴിയേണ്ടതില്ല. പകരം അക്ബറ്‌ ല്ലാഹു എന്ന്‌ 'റ' ക്ക്‌ സുക്കൂൻ നൽകികൊണ്ട്‌ “അ' യെ ഒഴിവാക്കിയാണ്‌ പറയേണ്ടത്‌. ഏറ്റവും ഉത്തമമായ രീതിയാണിത്‌. എന്നാൽ ഇന്ന്‌ കേൾക്കുന്ന ബാങ്കുകൾ ഇഖാമത്തുകളും) ശ്രദ്ധിക്കൂ. ഇടയിൽ വരുന്ന “അല്ലാഹു' വിലെ “അ എന്ന അക്ഷരം എത്ര പ്രയാസപ്പെട്ടാണ്‌ മുക്കിറികൾ മൊഴിയുന്നത്‌. അക്ഷര വടിവോടെ നന്നായി ബാങ്ക്: വിളിക്കുന്ന ആൾ എന്ന ബഹു മതി അയാൾക്ക്‌ ലഭിക്കും. ആ ബഹുമതി ലഭിക്കുക തന്നെ വേണം. അത്രക്ക്‌ മാത്രം പ്രയാസപ്പെടുന്നുണ്ടല്ലോ. ഈ വിഷയത്തിൽ കർമ്മശാസ്ത്ര നിബന്ധനയെക്കുറിച്ച്‌ അയാൾ അജ്ഞനാണ്‌ എന്ന വസ്തുത തദ്വിഷയം അറിവുള്ളവർ മനസ്സിലാക്കും എന്ന്‌ അറിയാൻ അയാൾക്ക്‌ അറിവില്ലല്ലോ. പാവം ശ്രദ്ധാപൂർവ്വം വളരെ പ്രയത്നിച്ച്‌ ഒരു ദുഷ്പേർ സാമ്പാദിക്കുകയാണ്‌. ഈ അറിവില്ലായ്മ വളരെ പരസ്യമായി വളരെ സ്ഥലങ്ങളിലും പ്രകടിപ്പിച്ചു വരുന്നുണ്ട്‌ എന്നത്‌ വേദനാജനകമാണ്‌. മുഅദ്ദിൻ (മുക്ക്റി) അയാളുടെ അറിവ്‌ കുറവ്‌ കൊണ്ട്‌ അങ്ങനെ ചെയ്യുന്നു. എന്നാൽ പള്ളിക ളിലെ ഇമാമുകളായ പണ്ഡിതന്മാർ ഇക്കാര്യം ഓതി പഠിച്ചിട്ടുണ്ടായിരിക്കുമല്ലോ. അവർ ഇക്കാര്യം മുക്കിറികളെ തെർയ്യപ്പെടുത്തി ശരിയായ രീതിയിൽ ആ പണിയെടുപ്പിക്കയാണല്ലോ വേണ്ടത്. അത്‌ ചെയ്തു കാണുന്നില്ല. ഇപ്പോൾ നടക്കുന്ന രീതി അസാധുവല്ല എന്നത്‌ ശരി തന്നെ, പക്ഷെ ഉത്തമമായതിനെ സ്വീകരിക്കുന്നതാണല്ലോ വിവേകവും ബുദ്ധിശാലിത്തരവും. അവരും അജ്ഞരാണെന്ന്‌ കരുതാൻ പ്രയാസമുണ്ട്‌.

പഴയ ആളുകളെല്ലാം കിത്താബോതി പഠിച്ചവരെല്ലെങ്കിലും അമലിയ്യാത്തുകളെല്ലാം അറിയുന്നവരായിരുന്നു. എല്ലാ കർമ്മങ്ങളുടേയും പ്രായോഗിക നിയമങ്ങളും നിർദ്ദേശങ്ങളും സർവ്വസാധാരണമായി അഭിമുഖികരിക്കാനിടയുള്ള മസ്‌അലകളും അവർക്കജഞാതമായിരുന്നില്ല. മുൻ കാലങ്ങളിൽ മതപണ്ഡിതന്മാർ നടത്തുന്ന മത പ്രസംഗങ്ങളിൽ വഅളുകളിൽ ആ വിഷയങ്ങൾ ശരിക്കും കൈകാര്യം ചെയ്യപ്പെട്ടിരുന്നു. അന്നത്തെ പ്രസംഗങ്ങളുടെ പ്രധാന ഉദ്ദേശം തന്നെ മുസ്ലീംകളെ മുസ്ലീകളായി ജീവിക്കാൻ പഠിപ്പിക്കുകയെന്നതായിരുന്നു.മുസ്ലീംകളാവട്ടെ അനുഷ്ഠാന കർമ്മങ്ങൾ നിർവ്വഹിക്കുന്നതെങ്ങനെയെന്ന്‌ പഠിക്കാൻ തൽപരരുമായിരുന്നു. അതിനാൽ പണ്ഡിതന്മാർ ഇക്കാര്യ ങ്ങൾ വിശദീകരിക്കുന്ന കാര്യത്തിൽ വളരെ ഔൽസുക്യം കാണിച്ചിരുന്നു. ഇതെല്ലാം ജനങ്ങളെ പഠിപ്പിക്കൽ അവരുടെ ഒഴിച്ചുകൂടാത്ത കർത്തവ്യമായി അവർ കരുതിയിരുന്നു. ഇന്നത്തെ അവസ്ഥ അതല്ല. ഇന്ന്‌ മതപ്രസംഗ പരമ്പരകളാണ്‌ നടത്തപ്പെടുന്നത്‌. മതവുമായി ബന്ധപ്പെട്ട കൂറേ പൊതുവിജ്ഞാനങ്ങൾ ലഭ്യമാക്കും എന്ന ഒരു ഗുണം മാത്രമേ ഇന്നത്തെ പരമ്പര കൊണ്ട്‌ സമുദായത്തിനുണ്ടാകുന്നുള്ളു. പൊതു വിഷയങ്ങൾ, അതിനോടു ബന്ധപ്പെട്ട കുറേ വസ്തുതകൾ, ആനുകാലിക പ്രശ്നങ്ങൾ, അന്തർദേശീയ സ്ഥിതിഗതികൾ, അഭിപ്രായഭിന്നതകൾ ചേരിപിരിവിന്‌ മുറുക്കം കൂട്ടാനുള്ള എരിയുന്ന ചേരുവകൾ ഇതെല്ലാം കൂടി ഗംഭീരപ്രഭാഷണങ്ങളാണ്‌ ഇന്ന്‌ നടക്കു ന്നത്‌. അതും കാലോചിതമായി നല്ല വിലപിടിപ്പുള്ള പ്രഭാഷണങ്ങൾ. വാചാലതയും വാഗ്ധാടിയും കാണിച്ച്‌ നല്ല വാഗ്‌മിയെന്ന പേരെടുക്കലും അത്‌ വഴി സ്വന്തം മാർക്കറ്റ്‌ ഉയർത്തലുമാണ്‌ ഇവരുടെ ലക്ഷ്യം എന്ന്‌ തോന്നിപോകുന്നു മധുരവാണികളായിത്തീർന്നാൽ പത്രത്തിൽ കൂടി ബുക്കിങ്ങ്‌ നടന്നുകൊണ്ടിരിക്കും. അതൊരു നേട്ടമാണ്‌. ഇൽമു കൊണ്ടു അമൽ ചെയ്യാൻ രംഗങ്ങളൊരുങ്ങുന്നത്‌ ആരാണ്‌ സ്വാഗതം ചെയ്യാതിരിക്കുക? നേരെ മറിച്ച്‌ ഇന്നുള്ളവ രോട്‌ അമലിയ്യാത്ത്‌ പ്രസംഗിക്കാൻ തുടങ്ങിയാൽ പണ്ഡിതന്റെ സ്റ്റാൻഡേർഡ് താഴുമെന്ന്‌ മാത്രമല്ല സദസ്സിൽ ശ്രോതാ ക്കളുടെ എണ്ണവും കുറഞ്ഞിരിക്കും. ഇന്ന്‌ മതത്തിൽ ഭക്തിയേക്കാളധികം വിഭാഗീയവാശീയാണ്‌ കാണപ്പെടുന്നത്‌. അതിനാൽ പൊതു ജനങ്ങൾക്കും പണ്ഡിതന്മാർക്കും എരിവും പുളിയും ആണ്‌ ആവശ്യം. തൽഫലമായി കർമ്മാ നുഷ്ഠാനങ്ങൾ ലക്ഷണയുക്തമായി നടത്തുവാൻ പ്രാപ്തരായവരുടെ എണ്ണം തുലോം കുറവായി തീർന്നിരിക്കുന്നു.

ഇതിനൊരു പരിഹാരമുണ്ട്‌. ഓരോ പള്ളിയിലും അല്ലെങ്കിൽ മറ്റു സ്ഥലങ്ങളിൽ ഇടക്കിടെ ക്ലാസ്സുകൾ സംഘടിപ്പിക്കുക. പ്രായവ്യത്യാസം കൂടാതെ എല്ലാവർക്കും പങ്കെടുക്കാ വുന്ന ക്ലാസ്സുകളിൽ നമസ്കാരം, നോമ്പ്‌, സക്കാത്ത്‌, ഉദ്ഹിയ്യത്ത്‌ (മൃഗബലി), നേർച്ച, സദഖ, മയ്യിത്ത്‌ പരിപാലനം എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച്‌ സമഗ്രമായി പഠനം നടത്തുക. എല്ലാവർക്കും ഇസ്ലാമിക വിജ്ഞാനം നേടാം.

ചില വസ്തുതകൾ കൂടി

ജുമുഅ നമസ്കാരത്തിന്‌ വൈകി എത്തുന്നവരുടെ പ്രത്യേകശ്രദ്ധയിൽപ്പെടേണ്ടതായ ഒരു കാര്യം. മസ്ബൂഖായി രണ്ടാം റകഅർത്തിൽ ചേരുകയാണെങ്കിൽ പതിവ്‌ പോലെ ഇമാമിന്റെ സലാമിന്‌ ശേഷം ഒരു റകഅത്ത്‌ കൂടി നമസ്കരിച്ചാൽ മതി. ഇനി രണ്ടു റകഅത്തും കിട്ടാതെ അത്തഹിയ്യാത്തിലാണ്‌ തുടരുന്നതെങ്കിൽ അത്തരക്കാർ ജുമുഅക്ക്‌ നിയ്യത്ത്‌ ചെയ്യുകയും ളുഹർ നമസ്കാരം പോലെ നാല് റകഅത്ത്‌ നമസ്കരിക്കുകയും വേണം.

പല ആളുകളും ജുമുഅ നിസ്‌കാരത്തിന്‌ മുമ്പോ ശേഷമോ സുബ്ഹി ഖളാ വീട്ടുന്നതായി കാണാറുണ്ട്‌. അവർ പതിവായി നിസ്‌കരിക്കുന്നവരാണെന്നും അന്ന്‌ വൈകി എഴുന്നേറ്റതാണെന്നും ഊഹിക്കണം. ഉദയാനന്തരം എഴുന്നേറ്റാൽ സുബ്ഹി ഖളാആയെന്ന കാരണത്താൽ നിസ്കരിക്കില്ല. അടുത്ത വഖ്ത്തിലേക്ക്‌ നീട്ടി വെക്കും. അത്‌ നന്നല്ല. എണീറ്റാൽ ഉടനെ നിസ്കരിക്കണം. അത്‌ അ ദാ അ എന്ന സ്ഥാനത്താണ്‌. ഖളാക്കിയെന്ന കുറ്റം അവരിലില്ല. ബോധക്ഷയം, മറവി, ഉറക്കം മുതലായ കാരണങ്ങളാൽ നമസ്‌കാരത്തിന്‌ വീഴ്ച പറ്റിയാൽ അത്‌ കുറ്റകരമല്ല.

പൊതുവെ പറയപ്പെടാത്തതും അറിയപ്പെടാത്തതുമായ ഒരു ചെറിയ പ്രധാന സംഗതി. തലമറക്കൽ സുന്നത്തായത്‌ പോലെ പിരടി മറക്കലും സുന്നത്താണ്‌. ചുരുങ്ങിയത്‌ ഒരു വള്ളിയോ നൂലിഴയെങ്കിലുമോ പിരടിയിൽ ഇട്ടുമറക്കണ മെന്നാണ്‌ കർമ്മശാസ്ത്രം നിർദ്ദേശിക്കുന്നത്‌. മത പണ്ഡിതന്മാർ കഴുത്തിൽ ഒരു മുണ്ട്‌ സാധാരണയായി ധരിക്കാ റുണ്ട്‌. പൊതുജനങ്ങളുടെയിടയിൽ ഈ ശീലം സാധാരണയായി കാണപ്പെടുന്നില്ല. ഒരു പക്ഷെ മിക്കവാറും ഷർട്ടു ധരിക്കുന്നവരാകയാൽ അതിന്റെ കോളർ പിരടിയെ മറക്കുന്നു എന്ന കാരണത്താലായിരിക്കാം മതപണ്ഡിതന്മാർ ഇക്കാര്യം വ്യക്തമായി ഉപദേശിക്കാത്തത്‌. ഏതായാലും പ്രത്യേകം ഓർമ്മയിലിരിക്കട്ടെ. തലമറയ്ക്കുന്നതിനേക്കാൾ മുൻഗണന അർഹിക്കുന്നത്‌ പിരടി മറയ്ക്കുന്നതിനാണ്‌.

ശറഅ അനുവദിച്ച കാരണത്താൽ ഒരാൾ ജുമുഅക്ക്‌ ഹാജരാവാതെ വീട്ടിൽ വെച്ചു ളുഹർ നമസ്കരിക്കുകയാണെ ങ്കിൽ ആ മഹല്ലിലെ ജുമുഅ നിസ്‌കാരം കഴിഞ്ഞശേഷമേ (എന്നു വെച്ചാൽ ഇമാം സലാം വീട്ടിയതിന്‌ ശേഷമേ) ളുഹർ നമസ്കരിക്കുവാൻ പാടുള്ളു.

അറിഞ്ഞിതിക്കേണ്ടുന്ന ചില പൊതു തത്വങ്ങൾ

ഫർള്‌ നമസ്കാരങ്ങൾ ജമാഅത്തായി പള്ളിയിൽ വെച്ചു നിർവ്വഹിച്ചാൽ റവാത്തിബ്‌ സുന്നത്ത്‌ വീട്ടിൽ വെച്ചു നിർവ്വഹിക്കുന്നതാണ്‌ ഉത്തമം.

റകഅത്തിന്റെ എണ്ണം വർദ്ധിപ്പിക്കുന്നതിനേക്കാൾ നിറുത്തം (ഖിറാഅത്ത്‌) ദീർഘിപ്പിക്കലാണ്‌ ശ്രേഷ്ഠമായിട്ടുള്ളത്‌. (സുന്നത്ത്‌ നമസ്കാരങ്ങളിൽ)

റുകൂഇനേക്കാൾ സുജൂദിനെ ദീർഘിപ്പിക്കുന്നത്‌ നല്ലതാണ്‌. പള്ളിയുടെ അയൽവാസികൾ ജമാഅത്തിനായി പള്ളിയി ലെത്താൻ ബാദ്ധ്യസ്ഥരാണ്‌.

വല്ലപ്പോഴുമൊക്കെ കുറേയധികം നമസ്കരിക്കുന്ന സുന്നത്തിനേക്കാൾ മുറപ്രകാരം ഫർള് കൃത്യനിഷ്ഠമായി നിർവഹി ക്കുന്നതാണ്‌ വിശിഷ്ടം.

മുൻസഫ്ഫിൽ (ആദ്യത്തെ വരിയിൽ) അൽപം പിടിപാടുള്ളവർ ഉണ്ടായിരിക്കണം. ഇമാമിന്‌ വല്ല അരുതായ്മയും വല്ലായ്മയും വന്നാൽ ആ സ്ഥാനം ഏറ്റെടുത്ത്‌ നടത്താൻ ആവശ്യമായ യോഗ്യതയുള്ളവർ സമീപത്തുണ്ടായിരിക്കൽ അനിവാര്യമാണ്‌. അങ്ങനെയുള്ള ഒരു മുൻകരുതലാണ്‌ ഈ നിർദ്ദേശത്തിന്‌ നിദാനം. ഇമാമത്തിന്‌ പ്രാപ്തന്മാരായവർ മാത്രമേ മുൻവരിയിലിരിക്കാവൂ എന്ന്‌ തെറ്റിദ്ധരിക്കരുത്‌.

തഹിയ്യത്ത്‌ ശരിയായ പള്ളിയിൽ തന്നെ നിസ്കരിക്കണം. പള്ളിക്കെട്ടിടത്തോട്‌ ബന്ധപ്പെട്ട ചരുവിലോ പുറം തളത്തി ലോ പൂമുഖത്തോ തഹിയത്ത്‌ നമസ്കരിച്ചാൽ ശരിയാകയില്ല. ഇത്‌ ചിലപ്പോൾ പ്രശ്‌നമുണ്ടാക്കും. ആദ്യം വന്ന ജനങ്ങളെക്കൊണ്ട്‌ പള്ളി നിറഞ്ഞു കഴിഞ്ഞാൽ പിന്നെ വരുന്നവർക്ക്‌ ഇരിപ്പിടം പുറത്തു തന്നെ, അവരുടെ തഹിയ ത്തിന്റെ കാര്യം അപ്പോൾ പ്രശ്നമായി. ഇപ്പോഴത്തെ നടപടിയിൽ ഈ പള്ളി പരിഗണനയില്ല. എല്ലാം പള്ളി തന്നെ. എവിടെയായാലും രണ്ട്‌ റകഅത്ത്‌ നമസ്‌കാരിക്കുന്ന ശീലം എല്ലാവർക്കുമുണ്ട്‌. പൊതുവെ ഈ സ്വീകാര്യതയുടെ പ്രശ്നവും ആരേയും അലട്ടാറില്ല എന്നതാണ്‌ സത്യാവസ്ഥ. കാര്യം അറിയുന്നവർ ഈ പ്രശ്നത്തിന്‌ പരിഹാരം കണ്ടു പിടിക്കേണ്ടതാണ്‌. പള്ളിയിലെ അവസാനത്തെ വരിയിൽ അൽപം സീറ്റുകൾ എപ്പോഴും ഒഴിച്ചിടുക മാത്രമാണ്‌ ഒരു പോംവഴി. ഒടുവിലൊടുവിലായി വരുന്നവർ ഈ ഒഴിവിൽ നിന്ന്‌ തഹിയ്യത്ത്‌ നമസ്കരിച്ചശേഷം പുറത്തെ ചരുവിലോ മറ്റോ പോയി ഇരിപ്പുറപ്പിക്കുക. അകത്തെ ഒഴിവ്‌ ഒഴിവായിത്തന്നെ ഒഴിച്ചിടുക. പൊതുജനങ്ങളെ ഈ വിഷയ ത്തിൽ വേണ്ടവിധം ബോധവാന്മാരാക്കുകയും ഈ നടപടിക്രമം പാലിക്കുവാൻ അവരെ പഠിപ്പിക്കുകയും വേണം. ഇപ്പോൾ മിക്ക പള്ളികളും പൊളിച്ചു പരിഷ്കരിക്കുകയും നവീകരിക്കുകയും വിസ്താരപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌. പലയിടത്തും കോലായി ആയിരുന്ന ഭാഗം നീട്ടി പണിതു പുതിയഹാൾ നിർമ്മിച്ചിട്ടുണ്ട്‌. പഴയ പള്ളി കെട്ടിടം അതേ നിലയിൽത്തന്നെ അവശേഷിപ്പിക്കുകയും ചെയ്യുന്നു. പഴയ പള്ളിയേക്കാൾ വായു സഞ്ചാരത്തിനും പ്രകാശ പ്രവേശനത്തിനും കൂടുതൽ സൗകര്യമുള്ളതാണ്‌ പുതിയ അനുബന്ധം. ഇവിടേയും പ്രശ്‌നമുണ്ടാകുന്നുണ്ട്‌. പുതു നിർമ്മിതി പള്ളിയായി ഗണിച്ചു കൂടെന്നും അവിടെ വെച്ചു തഹിയ്യത്ത്‌ നമസ്‌കരിക്കരുതെന്നും പണ്ഡിതന്മാർ പറയു ന്നു. അവരുടെ ദൃഷ്ടിയിൽ പള്ളിയല്ല വലുതാക്കിയത്‌. പള്ളിയുടെ വരാന്തയാണ്‌. ഫുഖഹാക്കളുടെ തീരുമാനം അങ്ങനെയായിരിക്കാം. (പള്ളി പൊളിക്കരുതെന്ന നിബന്ധനക്ക്‌ കീഴ്പെട്ടു, പഴയ പള്ളി സ്വയം നശിക്കാൻ വേണ്ടി കയ്യൊഴിക്കുകയും വില പിടിപ്പുള്ള മരസാമഗ്രികൾ ഉച്ചുകുത്തിയും ചിതൽ എടുത്തും നശിക്കാനിടവരുത്തുകയും ചെയ്ത സംഭവങ്ങളുണ്ട്‌. നവവിസ്തൃതി പള്ളിയാണെന്നുള്ള ഒരു പ്രഖ്യാപനം നടത്തിയാൽ അത്‌ പള്ളിയായി പരിവർ ത്തിക്കാമെന്ന്‌ വളരെ ലഘുവായ പരിഹാര മാർഗ്ഗമുണ്ട്‌.)

നിസ്‌കാരം ബാത്വിലാകുന്ന വല്ലതും ഇമാമിൽ നിന്നുണ്ടായതായി മഅമൂമിന്റെ ശ്രദ്ധയിൽ പെട്ടാൽ മഅമൂമിന്റെ ജുമാഅത്ത്‌ ശരിയാകയില്ല. അപ്പോൾ രണ്ടിലൊരു മാർഗ്ഗം സ്വീകരിക്കണം. ഇമാമിനെ വിട്ടുപിരിഞ്ഞതായി മനസ്സിൽ കരുതുക. അല്ലെങ്കിൽ വീണ്ടും നമസ്കരിക്കുക.

ഓതാനറിയുന്നവൻ ഓതാനറിയാത്തവനെ തുടർന്നാൽ തുടർച്ച ശരിയാകയില്ല.

ഇരുന്നു നമസ്കരിക്കുന്ന ആളെ നിന്നു നമസ്കരിക്കുന്ന ആൾ തുടരുന്നത്‌ അനുവദനീയമാണ്‌.

കൊച്ചുകുട്ടികൾ ഇമാമത്തിന്‌ അയോഗ്യരല്ല. പ്രായം പരിഗണനീയമല്ലെന്നർത്ഥം.

പാണ്ഡിത്യത്തേക്കാൾ ഖുർ ആൻ പാരായണ മാധുര്യം ഇമാമത്തിന്‌ ഒരാളെ കൂടുതൽ യോഗ്യനാക്കുന്നു.

വൽഅർളി എന്നതിന്‌ പകരം വല്ലർളിയെന്നും വൽആ ഖിറ എന്നതിന്‌ പകരം വല്ലാഖിറയെന്നും കുഫുവൻ അഹർ എന്നതിന്‌ പകരം കുഫുവന്നഹദ്‌ എന്നും പറയുന്നവരെ സ്വകാര്യമായി നയത്തിൽ ഉപദേശിക്കുക. പിന്നെ അഇദാ, ഫഇന്ന, ജാഅ എന്നിങ്ങനെയുള്ള പദങ്ങളിലെ അലിഫ്‌ വ്യക്തമായി പൊതുവെ ആരും ഉച്ചരിക്കാറില്ല. അലിഫി ന്റെ ഉച്ചാരണം സൂചിമുനപോലെ ആയിരിക്കണം. ഉലക്കേടെ മൂട്‌ പോലെ ആവരുത്‌.

"https://ml.wikisource.org/w/index.php?title=നിസ്കാരം&oldid=217852" എന്ന താളിൽനിന്ന് ശേഖരിച്ചത്