നിവാതകവച കാലകേയവധം ആട്ടക്കഥ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നിവാതകവച കാലകേയവധം (ആട്ടക്കഥ)

രചന:കോട്ടയത്തു തമ്പുരാൻ

<poem> നിവാതകവചകാലകേയവധം പുറപ്പാട്‌

ശ്ളോകം ഭൈരവി-ചെമ്പട കാന്താജനൈസ്സഹ നിതാന്തമദാന്ധഭൃംഗ- ഝങ്കാരപൂരിതസുവർണ്ണലതാനിശാന്തേ സന്താനപല്ലവസുമാവലികേളിതല്പേ സന്തുഷ്ടധീഃ സുരപതിഃ സതുജാതു രേമേ

വൃത്തം : വസന്തതിലകം പദം സ്വർല്ലോകാധിപതി ശചീവല്ലഭനമലൻ ഉല്ലാസയുതമാനസൻ മല്ലവിലോചനൻ കല്യമതിസുരജനതല്ലജനമലൻ മല്ലികാശരോപമാനൻ കല്യാണനിലയൻ ബന്ധുരതരാംഗിമാരാം പന്തണിമുലമാർത- ന്നന്തരംഗവാസൻ മദസിന്ധുരഗമനൻ ശത്രുജനങ്ങളെയെല്ലാം ചീർത്ത രണമതിൽ

മിത്രപുത്രാലയേ ചേർത്തിട്ടെത്രയുമാദരാൽ പന്നഗശയനകൃപാ ധന്യനതികീർത്ത്യാ ഉന്നതനമരാവതിതന്നിൽ വാണീടിനാൽ കഥാരംഭം ശ്ളോകം 1 സുരുട്ടി-മുറിയടന്ത തനയോഥതസ്യ വിനയോജ്വലോവശീ സമവാപ്യപാശുപത മസ്ത്രമീശ്വരാൽ മഹിതൈർമഹർഷിഭിരഭിഷ്ടുതോർജ്ജുന- സ്തുഹിനാ ചലേവസദഹാനി കാനിചിൽ

രംഗം ഒന്ന്‌ ദേവലോകം സുരുട്ടി-ചമ്പ ശ്ളോകം 2. ലബ്ധാസ്ത്രമീശാദ്വിജയം വിദിത്വാ വൃദ്ധശ്രവാസ്തസ്യ ദിദൃക്ഷയാസൗ അദ്ധാതമാനേതുമഭീപ്സമാനോ ബദ്ധാഞ്ജലിം മാതലിമേവമൂചേ. പദം 1 ഇന്ദ്രൻ പല്ലവി- മാതലേ നിശമയ മാമകവചനം ചരണം 1 പാർവ്വതീശനോടാശു പാശുപതമസ്ത്രം പരിചൊടെ ലഭിച്ചുടൻ പാർത്ഥൻ വാണിടുന്നുപോൽ ധന്യശീലനായിടും മന്നവവതിധീരൻ എന്നുടെ സുതനെന്നു നന്നായി ധരിച്ചാലും

2 ഇത്ര ശൗര്യവനായിട്ടിത്രിഭുവനത്തിങ്കൽ കുത്രാപി നഹി കശ്ചിൽ ഓർത്തുകാണുന്നനേരം വെണ്മതികുലർതനമായീടുന്നവൻതന്നെ കാണ്മാനേറ്റവുമുള്ളിൽ കാംക്ഷ വളർന്നീടുന്നു.

3 വലുതായ സുരകാര്യം പലതുമുണ്ടിഹ പാർത്ഥ ബലവീര്യേണ സാധിപ്പാനലസനല്ലവനൊട്ടും കുണ്ഠതവെടിഞ്ഞു നീ പാണ്ഡവൻതന്നെ ഇങ്ങു കൊണ്ടുപോന്നീടുവതിനുണ്ടാകൊല്ലാ താമസം (മാതലേ) മാതലി: 4 ഭവദീയനിയോഗം ഞാനവതീര്യ ഭുവി പാർത്ഥ- സവിധേ ചെന്നു ചൊല്ലീടാം തവ വാഞ്ഛിത ങ്ങളെല്ലാം വിടകൊള്ളാമടിയനും വിജയസമീപേ

ഇടശ്ളോകം-സാവേരി മുറിയടന്ത ശ്ളോകം 3. ഭർത്തുസ്തദാജ്ഞാം പരിഗൃഹ്യമൂർദ്ധനി ധനഞ്ജയം പ്രാപ സുരേന്ദ്രസൂതഃ സ്വസാമിഭക്തിർഹി ജനസ്യലോകേ സമസ്തസമ്പദ്വിജയാപ്തിഹേതുഃ

രംഗം രണ്ട്‌ ഇന്ദ്രകീല പർവതം ശങ്കരാഭരണം-അടന്ത ശ്ളോകം 4 അമർത്ത്യവര്യസാരഥിർമരുത്വതോക്തമാസ്ഥയാ സമസ്തനീതിഭാജനം സമേത്യ സവ്യസാചിനം തമാത്തശസ്തലസ്താദുദിത്വരാസ്ത്ര സഞ്ചയൈർ- നികൃത്ത ശത്രുമസ്തകം സ വക്തുമാദദേ വച: 3

വൃത്തം-പഞ്ചചാമരം പദം 2 മാതലി: പല്ലവി വിജയ, തേ ബാഹുവിക്രമം വിജയതേ

ചരണം

1 പരമേശൻ തവ രണനൈപുണ്യം കണ്ടു പരിതോഷമകതാരിൽ കലർന്നുടൻ ബത പരന്മാരാൽ സുദുർല്ലഭമായീടും പരമാസ്ത്രം പരിചോടെ ലഭിച്ചതും പരമിഹ വിചാരിച്ചാൽ (വിജയ) 2 കുരുനൃപകുമാരന്മാരൊക്കെവേ പോരിൽ മറുത്തുനിൽക്കരുതാഞ്ഞു വലഞ്ഞുടൻ നീയും കരുത്തുള്ള ദ്രുപദനെ പടുത്വമോടെ ബന്ധിച്ചു ഗുരുഭൂതനു ദക്ഷിണ കുതുകമോടു ചെയ്തതും (വിജയ)

3 കരബലമിയലുന്ന നൃപന്മാരിലതി- ദുരാരോപമായുള്ള ധനുസ്സിങ്കൽ നല്ല ശരമഞ്ചും തൊടുത്തെയ്തുമുറിച്ചു ലാക്കിനെ ചാരുതരുണീമണിയെ പാണിഗ്രഹണം ചെയ്തൊരു വീര (വിജയ) അർജ്ജുനൻ: 4 സലജ്ജോ ഹ,ന്തവ ചാടുവചനത്താലതി- നലംഭാവം മനസി നീ വഹിച്ചാലും ഹന്ത ചിലരതു ശ്രവിക്കുമ്പോൾ ഞെളിഞ്ഞീടുന്നവർ ഭുവി ജളന്മാരെന്നതു നൂനം ഛലമല്ല മഹാമതേ പല്ലവി ചൊൽകെടോ നീയാരെന്നു ചൊൽകെടോ ചരണം 5 ചാരുശോഭ തേടീടുന്ന വരമാരുടെരഥമിതെന്നതും ഭവാ- നരുണനോ കിമു വരുണനോ മനസി കരുണയോടിവിടെ വന്ന കാരണവും നീ (ചൊൽകെടോ) മാതലി: 6 ചന്ദ്രവംശമൗലിരത്നമേ ഞാനുമിന്ദ്രസൂതനെന്ന- റിഞ്ഞാലും ഹൃദി സാന്ദ്രമോദമരുൾചെയ്കയാലിവിടെ വന്നതെന്നു കരുതീടുക സാമ്പ്രതം 7 ഉമ്പർ കോനായി ദിദൃക്ഷതേത്വ- മമ്പിനോടതിനയച്ചു മാം ഒരു കമ്പമെന്നിയെ പുറപ്പെടുകരികൾ കുമ്പിടുന്ന ചരണാംബു ജനാംനീ (വിജയ) 5 ഇടശ്ളോകം: നഗരീ തരസാ രഥാനാ- മപഹർത്രാ കീർത്തിമാശുതരസാരഥിനാ യുധിനാമനസാ ദരിണാ ലംഘ്യാ പ്രാപേർജ്ജുനേന മനസാദരിണ 4

രംഗം മൂന്ന്‌ ഇന്ദ്രസഭ ശ്ളോകം 6 തോടി-അടന്ത

സഭാം പ്രവിശ്യാഥ സഭാജതിതോമരൈഃ സ്വനാമസങ്കീർത്ത്യ നനാമ വജ്രിണം മുദാ തദാശ്ളേഷസുനിർവൃതോർജ്ജുനോ ജഗാദ വാചം ജഗതാമധീശ്വരം 5 വൃത്തം-വംശസ്ഥം പദം 3 അർജജുനൻ പല്ലവി ജനക തവ ദർശനാലിന്നു മമ ജനനം സഫലമായ്‌ വന്നു ചരണം 1 കരുണാവാരിപൂരേണ ചെമ്മേ താത! ഉരുതരമഭിഷേചനം മേ ഗുരുജനകാരുണ്യം സകലസാധകമെന്നു ഗുണമുള്ള മഹാജനം പറഞ്ഞുകേൾപ്പുണ്ടു ഞാനും (ജനക) 2 കുടിലതയകതാരിൽ തടവീടുമരി- പടലങ്ങളൊക്കെവെയൊടുക്കുവാനാ- യടിമലർ തൊഴുതീടുമടിയനെ വിരവോടെ പടുതയുണ്ടാവാനായനുഗ്രഹിച്ചീടേണം (ജനക)

3 യോഗ്യങ്ങളായൊരു കർമ്മങ്ങൾ ചെയ്തുള്ള ഭാഗ്യവാന്മാരായ മുനികൾക്കും മൃഗ്യമാകുന്നിഹാഗമനമെങ്കിലുമതു- ഭാഗ്യവശാൽ മമ ലഭിച്ചതുമോർക്കുമ്പോൾ (ജനക)

4 ഖാണ്ഡവദാഹം മുടക്കുവാൻ തവ- ദണ്ഡമില്ലെന്നതു നിർണ്ണയം കുണ്ഠിതഭാവം നടിച്ചു നിന്നതും യുദ്ധ- പാണ്ഡിത്യം മമ വരുത്തീടുവാനായല്ലോ (ജനക)

ശ്ളോകം 7 പാർശ്വവർത്തിനമതീവ ജയന്തം സേർഷ്യമാശു കലയൻ വിജയന്തം ആസനാർദ്ധമധിരോപ്യമുദാതം പ്രശ്രയാവനതമാഹ മഹേന്ദ്ര

വൃത്തം-സ്വാഗത പദം 4 ഇന്ദ്രൻ: പല്ലവി തനയ ധനഞ്ജയ! ജീവ ചിരകാലം വിനയാദിഗുണഗണനിലയ നീ 1 സുനയശാലികളായ ധർമ്മജാദികൾ സുഖേന വസിക്കുന്നോ ജഗൽ- ജനനകാരണഭൂതനായിരിക്കുന്ന ജനാർദ്ദനസേവ ചെയ്തീടുന്നോ? തവ ജനനിയാകിയ കുന്തീദേവിയും സ്വൈരമായി പാർത്തിടുന്നോ? പാരിൽ ജനങ്ങളും പരിതാപമകന്നു നിങ്ങളോടു ചേർന്നിരിക്കുന്നോ? മമ (തനയ) 2 പാതിരാജ്യം കപടത്താലേ ഹരിച്ചവർ മേലിൽ നന്മയോടെ ബതപാരിൽ വാണീടുവാൻഡ വഴിവരികയില്ലെന്നതുമറിഞ്ഞീടേണം നീതിമാർഗ്ഗം പിഴയാതെ നടക്കുന്നോർ- ക്കല്ലലതി ദുർല്ലഭമെന്നു ധരിച്ചാലും ധന്യശീല മമ -തനയ 3 സച്ചിദാനന്ദസ്വരൂപനായ നാരായണനവതരിച്ചതും ഭുവി നിശ്ചയമെല്ലാജനങ്ങൾക്കഭയ- ദാനം ചെയ്‌വാനാവെന്നതും നിശ്ചലചിത്തനായവിടെ നിത്യവും സേവിച്ചുകൊണ്ടാൽ മുക്തിവന്നീടും-പിന്നെ തുച്ഛമായുള്ളൈഹികത്തെ ലഭിപ്പാൻ എന്തുവൈഷമ്യം വീര മൗലേ മമ -തനയ 4 കരുണാസാഗരനായ കമലലോചനൻകലി- കല്മഷാപഹൻ ഗോപകമനിമാരുടെ മനം കവർന്നീടുന്നൊരു ചാരുകപടമാനുഷൻ തന്റെ കഴലിണ കനിവോടു കരുതീടുന്ന നിങ്ങൾക്കു കാമിതങ്ങൾ പാർക്കിൽ കിമപി ദുർല്ലഭമായി- ട്ടില്ലെന്നു ധരിച്ചാലും പാണ്ഡുനന്ദനമമ -തനയ

ഇടശ്ളോകം ശ്ളോകം 8 കൃതാഭ്യനുജ്ഞോ ജനകേന മോദാൽ കൃതാർത്ഥതാ പ്രാപ്യ പൃഥാതനൂജഃ കരേ ഗൃഹീത്വാ സ തു വൈജയന്തം 7 സമാരുരോഹാപ്യഥ വൈജയന്തംഃ

രംഗം നാല്‌ ഇന്ദ്രാണിയുടെ അന്തഃപുരം

ശ്ളോകം 9. പുലോമജാം പ്രാപ്യ വലാരിനന്ദനോ ജഗ്രാഹതസ്യാശ്ചരണൗ കൃതാഞ്ജലിഃ സാ പ്രസ്നവൈരശ്രുവിമിശ്രിതൈർ മുദാ സിഞ്ചന്ത്യപൃച്ഛൻ കുശലാദികാനമും.

പദം 5 ഇന്ദ്രാണി; പല്ലവി വിജയ വിജയീഭവ ചിരഞ്ജ്യവ നീ നിശമയ മയോദിതമുദാരം ചരണം 1 സ്വാഗതം കിം അയി തവ സുമതേ വീര, സ്വാനാമനാമയം കി മു തേ, 2 കുശലിനീ കിമു ശൂരതനയാ വീര കുശലവോപമ ശൂരതനയഃ 3 നിന്നുടയ കീർത്തിയാലിന്നു നൂനം നിഹ്നുതകളങ്കനായിന്ദു. വിജയീഭവ അർജ്ജുനൻ: പല്ലവി വിജയനഹം ഇതാ കൈതൊഴുന്നേൻ ദേവി വിരവിനൊടു വിബുധജനമാന്യേ, ചരണം 4 ജനനി തവ പദയുഗളമെന്യേ മറ്റു ജഗതി നഹി ശരണമിതി മന്യേ 5 നിന്നുടെ കടാക്ഷേണമേൻമേൽ ദേവീ കിംനസുലഭം മാതർമേ വിജയ 6 അനുകമ്പയാശു മാം ധന്യേ ദേവി അപനീതദാസജനദൈന്യേ, 7 സുകൃതികളിൽ മുമ്പനായ്‌ വന്നേൻ ദേവി സുജനപരിഗീത സൗജന്യേ.

ഇന്ദ്രാണി. 8 വനമതിൽ വസിപ്പതിനു യോഗം വീര വന്നിതതു വിധിദുർവിപാകം

9 മല്ലരിപുകാരുണ്യയോഗാൽ വീര നല്ലതു ഭവിക്കുമിനി വേഗാൽ (വിജയ വിജയീഭവ)

ദണ്ഡകം

1 ഇന്ദ്രാണിയെത്തൊഴു ചന്ദ്രാന്വയാഭരണൻ മന്ദം നടന്നഥ തുടങ്ങീ, ഖേദവുമടങ്ങി മുദപി ഹൃദി തിങ്ങീ, തദനു ശചിയുടെ നയനമനുദമനമതു ചെയ്തു പുനരലസമിവ ബത മടങ്ങീ,

2 തുംഗാദസൗ വിപുലഹർമ്മ്യാദിറങ്ങി പല ശ്രൃംഗാടകേ ഖലു വിളങ്ങീ, വിജയനുടെ ഭംഗി വിരവിനൊടു പൊങ്ങീ അഖിലസുരയുവതിജനം മദനശരവിവശതയൊ- ടതികുതുകവാരിധിയിൽ മുങ്ങീ

3 അംഗീകരിച്ചു ചിലർ സംഗീതരീതി, ചിലർ ശ്രൃംഗാരചേഷ്ടകൾ തുടങ്ങീ, ചിലർ മതിമയങ്ങീ ചിലർ തല വണങ്ങീ. അതുപൊഴുതു വിജനുടെ രൂപഗുണമാലോക്യ കുഹചിദപി കുസുമശരനൊതുങ്ങീ

4 ഉദ്യോഗമാർന്നു നിരവദ്യാംഗിമാർ ചിലർ സുരോദ്യാനസീമനി നടന്നു, കൗതുകമിയന്നൂ കാമിനികളന്നു കുസുമനിര പരിചിനൊടറുത്തു നിജകചമതിലണിഞ്ഞു ബത ശോഭ തടവുന്നൂ.

5 പൂന്തേൻ നുകർന്നു സുരകാന്താജനങ്ങൾ നിജ കാന്താനഹോ ബത മറന്നു, മന്ദതയുമന്നു ചിന്തയിലകന്നു. ചിന്തുമൊരു ചന്തമൊടു ബന്ധുരതരാംഗികളു- മാഹന്ത നൃത്തം തുടർന്നു.

രംഗം അഞ്ച്‌ ദേവലോകം

കാനക്കുറിഞ്ഞി-പഞ്ചാരി

ശ്ളോകം 10 വജ്രകേതുരിതി വിശ്രുതസ്തദനു വജ്രബാഹൂ സഹിതോ ജവാൽ നിർജ്ജരാധിപരിപുർജ്ജഹാര പരമുർവശീ- മുഖസുരാംഗനാഃ അർജ്ജൂനോപി സമുപേത്യ വാദ്ഭിരതി തർജ്ജയ-ന്നമരസഞ്ചയൈ: ദുർജ്ജയൗ വരബലേന തൗ ന്യരുണദൂർജ്ജിതൈ- ശ്ശിതശിലീമുഖൈഃ

വൃത്തം-കുസുമമഞ്ജരി പദം 6 അർജ്ജുൻ: ചരണം 1 ആരെടാ സുരാധിനാഥനെ ഭയപ്പെടാതെ വന്നു നേരുകേടു ചെയ്തിടുന്നതധികവീരരേ ആരുമേ ധരിച്ചിടാതെ നാരിമാർകളെ ഹരിച്ച ശൂരരായ നിങ്ങളാരഹോ പറഞ്ഞാലും

വജ്രകേതു: വജ്രകേതു വെന്നെനിക്കു നാമമെന്റെ അനുജനിവനു വജ്രബാഹു എന്നു നാമ ലോകവിശ്രുതം, വജ്രപാണിതന്നെ ഇങ്ങെതിർത്തു പൊരുവതിന്നു വരികിൽ ഇജ്ജനത്തൊടേറ്റു തോറ്റുപോയിടും ദൃഢം.

അർജ്ജുനൻ: 3 പാകശാസനന്റെ തനയനായിടുന്ന ഞാൻ രണത്തിൽ ആകവേ ഹനിച്ചിടുന്നതുണ്ടു നിർണ്ണയം നാകലോകനാരിമാർകളെ ഹരിപ്പതിന്നിവിടെ വേഗമോടു വന്ന നിങ്ങൾ വരിക പോരിനായ്‌

വജ്രകേതു: 4 പാകശാസനാത്മജാദ്യ ചാകവേണ്ട നീ വൃഥൈവ പോക പോക വൈകിടാതെ പൊരുതിടേണ്ട നീ, ഏകനായ്‌ രണാങ്കണത്തിലാകവേ ഹനിക്കിലിന്നു സൈകതേന സാഗരേ ചിറ തടുക്കലാം.

അർജ്ജുനൻ: 5 സജ്ജനങ്ങളോടതിക്രമം നിരന്തരേണ ചെയ്ത ദുർജ്ജനങ്ങളേ ഹനിക്കുമർജ്ജനനഹം, നിർജ്ജരാരിവരരെ, നിങ്ങൾ നിശ്ചയം രണാങ്കണത്തിൽ നിർജ്ജിതാ ഹി ദീർഘനിദ്രയെ ലഭിച്ചിടും.

വജ്രകേതു: 6 ഈടെഴും വിപാഠകൂടപാടിതാഗനായ്‌ ഗിരീന്ദ്ര- കൂടമെന്നപോലെയിവിടെ വീണിടും ഭവാൻ വിടപിപടലമുടനെ പൊടീപെടുത്തിടുന്ന വായു ധതന്റെ പടുത ഝടിതി പർവ്വതങ്ങളോടു കൂടുമോ?

ശ്ളോകം 11. സവ്യസാചി സമരേ ഹനിച്ചു സകലാമരാരി- നിവഹം തദാ ദിവ്യനാരികളെ വേർപെടുത്തധികസംകടാ- ദമിതവിക്രമൻ, നവ്യയാകിയ ജയശ്രിയാ സഹ നനാമ വജ്രീണ- മുദാരധീർ- ഹവ്യവാഹമുഖസർവ്വദേവഗണസേവ്യമാന- ചരണാംബുജം

രംഗം ആറ്‌ ഉർവശീഗൃഹം ശങ്കരാഭരണം-ചെമ്പട ശ്ളോകം 12 സ്വർവ്വധൂജനമണിഞ്ഞിടുന്ന മണിമൗലിയിൽ ഖചിതരത്നമാ- മുർവ്വശീ തദനു മന്മഥേന ഹി വശീകൃതാപി വിവശീകൃതാ ശർവശരീരകുലഭൂഷണം യുവതിമോഹനം ധവളവാഹനം പാർവണേന്ദുമുഖി പാണ്ഡുസൂനുമഭിവീക്ഷ്യ ചൈവമവദൽസഖീം. വൃത്തം-കുസുമമഞ്ജരി പദം 7 ഉർവശി: പല്ലവി പാണ്ഡവന്റെ രൂപം കണ്ടാലഹോ അനുപല്ലവി പുണ്ഡരീകഭവസൃഷ്ടികൗശലമ- ഖണ്ഡമായി വിലസുന്നവങ്കലിതി ശങ്കേ ഞാൻ ചരണം 1 പണ്ടു കാമനെ നീലകണ്ഠൻ ദഹിച്ചീടുകമൂലം തണ്ടാർബാണനു തുല്യനായ്‌ നിർമ്മിതനവൻ വിധിയാലും തൊണ്ടി പവിഴമിവ മണ്ടുമധരമതു കണ്ടിടുന്നളവിൽ ഇണ്ടൽപൂണ്ടു ബത കൊണ്ടലണിക്കുഴലീ കോമളവദനേ അയി സഖി ബത (പാണ്ഡവ) 2 പൂർണ്ണചന്ദ്രനോ പുനരർണ്ണോജമോ കിമു വദനം സ്വർണ്ണം മങ്ങീടുമവൻ കാന്തികാണുമ്പോളെന്നു നൂനം കർണ്ണശോഭ കഥയാമി വാ കഥം തൂർണ്ണമേവ ചെന്നവനോടിന്നു നീ വർണ്ണയ മമ വരവർണ്ണിനി പരവശം ആയി സഖി ബത (പാണ്ഡവ) 3 ചില്ലീയുഗളമതു വില്ലൊടു തുല്യമാകുന്നല്ലോ പല്ലോ ചാരു മൗക്തികക്കല്ലോ മന്മഥകീർത്തി- ത്തെല്ലോ മുല്ലകുമുളമോ മുകുരശകലമോ നല്ലൊരുപമ ചൊല്ലുവതിനിഹ നഹി മല്ലമിഴികൾമണിമകുടരത്നമേ അയി സഖി ബത (പാണ്ഡവ)

4 വാണീമാധുര്യം കേട്ടാൽ നാണിച്ചീടുന്നു വീണാനാദം പാണികൾ കണ്ടാൽ ഉള്ളിൽ പാരം വളർന്നിടുന്നു മോദം കാണിനാഴികകളഞ്ഞീടാതെ സുമ- ബാണഖേദമവനൊടു ചൊല്ലുകിൽ നാഡിയമിഹ തവ നലമൊടു പെരുകീടും അയി സഖി ബത (പാണ്ഡവ) ശ്ളോകം 13 കാമോദരി-ചെമ്പട സ്വർവാരനാരീഗണനാഗ്രഗണ്യയാ ഗീർവാണരാജാത്മകസക്തചിത്തയാ ഉക്താം നിശമ്യാത്മസഖീ, ഗിരന്തയാ പ്രത്യാബഭാഷേ ച സഖീമഥോർവശീം. വൃത്തം-ഇന്ദ്രവംശ പദം 8 സഖി: പല്ലവി അയി സഖി ശ്രൃണു മമ വാണീമിഹ മഹിതതമേ കല്യാണി ചരണം 1 സത്തമനവനതിധീരൻ പുരുഷോത്തമസദൃശനുദാരൻ 2 എത്തുകിലവനൊടു യോഗം തവ യുക്തമവനിലനുരാഗം 3 ചിത്തമറിഞ്ഞീടാതെ മദനാർത്തി തുടങ്ങീടാതെ, നിയമവിഘാതത്തിനായി ചെന്നു വയമസമർത്ഥരായ്‌ വന്നു. 4 പ്രിയമവനിൽപുനരിന്നു സ്വയമവമതിവരുത്തുന്നു. ഉർവശി:

5 നിരുപമനയഗുണശീലേ മയി കരുണകലർന്നീടുക ബാലേ എന്നാലതിനൊരുപായം വദ, വന്നീടരുതൊരപായം സഖി: 6 രഹസി തദരികേ നീ ചൊല്ലു, നിജപരവശമവനൊടു ചൊല്ലൂ, മന്ദഹസിതമധു തൂകുന്നേരം സുന്ദരി തവവശനാകും -അയിസഖി 7 ഗുണമറിയുന്നവർ ചിത്തംഖലു ഗുണിഷുഹി രമനേ മുറ്റും പരിമളമുള്ളതിലല്ലോ മധു- കരനികരം ബത ചെല്ലൂ. -അയിസഖി ശ്ളോകം. 14 സുലളിതപദവിന്യാസാ രുചിരാലങ്കാരശാലീനീ മധുരാ മൃദുലാപി ഗഹനഭാവാ സൂക്തിരിവാവാപ സോർവശീ വിജയം രംഗം ഏഴ്‌ അർജ്ജുനന്റെ വസതി കാമോദരി-ചെമ്പട ശ്ളോകം 15 കൽപദ്രുകൽപ്പദ്രുപദേന്ദ്രപുത്രീ- സാരസ്യ സാരസ്‌ നിവാസഭൂമിം നാളീകനാളീകശരാർദ്ദിതാ സാ മന്ദാക്ഷമന്ദാക്ഷരമേവമൂചേ. 14 വൃത്തം-ഉപേന്ദ്രവജ്ര പദം 9 ഉർവശി പല്ലവി സ്മരസായകദൂനാം പരിപാലയൈനാം സതതം ത്വദധീനം

ചരണം 1 അരിവരനിരകളെ അരനിമിഷേണ അറുതിപെടുത്തുന്നതിലതിനിപുണാ (സ്മര)

2 ശരണാഗതജനപാലനകർമ്മം കരുണാസാഗര തവ കുലധർമ്മം (സ്മര)

3 സപദി വിരചയ വിജയ പരിരംഭം സഫലയ വിരവൊടു മമ കുചകുംഭം (സ്മര)

4 കുരുവര തരിക തവാധരബിംബം അരുതരുതതിനിഹ കാലവിളംബം (സ്മര)

5 വില്ലൊടു സമരുചി തടവീടും തേ ചില്ലികൾകൊണ്ടയി തല്ലീടരുതേ (സ്മര)

6 കുരു കരപല്ലവമുരസിജയുഗളേ കുരുവര! യുവജനമാനസനിഗളേ (സ്മര)

7 രതിപതിസമ തവ കലയേ കർണ്ണൗ രതികൂജിതസുധയാ പരിപൂർണ്ണൗ (സ്മര)

8 നിർവാപയ മധുരാധരമധുനാ ദുർവാരം മദനാനലമധുനാ (സ്മര)

മോഹനം-അടന്ത ശ്ളോകം 16 പരേണ പുംസാനുഗതാമലൗകികൈർ വചോഭിരത്യന്തവിനിന്ദിതാർമ്മുഹുഃ വിയോഗദുഃഖൈകവിധായവിഭ്രമാം ജ്ഞാത്വാസതീം താം സ വിരക്തധീരഭൂൽ 15

വൃത്തം : വംശസ്ഥവും ഇന്ദ്രവംശയും കലർന്ന ഉപജാതി. പദം 10 അർജ്ജുനൻ : പല്ലവി : വാക്യങ്ങളീവണ്ണം പറഞ്ഞതു യോഗ്യമല്ലെന്നറിക നീ അനുപല്ലവി : ശക്യേതരമായുള്ള കർമ്മങ്ങൾ ചരണം 1) സൗഖ്യമല്ലേതുമഹോ വൃഥാവലേ (വാക്യ) ഹംസികളംബുജനാളങ്ങളെന്നിയേ ശൈവലം മോഹിക്കുമോ പിന്നെ ഹന്ത കരിണി ഹരിണത്തെ ആഗ്രഹിച്ചീടുമോ ചൊല്ലീടു നീ പരിഹാസമായ്‌ വന്നുകൂടും മനുജന്മാരിലാഗ്രഹമിന്നുതവ ആഹാ! മതിഭ്രമമെന്നു വന്നുതവ നല്ലതല്ലേതുമഹോ വൃഥാവലേ (വാക്യ) 2) പൂർവം പുരൂരവസ്സാകിയ ഭൂപതി പാണിഗ്രഹണം ചൊയ്കയാലിപ്പോൾ ഉർവശി നീ മമ മാതൃഭാവത്തെ വഹിക്കുന്ന കാരണത്താൽ അതി- ദുർവാരമാകും ഗുരുതൽപ്പഗാമിത്വമാകുന്ന പാപം മേലിൽ വരും സ്വർവനിതാജനമൻപോടണിയുന്ന ചാരുശിരോരത്നമേ വൃഥാവലേ (വാക്യ)

3) നാരായണനെന്ന നാമമുടയോരു മാമുനിമാർതിലകൻ സുരനാഥനാമെന്നുടെ താതനു ദാരങ്ങളായിട്ടു നൽകിയതും ഉള്ളിലോരാതിവണ്ണമനംഗബാണമേറ്റു പാരം മയങ്ങീടൊല്ലാ നല്ല നേരായ മാർഗ്ഗമൊഴിഞ്ഞു നടന്നവർ പാപികളെന്നുവരും വൃഥാവലേ (വാക്യ)

4) മട്ടോലുംമൊഴി തവ ഖലു ധൃഷ്ടതയൊട്ടുമെളുതല്ലെടോ നല്ല ശിഷ്ടജനമിതു കേൾക്കുന്നനേരത്തു കഷ്ടമെന്നു വദിക്കും എന്റെ ജ്യേഷ്ഠനായുള്ള യുധിഷ്ഠിരൻ കേട്ടാ- ലിതൊട്ടും സഹിച്ചീടുമോ അതി- നിഷ്ഠുരമെന്നേ പറയാവൂ നിന്നുടെ മാനസമിന്നിതഹോ വൃഥാവലേ. (വാക്യ)

ശ്ളോകം 17 ദ്വിജാവന്തി-ചെമ്പട സുമണോരഹപഡിയൂളം-ഭണിയം ഏദസ്സ സുണിയ സുരവണിയാ വക്കും പക്കമിതവ്വം വയണം മയണേണ വഞ്ചിയാ പത്ഥം 16 ധസ്വമനോരഥ പ്രതികൂലം ഭണിതമേതസ്യശ്രുത്വാ സുരവനിതാ വക്തും പ്രാക്രമ തൈവം വചനം മദനേന വഞ്ചിതാ പാർത്ഥംപ

വൃത്തം : ഗീതി പദം 11 ഉർവശി : പല്ലവി വല്ലതെന്നാലുമിതു തവ നല്ലതല്ലെടോ ചരണം അല്ലൽ പെരുകി വലയുന്നു ഞാനതി-

1 നില്ലയോ കരുണ തെല്ലുമേ കല്ലിനോടു തവ തുല്യമേ ഹൃദയ- മില്ലതിന്നു ബതസംശയമധുനാ (വല്ല)

2 കാമരിപുവോടമർചെയ്കയോ ഹൃദി കാമജനസഖിയാകയോ മന്മഥാർത്തി തവ വന്നിടായ്‌വതിനു നന്മയോടിതരഹേതുവെന്തഹോ (വല്ല)

3 ദിനകരേണ രതിസംഗമംദീനമെന്നിയെ ലഭിച്ചുതൽ- സൂനുവോടു സുതരാം രമിച്ചതും ജനനി- യല്ലയോ ജളമതേ തവ (വല്ല)

4 ഇണ്ടൽ തീർന്നൊരുവനിങ്ങിനേ കയൽ- ക്കണ്ണിമാരൊടുരചെയ്യുമോ കണ്ടുകൊൾക ഫലമഞ്ജസാ ഭവാൻ ഷണ്ഡനായിവരുമെന്നു നിർണ്ണയം (വല്ല)

ശ്ളോകം 18 ആന്ദഭൈരവി-ചെമ്പട ശാപേന ചാപേതധൃതിർ ബഭൂവ ധീരസ്യ ധീരസ്യ മഹേന്ദ്രസൂനോ: നിന്ദന്നിനിന്ദ്യോപി സപുംസകത്വം വിചിന്ത്യ ചിന്താകുലതാമവാപ. 17

വൃത്തം : ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലർന്ന ഉപജാതി (ആഖ്യാനകി) പദം 12 അർജ്ജുനൻ: പല്ലവി ദൈവമേ, ഹാ ഹാ ദൈവമേ ചരണം 1 ദൈവാനുകൂലമില്ലാഞ്ഞാലേവം വന്നുകൂടുമല്ലോ (ദൈവമേ) 2 ദേവകീനന്ദനനെന്നെ കേവലമുപേക്ഷിച്ചിതോ (ദൈവമേ) 3 എന്നുടെ സോദരന്മാരെച്ചെന്നു കാണുന്നെങ്ങിനെ ഞാൻ (ദൈവമേ) 4 ഖാണ്ഡവദാഹേ ലഭിച്ച ഗാണ്ഡീവംകൊണ്ടെന്തു ഫലം (ദൈവമേ) 5 അവനീശന്മാർക്കിതിലേറെ അവമാനം മറ്റെന്തോ- ന്നുള്ളു 7 എന്തൊരു കർമ്മംകൊണ്ടേവം ഹന്ത വന്നുകൂടി മേ (ദൈവമേ) ശ്ളോകം 19 കേദാരഗൗഡം-ചമ്പ ശ്രുത്വാ തമുർവശീശാപ വിവശീകൃതമാനസം ആശ്വാസയാമാസ സുതം ആശ്വേനം മേഘ വാഹനംഃ 18 പദം 13 പല്ലവി മാ കുരു വിഷാദമധുനാ മഹനീയ മാ കുരു വിഷാദമധുനാ

ചരണം 1 മനുജകുലമണിദിപ മനസി കരുതുക ധൈര്യം അനുചിതം ത്വയി ശാപമനുകൂലമായ്‌വരും (മാ കുരു)

2 ഉർവശീകൃതശാപമുപകാരമായ്‌വരും ഉർവരാരമണരിപുഗർവഹര വീര! (മാ കുരു)

3 അജ്ഞാതവാസമതിലനുഭവിച്ചീടുമിതു വിജ്ഞാനനിപുണ തവ സംശയമതില്ലെടോ. (മാ കുരു) അർജ്ജുനൻ : 4 താത തവ വചനേന താപവുമകന്നു തുലോം ചേതസി വിഭോ കാപി ചിന്ത വളരുന്നു പല്ലവി. പരിപാഹി പരിപാഹിമാം പരിചോടെ പരിപാഹി ചരണം 5 എന്നുടെ വിയോഗേന യമതനയനാദികൾ ഖിന്നരായ്‌ മേവുന്നു കിന്നു കരവാണി ഞാൻ (പരി)

ഇടശ്ളോകങ്ങൾ ശ്ളോകം 20 പൂർവാശാ പാലസ്യ ശ്രുത്വാഗിരമർജ്ജുനോ ള സ്തശാപാലസ്യ ന്യവസൽ സംഗീതരവ- ദ്യോതിത ഭൂ (ഭ) വനേ ള പിതു സ സംഗീതരവാൽ

രംഗം എട്ട്‌ ദേവലോകം-ലോമശാഗമനം ശ്ളോകം 21 ശങ്കരാഭരണം ഏവമുക്തവതി പാണ്ഡുതനൂജേ ദൈവചോദിത ഇവാപമുനീന്ദ്രഃ ലോമശോ ള ഥ ദിവമിന്ദ്രദിദൃക്ഷുർ- ന്നാമകീർത്തനപരോ നരകാരേ.

വൃത്തം-സ്വാഗത പദം 14 രോമശൻ പല്ലവി രാമഹരേകൃഷ്ണ! രാജീവലോചന പാലയരാവണാരേ ചരണം 1 കാണായതെല്ലാറ്റിനും കാരണമാകുന്നതും കാലസ്വരൂപനായ കൈവല്യമൂർത്തിയും നീ (രാമ) 2 കാര്യജാലങ്ങളെല്ലാം കാരണാതിരിക്തമായ്‌ കാണുന്നില്ലതുകൊണ്ടു കാണുന്നതെല്ലാം ഭവാൻ (രാമ) 3 ശുക്തിരജതംപോലെ മിഥ്യയാകുന്നിതെല്ലാം ഇത്ഥമറിവാൻ പല യുക്തികളുണ്ടു നൂനം (രാമ) 4 ഉത്പത്തിവിനാശങ്ങളുള്ളതസത്യമെന്നു ഉൾപ്പൂവിലുദിപ്പാനും ത്വൽപാദ ഭക്തി നൽകൂ (രാമ) 5 ദേഹാദിമമതയും ദേഹിക്കു നീ കാരണം സാഹചര്യം കൊണ്ടെന്നു സാധുക്കൾ ചൊല്ലീടുന്നു (രാമ) 6 ജീവേശ്വരന്മാർ തമ്മിൽ ഭേദമില്ലെന്നുറച്ചാൽ ജീവന്മുക്തനാകുന്നു കേവലമവൻതന്നെ (രാമ)

ശ്ളോകം 22 മുഖാരി-അടന്ത പാർത്ഥം താപസമേതം ദൃഷ്ട്വാ തത്രാഗതം ച താപസമേതം തം പ്രോവാചമുദാരം പ്രഹസന്നമപാരിധിപോ ള പിവാചമുദാരം.

വൃത്തം : ആര്യാഗീതി പദം 14 ഇന്ദ്രൻ പല്ലവി ശ്രൃണുമേ മുനിവര സല്ലാപം ചരണം 1 പാർത്ഥവിരഹംകൊണ്ടു പാരം ഖേദിച്ചീടുന്നു കാർത്താന്തി മുതലായ പാർത്ഥിവപുംഗവന്മാർ -ശ്രൃണു 2 പാശുപതാസ്ത്രം വാങ്ങി പാകശാസനാന്തികേ വാസംചെയ്തീടുന്ന വാർത്താ ചെന്നു ചൊല്ലേണം. -ശ്രൃണു 3 തീർത്ഥയാത്രയായ്‌ ചില ദിവസം കഴിഞ്ഞീടുമ്പോൾ പാർത്ഥൻ വന്നീടുമെന്നു പാർത്ഥിവന്മാരോടു ചൊൽക -ശ്രൃണു

പദം 15 രോമേശൻ പല്ലവി ശ്രൃണുമേ സുരവര സല്ലാപം ചരണം 1 പൂരുവംശജന്മാരാം പുരുഷപുംഗവന്മാരേ പുരുഹൂത കാണ്മാനുള്ളിൽ ഭൂരികൗതുകംമേ -ശ്രൃണു 2 അത്രയുമല്ല കേൾ നീ ധാത്രീതലത്തിലുള്ള തീർത്ഥങ്ങൾ സേവിപ്പാനും സംഗതിവന്നുകൂടും -ശ്രൃണു 3 സാധുജനങ്ങളുടെ സന്നിധിവിശേഷണ സാധ്യമല്ലാത്ത വസ്തു സാധിച്ചീടുന്നു നൂനം -ശ്രൃണു

ശ്ളോകം 23 മദ്ധ്യമാവതി-പഞ്ചാരി ബീഭൽസുവൃത്താന്തമജാതശത്രവേ നിവേദിതും രോമശ താപസോത്തമം ആദിശ്യ ശസ്ത്രാണി സ മന്ത്രപൂർവകം ന്യപീപഠത്തം ത്രിദശാധിനായക: 19

വൃത്തം : ഇന്ദ്രവംശയും വംശസ്ഥവും കലർന്ന ഉപജാതി

ശ്ളോകം 24 പിതുർമ്മഹേന്ദ്രാന്മഹനീയകീർത്തി: സമ്പ്രാപ്തവാൻ അസ്ത്രകലാസു കൗശലം, സംഗീതവിദ്യാമപി ചിത്രസേനാൽ സുഖം ന്യവാൽസീൽ ദിവി പാണ്ഡൂനന്ദന: 20

രംഗം ഒൻപത്‌ ഇന്ദ്രസഭ ശ്ളോകം 25 ശങ്കരാഭരണം-പഞ്ചാരി സുതം സമാഹുയ സുശിക്ഷിതാസ്ത്രം സുരേശ്വരസ്സൂനൃതയാ ച വാചാ കദാചിദേനം ഗുരുദക്ഷിണാമിഷാൽ വധം യയാചേ ദിവിഷദ്വിരോധിനാം 21

പദം 13 ഇന്ദ്രൻ: പല്ലവി മനുജതിലക മമ മൊഴികൾ നിശമയാധുനാ അനുപല്ലവി രജനികരകുലാവതംസ രത്നമേ ധനഞ്ജയാശു (മനുജതിലക) ചരണം 1 അസ്ത്രശസ്ത്രമെങ്കൽനിന്നു പുത്ര നീ പഠിച്ചതിന്നു പാർത്ഥിവ ഗുരുദക്ഷിണ തരേണമിന്നു നീ (മനുജതിലക) അർജ്ജുനൻ: 2 എത്രയും കൃതാർത്ഥനായി നിന്നുടെ കൃപാബലേന വൃത്രവിമത! ദക്ഷിണ തരുന്നതുണ്ടു ഞാൻ ഉഭയഥാ ഗുരുത്വമുണ്ടു തവ സുരവരാധിനാഥ സഭയ, നല്ല ജീവമപി ച ദാതുമിന്നഹം. (അമരതിലക) ഇന്ദ്രൻ: 3 മന്നവ, നിവാതകവചനെന്നൊരസുരനുണ്ടതീവ ദുർന്നിവാരവീരനധികസൈന്യസംയുതൻ (മനുജ) അന്യരാലവധ്യനേഷ മാനുഷാദൃതേ ധരിക്ക ധന്യശീല, ചെന്നവനെ നിഗ്രഹിക്കണം (മനുജ) അർജ്ജുനൻ: 4 ബാധയെന്നിയേ നിവാതകവചനേ വധിപ്പതിന്നു സാധുയത്നയോഗ്യമിന്നു സാധയേ ജവാൽ. (അമരതിലക)

ഇടശ്ളോകം ശ്ളോകം 26 തദീയന്നിയോഗം കിരീടഞ്ച മൂർദ്ധനി വഹന്നാഹവായ പ്രതസ്ഥേ സസൂത: അസാവഭ്യമിത്രീണമാസാദ്യ തീരം പയോധേസ്സദദ്ധ്‌ മൗ ച ശംഖം കിരീടി.

രംഗം പത്ത്‌ സമുദ്രതീരം ശ്ളോകം 27 കേദാരഗൗഡം-ചെമ്പട രണായാജൃഹുവേ പാർത്ഥോ നിവാതകവചാദികാൻ സാഗരാന്തശ്ചരാൻ ദൈത്യാൻ ജ്യാഘോഷൈ:പരികമ്പയൻ.

വൃത്തം അനുഷ്ടുപ്പ്‌ പദം 17 അർജ്ജുനൻ: പല്ലവി വാടാ പോരിന്നായിവിടെപ്പാടവമുണ്ടെങ്കിൽ ചരണം 1 കൂടലർകാലനാം ഗുഡാകേശനാകുന്ന ഞാൻ ആടൽതീർന്നുരണനാടകം പരിചിലാടുവതിനുവാടാ അധികമൂഢാ ശഠതകൂടാ അസുരകീട (വാടാ) 2 ആശു പോർചെയ്കിൽ ജീവിതേശനെ കണ്ടീടുംനീ മേചകാംബുദനീകാശദേഹദനുജേന്ദ്ര! കഠിനകവച! കിമിഹ വാചാ നിവാതകവച അതിനീച (വാടാ) 3 വാരിധിയിലൊളിച്ചു വാസം ചേരാ നിനിക്കു വീരനെങ്കിലിഹ പോരിൽ നേരിടുവതിന്നു വരിക ശൂര! നിജഗഭീര! സമധീര അതികഠോര (വാടാ) 4 ആതങ്കമെന്നിയേ നിശാതമായുള്ളായുധജാതമാശു കൈക്കൊണ്ടു ജാതകുതുകേന വരരികിലുചിതം നിന്റെ ചരിതം ന മമ ചകിതം നിയതം. (വാടാ)

രംഗം പതിനൊന്ന്‌ സമുദ്രതീരം ശ്ളോകം 28 കണ്ഠാരം-അടന്ത മന്ഥക്ഷ്മാധര മഥ്യമാനജലധി- ധ്വാനപ്രതിദ്ധ്വാനിനാ പാർത്ഥക്ഷ്വേളിതനിസ്വനേന ജലദോ- ദഞ്ചദ്രവേണാകുലൈ: ക്രുദ്ധൈരാശു നിവാതപൂർവകവചോ യുദ്ധായ ബദ്ധാദരം സാർദ്ധം ദാനവപുംഗവൈരഭിഗതോ വാചം ബഭാഷേർജ്ജുനം വൃത്തം-ശാർദ്ദൂലവിക്രീഡിതം പദം 18 നിവാതകവചൻ: പല്ലവി ആരെന്നു നീ പറഞ്ഞീടേണമെന്നോടു പോരിനായ്‌ വന്നതും ചാരുകളേബര ചരണം 1 മാരനോ മാധവൻതാനോ മഹാമതേ മാരാരിയോ മാനുഷരിലൊരുവനോ (ആരെന്നു) അർജ്ജുനൻ: പല്ലവി ശക്രാത്മജൻ ഞാനറിക നീ ദാനവ ചക്രായുധസഖിയാകിയ പാണ്ഡവൻ ചരണം 2 ഉഗ്രനായീടും ഹിഡിംബനെക്കൊന്നൊരു വിക്രമിയാകിയ ഭീമസഹോദരൻ (ശക്രാത്മജ) നിവാതകവചൻ 3 ജംഭാരിമുമ്പാം നിലിമ്പരെല്ലാംമമ സംഭാഷണേനൈവ ഡംഭം വെടിയുന്നു കിം ഭവാനെന്നോടു പോർചൈവതിന്നലം സദ്ഭാവമെത്രയും നന്നു നരാധമ! (ആരെന്നു) അർജ്ജുനൻ: 4 രാവണൻതന്നെ രണഭൂവി കൊന്നൊരു രാമനോർത്തീടുകിൽ മാനുഷനല്ലയോ ഏവം പറയുന്ന നിന്നെ ഞാനിപ്പൊഴേ കേവലം കാലപുരത്തിലാക്കീടുവൻ (ശക്രാത്മജ) നിവാതകവചൻ: 5 പണ്ടൊരു വാനരം വാരിധി ലംഘിക്ക- കൊണ്ടിന്നു മറ്റൊരു മർക്കടം ചാടുമോ ഉണ്ടു ചിറകനിക്കെന്നോർത്തു രക്ഷിക പക്ഷീന്ദ്രനോടു തുല്യം പറന്നീടുമോ (ആരെന്നു) അർജ്ജുനൻ: 6 ഇത്തരമോരോതരം വാക്കു ചൊന്നതി- നുത്തരമെന്നുടെ സായകം ചൊല്ലിടും ദുസ്തരമാകുന്ന ദൈത്യസൈന്യാർണ്ണവം നിസ്തരിപ്പാനഹം നൽത്തറിക്കൊത്തിടും (ശക്രാത്മജ) നിവാതകവചൻ: 7 അംബുധി തുല്യമായീടുമോപല്വലം? ജംബുകം സ്തംബേരമത്തോടു തുല്യമോ? പൊൻമല സർഷപമെന്നതുപോലെയാം നമ്മിലുള്ളന്തരം നന്മയിലോർക്കെടോ (ആരെന്നു) അർജ്ജുനൻ: 8 കണ്ടുകൊൾകെങ്കിലോ നിൻതല ഖണ്ഡിച്ചു ദണ്ഡധരന്നു നൽകീടുന്നതുണ്ടു ഞാൻ തണ്ടാർശരവൈരിതന്നുടെ പാദങ്ങൾ രണ്ടാണെ കുണ്ഠിതമില്ലെനിക്കോർക്ക നീ (ശക്രാത്മ)

ശ്ളോകം-29 പാർത്ഥവിമുക്തേനാസൗ പാശുപതാസ്ത്രേണ താഡിതസ്സമരേ നിദ്രാം പ്രബോധശൂന്യാം നിവാതകവചോ ജഗാമനിജ സൈന്യൈഃ വൃത്തം-ഗീതി ശ്ളോകം-30. നാഥനാമക്രിയ-ചമ്പ ഹത്വാ നിവാതകവചം സമരേ സ സൈന്യം പ്രസ്ഥാതുമിച്ഛതി ദിവം ത്രിദേശേന്ദ്രസൂനൗ ദൈത്യാസ്തു കേചന സഭേത്യ ഹതാവശിഷ്ടാ നത്വാ തമൂചുരഥ സംസദി കാലകേയം. വൃത്തം : വസന്തതിലകം പദം-19 അസുരന്മാർ: പല്ലവി ദൈത്യേന്ദ്രമകുടമണിദേദീപ്യമായ ജയ കൃത്യജ്ഞ മൊഴി കേൾക്ക മേ ചരണം 1 പാർത്ഥനെന്നൊരു മനുജമൂർത്തിയെകൈക്കൊണ്ടു മൃത്യുതാൻതന്നെയധുനാ ചേർത്തിതു നിവാതകവചാദികളെയൊക്കവേ മാർത്താണ്ഡസുതമന്ദിരേ (ദൈത്യേന്ദ്ര) കാലകേയൻ: പല്ലവി അത്യൽഭുതംതന്നെ മർത്ത്യനതിദുർബ്ബലൻ ദൈത്യരെ ഹനിച്ചതോർത്താൽ ചരണം 2 അദ്യൈവ ഞാൻ ചെന്നു മായാബലേന തം സദ്യോ ഹനിച്ചീടുന്നേൻ ദൈന്യം വെടിഞ്ഞു വൈകാതെ പുറപ്പെടുക സൈന്യങ്ങളൊക്കെയധുനാ (അത്യദ്ഭുത)

രംഗം പന്ത്രണ്ട്‌ സ്വർഗ്ഗമാർഗ്ഗം ശ്ളോകം 31 പന്തുവരാളി-ചെമ്പട ശ്രുത്വാ സുഹൃന്നിധനമാത്തശരാസിചാപോ ഗത്വാ ജവേന ചതുരംഗബലൈസ്സമേത: മദ്ധ്യേ വിയൽപഥമമും ന്യരുണൽ സ ദൈത്യോ മൃത്യോർവശം കില ഗതോ നിജഗാദ പാർത്ഥം. 26

വൃത്തം: വസന്തതിലകം കാലകേയൻ: പല്ലവി മൂഢാ നീ മതിയാകുമോ മുന്നിൽ നിന്നീടാൻ മൃഢാ നീ മതിയാകുമോ ചരണം 1 മർത്ത്യനായ നീയിന്നു ദൈത്യരോടു പോർചെയ്കിൽ ശക്തനായ ഹരിയോടെതിർക്കുമതി- മുഗ്ദ്ധമായ മൃഗമെന്നു വന്നു ഭുവി (മൂഢാ നീ മതിയാകുമോ) അർജ്ജുനൻ 2 കാലകാലന്റെ കൃപ ചാലവേയുണ്ടെന്നാകിൽ കാലകേയ തവ കാലഗേഹഗമനായ കാലമിതുതന്നെ ദുർമ്മതേ! (മൂഢാ നീ മതിയാകുമോ) കാലകേയൻ 3 സർപ്പം ഗരുഡനൊടെതിർപ്പാൻ മതിയാകുമോ അത്ഭുതം കിമപി ദർപ്പമിന്നു തവ നിഷ്പ്രയോജനമതും ജളപ്രഭോ (മൂഢാ നീ മതിയാകുമോ) അർജ്ജുനൻ 4 നീലവലാഹകത്തെ തോലനം ചെയ്തീടുന്ന കോലമിന്നു ശരജാലമെയ്തു തിലശോ മുറിച്ചു കൊലചെയ്‌വനിന്നു ഞാൻ. (മൂഢാ നീ മതിയാകുമോ) കാലകേയൻ 5 വല്ലതെന്നാലും തവ വല്ലഭമുണ്ടെന്നാകിൽ കല്യനീ ഝടിതി ശല്യമാശുനര- തല്ലജാദ്യ ഹി തടുക്കസമ്പ്രതി (മൂഢാ നീ മതിയാകുമോ) അർജ്ജുനൻ 6 പോരും പറഞ്ഞതു പോരാളികളിൽ വീര പാരിടത്തിലൊരു വീരനില്ല മമ നേരേനിന്നു പൊരുതീടുവാനധികം (മൂഢാ നീ മതിയാകുമോ) ഇടശ്ളോകങ്ങൾ

ശ്ളോകം 32 മധ്യമാവതി മായാം സമാശ്രത്യതിരോഹിതോരണേ വിവ്യാധസൂതം തുരഗാംച സായകൈഃ സമ്മോഹനാസ്ത്രേണ സസവ്യസാചിനം സമ്മോഹയാമാസ സുരാരിപുംഗവഃ

ശ്ളോകം 33 ജ്ഞാത്വാഥ പാർത്ഥസ്യ തു താമസ്ഥാം ഇത്യാഹ നന്ദീശ്വരമിന്ദുമൗലി: ത്വം ഗച്ഛ സാഹായ്യകൃതേർജ്ജുനസ്യ പ്ളവംഗതാം പ്രാപ്യ യയൗ തഥേതി. രംഗം പതിമൂന്ന്‌ സ്വർഗ്ഗമാർഗ്ഗം മദ്ധ്യമാവതി-ചമ്പ

ശ്ളോകം 34 നന്ദീശ്വരസ്സമുപഗത്യ വിസംജ്ഞമേനം പസ്പർശ പാണിയുഗളേന നിജേന യാവൽ സുപ്തപ്രബുദ്ധമിവ താവദുപസ്ഥിതന്തം ആസ്ഥാതിരേകവനതം നിജഗാദ പാർത്ഥം. 28

വൃത്തം: വസന്തതിലകം പദം 21 നന്ദികേശ്വരൻ: പല്ലവി പൂരുകുലകലശാബ്ധി പൂർണ്ണചന്ദ്ര നൃപേന്ദ്ര പോരും വിഷാദമിനി പൊരുവതിനു പോക നാം ചരണം 1 സമകരഭുവി നിന്നുടയ സാഹായ്യമൻപോടു അമരസമ! ചെയ്‌വതിന്നഹമിവിടെ വന്നു (പൂരുകുല) അർജ്ജുനൻ: പല്ലവി ആശ്ചര്യമിന്നു തവ കരതലസ്പർശനാൽ മൂർച്ഛയുമകന്നു മമ മോദമിയലുന്നു 2 നിശ്ചയമഹോഭവാൻ ദിവ്യനെന്നതു നൂനം ഇച്ഛാമി നാമമെന്തെന്നരുളേണമേ! ആശ്ചര്യ നന്ദികേശ്വരൻ: 3 ചന്ദ്രശേഖരദാസനാകുന്നു ഞാൻ അറീക ചന്ദ്രവംശാഭരണ ചന്തമൊടിദാനീം (പൂരു) 4 നന്ദിയെന്നെന്നുടയ നാമം എന്നകതാരിൽ നന്ദിയോടമരേന്ദ്രനന്ദന ധരിക്ക നീ, (പൂരു) 5 മോഹനാസ്ത്രേണ നീ മോഹിച്ചു വീഴ്കയാൽ ഹാഹന്ത കരുണയാ പ്രേരിതോഹമീശനാൽ (പൂരു) 6 മായകളൊന്നും മയാസഹിതനാം നിന്നിൽ മാരാരികരുണയാ മാനുഷഫലിച്ചിടാ (പൂരു) 7 ആശ്രിതജനങ്ങളിൽ വാത്സല്യം ഇതുപോലെ ആർക്കുള്ളു ജഗതി പരം ആർത്തിഹര നിതരാം (പൂരു) 8 അഹിതനെ കൊൽവതിനു സഹിതോ മയാ ഭവാൻ സഹസാ പുറപ്പെടുക, മതി മതി വിഷാദം (പൂരു)

രംഗം പതിനാല്‌ ഹിരണ്യപുരം ശ്ളോകം 35 പന്തുവരാളി-ചെമ്പട ഹിരണ്യരേതഃപ്രതിമപ്രഭാവന ഹിരണ്യപൂർവം പുരമേത്യവേഗാൽ വലദ്വിഷന്നന്ദന നന്ദിനൗ തൗ ദ്വിഷദ്‌ ബലംയോദ്ധുമുപാഹ്വയേതാം

പദം 22 പന്തുവരാളി-ചെമ്പട അർജ്ജുനൻ. പല്ലവി ദൈത്യേന്ദ്ര പോരിന്നായേഹി ദൈന്യമെന്നിയേ ദൈത്യേന്ദ്ര പോരിന്നായേഹി അനുപല്ലവി. അത്ര വന്നു പൊരുതീടുകിൽ പരമ- നർത്ഥമേവ തവ വന്നുകൂടുമേ (ദൈത്യേന്ദ്ര) ചരണം. നന്നു നന്നു നീ മായയാ മറഞ്ഞെന്നെ ഇന്നു യുധി വെന്നതഞ്ജസാ (ദൈത്യേന്ദ്ര) 2 അത്ര നീ വരികിലാജിചത്വരേ സത്വരം യമപുരത്തിലാക്കിടും (ദൈത്യേന്ദ്ര) 3 കൂർത്തുമൂർത്തശരമെയ്തുനിന്നുടയ ചീർത്ത ദേഹമിഹ കൃത്തമാക്കുവാൻ (ദൈത്യേന്ദ്ര) 4 നീലമേഘനിറമാണ്ടനിന്നുടയ കോലമിന്നു തിലജാലമായ്‌ വരും (ദൈത്യേന്ദ്ര) രംഗം പതിനഞ്ച്‌ യുദ്ധരംഗം ശ്ളോകം 36 ആഹരി-ചെമ്പട ശ്രുത്വാതയോർന്നിനദമാശുതതോസുരോസൗ സേനാപതിർനിരഗമന്നിഖിലായുധാഢ്യഃ ആലോക്യവാനരവപുർദ്ധരമദ്രിതുല്യ- മാഹേദമാഹവപരം പരമേശഭൃത്യം.

വൃത്തം-വസന്തതിലകം പദം 23 സേനാനായകൻ (ആശുതമൻ) പല്ലവി മർക്കട കീട നിനക്കു രണത്തിനു പാർക്കിലൊരർഹതയുണ്ടോ? ചരണം 1 വാക്കുപറഞ്ഞതുകൊണ്ടുരിപൂക്കളെ- യാർക്കു ജയിക്കാമോർക്ക ദുരാത്മൻ മർക്കട നന്ദികേശ്വരൻ പല്ലവി രണഭുവികാണാം പരാക്രമം തവ രണഭുവികാണാം പരാക്രമം ചരണം 2 കൃത്യാകൃത്യവിവേകം നിതരാം ദൈത്യജനങ്ങൾക്കുണ്ടോ പാർത്താൽ ഇത്തരമോരോ വാക്കുകൾ ചൊൽവതു മൃത്യുവശംഗതനായിട്ടല്ലോ (രണഭുവി) അർജ്ജുനൻ 3 ബാഹുബലം പരിചോടുണ്ടെന്നി ട്ടാഹവമാശു തുടങ്ങുകിൽനിന്നുടെ ദേഹമഹം ശരവഹ്നിയിലഴകോ- ടാഹുതി ചെയ്യുന്നുണ്ടിഹ സഹസാ (രണഭുവി) ആശുതമൻ 4 ദിക്കരിവരരുടെ ദുസ്തരമാകിയ മസ്തകതടഭുവിനിസ്തുലമാം കര- വിക്രമമുളവാക്കും ഞങ്ങൾക്കതി- ദുഷ്കരമായിട്ടെന്തോന്നുള്ളു (രണഭുവി) നന്ദികേശ്വരൻ 5 ദുഷ്ടതതടവിന നിങ്ങളെയൊക്കവേ മുഷ്ടികൾ കൊണ്ടു ഹനിപ്പതിനിപ്പോൾ ക്ളിഷ്ടതയൊട്ടുമെനിക്കില്ല, റികതി- ധൃഷ്ടത മതിമതി ദൈത്യന്മാരേ (രണഭുവി) ആശുതമൻ 6 കാർമ്മുകശരധാരികളെന്നുള്ളൊരു ദുർമ്മദമേറിയ നിങ്ങളെയൊക്കെ നിർമ്മഥനം ചെയ്യാനായ്‌ സംഗര കർമ്മം നോക്കീടും ഞാനധുനാ (മർക്കട) നന്ദികേശ്വരൻ 7 അത്രമറുത്തുകരുത്തൊടെതിർത്തൊരു ശക്തിമതാം വരനാകിയ നിൻതല കൂർത്തനഖാഗ്രം കൊണ്ടുപിളർന്നഥ ചീർത്തശരീരമശേഷം കളവൻ (രണഭുവി) ധഏഴാംചരണത്തിന്‌ പാഠഭേദം കൂർത്തനഖാഗ്രം കൊണ്ടിഹനിങ്ങളെ ചീർത്തശരീരമശേഷം രണഭൂവി സത്വരമേവ പിളർന്നുടനന്തക- പത്തനവാസികളാക്കുവനിപ്പോൾ

ഏഴാം ചരണത്തിലെ ഉത്തരാർദ്ധത്തിന്‌ മറ്റൊരു പാഠംഃ

?കയ്ത്തലഹതികൊണ്ടാശുതരേണ തകർത്തീടുന്നൊണ്ടധുനാ ഞാൻപ ഇടശ്ളോകം ശ്ളോകം 37 കൃതാന്തശത്രോരഥ കിങ്കരസ്യ മുഷ്ടിപ്രഹാരേണ വിഭിന്നഗാത്രാഃ ഏകാരിമിത്രത്വമിവോദ്വഹന്തഃ കൃതാന്തപാർശ്വം ദിതിജാസമേയുംഃ രംഗം പതിനാറ്‌ ഹിരണ്യപുരം ശ്ളോകം 38 പന്തുവരാളി-മുറിയടന്ത ഹതാനഥാകർണ്ണ്യഭടാൻസ്വകീയ​‍ാൻ ധൃതായുധോസാവപികാലകേയഃ രണായ സദ്യോഭിജഗാമ പാർത്ഥം തൃണായ മത്വാഭിധധേസ ചൈവം. 38-​‍ാം ശ്ളോകത്തിന്‌ ധപാഠഭേദം ഹതനാഥാകർണ്യഭടാൻ സ്വകീയാൻ ധൃതായുധസ്താവഭികാലകേയഃ രണായ സദ്യോ നിജഗാമപാർത്ഥം തൃണായമത്വാ നിജഗാദചൈവം വൃത്തം-ഉപേന്ദ്രവജ്ര പദം 24 കാലകേയൻ പല്ലവി കണ്ടുകൊൾക മമ ബാഹുപരാക്രമം മണ്ടിടൊല്ല പോരിൽ നീ ചരണം 1 മാനുഷാധമ മറന്നു പോയിതോ നീ മുന്നമെന്നൊടു തോറ്റതാജി തന്നിൽ മാനഹാനിയല്ലയോ വാനരത്തെയി- ന്നാശ്രയിച്ചതു നിശ്ചയം വലുതേ (കണ്ടുകൊൾക) 2 ദൃഷ്ടിഗോചരനായ്‌ വന്നതുമിന്നുതവ ദിഷ്ടബലമിത ദുഷ്ടനര വീര! വാട്ടമറ്റ ശരവൃഷ്ടി കൊണ്ടു യുധി നഷ്ടനായ്‌ വരുമൊട്ടുമേവൈകാതെ (കണ്ടുകൊൾക) അർജ്ജുനൻ 3 മായകൊണ്ടുമറഞ്ഞെന്നെ മോഹിപ്പിച്ച- തുചിതമല്ലിതു ദിജിത പുംഗവ തേ ന്യായമാകുന്നതുമിങ്ങുനിന്നുതന്നെ സമരമമ്പൊടു ചെയ്കനാം വിരവോടെ (കണ്ടുകൊൾക) കാലകേയൻ 4 സംഗരത്തിനായ്‌ വന്ന നീയുമിന്നു സായകങ്ങൾ തടുക്കസമ്പ്രതിമേ തുംഗവീര കുരുപുംഗവാശുതവ ശമനമന്ദിരഗമനമിന്നു ഭവിക്കും (കണ്ടുകൊൾക) അർജ്ജുനൻ 5 ദാനവാടവി ദഹിപ്പതിന്നു ദവ- ദഹനസന്നിഭനഹമവേഹി ദുരാത്മൻ മാനങ്കൊണ്ടു സമരത്തിൽ നിന്നെപ്പൊലെ മായകൊണ്ടു മറഞ്ഞുപോകയുമില്ല (കണ്ടുകൊൾക) കാലകേയൻ 6 വീരനെങ്കിലമർ ചെയ്‌വതിനിടയിൽ വചനകൗശലമെന്തിനായിന്നുതേ വീരവാദം പറഞ്ഞീടുക കൊണ്ടയി വിജയമമ്പൊടു വരികയില്ലിഹന്നൂനം രംഗം പതിനേഴ്‌ ഹിരണ്യപുരം ശ്ളോകം 39 കാമോദരി-മുറിയടന്ത ഹത്വായുദ്ധേ കാലകേയം സസൈന്യം പ്രാപ്തും പാർശ്വം പാകശത്രോഃസസൂതം ബദ്ധശ്രദ്ധം ഗാഢമാശ്ളിഷ്ട്യദോർഭ്യാം പ്രീത്യാപ്രോചേ പാണ്ഡുസൂനും സനന്ദീ

വൃത്തം ശാലിനി പദം 25 പല്ലവി അമിതപരാക്രമസുമതേ! പുണ്യ നിധേ ഭൂമിപതേ ചരണം 1 സ്വാമിസമീപേ തരസാ യാമി ശുഭം ഭവതുതവ (അമിത) അർജ്ജുനൻ പല്ലവി ഖിന്നത വന്നിടായ്‌വാ- നെന്നെയനുഗ്രഹിക്കേണം ചരണം 2 ദൈന്യം കൂടാതെ ഞാൻ ദൈത്യനെ വെന്നതു സഹസാ നിന്നുടെ കൈയൂക്കാലേ യെന്നതിനാലിന്നധികം ധന്യോഹം തവകൃപയാ മാന്യവിഭോ കിംബഹുനാ (ഖിന്നതാ) നന്ദികേശ്വരൻ 3 ഭൂവനമിതിൽ കീർത്തിരിയം ഭുരിതരാം ലസതു ചിരം വിജയസഖേ വിഹരസുഖം നിജസഹജൈരവഭുവനം (അമിത)

രംഗം പതിനെട്ട്‌

ഇന്ദ്രപുരി

ശ്ളോകം 40 ഭൂപാളം-ത്രിപുട ആമന്ത്ര്യയാതേ പരമേശപാർഷദേ ധാമ പ്രപദ്യാഥ പിതുഃകുരൂദ്വഹഃ ജയേതിജീവേതി സുരൈരഭിഷിടുതോ ജഗാദവാചം പ്രണതോർജ്ജുനോഹരിം പദം 26 അർജ്ജുനൻ പല്ലവി - ശ്രൃണുവചോ മേ താത ശ്രൃണുവചോ മേ ചരണം 1 അമരപുംഗവസുരവിരോധി- നിവാതകവചാദികളെയൊക്കയും സമരസീമനി യമപുരത്തി- ലയച്ചു ഞാന തവ കരുണയാ (ശ്രൃണുവചോ) 2 കാലകേയ മുഖാസുരാനപി കാലഗേഹാതിഥികളാക്കി ഞാൻ ബാലചന്ദ്രാഭരണകിങ്കര- ബാഹുബലമവലംബ്യ സഹസാ (ശ്രൃണുവചോ) ഇന്ദ്രൻ 3 സ്വസ്തി ഭവതു തവാദ്യ വയമപി ചിത്തശോക വിഹീനരായിഹ പത്തനേ കദിചിദ്ദിനാനി വസിച്ചുപോകയഥാസുഖം (സ്വസ്ഥി)

ശ്ളോകം 41 മാനിതോമരവരേണപാണ്ഡവഃ കാനിചിൽ ഖലുദിനാനി തൽപുരേ ശ്രീനിവാസ ചരണാംബുജം സ്മരൻ മാനിനാമപി വരോവസൽ സുഖം