Jump to content

നിഴലുകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഗീതിക 1

വിജയദേവതേ! മൽ ജീവിതത്തിലെ
വിജനതകളെപ്പുൽകാത്തതെന്തു നീ?

അവയെ മുടുന്നൊ രന്ധകാരങ്ങളെ-
അവനലോലുപേ, പുൽകാത്തതെന്തു നീ?

വ്രണിത ചിത്തത്തിൽ വിങ്ങിത്തുളുമ്പുമെൻ
പ്രണയഗദ്ഗദം കേൾക്കാത്തതെന്തു നീ?

നിരുപമോജ്വലേ, നിന്നാഗമോത്സവം
കരുതിയെന്തും സഹിക്കാനൊരുങ്ങി ഞാൺ.

പരിധിയില്ലേ മനസ്സുപൊള്ളിക്കുമി,
പ്പരമഘോരപരീക്ഷയ്ക്കൊരിക്കലും?

പരിഹസിച്ചു ചിരിക്കയാണെന്നെ, യെൻ
പരിസരത്തിൻ ഹൃദയമില്ലായ്മകൾ!

--അവശനാണുഞാ, നാലംബഹീനനാ-
ണെവിടെ, യെങ്ങെങ്ങൊളിച്ചിരിക്കുന്നു നീ?

ഗീതിക 2

കാലമിമ്മട്ടു കടന്നുപോകും
കാണുന്നതോരോന്നകന്നുമായും;

അത്രയ്ക്കടുത്തവർ നമ്മൾപോലു-
മശ്രു വാർത്തങ്ങനെ വേർപിരിയും,

ജീവിതം, ജീവിതം, സ്വപ്നമാത്രം!
കേവലമേതോ നിഴലുമാത്രം!

ഉൽക്കടചിന്തയും കണ്ണുനീരു-
മുഗവിഷാദവും വേദനയും;-

എന്നാലവയ്ക്കിടയ്ക്കങ്ങുമിങ്ങും
മിന്നിപ്പൊലിയുന്ന പുഞ്ചിരിയും!-

ആരാരിപ്രശ്നമപഗഥിക്കും?
ആരിതിൻസത്യം തിരെഞ്ഞെടുക്കും?

--ഈമണൽക്കാട്ടിലീമൂടൽമഞ്ഞിൽ
നാമെന്തിനന്യോന്യംകണ്ടുമുട്ടി? ...


ഗീതിക 3

പൂതാനുരാഗാർദ്രചിന്താശതങ്ങളാൽ
പൂവിട്ടു പൂവിട്ടു പൂജിച്ചു നിന്നെ ഞാൻ.

ചൊല്ലാതറിയാമെനിക്ക,പ്പരമാർത്ഥ-
മെല്ലാം ഗഹിക്കാതിരുന്നവളല്ലനീ.

നിർദ്ദയ, മെന്നിട്ടു, മെന്നെ, നിശ്ശൂന്യമാം
നിത്യനിരാശയ്ക്കടിമപ്പെടുത്തി നീ!

"എന്നോടരുതിതെ',ന്നെത്രകേണിട്ടുമെ-
ന്തൊന്നുമറിയാത്ത ഭാവം നടിച്ചു നീ.

ഹാ, കഷ്ട, മൊറ്റയ്ക്കിരുന്നുപലപ്പൊഴും
ലോകമറിയാതെപൊട്ടിക്കരഞ്ഞു ഞാൻ

സങ്കൽപസായൂജ്യഭാഗ്യവുംകൂടി, വ-
ന്നെൻകൈയ്യിൽനിന്നിതാ തട്ടിപ്പറിച്ചു നീ!

--എങ്കിലും നിസ്തുലനിത്യാനുഭൂതികൾ
തങ്കക്കിനാവേ!, നിനക്കു നേരുന്നു ഞാൻ!! ...



ഗീതിക 4

ഴകൊരുപൊൻപൂവുടലാർന്നു വന്നാ-
ലവളുടെപേരാകും വിളിച്ചുപോകും.

അമരപുരിതന്നിലുംകൂടിയെങ്ങു-
മതിലുപരിയായില്ലൊരോമനത്തം.

വനകുസുമം പോലതുനിന്നുവാടാ-
നനുമതിയേകീടുന്നതാരുലകിൽ?

സ്വയമുദയരശ്മിയൊന്നാടിയെത്തി-
"പ്രിയകരമേ!",യെന്നു വിളിച്ചീടുമ്പോൾ

വിരസത കാണിച്ചുപിൻമാറിടുന്ന-
തൊരുവലിയസാഹസമായിരിക്കും.

ഹരിതരുചി പാണ്ഡുരമാക്കിമാറ്റാൻ
വിരുതിയലും വഞ്ചകനാണുകാലം!

--അരുതരുത, തോർക്കാതെചൊന്നതാംഞാ-
നണയരുതാമാറ്റം നിനക്കുമാത്രം!! ...


ഗീതിക 5

നിശ്ശേഷമെന്നെ നീ വിസ്മരിച്ചീടി,ലീ
നിശ്ശബ്ദദു:ഖം പിന്നാരറിയും?

ഉണ്ടൊരാളെല്ലാമറിയുവാനെങ്കി,ലേ-
തിണ്ടലും പാതി ശമിച്ചുപോകും.

അസ്സമാശ്വാസവും നൽകാൻകനിവെന്നി-
ലപ്സരസ്സേ! നിനക്കില്ലയെന്നോ?

ദുസ്സഹംതന്നെയാണീയനുവർത്തനം
മത്സഖീ! നീയിതുകൈവെടിയൂ!

ആനന്ദിച്ചാനന്ദിച്ചൊന്നിച്ചിരിക്കേണ്ട-
താണീ മനോജ്ഞവസന്തമാസം!

മുല്ലപ്പൂപോലുള്ളീപ്പൂനിലാവിന്നു, നീ-
യില്ലെങ്കി,ലില്ലൊരുവശ്യതയും!

--പാഴി,ലതൊക്കെക്കൊതിപ്പതെന്തിന്നു ഞാൻ
പാടേ നീയെന്നെ മറന്നുവെങ്കിൽ? ....

ഗീതിക 6

നുഭവങ്ങളേ! നിങ്ങളിനിമേ-
ലനുവദിക്കില്ലാസ്വപ്നംരചിക്കാൻ!

മധുര ചിന്തകൾ ചാലിച്ച ചായം
വിധി മുഴുവനും തട്ടിക്കളഞ്ഞു.

സതതമെൻ മനം നോവിച്ചു മാത്രം
സഹകരിപ്പതുണ്ടിപ്പൊഴും കാലം!

വെറുതെയാണിപ്പരിഭവം-മേലിൽ
ശരി, യൊരിക്കലും ദു:ഖിച്ചിടാ ഞാൻ!

ഹതനെനിക്കതു സാദ്ധ്യമോ?-വീണ്ടു-
മിതളുതിർന്നതാ വീഴുന്നു പൂക്കൾ!

ഇവിടെ യെല്ലാ മിരുട്ടാണു, കഷ്ട-
മെവിടെ, നിത്യതേ! നിൻ രത്നദീപം?

--നിയതിയെങ്കാതിൽ മന്ത്രിപ്പു പേർത്തും:
"നിഖില,മയ്യോ,നിഴലുകൾ മാത്രം!! ...."


ഗീതിക 7

ർക്കുമ്പോഴേയ്ക്കും പുളകമുണ്ടാക്കുന്ന
പൂക്കാലമെന്നുവിളിക്കിലോനിന്നെ ഞാൻ?

തുംഗാനുഭൂതിയിൽമുക്കും മുരളികാ-
സംഗീതമെന്നുവിളിക്കിലോനിന്നെ ഞാൻ?

മാനത്തു മൊട്ടിട്ടുനിന്നു ചിരിക്കുന്ന
മാരിവില്ലെന്നു വിളിക്കിലോനിന്നെ ഞാൻ?-

പോരവയെല്ലാമപൂർണ്ണങ്ങളെങ്ങുനിൻ
ചാരിമ,പാടി;ല്ലനുപമയാണു നീ!

ഇത്രയ്ക്കുലുബ്ധോ നിനക്കസ്സുഷമയി-
ലിത്തിരിപോലുമൊന്നാസ്വദിപ്പിക്കുവാൻ?

ലോഭമില്ലായ്മയാണംബപ്രകൃതി നി-
ന്നാഭയേകുന്നതിൽകാണിച്ചതേമാമലേ!

--ഈലുബ്ധുമൂലമവളൊടും നീടുറ്റ
കാലത്തിനോടും കൃതഘ്നയാകൊല്ലനീ!! ...


ഗീതിക 8

പോയതാണിനിവീണ്ടുമെത്താത്തവിധംവിട്ടു-
പോയതാണാരമ്യമാമുന്മാദോജ്വലരംഗം!

എന്നെന്നുമെൻകാൽച്ചോട്ടിലമർത്തിപ്പിടിക്കാമ-
തെന്ന വിശ്വാസമ്മൂലം ഞാനഹങ്കരിച്ചല്ലോ!

വിമലേ! നീയെൻനേർക്കുകാട്ടിയ വിധേയത്വം
വിഗണിച്ചുഞാൻ വെറും ദാസ്യഭാവത്തെപ്പോലെ!

അധികാരത്താലന്നുകീഴടക്കിഞാൻ നിന്നെ
വിധിയോ തരം നോക്കിക്കാത്തുകാത്തിരിപ്പായി

ഇന്നിതാവിധിയുടെചവിട്ടേറ്റടിതെറ്റി
മണ്ണിൽവീണടിഞ്ഞെന്റെജീവിതമ്പിടയ്ക്കുന്നു.

നിർജ്ജിതനാണാർക്കുമെന്നുള്ളൊരെന്നൗദ്ധത്യത്തെ
മൽജീവരക്തത്തിനാൽ കുങ്കുമം ചാർത്തിപ്പൂ ഞാൻ!

--കനിവിങ്കണ്ണീരിനാലിനിയെന്നപരാധം
കഴിയുംനിനക്കെങ്കിൽകഴുകിക്കളഞ്ഞേയ്ക്കു!! ...


ഗീതിക 9

ജീവിതത്തിൻവനികയെപ്പുൽകി-
പ്പൂവണിയിച്ചോളാണു നീ.

ഗാനരൂപിണി! മോഹിനി! മമ
പ്രാണനുംപ്രാണനാണു നീ.

എന്നിട്ടീവിധമെന്തിനായ്സ്വയ-
മെന്നെവിട്ടുപിരിഞ്ഞു നീ?

ഉണ്ടെനിക്കു നീതന്നൊരാമലർ-
ച്ചെണ്ടുകളൊക്കെയിപ്പൊഴും.

വാടിവാടിക്കരിഞ്ഞുവെങ്കിലും
വാസന നശിച്ചെങ്കിലും,

കാത്തുസൂക്ഷിച്ചിട്ടുണ്ടവയെല്ലാം
കാഞ്ചന നിധിപോലെ ഞാൻ!

--പാരി,ലോമലേ, നിൻപ്രണയത്തിൻ
സ്മാരകമാണപ്പൂവുകൾ!! ...


 ഗീതിക 10

നുമതി മാത്രംതരികപോകുവാ-
നനുപമേ! വേഗമിവനു നീ!

ഹരിതകാന്തികൾവിതറിവീശിയ
സുരഭിലസ്വപ്നവനികയിൽ

വിരഹഭീതി വിട്ടഴകിൽകൈകോർത്തു
വിഹരിച്ചില്ലേ നാം ചിരകാലം?

ഉലകിതിൽസ്വർഗ്ഗംവിരചിച്ചങ്ങനെ
പുളകംകൊണ്ടില്ലേചിരകാലം?

പലപോതും നമ്മൾ മുഴുകിമുങ്ങീലേ
പരമനിർവ്വാണലഹരിയിൽ?

ഹതവിധിമൂലമ്പിരികിലെന്തു?-നാം
കൃതകൃത്യന്മാരാണവനിയിൽ!

--അതിനാ,ലോമലേ! തടയല്ലേ, തരി-
കനുമതി പോകാനിവനു നീ!


ഗീതിക 11

മനീയതയാലൊരൽപനേരം
കവിതകാണിച്ചുനീയെന്റെ മുൻപിൽ!
ക്ഷണികമാണെങ്കിലെ ന്താനിമേഷം
പ്രണയപ്രഭാമയമായിരുന്നു.

അതിനുള്ളിലായിരം പൊൻകിനാക്കൾ
കതിർ വീശിവീശിത്തളിർത്തുനിന്നു.

ഉലകിനെപ്പാടേ മറക്കുമാറൊ-
രലഘുപ്രശാന്തി ഞാനുമ്മവച്ചു;

പരശതം ജന്മങ്ങൾ കൊണ്ടുനേടും
പരമപുണ്യം ഞാനനുഭവിച്ചു.

ചരിതാർത്ഥതവന്നൊതുങ്ങി നിന്നെൻ
ചരണങ്ങൾ പുൽകിപ്പരിചരിച്ചു!

--അനഘനിമേഷമേ!ഹാ, നിനക്കൊ-
ന്നിനിയുമെൻചാരത്തു വന്നുകൂടേ? ...



ഗീതിക 12

ണ്ണുപോൽ കരൾക്കാമ്പും കവരാൻ കഴിയുന്ന
വെണ്ണിലാവെന്നോണമെൻ ജീവിതത്തിൽ നീയെത്തി.

തെല്ലിടയ്ക്കുള്ളിൽ കൊടുംതിമിരംനീങ്ങി, പ്രഭാ-
തല്ലജമൊന്നങ്ങെല്ലാംകുളിർക്കൈക്കളിയാടി.

കണ്ടുഞാൻ ശരിയായിട്ടാവെളിച്ചത്തിൽ, തങ്ക-
ച്ചെണ്ടിട്ടുനൃത്തംചെയ്യുമായിരമുൽക്കർഷങ്ങൾ!-

അവയത്തപ്താശ്രുക്കളിറ്റിറ്റുവീഴുംകണ്ണാ-
ലവലോകനംചെയ്കെ പ്പുളകാങ്കിതനായ് ഞാൻ!

ലജ്ജിക്കും നവോഢയെപ്പോലെയെൻ നേരേനോക്കാ-
തുജ്വലാംഗിയാം ഭാഗ്യം നമ്രശീർഷമായ് നിൽപൂ!

എന്റെകാൽപ്പെരുമാറ്റമെങ്ങാനും കേട്ടാൽപക്ഷേ
തന്റേടമറ്റാപ്പാവമങ്ങോടിക്കളഞ്ഞാലോ!

--ദൂരത്തുനിന്നുംകൊണ്ടുനിന്റെ സൗന്ദര്യംകണ്ടു
ചാരിതാർത്ഥ്യത്തിൻ മണിവീണ ഞാൻ മീട്ടിക്കൊള്ളാം!! ...


ഗീതിക 13

ലോകമേ! വെറുംഭിക്ഷുവെപ്പോ,ലെന്നെ-
"പ്പോക,പോക,' യെന്നാട്ടിയോടിച്ചു നീ!

ഒന്നുവിശ്രമിച്ചീടുവാൻകൂടിയും
തന്നതില്ലെനിക്കു നീ സമ്മതം.

ജീവിതത്തിന്തെരുവി, ലവശനാ-
യാവെയിലത്തലഞ്ഞുനടന്നു ഞാൻ!

അന്തിമാരുണനായിരംരശ്മികൾ
ചിന്തിയെന്നെത്തഴുകുന്നവേളയിൽ,

ചന്ദ്രലേഖകിളർന്നെന്റെമേനിയിൽ
ചന്ദനച്ചാറുപൂശുന്നവേളയിൽ,

നീ കുശലംതിരക്കിവരുന്നുവോ
നീതിയില്ലാത്ത നിഷ്ഠൂരലോകമേ?

--പോക,പോകെനിക്കാവശ്യമില്ല, നീ
യേകുവാൻ നീട്ടുമിക്കീർത്തിമുദ്രകൾ!


ഗീതിക 14

സ്വർല്ലോകഹർഷംനുകർന്നു നാം വാണൊരാ-
നല്ലകാലം, നീ മറന്നുപോയോ, സഖീ?

രാവുമ്പകലും കളിയും ചിരിയുമായ്
മേവിയതെല്ലാം മറന്നുപോയോ, സഖീ?

ആവിർഭവിച്ചതൊട്ടത്ഭുതംതോന്നിയോ-
രാവസന്തം, നീ മറന്നുപോയോ, സഖീ?

സല്ലീലമായിരം സ്വപ്നങ്ങൾ കണ്ടൊരാ-
സ്സല്ലാപരംഗം, മറന്നുപോയോ, സഖീ?

അന്നെന്നൊടായിരം പ്രേമശപഥങ്ങൾ
ചൊന്നതെല്ലാം, നീ മറന്നുപോയോ, സഖീ?

സ്വർഗ്ഗലോകത്തും സുലഭമല്ലാത്തൊരാ-
സ്വപ്നോത്സവം, നീ മറന്നുപോയോ, സഖീ?

--ഇല്ല, നീമായ്ക്കിലും മായുന്ന-
ത, ല്ലാലസൽച്ചിത്രമൊന്നുമൊരിക്കലും!! ...



ഗീതിക 15

മിച്ചുനിന്നെ ഞാൻ തിരിച്ചവേളയിൽ
വമിച്ചു ലോകമൊരസൂയ തൻ വിഷം.

പതിച്ചുമേൽക്കുമേലുയർന്നെരിഞ്ഞിടു-
മതിൻ ചിതയിലെൻ ശിഥില ശാന്തികൾ!

അവ തൻജീർണ്ണിച്ച ശവത്തറയിന്മേ-
ലവഗണിതനായിരിക്കയാണു ഞാൻ!

കടന്നുപോകുന്നു ദിനങ്ങളോരോന്നെൻ
പടിക്കൽക്കൂടിയൊരലസഭാവത്തിൽ.

കരുണയില്ലവയ്ക്കെനിക്കുനൽകുവാ-
നൊരു സമാധാനകണികയെങ്കിലും.

പലപലജോലിത്തിരക്കുകൾമൂലം
പരതന്ത്രന്മാരുമിവന്റെ കൂട്ടുകാർ!

--വിഷാദമഗ്നമാം വിജനതമാത്രം
വിലാപപൂർണ്ണമാം വിവശതമാത്രം!! ....



ഗീതിക 16

ന്തതമീവിധമെൻ മനമോരോരോ
സന്തപ്ത ചിന്തയിൽ നീറിനീറി,

മന്നിന്റെ നിർദ്ദയഭാവംകണ്ടെപ്പൊഴും
കണ്ണിണപേർത്തും നിറഞ്ഞൊഴുകി,

പാഴിലീ നശ്വര നാടകശാലയിൽ
ഞാനുമെൻ രംഗമഭിനയിപ്പൂ!

ഒന്നല്ല, രണ്ടല്ല കാണികളായിരം
മുന്നിലുണ്ടെന്നെത്തുറിച്ചുനോക്കാൻ.

ഇല്ലെനിക്കൊട്ടുമഭിനയപാടവ-
മില്ലൊരുലേശവും ഗാനഭാഗ്യം

നിസ്തുലകാഞ്ചനകല്ലോലിതോജ്വല
വസ്ത്രവിഭൂഷിതഗാത്രനല്ല!

--ഇമ്മട്ടിലാണെങ്കിൽ ഞാനെന്റെഭാഗംപി-
ന്നെങ്ങിനെയൊന്നുകഴിച്ചുകൂട്ടും?



ഗീതിക 17

നുപദം മണിനൂപുരശിഞ്ജിത-
മനുഗമിക്കുമാറാടിക്കുഴഞ്ഞിദം,

ക്ഷണികമാമൊരു നിർവൃതിതൻ കുളിർ
ത്തണലിലെന്നെ ത്തലോടിയുറക്കുവാൻ

അലസ, മേകയാ, യെങ്ങുപോകുന്നു നീ-
യലഘുസൗന്ദര്യസാരസർവ്വസ്വമേ?-

പ്രണയലോലയായ് സ്വർഗ്ഗലോകത്തുനി-
ന്നണയുമത്ഭുതസ്വപ്നമല്ലല്ലി നീ?

അനഘമാമിപ്രപഞ്ചമതേപടി-
ക്കരഞൊടിക്കുള്ളിലെന്നിലടക്കുവാൻ,

കഴിവെഴുമാറൊളിഞ്ഞുകിടപ്പതാ-
ക്കടമിഴിക്കോണിലേതു ശാകുന്തളം?

--ഹൃദയ പൂർവ്വകം പ്രാർത്ഥിപ്പു ഞാൻ, നിന
ക്കതുലസൗഭാഗ്യദിവ്യാനുഭൂതികൾ!! ....


ഗീതിക 18

ചിന്തകൾ സൗരഭമെമ്പാടും വീശിയോ-
രന്തരീക്ഷത്തിങ്കലങ്ങുമിങ്ങും

പാടിപ്പറക്കുകെൻ ചിത്ത വിഹംഗമേ!
പാടിപ്പറക്കു, നീ, വീതശങ്കം!

കാർമുകിലോരോന്നൊഴിഞ്ഞൊഴിഞ്ഞുജ്വല
വാർമതിലേഖ കിളർന്നുപൊങ്ങി

ശാന്തി,പരിപൂർണ്ണശാന്തി, നിരഘമാം
കാന്തിപ്രസരം പരക്കെ വീശി.

പൊൻ ചിറകേവമൊതുക്കിയിരുന്നിനി-
സ്സന്തപിച്ചൊട്ടും നീ കേണിടേണ്ട.

പാടിപ്പറക്കുകെൻ ചിത്തവിഹംഗമേ!
പാടിപ്പറക്കു നീ, നിർവിശങ്കം!

--നിർഗ്ഗളിച്ചീടട്ടേ, നിന്നിൽനിന്നായിരം
നിസ്തുലരാഗത്തിൻ ഗാനപൂരം!! ....


ഗീതിക 19

രണമെത്തിയലങ്കരിക്കട്ടെയെൻ
മഹിതശോഭമാം കല്ല്യാണമണ്ഡപം!

വരസമാഗമം കാത്തുകാത്തക്ഷമം
വരണമാലയുമേന്തി വാഴുന്നു ഞാൻ.

കലിതകൗതുകം ഞങ്ങൾ പരസ്പരം
കരപുടംകോർത്തുനിൽക്കുമാരംഗവും;

അമിതരാഗമാർന്നന്യോന്യവിക്ഷണ-
മനുഭവിക്കുമാനന്ദശാന്തിയും,

ഉടലെടുക്കുമാറുണ്ടുപലപ്പൊഴു-
മുലകിൽ മാമക സങ്കൽപവേദിയിൽ!

ഉണരുമാദരാൽ ഞങ്ങൾതൻ ശാശ്വത-
പ്രണയസാന്ദ്രപ്രഭാതാഗമത്തിൽ ഞാൻ!

--ഇരുളിൽ നിന്നിതാമുക്തയാ, യുജ്വല
കിരണധാരയിൽ മുങ്ങുകയായി ഞാൻ!!

"https://ml.wikisource.org/w/index.php?title=നിഴലുകൾ&oldid=52256" എന്ന താളിൽനിന്ന് ശേഖരിച്ചത്