നല്ല മാതാവേ മരിയേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

(മേയ് മാസത്തിൽ മാതാവിന്റെ "വണക്കമാസത്തിന്റെ" ഭാഗമായി കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിലും ഭവനങ്ങളിലും പാടുന്ന ഒരു ഗാനം)

നല്ല മാതാവേ മരിയേ
നിർമ്മല യൗസേപ്പിതാവേ ..(2)

നിങ്ങളുടെ പാദപങ്കജത്തിൽ
ഞങ്ങളെ വച്ചിതാ കുമ്പിടുന്നേൻ (നല്ല മാതാവേ മരിയേ..)

ആത്മ ശരീരേന്ദ്രിയങ്ങളായ
ധീസ്മരണാദിവശങ്ങളേയും
ആയവറ്റിൻ ഫലകർമ്മങ്ങളും
പോയതുമുള്ളതും മേലിലേതും
കണ്ണുതിരിച്ചു കടാക്ഷിച്ചതിൽ
തണ്യതുസർവ്വമകറ്റിക്കൊണ്ട്
പുണ്യമായുള്ളതു കാത്തവറ്റാൽ
ധന്യരായ് ഞങ്ങളെയാക്കീടുവിൻ

മുൻപിനാൽ ഞങ്ങളെക്കാത്തുവന്ന
തുമ്പം തരും ദുഷ്ടപാതകരാം
ചൈത്താന്മാർ ഞങ്ങളെ കാത്തിടുവാൻ
ചത്താലും ഞങ്ങൾക്കതിഷ്ടമല്ല
ആ ദുഷ്ടർ ഞങ്ങളെ കാത്തീടുകിൽ
ഹാ കഷ്ടം ഞങ്ങളെ ദുഷ്ടരാക്കി
ഇമ്പം കാണിച്ചു പ്രീ‍യം വരുത്തി
പിൻ‌പവർ ഞങ്ങളെ നാശമാക്കും

അയ്യോ മാതാവേ പിതാവേ അവറ്റേ
അയ്യായിരം കാതം ദൂരമാക്കി
ഞങ്ങളെ കൈകളിൽ താങ്ങിക്കൊണ്ട്
നിങ്ങടെ പുത്രനോ ചേർത്തുകൊൾവിൻ (നല്ല മാതാവേ മരിയേ..)

"https://ml.wikisource.org/w/index.php?title=നല്ല_മാതാവേ_മരിയേ&oldid=209823" എന്ന താളിൽനിന്ന് ശേഖരിച്ചത്