Jump to content

ദിവ്യഗീതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ക്രൈസ്തവവേദഗന്ഥത്തിൽ സോളമന്റെ ജീവചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന് 700 രാജ്ഞിമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും ഉത്തമമായി കീർത്തിക്കപ്പെടുന്ന ഒന്നത്രേ "സൊങ് ഒഫ് സൊങ്സ്" (ദിവ്യഗീതം). ഇതിനു ജയദേവകവിയുടെ 'ഗീതാഗാവിന്ദ' വുമായി വലിയ സാദൃശ്യമുണ്ടെന്നാണ് അത് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള ആദാം ക്ലാർക്കിന്റെ അഭിപ്രായം. ഗീതാഗാവിന്ദത്തിന്റെ മറ്റൊരു പരിഭാഷകൻ എഡ്വിൻ ആർനോൾഡാണല്ലോ.
അദ്ദേഹം ഇവയ്ക്കുതമ്മിൽ എന്തെങ്കിലുംåശദൃശ്യമുണ്ടോ എന്നു ചിന്തിച്ചിട്ടില്ല. ഏതായാലും ക്ലാർക്കിന്റെ അഭിപ്രായത്തെ ഞാനിവിടെ വിമർശിക്കണമെന്നു വിചാരിക്കുന്നില്ല. ലോകോത്തരമായ ഒരു മിസ്റ്റിക് കൃതിയായിട്ടാണ് ഇതിനെ പാശ്ചാത്യലോകം വാഴ്ത്തിയിട്ടുള്ളത്. ക്രൈസ്തവവേദഗന്ഥവും അതിനെക്കുറിച്ചുള്ള വിവിധവ്യാഖ്യാനങ്ങളും പരിശോധിച്ചുനോക്കുമ്പോൾ ഈ അനുമാനത്തിന് ഒന്നുകൂടി ബലം കിട്ടുന്നുണ്ട്. സഭയ്ക്കു ക്രിസ്തുവിനോടൂള്ള പ്രേമമാണ് ഇതിലെ പ്രതിപാദ്യത്തിന്റെ ജീവനാഡിയെന്നു സ്ഥാപിക്കുവാനാണ് ബൈബിളിന്റെ ശ്രമം. ഇതിനെക്കുറിച്ച് എനിക്കുള്ള അഭിപ്രായം എന്റെ ഗീതഗാവിന്ദപരിഭാഷ(ദേവഗീത)യിൽ ഞാൻ വിസ്തരിച്ചു പ്രതിപാദിക്കുന്നതാണ്. ഏതായാലും ഒന്നുമാത്രം ഞാൻ ഇവിടെ സൂചിപ്പിക്കുന്നു. ഐഹികമായ ഒരസ്തിവാരത്തിന്മേലാണ് ഈ മോഹനമായ കലാഹർമ്മ്യം സോളമൻ ചക്രവർത്തി കെട്ടിപ്പടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രണയാത്മകമായ ജീവിതാനുഭവം ഈ കാവ്യത്തിന് ഉത്തേജകമായി നിൽക്കുന്നുമുണ്ട്

ഒരു ഘോഷയാത്രാവസരത്തിൽ സർവ്വംഗസുന്ദരിയായ ഒരജപാലകന്യകയെ ഒരു നോക്കൊന്നുകാണുവാൻ ചക്രവർത്തിക്കിടയായി. അവളുടെ കുലീനസൗന്ദര്യം അദ്ദേഹത്തെ എന്തെന്നില്ലാതാകർഷിച്ചു. അവളെ വിവാഹം കഴിക്കുവാൻ ആശിച്ച് അദ്ദേഹം തന്റെ ഇംഗിതം അവളെ അറിയിക്കുകയുണ്ടായി. എന്നാൽ അവളാകട്ടെ മറ്റൊരു പ്രഭുകുമാരനിൽ അനുരക്തയായിരുന്നു. ചക്രവർത്തി അവളെ തന്റെ കൊട്ടാരത്തിൽകൊണ്ടുവന്നു താമസിപ്പിച്ചു. അവിടത്തെ ആഡംബരപരിപൂർണ്ണമായ ജീവിതം അവൾക്കൊരു മാനസാന്തരമുണ്ടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വ്യാമോഹം. രാജ്ഞിമാരും വെപ്പാട്ടികളും സദാ ചക്രവർത്തിയുടെ ഗുണഗണങ്ങൾ അവളുടെ മുൻപിൽ വാഴ്ത്തിക്കൊണ്ടിരുന്നു. പക്ഷേ, ഏരെനാൾ കഴിഞ്ഞിട്ടും അവളുടെ മനസ്സിന് അണുപോലും ചാഞ്ചല്യമുണ്ടായില്ല. ഒടുവിൽ ഗുണവാനായ സോളമൻ അവളുടെ അടിയുറച്ച പ്രണയത്തിൽ അദ്ഭുതപ്പെട്ട് അവളെ അവളുടെ കാമുകനുതന്നെ വിവാഹം കഴിച്ചുകൊടുത്തു. ഐഹികമായ ഈ പ്രണയാത്മകസംഭവത്തിൽനിന്നു സംജ്ഞാതമായ വികാരവീചികളാണ് ഈ കമനീയകലാശിൽപത്തിൽ ഉടനീളം സ്പന്ദിച്ചുകൊണ്ടിരിക്കുന്നതെന്നു കാണാം.... ആദ്ധ്യാത്മീകമായ ഒരർത്ഥം ഇതിനു കൊടുത്തുകൊണ്ട് ഈ കൃതിയെ വ്യാഖ്യാനിച്ചുവരുന്നതിൽ എനിക്കാക്ഷേപമില്ല. പക്ഷേ, അങ്ങനെ വ്യാഖ്യാനിക്കപ്പെട്ടില്ലെങ്കിൽപ്പോലും കലാപരമായി ഈ കൃതിക്ക് ഒരിടിവും തട്ടാനില്ലെന്ന് ഊന്നിപ്പറയേണ്ടിയിരിക്കുന്നു എന്നുമാത്രം.

മൂവ്വായിരത്തിലധികം സംവത്സരം പഴക്കമുള്ള ഈ കാവ്യത്തിന്റെ പുതുമ ഇന്നും നശിച്ചിട്ടില്ലെങ്കിൽ, ഇതൊരദ്ഭുത കലാസൃഷ്ടിതന്നെയാണെന്ന് ആരും സമ്മതിക്കും. ഈ വിശിഷ്ടകൃതി എന്റെ എളിയ കഴിവനുസരിച്ച് മലയാളത്തിലേക്ക് വിവർത്തനംചെയ്യാൻ സാധിച്ചതിൽ എനിക്കു സന്തോഷമുണ്ട്.

-ചങ്ങമ്പുഴ കൃഷ്ണപിള്ള.

  • ഗീതം ഒന്ന്


വരാഗം വയിനിലും മധുരം-തന്നധരത്താ-
ലവനെന്നിൽച്ചൊരിയട്ടേ ചുംബനങ്ങൾ!
തവ വിവിധ മഹിതതരലേപനദ്രവ്യങ്ങൾ
തടവീടും സൗരഭ്യലഹരികളാൽ;
അമിതസുഖമരുളുമൊരുലേപനധാരപോ-
ലമൃതമയമാണു നിൻ നാമധേയം.
അതുമൂലം നിൻ പേരിലനുരാഗമകതാരി-
ലണിയുന്നിതതിദിവ്യകന്യകകൾ!

സദയം നയിച്ചീടുകെന്നെ നീ, നിൻ പുറകേ
സതതം, ഹാ, ഞങ്ങൾ കുതിച്ചുകൊള്ളാം.
ധരണീന്ദ്രൻ നിജമണിയറകളിലേക്കെന്നെ-
പ്പരിചിനോടലിവിയന്നാനയിച്ചു.
കുതുകം വളർന്നലം ഞങ്ങൾ നിൻ വേഴ്ചയിൽ
മതിമറന്നങ്ങനെ വാണുകൊള്ളാം.
തരളിതഹൃദയരായ് വയിനിനേക്കാളധികം
തവമധുരപ്രേമം സ്മരിച്ചുകൊള്ളാം.
കരളിലൊരു ലേശവും കപടമിയലാത്തവർ
കരുതുന്നൂ ഹൃദയേശ്വരനായി നിന്നെ!

നീളെയെഴും കേദാറിൻ[1] പടകുടികളെപ്പോലെ
സോളമണി [2] ൻ യവനികകളെന്നപോലെ;
അസിതാംഗിയാകിലുമഴകുള്ളോളാണു ഞാ-
നറിയുവിൻ ജറുസല [3] തനയകളേ!
അരുതെന്നെ നോക്കിടേണ്ടസിതാംഗിയാണു ഞാ-
നെരിവെയിലേറ്റേറ്റു വളർന്നവൾ ഞാൻ.
മമ ജനനിതൻ മക്കൾക്കെല്ലാർക്കുമെന്നോടു-
മനതാരിലതികോപമായിരുന്നു.
കനിവറ്റവരാണവരവരെന്നെ മുന്തിരി-
ക്കനിവനികൾ കാക്കുവാങ്കവലിട്ടു.
തരമായതില്ലെന്നാൽ കാക്കാനെനിക്കയ്യോ,
തനതാമെൻ മുന്തിരിത്തോപ്പു മാത്രം!


അയി ജീവനായകാ, പറയുകെന്നോ, ടെങ്ങാ-
ണവിടുന്നു മേയ്ക്കുന്നതാടുകളെ?
അരുളുകെന്നോ, ടതുപോലെങ്ങാണു വിശ്രമ-
മരുളുന്നതങ്ങവയ്ക്കുച്ചനേരം?
അരനിമിഷമെങ്കിലുമങ്ങയെപ്പിരിയുവാ-
നരുതാതനാരതമാത്തമോദം;
അരികത്തമരുന്നോരജയൂഥങ്ങളെ വേർപെട്ടി-
ട്ടകലുമൊന്നായെന്തിനലയണം ഞാൻ?
അയി, രമണിമാർകുലമൗലിമാലേ, നിന-
ക്കറിവീലങ്ങെത്തേടും വഴികളെങ്കിൽ;
പതറായ്ക ലേശം, നീ പൊയ്ക്കൊൾകജങ്ങൾതൻ
പദപാതരേഖകൾ നോക്കി നോക്കി!
അജപാലകവസിതോടജനികരങ്ങൾക്കരികിൽ, നി-
ന്നജകിശോരങ്ങളെ മേയ്ക്കുക നീ!
അണിയായ് ഫരാവോ[4] തൻ തേരുകളിൽ പൂട്ടുന്നോ-
രഴകാളുമശ്വസംഘത്തോടൊപ്പം;
ഉദിതകൗതൂഹലം ഭവതിയെസ്സസ്പൃഹ-
മുപമിച്ചിരിപ്പൂ ഞാൻ ജീവനാഥേ!

മണിമുത്തുകളണിയിട്ടൊളികിളരുന്നതാണു നിൻ
മതിമോഹനമാകും കവിൾത്തടങ്ങൾ.
കനകോജ്ജ്വലഭൂഷാകുലമാണാത്മനാഥേ, നിൻ
കമനീയകാന്തികലർന്ന കണ്ഠം!
തവ തുകിൽത്തുമ്പിലും, വക്കിലും, തെളുതെളെ-
ത്തഅനിവെള്ളിക്കുടുസുകൾ കോർത്തിണക്കി;
ഭംഗിയിൽപ്പിന്നൽപ്പൊൻകമ്പിക്കസവുകൾ
ഞങ്ങളിട്ടയി നിനക്കേകാമല്ലോ!

വസുധേശൻ നിജമേശയ്ക്കരികിലിരിക്കുമ്പോൾ
വഴിയുമെൻ ഗാലോമിതൻ സുഗന്ധം;
ത്രസിതാർദ്രവീചികാവീഥിവീശി, സ്വയം
പ്രസരിപ്പിതങ്ങോട്ടു മന്ദമന്ദം!

അതിരുചിരസൗരഭമെഴുമൊരു രസഗന്ധ-
പ്പൊതിയാണെനിക്കെന്റെ ജീവനാഥൻ!
രജനിയിൽ മുഴുവനെൻ കുളുർമുലകൾക്കിടയി, ലെൻ
രമണനു സസുഖം ശയിക്കാമല്ലോ!

വടിവിലെൻഗദി[5] യിലെ മുന്തിരിത്തോപ്പുകളിൽ
വളരുമക്കർപ്പൂരത്തൈച്ചെടികൾ;
ഒരുമിച്ചു ചേർത്തൊരു കുലയാക്കിയപോലെയാ-
ണറിയുകെനിക്കെന്റെ ജീവിതേശൻ!

രതിസദൃശയാണിതാ നോക്കൂ, നീയോമനേ,
രതിസദൃശരമണീയരൂപിണി നീ!
അയി നിനക്കുണ്ടല്ലോ കുഞ്ഞരിപ്രാവിനു-
ള്ളഴകോലുമാ രണ്ടു തെളിമിഴികൾ!

രമണീയവിഗഹനാണതേ, കാൺകതി-
രസികനുമാണെൻ പ്രിയതമൻ നീ!
മരതകദ്യുതിവഴിവതാണല്ലോ നമ്മൾതൻ
പരിമൃദുലശയനീയം ലോഭനീയം!
നമ്മൾ നിവസിച്ചിടും നിലയങ്ങൾക്കൊക്കെയും
കമ്രമാം കാരകിലാണുത്തരങ്ങൾ!
അതുവിധമഴകാളുമാദേവദാരുവാ-
ണവതൻ കഴുക്കോലുകളാകമാനം!

ഗീതം രണ്ട്

ചേണഞ്ചും ഷാറോണിൻ[6] പനിമലർ ഞാൻ, ശൈല-
സാനുക്കളിലെഴുമാക്കുളിർ നൈതലാമ്പൽ,

മുള്ളുകൾക്കിടയിൽക്കുളിർനൈതൽപ്പോപോലാണെൻ
ചെല്ലക്കണ്മണിയവൾ കമനികളിൽ.

വനവൃക്ഷരാശിയിലാപ്പിൾത്തരുപോലാണു
വരപുരുഷന്മാരിലെൻ പ്രാണനാഥൻ.
നിജഹരിതശീതളച്ഛായയി, ലുല്ലാസം
നിറയും മനസ്സുമായ്, ഞാനിരുന്നു.
നിജമധരഫലജാലം മമ ഹൃത്തിനനുവേലം
നിരുപമപ്രീതിദമായിരുന്നു.

ഉൾക്കുളിരിയലുമാറെന്നെയെൻ ഹൃദയേശൻ
സൽക്കാരശാലയിലേക്കാനയിച്ചു.
മമ നായകനെന്മേലുള്ളധികാരദ്ധ്വജപടം
മഹനീയപ്രണയമൊന്നായിരുന്നു.

തടയുവിൻ, തുടുമദ്യചഷകങ്ങളാലെന്നെ-
ത്തടയുവിൻ, ഞാനിങ്ങുതങ്ങിനിൽക്കാൻ.
തരികെനിക്കാപ്പിൾപ്പഴങ്ങളാൽത്തുഷ്ടി, യെൻ
കരളി, നയ്യോ, രാഗപരവശ ഞാൻ!
നിജവാമഹസ്താവൃതമെൻ ഗളം, ദക്ഷിണ-
ഭുജമെന്നിൽപ്പൊഴിയുന്നു പരിരംഭങ്ങൾ.

അരുതു ലവലേശവും ശല്യമരുളരു-
തറിവിനയി ജരൂസലതനയകളേ!
സ്വയമുണരുവോളമുറങ്ങട്ടേ, മൽപ്രാണ-
പ്രിയതമ, നല്ലാതുണർത്തരുതേ!
അരുതൊച്ചപ്പാടൊന്നുമൊരുമട്ടു, മക്കാര്യം
ഭരമേൽപിച്ചീടുന്നു നിങ്ങളെ ഞാൻ;
വലയിൽ വിഹരിക്കുമപ്പുള്ളിമാൻപേടകളെ,
വനഹരിണീവൃന്ദത്തെസ്സാക്ഷിനിർത്തി!

മമ ജീവിതേശൻതൻ സ്വരമതാ കേൾപ്പു-ഹാ
മമ നാഥൻ, നോക്കുകതാ വന്നുപോയി.
ഒരു ശൈലശൃംഗത്തിൽനിന്നു മറ്റൊന്നിലേ-
യ്ക്കരപെടും മട്ടിൽ കുതിച്ചുചാടി;
ചെറുകുന്നിൻ നിരകളിൽ തത്തിയൂർന്നങ്ങനെ
വരികയായ് മമകജീവിതേശൻ!
മാൺപുറ്റപുള്ളിമാ, നല്ലെങ്കി, ലൊരു കല-
മാൻ കിടാവാണെന്റെ ഹൃദയനാഥൻ!
അങ്ങോട്ടു നോക്കുകതാ ഞങ്ങൾതൻ ഭിത്തിക്കു
പിന്നിലാ, യഴികൾക്കിടയിലൂടെ;
പരിചിൽ നോക്കീടുന്നു ജനലുകളിൽ തട്ടിക-
യ്ക്കരികിലായ് വന്നുനിന്നാത്മനാഥൻ!
അരുളിയെൻ പ്രിയതമനെന്നോ,"ടെഴുന്നേൽക്കൂ
വരു സുന്ദരി, പോരികെൻ പ്രിയതമേ നീ!"
"മഴപൊഴിയും കാലം മറഞ്ഞുകഴിഞ്ഞല്ലോ
മഴ നോക്കൂ നിന്നല്ലോ, തീർന്നുവല്ലോ!"
"കിളരുന്നിതലരുകളവനിയി, ലഴകാളും
കിളികൾതൻ കളകളമലയടിപ്പൂ.
എങ്ങുമേ കേൾക്കായി നമ്മുടെ നാട്ടില-
ച്ചെങ്ങാലിപ്രാവുകൾതൻ കൂജനങ്ങൾ!
"ചെറുപച്ചത്തളി, രത്തികളണിയുന്നു, ചൊരിയുന്നു
പരിമളം തൈമണിമുന്തിരികൾ.
അയി, മമ പ്രണയിനി, മതിമോഹിനി, മടിവിട്ടൊ-
ന്നുയരു, കെഴുന്നേൽക്കുക, പോരിക നീ!
"ശിലകൾതൻ വിടവുകളിൽ, കോവണിപ്പടികൾത-
ന്നോളിവിടങ്ങളി, ലമരുമരുമപ്രാവേ,
"വരികൊന്നൊരുനോക്കു ഞാൻ കാണട്ടേ തവ രൂപം
വഴിയുമാ സ്വരമൊന്നു കേൾക്കട്ടെ ഞാൻ;
"മധുരതരമാണല്ലോ നിൻ മൃദുലസ്വരം
മതിമോഹനമാണലോ നിന്റെ രൂപം! ..."
കുറുനരികൾ, മുന്തിരികൾ നാശമാക്കും കൊച്ചു
കുറുനരിക, ളവയെപ്പിടിച്ചെടുപ്പിൻ;
എന്തെന്നാൽ, പ്പിഞ്ചുമണിക്കുലയിട്ടവയാണെല്ലാം
ചന്തത്തിൽ, നമ്മൾതൻ മുന്തിരികൾ!
മമ മാനസേശ്വരനെന്റേതാണതുപോലെ
മമ ജീവനാഥന്റേതാണു ഞാനും.
തുടുതുടെ വിലസുമച്ചെങ്ങഴിനീർപ്പൂവുകൾ-
ക്കിടയിൽമേയ്ക്കുന്നിതെൻ ഹൃദയനാഥൻ;
അഴകാളും പുലർകാലമണവോളം, നിറയുമാ
നിഴലുകൾ പറപറന്നകലുവോളം,
ബതർ[7] മലകൾക്കിടയിലൊരു പുള്ളിമാൻപേടപോൽ
കുതുകമൊടെൻ നാഥേ, നീകൂത്തടിക്കൂ!

ഗീതം മൂന്ന്

ജനിയിലെൻ മണിമച്ചിൽ, മലർമെത്തയി, ലെന്നാത്മ-
രമണനെ നോക്കി ഞാൻ കാത്തിരുന്നു!
കാത്തു ഞാൻ - ഹാ, പക്ഷേ, മിഴിപൂട്ടാതേവം ഞാൻ
കാത്തിട്ടും, കണ്ടില്ലെൻ കാമുകനെ!
ഇനിയിപ്പോളെഴുനേൽക്കാം നഗരത്തെരുവീഥികളിൽ
തനിയേപോയോരോരോ പെരുവഴിയിൽ;
പരിചിൽ തിരക്കിടാം പലദിക്കിലു, മനുരാഗ-
പരവശഞാ, നെന്നാത്മനായകനെ!
പലപാ ദിക്കിൽത്തിരക്കി ഞാൻ- ഹാ, പക്ഷേ,
ഫലമില്ല, കണ്ടില്ലെൻ കാമുകനെ!

തടവെന്യേ നഗരത്തിൽ റോന്തുചുറ്റീടുമാ-
ത്തവണപ്പാറാവുകാർ കണ്ടിതെന്നെ.
ഇണ്ടൽപൂണ്ടവരോടു ചോദിച്ചേ, "നാരാനും
കണ്ടായോ നിങ്ങളെൻ കാമുകനെ?"

അവരെ വിട്ടൊരു പത്തടി പോയീ, ലതിനുമുൻ-
പവിടെയെൻ നാഥനെ ഞാൻ കണ്ടുമുട്ടി.
പിടികൂടി ഞാനുടൻ കൈയിൽ കട, ന്നിനി
വിടുകയില്ലെന്നു ശഠിച്ചുകൂടി.
മമ ജനനിതൻ വീട്ടിൽ, നിജമണിമച്ചിൽ, ഞാൻ
മമ ഹൃദയനായകനെക്കൊണ്ടുവന്നു.

അരുതുലവലേശവും ശല്യമരുളരു-
തറിവിനയി ജറുസലതനയകളേ!
സ്വയമുണരുവോളമുറങ്ങട്ടേ മൽപ്രാണ-
പ്രിയതമ, നല്ലാതുണർത്തരുതേ!
അരുതൊച്ചപ്പാടൊന്നുമരുതൊട്ടു മക്കാര്യം
ഭരമേൽപിച്ചീടുന്നു നിങ്ങളെ ഞാൻ;
വയലിൽ വിഹരിക്കുമപ്പുള്ളിമാൻ പേടകളെ
വനഹരിണിവൃന്ദത്തെസ്സാക്ഷിനിർത്തി!

പരിചേലും കർപ്പൂരം, സാബ്രാണി, മറ്റോരോ
പരിമളധൂളികളെന്നിവയാൽ;
കലിതസുഗന്ധസുലളിതഗാത്രിയായ്,
കമനീയധൂമസ്തംഭോപമയായ്;
വനപാദപപടലാകുലമേഖലയിൽനിന്നേവം
വടിവിലുയർന്നെത്തുമിവളാരുതാനോ?
സോളമണിൻ കമനീയശയനീയമാണത, തിൻ
ചേലിലെൻ ഹൃദയേശൻ പള്ളികൊള്ളും.
അതിവീരപുരുഷന്മാരിസ്രേയ്ലിൻ[8] യോദ്ധാക്ക-
ളറുപതുപേരവിടവിടെക്കാവൽ നിൽക്കും.
രണശൂരന്മാരവരഖിലരും കൈകളി-
ലണിവതുണ്ടുഗമാമസിലതകൾ!
ഇരവിങ്കൽ ഭീതിയാലരയിലായവരവർ
കരുതിയിട്ടുണ്ടോരോ നിശിതഖഡ്ഗം!
തടവെന്യേ സോളമൻ ലെബണോണിലെ[9] രമ്യമാം
തടികൊണ്ടു തനിക്കായൊരു തേരു തീർത്തു.
അതിനെഴും തൂണുകൾ മുഴുവനും വെള്ളിയാ-
ലടിവശം തങ്കത്തകിടുകളാൽ;
മേലാപ്പു ധൂമനീരാളഞെറികളാൽ,
ചേലിലദ്ദേഹമലങ്കരിച്ചു.
ഗുണവതികൾ ജറുസലതനുജകൾക്കദ്ദേഹം
പ്രണയമതിൻനടുവിൽ പടുത്തൊരുക്കി.

ഹൃദയം കുളിർത്തൊരാ ദിവസത്തിൽ, പരിണയ-
സുദിനത്തിൻ നിശ്ചയംചെയ്ത നാളിൽ;
നിജജനനി ചാർത്തിച്ച രത്നകോടീരവും
നിജ ശിരസി ചാർത്തി പ്രസന്നനായി;
ഉല്ലസിക്കും നൃപരൻ സോളമനെക്കാണുവാൻ
ചെല്ലുവിൻ സീയോണിൻ[10] തനയകളേ!

ഗീതം നാല്

ണ്ടാലും, സുന്ദരിയാണയി നീ, യോമനേ,
കണ്ടാലും, കമനീയരൂപിണി നീ.
അയി, നിനക്കുണ്ടല്ലോ കുഞ്ഞരിപ്രാവിനു-
ള്ളഴകേലും മിഴികൾ മുടിച്ചുരുൾകൾക്കുൾലിൽ!
അനഘേ, നിൻ കുളുർകൂന്തലാഗിലയാദാ[11]ദ്രിയി-
ലണയുമജസഞ്ചയംപോലെരമ്യം!

ഓരോന്നും യമജമിയന്നൊന്നിനും വന്ധ്യത
ചേരാ, തെല്ലാമൊരുപോൽ ചേർന്നിണങ്ങി;
ഒരുലേശമേറ്റക്കുറവേശാതെല്ലാടവു-
മൊരുവടിവായ് രോമം മുറിച്ചൊതുക്കി;
മോടിയിൽ കുളികഴിഞ്ഞെത്തുമാച്ചെമ്മരി-
യാടണിപോലാണു തവ ദന്തബന്ധം.
ചെമ്പട്ടുനൂൽത്തിരിപോലാണു നിൻ ചുണ്ടുക-
ളിമ്പമിയറ്റുന്നവയാം നിൻ മൊഴികൾ.
കുനുകൂന്തൽച്ചുരുളുകൾക്കുള്ളി, ലൊരു മാതള-
ക്കനിയൽപമാണാക്കവിൾത്തടങ്ങൾ!

അതിശക്തയോദ്ധാക്കളിയലുന്ന പരിചക-
ളയുതങ്ങളങ്ങനെ തൂങ്ങിത്തൂങ്ങി;
അണിചേർന്നൊരായുധശാലയാം, ദാവീദിൻ[12]
മണിമാളികയാണു നിൻ കണ്ഠദേശം.
അണി നൈതലാമ്പലുകൾക്കിടയിൽ മേഞ്ഞിടുന്നൊ-
രിണപെറ്റ രണ്ടു മാൻപേടകൾ പോൽ;
അതിരുചിരമാണാത്മനായികേ, നിന്മാറിൽ
ദ്യുതിയണിയുമാ രണ്ടു തടമുലകൾ.
അഴകാളും പുലർകാലമണവോളം, നിറയുമാ
നിഴലുകൾ പറപറന്നകലുവോളം;
രസഗന്ധഗിരിയിലക്കർപ്പൂരശൈലത്തിൽ
സസുഖം ഞാനങ്ങനെ പരിലസിക്കും.

അടിമുടി നീയഴകെഴുവോ, ളില്ലല്ലോ കണ്മണി നി-
ന്നുടൽ വല്ലിയിലൊരു പുള്ളിക്കുത്തുപോലും.
ലബനോണിൽനിന്നെന്നൊടൊരുമിച്ചു പോന്നാലും
ലബനോണിൽനിന്നുമെൻ പ്രിയതമേ, നീ!
'അമന'[13] തൻ കൊടുമുടിയിൽ, മിന്നും 'ഷെനീറി'ന്റെ
കമനീയതുംഗശൃംഗാഗഭൂവിൽ;
'ഹെർമോണിൻ' ശീർഷത്തിലുഗപഞ്ചാസ്യന്മാർ
നിർമ്മായം നിവസിക്കും ഗുഹകൾക്കുള്ളിൽ;
വരിയൻപുലി പുലരും ഗിരിനിരകളിൽ വന്നെത്തി
വടിവൊടു നീ നിന്നൊന്നു നോക്കിയാലും!

തകിടം മറിച്ചല്ലോ മമ സഹജേ, മാമക
തരളിതഹൃദയമെൻ പ്രിയതമേ, നീ!
തവ കൺമുനകളിലൊന്നിനാൽ, കണ്ഠത്തിൽ
തടവുമൊരു കനകമയമാലികയാൽ;
പടലെക്കവർന്നു കഴിഞ്ഞല്ലോ, മൽസഹജേ,
പടുതയൊടെൻ ഹൃദയമെന്നോമനേ നീ!

മധുരമാണനുജേ, ഹാ, വയിനിനേക്കാളെത്ര
മധുരമാണോമനേ, നിൻ പ്രണയം!
സുരഭിലദ്രവ്യങ്ങൾ സകലതിനേക്കാളെത്ര
സുരഭിലം നിന്നംഗലേപനങ്ങൾ!
ചേണിയലും തേനറതൻ തെളിയുറവയെന്നപോ-
ലാണു നിന്നധരങ്ങളാത്മനാഥേ!
ഹ ലളിതേ, മമ ദയിതേ, നിൻ നാവിനടിയിലാ-
യോലുകയാണോമലേ, തേനും പാലും.
ഉതിരുവൊരാലബനോണിൻ പരിമളംപോലാം നി-
ണ്ണുടയാടത്തളിരുകൾതൻ രുചിരഗന്ധം!

മതിലുകളാൽ ചുറ്റിലും മറയിട്ടൊരു മലർവാടി
ഗതിബന്ധകമെഴുമൊരു കൊച്ചരുവി;
ഒരു മുദ്രിതജലധാരായന്ത്രമാണറിയുകെ-
ന്നരുമപ്പൊന്നനുജ, യെൻ ഹൃദയലക്ഷ്മി!
മാതള, കർപ്പൂര, ഗാലോമിത്തയ്യുകൾതൻ
ശ്രീതിങ്ങിടുമൊന്നല്ലോ നിന്റെ തോട്ടം!
കൊതിതോന്നിപ്പോംമട്ടിലിടതിങ്ങിനിൽപതു-
ണ്ടതിനുള്ളിലായിരം തേൻ പഴങ്ങൾ.
ഗാലോമി, കുങ്കുമം, നാഗവ്വെടി, യിലവർങ്ങം
ചേലഞ്ചും സാബ്രാണികൾ, രസഗന്ധങ്ങൾ;
മയിലാഞ്ചിതൊട്ടുള്ളോരോഷധികൾ സർവ്വവു-
മിയലുന്നതുണ്ടു നിൻ വനികയിങ്കൽ.
ഒരു കുസുമവനരാശിക്കുറവിടം, ഹാ, ജീവ-
ഭരിതജലധാരകൾതൻ മഹിതകൂപം;
ഒരുപോലനാരതം ലബനോണിൽനിന്നൊഴുകു-
മരുവികൾക്കഖിലവും വിലയകേന്ദ്രം!
ഉത്തരദക്ഷിണദിക്കുകളിൽനിന്നുണ-
ർന്നെത്തിടുവിൻ, കുളിരിളങ്കാറ്റുകളേ!
വീശുവിൻ നിങ്ങളെൻ വനികയി, ലതിൽനിന്നും
പേശലപരിമളമൊഴുകിടട്ടേ!
മമ നായകനണയട്ടേ, നിജമലർക്കാവിൽ,ത്തൻ
മധുരഫലജാലം ഭുജിച്ചിടട്ടേ! ...

ഗീതം അഞ്ച്

മ സഹജേ, മമ ജീവനായികേ, നോക്കുകെൻ
മലരണിക്കാവിൽ ഞാൻ വന്നുചേർന്നു.
രസകരസൗരഭദ്രവ്യങ്ങളോടൊത്തെൻ
രസഗന്ധമഖിലം ഞാൻ ശേഖരിച്ചു.
സാനന്ദം ഞാനെന്റെ തേനോടിടചേർത്തെന്റെ
തേനടകൾ മുഴുവനുമാഹരിച്ചു.
ഇമ്പമെഴുമാറെന്റെ മുന്തിരിച്ചാറെന്റെ
പൈമ്പാലുമൊരുമിച്ചു ഞാൻ കുടിച്ചു.
സസുഖം ഭുജിക്കൂ, കുടിക്കൂ സഖാക്കളേ,
സരസം കുടിക്കൂ നീയോമലാളേ!
മരുവുകയാണു ഞാൻ ഗാഢസുഷുപ്തിയിൽ
മമ ഹൃദയമെന്നാലുണർന്നിരിപ്പൂ.
സ്പഷ്ടമാണാ സ്വരം, മാ നായകനാണെന്നെ
മുട്ടിക്കതകിൽ വിളിപ്പതേവം;
"മമ സഹജേ, മമ ദയിതേ, മൽക്കണ്മണിപ്രാവേ,
മണിവാതിലൊന്നു തുറക്കണേ, നീ!
തലയിലും, മുടിയിലും, മുഴുവനും പ്രാലേയ-
ജലമാണിവനറിക നീ നിഷ്കളങ്കേ!...
മമ കഞ്ചുകമെങ്ങോ വലിച്ചിഴച്ചിട്ടു ഞാൻ
മമ മേനിയിലെമ്മട്ടതെടുത്തു ചാർത്തും?
മമ പാദം കഴുകിയതാണതു പിന്നെയും
മലിനമാക്കീടുന്നതെങ്ങനെ ഞാൻ?

കതകിലെ ദ്വാരത്തിൽക്കൂടിയെൻ ഹൃദയേശൻ
കരതാരകത്തു കടത്തിനോക്കി.
അതുകാൺകെപ്പെട്ടെന്നെൻ ഹൃദയാധിനാഥനി-
ലറിയാതെൻ ചിത്തമലിഞ്ഞുപോയി.
കനിവാർന്നുടനെൻ കാന്തനു കലിതകൗതൂഹലം
കതകുതുറന്നേകുവാൻ ഞാനെണീറ്റു.
നിരുപമസുരഭിലരസഗന്ധം പുരളവേ
നിപതിച്ചിതെൻ കൈകൾ സാക്ഷകളിൽ.

കതകു തുറന്നിതെൻ കാന്തനു ഞാൻ; -പക്ഷേ,
ഹത ഞാനെൻ പ്രിയനെങ്ങോ വിട്ടുപോയി.
അടിപെട്ടു തോൽവിക്കെന്നാത്മാ, വെന്നാത്മേശ-
നരികത്തു വന്നു വിളിച്ചനേരം
പലദിക്കിൽ തേടിയെൻ പ്രാണേശനെ ഞാൻ;-പക്ഷേ-
ഫലമെന്തു?-കണ്ടെത്താനൊത്തതില്ല.
മമ നാഥനെ നീളെ വിളിച്ചു ഞാ, നെങ്കിലും
മറുപടിയൊന്നുമെനിക്കേകിയില്ല.

അവിടവിടെ നഗരത്തിൽ റോന്തുചുറ്റീടുമ-
ത്തവണപ്പാറാവുകാർ കണ്ടിതെന്നെ.
അവരെന്നെത്തല്ലി, യനാഥ ഞാൻ, ഹാ, കഷ്ട-
മവരെന്നെത്തല്ലി മുറിപ്പെടുത്തി.
സാടോപം പ്രാസാദഗാപുരപാലകരെൻ
മൂടുപടം പാടേ വലിച്ചു മാറ്റി!

മമ നാഥനെയൊന്നെങ്ങാൻ കണ്ടുമുട്ടീടുകിൽ,
മമതയോടെൻ ജറുസലതനുജകളേ,
പറയണേ നിങ്ങൾ, ഞാൻ പ്രണയാതുരയാണെ, ന്നതു
ഭരമേൽപിച്ചീടുന്നു നിങ്ങളെ ഞാൻ!
"ധരയിലെഴും മറ്റുള്ള കാമുകന്മാരെപ്പോ-
ലൊരുവനല്ലല്ലി, നിൻ കാമുകനും?
തരുണീജനമകുടമണിമാലികേ, ചൊൽക നീ
തവ നായകനെന്താണൊരു വിശേഷം?
പറയുകെന്തുണ്ടിതിലിത്രമേൽ, ഞങ്ങളെ-
ബ്ഭരമേൽപ്പിച്ചീടുവാനിപ്രകാരം;
ധരയിലെഴും മറ്റുള്ള കാമുകന്മാരെപ്പോ-
ലൊരുവനല്ലല്ലി, നിൻ കാമുകനും?..."
അയുതം വരപുരുഷരിലഗിമൻ, സുന്ദര-
നതിവീരനാണറികെൻ പ്രാണനാഥൻ.
നിജശീർഷം കനകമയം, കമനീയം, നിജകേശം
നിബിഡിതം, വനവായസസമമസിതം!
ജലനിർഭരങ്ങളാം തടിനികൾതന്നരികിൽ
വിലസുമരിപ്രാവുകൾതൻ മിഴികൾപോലെ;
ക്ഷീരപ്രക്ഷാളിതസമുചിതവിന്യാസശ്രീ
ചേരുന്നതാണത്തെളിമിഴികൾ!

സുരഭിലവല്ലികാതടമെന്നപോൽ, പുഷ്പ-
നിരപോൽ, മധുരങ്ങളാക്കവിളു രണ്ടും.
പരിമളശബളിതമൃഗമദകണികകൾ
പരിചിലൊന്നൊന്നായുതിർന്നുലാവി;
പരിലസിക്കും കുളിർച്ചെങ്ങഴിനീർപ്പൂക്കൾപോൽ
പരമരുചിരങ്ങളച്ചെഞ്ചൊടികൾ!

വൈഡൂരഖചിതകനകാംഗുലീയക-
വൈശിഷ്യമയമാണക്കരപുടങ്ങൾ!
ഇഭദന്തഫലകത്തിലിന്ദ്രനീലാശ്മങ്ങ-
ളിടവിടാതണിയണിയായ്ച്ചേർത്തൊരുക്കി;
വിരചിച്ചശിൽപംപോൽ വികസിതദ്യുതിവീശി
വിലസുന്നതാണു തന്നുദരരംഗം!

ഒളിയാളും കനകത്തകിടടിയിട്ടുകെട്ടിയ
കുളിർവെണ്ണക്കൽത്തൂണുകളെന്നപോലെ;
മിനുമിനുത്തത്രമനോഹരമാണു, മൽ-
പ്രണയസ്വരൂപൻതൻ ചേവടികൾ!
നിരുപമം കാരകിൽത്തരുനിരകളെന്നപോൽ,
നിജരൂപം ലബനോണിൻ സദൃശരമ്യം!

അതിമധുരമധര, മതേ, സർവ്വാംഗസുന്ദരനാ-
ണനുരാഗപരവശനെൻ പ്രാണനാഥൻ!
അയി, മമ പ്രിയതമൻ, സ്നേഹിത, നിമ്മട്ടാ-
ണറിയുവിൻ ജറുസലതനയകളേ!

ഗീതം ആറ്

രളായതമിഴിമാരണിമകുടമണിമാലികേ,
തവജീവനായകനെങ്ങു പോയി?
ഞങ്ങളും പോരാം, തിരക്കിടാം നീയൊരുമി-
ച്ചെങ്ങുപോയ്, ചൊൽക, നിൻ ഹൃദയനാഥൻ?
സുരഭിലദ്രവ്യതടങ്ങളിൽ, സുമവന-
സുരുചിരവീഥികളിലാടുമേയ്ക്കാൻ;
കുളിർനൈതലാമ്പലിൻ തുടുതുടെ വിലസുമ-
ക്കുസുമങ്ങളെമ്പാടും ശേഖരിക്കാൻ;
അതികുതുകപൂർവ്വം തന്നലരണിക്കാവിലേ-
യ്ക്കറിയുവിൻ പോയി മൽപ്രാണനാഥൻ!

മമ ജീവനായകനെന്റേതാ, ണതുപോലെ
മമ ജീവനാഥന്റേതാണു ഞാനും.
സ്ഫുടരുചിതടവുമച്ചെങ്ങഴിനീർപ്പൂങ്കുലകൾ-
ക്കിടയി, ലെൻ പ്രിയതമനാടുമേയ്പ്പൂ!
അഴകുള്ളോളാണു നീ, തേഴ്സാ[14]യെപ്പോലത്ര-
യ്ക്കഴകെഴുവോളാണു നീയോമലാളേ!
ജറുസലത്തെപ്പോലൊരനുപമസുഷമയാൽ
തിറമുയലുമുജ്ജ്വലരൂപിണി നീ
അടയാളക്കൊടികൾ പിടിച്ചണയുമൊരു സേനപോൽ
കിടുകിടുപ്പിക്കുവോളാണയേ നീ!

എൻ നേർക്കുനിന്നയ്യോ മാറ്റുകാക്കൺമുനക-
ളൊന്നിനി നീ, യവയെന്നെയടിപെടുത്തി.
അയി, നിൻ കുളിർകുനുകുന്തളമാഗിലയാദാദ്രിയിൽനി-
ന്നണയുമജനികരമ്പോലതിരുചിരം!
ഓരോന്നും യമജമിയന്നൊന്നിനെന്നാകിലും
തീരെ വന്ധ്യത്വം കലർന്നിടാതെ;
മോടിയാർന്നുടൽ കഴുകിപ്പോമൊരു ചെമ്മരി-
യാടിന്നിരപോലാം തവ ദന്തബന്ധം.
കുനുകൂന്തൽച്ചുരുളുകൾക്കുള്ളി, ലൊരു മാതള-
ക്കനിയൽപമാണാക്കവിൾത്തടങ്ങൾ.

അറുപതു രാജ്ഞികളുണ്ടു, പപത്നികളെൺപതു-
ണ്ടറുതിയറ്റുണ്ടോമൽക്കന്യകകൾ!
അവ, ളെന്നാ, ലെൻകൺമണിയകളങ്കയാകുമെ-
ന്നരിമപ്രാവ, വളെന്നാലൊന്നേയുള്ളു!
അവളവൾതൻ ജനനിക്കു ജീവനുംജീവനാ-
ണവളോടാണെല്ലാരിലുമധികമിഷ്ടം.
കളമൊഴിയെദ്ദർശിച്ചു കമനിമാ, രവരവളെ-
ക്കലിതാനുമോദമനുഗഹിച്ചു.
അവ, രതേ, രാജ്ഞിക, ളുപപത്നി, കളവർപോലു-
മവളെ സ്തുതിച്ചു പരിചരിച്ചു!

പനിമതിയെപ്പോലൊരു കുളിരൊളി കളിയാടി-
പ്പകലവനെപ്പോലച്ഛസുഷമ ചാർത്തി;
അടആളക്കൊടികൾ പിടിച്ചണയുമൊരു സേനപോൽ
കിടുകിടുപ്പിക്കുമൊരു ഭാവവുമായ്;
ആരാണവ, ളാരാണവളാലോകനംചെയ്വോ-
ളാരോമൽപ്പൊന്നുഷസ്സന്ധ്യയെപ്പോൽ?

സാനന്ദം വനികയ്ക്കകത്തുപോയ് ഞാൻ, ശൈല-
സാനുവിലാക്കായ്കനികൾ ചുറ്റിനോക്കാൻ.
കായിട്ടോ മുന്തിരികൾ, മൊട്ടിട്ടോ മാതളം,
കാണുവാൻ പോയി ഞാനങ്ങവയെ.
അല്ലായ്കി, ലെന്തി, നെനിക്കറിവുള്ളതാണല്ലോ
നല്ലപോൽ സതതമെൻ ചിത്തഭാവം-
അമി-നാദീബിയലുമത്തേരുകളെന്നപോൽ
മമ ജീവനെന്നെ മഥിക്കും കാര്യം!

വരിക തിരിച്ചയേ 'ശൂലേമിക്കാരി'[15] നീ
വരി, കൊന്നു കാണട്ടെ നിന്നെ ഞങ്ങൾ!
ശൂലേമിക്കാരിയിലെന്തു കാണും നിങ്ങൾ?
ചേലിലിരുസേനകൾ ചേരുകിൽപ്പോൽ!...

ഗീതം ഏഴ്

പാരം മനോഹരം യുവഭൂവരാത്മജേ,
പാദുകകൾ ചേർന്ന നിൻ ചേവടികൾ.
ഒരു മഹാസൂത്രജ്ഞനായിടും ശിൽപിതൻ
കരകൗശലവിജയത്തിൻ ചിഹ്നമായി;
സ്ഫുടരുചിരഭൂഷോപമോജ്ജ്വലമാണു നിൻ
തുടുതുടകൾതൻ രമ്യസന്ധിയുഗ്മം.
ഒരു ലേശം മദിരയ്ക്കിടമേകാതിനി, വർത്തുളമാ-
മൊരു ഗഞ്ജകസദൃശം നിൻ നാഭികൂപം.
ചെങ്ങഴിനീർമലരുകൾക്കിടയിലൊരു ഗാധൂമ-
ക്കുന്നുപോൽ സുന്ദരം നിന്നുദരം.

ഇണപെറ്റരണ്ടിളംപുള്ളിമാൻപേടകൾപോൽ
കമനീയമാണു നിൻ കുളുർമുലകൾ.
ഇഭദന്തരചിതമാമൊരു ഗാപുരമെന്നപോൽ
സുഭഗാജ്ജ്വലമാണു നിൻ കണ്ഠനാളം.
'ഹെഷബോണി'[16]ൽ, 'ബാത്-റാബി'[17]ലെ വാതിലിന്നരികിലെ
ഝഷവാപികൾപോലാണയി, നിൻ മിഴികൾ!
'ദമശേക്കി'[18] നഭിമുഖമാം ലബനോണിലെ ഗാപുര-
സമമാണയി, നിൻ നാസികയോമലാളേ!
അവ തനുവിലഴകണിയും തവ ശീർഷം 'കാർമൽ'[19]പോൽ
തവരുചിരചികരഭരം ധൂമളമ്പോൽ;
വിലസുന്നു-വിബുധകുലതിലകൻ, ഹാ, വസുധേശൻ
വിലസുന്നു മുഖമണ്ഡപമേഖലയിൽ.

ചിതമെത്രയ്ക്കെഴുമെന്തൊരു രസികത്തിയാണോർക്കിൽ
ഹൃദയോത്സവങ്ങൾക്കെന്നോമനേ നീ!
കുളിർമെയ്വടിവൊരുതാലദ്രുമസദൃശം, മുന്തിരി-
ക്കുലകൾപോലാണുനിൻ കുചകുംഭങ്ങൾ!
അരുളിനേൻ, "പോകും ഞാൻ താലദ്രുമപാർശ്വത്തി-
ലതിനെഴും മടലുകളിൽപിടികൂടും ഞാൻ!"
തവകൊങ്കകൾ മുന്തിരിക്കുലകൾപോലാമിപ്പോൾ
തവ നാസികതൻ ഗന്ധമതാപ്പിൾപോലെ!

സ്വപിതർതന്നധരങ്ങള്മൊഴിപൊഴിയാനിടയാക്കി-
സ്വയമങ്ങനെ മധുരമായ്ച്ചോർന്നിറങ്ങി;
അതുലമാം, ദ്രാക്ഷതൻ തുടുമദിരപോലാ, മെൻ
ഹൃദയേശനു തവഗളകക്ഷോമരംഗം!
എന്നാത്മനാഥന്റെതാണു ഞാ, നുൾത്താരി-
ലെന്നാത്മനാഥനുണ്ടെന്നിൽ മോഹം!
കാമുക, വന്നാലും, വിഹരിക്കാം വയലുകളിൽ
ഗാമങ്ങളിൽ നമ്മൾക്കു താമസിക്കാം!
ഉണരാമുദയത്തിനുമുൻപെന്നിട്ടു നമ്മൾക്കാ
മണിമുന്തിരിവനികകളിൽ ചെന്നുചേരാം.
തളിരിട്ടോ പിഞ്ചിളം കായിട്ടോ മുന്തിരികൾ,
കുളിർമൊട്ടുകൾ ചൂടിയോ മാതളങ്ങൾ;
ഇവയൊക്കെപ്പോയൊന്നു നോക്കാ, മങ്ങേക്കു ഞാ-
നവിടെവെച്ചെൻ പ്രണയമഖിലമേകാം.
പകരുന്നൂ പരിമളം പരിചിൽ, കരീരങ്ങൾ,
പരിലസിച്ചീടുന്നൂ ഫലവർഗ്ഗങ്ങൾ;
പഴയതും പുതിയതുമായ്, കുതുകദമായ് നമ്മൾതൻ
പടിവാതിലുകൾക്കരികിൽ പലവടിവിൽ!
അവയെല്ലാം സംഗഹിച്ചടിയറവെയ്പു ഞാ-
നവിടുത്തെത്തൃക്കാൽക്കലാത്മനാഥ!

ഗീതം എട്ട്

മ മാതൃസ്തന്യാമൃതമുയിരേകി വളർന്നീടിന
മമ സോദരസദൃശനായ് ഹാ, നീയെങ്കിൽ!-
ശരി, യെങ്കിൽ, വെളിയിൽവെച്ചെങ്ങാനും കണ്ടെത്താൻ
തരമാകിൽ, നിന്നെ ഞാനുമ്മവെയ്ക്കും.
അതുമ, ല്ലവരെങ്ങാനതു കാണുകിൽക്കൂടിയു-
മതിലെന്നെപ്പഴിപറയുകില്ലതെല്ലും.
സദയം നീ നിർദ്ദേശം തരുമെനി, ക്കെൻ മാതൃ-
സദനത്തിൽ നിന്നെ ഞാൻ കൊണ്ടുപോകും.
മധുമാതളമണിയല്ലികൾ ഞെരടിപ്പിഴി, ഞ്ഞതിൽ
മധുരമാം ദ്രാക്ഷാരസംപകർത്തി;
ഏലത്തരി, യിലവർങ്ങത്തൊലി, പച്ചില, നാഗപ്പൂ-
വേതാദൃശചൂർണ്ണങ്ങൾ ചേർത്തിളക്കി;
അമൃതാധികരുചികരമാം സുരഭിലമൈരേയ-
മവിടുത്തേക്കർപ്പിക്കും നുകരുവാൻ, ഞാൻ!

അമരും നിജവാമഹസ്താഗമെൻശീർഷത്തി-
നടിയിൽ, വലംകൈത്തലം തഴുകുമെന്നെ!
സ്വയമുണരുവോളമുറങ്ങട്ടേ മൽപ്രാണ-
പ്രിയതമ, നല്ലാതുണർത്തരുതേ!
അരുതുണർത്തീടരു, തരുളുന്നിതാണയി-
ട്ടറിവിൻ ഞാൻ ജറുസലതനയകളേ!

വനരാശിയിൽനിന്നും, നിജരമണൻതൻ മെയ് ചാരി
വരുമൊരിസ്സുന്ദരിയേതു നാരി?
നിർമ്മലേ, വന്നണഞ്ഞാപ്പിൾമരച്ചോട്ടിൽ
നിന്നെപ്പിടിച്ചു ഞാനെഴുന്നേൽപിച്ചു.
പ്രസവിച്ചു നിന്നെ നിൻ മാതാവവിടത്തിൽ,
പ്രസവിച്ചതവിടെ നിൻ ജനനി നിന്നെ!
കരുതുകൊരു മുദ്രപോലെന്നെ നിൻ കരളിൽ നീ
കരുതുകൊരു മുദ്രപോൽ നിൻ കരത്തിൽ;
എന്തെന്നാൽ, പ്രേമം മൃതിപോൽശക്ത, മസൂയയോ
ഹന്ത, ശവക്കല്ലറപോലതികഠിനം!
അതിതീക്ഷ്ണജ്ജ്വാലകളാളിപ്പടരുന്നതാ-
ണതിൽനിന്നുയരുന്ന ചെന്തീപ്പൊരികൾ!

ജലധാരയ്ക്കെന്നല്ല പ്രളയത്തിനുകൂടിയു-
മെളുതല്ല കെടുത്തീടുവാൻ പ്രേമദീപം!
ഒരുവൻ നിജഭവനത്തിലെ മുതലെല്ലാം, പ്രേമത്തെ-
ക്കരുതി, യതിനായെടുത്തേകിയാലും;
അതുമുഴുവൻ കേവലം തൃണതുല്യമാണോർക്കി-
ലതുലആം പ്രേമത്തിൻ സന്നിധിയിൽ!
ഒരു കൊച്ചനുജത്തി നമുക്കുണ്ടല്ലോ, ഹാ, കഷ്ട-
മരുമയവൾക്കെന്നാലില്ലുരസിജങ്ങൾ.
വേളികായ് പരിപാടികൾ പറയപ്പെടുന്നൊരാ-
നാളിലവൾക്കായി നാമെന്തുചെയ്യും?
ഒരു മതിലാണവളെങ്കി, ലവളുടെ മീതെ, നാം
വിരചിച്ചീടുമൊരു രാജതരാജധാനി.
ഒരു കതകാണവളെങ്കിൽ, കാരകിൽപ്പലകകളാ-
ലൊരു ചട്ടം പണി, തതിൽ നാമവളെനിർത്തും.
മതിലാണു ഞാൻ മഹിതമഞ്ജിമ കലരുന്ന
മണിഗാപുരസദൃശങ്ങൾ മൽസ്തനങ്ങൾ.
അതിനാൽ ഞാനേവമെൻ നാഥൻതൻ ദൃഷ്ടിയി-
ലതികൗതുകമിയലുമൊരരുമയായി.

നരവരൻ സോളമനുണ്ടായിരുന്നു ന-
ല്ലൊരു മുന്തിരിത്തോട്ടം ബാൽ-ഹാമോനിൽ.[20]
താല്പര്യമോടാ മുന്തിരിവനികയെക്കാക്കുവാ-
നേൽപിച്ചിതദ്ദേഹം കാവൽക്കാരെ.
വനികയിലെക്കനികൾക്കായോരോരുത്തൻ കൊണ്ടു-
വരണമൊരായിരം വെള്ളിനാണ്യം.

എൻ മുന്തിരിക്കനിത്തോപ്പെനിക്കായുള്ള-
തെൻ മുന്നിലായിതാ പരിലസിപ്പൂ.
സോളമണേ, ഹാ, ഭവാനായിരമുണ്ടാകണം
ചേലിയലും മണിമുന്തിരിവനികളേവം.
തൽക്കനികൾ ഭദ്രമായ് കാക്കുന്ന കാവൽക്കാർ-
ക്കൊക്കെയുമുണ്ടാകുമിരുന്നൂറുവീതം.
കുതുകമൊടു കൂട്ടുകാരെത്തിച്ചെവിക്കൊൾവൂ
കുസുമവനവാസിനി, നിന്റെ ശബ്ദം.
ഒന്നതു കേട്ടീടാനെനിക്കുമിടയാക്കി, നീ
എന്നെക്കനിവാർന്നിന്നനുഗഹിക്കൂ!

സുരഭിലദ്രവ്യങ്ങളിടതിങ്ങും ഗിരികളി-
ലൊരു കൊച്ചു പുള്ളിമാൻപേടപോലെ;
അല്ലെങ്കിലൊരു കലമാൻകുട്ടിപോൽ, മൽപ്രാണ-
വല്ലഭ, നീ വരിക, യ്യോ, വേഗമാട്ടെ!...

-1945 സപ്തംബർ.

കുറിപ്പുകൾ

[തിരുത്തുക]

1.^ ഇശ്മായേലിനു പന്ത്രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ രണ്ടാമത്തെ ആളാണ് കേദാർ. 2.^ ഈ ചക്രവർത്തിയെക്കുറിച്ചു വിസ്തരിച്ചുള്ള വിവരം നോക്കുക. 3.^ പാലസ്തീനിലെ ആസ്ഥാനനഗരം. 4.^ ഈജിപ്തിലെ രാജാവിന്റെ ഹീബ്രു ഭാഷയിലുള്ള ഒരു സ്ഥാനസംജ്ഞ(Title). 5.^ ഒരു പർവ്വതം. 6.^ പ്രാചീന പാലസ്തീനിലെ സുപ്രസിദ്ധമായ ഒരു മേച്ചിൽസ്ഥലമാണിത്. 7.^ ജറുസലത്തിനടുത്തുള്ള ഒരു ശൈലപംക്തി. 8.^ പുരാതന യഹൂദജനതയിൽ രണശൂരതയാൽ ചരിത്രം സൃഷ്ടിച്ച ഒരു മഹാവിവാഗം(Israelists). 9.^ സിറിയായിലെ ഒരു വലിയ പർവ്വപംക്തി. 10.^ ജറുസലത്തിന്റെ ഒരു പര്യായം 11.^ മനശ്ശെയുടെ പുത്രനായ മാച്ചീറിന്റെ പുത്രൻ. 12.^ ജൂഡായിലെയും ഇസ്രേയ്ലിലെയും രാജാവ്. 13.^ അമന,ഷെനീർ,ഹെർമോൺ;സിറിയായിലെ മൂന്നു പ്രസിദ്ധ പർവ്വതങ്ങൾ. 14.^ ബഹുമാന്യൻ,പൂജിതൻ 15.^ 'ശൂനേം' എന്ന പട്ടണത്തിലുള്ളവൾ. 16.^ അമോറായക്കാർ കുടിയിരുന്ന ഒരു പ്രദേശം. 17.^ ഹെഷബോൺ നഗരത്തിലെ ഒരു കോട്ടവാതിൽ. 18.^ സിറിയായിലെ കീർത്തികേട്ട ഒരു പുരാതനനഗരം. 19.^ ഹീബ്രുഭാഷയിൽ ഉദ്യാനമെന്നർത്ഥം. 20.^ ലബനോൺ പർവ്വതത്തിനുനടുത്തുള്ള ഒരു രാജ്യം.

"https://ml.wikisource.org/w/index.php?title=ദിവ്യഗീതം&oldid=52150" എന്ന താളിൽനിന്ന് ശേഖരിച്ചത്