തിലോത്തമ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
തിലോത്തമ (ഖണ്ഡകാവ്യം)

രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള (1944)


ല്ല;-ചായങ്ങൾ ചേർത്തു ചാലിച്ച-
തല്ല, നിന്നെ ഞാ, നോമലേ!
ആകയില്ലൊരു തൂലികയ്ക്കുമീ
നാകസൗഭഗം പൂശുവാൻ.
ചിത്രമല്ല, ചിരന്തനമാ, മ-
ച്ചിത്പ്രകാശശ്രീയാണു നീ!
മിത്ഥ്യയ, ല്ലനവദ്യമാമൊരു
സത്യവിഗ്രഹമാണു നീ!

നിർമ്മലേ, ദേവി, നീയൊരുവെറും
നിർമ്മിതിയാവുന്നെങ്ങനെ?
ശുഷ്കഭാവനയ്ക്കോമലേ, ഹാ, നിൻ
സർഗ്ഗചൈതന്യവിസ്മയം.
ചിത്രണംചെയ്യാനാവുമോ?-ലോകം
വിശ്വസിക്കുമോ ചൊല്ലിയാൽ?
അല്ല;-ചായങ്ങൾ ചേർത്തു ചാലിച്ച-
തല്ല, നിന്നെ ഞാ, നോമലേ!

നന്ദനാരാമവീഥികൾ വെടി-
ഞ്ഞെന്തിനിങ്ങോട്ടു പോന്നു നീ?
ഞാനൊരു വെറും ചിത്രകാരന
പ്രാണസൗന്ദര്യയാചകൻ.
ജ്ഞാനഭണ്ഡാരശൂന്യനാകുല-
മാനസൻ, പ്രണയാലസൻ.
പാവനാദർശലോലുപൻ, വെറും
ഭാവനാമാത്രജീവിതൻ!-
എന്നെയോ വന്നനുഗഹിപ്പു നീ
വിണ്ണിൻ വാടാവെളിച്ചമേ!

ഹർഷമേ, രോമഹർഷമേ, സുതാ-
വർഷമേ, നിൻ സമാഗമം,
ശൂന്യമായൊരിജ്ജീവിതപാത്രം
പൂർണ്ണമാക്കുമിസ്സന്ധ്യയിൽ,
മായണം, ക്ഷണചഞ്ചലോജ്ജ്വല-
മായികമാമിപ്പാഴ്‌നിഴൽ!
പൊൻചിറകു വിരിച്ചു വാടാത്ത
പുഞ്ചിരിതൻ കിനാവുകൾ
സഞ്ചിതോന്മദം സന്തതം ചുറ്റും
സഞ്ചരിക്കുമാറങ്ങനെ,
നിത്യതതൻ നികുഞ്ജകത്തി,ലി-
ക്കുഡ്മളം വികസിക്കണം!
ഇല്ലെനിക്കൊന്നുമില്ല, ലോകത്തിൽ
വല്ലതുമിനി നേടുവാൻ!

നിർമ്മലമാ, മീ യൗവനത്തിലു-
ള്ളെൻ മധുരപ്രതീക്ഷകൾ;
പ്രേമധാരയിൽ വീണു മുങ്ങിയ
കോമളങ്ങളാമാശകൾ;
ഗാനചിന്തകളാർദ്രമാക്കിയ
മാനസത്തിൻ തുടിപ്പുകൾ;
ശുദ്ധികൊണ്ടു നിറമ്പിടിച്ചോ,രെൻ
മുഗ്ദ്ധസങ്കൽപലീലകൾ;
അസ്മദശ്രുക്കൾ കാട്ടിയോരാത്മ-
വിസ്മൃതിതൻ കിനാവുകൾ;
ഉദ്യുതോൽപ്പുളകോൽക്കടങ്ങളാം
മദ്വികാരലഹരികൾ;
ഗർവ്വഹീനമെൻ ജീവിതത്തിലെ-
സ്സർവസദ്ഗുണരശ്മികൾ;-
എന്നിവയെല്ലാമൊന്നുചേ,ർന്നൊരു
പൊന്നുടലെടുത്തെത്തുകിൽ,
ദേവലോകത്തു ചെന്നതു ദിവ്യ-
ജീവചൈതന്യം നേടുകിൽ,
നിന്നഴകിൻ നിഴലുപോ, ലതു
നിന്നിടാമെൻ തിലോത്തമേ!

അത്രമാത്രമനഘയാം നിന്റെ
ചിത്രമേവം രചിക്കുവാൻ.
മത്കലാപ്രേമമിത്രകാലവും.
ദു:ഖമൂർച്ഛയിൽ നിൽക്കിലും.
സ്വപ്നമേ, വന്നീലിന്നോളം, സ്വർഗ്ഗ-
കൽപകത്തണൽ വിട്ടു നീ!
ഇന്നെനിക്കെന്റെ ജന്മസാഫല്യം
തന്നു നീ, ദിവ്യചാരി മേ!
ഇന്നൊരദ്ഭുതസിദ്ധിയാക്കി നീ
മന്നിലെൻ ശുഷ്കജീവിതം!
അഭ്യുദയക്കൊടുമുടിത്തുഞ്ചി
മജ്ജയക്കൊടി നാട്ടി നീ!
ഇല്ലെനിക്കൊന്നുമില്ല, ലോകത്തിൽ
വല്ലതുമിനി നേടുവാൻ!

ഇത്രനാളുമിജ്ജീവിതത്തിലെ
മൃത്യുവെന്തെന്നറിഞ്ഞു ഞാൻ.
മായികസ്വപ്നനിർവൃതിയുടെ
മാധുരിയാസ്വദിച്ചു ഞാൻ.
ആകയാ,ലാ യഥാർത്ഥമൃത്യുവെൻ
ലോകജീവിതം മായ്ക്കുകിൽ.
അച്ചിദാനന്ദമിന്നിതിനേക്കാ-
ളെത്ര കാമ്യമായ് ത്തോന്നിടാം!

മൽകലാപ്രണയത്തിനു നേടാ-
നൊക്കുകില്ലിതിൻ മീതെയായ്,
മറ്റൊരു നിധി, നീണ്ട ജീവിത-
മെത്രമാത്രം ശ്രമിക്കിലും!
ജന്മവാസനകൊണ്ടു നേടിയൊ-
രമ്മഹനീയ പാടവം,
ചിത്രതല്ലജമൊന്നിനാലൊരു
നിത്യജീവിതമേകി മേ!
ഹാ, മരിക്കിലും ഞാൻ മരിക്കുകി-
ല്ലോമലാളേ, നീ കാരണം!
വിസ്തൃതമാമീ വിശ്വരംഗത്തിൽ
വിസ്മയാസ്പദേ, നിന്നെ ഞാൻ.
എന്നെന്നേക്കുമായ് വിട്ടുപോകിലും
നിന്നിലെന്നെന്നും നിന്നിടും!
മഞ്ജുവിഗഹേ, ഞാനൊരു വെറും
മന്ദഭാഗ്യനാണെങ്കിലും;
വിദ്രുമോജ്ജ്വലേ, ഞാനൊരു വെറും
വിത്തശൂന്യനാണെങ്കിലും;
ഭദ്രദീപികേ, ഞാനൊരുവെറും
ക്ഷുദ്രജീവിയാണെങ്കിലും;
എന്നൊരുനാളുമാവുകില്ലിനി
മന്നിനെന്നെ മറക്കുവാൻ!

കേവലസ്വപ്നമാത്രമാകുമി-
ജ്ജീവിതം നീണ്ടുനിൽക്കുകിൽ;
മേലിലും വലിച്ചീടുമാശ, യെൻ
പേലവമാം മനസ്സിനെ.
മന്നിലെങ്ങും തെളിഞ്ഞിടുമോരോ
മഞ്ജിമയെപ്പുണരുവാൻ
ആകയില്ലെനിക്കെന്നാൽ,
മറ്റൊരുനാകസൗഭഗമീവിധം.
ചിത്രണം ചെയ്വാൻ മേലി, ലാകയാ-
ലിക്ഷണം ഞാൻ മരിക്കണം!
പാവനേ, നിന്റെ മുന്നി, ലിന്നെന്റെ
ജീവിതസ്വപ്നം മായണം!-
എങ്കിൽ, മന്നിനെന്നെന്നും ഞാനൊരു
പൊൻകിനാവായിത്തീർന്നിടും!
മാമകാമലജീവിതമൊരു
രോമഹർഷമായ് വാഴ്ത്തിടും! ...

മത്സിരകൾ തളർന്നിടുന്നു,-ഹാ!
മത്സരിപ്പു മൽപ്രജ്ഞകൾ!
സ്പന്ദനങ്ങൾ മുറുകിടുന്നു, നി-
ഷ്പന്ദമാകുന്നെൻ ചൈതന്യം!
അല്ലെങ്കിലെന്തി,നിന്നെൻ ചൈതന്യ-
മെല്ലാം നിന്നിലലിഞ്ഞല്ലോ!
പോയല്ലോ നിന്നിലേക്കു മത്സത്വം
ചായക്കൂട്ടിലൂടൊക്കെയും!
ശിഷ്ടമിന്നെനിക്കുള്ളതീ വെറു-
മസ്ഥിപഞ്ജരം മാത്രമാം!
ആയതു, മടി വേച്ചുവേ,ച്ചെന്തി-
താപതിക്കുവാൻ പോകയോ!
ഏതോ ധൂമികയ്ക്കുള്ളിൽ, വിസ്തൃത-
ഭൂതലം മറയുന്നിതോ?
എന്തുമാറ്റ,മിതെന്തിനാകാ,മി-
തെന്തു?-ഞാൻ മരിക്കുന്നുവോ!
അദ്ഭുതം!-ഹാ, മരണമേ വരൂ
സസ്പൃഹമെതിരേല്പു ഞാൻ!
വെല്ക, മത്കആഭാഗ്യരത്നമേ!
വെല്ക, നീയെൻ തിലോത്തമേ!

ലാലസിച്ചിതാ മച്ചിലൊക്കെയും
ലോലസായാഹ്നദീപ്തികൾ.
അന്തിമാരുണകാന്തിവീചികൾ
ചിന്തിയ വാനിലേകയായ്,
ഉല്ലസദ്ദ്യുതി തൂകിനിന്നിതുൽ-
ഫുല്ലതാരക,യെന്തിനോ! ...

ഒന്നു മുന്നോട്ടേക്കാഞ്ഞിതാ വേഗ-
മന്ദ, നക്കലാകാരൻ!...
ആ മുഖത്തൊരു ഗാഢചുംബനം
പ്രേമപൂർവ്വകമേകവേ.
തീർന്നിതാ രംഗം! - കാലിടറി, യ-
ങ്ങൂർന്നുവീണു നിലത്തവൻ!
ആ മിഴികളടഞ്ഞു! - കൂരിരുൾ
വീണു ഭൂമിയിലൊക്കെയും!

കേവലമൊരു മൃത്യുവല്ലതു
ജീവിതോത്കൃഷ്ടസിദ്ധിയാം!-
അക്കലാപ്രേമദിവ്യശക്തിയാ-
ലർപ്പിതമായ മുക്തിയാം!-
ഉണ്ടൊരവ്യക്തമർമ്മരാംശമ-
ച്ചുണ്ടിലൂറുന്നുണ്ടിപ്പൊഴും!...

"വെല്ക, മത്കലാ-
ഭാഗ്യരത്നമേ!
വെൽക, വെല്‌കെൻ
തിലോത്തേേേമേ!...."

ജനുവരി 1936.

"https://ml.wikisource.org/w/index.php?title=തിലോത്തമ&oldid=206595" എന്ന താളിൽനിന്ന് ശേഖരിച്ചത്