തിരഞ്ഞെടുത്ത ഹദീസുകൾ/ അടിമത്ത മോചനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഒരു മുസ്ളീം അടിമയെ സ്വതന്ത്രനാക്കിയാൽ ആ അടിമയുടെ ഓരോ അംഗത്തിനും പ്രതിഫലമായി ഇവന്റെ അംഗത്തിനും പ്രതിഫലമായി ഇവന്റെ ഓരോ അംശത്തേയും നരകശിക്ഷയിൽ നിന്ന് അല്ലാഹു മോചിപ്പിക്കുന്നതാണ്. സഈദ്ബ്നുമർജാൻ(റ) പറയുന്നു: ഈ ഹദീസുമായി ഞാൻ അലിയ്യ്ബ്നു ഹുസൈൻ(റ)ന്റെ അടുത്ത് ചെന്നു. അപ്പോൾ അദ്ദേഹം അബ്ദുല്ലാഹിബ്നു ജഅ്ഫർ ആയിരം സ്വർണ്ണനാണയം കൊടുത്തു വാങ്ങിയ തന്റെ അടിമയെ മോചിപ്പിച്ചു. (ബുഖാരി. 3. 46. 693)

2) അബൂദർറ്(റ) പറയുന്നു: ഏറ്റവും പുണ്യമുള്ള പ്രവർത്തനമേതെന്ന് നബി(സ)യോട് ഞാൻ ചോദിച്ചു. അവിടുന്ന് അരുളി: അല്ലാഹുവിലുള്ള വിശ്വാസവും അവന്റെ മാർഗ്ഗത്തിൽ സമരം ചെയ്യലുമാണ്. ഞാൻ ചോദിച്ചു. ഏത് അടിമയാണ് മോചിപ്പിക്കുവാൻ കൂടുതൽ നല്ലത്? നബി(സ) പറഞ്ഞു: ഉടമസ്ഥന്റെ പക്കൽ കൂടുതൽ വിലപിടിച്ച അടിമ. ഞാൻ വീണ്ടും ചോദിച്ചു. അതിന് എനിക്ക് കഴിവില്ലെങ്കിലോ? കൈത്തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരുത്തനെ നീ സഹായിക്കുക. അല്ലെങ്കിൽ തൊഴിലറിയാത്തവന് തൊഴിൽ പരിശീലിപ്പിച്ചു കൊടുക്കുക. നബി(സ) പ്രത്യുത്തരം നൽകി. അതിനും കഴിവില്ലെങ്കിലോ എന്ന് ഞാൻ ആവർത്തിച്ചു. നബി(സ) അരുളി: മനുഷ്യർക്ക് ദ്രോഹമേൽപ്പിക്കാതെ അവരെ അവരുടെ പാട്ടിൽ വിട്ടേക്കുക. നിന്റെ ആത്മാവിന് നൽകുന്ന വലിയൊരു ദാനമാണിത്. (ബുഖാരി. 3. 46. 694)

3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ അനുയായികളുടെ ഹൃദയത്തിൽ ഉദിച്ചുകൊണ്ടിരിക്കുന്ന വിചാരങ്ങളനുസരിച്ച് പ്രവർത്തിക്കുകയോ സംസാരിക്കുകയോ ചെയ്യാത്തകാലത്തോളം അല്ലാഹു അവർക്ക് മാപ്പ് നൽകും. (ബുഖാരി. 3. 46. 705)

4) ഹക്കീം(റ) നിവേദനം:അജ്ഞാനകാലത്തു അദ്ദേഹം നൂറ് അടിമകളെ മോചിപ്പിക്കുകയും നൂറ് ഒട്ടകങ്ങളെ കഴിവില്ലാത്തവർക്ക് ദാനം നൽകുകയും ചെയ്യുകയുണ്ടായി. ഇസ്ലാം സ്വീകരിച്ച ശേഷം നൂറ് ഒട്ടകങ്ങളെ സവാരിക്ക് വിട്ടുകൊടുക്കുകയും നൂറ് അടിമകളെ മോചിപ്പിക്കുകയും ചെയ്തു. ഞാൻ നബി(സ)യോട് ചോദിച്ചു: പ്രവാചകരേ! ഞാൻ ജാഹിലിയ്യാ കാലത്തു അനുഷ്ഠിച്ച പുണ്യകർമ്മങ്ങൾക്ക് എനിക്ക് പ്രതിഫലം ലഭിക്കുമോ? നബി(സ) അരുളി: നീ നന്മയിൽ നിന്ന് പ്രവർത്തിച്ചതിന്റെ കൂടെ മുസ്ളീമായിരുന്നു. (അതിനാൽ പ്രതിഫലം ലഭിക്കുന്നതാണ്). (ബുഖാരി. 3. 46. 715)

5) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി. പുണ്യകർമ്മം ചെയ്യുന്ന അടിമക്ക് രണ്ടു പ്രതിഫലമുണ്ട്. (അബൂഹുറൈറ(റ) പറയുന്നു. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവൻ തന്നെയാണ് സത്യം. അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദും ഹജ്ജും എന്റെ ഉമ്മാക്കുള്ള നന്മ ചെയ്യലും ഇല്ലായിരുന്നുവെങ്കിൽ ഞാൻ അടിമയായി മരിക്കുവാൻ ഇഷ്ടപ്പെടുമായിരുന്നു. (ബുഖാരി. 3. 46. 724)

6) അബൂഹുറൈറ(റ) നിവേദനം:നബി(സ) അരുളി: നിങ്ങളിൽ ആരും തന്നെ നിന്റെ തമ്പുരാന് (റബ്ബിന്ന്) ആഹാരം കൊടുക്കൂ, നിന്റെ തമ്പുരാന് വുളു ഉണ്ടാക്കാൻ സഹായിക്കൂ എന്നൊന്നും പറയരുത്. എന്റെ യജമാനൻ (സയ്യിദ്) എന്റെ ഉടയോൻ (മൗലായ്യ) എന്നോ മറ്റൊ പറഞ്ഞു കൊളളട്ടെ. അപ്രകാരം തന്നെ നിങ്ങളിൽ ആരും തന്നെ എന്റെ അടിമ എന്റെ വെളളാട്ടി എന്നും പറയരുത്. എന്റെ ഭൃത്യൻ, എന്റെ പരിചാരകൻ എന്നെല്ലാം പറഞ്ഞുകൊള്ളട്ടെ. (ബുഖാരി. 3. 46. 728)

7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളിൽ വല്ലവന്റെയും അടുക്കൽ സ്വഭൃത്യൻ ആഹാരവുമായി വന്നാൽ അവനെ കൂടിയിരുത്തിയില്ലെങ്കിൽ ഒന്നോ രണ്ടോ പിടി ഭക്ഷണം അവന്ന് നൽകുകയെങ്കിലും ചെയ്യട്ടെ. അതു അധ്വാനിച്ച് പാകം ചെയ്തത് അവനാണല്ലോ. (ബുഖാരി. 3. 46. 732)