തിരഞ്ഞെടുത്ത ഹദീസുകൾ/സൃഷ്ടിയുടെ ആരംഭം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1) ഇംറാൻ(റ) നിവേദനം: ഞാനൊരിക്കൽ നബി(സ)യുടെ അടുത്തു പ്രവേശിച്ചു. എന്റെ ഒട്ടകത്തെ വാതിലിൽ ബന്ധിപ്പിച്ചു. അപ്പോൾ ബനുതമീമിൽപ്പെട്ട ഒരു വിഭാഗം അവിടെ കയറി വന്നു. (ആവർത്തനം) ശേഷം യമനിൽപ്പെട്ട ചിലർ തിരുസന്നിധിയിൽ കയറിവന്നു. ഞങ്ങൾ പ്രപഞ്ചത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ചോദിക്കുവാൻ വന്നവരാണെന്ന് പറഞ്ഞു. നബി(സ) അരുളി: ആദിയിൽ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവുമുണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്ന് വെളളത്തിനു മീതെയാണ്. അങ്ങനെ അവൻ ഏട്ടിൽ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അവൻ ആകാശഭൂമികളെ സൃഷ്ടിച്ചു. ഈ അവസരത്തിൽ ഒരാൾ വിളിച്ചുപറഞ്ഞു. ഹുസൈന്റെ മകനെ! നിന്റെ ഒട്ടകം ഓടിപ്പോയിരിക്കുന്നു. ഉടനെ ഞാൻ എഴുന്നേറ്റുപോയി. ആ ഒട്ടകം മരീചിക മുറിച്ചുകൊണ്ട് അതാ പോകുന്നു! അല്ലാഹു സത്യം ആ ഒട്ടകത്തെ ഉപേക്ഷിച്ച് നബി(സ)യുടെ മുമ്പിലിരുന്ന് അവിടുത്തെ ഉപദേശം കേട്ടിരുന്നെങ്കിൽ നന്നായിരുന്നേനെയെന്ന് എനിക്ക് ഖേദം തോന്നി. ത്വാരിഖ്(റ) പറയുന്നു: ഉമർ(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു. ഒരിക്കൽ തിരുമേനി(സ) ഞങ്ങളിൽ പ്രസംഗിക്കുന്നവനായി എഴുന്നേറ്റു നിന്നു. എന്നിട്ട് പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് ഞങ്ങളോട് അവിടുന്ന് വർത്തമാനം പറഞ്ഞു. അങ്ങനെ സ്വർഗവാസികൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും നരകവാസികൾ നരകത്തിൽ പ്രവേശിക്കുകയും ചെയ്യുന്നതുവരെയുളള വിവരണം ഞങ്ങൾക്ക് നൽകി. അതിനെ ഗ്രഹിച്ചവൻ ഗ്രഹിക്കുകയും വിസ്മരിച്ചവൻ വിസ്മരിക്കുകയും ചെയ്തു. (ബുഖാരി. 4. 54. 414)

2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു സൃഷ്ടിപ്പ് നിർവ്വഹിച്ചുകഴിഞ്ഞപ്പോൾ എന്റെ കാരുണ്യം എന്റെ കോപത്തെ കവച്ചുവെക്കും എന്ന് തന്റെ ഏടിൽ എഴുതിവെച്ചു. ആ ഏട് സിംഹാസനത്തിന്റെ മുകളിൽ അവൻ സൂക്ഷിച്ചുവെച്ചിരിക്കുന്നു. (ബുഖാരി. 4. 54. 416)

3) അബൂസലമ:(റ) നിവേദനം: അദ്ദേഹത്തിന്റെയും ഒരു സംഘത്തിന്റെയും ഇടയിൽ ഒരു ഭൂമിയുടെ പ്രശ്നത്തിൽ തർക്കം ഉൽഭവിച്ച് ആയിശ:(റ) പറഞ്ഞു; അബൂസലമ: നീ ആ ഭൂമി ഉപേക്ഷിക്കുക. നിശ്ചയം തിരുമേനി(സ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. വല്ലവനും ഒരു ചാൺ ഭൂമി കവർന്നെടുത്താൽ തന്നെ ഏഴ് ഭൂമി അവന്റെ കഴുത്തിൽ അണിയിക്കുന്നതാണ് (ബുഖാരി. 4. 54. 417)

4) അബ്ദുല്ല(റ) നിവേദനം: പ്രവാചകൻ - അവിടുന്ന് സത്യസന്ധനും സത്യസന്ധനായി അംഗീകരിക്കപ്പെട്ടവനുമാണ് - അരുളി: നിങ്ങളിൽ ഓരോരുത്തരുടെയും സൃഷ്ടിപ്പിനുളള തയ്യാറെടുപ്പ് നിങ്ങളുടെ മാതാവിന്റെ ഗർഭാശയത്തിൽവെച്ച് 40 ദിവസം കൊണ്ടാണ് നടക്കുന്നത്. മറ്റൊരു 40 ദിവസത്തിനുളളിൽ അതു ഒരു രക്തപിണ്ഡമായി മാറുന്നു. അനന്തരം വേറൊരു 40 ദിവസത്തിനകം അതൊരു മാംസപിണ്ഡമായി മാറുന്നു. ശേഷം നാല് കൽപനകൾ നൽകിക്കൊണ്ട് അല്ലാഹു ഒരു മലക്കിനെ അയക്കുന്നു. അവന്റെ പ്രവർത്തനങ്ങൾ, അവന്റെ ആഹാരം, അവന്റെ ആയുസ്, അവൻ വിജയിയോ പരാജിതനോ എന്ന കാര്യം ഇവയെല്ലാം എഴുതിവെക്കാൻ അല്ലാഹു ആ മലക്കിനോട് നിർദ്ദേശിക്കും. അനന്തരം അവനിൽ ആത്മാവിനെ ഊതുന്നതാണ്. പിന്നീട് ഈ എഴുത്തനുസരിച്ചാണ് ആ മനുഷ്യൻ പ്രവർത്തിക്കുക. അവൻ ചിലപ്പോൾ സ്വർഗ്ഗത്തെ സമീപിക്കും. അവന്നും സ്വർഗ്ഗത്തിനുമിടയിൽ ഒരു മുഴം അകലം മാത്രമേ ദൂരമുണ്ടായിരിക്കുകയുളളൂ. ആ ഘട്ടത്തിൽ അവന്റെ കാര്യത്തിലുളള എഴുത്തു അവന്റെ കർമ്മങ്ങളെ കവച്ച് വെക്കും. പിന്നീട് നരകവാസികളുടെ കർമ്മമാണ് അവനാരംഭിക്കുക. അതുപോലെ മറ്റൊരു മനുഷ്യൻ പാപം ചെയ്ത് നരകത്തെ സമീപിക്കും അവസാനം അവന്നും നരകത്തിനുമിടയിലുളള ദൂരം ഒരു മുഴം മാത്രമായി അവശേഷിക്കും. അന്നേരം അവന്റെ പ്രശ്നത്തിലുളള എഴുത്ത് അവന്റെ പ്രവർത്തനത്തെ കവച്ചു വെയ്ക്കും. അപ്പോൾ അവൻ സ്വർഗ്ഗവാസികളുടെ പ്രവർത്തനങ്ങൾ ആരംഭിക്കും. (ബുഖാരി. 4. 54. 430)

5) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു ഒരു മനുഷ്യനെ സ്നേഹിച്ചാൽ ജിബ്രീൽ ഇപ്രകാരം വിളിച്ചു പറയും; അല്ലാഹു ഇന്നവനെ സ്നേഹിക്കുന്നു. അതുകൊണ്ട് നിങ്ങളും അവനെ സ്നേഹിച്ചുകൊളളുവിൻ. അങ്ങനെ ജിബ്രീലും അവനെ സ്നേഹിക്കും. മാത്രമല്ല, വാനലോകനിവാസികളിൽ ജിബ്രീലും ഇങ്ങനെ വിളിച്ചു പറയുക കൂടി ചെയ്യും. അല്ലാഹു ഇന്ന മനുഷ്യനെ സ്നേഹിക്കുന്നു. അതു കൊണ്ട് നിങ്ങളും അവനെ സ്നേഹിച്ചുകൊളളുക. അപ്പോൾ വാനലോക നിവാസികൾ അഖിലവും അവനെ സ്നേഹിക്കും. (ബുഖാരി. 4. 54. 431)

6) ആയിശ(റ) നിവേദനം: നബി(സ) പറയുന്നത് അവർ കേൾക്കുകയുണ്ടായി. മലക്കുകൾ മേഘത്തിലായിക്കൊണ്ട് ഇറങ്ങും. അന്നേരം വാനലോകത്തുവെച്ച് തീരുമാനിച്ച കാര്യങ്ങളെക്കുറിച്ച് അവർ സംസാരിച്ചുകൊണ്ടിരിക്കും. അപ്പോൾ പിശാചുക്കൾ അതു കട്ട് കേൾക്കും. പ്രശ്നം വെക്കുന്നവർക്ക് ആ വാർത്ത രഹസ്യമായി ആ പിശാചുക്കൾ അറിയിച്ചുകൊടുക്കും. പ്രശ്നക്കാർ(ജ്യോത്സ്യന്മാർ) ആ വാർത്തയോടൊപ്പം നൂറു കളളം സ്വന്തം കയ്യിൽ നിന്ന് കൂട്ടിച്ചേർക്കും. (ബുഖാരി. 4. 54. 432)

7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി; വെളളിയാഴ്ച ദിവസം വന്നാൽ പളളിയുടെ ഓരോ വാതില്ക്കലും കുറെ മലക്കുകൾ വന്നു നിൽക്കും. ആദ്യമാദ്യം വരുന്നവരാരെന്ന് അവരെഴുതികൊണ്ടിരിക്കും. അവസാനം ഇമാം മിമ്പറിൽ കയറി ഇരുന്നുകഴിഞ്ഞാൽ മലക്കുകൾ അവരുടെ കടലാസുകളെല്ലാം ചുരുട്ടിവെച്ച് ഇമാമിന്റെ ഉൽബോധനം കേൾക്കാൻ ചെന്നിരിക്കും. (ബുഖാരി. 4. 54. 434)

8) ആയിശ(റ) നിവേദനം: ഒരിക്കൽ നബി(സ) അവരോട് പറഞ്ഞു. ആയിശ! ഇതാ ജിബ്രീൽ നിനക്ക് സലാം പറയുന്നു. അപ്പോൾ ആയിശ(റ) പറഞ്ഞു: വഅലൈഹിസ്സലാം വറഹ്മത്തുല്ലാഹിവബറക്കാത്തൂഹൂ. ശേഷം ആയിശ തുടർന്നു: നബി(സ) കാണുന്നത് എനിക്ക് കാണാൻ കഴിയുകയില്ലല്ലോ. (ബുഖാരി. 4. 54. 440)

9) ഇബ്നുഅബ്ബാസ്(റ) നിവേദനം: ഒരിക്കൽ നബി(സ) ജിബ്രീലിനോടരുളി: നിങ്ങൾ സാധാരണ സന്ദർശിക്കുന്നതിൽ കൂടുതൽ പ്രാവശ്യം എന്തുകൊണ്ട് ഞങ്ങളെ സന്ദർശിക്കുന്നില്ല? ഇബ്നു അബ്ബാസ്(റ) പറയുന്നു: താങ്കളുടെ നാഥന്റെ കൽപനയനുസരിച്ചല്ലാതെ ഞങ്ങൾ ഇറങ്ങാറില്ല. ഞങ്ങളുടെ മുമ്പിലുളളതും പിന്നിലുളളതുമെല്ലാം നടക്കുന്നത് അവന്റെ ഹിതമനുസരിച്ചാണ് (19:64)എന്ന ഖുർആൻ വാക്യം അവതരിച്ചത് അപ്പോഴാണ്. (ബുഖാരി. 4. 54. 441)

10) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: എനിക്ക് ജിബ്രീൽ ഒരു രീതിയിൽ ഖുർആൻ ഓതിക്കേൾപ്പിച്ചു തന്നു. അപ്പോൾ കൂടുതൽ രീതിയിൽ ഖുർആൻ ഓതിക്കേൾപ്പിച്ചു തരുവാൻ ജിബ്രീലിനോട് ഞാനാവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം കാണിച്ചു തന്നതനുസരിച്ച് ഏഴു രൂപത്തിലുളള ഓത്തുവരെ എത്തിച്ചേർന്നു. (ബുഖാരി. 4. 54. 442)

11) അബുദർറ്(റ) നിവേദനം: നബി(സ) അരുളി: ജിബ്രീൽ എന്നോട് പറഞ്ഞു: നിന്റെ സമുദായത്തിൽ നിന്ന് ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും ശിർക്ക് ചെയ്യാതെ മരണപ്പെട്ടാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. അവൻ വ്യഭിചരിച്ചാലും മോഷ്ടിച്ചാലും. (ബുഖാരി. 4. 54. 445)

12) ഇബ്നു മസ്ഊദ്(റ) പറയുന്നു: "തന്റെ രക്ഷിതാവിന്റെ മഹത്തരങ്ങളായ ദൃഷ്ടാന്തങ്ങളിൽ ചിലതു അദ്ദേഹം കണ്ടു (53:18)എന്ന ഖുർആൻ സൂക്തത്തിന്റെ ഉദ്ദേശ്യം ചക്രവാളത്തെ ആകെ മൂടിയതും പച്ചനിറത്തിലുളളതുമായ ഒരു വിരിപ്പ് നബി(സ) കണ്ടു എന്നതാണ്. (ബുഖാരി. 4. 54. 456)

13) ആയിശ(റ) നിവേദനം: അവർ പറഞ്ഞു: മുഹമ്മദ്(സ) തന്റെ നാഥനെ (അല്ലാഹുവിനെ) കണ്ടുവെന്ന് വല്ലവനും വാദിക്കുകയാണെങ്കിൽ അവൻ വമ്പിച്ച കുറ്റാരോപണമാണ് അല്ലാഹുവിന്റെ പേരിൽ ചുമത്തുന്നത്. തിരുമേനി(സ) കണ്ടത് ജിബ്രീലിനെയാണ്. ജിബ്രീലിന്റെ സ്വതവേയുളള രൂപത്തിലും സ്വഭാവത്തിലുമാണ് നബി(സ) കണ്ടതും. അന്നേരം ജിബ് രീൽ ചക്രവാളത്തെ മുഴുവനും മൂടിയിരുന്നു. (ബുഖാരി. 4. 54. 457)

14) സമുറ:(റ) പറയുന്നു: നബി(സ) അരുളി: ഞാൻ രാത്രിയിൽ എന്റെ അടുത്തു രണ്ട് മനുഷ്യന്മാർ വരുന്നതു സ്വപ്നം കണ്ടു. അങ്ങിനെ അവർ പറഞ്ഞു: നരകത്തെ സൂക്ഷിക്കുന്ന മാലിക്കാണ് നരകത്തെ ജ്വലിപ്പിക്കുക. ഞാൻ ജിബ്രീലാണ്. ഇതു മീക്കായിലും. (ബുഖാരി. 4. 54. 459)

15) അബൂഹൂറൈറ(റ) നിവേദനം: ഒരു മനുഷ്യൻ തന്റെ ഇണയെ തന്റെ വിരിപ്പിലേക്ക് ക്ഷണിച്ച് അപ്പോൾ അവൾ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോട് കോപിഷ്ഠനായിക്കൊണ്ട് ആ രാത്രി അവൻ കഴിച്ചുകൂട്ടി. എങ്കിൽ പ്രഭാതം വരേക്കും മലക്കുകൾ അവളെ ശപിച്ചുകൊണ്ടേയിരിക്കും. (ബുഖാരി. 4. 54. 460)

16) ഖൈസ്(റ) നിവേദനം: നബി(സ) അരുളി: സ്വർഗ്ഗത്തിലെ കൂടാരം ഉൾഭാഗം ശൂന്യമായ പവിഴം കൊണ്ട് നിർമ്മിക്കപ്പെട്ടതാണ്. ഉപരിഭാഗത്തെ അതിന്റെ നീളം 30 മൈലാണ്. അതിന്റെ സർവ്വ കോണുകളിലും സത്യവിശ്വാസിക്ക് കുടുംബമുണ്ടായിരിക്കും. മറ്റുളളവർ അവരെ ദർശിക്കുകയില്ല. മറ്റൊരു നിവേദനത്തിൽ 60 മൈൽ എന്നാണ്. (ബുഖാരി. 4. 54. 466)

17) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറഞ്ഞു: പുണ്യകർമ്മം അനുഷ്ഠിക്കുന്ന എന്റെ ദാസന്മാർക്ക് ഒരു കണ്ണും ദർശിക്കാത്തതും ഒരു ചെവിയും കേൾക്കാത്തതും ഒരു മനുഷ്യന്റെ മനസ്സും നിരൂപിക്കാത്തതുമായവ ഞാൻ തയ്യാറാക്കിയിട്ടുണ്ട്. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഇപ്രകാരം പാരായണം ചെയ്യുക (കൺകുളുർമ്മയിൽ നിന്ന് അവർക്ക് ഗോപ്യമാക്കപ്പെട്ടതു യാതൊരു മനസ്സും അറിയുകയില്ല). (ബുഖാരി. 4. 54. 467)

18) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: ആദ്യമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരുടെ രൂപം പതിനാലാം രാവിലെ പൂർണ്ണ ചന്ദ്രന്റേതായിരിക്കും. അവരവിടെ തുപ്പുകയോ മൂക്കുചീറ്റുകയോ വിസർജ്ജനം നടത്തുകയോ ചെയ്യുകയില്ല. സ്വർണ്ണമായിരിക്കും അവരുടെ തളികകൾ. ചീർപ്പുകൾ സ്വർണ്ണം കൊണ്ടും വെളളി കൊണ്ടുമുളളവയും. അവർ സുഗന്ധദ്രവ്യങ്ങൾ പുകക്കുന്ന കുറ്റികളിൽ ഊദ് ആണ് പുകയ്ക്കുക. കസ്തൂരിയുടേതായിരിക്കും അവരുടെ വിയർപ്പിന്റെ മണം. അവർക്ക് രണ്ടു ഭാര്യമാർ വീതമുണ്ടായിരിക്കും. സൗന്ദര്യാധിക്യത്താൽ അവരുടെ കണങ്കാലുകളിലെ മജ്ജപോലും പുറത്തുകാണും. അവർക്കിടയിൽ യാതൊരുവിധ അഭിപ്രായഭിന്നതയോ വിദ്വേഷമോ ഉണ്ടായിരിക്കുകയില്ല. അവരുടെയെല്ലാം മനസ്സ് ഒരൊറ്റ മനുഷ്യന്റെ മനസ്സുപോലെയിരിക്കും രാവിലെയും വൈകീട്ടും അവർ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തും. (ബുഖാരി. 4. 54. 468)

19) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അവർക്ക് ശേഷം സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർ ഏറ്റവും ശക്തിയേറിയ നക്ഷത്രം പോലെ പ്രകാശിച്ചുകൊണ്ടിരിക്കും. അവരുടെ മനസ്സുകൾ ഒരൊറ്റ മനുഷ്യന്റെ മനസ്സുപോലെയായിരിക്കും. അവർക്കിടയിൽ യാതൊരു ഭാര്യമാർ വീതമുണ്ടായിരിക്കും. സൗന്ദര്യത്തിന്റെ വർദ്ധനവു കാരണം അവരുടെ കണങ്കാലുകളുടെ മാംസത്തിനുളളിലെ മജ്ജപോലും പിന്നിലൂടെ പുറത്തുകാണും. രാവിലെയും വൈകുന്നേരവും അവർ അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കും. അവരെ ഒരിക്കലും രോഗം ബാധിക്കുകയില്ല. (ബുഖാരി. 4. 54. 469)

20) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: എന്റെ സമുദായത്തിൽ നിന്നും എഴുപതിനായിരം പേർ അല്ലെങ്കിൽ ഏഴുലക്ഷം പേർ സ്വർഗ്ഗത്തിൽ പ്രവേശിക്കും അവരെല്ലാവരും ഒന്നിച്ചായിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക. പതിനാലാം രാവിലെ പൂർണ്ണചന്ദ്രന്റെ രൂപത്തിലായിരിക്കും അവരുടെ മുഖങ്ങൾ. (ബുഖാരി. 4. 54. 470)

21) അനസ്(റ) നിവേദനം: നബി(സ) അരുളി: തീർച്ചയായും സ്വർഗ്ഗത്തിൽ ഒരു വൃക്ഷമുണ്ട്. ഒരു വാഹനയാത്രക്കാരൻ നൂറുവർഷം സഞ്ചരിച്ചാലും അതിന്റെ തണൽ മുറിച്ചുകടക്കുകയില്ല. (ബുഖാരി. 4. 54. 474)

22) അബുഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: സ്വർഗ്ഗത്തിൽ ഒരു മരമുണ്ട്. ഒരു വാഹനയാത്രക്കാരൻ നൂറുവർഷം സഞ്ചരിച്ചാലും അതിന്റെ നിഴൽ കടന്നുപോകുകയില്ല. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഇപ്രകാരം പാരായണം ചെയ്തുകൊളളുവിൻ (വ്യാപിച്ചു കിടക്കുന്ന തണലുകൾക്കും. വളില്ലിൻ മംദൂദിൻ). (ബുഖാരി. 4. 54. 475)

23) അബൂസഈദിൽഖുദ്രി(റ) നിവേദനം: നബി(സ) അരുളി: സ്വർഗ്ഗവാസികൾ അവർക്ക് മീതെയുളള മാളികമുകളിലെ നിവാസികളെ ആകാശത്തിന്റെ കിഴക്കോ അല്ലെങ്കിൽ പടിഞ്ഞാറെ ചക്രവാളത്തിൽ ജ്വലിച്ചു പ്രകാശിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളെപ്പോലെ ദർശിക്കും. അവരുടെ ഇടയിലുളള പദവികൾ തമ്മിലുളള വ്യത്യാസം കാരണം. സഹാബിമാർ ചോദിച്ചു. പ്രവാചകരേ! അതു പ്രവാചകന്മാരുടെ പദവികളായിരിക്കും. അവിടെ മറ്റാർക്കും എത്തിച്ചേരാൻ സാധിക്കുകയില്ലല്ലോ. നബി(സ) പ്രത്യുത്തരം നൽകി. അതെ, എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹു സത്യം. അല്ലാഹുവിൽ വിശ്വസിക്കുകയും പ്രവാചകന്മാരെ സത്യപ്പെടുത്തുകയും ചെയ്ത പുരുഷന്മാരാണിവർ. (ബുഖാരി. 4. 54. 478)

24) അബൂജംറ:(റ) നിവേദനം: ഞാൻ ഇബ്നു അബ്ബാസിന്റെ അടുത്തു മക്കയിൽ ഇരിക്കുകയാണ്. അപ്പോൾ എന്നെ പനി ബാധിച്ചു അദ്ദേഹം പറഞ്ഞു. സംസം വെളളം കൊണ്ട് നീ അതിനെ തണുപ്പിക്കുക. നിശ്ചയം. നബി(സ) അരുളി. പനി നരകത്തിന്റെ ആവിയിൽപ്പെട്ടതാണ്. അതിനാൽ നിങ്ങൾ വെളളം കൊണ്ട് അതിനെ തണുപ്പിക്കുക അല്ലെങ്കിൽ സംസംകൊണ്ട് നിവേദകനായ ഹമ്മാദ് ഇവിടെ സംശയിക്കുന്നു. (ബുഖാരി. 4. 54. 483)

25) ആയിശ(റ) നിവേദനം: നബി(സ) അരുളി: പനി നരകത്തിന്റെ ആവിയിൽപ്പെട്ടതാണ്. അതുകൊണ്ട് പനിയെ നിങ്ങൾ വെളളം കൊണ്ട് തണുപ്പിക്കുക. (ബുഖാരി. 4. 54. 485)

26) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളുടെ ഈ അഗ്നി നരകാഗ്നിയുടെ എഴുപതിലൊരു ഭാഗമാണ്. ദൈവദൂതരെ! ഈ അഗ്നി തന്നെ എല്ലാം കരിക്കുവാൻ മതിയാകുമല്ലോ എന്ന് പറയപ്പെട്ടു. നബി(സ) പ്രത്യുത്തരം നൽകി. നരകാഗ്നിക്ക് ഈ അഗ്നിയേക്കാൾ 69 ഇരട്ടി ശക്തി നൽകപ്പെട്ടിരിക്കുന്നു. ഓരോ ഭാഗത്തിനും ഇതേ തോതിൽ ചൂടുണ്ടായിരിക്കുന്നതാണ്. (ബുഖാരി. 4. 54. 487)

27) ജാബിർ(റ) നിവേദനം: നബി(സ) അരുളി: രാവ് ഇരുട്ടായാൽ നിങ്ങളുടെ കുട്ടികൾ വീട്ടിൽ നിന്നും പുറത്തുപോകുന്നത് നിങ്ങൾ തടഞ്ഞുകൊളളുക. കാരണം ആ സമയത്ത് പിശാചുക്കൾ ഭൂമിയിൽ പരക്കുന്നു. ഇശാക്കുശേഷം കുറച്ച് സമയം കഴിഞ്ഞാൽ നിങ്ങൾ അവരെ വിട്ടേക്കുക. എന്നിട്ട് വാതിലടച്ച് ബിസ്മിചൊല്ലി വിളക്ക് കെടുത്തി ഉറങ്ങാൻ കിടക്കുക. ബിസ്മി ചൊല്ലുകയും വെളളപ്പാത്രത്തിന്റെ വായ കെട്ടുകയും ചെയ്യുക. നീ നിന്റെ ആഹാരപ്പാത്രം മൂടിവെക്കുകയും വീണ്ടും ബിസ്മി ചൊല്ലുകയും ചെയ്യുക. മൂടിവെക്കാൻ ഒന്നും ലഭിച്ചില്ലെങ്കിൽ അതിന്റെ വായിൽ ഏതെങ്കിലും സാധനം വിലങ്ങനെ എടുത്തുവെക്കുക. (ബുഖാരി. 4. 54. 500)

28) സുലൈമാൻ(റ) നിവേദനം: ഒരിക്കൽ ഞാൻ നബി(സ)യുടെ കൂടെ ഇരിക്കുമ്പോൾ രണ്ടാളുകൾ പരസ്പരം ശകാരിക്കുവാൻ തുടങ്ങി. അവരിലൊരാളുടെ മുഖം ചുവന്നിരുന്നു. കണ്ഠനാഡി വീർക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ നബി(സ) പറഞ്ഞു; നിശ്ചയം എനിക്ക് ഒരു വചനം അറിവുണ്ട്. അതു അയാൾ ചൊല്ലിയാൽ അയാളുടെ മനസ്സിൽ ഉളളതു (രോഷം) നീങ്ങിപ്പോകുന്നതാണ്. അഊദുബില്ലാഹിമിനശൈത്താനി എന്ന് അവൻ പറഞ്ഞാൽ രോഷം വിട്ടുമാറും. ഉടനെ അനുചരന്മാർ അയാളെ ഇതു ഉപദേശിച്ചു. അപ്പോൾ അയാൾ പറഞ്ഞു: എന്ത്! എനിക്ക് ഭ്രാന്തുണ്ടോ? (ബുഖാരി. 4. 54. 502)

29) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: ആദമിന്റെ സന്താനങ്ങൾ ജനിക്കുമ്പോൾ പിശാച് അവന്റെ ഇരുവിരലുകൾ കൊണ്ട് അവന്റെ ഇരുഭാഗങ്ങളിലും കുത്തുന്നതാണ്. ഈസബ്നുമറിയം ഒഴികെ. അദ്ദേഹത്തെ കുത്തുവാനും അവൻ പുറപ്പെട്ടു. എന്നാൽ മറമേൽ ആണ് അവൻ കുത്തിയത്. (ബുഖാരി. 4. 54. 506)

30) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: കോട്ടുവായ് പിശാചിന്റെ പ്രവർത്തികളിൽപ്പെട്ടതാണ്. അതിനാൽ നിങ്ങളിൽ വല്ലവനും കോട്ടുവായ് ഇട്ടാൽ തന്റെ കഴിവനുസരിച്ച് അതിനെ അവൻ നിയന്ത്രിക്കട്ടെ. കോട്ടുവായിട്ടുകൊണ്ട് നിങ്ങളിലൊരാൾ ഹാ! എന്നു പറയുമ്പോൾ പിശാച് ചിരിക്കുന്നതാണ്. (ബുഖാരി. 4. 54. 509)

31) അബൂഖത്താദ(റ) നിവേദനം: നബി(സ) അരുളി: നല്ല സ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുളളതാണ്. പേക്കിനാവുകളിൽ പിശാചിൽ നിന്നുളളതും. നിങ്ങളിൽ ആരെങ്കിലും ഭയപ്പെടുത്തുന്ന സ്വപ്നം കണ്ടാൽ അവൻ തന്റെ ഇടതുഭാഗത്തേക്ക് ഒന്നു തുപ്പുകയും അതിന്റെ നാശത്തിൽ നിന്നും അല്ലാഹുവിങ്കൽ അഭയത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുകൊളളട്ടെ. നിശ്ചയം അതു അവനെ ഉപദ്രവിക്കുകയില്ല. (ബുഖാരി. 4. 54. 513)

32) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും "ലാ ഇലാഹ ഇല്ലല്ലാഹു വഹദഹുലാശരീകലഹു ലഹൂൽ മുൽകു വലഹുൽഹംദു വഹുവ അല്ലാകുല്ലി ശൈഇൻ ഖദീർ എന്ന് ഒരു ദിവസം ചൊല്ലിയാൽ അതു അവന്നു പത്തു അടിമകളെ മോചിപ്പിച്ചതിന് തുല്യമാണ്. നൂറ് പുണ്യങ്ങൾ അവന് രേഖപ്പെടുത്തും. നൂറ് പാപങ്ങൾ മാപ്പ് ചെയ്യപ്പെടും. വൈകുന്നേരം വരെ അത് അവന്ന് പിശാചിൽ നിന്നുളള സംരക്ഷണവും ആയിത്തീരും. ഇവൻ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായ ഒരു സംഗതി ആരും കൊണ്ടുവരുന്നില്ല. ഒരാൾ ഒഴികെ. അവൻ ഇതിനേക്കാൾ പ്രവർത്തിച്ചു. (ബുഖാരി. 4. 54. 514)

33) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളിൽ വല്ലവനും ഉറക്കത്തിൽ നിന്നു ഉണർന്നാൽ അവൻ വുളു എടുക്കുകയും മൂന്നു പ്രാവശ്യം വെളളം കയറ്റി ചീറ്റുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാൽ അവന്റെ നാസാദ്വാരത്തിലാണ് പിശാച് രാത്രി കഴിച്ചുകൂട്ടിയത്. (ബുഖാരി. 4. 54. 516)

34) ഇബ്നുഉമർ(റ) നിവേദനം: നബി(സ) മിമ്പറിന്മേൽ നിന്നുകൊണ്ട് ഇപ്രകാരം പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. പാമ്പുകളെ നിങ്ങൾ കൊന്നുകളയുവിൻ. വിശിഷ്യാ ശരീരത്തിൽ രണ്ടു വെളുത്ത വരകളുളള പാമ്പിനേയും വാൽ മുറിഞ്ഞ പാമ്പിനേയും. അവ രണ്ടും കണ്ണിന്റെ കാഴ്ച നശിപ്പിക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്യും. (ബുഖാരി. 4. 54. 518)

35) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി; ഒരു വേശ്യയായ സ്ത്രീക്ക് മാപ്പ് ചെയ്യപ്പെട്ടു. ദാഹം മൂലം ചാവാറായി ഒരു കിണറ്റിൻ കരയിലെ നനഞ്ഞ മണ്ണ് നക്കിക്കൊണ്ടിരുന്ന ഒരു നായയുടെ അരികിലൂടെ അവൾ നടന്നുപോയി. അതു കണ്ടപ്പോൾ അവൾ തന്റെ ഷൂസഴിച്ച് തട്ടത്തിന്റെ ഒരു തലക്കുകെട്ടി കിണറ്റിലേക്ക് താഴ്ത്തി ആ നായ്ക്ക് വെളളം കോരിയെടുത്ത് കൊടുത്തു. അതു കാരണം അവൾക്ക് മാപ്പ് ചെയ്യപ്പെട്ടു. (ബുഖാരി. 4. 54. 538)