തിരഞ്ഞെടുത്ത ഹദീസുകൾ/സലാം പറയൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) ജാബിറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങളാരെങ്കിലും താൻ വെറുക്കുന്ന തരത്തിൽ സ്വപ്നം കണ്ടുവെങ്കിൽ ഇടതുഭാഗത്ത് മൂന്ന് പ്രാവശ്യം തുപ്പുകയും പിശാചിനെത്തൊട്ട് അല്ലാഹുവിങ്കൽ അഭയം തേടുകയും അവൻ കിടന്നുറങ്ങിയിരുന്ന പാർശ്വത്തിൽ നിന്നു തെറ്റുകയും ചെയ്തുകൊള്ളട്ടെ. (മുസ്ലിം)

2) അബൂഹൂറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: നിങ്ങൾ സത്യവിശ്വാസികളാകാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹമില്ലാതെ സത്യവിശ്വാസികളാവുകയില്ല. പരസ്പരം സ്നേഹമുണ്ടാകുന്ന കാര്യം ഞാൻ നിങ്ങളെ അറിയിക്കട്ടെയോ ? നിങ്ങൾക്കിടയിൽ സലാം പരത്തലാണ്. (മുസ്ലിം)

3) അബ്ദുല്ല(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: മനുഷ്യരേ! നിങ്ങൾ സലാം പരത്തുകയും ആഹാരം നൽകുകയും ചാർച്ചയെ ചേർക്കുകയും ജനങ്ങൾ നിദ്രയിലാണ്ടിരിക്കുമ്പോൾ നമസ്കരിക്കുകയും ചെയ്തുകൊള്ളുക. എന്നാൽ സുരക്ഷിതരായി നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കും. (തിർമിദി)

4) ഇംറാനി(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ ഒരാൾ നബി(സ) യുടെ സവിധത്തിൽ വന്ന് അസ്സലാമു അലൈക്കും എന്നുപറഞ്ഞു. അയാൾക്കു സലാം മടക്കിക്കൊണ്ട് അവിടുന്ന് അവിടെയിരുന്ന് പറഞ്ഞു: പ്രതിഫലം പത്ത്. പിന്നീട് വേറൊരാൾ വന്ന് അസ്സലാമു അലൈക്കും വറഹ്മ ത്തുല്ലാഹി എന്നു സലാം പറഞ്ഞപ്പോൾ അവിടുന്ന് സലാം മടക്കിയിട്ടുപറഞ്ഞു: പ്രതിഫലം ഇതുപത്. മൂന്നാമത് വേറൊരാൾ വന്ന് അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു എന്നു സലാം പറഞ്ഞപ്പോൾ അവിടുന്ന് സലാം മടക്കി ഒരിടത്തിരുന്ന് പറഞ്ഞു: പ്രതിഫലം മുപ്പത്. (അബൂദാവൂദ്, തിർമിദി) (സലാം, റഹ്മത്ത്, ബക്കർത്ത് ഇവകളോരോന്നും ഓരോ ഹസനത്താണ്. ഓരോ ഹസനത്തിനും ചുരുങ്ങിയത് പത്ത് പ്രതിഫലം ലഭിക്കും)

5) മിഖ്ദാദ്(റ) സുദീർഘമായ ഹദീസിലൂടെ നിവേദനം ചെയ്യുന്നു: പാലിന്റെ ഓഹരി ഞങ്ങൾ നബി(സ) ക്ക് എടുത്തുവച്ചിരുന്നു. അവിടുന്ന് രാത്രി കടന്നുവരുമ്പോൾ ഉണർന്നിട്ടുള്ളവരെ ഉണർത്താതെയുമാണ് സലാം പറയാറ്. അങ്ങനെ ഒരിക്കൽ നബി(സ) വന്നപ്പോൾ സലാം പറയാറുള്ളതുപോലെ (ഉറങ്ങുന്നവരെ ഉണർത്താതെ) സലാം പറഞ്ഞുകൊണ്ടാണ് പ്രവേശിച്ചത്. (മുസ്ലിം)

6) അസ്മാഉ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) ഒരിക്കൽ മസ്ജിദുന്നബവിയിലൂടെ നടന്നുപോയി. ഒരുകൂട്ടം സ്ത്രീകൾ അവിടെയിരിപ്പുണ്ടായിരുന്നു. നബി(സ) അവരോട് സലാം പറഞ്ഞത് കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ടായിരുന്നു. (തിർമിദി) (ആംഗ്യം കാണിക്കുകയും സലാം പറയുകയും ചെയ്തു)

7) അബൂഉമാമ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ജനങ്ങളിൽ വെച്ച് അല്ലാഹുവിനോട് ഏറ്റവും അടുത്തവൻ അവരോട് സലാം തുടങ്ങുന്നവനാണ്. (അബൂദാവൂദ്, തിർമിദി)

8) അബൂജുറയ്യി(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ റസൂൽ(സ) യുടെ അടുത്തുചെന്ന് ഞാൻ പറഞ്ഞു: പ്രവാചകരേ! അലൈക്കസ്സലാം. നബി(സ) പറഞ്ഞു: അലൈക്കസ്സലാം എന്ന് നീ പറയരുത്. അലൈക്കസ്സലാം എന്നത് മരണപ്പെട്ടവരോടുള്ള അഭിവാദ്യമാണ്. (അബൂദാവൂദ്, തിർമിദി)

9) അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: നബി(സ) അരുളി: നിങ്ങളാരെങ്കിലും കൂട്ടുകാരനെ കണ്ടുമുട്ടിയാൽ അവനോട് സലാം പറഞ്ഞുകൊള്ളട്ടെ! അവർക്കിടയിൽ വൃക്ഷമോ മതിലോ കല്ലോ മറയിട്ടതിനുശേഷം വീണ്ടും കണ്ടുമുട്ടിയാലും സലാം പറയണം. (അബൂദാവൂദ്)

10) അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) എന്നോട് പറഞ്ഞു: പ്രിയ മകനേ! കുടുംബക്കാരുടെ അടുത്ത് നീ ചെല്ലുമ്പോൾ അവരോട് സലാം പറയൂ. നിനക്കും വീട്ടുകാർക്കും അഭിവൃദ്ധിക്ക് കാരണമാണത്. (തിർമിദി)

11) ഉമ്മുഹാനിഇ(റ)ൽ നിന്ന് നിവേദനം: മക്കാ ഫത്ത്ഹ്ദിവസം ഞാൻ നബി(സ)യുടെ അടുത്ത് കടന്നുചെന്നു. അവിടുന്നപ്പോൾ കുളിക്കുകയായിരുന്നു. മകൾ ഫാതിമ(റ) ഒരു വസ്ത്രംകൊണ്ട് നബി(സ)ക്ക് മറയുണ്ടാക്കിയിരുന്നു. ഞാൻ സലാം പറഞ്ഞു. ഉമ്മുഹാനിഅ്(റ) ഈ ഹദീസ് വിവരിച്ചിട്ടുണ്ട്. (മുസ്ലിം)

12) അസ്മാഇ(റ)ൽ നിന്ന് നിവേദനം: നബി(സ) കുറേ സ്ത്രീകളുടെ അടുത്തുകൂടി നടന്നുപോയപ്പോൾ ഞങ്ങളോട് സലാം പറഞ്ഞു. (അബൂദാവൂദ്, തിർമിദി)

13) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: നിശ്ചയം റസൂൽ(സ) അരുളി: ജൂത-കൃസ്ത്യാനികളോട് നിങ്ങൾ സലാം പറയരുത്. വഴിയിൽവെച്ച് അവരാരെയെങ്കിലും കണ്ടു മുട്ടിയാൽ ഇടുങ്ങിയ ഭാഗത്ത് അവരെ കൊണ്ടാക്കണം. (മുസ്ലിം)

14) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: നിങ്ങളാരെങ്കിലും ഏതെങ്കിലും സദസ്സിലെത്തിച്ചേരുമ്പോഴും അവിടെനിന്ന് എഴുന്നേറ്റുപോകുമ്പോഴും സലാം പറയണം. എന്നാൽ ആദ്യത്തേത് അവസാനത്തേതിനേക്കാൾ കടമപ്പെട്ടതല്ല. (അബൂദാവൂദ്, തിർമിദി) (ആദ്യത്തേതും രണ്ടാമത്തേതും തുല്യപ്രതിഫലമുള്ളതാണ്)