തിരഞ്ഞെടുത്ത ഹദീസുകൾ/വിധി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1) ഇംറാൻ(റ) നിവേദനം: ഒരാൾ ചോദിച്ചു. പ്രവാചകരെ! സ്വർഗവാസികളെയും നരകവാസികളെയും വേർതിരിച്ചറിയാൻ കഴിയുമോ? അതെയെന്ന് അവിടന്നരുളി: അയാൾ വീണ്ടും ചോദിച്ചു: പ്രവർത്തിക്കുന്നവർ എന്തിന് പ്രവർത്തിക്കണം? നബി(സ) അരുളി: ഏത് ലക്ഷ്യത്തെ മുൻ നിർത്തിക്കൊണ്ടാണോ തങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. ആ ലക്ഷ്യം നിറവേറ്റാനായിരിക്കും ഓരോ മനുഷ്യനും സ്വതവേ പ്രവർത്തിക്കുക. അല്ലെങ്കിൽ തനിക്ക് സൗകര്യപ്പെട്ടത് പ്രവർത്തിക്കാനാണ് ഓരോ മനുഷ്യനും ശ്രമിക്കുക. (ബുഖാരി. 8. 77. 595)

2) ഹുദൈഫ(റ) നിവേദനം: നബി(സ) ഞങ്ങളെ അഭിമുഖീകരിച്ച് ഒരു പ്രസംഗം നടത്തി. അന്ത്യദിനം വരേയുണ്ടാകുന്ന ഒരുകാര്യവും അതിൽ എടുത്ത് പറയാതെ നബി(സ) വിട്ടില്ല. ഓർമ്മിക്കാൻ താല്പര്യമുള്ളവരെല്ലാം അതു ഓർമ്മിച്ചു. താല്പര്യമില്ലാത്തവർ വിസ്മരിച്ചു. ഒരാൾക്ക് മറ്റൊരാളെ പരിചയമുണ്ടായിരിക്കും അയാൾ കൺമുമ്പിൽ നിന്ന് പോയാൽ ഇവന്റെ വിസ്മൃതിപഥത്തിൽ നിന്നും അയാൾ വിട്ടു പോവുക സ്വാഭാവികമാണ്. പിന്നീട് കണ്ടുമുട്ടുമ്പോൾ ഓർമ്മ വരികയും ചെയ്യും. ഇതു പോലെ ചില സംഗതികൾ ഓർമ്മയിൽ നിന്ന് വിട്ടുപോവുകയും പിന്നീടതിനെക്കുറിച്ച് ഓർക്കേണ്ട സന്ദർഭം വരുമ്പോൾ ഓർമ്മ വരികയും അല്ലാത്തപക്ഷം മറന്നുപോകുകയും ചെയ്യും. (ബുഖാരി. 8. 77. 601)

3) ഇബ്നുഉമർ (റ) നിവേദനം: നബി(സ) നേർച്ചയെ വിരോധിച്ചിരിക്കുന്നു. അവിടുന്ന് അരുളിയിട്ടുണ്ട്. തീർച്ചയായും നേർച്ച യാതൊരു ഉപകാരവും കൊണ്ട് വരില്ല. പിശുക്കന്മാരിൽ നിന്ന് അതു ധനം പുറത്തെടുക്കും (അത്രമാത്രം). (ബുഖാരി. 8. 77. 605)

4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു: ഞാൻ നിശ്ചയിച്ചുവെച്ചതല്ലാതെ അതിന്നപ്പുറം ഒരു നേട്ടവും നേർച്ച മൂലം ആദമിന്റെ സന്താനങ്ങൾക്ക് ലഭിക്കുകയില്ല. എന്നാൽ വിധി അവനെ കണ്ടുമുട്ടും. പിശുക്കിൽ നിന്ന് അതു ധനത്തെ പുറത്തെടുക്കും. (ബുഖാരി. 8. 77. 606)

5) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: രണ്ട് രഹസ്യോപദേഷ്ടാക്കൾ ഉപദേശം നൽകിക്കൊണ്ടിരിക്കാത്ത ഒരൊറ്റ ഖലീഫയും അധികാരത്തിലിരുന്നിട്ടില്ല. ഒരു ഉപദേഷ്ടാവ് അവനോട് നന്മ ഉപദേശിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യും. മറ്റേ ഉപദേഷ്ടാവോ തിന്മ ഉപദേശിക്കും. അതിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കും. അല്ലാഹു ആരെ കാത്തു രക്ഷിച്ചോ അവനെത്രെ സുരക്ഷിതൻ. (ബുഖാരി. 8. 77. 608)

6) അബ്ദുല്ല(റ) നിവേദനം: അങ്ങിനെയല്ല. ഹൃദയങ്ങളെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം എന്ന് നബി(സ) പലപ്പോഴും പറയാറുണ്ടായിരുന്നു. (ബുഖാരി. 8. 77. 614)