തിരഞ്ഞെടുത്ത ഹദീസുകൾ/ലൈലത്തുൽ ഖദ്‌റിന്റെ മഹത്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1) ഇബ്നു ഉമർ(റ) നിവേദനം: നബി(സ)യുടെ അനുചരന്മാരിൽ കുറെ പേർ ലൈലത്തുൽ ഖദ്ർ റമളാനിലെ ഒടുവിലത്തെ ആഴ്ചയിൽ വരുന്നതായി സ്വപ്നം കണ്ടു. അപ്പോൾ നബി(സ) അരുളി: നിങ്ങളുടെയെല്ലാം സ്വപ്നങ്ങൾ അവസാനത്തെ എഴുദിവസങ്ങളിൽ ഒത്തു ചേരുന്നതായി കാണുന്നു. അതുകൊണ്ട് വല്ലവനും ലൈലത്തുൽ ഖദ്റിനെ അന്വേഷിക്കുന്നെങ്കിൽ അവൻ റമളാനിന്റെ ഒടുവിലത്തെ ആഴ്ചയിലന്വേഷിക്കട്ടെ. (ബുഖാരി. 3. 32. 232)

2) അബൂസഈദ്(റ) പറയുന്നു: റമളാനിലെ നടുവിലത്തെ പത്തിൽ നബി(സ) യോടൊപ്പം ഞങ്ങൾ ഇഅ്തികാഫ് ഇരുന്നു. റമളാൻ ഇരുപതിന് പ്രഭാതത്തിൽ നബി(സ) പള്ളിയിൽ നിന്നും പുറത്തുവന്ന് ഞങ്ങളോട് പ്രസംഗിച്ചു. ലൈലത്തുൽ ഖദ്ർ ഞാൻ സ്വപ്നത്തിൽ കണ്ടു. പിന്നീട് ഞാനതു മറന്നുപോയി. അവസാനത്തെ പത്തിലെ ഒറ്റയൊറ്റ ദിവസങ്ങളിൽ നിങ്ങൾ ഇതിനെ അന്വേഷിക്കുക. കളിമണ്ണിലും വെള്ളത്തിലും ഞാൻ സുജൂദ് ചെയ്യുന്നതായും സ്വപ്നം കണ്ടു. അതിനാൽ എന്റെ കൂടെ ഇഅ്തികാഫ് ചെയ്യുന്നവരെല്ലാം പള്ളിയിലേക്ക് തന്നെ മടങ്ങട്ടെ. അപ്പോൾ ഞങ്ങൾ മടങ്ങി. ആകാശത്തിൽ ഒരു മേഘപാളി പോലുമുണ്ടായിരുന്നില്ല. പെട്ടെന്ന് ആകാശത്തിൽ കാർമേഘങ്ങൾ വന്ന് ശക്തിയായി മഴ വർഷിക്കാൻ തുടങ്ങി. മഴയുടെ ശക്തിമൂലം ഈത്തപ്പന മടലുകൊണ്ടുള്ള പള്ളിയുടെ മേൽത്തട്ട് ചോർന്നൊലിച്ചുകൊണ്ടിരുന്നു. ശേഷം നമസ്കാരത്തിന് ഇഖാമത്തു വിളിച്ചു. നബി(സ) കളിമണ്ണിലും വെള്ളത്തിലും സുജൂദ് ചെയ്യുന്നത് ഞാൻ കണ്ടു. അവിടുത്തെ തിരുനെറ്റിയിൽ കളിമണ്ണിന്റെ അവശിഷ്ടങ്ങൾ ഞാൻ കാണുന്നതുവരെ. (ബുഖാരി. 3. 32. 235)

3) ആയിശ(റ) നിവേദനം: നബി(സ) അരുളി: റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റ രാത്രികളിൽ നിങ്ങൾ ലൈലത്തൂൽ ഖദ്റിനെ തേടുവീൻ. (ബുഖാരി. 3. 32. 236)

4) ആയിശ(റ) നിവേദനം: നബി(സ) അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ട്. (ബുഖാരി. 3. 32. 237)

5) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: ലൈലത്തുൽ ഖദ്റിനെ നിങ്ങൾ റമളാനിലെ ഒടുവിലെ പത്തിൽ അന്വേഷിക്കുക. അതായത് ഒമ്പതു അവശേഷിക്കുമ്പോൾ, ഏഴ് അവശേഷിക്കുമ്പോൾ, അഞ്ച് അവശേഷിക്കുമ്പോൾ. (ബുഖാരി. 3. 32. 238)

6) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: ലൈലത്തുൽ ഖദ്ർ അവസാത്തെ പത്തിലാണ്. 29 ലോ അല്ലെങ്കിൽ 7 അവശേഷിക്കുന്ന സന്ദർഭത്തിലോ മറ്റൊരു നിവേദനത്തിൽ 24 ൽ അന്വേഷിക്കുക എന്ന് പ്രസ്താവിക്കുന്നു. (ബുഖാരി. 3. 32. 239)

7) ആയിശ(റ) പറയുന്നു: നബി(സ) അവസാനത്തെ പത്തിൽ പ്രവേശിച്ചാൽ തന്റെ അര മുറുക്കിയുടുക്കുകയും രാത്രി ജീവിപ്പിക്കുകയും തന്റെ വീട്ടുകാരെ വിളിച്ചുണർത്തുകയും ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 3. 32. 241)