Jump to content

തിരഞ്ഞെടുത്ത ഹദീസുകൾ/രോഗികൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) ആയിശ(റ) നിവേദനം: നബി(സ)അരുളി: ഒരു മുസ്ലിമിന് ഏതുതരം വിപത്തു ബാധിച്ചാലും അതുമൂലം അല്ലാഹു അവന്റെ പാപങ്ങളിൽ നിന്ന് മാപ്പ് ചെയ്തുകൊടുക്കാതിരിക്കില്ല. അവൻ ആവലാതിപ്പെട്ടുകൊണ്ടിരിക്കുന്ന മുളളുവരെ. (ബുഖാരി. 7. 70. 544)

2) അബുസഈദ്റ(റ) അബൂഹുറൈറ(റ) എന്നിവർ നിവേദനം: നബി(സ) അരുളി: ഒരു മുസ് ലിമിനെ ക്ഷീണമോ രോഗമോ ദു:ഖമോ അസുഖമോ ബാധിച്ചു. അല്ലെങ്കിൽ അവന്റെ ശരീരത്തിൽ മുളള് കുത്തുകയെങ്കിലും ചെയ്തു. എങ്കിൽ അവന്റെ തെറ്റുകളിൽ ചിലത് അല്ലാഹു മാച്ച് കളയാതിരിക്കുകയില്ല. (ബുഖാരി. 7. 70. 545)

3) കഅ്ബ്(റ) നിവേദനം: സത്യവിശ്വാസിയുടെ ഉപമ പുതുതായി മുളച്ചുവന്ന ഒരു ചെടിയുടേതുപോലെയാണ്. കാറ്റു തട്ടുമ്പോൾ അതങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കും. അമിതമായ കാറ്റില്ലാതിരിക്കുമ്പോഴോ നിവർന്നു നിൽക്കും. അങ്ങിനെ പ്രതികൂലാവസ്ഥകളെ നേരിടും. എന്നാൽ കപടവിശ്വാസിയുടെ ഉപമ 'ഉറുസത്ത്' ചെടിയുടേതാണ്. അത് ചായുകയും ചരിയുകയും ചെയ്യാതെ ഉറച്ച് നിവർന്ന് തന്നെ നിൽക്കും. അവസാനം അല്ലാഹു ഉദ്ദേശിക്കുമ്പോൾ അതിനെ കടപുഴക്കി എറിഞ്ഞുകളയും. (ബുഖാരി. 7. 70. 546)

4) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: അല്ലാഹു വല്ലവനും നന്മചെയ്യാൻ ഉദ്ദേശിച്ചാൽ അവനെ ആപത്തിൽ അകപ്പെടുത്തും. (ബുഖാരി. 7. 70. 548)

5) ആയിശ(റ) പറയുന്നു: നബി(സ)യേക്കാൾ കൂടുതൽ രോഗവേദനയനുഭവിച്ച ഒരാളെയും ഞാൻ കണ്ടിട്ടില്ല. (ബുഖാരി. 7. 70. 549)

6) അബ്ദുല്ല(റ) നിവേദനം: നബി(സ)ക്ക് കഠിനജ്വരം ബാധിച്ച് കിടക്കുന്ന അവസരത്തിൽ ഞാൻ നബി(സ)യുടെയടുക്കൽ പ്രവേശിച്ചു. ഞാൻ പറഞ്ഞു. തീർച്ചയായും താങ്കൾക്ക് കഠിനജ്വരം ബാധിച്ചിരിക്കുന്നത് അങ്ങേക്ക് ഇരട്ടി പുണ്യം ലഭിക്കാൻ വേണ്ടിയായിരിക്കാം. നബി(സ) അരുളി: അതെ, ഏതൊരു മുസ്ലീമിനാവട്ടെ വല്ല അസുഖവും അവന് ബാധിച്ചാൽ മരത്തിന്റെ ഇല ഉണങ്ങിവീഴും പോലെ അവന്റെ പാപങ്ങൾ അവനിൽ നിന്ന് ഉണങ്ങി വീണുപോയിക്കൊണ്ടിരിക്കും. (ബുഖാരി. 7. 70. 550)

7) അത്വാഅ്(റ) നിവേദനം: എന്നോട് ഒരിക്കൽ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: സ്വർഗ്ഗാവകാശിയായ ഒരു സ്ത്രീയെ ഞാൻ നിനക്ക് കാണിച്ചുതരട്ടെയോ? അതെയെന്ന് ഞാനുത്തരം നൽകി. അപ്പോൾ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: ഈ കറുത്ത സ്ത്രീയാണത്. നബി(സ)യുടെ അടുക്കൽ വന്നിട്ട് അവൾ പറഞ്ഞു. ഞാൻ ചിലപ്പോൾ അപസ്മാരമിളകി നിലത്തു വീഴും. എന്റെ വസ്ത്രം നീങ്ങി ശരീരം വെളിപ്പെടും. അവിടുന്ന് എനിക്കുവേണ്ടി പ്രാർത്ഥിച്ചാലും. നബി(സ) അരുളി: നീ ക്ഷമ കൈക്കൊളളുന്ന പക്ഷം സ്വർഗ്ഗം കരസ്ഥമാക്കാം. നിനക്ക് വേണമെങ്കിൽ നിന്റെ രോഗശാന്തിക്കായി ഞാനല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യാം. അവൾ പറഞ്ഞു: ഞാൻ ക്ഷമ കൈകൊളളാം. പക്ഷെ, അബോധാവസ്ഥയിൽ എന്റെ നഗ്നത വെളിപ്പെട്ടുപോകുന്നു. അങ്ങിനെ സംഭവിക്കാതിരിക്കാൻ പ്രാർത്ഥിച്ചാലും. അപ്പോൾ നബി(സ) അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു. (ബുഖാരി. 7. 70. 555)

8) അനസ്(റ) നിവേദനം: നബി(സ) അരുളുന്നത് ഞാൻ കേട്ടിട്ടുണ്ട്. അല്ലാഹു പറയും ഞാൻ എന്റെ ദാസനെ അവന്ന് ഏറ്റവും പ്രിയപ്പെട്ട രണ്ട് കാമുകിമാരെ നശിപ്പിച്ചു പരീക്ഷിച്ചു. അപ്പോൾ അവൻ ക്ഷമ കൈക്കൊണ്ടു. എങ്കിൽ അവരണ്ടിനും പകരമായി അവന്നു നാം സ്വർഗ്ഗം നൽകും. പ്രിയപ്പെട്ട രണ്ട് കാമുകിമാർ എന്നതുകൊണ്ട് അല്ലാഹുവിവക്ഷിക്കുന്നത് അവന്റെ രണ്ടു കണ്ണുകളാണ്. (ബുഖാരി. 7. 70. 557)

9) ജാബിർ (റ) പറയുന്നു: നബി(സ) എന്റെ രോഗം കാണാൻ വന്നത് കോവർ കഴുതയുടെ പുറത്തോ തുർക്കിക്കുതിരയുടെ പുറത്തോ ആയിരുന്നില്ല. (ബുഖാരി. 7. 70. 568)

10) ആയിശ(റ) പറയുന്നു: എന്നെ തലവേദന പിടികൂടിയപ്പോൾ ഹാ! എന്റെ തല തകർന്നല്ലോ എന്ന് ഞാൻ വിലപിച്ചു. നബി(സ) അരുളി: ഞാൻ ജീവിച്ചിരിക്കുന്ന സന്ദർഭത്തിലാണ് നിന്നെ മരണം ബാധിച്ചതെങ്കിൽ ഞാൻ നിനക്ക് പാപമോചനത്തിനായി അപേക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും. ആയിശ(റ) പറയുന്നു: ആഹാ! സങ്കടം. അല്ലാഹു സത്യം. താങ്കൾ ഞാൻ മരിക്കാനാഗ്രഹിക്കുന്നുവെന്ന് ഞാൻ ഊഹിക്കുന്നു. അപ്രകാരം സംഭവിക്കുന്നപക്ഷം താങ്കൾ അന്ന് വൈകുന്നേരം തന്നെ താങ്കളുടെ മറ്റൊരു ഭാര്യയുമായി കൂടിക്കഴിയും! നബി(സ) അരുളി: യഥാർത്ഥത്തിൽ എന്റെ തലക്കാണ് കേട്. ആളുകൾ അതുമിതും പറയാതിരിക്കുവാനും അതിമോഹികൾ ഭരണകാര്യത്തിൽ കണ്ണുവെക്കാതിരിക്കാനും വേണ്ടി അബൂബക്കറിന്റെയും അദ്ദേഹത്തിന്റെ പുത്രന്റെയുമടുക്കലേക്ക് ആളെ നിയോഗിക്കുവാൻ വരെ ഞാനുദ്ദേശിച്ചു. പിന്നീട് എനിക്ക് തോന്നി. അതല്ലാഹുവിന് സമ്മതമാവുകയില്ല. സത്യവിശ്വാസികൾ അതു നിരസിക്കുകയും ചെയ്തേക്കും. (ബുഖാരി. 7. 70. 570)

11) അനസ്(റ) നിവേദനം: നബി(സ)അരുളി: നിങ്ങളെ ബാധിച്ച ഒരു വിപത്തുകാരണം ആരും തന്നെ മരിക്കാനാഗ്രഹിക്കരുത്. അതല്ലാതെ മറ്റു മാർഗ്ഗമില്ലെങ്കിൽ അവൻ ഇപ്രകാരം പ്രാർത്ഥിക്കട്ടെ. അല്ലാഹുവേ ! ജീവിതമാണെനിക്കുത്തമമെങ്കിൽ നീ എന്നെ ജീവിപ്പിക്കേണമേ! മരണമാണെങ്കിൽ എന്നെ നല്ല നിലക്ക് മരിപ്പിക്കുകയും ചെയ്യേണമേ! (ബുഖാരി. 7. 70. 575)

12) ഖബ്ബാബ്(റ) നിവേദനം: അദ്ദേഹത്തിന്റെ ശരീരത്തിൽ ഏഴു സ്ഥലങ്ങളിൽ ചൂട് വെച്ചിട്ടുണ്ടായിരുന്നു. ഖബ്ബാബ്(റ) പറയുന്നു: എന്റെ പൂർവ്വസുഹൃത്തുക്കളെല്ലാം എന്നെ വിട്ടുപിരിഞ്ഞുപോയി. ഐഹികസൗകര്യങ്ങൾ അനുഭവിച്ച് അവരുടെ പ്രതിഫലത്തിൽ നിന്ന് യാതൊന്നും കുറവ് വരികയുണ്ടായില്ല. എന്നാൽ ഇപ്പോൾ ഞങ്ങൾക്കിതാ വമ്പിച്ച സമ്പത്തുകൾ കൈവന്നിരിക്കുന്നു. മണ്ണിലല്ലാതെ അത് സൂക്ഷിക്കുവാൻ മറ്റൊരിടവും കാണുന്നില്ല. മരണത്തിനുവേണ്ടി പ്രാർത്ഥിക്കുന്നത് നബി(സ) വിരോധിച്ചിട്ടുണ്ടായിരുന്നില്ലെങ്കിൽ തീർച്ചയായും ഞാനതുചെയ്യുമായിരുന്നു. നിവേദകൻ (ഖൈസ്) പറയുന്നു: മറ്റൊരിക്കൽ ഞങ്ങൾ ഖബ്ബാബിനെ സന്ദർശിച്ചു. അപ്പോൾ അദ്ദേഹം തന്റെ തോട്ടത്തിൽ ഒരു വീട് നിർമ്മിക്കുകയാണ്. അദ്ദേഹം ഞങ്ങളെ ദർശിച്ചപ്പോൾ ഇപ്രകാരം പറഞ്ഞു: തീർച്ചയായും ഒരു മുസ്ലിം ചിലവ് ചെയ്യുന്ന എല്ലാറ്റിനും അവന്ന് പ്രതിഫലം ലഭിക്കപ്പെടും. മണ്ണിൽ (വീട് നിർമ്മാണത്തിൽ) അവൻ ചിലവ് ചെയ്യുന്നതിന് ഒഴികെ. (ബുഖാരി. 7. 70. 576)

13) ആയിശ(റ) പറയുന്നു: നബി(സ) ഒരു രോഗിയെ സന്ദർശിച്ചു അല്ലെങ്കിൽ അവിടുത്തെ അടുക്കൽ ഒരു രോഗിയെ കൊണ്ട് വരപ്പെട്ടു. എങ്കിൽ ഇപ്രകാരം അവന്ന് വേണ്ടി പ്രാർത്ഥിക്കും. മനുഷ്യരുടെ നാഥാ! ഈ അവശതയെ ദുരീകരിക്കുകയും ഇദ്ദേഹത്തിന്റെ രോഗം സുഖപ്പെടുത്തുകയും ചെയ്യണമേ. യഥാർത്ഥത്തിൽ രോഗശമനം നൽകുന്നവൻ നീയാണ്. നിന്റെ ശമനം ഒരു രോഗത്തെയും സുഖപ്പെടുത്താതെ ഉപേക്ഷിക്കുകയില്ല. (ബുഖാരി. 7. 70. 579)

14) സൗബാൻ(റ)ൽ നിന്ന് നിവേദനം: നബി(സ) അരുൾ ചെയ്തു. നിശ്ചയം, ഒരു മുസ്ളിം സഹോദരനെ സന്ദർശിച്ചാൽ താൻ തിരിച്ചുവരുന്നവരെ സ്വർഗ്ഗത്തിന്റെ ഖുർഫത്തിലാണവൻ നിലകൊള്ളുന്നത്. ചോദിക്കപ്പെട്ടു. പ്രവാചകരെ! ഖുർഫത്തുൽ ജന്ന എന്നാൽ എന്താണ്? അവിടുന്ന് മറുപടി പറഞ്ഞു. അത് അതിൽ നിന്നും പറിച്ചെടുക്കപ്പെട്ട പഴവർഗ്ഗങ്ങളാണ്. (മുസ്ലിം)

15) അലി(റ)വിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. പ്രഭാതത്തിൽ മുസ്ളിമിനെ സന്ദർശിച്ചാൽ വൈകുന്നേരം വരെ എഴുപതിനായിരം മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കും. ഇനി വൈകീട്ടാണ് അവൻ സന്ദർശിച്ചതെങ്കിലോ, നേരം പുലരുന്നതുവരെ എഴുപതിനായിരം മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കും. തന്നിമിത്തം സുഖസമൃദ്ധമായ സ്വർഗ്ഗം അവനു ലഭിക്കും. (തിർമിദി)

16) സഅ്ദുബിൻ അബീവഖാസി(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ റസൂൽ(സ) എന്നെ സന്ദർശിച്ചു. അന്നേരം അവിടുന്ന് പ്രാർത്ഥിച്ചു. അല്ലാഹുവേ! സഅ്ദിന്ന് നീ ആശ്വാസം നല്കേണമേ! മൂന്നുപ്രാവശ്യം അതാവർത്തിച്ചു. (മുസ്ലിം)

17) ഉസ്മാനുബിൻ അബിൽ ആസ്(റ)ൽ നിന്ന് നിവേദനം: അദ്ദേഹം തന്നെ ബാധിച്ചിട്ടുള്ള ഒരു വേദനയെപ്പറ്റി നബി(സ)യോടുപരാതിപ്പെട്ടു. അന്നേരം റസൂൽ(സ) പറഞ്ഞു. നിന്റെ ശരീരത്തിൽ വേദനയുള്ള ഭാഗത്ത് കൈവച്ചുകൊണ്ട് ബിസ്മില്ലാഹി എന്ന് മൂന്നും ഞാൻ അനുഭവിക്കുന്ന വേദനയെത്തൊട്ടും ഭയപ്പെടുന്ന രോഗത്തെത്തൊട്ടും അല്ലാഹുവിന്റെ കഴിവിന്റെ പേരിലും പ്രതാപത്തിന്റെ പേരിലും ഞാൻ അവനിൽ അഭയം പ്രാപിക്കുന്നു. എന്ന് ഏഴ് പ്രാവശ്യവും നീ പ്രാർത്ഥിക്കൂ!. (മുസ്ലിം)

18) ഇബ്നുഅബ്ബാസ്(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. മരണാസന്നനല്ലാത്ത രോഗിയെ വല്ലവനും സന്ദർശിക്കുകയും, അവന്റെ അടുത്തുവെച്ച് നിനക്ക് രോഗശമനം നൽകാൻ മഹോന്നതനായ അർശിന്റെ നാഥനായ അല്ലാഹുവിനോട് ഞാൻ ആവശ്യപ്പെടുന്നുവെന്ന് അവൻ പ്രാർത്ഥിക്കുകയും ചെയ്താൽ രോഗത്തിൽ നിന്ന് അവനു മുക്തിലഭിക്കും തീർച്ച! (അബൂദാവൂദ്)

19) അബൂസഈദ്(റ)വിൽ നിന്ന് നിവേദനം: ജിബ്രീൽ (അ) ഒരിക്കൽ നബി(സ)യുടെ അടുത്ത് വന്ന് ചോദിച്ചു. മുഹമ്മദെ! അങ്ങ് രോഗിയാണോ? അതെ! എന്നവിടുന്ന് മറുപടി പറഞ്ഞു. ജീബ്രീൽ പറഞ്ഞു. അല്ലാഹുവിന്റെ തിരുനാമത്തിൽ അങ്ങയെ ബുദ്ധിമുട്ടിക്കുന്നു. എല്ലാവരെത്തൊട്ടും അസൂയാലുക്കളുടെ കണ്ണിനെത്തൊട്ടും അങ്ങയെ ഞാൻ മന്ത്രിക്കുന്നു. വാസ്തവത്തിൽ അങ്ങയെ സുഖപ്പെടുത്തുന്നവൻ അല്ലാഹുവാണ്. അല്ലാഹുവിന്റെ തിരുനാമത്തിൽ ഞാൻ അങ്ങയെ മന്ത്രിക്കുന്നു. (മുസ്ലിം)

20) അബൂസഈദി(റ)ൽ നിന്നും അബൂഹുറയ്റ(റ)യിൽ നിന്നും നിവേദനം: റസൂൽ(സ) പറഞ്ഞതായി അവരിരുവരും സാക്ഷ്യം വഹിച്ചിരിക്കുന്നു - അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല; അല്ലാഹുവാണ് വലിയവൻ എന്ന് ആരെങ്കിലും പറയുന്നപക്ഷം അവനെ തന്റെ നാഥൻ സത്യവാനാക്കിക്കൊണ്ട് പറയും. ഞാൻ അല്ലാതെ മറ്റാരാധ്യനില്ല; ഞാനാണ് വലിയവൻ. അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല, അവൻ ഏകനാണ്, അവനൊരുകൂട്ടുകാരനില്ല, എന്നവൻ പറയുമ്പോൾ അല്ലാഹു പറയും: ഞാനല്ലാതെ ആരാധ്യനില്ല, ഞാനേകനാണ്, എനിക്ക് ഒരുപങ്കാളിയുമില്ല. അല്ലാഹുവല്ലാതെ ആരാധ്യനില്ല, അധീശാധികാരം അവന്നാണ്, അവന് മാത്രമാണ് സർവ്വസ്തുതിയും എന്ന് അവൻ പറഞ്ഞാൽ, അല്ലാഹു പറയും ഞാനല്ലാതെ (സത്യത്തിൽ) ആരാധ്യനില്ല; സ്തുതിക്കർഹൻ ഞാനാണ്; രാജാധികാരവും എനിക്കാണ്. അല്ലാഹു അല്ലാതെ (യഥാർത്ഥത്തിൽ) ആരാധ്യനില്ല, പാപങ്ങളിൽ നിന്നും അകന്ന് നില്ക്കലും ആരാധനയിൽ ശുഷ്കാന്തിയും ശേഷിയും കരഗതമാവലും അല്ലാഹുവിൽ നിന്ന് മാത്രമാണ് എന്നവൻ പറഞ്ഞാൽ അല്ലാഹു പറയും. ഞാൻ തന്നെയാണ് (സാക്ഷാൽ) ആരാധ്യൻ; പാപത്തിൽ നിന്നുള്ള വ്യതിചലനവും, ആരാധനാശേഷിയും എന്നിൽ നിന്നു മാത്രമാണ്. നബി(സ) പറയാറുണ്ടായിരുന്നു. വല്ലവനും രോഗശയ്യയിലായാൽ ഇത് ചൊല്ലിക്കൊണ്ട് മരണപ്പെട്ടുവെങ്കിൽ അവൻ നരകത്തിൽ പ്രവേശിക്കുകയില്ല. (തിർമിദി)

21) ആയിശ(റ)യിൽ നിന്ന് നിവേദനം: മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കെ റസൂൽ(സ)യെ ഞാൻ കണ്ടു. ഒരുപാത്രം വെള്ളം അവിടുത്തെ അരികിലുണ്ടായിരുന്നു. അവിടുന്ന് കൈ പാത്ര ത്തിൽ മുക്കി വെള്ളം കൊണ്ട് മുഖം തടവി. എന്നിട്ടുപ്രാർത്ഥിച്ചു. അല്ലാഹുവേ! മരണത്തിലും വേദനകളിലും എന്നെ നീ സഹായിക്കേണമെ! (തിർമിദി)

22) മുആദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു. ആരുടെയെങ്കിലും ഒടുവിലത്തെ സംസാരം ലാഇലാഹ ഇല്ലല്ലാഹു എന്നായിത്തീർന്നാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. (അബൂദാവൂദ്) (ലാ ഇലാഹ ഇല്ലല്ലാഹു എന്നുപറഞ്ഞുകൊണ്ട് മരണപ്പെട്ടുപോകുന്നവൻ സത്യവിശ്വാസിയത്രെ. സത്യവിശ്വാസി സ്വർഗ്ഗത്തിൽ പ്രവേശിക്കും. തീർച്ച)

23) അബൂസഈദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു. നിങ്ങളിൽ മരണമാസന്നമായവർക്ക് ലാ ഇലാഹ ഇല്ലല്ലാഹു എന്ന് നിങ്ങൾ ചൊല്ലിക്കൊടുക്കുക. (മുസ്ലിം)

24) ഉമ്മുസലമ(റ)യിൽ നിന്ന് നിവേദനം: മരണാനന്തരം അബൂസലമയുടെ അടുത്ത് നബി(സ) കയറിവന്നു. അദ്ദേഹത്തിന്റെ കണ്ണ് തുറന്നിരിക്കുകയായിരുന്നു. നബി(സ) ആ കണ്ണ് അടച്ചുകൊണ്ട് പറഞ്ഞു. നിശ്ചയം, ആത്മാവ് പിടിക്കപ്പെടുമ്പോൾ കണ്ണ് അതിനെ പിന്തുടരും, ഇതു കേട്ടമാത്രയിൽ തന്റെ കുടുംബത്തിൽ പെട്ട ചിലർ അത്യുച്ചത്തിൽ അട്ടഹസിച്ചു. അന്നേരം നബി(സ) പറഞ്ഞു. നിങ്ങൾ നന്മ കൊണ്ടല്ലാതെ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കരുത്. നിങ്ങളുടെ പ്രാർത്ഥനകൾക്ക് മലക്കുകൾ ആമീൻ ചൊല്ലും. അനന്തരം അവിടുന്ന് പ്രാർത്ഥിച്ചു. അല്ലാഹുവേ! അബൂസലമക്ക് നീ പൊറുത്തുകൊടുക്കേണമെ! സന്മാർഗ്ഗികളുടെ നിലയിലേക്ക് അദ്ദേഹത്തിന്റെ പദവി നീ ഉയർത്തണമേ. ഇദ്ദേഹത്തിനുശേഷം സന്മാർഗ്ഗികളിൽപ്പെട്ട പ്രതിനിധിയെ നീ ഏർപ്പെടുത്തിക്കൊടുക്കേണമേ! സർവ്വലോകപരിപാലകാ! ഞങ്ങൾക്കും അദ്ദേഹത്തിനും നീ പൊറുത്തു തരേണമേ! അദ്ദേഹത്തിന്റെ ഖബറ് വിശാലപ്പെടുത്തുകയും പ്രകാശപൂരിതമാക്കുകയും ചെയ്യേണമേ. (മുസ്ലിം)