തിരഞ്ഞെടുത്ത ഹദീസുകൾ/യോജിപ്പ് (സന്ധി)
1) അനസ്(റ) നിവേദനം: താങ്കൾ അബ്ദുല്ലാഹിബ്നു ഉബയ്യത്തിന്റെ അടുക്കലേക്ക് പുറപ്പെട്ടാലും എന്ന് നബി(സ)യോട് പറയപ്പെട്ടു. അപ്പോൾ ഒരു കഴുതപ്പുറത്ത് കയറി അവന്റെ അടുക്കലേക്ക് നബി(സ) പുറപ്പെട്ടു. മുസ്ളിംകളും നബി(സ)യുടെ കൂടെ കാൽനടയായി പുറപ്പെട്ടു. അതു ഒരു ചതുപ്പ് സ്ഥലമായിരുന്നു. നബി(സ) അവനെ സമീപിച്ചപ്പോൾ എന്നിൽ നിന്ന് നീ അകന്നു നിൽക്കുക. അല്ലാഹു സത്യം! താങ്കളുടെ കഴുതയുടെ ദുർഗന്ധം എന്നെ ഉപദ്രവിക്കുന്നു. ഉടനെ അൻസാരികളിൽ പെട്ട ഒരാൾ പറഞ്ഞു. അല്ലാഹു സത്യം! നബിയുടെ കഴുതക്കാണ് നിന്നെക്കാൾ നല്ല വാസനയുള്ളത്. അപ്പോൾ അബ്ദുല്ലക്ക് വേണ്ടി അയാളുടെ സമുദായത്തിലെ ഒരു മനുഷ്യൻ കോപിച്ചു. അൻസാരിക്ക് വേണ്ടി അദ്ദേഹത്തിന്റെ സമുദായത്തിൽ പെട്ടവരും അങ്ങനെ ഈത്തപ്പനയുടെ മടൽകൊണ്ടും കൈകൾ, ചെരിപ്പ് എന്നിവ കൊണ്ടും തല്ല് നടന്നു. താഴെ പറയുന്ന സൂക്തം ഈ സംഭവത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. (സത്യവിശ്വാസികളിൽ നിന്ന് ഇരുവിഭാഗം തമ്മിൽ കലഹമുണ്ടായാൽ നിങ്ങൾ അവരുടെ ഇടയിൽ യോജിപ്പുണ്ടാക്കുക. ഹുജ്റാത്ത്: 9). (ബുഖാരി. 3. 49. 856)
2) ഉമ്മുകുൽസും(റ) നിവേദനം: നബി(സ) അരുളി: ജനങ്ങൾക്കിടയിൽ സന്ധിയുണ്ടാക്കുവാൻ വേണ്ടി അവാസ്തവമായ സംഗതികൾ പറയുന്നവൻ കള്ളം പറയുന്നവനല്ല. അവന്റെ വാർത്ത വർദ്ധിപ്പിക്കുകയും അല്ലെങ്കിൽ നല്ലതു പറയുകയും ചെയ്യുന്നു. (ബുഖാരി. 3. 49. 857)
3) സഹ്ല്(റ) നിവേദനം: ഖുബാ വാസികൾ ശണ്ഠകൂടി പരസ്പരം കല്ലെറിയാൻ തുടങ്ങി. നബി(സ)യോട് ഈ വാർത്ത പറയപ്പെട്ടു. അപ്പോൾ നബി(സ) അരുളി: നിങ്ങൾ എന്നെയുമായി പുറപ്പെടൂ. നമുക്ക് അവർക്കിടയിൽ സന്ധിയുണ്ടാക്കാം. (ബുഖാരി. 3. 49. 858)
4) ആയിശ(റ) പറയുന്നു:(വല്ല സ്ത്രീയും അവളുടെ ഭർത്താവിൽ നിന്ന് പിണക്കത്തെ ഭയപ്പെടുന്നു. അല്ലെങ്കിൽ പിന്തിരിയലിനെ) (4:128) എന്ന ആയത്ത് ആ പുരുഷനെ സംബന്ധിച്ച് അവതരിക്കപ്പെട്ടതാണ്. അയാൾ തന്റെ ഭാര്യയിൽ വാർദ്ധക്യം പോലെ തന്നെ ആകർഷിപ്പിക്കാത്തത് കാണുന്നു. അതിനാൽ അവളിൽ നിന്ന് അകലാൻ അയാൾ ഉദ്ദേശിക്കുന്നു. അപ്പോൾ അവൾ പറയും: നിങ്ങൾ എന്നെ വിവാഹമോചനം ചെയ്യരുത്. നിങ്ങൾ ഉദ്ദേശിക്കുന്ന ഓഹരി എനിക്ക് നിങ്ങൾ നൽകുക. ആയിശ(റ) പറയുന്നു: അവർ രണ്ടുപേരും തൃപ്തിപ്പെടുന്ന പക്ഷം അപ്രകാരം ഒരു യോജിപ്പിൽ എത്തുന്നതിന് വിരോധമില്ല. (ബുഖാരി. 3. 49. 859)
5) ആയിശ(റ) നിവേദനം: നബി(സ) അരുളി: നമ്മുടെ ഈ പ്രശ്നത്തിൽ വല്ലവനും ഇതിൽ ഇല്ലാത്തത് പുതിയതായി നിർമ്മിച്ചാൽ അതു തള്ളപ്പെടുന്നതാണ്. (ബുഖാരി. 3. 49. 861)
6) ബറാഅ്(റ) പറയുന്നു: നബി(സ) ഹുദൈബിയ്യ:യിലെ ആളുകളുമായി യോജിപ്പുണ്ടാക്കിയപ്പോൾ അലി(റ) കരാർ വ്യവസ്ഥ എഴുതുവാൻ തുടങ്ങി. അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് എന്ന് അദ്ദേഹം എഴുതി. അപ്പോൾ മുശ്രിക്കുകൾ പറഞ്ഞു. നീ അപ്രകാരം എഴുതുവാൻ പാടില്ല. നീ പ്രവാചകനാണെങ്കിൽ ഞങ്ങൾ നിന്നോട് യുദ്ധം ചെയ്യുമായിരുന്നില്ല. നബി(സ) അലി(റ) യോട് പറഞ്ഞു: നീ അത് മായ്ച്ചുകളയുക. അലി(റ) പറഞ്ഞു: ഞാനതു മായ്ച്ചുകളയുവാനാളല്ല. അപ്പോൾ നബി(സ) തന്നെ തന്റെ കൈ കൊണ്ട് അതു മായ്ച്ച് കളഞ്ഞു. ശേഷം താനും തന്റെ അനുയായികളും മൂന്നു ദിവസം മക്കയിൽ താമസിക്കുകയുള്ളൂ എന്നതിന്റെ അടിസ്ഥാനത്തിൽ കരാർ എഴുതി. ഉറയിലിട്ട വാളല്ലാതെ മറ്റൊരായുധവും കൊണ്ടു വരികയില്ലാ എന്നും വ്യവസ്ഥ ചെയ്തു. (ബുഖാരി. 3. 49. 862)
7) ബറാഅ്(റ) നിവേദനം: ഹുദൈബിയ്യ ദിവസം നബി(സ) മൂന്നു വ്യവസ്ഥയിൽ മുശ്രിക്കുകളുമായി യോജിപ്പുണ്ടാക്കി. മുശ്രിക്കുകളിൽ നിന്ന് വല്ലവനും മുസ്ളിമായി നബിയുടെ അടുത്തു വന്നാൽ തിരിച്ചയക്കണം. എന്നാൽ മുസ്ളിംകളിൽ നിന്ന് വല്ലവനും മുശ്രിക്കുകളെ സമീപിച്ചാൽ തിരിച്ചയക്കേണ്ടതില്ല. അടുത്തവർഷം ഉംറക്ക് വരിക. മൂന്നു ദിവസം മാത്രം മക്കയിൽ താമസിക്കുക. നിരായുധരായി മക്കയിൽ പ്രവേശിക്കുക. വാളും വില്ലും ഉറയിൽ നിക്ഷേപിക്കുക. അപ്പോൾ അബൂജൻദൽ തന്റെ ചങ്ങല വലിച്ചിഴച്ചുകൊണ്ട് വന്നു. നബി(സ) കരാർ പ്രകാരം അദ്ദേഹത്തെ തിരിച്ചുകൊടുത്തു. (ബുഖാരി. 3. 49. 863)
8) അനസ്(റ) നിവേദനം: റുബയ്യഅ് എന്ന മഹതി ഒരു അടിമസ്ത്രീയുടെ പല്ല് പൊട്ടിച്ചു. അപ്പോൾ റുബിയ്യഅ്ന്റെ ബന്ധുക്കൾ പ്രായശ്ചിത്തം സ്വീകരിച്ച് വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ വിസമ്മതിച്ചു. പ്രതികാരനടപടി തന്നെ ആവശ്യപ്പെട്ടു. അങ്ങനെ അവർ നബി(സ)യുടെ അടുത്തുവന്നപ്പോൾ നബി(സ) പ്രതികാര നടപടിക്ക് കൽപ്പിച്ചു. അനസ്ബ്നുഉമർ(റ) പറഞ്ഞു. പ്രവാചകരേ! റുബിയ്യഅ് ന്റെ പല്ല് പൊട്ടിക്കപ്പെടുകയോ? താങ്കളെ സത്യവുമായി നിയോഗിച്ചവൻ തന്നെയാണ് സത്യം. അവളുടെ പല്ല് പൊട്ടിക്കപ്പെടുകയില്ല. നബി(സ) അരുളി: അനസ്! അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ പ്രസ്താവിച്ചതാണ് പ്രതികാരനടപടി. ഉടനെ അവർ തൃപ്തിപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്തു. അപ്പോൾ നബി(സ) പറഞ്ഞു. നിശ്ചയം മനുഷ്യരുടെ ഇടയിൽ ചിലരുണ്ട്. അവർ അല്ലാഹുവിനെ പിടിച്ച് സത്യം ചെയ്തുപറഞ്ഞാൽ അവനത് നിർവ്വഹിച്ചുകൊടുക്കും. (ബുഖാരി. 3. 49. 866)
9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സർവ്വ വിരലുകൾക്കും ദാനധർമ്മമുണ്ട്. സൂര്യൻ ഉദിക്കുന്ന സർവ്വ ദിവസങ്ങളിലും ദാനധർമ്മമുണ്ട്. രണ്ട് വ്യക്തികൾക്കിടയിൽ യോജിപ്പുണ്ടാക്കൽ (നീതിപൂലർത്തൽ) ധർമ്മമാണ്. (ബുഖാരി. 3. 49. 870)