Jump to content

തിരഞ്ഞെടുത്ത ഹദീസുകൾ/മര്യാദകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) അബൂഹുറൈറ(റ) നിവേദനം: ഒരാൾ വന്ന് നബി(സ) യോട് ചോദിച്ചു. പ്രവാചകരേ! എന്നിൽ നിന്ന് നല്ല പെരുമാറ്റം ലഭിക്കുവാൻ ഏറ്റവും അവകാശപ്പെട്ടതാരാണ്? നിന്റെ മാതാവ് എന്ന് നബി(സ) അരുളി. പിന്നെ ആരാണ് ? നിന്റെ മാതാവ്. പിന്നെയാരാണ്? നിന്റെ മാതാവ്. പിന്നെയാരാണ്? നിന്റെ പിതാവ് എന്ന് നബി(സ) പ്രത്യുത്തരം നൽകി. (ബുഖാരി. 8. 73. 2)

2) ജുബൈർ(റ) നിവേദനം: നബി(സ)അരുളി: കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (ബുഖാരി. 8. 73. 13)

3) അബൂഹുറൈറ(റ) പറയുന്നു: നബി(സ)അരുളി: വല്ലവനും തന്റെ ആഹാരത്തിൽ വിശാലത ലഭിക്കുവാനും തന്റെ അവധി പിന്തിപ്പിച്ചുകിട്ടുവാനും (ദീർഘായുസ്സ് ലഭിക്കുവാനും)ആഗ്രഹിക്കുന്നുവെങ്കിൽ അവൻ കുടുംബബന്ധം പുലർത്തട്ടെ. (ബുഖാരി. 8. 73. 14)

4) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: തീർച്ചയായും കുടുംബബന്ധം പരമകാരുണികന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലർത്തിയവനോട് ഞാനും ബന്ധം പുലർത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി. 8. 73. 17)

5) അംറ്ബ്നുൽ ആസ്വി(റ) നിവേദനം: നബി(സ) രഹസ്യമായിട്ടല്ല പരസ്യമായിട്ടുതന്നെ അരുളുന്നതു ഞാൻ കേട്ടു. ഇന്നവന്റെ കുടുംബങ്ങൾ എന്റെ മിത്രങ്ങളല്ല. എന്റെ മിത്രങ്ങൾ അല്ലാഹുവും സദ്വൃത്തരായ വിശ്വാസികളുമാണ്. എന്നാൽ അവരും ഞാനുമായി കുടുംബബന്ധമുണ്ട്. ആ ബന്ധം മുൻനിർത്തി അവർ പെരുമാറും പോലെ ഞാൻ പെരുമാറും. (ബുഖാരി. 8. 73. 19)

6) അബ്ദുല്ല(റ) നിവേദനം: നബി(സ)അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലർത്തുന്നവൻ. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി. 8. 73. 20)

7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അലിയുടെ പുത്രൻ ഹസ്സൻ(റ)നെ ചുംബിച്ചു. നബി(സ)യുടെ അടുത്തു അഖ്റഅ്(റ) ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: എനിക്ക് പത്തു സന്താനങ്ങളുണ്ട്. ഞാൻ അവരിൽ ഒരാളേയും ചുംബിച്ചിട്ടില്ല. അപ്പോൾ നബി(സ) അദ്ദേഹത്തിലേക്ക് ഒന്നു നോക്കി. ശേഷം പറഞ്ഞു: കരുണചെയ്യാത്തവനോട് അല്ലാഹുവും കരുണചെയ്യുകയില്ല. (ബുഖാരി. 8. 73. 26)

8) ആയിശ(റ) നിവേദനം: ഒരുഗ്രാമീണൻ വന്ന് നബി(സ)യോട് പറഞ്ഞു: നിങ്ങൾ കുട്ടികളെ ചുംബിക്കാറുണ്ടോ? ഞങ്ങൾ ചുംബിക്കാറില്ല. നബി(സ) അരുളി: അല്ലാഹു നിന്റെ മനസ്സിൽ കാരുണ്യം എടുത്തുകളഞ്ഞെങ്കിൽ എനിക്ക് എന്തുചെയ്യാൻ കഴിയും? (ബുഖാരി. 8. 73. 27)

9) ഉമർ (റ) നിവേദനം: നബി(സ)യുടെ അടുക്കൽ ഒരു സംഘം യുദ്ധത്തടവുകാരെ കൊണ്ടുവന്നു. കൂട്ടത്തിൽ ഒരു സ്ത്രീയുമുണ്ടായിരുന്നു. മുലപ്പാൽ കുടിക്കുവാൻ കുട്ടിയില്ലാത്തതിനാൽ അവൾ തന്റെ മുലപ്പാൽ കറന്നെടുത്തുകൊണ്ടിരുന്നു. അപ്പോൾ ബന്ധികളുടെ കൂട്ടത്തിൽ മരിച്ചുപോയിയെന്ന് അവൾ വിചാരിച്ചിരുന്ന അവളുടെ കുട്ടിയെ അവൾ കണ്ടു. ഉടനെ അവനെ വാരിയെടുത്തു മാറോട് ചേർത്തി മുലകൊടുക്കുവാൻ തുടങ്ങി. നബി(സ) ഞങ്ങളോട് ചോദിച്ചു. ഇവൾ തന്റെ കുഞ്ഞിനെ തീയിലെറിയുമെന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടോ ? ഞങ്ങൾ പറഞ്ഞു: ഒരിക്കലുമില്ല. വല്ല മാർഗ്ഗവുമുണ്ടായാൽ അവൾ എറിയുകയില്ല. നബി(സ) പ്രത്യുത്തരം നൽകി. എങ്കിൽ ഇവൾക്ക് തന്റെ ശിശുവിനോടുളളതിനേക്കാൾ കൂടുതൽ കൃപ അല്ലാഹുവിന് തന്റെ ദാസന്മാരോടുണ്ടെന്ന് നിങ്ങളോർക്കണം. (ബുഖാരി. 8. 73. 28)

10) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു തന്റെ കാരുണ്യത്തെ നൂറ് ഓഹരിയാക്കി ഭാഗിച്ചു. 99 ഭാഗവും അവന്റെയടുക്കൽതന്നെ സൂക്ഷിച്ചു. ഒരു ഭാഗം മാത്രം ഭൂമിയിലേക്കയച്ചു. സൃഷ്ടികൾ പരസ്പരം കാണിക്കുന്ന കൃപ ആ ഒരംശത്തിൽ പെട്ടതാണ്. തന്റെ കുട്ടിക്ക് ആപത്തുപറ്റാതിരിക്കുവാനായി ഒരുകുതിര കുളമ്പ് ഉയർത്തുന്നതുപോലും ആ കാരുണ്യത്തിൽപ്പെട്ടതാണ്. (ബുഖാരി. 8. 73. 29)

11) സഹ്ല്(റ) പറയുന്നു: നബി(സ)തന്റെ നടുവിരലും ചൂണ്ടാണിവിരലും ചേർത്തിക്കൊണ്ട് പറഞ്ഞു. ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വർഗ്ഗത്തിൽ ഇതുപോലെയാണ്. (ബുഖാരി. 8. 73. 34)

12) അബൂഹുറൈറ(റ) പറയുന്നു: വിധവയുടെയും ദരിദ്രന്റെയും ജീവിതം സുഖകരമാക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നവൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നയോദ്ധാവിന് തുല്യമാണ്. (ബുഖാരി. 8. 73. 36)

13) അബൂഹുറൈറ(റ) പറയുന്നു: നബി(സ) നമസ്കരിക്കുവാൻ നിന്നു. ഞങ്ങൾ അവിടുത്തെ പുറകിലും. അപ്പോൾ നമസ്കരിച്ചുകൊണ്ടിരുന്ന ഒരു ഗ്രാമീണൻ പ്രാർത്ഥിച്ചു: അല്ലാഹുവേ! എനിക്കും മുഹമ്മദിനും നീ കരുണചെയ്യേണമേ! ഞങ്ങളോടൊപ്പം മറ്റാർക്കും കരുണചെയ്യരുതേ! നമസ്കാരത്തിൽ നിന്നും വിരമിച്ചപ്പോൾ നബി(സ) ഗ്രാമീണനോട് പറഞ്ഞു: വിശാലമായ ഒന്നിനെ ( അല്ലാഹുവിന്റെ കൃപയെ) നീ വളരെ സങ്കുചിതമാക്കിയല്ലോ! (ബുഖാരി. 8. 73. 39)

14) ആയിശ(റ) പറയുന്നു: നബി(സ)അരുളി: ജിബ്രീൽ എന്നോട് അയൽവാസിക്ക് നന്മചെയ്യുവാൻ ഉപദേശിച്ചുകൊണ്ടിരുന്നു. അനന്തരസ്വത്തിൽ അവനെ പങ്കാളിയാക്കുവാൻ നിർദ്ദേശമോ എന്ന് ഞാൻ വിചാരിക്കുന്നതുവരെ. (ബുഖാരി. 8. 73. 43)

15) അബൂശുറൈഹ്(റ) നിവേദനം: നബി(സ)അരുളി: അല്ലാഹു സത്യം ഒരാൾ വിശ്വാസിയല്ല. (മൂന്ന് പ്രാവശ്യം ആവർത്തിച്ചു) ആരാണ് പ്രവാചകരേ! ആ മനുഷ്യനെന്ന് ചോദിക്കപ്പെട്ടു. നബി(സ) അരുളി: തന്റെ ഉപദ്രവത്തിൽ നിന്ന് അയൽവാസി നിർഭയനാകാത്തവൻ. (ബുഖാരി. 8. 73. 45)

16) അബൂശുറൈഹ്(റ) പറയുന്നു: നബി(സ) ഇപ്രകാരം പറയുന്നതായി എന്റെ രണ്ടുചെവി കേൾക്കുകയും ഇരു നേത്രങ്ങൾ കാണുകയും ചെയ്തു. അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്നവൻ തന്റെ അയൽവാസിയെ ആദരിക്കട്ടെ. അതിഥിയെ ബഹുമാനിക്കട്ടെ. അവന്റെ സൽക്കാരം നന്നാകട്ടെ. പ്രവാചകരേ! എന്നാണ് അവന്റെ സൽക്കാരം എന്ന് ചോദിക്കപ്പെട്ടു. നബി(സ) അരുളി: ഒരുപകലും രാത്രിയും. അതിഥിയുടെ സൽക്കരിക്കൽ മൂന്ന് ദിവസമാണ്. അതിൽ വർദ്ധിച്ചത് ഒരു ദാനധർമ്മവും. അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്നവൻ നല്ലതുപറയട്ടെ. അല്ലെങ്കിൽ മൗനം ദീക്ഷിക്കട്ടെ. (ബുഖാരി. 8. 73. 48)

17) ജാബിർ (റ) പറയുന്നു: നബി(സ)അരുളി: എല്ലാ നല്ല സംഗതികളും ദാനധർമ്മമാണ്. (ബുഖാരി. 8. 73. 50)

18) അനസ്(റ) പറയുന്നു: നബി(സ) മറ്റുളളവരെ ശകാരിക്കുകയോ വഷളായ വാക്കുകൾ പറയുകയോ കോപിക്കുകയോ ചെയ്യുന്ന ആളായിരുന്നില്ല. ഞങ്ങളിൽ വല്ലവരേയും ആക്ഷേപിക്കുന്ന സന്ദർഭത്തിൽ അവിടുന്നു അരുളും. അവനെന്തുപറ്റി? അവന്റെ നെറ്റിയിൽ മണ്ണുപുരണ്ടുപോകട്ടെ (മനസ്സിൽ കൂടുതൽ സ്നേഹമുളളവരെ ആക്ഷേപിക്കുമ്പോൾ അറബികൾ പറയുന്നവാക്കാണിത്). (ബുഖാരി. 8. 73. 58)

19) ആയിശ(റ) പറയുന്നു: ഒരു മനുഷ്യൻ നബി(സ)യോട് പ്രവേശനത്തിന് അനുമതി ചോദിച്ചു. നബി(സ) ആ മനുഷ്യനെ കണ്ടപ്പോൾ ഇപ്രകാരം പറഞ്ഞു: കുടുംബത്തിന്റെ സ്നേഹിതൻ എത്ര ചീത്ത! സമൂഹത്തിന്റെ പുത്രൻ എത്ര ചീത്ത. അങ്ങിനെ അയാൾ വന്ന് ഇരുന്നപ്പോൾ നബി(സ) പ്രസന്ന മുഖത്തോട് കൂടി അയാളെ സ്വീകരിച്ചു. അയാൾ പിരിഞ്ഞുപോയപ്പോൾ ഞാൻ പറഞ്ഞു: പ്രവാചകരേ! ആ മനുഷ്യനെ താങ്കൾ കണ്ടപ്പോൾ ഇപ്രകാരമെല്ലാം പറഞ്ഞുവല്ലോ. ശേഷം താങ്കൾ അയാളെ പുഞ്ചിരിച്ചുകൊണ്ട് സ്വീകരിച്ചു! നബി(സ) അരുളി: ആയിശാ! നീ എന്നെ എപ്പോഴാണ് വഷളനായി കണ്ടത്? തീർച്ചയായും മനുഷ്യരിൽ ഏറ്റവും ചീത്തയായവൻ പരലോകത്ത് മനുഷ്യർ തിന്മയെ ഭയന്ന് ഉപേക്ഷിക്കപ്പെട്ടവരാണ്. (ബുഖാരി. 8. 73. 59)

20) ജാബിർ (റ) പറയുന്നു: നബി(സ)യോട് ഒരു സാധനം ആവശ്യപ്പെട്ടപ്പോൾ ഇല്ല എന്ന് അവിടുന്ന് ഒരിക്കലും അരുളിയിട്ടില്ല. (ബുഖാരി. 8. 73. 60)

21) അനസ്(റ) പറയുന്നു: നബി(സ)ക്ക് പത്തുവർഷം ഞാൻ പരിചരിച്ചിട്ടുണ്ട്. അതിനിടക്ക് ഒരിക്കലും അവിടുന്ന് എന്നോട് ഛേ! എന്നോ നീ എന്തിനതുചെയ്തു? നിനക്ക് ഇപ്രകാരം ചെയ്യാമായിരുന്നില്ലേ? എന്നോ പറഞ്ഞിട്ടില്ല. (ബുഖാരി. 8. 73. 64)

22) അബ്ദുല്ല(റ) നിവേദനം: ഒരു മുസ്ലീമിനെ ചീത്തപറയൽ ദുർമാർഗ്ഗമാണ്. അവനോട് യുദ്ധം ചെയ്യൽ അവിശ്വാസവും എന്ന് നബി(സ) അരുളി. (ബുഖാരി. 8. 73. 70)

23) അബൂദർറ്(റ) പറയുന്നു: നബി(സ)അരുളി: ഒരാൾ മറ്റൊരാളുടെ പേരിൽ ദുർമാർഗ്ഗം ആരോപിച്ചു. അല്ലെങ്കിൽ അവന്റെ പേരിൽ കുഫ്റ് ആരോപിച്ചു. യഥാർത്ഥത്തിൽ ആ ആരോപണം അടിസ്ഥാനരഹിതവുമാണ്. എങ്കിൽ ആ ആരോപണത്തിനും ഇവൻ തന്നെ ഉത്തരവാദിയാകും. അവനിലേക്ക് അതു മടങ്ങും. (ബുഖാരി. 8. 73. 71)

24) ഹമ്മാമ്(റ) പറയുന്നു: ഞങ്ങൾ ഒരിക്കൽ ഹൂദൈഫ:(റ)യുടെ അടുത്ത് ഇരിക്കുകയാണ്. അപ്പോൾ അദ്ദേഹത്തോട് പറയപ്പെട്ടു. തീർച്ചയായും ഇന്ന മനുഷ്യൻ വർത്തമാനം ഉസ്മാൻ(റ)നിലേക്ക് ഉയർത്താറുണ്ട്. അപ്പോൾ ഹുദൈഫ:(റ) പറഞ്ഞു: നബി(സ) അരുളുന്നത് ഞാൻ കേട്ടു. ഏഷണിക്കാരൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (ബുഖാരി. 8. 73. 82)

25) അബൂമൂസ:(റ) നിവേദനം: ഒരാൾ മറ്റൊരാളെ മുഖസ്തുതി പറയുന്നത് നബി(സ) കേട്ടു. അപ്പോൾ നബി(സ) പറഞ്ഞു: നിങ്ങൾ അയാളുടെ മുതുകിനെ മുറിച്ചുകളഞ്ഞു. (ബുഖാരി. 8. 73. 86)

26) അബൂബക്കറ(റ) നിവേദനം: തിരുമേനി(സ)യുടെ സന്നിധിയിൽ വെച്ച് ഒരു വ്യക്തിയെ ക്കുറിച്ച് പരാമർശനമുണ്ടായി. അനുചരന്മാരിൽ ഒരാൾ അദ്ദേഹത്തെ സ്തുതിച്ചു. നബി(സ) അരുളി: കഷ്ടം! നീ എന്റെ സ്നേഹിതന്റെ കഴുത്ത് മുറിച്ചുകളഞ്ഞു. അവിടുന്ന് ഈ വാചകം പല പ്രാവശ്യം ആവർത്തിച്ചശേഷം തുടർന്നു. നിങ്ങളിൽ വല്ലവർക്കും മറ്റൊരുത്തരെ സ്തുതിച്ചേ തീരൂ എന്നുണ്ടെങ്കിൽ അവനെക്കുറിച്ച് എന്റെ അഭിപ്രായം ഇങ്ങിനയാണെന്നു മാത്രം പറഞ്ഞുകൊളളട്ടെ. യഥാർത്ഥത്തിൽ അങ്ങിനെയെല്ലാമാണെന്ന് ഇവന്ന് അഭിപ്രായമുണ്ടായാൽ. സ്തുതിക്കപ്പെട്ടവന്റെ യഥാർത്ഥ കണക്കുകൾ അല്ലാഹു പരിശോധിച്ചുകൊളളും. അല്ലാഹുവിനെ കവച്ച് വെച്ച് ഒരാളും മറ്റൊരാളെ പരിശുദ്ധപ്പെടുത്തരുത്. (ബുഖാരി. 8. 73. 87)

27) അനസ്(റ) നിവേദനം: നബി(സ)അരുളി: നിങ്ങൾ പരസ്പരം പകയും അസൂയയും വെച്ച് പുലർത്തരുത്. ബന്ധം മുറിച്ച് അന്യോന്യം തിരിഞ്ഞുകളയരുത്. അല്ലാഹുവിന്റെ ദാസന്മാരും സഹോദരന്മാരുമായി ജീവിച്ചുകൊളളുക. ഒരു മുസ്ലീമിന് മൂന്ന് ദിവസത്തിലധികം തന്റെ സഹോദരനെ വെടിഞ്ഞിരിക്കാൻ പാടില്ല. (ബുഖാരി. 8. 73. 91)

28) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ സമുദായത്തിലെ എല്ലാവരുടെയും തെറ്റുകൾ അല്ലാഹു മാപ്പ് ചെയ്യും. പക്ഷെ പരസ്യമായി തെറ്റ് ചെയ്യുന്നവൻ അതിൽപ്പെടുകയില്ല. ഒരു മനുഷ്യൻ രാത്രി ഒരു ദുഷ്കൃത്യം ചെയ്യുന്നു. പ്രഭാതമാകുമ്പോൾ എടോ! ഞാൻ ഇന്നലെ രാത്രി ഇന്നിന്നതെല്ലാം ചെയ്തുവെന്ന് മറ്റൊരാളോട് പറയുന്നു. ഈ നടപടി പരസ്യമായി തെറ്റുചെയ്യുന്നതിൽ ഉൾപ്പെട്ടതാണ്. വാസ്തവത്തിൽ തന്റെ രക്ഷിതാവ് ഇവന്റെ തെറ്റുകൾ മൂടിവെച്ചിരിക്കുകയായിരുന്നു. പ്രഭാതമായപ്പോൾ ഇവൻ തന്നെ അതു പരസ്യമാക്കി. (ബുഖാരി. 8. 73. 95)

29) അബൂഅയ്യൂബ്(റ) പറയുന്നു: നബി(സ)അരുളി: മൂന്ന് ദിവസത്തിലധികം ഒരാൾ തന്റെ സഹോദരനുമായി പിണങ്ങി നിൽക്കുവാൻ പാടില്ല. അവർ രണ്ടു പേരും കണ്ടുമുട്ടും. ഇവൻ അവനിൽ നിന്ന് മുഖം തിരിച്ചുകളയും. അവൻ ഇവനിൽ നിന്നും. അവർ രണ്ടുപേരിൽ ആദ്യം സലാം ആരംഭിക്കുന്നവനാണ് ഉത്തമൻ. (ബുഖാരി. 8. 73. 100)

30) അബ്ദുല്ല(റ) നിവേദനം: സത്യം പറയൽ നന്മയിലേക്കും സ്വർഗ്ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യൻ സത്യം പറയുന്ന ശീലം വളർത്തുന്നപക്ഷം അല്ലാഹുവിങ്കൽ അവൻ തികഞ്ഞ സത്യസന്ധനായിത്തീരും. കളളം പറയുന്നശീലം ദുർവൃത്തിയിലേക്കും ദുർവൃത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യൻ കളളം പറയാൻ തുടങ്ങിയാൽ അവസാനം ഏറ്റവുമധികം കളളം പറയുന്നവനായി അവന്റെ പേർ അല്ലാഹുവിങ്കൽ രേഖപ്പെടുത്തും. (ബുഖാരി. 8. 73. 116)

31) അബ്ദുല്ല(റ) പറയുന്നു: നല്ല വർത്തമാനം പരിശുദ്ധ ഖുർആനാണ്. ഏറ്റവും നല്ല വഴി മുഹമ്മദിന്റെ വഴിയും. (ബുഖാരി. 8. 73. 120)

32) അബൂമൂസ(റ) നിവേദനം: നബി(സ)അരുളി: തന്നെപ്പറ്റിയുളള ആക്ഷേപങ്ങൾ കേട്ടിട്ട് അല്ലാഹുവിനേക്കാൾ കൂടുതൽ ക്ഷമ കൈകൊളളുന്ന ഒരാളും ഇല്ലതന്നെ. ചിലർ അവന്ന് സന്താനങ്ങളുണ്ടെന്ന് വാദിക്കുന്നു. എന്നിട്ടുകൂടി അവൻ അവരുടെ തെറ്റുകൾക്ക് മാപ്പുചെയ്യുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നു. (ബുഖാരി. 8. 73. 121)

33) ആയിശ(റ) പറയുന്നു: നബി(സ) ചിലതുപ്രവർത്തിച്ചു. അതിൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തു. ചിലർ പരിശുദ്ധി നേടുവാൻ അതിൽ നിന്ന് അകന്നു നിന്നു. ഈ വിവരം നബി(സ) ക്ക് ലഭിച്ചു. അവിടുന്ന് പ്രസംഗിച്ചുകൊണ്ട് പറഞ്ഞു: ചില ആളുകളുടെ അവസ്ഥ വിചിത്രം തന്നെ. ഞാൻ ചെയ്ത സംഗതികളിൽ നിന്നാണ് സൂക്ഷ്മതയുടെ അടിസ്ഥാനത്തിൽ അവർ അകന്നുനിൽക്കുന്നത്. നിശ്ചയം. അവരെക്കാൾ അല്ലാഹുവിനെക്കുറിച്ച് കൂടുതൽ അറിവുളളവനും ഭയപ്പെടുന്നവനും ഞാൻ തന്നെയാണ്. (ബുഖാരി. 8. 73. 123)

34) അബൂഹുറൈറ(റ) പറയുന്നു: ഒരാൾ തന്റെ സ്നേഹിതനെ കാഫിർ എന്ന് വിളിച്ചാൽ അവരിൽ ഒരാൾ അതിന്ന് നിർബന്ധിതനായിത്തീരുന്നു. ആ പദവുമായി ഒരാൾ മടങ്ങി. (ബുഖാരി. 8. 73. 125)

35) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഗുസ്തിപിടിച്ച് എതിരാളിയെ മറിച്ചിടുന്നവനല്ല. പിന്നെയോ കോപമുണ്ടാകുമ്പോൾ ആത്മനിയന്ത്രണം പാലിക്കുന്നവനാണ് ശക്തൻ. (ബുഖാരി. 8. 73. 135)

36) അബൂഹുറൈറ(റ) പറയുന്നു: ഒരാൾ എന്നെ ഇവിടുന്ന് ഉപദേശിച്ചാലുമെന്ന് നബി(സ) യോട് പറഞ്ഞു: നബി(സ) അരുളി: നീ കോപിക്കരുത്. അദ്ദേഹം വീണ്ടും ഉപദേശിക്കുവാൻ ആവശ്യപ്പെട്ടു. അപ്പോഴെല്ലാം നീ കോപിക്കരുത് എന്നു മാത്രമാണ് നബി(സ) പ്രത്യുത്തരം നൽകിയത്. (ബുഖാരി. 8. 73. 137)

37) ഇംറാൻ(റ) നിവേദനം: നബി(സ) അരുളി: ലജ്ജാശീലം നന്മയല്ലാതെ കൊണ്ടുവരികയില്ല. ബഷീർ പറയുന്നു: ലിഖിതമായ തത്വമാണ്. തീർച്ചയായും ലജ്ജയിൽപ്പെട്ടതാണ് ഗാംഭീര്യം. ലജ്ജയിൽ പെട്ടതാണ് ശാന്തത. ഇംറാൻ പറഞ്ഞു: ഞാൻ നബി(സ)യിൽ നിന്ന് ഉദ്ധരിക്കുമ്പോൾ നീ നിന്റെ ഏടിൽ നിന്ന് ഉദ്ധരിക്കുകയോ? (ബുഖാരി. 8. 73. 138)

38) അബൂസഈദ്(റ) നിവേദനം: നബി(സ) മണിയറയിൽ ഇരിക്കുന്ന കന്യകയേക്കാൾ ലജ്ജാശീലമുള്ളവനായിരുന്നു. (ബുഖാരി. 8. 73. 140)

39) അനസ്(റ) നിവേദനം: നബി(സ) ഞങ്ങളുമായി ഇടകലർന്നുകൊണ്ട് ജീവിച്ചിരുന്നു. ചിലപ്പോൾ അവിടുന്ന് എന്റെ കൊച്ചു സഹോദരനോട് ചോദിക്കും. അബൂഉമൈർ! നിന്റെ കുരുവി എങ്ങനെയുണ്ട്? (ബുഖാരി. 8. 73. 150)

40) ആയിശ(റ) നിവേദനം: പെൺകുട്ടികളുടെ രൂപത്തിലുളള കളിപ്പാവയുമായി നബി(സ) യുടെ അടുത്തിരുന്നു ഞാൻ കളിക്കാറുണ്ടായിരുന്നു. എന്റെ കൂടെ കളിക്കുന്ന സ്നേഹിതകളും എനിക്കുണ്ടായിരുന്നു. നബി(സ) വന്നാൽ അവർ മറക്ക് പിന്നിൽ ഒളിച്ച് കളിക്കും. അവരെ നബി ( സ) എന്റെ അടുക്കലേക്ക് അയക്കും. അങ്ങിനെ അവർ എന്റെ കൂടെ കളിക്കും. (ബുഖാരി. 8. 73. 151)

41) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു സത്യവിശ്വാസിയെ ഒരേ മാളത്തിൽ നിന്ന് രണ്ടുപ്രാവശ്യം തേൾ കുത്തുകയില്ല. (ബുഖാരി. 8. 73. 154)

42) അനസ്(റ) പറയുന്നു: നബി(സ) തന്റെ ഭാര്യമാരുടെ കൂടെ പുറപ്പെട്ടു. അവരുടെ കൂടെ ഉമ്മുസുലൈമും ഉണ്ടായിരുന്നു. നബി(സ)പറഞ്ഞു: അല്ലയോ അൻജശ! നിനക്ക് നാശം. സാവധാനം നീ വാഹനം ഓടിക്കുക. പളുങ്കുപാത്രങ്ങളോട് നീ സൗമ്യത കാണിക്കുക. (ബുഖാരി. 8. 73. 170)

43) ആയിശ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങൾ ഒരിക്കലും ആത്മാവ് ചീത്തയായി എന്ന് പറയരുത്. എന്റെ ആത്മാവ് തെറ്റിലേക്ക് വ്യതിചലിച്ചു എന്ന് പറയുക. (ബുഖാരി. 8. 73. 198)

44) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങൾ മുന്തിരിങ്ങക്ക് കറം (ഔദാര്യം) എന്ന് പേർ പറയരുത്. യഥാർത്ഥത്തിൽ സത്യവിശ്വാസിയുടെ മനസ്സാണ് കറം (ഔദാര്യം). (ബുഖാരി. 8. 73. 201)

45) മുസയ്യബ്(റ) നിവേദനം: നബി(സ) യുടെ അടുത്ത് ഒരാൾ വന്നു. നിന്റെ നാമം എന്താണെന്ന് ചോദിച്ചപ്പോൾ ഹസൻ (കഠിനൻ) എന്ന് അയാൾ മറുപടി നൽകി. നബി(സ) നിർദ്ദേശിച്ചു. നിന്റെ നാമം സഹ്ൽ (മാർദ്ദവമുളളവൻ) എന്ന് ആക്കിയിരിക്കുന്നു. അയാൾ പറഞ്ഞു: എന്റെ പിതാവ് നൽകിയ പേര് ഞാൻ മാറ്റുകയില്ല. അതിന് ശേഷം അയാളിൽ പരുക്കൻസ്വഭാവം ഞങ്ങൾ ദർശിച്ചുകൊണ്ടേയിരുന്നു. (ബുഖാരി. 8. 73. 209)

46) സഹ്ല്(റ) പറയുന്നു: ഒരാളുടെ പേര് മുൻദിർ എന്നാക്കി നബി(സ) മാറ്റി. (ബുഖാരി. 8. 73. 211)

47) അബുഹുറൈറ(റ) നിവേദനം: ആദ്യം സൈനബ(റ)യുടെ നാമം ബർറ (പുണ്യാവതി) എന്നായിരുന്നു. അവർ ആത്മപ്രശംസ ചെയ്യുന്നുവെന്ന് നബി(സ)യോട് ചിലർ പറഞ്ഞപ്പോൾ നബി(സ) അവർക്ക് സൈനബ എന്ന് പേര് നൽകി. (ബുഖാരി. 8. 73. 212)

48) ഇബ്നുഅബീഔഫ:(റ) നിവേദനം: നബി(സ)യുടെ പുത്രൻ ഇബ്രാഹിം ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. നബി(സ)ക്ക് ശേഷം മറ്റൊരു നബി(സ) ഉണ്ടാകുമായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ മകൻ ഇബ്രാഹിം ജീവിക്കുമായിരുന്നു. എന്നാൽ നബി(സ)ക്ക് ശേഷം മറ്റൊരു നബിയില്ല. (ബുഖാരി. 8. 73. 214)

49) അബൂഹുറൈറ(റ) പറയുന്നു: നബി(സ)അരുളി: പരലോകദിനം അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും താഴ്ന്നവൻ രാജാധിരാജൻ എന്ന് പേർ വിളിക്കപ്പെടുന്നവനായിരിക്കും. (ബുഖാരി. 8. 73. 224)

50) അനസ്(റ) നിവേദനം: നബി(സ)യുടെ സന്നിധിയിൽവെച്ച് രണ്ട് മനുഷ്യന്മാർ തുമ്മി. അവരിൽ ഒരാൾക്ക് വേണ്ടി നബി(സ) അനുഗ്രഹത്തിനുവേണ്ടി പ്രാർത്ഥിച്ചു മറ്റവന് വേണ്ടി പ്രാർത്ഥിച്ചതുമില്ല. അതിനെ സംബന്ധിച്ച് ഉണർത്തിയപ്പോൾ നബി(സ) അരുളി: ഇവൻ അല്ലാഹുവിനെ സ്തുതിച്ചു. ഇവൻ അല്ലാഹുവിനെ സ്തുതിച്ചില്ല. (ബുഖാരി. 8. 73. 240)

51) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: നിങ്ങളിൽ വല്ലവനും തുമ്മി എന്നാൽ അവൻ അൽഹംദുലില്ലാഹി എന്ന് പറയട്ടെ. അപ്പോൾ അവന്റെ സ്നേഹിതൻ അവന്ന് വേണ്ടി യർഹമുകല്ലാഹു എന്ന് പ്രത്യുത്തരം നൽകണം. അവൻ അപ്രകാരം പറഞ്ഞാൽ തുമ്മിയവൻ ഇപ്രകാരം ചൊല്ലണം. യഹ്ദീകുമുല്ലാഹു വയുസ്വ് ലീഹ് ബാലകും. (ബുഖാരി. 8. 73. 242)

52) ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു; നമ്മുടെ കുഞ്ഞുങ്ങളോടു കാരുണ്യം കാണിക്കാത്തവനും നമ്മുടെ മഹാന്മാരെ ബഹുമാനിക്കാത്തവനും നമ്മളിൽപ്പെട്ടവനല്ല. (തിർമിദി)

53) സഹൽ(റ) പറഞ്ഞു: വളരെ മെലിഞ്ഞ ഒരു ഒട്ടകത്തിന്റെ സമീപത്തുകൂടി അല്ലാഹുവിന്റെ ദൂതൻ(സ) പോയി. അപ്പോൾ അവിടുന്നുപറഞ്ഞു: ഈ മൂകമൃഗങ്ങളെ സംബന്ധിച്ചു നിങ്ങൾക്കു അല്ലാഹുവിനോടുള്ള കടമയെ സൂക്ഷിക്കുക. നല്ല നിലയിലിരിക്കുമ്പോൾ അവയെ ഭക്ഷിക്കുകയും ചെയ്യുക. (അബൂദാവൂദ്)

54) അലി(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ഒരു മുസ്ളീം മറ്റൊരു മുസ്ളീമിന് ആറ് (കർത്തവ്യങ്ങൾ) ലോഭമന്യെ നൽകുവാൻ ബാദ്ധ്യസ്ഥനാണ് - അവൻ അവനെ കാണുമ്പോൾ സലാം പറയണം. ; അവൻ അവനെ ക്ഷണിച്ചാൽ അവൻ സ്വീകരിക്കണം; അവൻ തുമ്മുമ്പോൾ അവനു വേണ്ടി പ്രാർത്ഥിക്കണം; അവൻ രോഗിയായി കിടക്കുമ്പോൾ അവനെ സന്ദർശിക്കണം; അവൻ മരിക്കുമ്പോൾ അവന്റെ ജനാസയെ പിന്തുടരണം; അവൻ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതു അവനുവേണ്ടിയും ഇഷ്ടപ്പെടണം. (തിർമിദി)

55) ആയിശ(റ) പറഞ്ഞു: സയ്ദ് ഇബ്നു ഹാരിദ മദീനയിൽ വരികയും, അല്ലാഹുവിന്റെ ദൂതൻ(സ) അദ്ദേഹത്തെ സ്വീകരിക്കുന്നതിന് എഴുന്നേൽക്കുകയും അദ്ദേഹത്തെ ആലിംഗനം ചെയ്കയും ചുംബിക്കുകയും ചെയ്തു. (തിർമിദി)

56) ആയിശ(റ) നിവേദനം ചെയ്തു. അബുബക്കറുടെ പുത്രി അസ്മാഅ്, അല്ലാഹുവിന്റെ ദൂത(സ)ന്റെ അടുത്തു വന്നു; (അപ്പോൾ) അവർ നേരിയ വസ്ത്രം ധരിച്ചിരുന്നു. അല്ലാഹുവിന്റെ ദൂതൻ(സ) അവരിൽ നിന്നു തന്റെ മുഖം തിരിച്ചുകളയുകയും പറയുകയും ചെയ്തു: അല്ലയോ അസ്മാ, സ്ത്രീ പ്രായപൂർത്തി എത്തിയാൽ, അവളുടെ ഇതും ഇതും ഒഴിച്ചും മറ്റു ശരീരഭാഗം കാണുന്നതു ശരിയല്ല. അവിടുന്നു തന്റെ മുഖവും കയ്യുകളും ചൂണ്ടിക്കാണിച്ചു. (അബൂദാവൂദ്)

57) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) തറപ്പിച്ചുപറഞ്ഞു. നിങ്ങളിലൊരാൾ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റുപോയി (താമസംവിനാ) അവിടെ തന്നെ മടങ്ങിവന്നാൽ അവൻ തന്നെയാണ് ആ ഇരിപ്പിടത്തിന് അർഹൻ. (മുസ്ലിം)

58) ജാബിറി(റ)ൽ നിന്ന് നിവേദനം: ഞങ്ങൾ നബി(സ)യുടെ അടുക്കൽ ചെന്നാൽ ഓരോരുത്തരും ചെന്നെത്തിയ സ്ഥലത്താണ് ഇരിക്കാറ്. (അബൂദാവൂദ്, തിർമിദി) (മറ്റുള്ളവരെ എഴുന്നേൽപ്പിച്ചുകൊണ്ട് അവരുടെ ഇരിപ്പിടങ്ങളിൽ ഇരിക്കാൻ ശ്രമിക്കാറില്ല. അങ്ങനെ ചെയ്യുന്നത് അനീതി കൂടിയാണ്)

59) അംറ്(റ) തന്റെ പിതാവിൽ നിന്നും അദ്ദേഹം തന്റെ പിതാമഹനിൽ നിന്നും നിവേദനം: റസൂൽ(സ) ഊന്നിപ്പറഞ്ഞു. അനുവാദം കൂടാതെ രണ്ട് പേരുടെ ഇടയിൽ വിട്ടുപിരിക്കാൻ ആർക്കും പാടുളളതല്ല (അബൂദാവൂദ്, തിർമിദി) (സമ്മതം കൂടാതെ രണ്ടാളുടെ ഇടയിൽ ഇരിക്കാനും അവരെ ഭേദിച്ചു നടക്കാനും പാടുള്ളതല്ല)

60) ഹുദൈഫ(റ)യിൽ നിന്ന് നിവേദനം: സദസ്സിന്റെ നടുവിൽ കയറിയിരിക്കുന്നവരെ നബി(സ)ശപിച്ചിരിക്കുന്നു. (അബൂദാവൂദ്)

61) അബൂസഈദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. സദസ്സുകളിൽ ഉത്തമമായത് അവയിൽ വെച്ച് ഏറ്റവും വിശാലതയുള്ളതാണ്. (അബൂദാവൂദ്)

62) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഒരു സദസ്സിലിരുന്ന് ധാരാളം ശബ്ദമുണ്ടാക്കിയവൻ അതേ സദസ്സിൽ നിന്ന് പിന്തിരിയുന്നതിനുമുമ്പ് അല്ലാഹുവേ! നീ പരിശുദ്ധനാണ്. നിന്നെ ഞങ്ങൾ സ്തുതിക്കുന്നു. നീയല്ലാതെ മറ്റാരാദ്ധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു നിന്നോട് ഞാൻ പാപമോചനമാവശ്യപ്പെടുന്നു. നിന്നിലേക്ക് ഞാൻ മടങ്ങുകയും ചെയ്യുന്നു. എന്ന് പറയുന്നപക്ഷം ആ സദസ്സിൽ വെച്ചുണ്ടായ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (തിർമിദി)

63) അബൂബുർസ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) സദസ്സിൽ നിന്ന് എഴുന്നേൽക്കാനുദ്ദേശിച്ചാൽ അവസാനമായി പറഞ്ഞിരുന്നു. അല്ലാഹുവേ! നീ പരിശുദ്ധനാണ്. നിന്നെ ഞാൻ സ്തുതിക്കുന്നു. നീയല്ലാതെ ആരാദ്ധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിച്ചു. ഞാൻ നിന്നോട് പാപമോചനം ആവശ്യപ്പെടുന്നു. നിന്നിലേക്ക് മടങ്ങുകയും ചെയ്യുന്നു. അന്നേരം ഒരാൾ ചോദിച്ചു. പ്രവാചകരെ! മുമ്പൊന്നും പറയാത്തവാക്കുകളാണല്ലോ അങ്ങിപ്പോൾ പറയുന്നത്. നബി(സ) പറഞ്ഞു. സദസ്സിലുണ്ടാകുന്ന പാപങ്ങളെ പൊറുപ്പിക്കുന്ന വാക്കുകളാണത്. (അബൂദാവൂദ്)

64) ഇബ്നുഉമറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) ഇപ്രകാരം പ്രാർത്ഥിക്കാതെ അപൂർവ്വമായേ സദസ്സിൽ നിന്ന് എഴുന്നേറ്റ് പോകാറുള്ളൂ. അല്ലാഹുവേ! ഞങ്ങളുടെയും നിന്നോടുള്ള ധിക്കാരത്തിന്റെയും മദ്ധ്യേ തടസ്സം സൃഷ്ടിക്കുവാൻ കഴിയാറുള്ള ഭക്തി അല്പം ഞങ്ങൾക്ക് വീതിച്ചു തരിക! നിന്റെ സ്വർഗ്ഗം ഞങ്ങൾക്ക് ലഭ്യമാക്കത്തക്ക വണ്ണം നിന്റെ ത്വാഅത്ത് അല്പവും (ഞങ്ങൾക്ക് നീ വീതിച്ചുതരിക) ദുൻയാവിലെ വിപത്തുകളെ നിസ്സാരമാക്കത്തക്കവണ്ണം ഞങ്ങൾക്ക് നീ മനോധൈര്യം (വീതിച്ചുതരിക) അല്ലാഹുവേ! നീ ഞങ്ങളെ ജീവിപ്പിക്കുന്നേടത്തോളം ആരോഗ്യവും കാഴ്ചയും കേൾവിയും കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കേണമേ! അവയെ ഞങ്ങളുടെ പിൻഗാമിയാക്കൂ! (ഞങ്ങളുടെ മരണസമയത്ത് അവശേഷിക്കുന്നതാക്കൂ) ഞങ്ങളെ ആക്രമിച്ചവരോട് നീ പ്രതികാരനടപടികൈക്കൊള്ളൂ! ഞങ്ങളോട് മല്ലിട്ടവർക്കെതിരെ ഞങ്ങളെ നീ സഹായിക്കൂ! ഞങ്ങളുടെ മതനടപടികളിൽ അനർത്ഥങ്ങൾ വെയ്ക്കരുതേ! ഞങ്ങളുടെ മുഖ്യപ്രശ്നവും ഞങ്ങളുടെ വിജ്ഞാനത്തിന്റെ ലക്ഷ്യവും ദുൻയാവാക്കരുതേ! ഞങ്ങളോട് കനിവ് കാണിക്കാത്തവരെ നീ ഞങ്ങളുടെ അധികാരികളാക്കരുതേ! (തിർമിദി)

65) അബൂഹൂറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: അല്ലാഹുവിനെ സ്മരിക്കാതെ സദസ്സിൽ നിന്ന് എഴുന്നേറ്റു പോകുന്നവൻ കഴുതയുടെ ശവത്തിനരികിൽ നിന്ന് എഴുന്നേറ്റ് പോകുന്നതിന് തുല്യരാണ്. ആ സദസ്സ് അവർക്ക് നഷ്ടപ്പെട്ടതു തന്നെ (അബൂദാവൂദ്)