Jump to content

തിരഞ്ഞെടുത്ത ഹദീസുകൾ/മയ്യിത്തു സംസ്കരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) അബൂദർറ്(റ) നിവേദനം: നബി(സ) അരുളി: എന്റെ രക്ഷിതാവിങ്കൽ നിന്നും എന്റെയടുക്കൽ ഒരാൾ വന്നു എന്നോട് ഇപ്രകാരം സന്തോഷവാർത്ത അറിയിച്ചു: അല്ലാഹുവിൽ യാതൊന്നിനെയും പങ്കു ചേർക്കാതെ എന്റെ സമുദായത്തിൽപ്പെട്ട വല്ലവനും മരണമടഞ്ഞാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. ഞാൻ(അബൂദർറ്) ചോദിച്ചു. അവൻ കളവ് നടത്തുകയും വ്യഭിചരിക്കുകയും ചെയ്താലും സ്വർഗത്തിൽ പ്രവേശിക്കുമോ? നബി(സ) പറഞ്ഞു: അതെ അവൻ മോഷ്ടിക്കുകയും ചെയ്താലും സ്വർഗത്തിൽ പ്രവേശിക്കും. (ബുഖാരി. 2. 23. 329)

2) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അല്ലാഹുവിൽ ശിർക്ക് ചെയ്തുകൊണ്ട് മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിച്ചു. അപ്പോൾ ഞാൻ(അബ്ദുല്ല) പറഞ്ഞു: വല്ലവനും അല്ലാഹുവിൽ ശിർക്ക് വെക്കാതെ മരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചുകഴിഞ്ഞു. (ബുഖാരി. 2. 23. 330)

3) ബറാഅ്(റ) നിവേദനം: നബി(സ) ഞങ്ങളോട് ഏഴ് കാര്യങ്ങൾ കൽപ്പിക്കുകയും ഏഴ് കാര്യങ്ങൾ വിരോധിക്കുകയും ചെയ്തിട്ടുണ്ട്. മയ്യിത്തിനെ അനുഗമിക്കാനും രോഗിയെ സന്ദർശിക്കാനും ക്ഷണിച്ചവന്റെ ക്ഷണം സ്വീകരിക്കുവാനും മർദ്ദിതനെ സഹായിക്കുവാനും പ്രതിജ്ഞ പാലിക്കാനും സലാം മടക്കുവാനും തുമ്മിയവനുവേണ്ടി പ്രാർത്ഥിക്കുവാനും അവിടുന്ന് ഞങ്ങളോട് കൽപിച്ചു. വെള്ളിപ്പാത്രം, സ്വർണ്ണമോതിരം, പട്ട്, നേരിയ പട്ട്, പട്ട്നൂൽ ചേർത്ത്നെയ്ത വസ്ത്രം, തടിച്ച പട്ടുവസ്ത്രം ഇവ ഞങ്ങളോട് അവിടുന്ന് വിരോധിക്കുകയും ചെയ്തു. (ബുഖാരി. 2. 23. 331)

4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളിയായി ഞാൻ കേട്ടു. ഒരു മുസ്ളിമിന്ന് മറ്റൊരു മുസ്ളിമിനോടുള്ള അവകാശം അഞ്ചാണ്. സലാം മടക്കൽ, രോഗിയെ സന്ദർശിക്കൽ, മയ്യിത്തിനെ പിൻതുടരൽ, ക്ഷണിച്ചവന് മറുപടി നൽകൽ, തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കൽ. (ബുഖാരി. 2. 23. 332)

5) ആയിശ(റ) നിവേദനം: നബി(സ) മരിച്ച വിവരം ലഭിച്ചപ്പോൾ അബൂബക്കർ(റ) തന്റെ കുതിരപ്പുറത്തുകയറി സുൻഹ് എന്ന സ്ഥലത്തുണ്ടായിരുന്ന തന്റെ വാസസ്ഥലത്ത് നിന്നും പുറപ്പെട്ടു. അങ്ങനെ കുതിരപ്പുറത്ത് നിന്നും ഇറങ്ങി അദ്ദേഹം പള്ളിയിൽ പ്രവേശിച്ചു. ജനങ്ങളോട് സംസാരിക്കാതെ ആയിശ(റ) യുടെ മുറിയിൽ പ്രവേശിച്ചു. നബി(സ)യെ ഉദ്ദേശിച്ചും കൊണ്ടും പുറപ്പെട്ടു. നബി(സ)യെ ഒരു തരം യമനീ വസ്ത്രം കൊണ്ട് പുതച്ചിരുന്നു. അബൂബക്കർ(റ) നബി(സ)യുടെ മുഖത്ത് നിന്ന് വസ്ത്രം നീക്കിയ ശേഷം ചുംബിച്ചും കൊണ്ട് അവിടുത്തെ ശരീരത്തിൽ മുഖം കുത്തി വീണു. അനന്തരം കരഞ്ഞു കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! എന്റെ മാതാപിതാക്കൾ താങ്കൾക്ക് പ്രായശ്ചിത്തമാണ്. അല്ലാഹു താങ്കൾക്ക് രണ്ട് മരണത്തെ(വേദനയെ) ഒരുമിച്ചു കൂട്ടുകയില്ല. എന്നാൽ താങ്കൾക്ക് നിശ്ചയിക്കപ്പെട്ട മരണത്തെ താങ്കൾ വരിച്ചിരിക്കുന്നു. അബൂസലമ(റ) പറയുന്നു: ഇബ്നുഅബ്ബാസ്(റ) എന്നോട് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി. നിശ്ചയം അബൂബക്കർ പുറത്തുവന്നു. ഉമർ ജനങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. നീ ഇരിക്കുക എന്നദ്ദേഹം പറഞ്ഞു: എന്നാൽ ഉമർ(റ) വിസമ്മതിച്ചു. അപ്പോൾ അബൂബക്കർ(റ) ശഹാദത്തു ചൊല്ലി പ്രസംഗം ആരംഭിച്ചു. ഉടനെ ജനങ്ങൾ ഉമർ(റ) നെ ഉപേക്ഷിച്ചു. അബൂബക്കറിന്റെ നേരെ ശ്രദ്ധിച്ചു. അബൂബക്കർ ഇപ്രകാരം പറഞ്ഞു: എന്നാൽ നിങ്ങളിൽ വല്ലവനും മുഹമ്മദിനെ ആരാധിച്ചിരുന്നുവെങ്കിൽ നിശ്ചയം മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു. വല്ലവനും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കിൽ നിശ്ചയം അല്ലാഹു ജീവിച്ചിരിപ്പുണ്ട്. അവൻ മരിക്കുകയില്ല. അല്ലാഹു പറയുന്നു: മുഹമ്മദ് പ്രവാചകൻ മാത്രമാണ്. അവന്ന് മുമ്പും പ്രവാചകൻമാർ മരിച്ചുപോയിട്ടുണ്ട്. അതിനാൽ അവൻ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുന്നപക്ഷം നിങ്ങൾ പിന്തിരിഞ്ഞു പോകുകയാണോ? വല്ലവനും തന്റെ ഇരുകാലിന്മേൽ പിന്തിരിയുന്ന പക്ഷം അവൻ അല്ലാഹുവിനെ യാതൊന്നും ഉപദ്രവിക്കുകയില്ല. നന്ദി കാണിക്കുന്നവർക്ക് അവൻ അടുത്ത് തന്നെ പ്രതിഫലം നൽകുന്നതാണ്. അല്ലാഹു സത്യം! അബൂബക്കർ ഇപ്രകാരം ഓതിയ സന്ദർഭത്തിലാണ് ജനങ്ങൾ ഇപ്രകാരം ഒരു ആയത്തുള്ളത് ഓർമ്മിക്കുന്നത്. (പരിഭ്രമം അവരെ ഈ സൂക്തത്തെക്കുറിച്ച് അശ്രദ്ധയിലാക്കിയത് പോലെ)അങ്ങനെ ജനങ്ങൾ ഇത് പാരായണം ചെയ്യാൻ തുടങ്ങി. കേൾക്കുന്ന മനുഷ്യരെല്ലാം ഇത് ഓതിക്കൊണ്ടിരിക്കുന്നു. (ബുഖാരി. 2. 23. 333)

6) ഉമ്മുൽഅലാ(റ) എന്ന അൻസാരി വനിത പറയുന്നു: നബി(സ) യുമായി ഉടമ്പടി ചെയ്ത സ്ത്രീകളിൽപ്പെട്ടവരാണവർ - മുഹാജിറുകളുടെ സംരക്ഷണത്തിന് അൻസാരികൾക്കിടയിൽ നറുക്കിട്ടപ്പോൾ ഞങ്ങൾക്ക് കിട്ടിയത് ഉസ്മാനുബ്നു മള്ഊനിനെയായിരുന്നു. അദ്ദേഹത്തെ ഞങ്ങളുടെ വീട്ടിൽ താമസിപ്പിച്ചു. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തെ മരണരോഗം ബാധിച്ചത്. മരിച്ചപ്പോൾ അദ്ദേഹത്തെ കുളിപ്പിക്കപ്പെടുകയും തന്റെ വസ്ത്രങ്ങളിൽ തന്നെ കഫൻ ചെയ്യപ്പെടുകയും ചെയ്തു അപ്പോൾ നബി(സ) അവിടെ കടന്നു വന്നു. ഞാൻ പറഞ്ഞു: അല്ലയോ അബൂസ്സാഇബ്! (ഉസ്മാനുബ്നുമള് ഊന്റെ മറ്റൊരു നാമം) അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. താങ്കളെ അല്ലാഹു ബഹുമാനിച്ചിരിക്കുന്നുവെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു. ഇത് കേട്ട് നബി(സ) ചോദിച്ചു. അല്ലാഹു അദ്ദേഹത്തെ ബഹുമാനിച്ചുവെന്ന് നിനക്കെങ്ങിനെ അറിയാം? ഞാൻ പ്രത്യുത്തരം നൽകി. പ്രാവാചകരേ! എന്റെ പിതാവ് താങ്കൾക്ക് പ്രായശ്ചിത്തമാണ്. അദ്ദേഹത്തെ അല്ലാഹു ബഹുമാനിച്ചില്ലെങ്കിൽ ആരെയാണ് ബഹുമാനിക്കുക? നബി(സ) അരുളി: അദ്ദേഹത്തെ യഖീൻ(മരണം) സമീപിച്ചു. അല്ലാഹു സത്യം. നിശ്ചയം ഞാൻ അദ്ദേഹത്തിന് നന്മ പ്രതീക്ഷിക്കുന്നു. എന്നാൽ ദൈവദൂതനായിട്ടുകൂടി എന്റെ കാര്യത്തിൽ പോലും എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല. ഉമ്മുൽ അലാ(റ) പറയുന്നു: ഞാൻ അതിനുശേഷം ഒരിക്കലും ആരേയും പരിശുദ്ധപ്പെടുത്താറില്ല. മറ്റൊരു നിവേദനത്തിൽ എന്നെ എന്താണ് ചെയ്യുക എന്നാണ്. (ബുഖാരി. 2. 23. 334)

7) ജാബിർ(റ) നിവേദനം: എന്റെ പിതാവ് (ഉഹുദ് യുദ്ധത്തിൽ) കൊല്ലപ്പെട്ടപ്പോൾ ഞാൻ അദ്ദേഹത്തിന്റെ മുഖത്ത് നിന്നും വസ്ത്രം നീക്കി കരഞ്ഞുകൊണ്ടിരുന്നു. ജനങ്ങൾ എന്നെ തടയാൻ ശ്രമിച്ചു. നബി(സ) യാകട്ടെ തടഞ്ഞതുമില്ല. എന്റെ അമ്മായി ഫാത്തിമ്മയും കരയാൻ തുടങ്ങി. നബി(സ) അരുളി: നിങ്ങൾ കരഞ്ഞാലും ഇല്ലെങ്കിലും അദ്ദേഹത്തെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുന്നത് വരെ മലക്കുകൾ ചിറകു വിടർത്തി അദ്ദേഹത്തിന് തണലിട്ടു കൊടുത്തുകൊണ്ടിരിക്കും. (ബുഖാരി. 2. 23. 336)

8) അബൂഹുറൈറ(റ) നിവേദനം: നജ്ജാശി മരിച്ച ദിവസം നബി(സ) മരണവാർത്ത ജനങ്ങളെ അറിയിച്ചു. അങ്ങിനെ അവിടുന്ന് പെരുന്നാൾ മൈതാനത്തേക്ക് പുറപ്പെട്ടു. അനുചരന്മാരെ അണിനിരത്തി നാല് തക്ബീർ ചൊല്ലി നമസ്കരിച്ചു. (ബുഖാരി. 2. 23. 337)

9) അനസ്(റ) നിവേദനം: നബി(സ) അരുളി: (മുഅ്ത്തത്ത് യുദ്ധത്തിൽ സൈന്യാധിപനെന്ന നിലക്ക്) സൈദ്ബ്നു ഹാരിസ് ആദ്യം കൊടി പിടിച്ചു നിന്നു. അദ്ദേഹം മരണമടഞ്ഞപ്പോൾ ജഅ്ഫർ കൊടി പിടിച്ചു. അദ്ദേഹം മരണമടഞ്ഞപ്പോൾ അബ്ദുല്ലാഹിബ്നു റവാഹ് കൊടി പിടിച്ചു. അദ്ദേഹവും മരണമടഞ്ഞു. ഇത് പറയുമ്പോൾ നബി(സ)യുടെ കണ്ണുകളിൽ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. പിന്നീട് കൊടി പിടിച്ചത് ഖാലിദ് ആണ്. സൈന്യ നേതൃത്വം വഹിക്കാൻ അദ്ദേഹത്തെ അധികാരപ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന് സ്വയം ഏറ്റെടുക്കേണ്ടി വരികയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ കൈക്ക് യുദ്ധത്തിൽ വിജയം കൈവന്നു. (ബുഖാരി. 2. 23. 338)

10) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) സന്ദർശിക്കാറുണ്ടായിരുന്ന ഒരു മനുഷ്യൻ രാത്രിയിൽ മരണപ്പെട്ടു. അനുചരന്മാർ അദ്ദേഹത്തെ രാത്രി തന്നെ ഖബറടക്കം ചെയ്തു. പ്രഭാതമായപ്പോൾ അദ്ദേഹം മരണപ്പെട്ട വിവരം അവർ നബി(സ)യെ അറിയിച്ചു. നബി(സ) പറഞ്ഞു. എന്നെ വിവരമറിയിക്കുവാൻ നിങ്ങളെ തടസ്സപ്പെടുത്തിയത് എന്താണ്? അവർ പറഞ്ഞു: ഇരുട്ടായിരുന്നു. അതിനാൽ താങ്കളെ പ്രയാസപ്പെടുത്തുന്നത് ഞങ്ങൾ വെറുത്തു. അനന്തരം നബി(സ) അദ്ദേഹത്തിന്റെ ഖബറിന്റെ അടുക്കൽ ചെന്ന് നമസ്കരിച്ചു. (ബുഖാരി. 2. 23. 339)

11) അനസ്(റ) നിവേദനം: മുസ്ളിംകളിൽ വല്ലവന്റെയും പ്രായപൂർത്തിയെത്താത്ത മൂന്ന് കുട്ടികൾ മരണമടഞ്ഞാൽ ആ കുട്ടികളോട് അല്ലാഹുവിനുള്ള കാരുണ്യത്താൽ അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാതിരിക്കുകയില്ല. (ബുഖാരി. 2. 23. 340)

12) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഏതെങ്കിലും ഒരു മുസ്ളിമിന് മൂന്ന് സന്താനങ്ങൾ മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിക്കുകയില്ല. അല്ലാഹുവിന്റെ സത്യം അനുവദനീയമാക്കൽ അല്ലാതെ. (ബുഖാരി. 2. 23. 342)

13) അനസ്(റ) നിവേദനം: ഖബറിന്റെ അടുത്തുവെച്ച് കരഞ്ഞുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ അടുത്തു നിന്ന് നബി(സ) പറഞ്ഞു: നീ അല്ലാഹുവിനെ സൂക്ഷിക്കുക. നീ ക്ഷമ കൈകൊള്ളുക. (ബുഖാരി. 2. 23. 343)

14) ഉമ്മുഅത്വിയ്യ:(റ) നിവേദനം: നബി(സ)യുടെ പുത്രി മരിച്ച ദിവസം അവിടുന്ന് ഞങ്ങളുടെയടുക്കൽ വന്നു പറഞ്ഞു. അവളെ നിങ്ങൾ മൂന്നോ അഞ്ചോ അതിലധികമോ പ്രാവശ്യം ആവശ്യം തോന്നുന്ന പക്ഷം കുളിപ്പിച്ചുകൊള്ളുവീൻ. ആദ്യം വെള്ളം കൊണ്ടും പിന്നെ എലന്തമരത്തിന്റെ ഇല(താളി) കൊണ്ടും അവസാനം കർപ്പൂരം ചേർത്ത വെള്ളം കൊണ്ടും കുളിപ്പിക്കുവിൻ. കുളിപ്പിച്ചുകഴിഞ്ഞാൽ എന്നെ വിവരം അറിയിക്കണം. കുളിപ്പിച്ച് കഴിഞ്ഞ് വിവരം അറിയിച്ചപ്പോൾ നബി(സ) ധരിച്ചിരുന്ന വസ്ത്രം തന്നിട്ട് അരുളി: ഇത് അവളെ അടിവസ്ത്രമായി ധരിപ്പിക്കുവിൻ. ഉമ്മുഅത്തിയ്യ(റ) നിവേദനം: അവർ നബി(സ)യുടെ പുത്രിയുടെ തലമുടി മൂന്നു ഇതളുകളാക്കി വാർന്നു. അതായത് മുടി അഴിച്ചു കഴുകയും ശേഷം മൂന്ന് ഭാഗമായി തിരിച്ചു. (ബുഖാരി. 2. 23. 344,345)

15) ഉമ്മു അത്തിയ്യ(റ) നിവേദനം: നബി(സ)യുടെ പുത്രിയുടെ തലമുടി ഞങ്ങൾ മൂന്ന് വിഭാഗമായി മുടഞ്ഞു. സുഫ്യാൻ പറയുന്നു: അവളുടെ മുൻമുടിയും നെറ്റിയിലെ മുടിയും. (ബുഖാരി. 2. 23. 352)

16) ആയിശ(റ) നിവേദനം: യമനിലെ സൂഹുൽ ദേശത്ത് നെയ്ത ശുദ്ധ വെള്ളയും പരുത്തികൊണ്ടുള്ളതുമായ മൂന്ന് വസ്ത്രങ്ങളിലാണ് നബി(സ)യെ കഫൻ ചെയ്തത്. അതിൽ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ല. (ബുഖാരി. 2. 23. 354)

17) ഇബ്നു അബ്ബാസ്(റ) നിവേദനം: ഹജ്ജ് വേളയിൽ അറഫായിൽ നബി(സ)യുടെ കൂടെ നിൽക്കുകയായിരുന്ന ഒരാൾ തന്റെ വാഹനത്തിൽ നിന്നും വീണു കഴുത്തൊടിഞ്ഞു മരിച്ചു. നബി(സ) അരുളി: അദ്ദേഹത്തെ വെള്ളം കൊണ്ടും എലന്തമരത്തിന്റെ ഇലകൊണ്ടും കുളിപ്പിക്കുവീൻ. രണ്ട് വസ്ത്രത്തിൽ നിങ്ങൾ അദ്ദേഹത്തെ കഫൻ ചെയ്യുവീൻ. സുഗന്ധദ്രവ്യങ്ങൾ പൂശുകയോ തല മറക്കുകയോ ചെയ്യരുത്. നിശ്ചയം പുനരുത്ഥാന ദിവസം ഉയർത്തെഴുന്നേൽക്കുമ്പോൾ അദ്ദേഹം തൽബിയത്തു ചൊല്ലുന്നുണ്ടായിരിക്കും. (ബുഖാരി. 2. 23. 356)

18) ഇബ്നു ഉമർ(റ) നിവേദനം: അബ്ദുല്ലാഹിബ്നു ഉബയ്യ് മരിച്ചപ്പോൾ മകൻ നബി(സ)യുടെ അടുത്തുവന്ന് പറഞ്ഞു: പ്രവാചകരേ! അങ്ങയുടെ കുപ്പായം എനിക്ക് തന്നാലും. എന്റെ പിതാവിനെ അതിൽ എനിക്ക് കഫൻ ചെയ്യുവാനാണ്. അവിടുന്ന് അദ്ദേഹത്തിന് നമസ്കരിക്കുകയും പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്താലും. നബി(സ) തന്റെ കുപ്പായം അയാൾക്ക് കൊടുത്തിട്ട് പറഞ്ഞു. നമസ്കരിക്കാൻ സമയമായാൽ എന്നെ അറിയിക്കുക. ഞാൻ അദ്ദേഹത്തിന് നമസ്കരിക്കാം. അങ്ങനെ സമയമായപ്പോൾ മകൻ നബി(സ)യെ വിവരമറിയിച്ചു. നബി(സ) മയ്യിത്ത് നമസ്കരിക്കാൻ പുറപ്പെട്ടപ്പോൾ ഉമർ(റ) നബി(സ)യുടെ വസ്ത്രം പിടിച്ചുകൊണ്ട് ചോദിച്ചു. മുനാഫിഖുകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനെ അല്ലാഹു താങ്കളെ വിരോധിച്ചിട്ടില്ലേ? അപ്പോൾ നബി(സ) പറഞ്ഞു. രണ്ടു കാര്യങ്ങളിൽ ഏതെങ്കിലുമൊന്ന് എനിക്ക് സ്വീകരിക്കാം. നീ പാപമോചനത്തിനായി പ്രാർത്ഥിക്കുകയോ പ്രാർത്ഥിക്കാതിരിക്കുകയോ ചെയ്യുക. നീ എഴുപതു പ്രാവശ്യം ആ കപടവിശ്വാസികളുടെ പാപമോചനത്തിനായി പ്രാർത്ഥിച്ചാലും. അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുകയില്ല. എന്ന ഖുർആൻ വാക്യം ഉദ്ധരിച്ചുകൊണ്ട് ഉമറിന് മറുപടി നൽകിയ ശേഷം നബി(സ) അയാളുടെ പേരിൽ മയ്യിത്ത് നമസ്കരിച്ചു. ആ കപട വിശ്വാസികളിൽ ആര് മരിച്ചാലും അവരുടെ പേരിൽ നീ ഒരിക്കലും മയ്യിത്ത് നമസ്കരിക്കരുത് എന്ന ഖുർആൻ വാക്യം അവതരിച്ചത് ഈ സന്ദർഭത്തിലാണ്. (ബുഖാരി. 2. 23. 359)

19) ജാബിർ(റ) നിവേദനം: ജാബിർ(റ) പറയുന്നു: അബ്ദുല്ലാഹിബ്നു ഉബയ്യിനെ മറവു ചെയ്തശേഷം നബി(സ) അവിടെ ചെന്ന് മയ്യിത്ത് ഖബ്റിൽ നിന്നെടുത്ത് നബി(സ)യുടെ തുപ്പുനീരല്പം അയാളുടെ വായിൽ ഉറ്റിച്ചു. തന്റെ കുപ്പായം അയാളെ ധരിപ്പിക്കുകയും ചെയ്തു. (ബുഖാരി. 2. 23. 360)

20) ആയിശ(റ) നിവേദനം: നബി(സ)യെ മൂന്ന് വസ്ത്രത്തിലാണ് കഫൻ ചെയ്തത്. അതിൽ തലപ്പാവും കുപ്പായവും ഉണ്ടായിരുന്നില്ല. (ബുഖാരി. 2. 21. 361)

21) സഅ്ദ്(റ) തന്റെ പിതാവിൽ നിന്ന് നിവേദനം: അബ്ദുറഹ്മാനുബ്നു ഔഫ്(റ)ന്റെ അടുത്ത് അദ്ദേഹത്തിനുള്ള ഭക്ഷണം ഹാജരാക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: മുസ്വ്അബ്ബ്നു ഉമൈർ വധിക്കപ്പെട്ടു. അദ്ദേഹം എന്നെക്കാൾ ഉത്തമനായിരുന്നു. ഒരു തുണികഷ്ണം മാത്രമാണ് അദ്ദേഹത്തെ കഫൻ ചെയ്യാൻ ലഭിച്ചത്. ഹംസ(റ)യും വധിക്കപ്പെട്ടു. അല്ലെങ്കിൽ മറ്റൊരു പുരുഷൻ - അദ്ദേഹവും എന്നേക്കാൾ ശ്രേഷ്ഠനായിരുന്നു. അദ്ദേഹത്തെയും കഫൻ ചെയ്യാൻ ഒരു പുതപ്പിന്റെ കഷ്ണം മാത്രമാണ് ലഭിച്ചത്. നമ്മുടെ കർമ്മഫലം ഈ ഭൗതിക ജീവിതത്തിൽ തന്നെ ധൃതിപ്പെട്ട് ലഭിക്കപ്പെടുകയാണോ എന്ന് ഞാൻ ഭയപ്പെടുന്നു. ശേഷം അദ്ദേഹം കരയാൻ തുടങ്ങി. (ബുഖാരി. 2. 23. 364)

22) ഖബ്ബാബ്(റ) നിവേദനം: അല്ലാഹുവിന്റെ പ്രീതി തേടികൊണ്ട് ഞങ്ങൾ നബി(സ) യോടൊപ്പം ഹിജ്റ പോയി. അപ്പോൾ ഞങ്ങൾക്കുള്ള പ്രതിഫലം അല്ലാഹുവിങ്കൽ സ്ഥിരപ്പെട്ടു: ഞങ്ങളിൽ ചിലർ തങ്ങളുടെ പ്രതിഫലത്തിൽ നിന്ന് ഈ ലോകത്ത് വെച്ച് യാതൊന്നും ആസ്വദിക്കാതെ മരണപ്പെട്ടു. മുസ്വ്അബ്(റ) അവരിൽ ഉൾപ്പെടുന്നു. തന്റെ പഴം പാകമാവുകയും അത് പറിച്ചെടുത്ത് കൊണ്ടിരിക്കുകയും ചെയ്യുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. മുസ്വ്അബ്(റ) ഉഹ്ദ് യുദ്ധത്തിൽ കൊല്ലപ്പെട്ടപ്പോൾ ഒരു പുതപ്പ് മാത്രമാണ് അദ്ദേഹത്തെ കഫൻ ചെയ്യാൻ ഞങ്ങൾ കണ്ടത്. തല മറച്ചാൽ കാൽ പുറത്തുകാണും. കാൽ മറച്ചാൽ തല പുറത്ത് കാണും. അപ്പോൾ അതുകൊണ്ട് തല മറക്കുവാനും കാലിൽ പുല്ല് വെച്ച് കെട്ടുവാനും നബി(സ) നിർദ്ദേശിച്ചു. (ബുഖാരി. 2. 23. 366)

23) സഹ്ല്(റ) നിവേദനം: ഒരിക്കൽ ഒരു സ്ത്രീ നെയ്ത ഒരു തുണിയുമായി നബി(സ)യുടെ അടുത്തു വന്നു. എന്നിട്ടവൾ പറഞ്ഞു. ഇത് ഞാനെന്റെ കൈകൊണ്ട് നെയ്തതാണ്. അങ്ങേക്ക് ധരിക്കാൻ വേണ്ടിയാണ് ഞാനിത് കൊണ്ടുവന്നത്. നബി(സ)ക്ക് അതിന് ആവശ്യമുള്ളത് കൊണ്ട് അത് സ്വീകരിച്ചു. പിന്നെ നബി(സ) അത് തുണിയായി ഉടുത്തുകൊണ്ട് ഞങ്ങളുടെയടുക്കൽ വന്നു. അപ്പോൾ അതൊരാൾക്ക് നന്നായിത്തോന്നി. എത്ര നല്ല വസ്ത്രം! ഇതെനിക്ക് തന്നാലും. എന്നയാൾ പറഞ്ഞു. അപ്പോൾ ജനങ്ങൾ പറഞ്ഞു. നീ ചെയ്തത് നന്നായില്ല. നബി(സ)ക്ക് ആവശ്യമുണ്ടായത് കൊണ്ടാണല്ലോ അത് ധരിച്ചത്. എന്തെങ്കിലും ആവശ്യപ്പെട്ടാൽ നബി(സ) വെറുതെ മടക്കുകയില്ലെന്ന് നിനക്കറിയുകയും ചെയ്യും. അദ്ദേഹം പറഞ്ഞു. അല്ലാഹു സത്യം!. ധരിക്കാനല്ല എന്റെ കഫൻ പുടവയായി ഉപയോഗിക്കാൻ വേണ്ടിയാണ് ഞാനത് ചോദിച്ചത്. സഹ്ല്(റ) പറയുന്നു: അവസാനം അതായിരുന്നു അദ്ദേഹത്തിന്റെ കഫൻ പുടവ. (ബുഖാരി. 2. 23. 367)

24) ഉമ്മു അത്തിയ്യ(റ) നിവേദനം: മയ്യിത്തിനെ അനുഗമിക്കുന്നത് ഞങ്ങളോട് വിരോധിച്ചിരിക്കുന്നു. എന്നാൽ ആ നിരോധനാജ്ഞ അത്ര കർശനമാക്കിയിരിക്കുന്നില്ല. (ബുഖാരി. 2. 23. 368)

25) ഇബ്നുസീറീൻ(റ) നിവേദനം: ഉമ്മുഅത്തിയ്യ(റ) യുടെ ഒരു മകൻ മരണപ്പെട്ടു. മൂന്നാമത്തെ ദിവസമായപ്പോൾ അവർ മഞ്ഞനിറം കലർന്ന സുഗന്ധം കൊണ്ടുവരാൻ ആവശ്യപ്പെടുകയും അതുകൊണ്ട് തന്റെ ശരീരത്തിൽ പുരട്ടുകയും ചെയ്തു. ശേഷം അവർ പറഞ്ഞു. ഭർത്താവിന്റെ പേരിലല്ലാതെ മൂന്ന് ദിവസത്തിലധികം ഇദ്ദ അനുഷ്ടിക്കുന്നതിനെ ഞങ്ങളോട് വിരോധിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി. 2. 23. 369)

26) സൈനബ്(റ) നിവേദനം: ശാമിൽവെച്ച് അബൂസുഫ്യാൻ മരണപ്പെട്ട വാർത്ത ലഭിച്ചപ്പോൾ മൂന്നാം ദിവസം പുത്രി ഉമ്മുഹബീബ(റ) സുഗന്ധം ആവശ്യപ്പെടുകയും ശേഷം അത് കൊണ്ട് അവരുടെ ഇരു കവിൾ തടത്തിലും കൈകളിലും പുരട്ടി. അനന്തരം അവർ ഇപ്രകാരം പ്രസ്താവിച്ചു. എനിക്ക് ഈ സുഗന്ധത്തോട് ആവശ്യമുള്ളത് കൊണ്ടല്ല പുരട്ടിയത്. എന്നാൽ നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു മയ്യത്തിന്റെ പേരിൽ മൂന്ന് ദിവസത്തിൽ കൂടുതൽ ദു:ഖമാചരിക്കാൻ പാടില്ല. പക്ഷെ ഭർത്താവ് മരിച്ചവൾ നാലുമാസവും പത്ത് ദിവസവും ഇദ്ദ അനുഷ്ഠിക്കണം. (ബുഖാരി. 2. 23. 370)

27) അനസ്(റ) നിവേദനം: ഖബറിന്റെ അടുത്തിരുന്നുകൊണ്ട് കരയുന്ന ഒരൂ സ്ത്രീയുടെ സമീപത്തുകൂടി നബി(സ) ഒരിക്കൽ നടന്നുപോയി. നബി(സ) പറഞ്ഞു. നീ അല്ലാഹുവിനെ സൂക്ഷിക്കുക. ക്ഷമിക്കുക. അവൾ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ പാടുനോക്കിപ്പോവുക. എനിക്ക് സംഭവിച്ച ആപത്ത് നിനക്ക് സംഭവിച്ചിട്ടില്ല. അവൾ നബി(സ)യെ മനസ്സിലാക്കാത്തത് കൊണ്ടായിരുന്നു ഈ ശൈലിയിൽ പറഞ്ഞത്. പിന്നീട് അത് നബി(സ) യായിരുന്നെന്ന് ചിലർ അവളെ ഉണർത്തിയപ്പോൾ അവൾ നബി(സ)യുടെ അടുത്ത് ചെന്നു. അവളവിടെ കാവൽക്കാരായൊന്നും കണ്ടില്ല. എന്നിട്ട് അവൾ പറഞ്ഞു: എനിക്ക് അങ്ങയെ മനസ്സിലായിരുന്നില്ല. അപ്പോൾ നബി(സ) പറഞ്ഞു: ഒന്നാമത്തെ പ്രാവശ്യം ആപത്തു ബാധിക്കുമ്പോഴുള്ള ക്ഷമക്കാണ് പ്രാധാന്യം. (ബുഖാരി. 2. 23. 372)

28) ഉസാമ(റ) നിവേദനം: തന്റെ പുത്രന് മരണം ആസന്നമായിരിക്കുകയാണെന്നും അതുകൊണ്ട് ഇവിടം വരെ വന്നാൽ കൊള്ളാമെന്നും അറിയിച്ചുകൊണ്ട് മകൾ(സൈനബ) നബി(സ)യുടെ അടുക്കലേക്ക് ആളയച്ചു. നബി(സ) യാകട്ടെ പുത്രിക്ക് സലാം പറഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു. അല്ലാഹു വിട്ടുതന്നതും അവൻ തിരിച്ചെടുത്തതും അവന്റേത് തന്നെയാണ്. എല്ലാ കാര്യങ്ങൾക്കും അവന്റെയടുക്കൽ ഒരു നിശ്ചിത അവധിയുണ്ട്. അതിനാൽ അല്ലാഹുവിങ്കൽ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവൾ ക്ഷമകൈക്കൊള്ളട്ടെ. അപ്പോൾ നബി(സ) വരിക തന്നെ വേണമെന്ന് സത്യം ചെയ്തുകൊണ്ട അവൾ വീണ്ടും ആളയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ്(റ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി(സ) പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ കുട്ടിയെ നബി(സ)യുടെ അടുത്തേക്ക് ഉയർത്തികാണിച്ചു. ആ കുട്ടിയുടെ ജീവൻ കിടന്നു പിടയുന്നുണ്ട്. വെള്ളം നിറച്ച ഒരു പഴയ തോൽപാത്രം പോലെ. നബി(സ)യുടെ ഇരുകണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി. ഇതുകണ്ടപ്പോൾ സഅ്ദ്(റ) ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ! ഇതെന്താണ്(അങ്ങ് കരയുകയോ!) ഇത് അല്ലാഹു അവന്റെ ദാസന്മാരുടെ ഹൃദയങ്ങളിൽ നിക്ഷേപിക്കുന്ന കാരുണ്യമാണ്. നിശ്ചയം കാരുണ്യമുള്ള തന്റെ ദാസന്മാരോടാണ് അല്ലാഹു കരുണ കാണിക്കുക എന്ന് നബി(സ) പ്രത്യുത്തരം നൽകി. (ബുഖാരി. 2. 23. 373)

29) അനസ്(റ) നിവേദനം: നബി(സ)യുടെ ഒരു പുത്രിയുടെ ജനാസയിൽ ഞങ്ങൾ സന്നിഹിതരായിരുന്നു. തിരുമേനി(സ) ഖബ്റിന്നരികിൽ ഇരിക്കുകയാണ്. അനസ്(റ) പറയുന്നു: അവിടുത്തെ ഇരുകണ്ണുകളിൽ നിന്നും കണ്ണുനീരൊഴുകുന്നത് ഞാൻ കണ്ടു. തിരുമേനി(സ) ചോദിച്ചു. നിങ്ങളുടെ കൂട്ടത്തിൽ ഇന്നലെ രാത്രി സ്വഭാര്യയുമായി സഹവസിക്കാത്തവരായി ആരെങ്കിലുമുണ്ടോ? അബൂത്വൽഹ(റ) പറഞ്ഞു: ഞാൻ ഉണ്ട്. നബി(സ) പറഞ്ഞു. എങ്കിൽ നീ ഇറങ്ങുക. അദ്ദേഹം അവരുടെ ഖബറിൽ ഇറങ്ങി. (ബുഖാരി. 2. 23. 374)

30) അബ്ദുല്ല(റ) നിവേദനം: മക്കയിൽ വെച്ച് ഉസ്മാൻ(റ)ന്റെ ഒരു പുത്രി മരണപ്പെട്ടു. അപ്പോൾ അവളെ ദർശിക്കുവാൻ ഞങ്ങൾ പുറപ്പെട്ടു. ഇബ്നുഉമർ ഇബ്നുഅബ്ബാസ്(റ) എന്നിവരും അവിടെ ഹാജരായി. ഞാൻ അവരുടെ ഇടയിൽ ഇരിക്കുകയായിരുന്നു. ഇബ്നുഉമർ(റ) അംറ്ബനു ഉസ്മാനോട് പറഞ്ഞു. ഉറക്കെ കരയുന്നതിനെ നീ വിരോധിക്കുന്നില്ലേ? നിശ്ചയം നബി(സ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. മയ്യിത്തിന്റെ ബന്ധുക്കൾ ഉറക്കെ കരഞ്ഞാൽ മയ്യിത്ത് ശിക്ഷിക്കപ്പെടുന്നതാണ്. ഇബ്നു അബ്ബാസ്(റ) പറയുന്നു: ഉമർ(റ) വും ഇപ്രകാരം പറയാറുണ്ടായിരുന്നു. ഇബ്നുഅബ്ബാസ്(റ) തുടരുന്നു. ഞാൻ ഒരിക്കൽ ഉമറിന്റെ കൂടെ മക്കയിൽ നിന്നും മടങ്ങുകയായിരുന്നു. അങ്ങനെ ഞങ്ങൾ ബൈദാഅ് എന്ന സ്ഥലത്ത് എത്തിയപ്പോൾ ഒരു എലന്തമരത്തിന്റെ ചുവട്ടിൽ ഒരു യാത്രാസംഘം ഇരിക്കുന്നത് കണ്ടു. ഉമർ(റ) പറഞ്ഞു. നീ ചെന്ന് ആ യാത്രാസംഘം ഏതാണെന്ന് നോക്കുക. അങ്ങനെ ഞാൻ ചെന്ന് നോക്കിയപ്പോൾ സുഹബ്(റ) ആയിരുന്നു അത്. വിവരം ഞാൻ ഉമറിനോട് പറഞ്ഞു. അദ്ദേഹത്തെ വിളിച്ചുകൊണ്ടുവരിക എന്ന് ഉമർ(റ) എന്നോട് വീണ്ടും നിർദ്ദേശിച്ചു. ഞാൻ സുഹൈബി(റ)ന്റെ അടുത്ത് ചെന്ന് പറഞ്ഞു. നിങ്ങൾ പുറപ്പെട്ടു അമീറുൽമുഅ്മീനിനെ കാണുക. ഉമർ(റ) വിപത്തു ബാധിച്ച സന്ദർഭത്തിൽ സുഹൈബ്(റ) കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് പ്രവേശിച്ചു. എന്റെ സ്നേഹിതാ! എന്റെ സുഹൃത്തേ! എന്ന് അദ്ദേഹം നിലവിളിക്കുന്നുണ്ട്. അപ്പോൾ ഉമർ(റ) പറഞ്ഞു: സുഹൈബ്! താങ്കൾ എന്റെ പേരിൽ കരയുകയാണോ? നബി(സ) പറയുകയുണ്ടായി. തീർച്ചയായും മയ്യിത്തിന്റെ ബന്ധുക്കളുടെ ചില കരച്ചിൽ കാരണം മയ്യിത്ത് ശിക്ഷിക്കപ്പെടുന്നതാണ്!. ഇബ്നു അബ്ബാസ്(റ) പറയുന്നു: ഉമർ(റ) മരണപ്പെട്ടപ്പോൾ ഈ ഹദീസ് ഞാൻ ആയിശ(റ) യോട് പറഞ്ഞു. അപ്പോൾ ആയിശ(റ) പറഞ്ഞു. ഉമർ(റ) നെ അല്ലാഹു അനുഗ്രഹിക്കട്ടെ. തന്റെ പേരിൽ കുടുംബങ്ങൾ കരഞ്ഞതുകൊണ്ട് ഒരു സത്യവിശ്വാസി ശിക്ഷിക്കപ്പെടുമെന്ന് നബി(സ) ഒരിക്കലും അരുളിയിട്ടേയില്ല. തന്റെ കുടുംബങ്ങൾ തന്റെ പേരിൽ കരയുക മൂലം സത്യനിഷേധിക്ക് അല്ലാഹു ശിക്ഷ വർദ്ധിപ്പിക്കുമെന്നേ നബി(സ) അരുളിയിട്ടുള്ളു. നിങ്ങൾക്ക് തെളിവായി ഭാരം വഹിക്കുന്ന ഒരാത്മാവും മറ്റൊരാത്മാവിന്റെ ഭാരം വഹിക്കുകയില്ല എന്ന ഖുർആൻ വാചകം മതിയല്ലോ എന്ന് അവർ പറഞ്ഞു. ഇബ്നു അബ്ബാസ്(റ) ആ സന്ദർഭത്തിൽ പറഞ്ഞു. അല്ലാഹുവാണ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നത്. ഇബ്നു അബീമുലൈകത്തു പറയുന്നു. ഇബ്നു ഉമർ(റ) ഒന്നും തന്നെ (ആയിശയെ ഖണ്ഡിച്ചുകൊണ്ട്) പറയുകയുണ്ടായില്ല. (ബുഖാരി. 2. 23. 375)

31) ആയിശ(റ) നിവേദനം: നബി(സ) ഒരു യഹൂദി സ്ത്രീയുടെ ഖബ്റിന്നരികിലൂടെ നടന്നുപോയി. അവളുടെ കുടുംബങ്ങൾ അവളെ ചൊല്ലി കരയുന്നുണ്ടായിരുന്നു. നബി(സ) അരുളി: അവർ അവളെച്ചൊല്ലി കരയുന്നു. അവളാകട്ടെ ഖബറിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. (ബുഖാരി. 2. 23. 376)

32) മുഗീറ(റ) നിവേദനം: എന്റെ പേരിൽ കളവ് പറയൽ മറ്റുള്ളവരുടെ പേരിൽ കളവ് പറയുംപോലെയല്ല. എന്റെ പേരിൽ മന:പൂർവ്വം കള്ളം പറയുന്നവൻ നരകത്തിൽ തന്റെ സീറ്റ് ഒരുക്കിക്കൊള്ളട്ടെ എന്ന് നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. മരിച്ച വല്ലവന്റെയും പേരിൽ ഉറക്കെ കരഞ്ഞാൽ ആ മയ്യിത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി(സ) അരുളിയത് ഞാൻ കേട്ടിട്ടുണ്ട്. (ബുഖാരി. 2. 23. 378)

33) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: മയ്യിത്തിന്റെ പേരിൽ വിലപിച്ചുകൊണ്ട് മുഖത്തടിക്കുകയും കുപ്പയമാറ് കീറുകയും അജ്ഞാനകാലത്ത് വിളിച്ചു പറഞ്ഞിരുന്നപോലെ വിളിച്ചുപറയുകയും ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല. (ബുഖാരി. 2. 23. 382)

34) സഅ്ദ്ബ്നു അബീവഖാസ്(റ) നിവേദനം: ഹജ്ജുത്തുൽ വദാഇന്റെ വർഷം ഞാൻ(മക്കയിൽ) രോഗ ബാധിതനായിരിക്കുമ്പോൾ നബി(സ) എന്നെ സന്ദർശിച്ചു. അപ്പോൾ ഞാൻ പറഞ്ഞു: എന്റെ രോഗം അങ്ങേക്കറിയാവുന്നത് പോലെ മുർച്ഛിച്ചു കഴിഞ്ഞിരുന്നു. ഞാൻ മുതലാളിയാണ്. എന്നാൽ എന്നെ ഒരു പുത്രി മാത്രമാണ് അനന്തരമെടുക്കുക. എന്റെ ധനത്തിൽ മൂന്നിൽ രണ്ടു ഭാഗം ഞാൻ ദാനം ചെയ്യട്ടെയോ? നബി(സ) അരുളി: പാടില്ല. ഞാൻ ചോദിച്ചു: പകുതിയായാലോ? അത് തന്നെ കൂടുതലാണ്. നിശ്ചയം നീ നിന്റെ അനന്തരവകാശികളെ ദരിദ്രന്മാരാക്കി യാചിക്കാൻ വിടുന്നതിനേക്കാൾ ഉത്തരം അവരെ സമ്പന്നരാക്കി വിടുകയാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് നീ ചിലവഴിക്കുന്ന എന്തിനും നിനക്ക് പ്രതിഫലം ലഭിക്കും. നിന്റെ ഭാര്യക്ക് കൊടുക്കുന്ന ആഹാരത്തിന് കൂടി നിനക്ക് പ്രതിഫലം ലഭിക്കുന്നതാണ്. ഞാൻ ചോദിച്ചു. പ്രവാചകരേ! എന്റെ സ്നേഹിതന്മാർ മക്കയിൽ നിന്ന് തിരിച്ചുപോയശേഷം എനിക്ക് ഇവിടെ പിന്തി നിൽക്കേണ്ടിവരുമോ? എന്നിട്ട് നീ സൽക്കർമ്മം ചെയ്യുകയും ചെയ്യുന്ന പക്ഷം അത് വഴി നിനക്ക് ഓരോ ഉന്നത പദവി ലഭിക്കാതിരിക്കുകയില്ല. ഒരു പക്ഷെ നീ പിൽക്കാലത്ത് ജീവിച്ചിട്ട് നിന്നെക്കൊണ്ട് ചിലർക്ക് ഉപകാരവും മറ്റു ചിലർക്ക് ഉപദ്രവവും അനുഭവിക്കേണ്ടി വന്നേക്കാം. അല്ലാഹുവേ!. എന്റെ അനുയായികൾക്ക് അവരുടെ ഹിജ്റ(പാലായനം) നീ പൂർത്തിയാക്കിക്കൊടുക്കണമേ! അവരെ അവരുടെ പഴയ നിലപാടിലേക്ക് തിരിച്ചു വിടരുതേ! എന്നാൽ പാവം സഅ്ദ്ബ്നു ഖൗല അദ്ദേഹം മക്കയിൽ വെച്ചുതന്നെ മരണമടഞ്ഞു. നബി(സ) അദ്ദേഹത്തിന്റെ പേരിൽ അനുശോചനം രേഖപ്പെടുത്തി. (ബുഖാരി. 2. 23. 383)

35) ആയിശ(റ) നിവേദനം: ഇബ്നു ഹാരിസത്ത്(റ) ജഅ്ഫർ(റ) ഇബ്നുറവാഹ(റ) എന്നിവരുടെ മരണവൃത്താന്തം എത്തിയപ്പോൾ തിരുമേനി(സ) ദു:ഖിതനായി. ഞാൻ വാതിലിന്റെ വിടവിലൂടെ അവിടുത്തെ നോക്കിക്കൊണ്ടിരുന്നു. അതിനിടക്ക് ഒരാൾ നബി(സ)യുടെയടുക്കൽ വന്നിട്ട് ജഅ്ഫറിന്റെ ഭാര്യയെ പറ്റിയും അവരുടെ കരച്ചിലിനെപ്പറ്റിയും പറഞ്ഞു. അപ്പോൾ അതിൽ നിന്ന് വിരോധിക്കുവാൻ നബി(സ) കൽപ്പിച്ചു. അദ്ദേഹം തിരിച്ചുപോയി. അൽപം കഴിഞ്ഞശേഷം വന്നു തന്നെ അവർ അനുസരിക്കുന്നില്ലെന്നു നബി(സ)യെ അറിയിച്ചു. നബി(സ) പറഞ്ഞു. നീ ഒന്നുകൂടി അവരെ വിരോധിക്കുക. അദ്ദേഹം പോയി മൂന്നാം പ്രാവശ്യവും മടങ്ങിവന്നു. ദൈവദൂതരേ! ആ സ്ത്രീ ഞങ്ങൾ പറഞ്ഞത് കൂട്ടാക്കുന്നില്ല എന്നു പറഞ്ഞു. ആയിശ(റ) പറയുന്നു. അപ്പോൾ നബി(സ) പറഞ്ഞു. നീ അവളുടെ വായിൽ കുറെ മണ്ണ് വാരിയിടുക. ആയിശ(റ) പറഞ്ഞു:(നബി അയച്ചു മനുഷ്യന്) നാശം നീ നബി കൽപ്പിച്ചത് എന്തു കൊണ്ട് ചെയ്തില്ല. നബി(സ)യെ നീ ക്ളേശിപ്പിക്കുന്നതിൽ വീഴ്ച വരുത്തയതുമില്ല. (ബുഖാരി. 2. 23. 386)

36) അനസ്(റ) നിവേദനം: ഖുറാത്ത് എന്ന് പേരുള്ളവരെ വധിച്ചപ്പോൾ നബി(സ) ഒരു മാസം ഖുനൂത്ത് ഓതി. അന്ന് നബി(സ) ദു:ഖിച്ചതുപോലെ മറ്റൊരിക്കലും ദു:ഖിച്ചത് ഞാൻ ദർശിക്കുകയുണ്ടായില്ല. (ബുഖാരി. 2. 23. 387)

37) അനസ്(റ) നിവേദനം: അബൂത്വൽഹത്തിന്റെ ഒരു കുട്ടിക്ക് രോഗം ബാധിക്കുകയും അദ്ദേഹം വീട്ടിൽ നിന്ന് പുറത്തുപോയിരിക്കുന്ന സന്ദർഭത്തിൽ ആ കുട്ടി മരിക്കുകയും ചെയ്തു. ഉടനെ അദ്ദേഹത്തിന്റെ ഭാര്യ കുട്ടി മരിച്ചത് ദർശിച്ചപ്പോൾ അൽപം ആഹാരം തയ്യാറാക്കി വെച്ചു. വീടിന്റെ ഒരു ഭാഗത്തേക്ക് കുട്ടിയെ മാറ്റിക്കിടത്തി. അബൂത്വൽഹ വന്നപ്പോൾ കുട്ടിക്കെങ്ങനെയുണ്ടെന്ന് അന്വേഷിച്ചു. കുട്ടിയുടെ അസ്വാസ്ഥ്യം തീർന്നു. അവനിപ്പോൾ സുഖമാണെന്ന് വിചാരിക്കുന്നു എന്ന് ഭാര്യ മറുപടി പറഞ്ഞു, അപ്പോൾ അവൾ പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് അദ്ദേഹം വിചാരിച്ചു. ആ രാത്രി കഴിഞ്ഞു പുലർച്ചക്ക് ജനാബത്തു കുളി കഴിഞ്ഞ് പുറപ്പെടാൻ അബൂത്വൽഹ ഒരുങ്ങിയപ്പോൾ കുട്ടിയുടെ മരണവാർത്ത ഭാര്യ അദ്ദേഹത്തെ അറിയിച്ചു. അബൂത്വൽഹ നബി(സ)യൊന്നിച്ച് സുബ്ഹി നമസ്കരിച്ചു. ശേഷം ഈ വർത്തമാനം നബി(സ)യോട് പറഞ്ഞു. നബി(സ) അരുളി: കഴിഞ്ഞ രാത്രിയിൽ അല്ലാഹു നിങ്ങൾക്ക് രണ്ടുപേർക്കും ബറക്കത്തു നൽകട്ടെ. സുഫ്യാൻ(ഒരു നിവേദകൻ) പറയുന്നു: ഒരു അൻസാരി പറയുന്നു. ഖുർആൻ പഠിച്ച ഒൻപതു കുട്ടികൾ അദ്ദേഹത്തിന് ജനിച്ചു വളർന്നത് പിന്നീട് കണ്ടു. (ബുഖാരി. 2. 23. 388)

38) അനസ്(റ) നിവേദനം: ഞങ്ങൾ ഒരിക്കൽ നബി(സ)യുടെ കൂടെ കൊല്ലനായിരുന്ന അബൂസൈഫിന്റയടുക്കൽ പ്രവേശിച്ചു. നബി(സ)യുടെ പുത്രൻ ഇബ്റാഹീമിന് മുലകൊടുത്ത സ്ത്രീയുടെ ഭർത്താവായിരുന്നു അദ്ദേഹം. നബി(സ) ഇബ്രാഹീമിനെ എടുത്ത് ചുംബിച്ചു. ഇതിനുശേഷം ഇബ്രാഹിം മരണാസന്നനായിരിക്കുമ്പോൾ ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്തു പ്രവേശിച്ചു. നബി(സ)യുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങി. അബ്ദുറഹ്മാനുബ്നു ഔഫ് ചോദിച്ചു. ദൈവദൂതരേ! അങ്ങുന്നു കരയുകയാണോ? ഇബ്നുഔഫ്! ഇത് കൃപയാണ്, വീണ്ടും നബി(സ) കണ്ണുനീർ ഒഴുക്കുവാൻ തുടങ്ങി. കണ്ണ് കരയുകയും ഹൃദയം ദു:ഖിക്കുകയും ചെയ്യും. പക്ഷെ നമ്മുടെ നാഥൻ തൃപ്തിപ്പെടാത്തതൊന്നും നാം പറയരുത്. ഇബ്രാഹീം! നിന്റെ വേർപാടിൽ ഞങ്ങൾ ദു:ഖിതരാണ് എന്ന് നബി(സ) അരുളി. (ബുഖാരി. 2. 23. 390)

39) ഇബ്നുഉമർ(റ) പറയുന്നു: ഒരിക്കൽ സഅ്ദ്ബ്നു ഉബാദ(റ) യെ രോഗം ബാധിച്ചു. അപ്പോൾ നബി(സ) അബ്ദുർറഹ്മാനുബ്നു ഔഫ്(റ), സഅ്ദ്ബ്നു അബീ വഖാസ്(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) എന്നിവരോടൊപ്പം അദ്ദേഹത്തെ കാണാൻ ചെന്നു. നബി(സ) അദ്ദേഹത്തിന്റെയടുത്ത് പ്രവേശിച്ചപ്പോൾ കുടുംബങ്ങൾ ചുറ്റും കൂടി നിൽക്കുന്നത് കണ്ടു. നബി(സ) ചോദിച്ചു: അദ്ദേഹം മരിച്ചോ? ഇല്ല. ദൈവദൂതരേ എന്നവർ പറഞ്ഞു. അപ്പോൾ നബി(സ) കരഞ്ഞു. നബി(സ)യുടെ കരച്ചിൽ കണ്ടു സദസ്യരും കരഞ്ഞു. അവിടുന്നു അരുളി: നിങ്ങൾ ശ്രവിക്കുന്നില്ലേ? നിശ്ചയം അല്ലാഹു കണ്ണുനീരിന്റെ പേരിലോ മനസ്സിലെ ദു:ഖം കാരണമോ ശിക്ഷിക്കുകയില്ല. പക്ഷെ ഇതിന്റെ - നബി(സ) നാവിലേക്ക് ചൂണ്ടിക്കൊണ്ട് - പേരിലാണ് അല്ലാഹു ശിക്ഷിക്കുകയും കരുണ കാണിക്കുകയും ചെയ്യുക. മയ്യിത്ത് അതിന്റെ കുടുംബക്കാരുടെ കരച്ചിൽ മൂലം ശിക്ഷിക്കപ്പെടും. ഉമർ(റ) ഉറക്കെ കരയുന്നവരെ വടി കൊണ്ട് അടിക്കുകയും കല്ലൂകൊണ്ട് എറിയുകയും മണ്ണ് വാരിയിടുകയും ചെയ്യാറുണ്ട്. (ബുഖാരി. 2. 23. 391)

40) ഉമ്മു അത്തിയ്യ(റ) നിവേദനം: നബി(സ) ഞങ്ങളോട് പ്രതിജ്ഞ ചെയ്തപ്പോൾ മയ്യിത്തിന്റെ പേരിൽ വിലപിക്കാൻ പാടില്ലെന്നുകൂടി ഞങ്ങളോട് കരാർ വാങ്ങിയിരുന്നു. ഞങ്ങളിൽ അഞ്ച് സ്ത്രീകൾ മാത്രമാണത് നിറവേറ്റിയത്. ഉമ്മു സുലൈം, ഉമ്മൂൽഅലാഅ്, അബൂസബ്റയുടെ മകൾ അതായത് മുആദിന്റെ പത്നി, വേറെ രണ്ടു സ്ത്രീകൾ എന്നിവരാണവർ. അല്ലെങ്കിൽ അബൂസബ്റയുടെ മകൾ, മുആദിന്റെ ഭാര്യ, മറ്റൊരു സ്ത്രീ ഈ മൂന്നുപേരെയാണ് റാവി പറഞ്ഞത്. (ബുഖാരി. 2. 23. 393)

41) ആമിർ (റ) നിവേദനം: നബി(സ) അരുളി: നിങ്ങളിൽ വല്ലവരും മയ്യിത്തു കൊണ്ടു പോകുന്നത് കണ്ടാൽ എഴുന്നേറ്റു നിൽക്കുവീൻ. മയ്യിത്ത് കടന്നുപോകുകയോ അതു താഴെ വെക്കുകയോ ചെയ്യുന്നതുവരെ. (ബുഖാരി. 2. 23. 394)

42) ആമിർ (റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ ഒരു ജനാസയെ കണ്ടു. അതിനെ നിങ്ങൾ പിന്തുടരുന്നെങ്കിൽ അതു നിങ്ങളെ മുമ്പിലേക്കോ പിമ്പിലേക്കോ കടന്നുപോകുകയോ താഴെ വെക്കുകയോ ചെയ്യുന്നതുവരെ അവൻ നിൽക്കട്ടെ. (ബുഖാരി. 2. 23. 395)

43) സഈദുൽമഖ്ബറി(റ) തന്റെ പിതാവിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു ജനാസയെ അനുഗമിക്കുകയായിരുന്നു. അപ്പോൾ അബൂഹുറൈറ(റ) മർവാന്റെ കൈപിടിച്ചു. അവർ രണ്ടുപേരും മയ്യിത്ത് താഴെ വെക്കുന്നതിന് മുമ്പ് തന്നെ ഇരുന്നു. അപ്പോൾ അബൂസഈദ്(റ) വന്നു. മാർവാന്റെ കൈ പിടിച്ചു പറഞ്ഞു. എഴുന്നേൽക്കൂ. അല്ലാഹു സത്യം. തിരുമേനി(സ) ഞങ്ങളോട് ഇതു വിരോധിച്ചിട്ടുണ്ടെന്ന് ഇദ്ദേഹത്തിനറിയാം. അദ്ദേഹം പറഞ്ഞതു സത്യമാണെന്ന് അബൂഹുറൈറ(റ) പറഞ്ഞു. (ബുഖാരി. 2. 23. 396)

44) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ മയ്യിത്തിനെ കണ്ടാൽ എഴുന്നേൽക്കുവിൻ. ആരെങ്കിലും അതിനെ പിൻതുടർന്നാൽ അതു താഴെ വെക്കുന്നതുവരെ അവൻ ഇരിക്കരുത്. (ബുഖാരി. 2. 23. 397)

45) ജാബിർ (റ) നിവേദനം: ഞങ്ങളുടെ അരികിലൂടെ ഒരു മയ്യിത്ത് കടന്നുപോയപ്പോൾ നബി(സ) എഴുന്നേറ്റു നിന്നു. നബി(സ) യോടൊപ്പം ഞങ്ങളും എഴുന്നേറ്റു. ഇതൊരു യഹൂദിയുടെ മയ്യിത്താണെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ നബി(സ) അരുളി: നിങ്ങൾ ഏത് മയ്യിത്ത് കണ്ടാലും എഴുന്നേൽക്കുവീൻ. (ബുഖാരി. 2. 23. 398)

46) അബ്ദുറഹ്മാൻ(റ) നിവേദനം: സഹ്ല്(റ) ഖൈസ്(റ) എന്നിവർ ഒരിക്കൽ ഖാദിസ്സിയ്യയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അവരുടെ മുന്നിലൂടെ ഒരു മയ്യിത്ത് കൊണ്ടുപോവുകയും അവർ രണ്ടുപേരും എഴുന്നേൽക്കുകയും ചെയ്തു. ഇതു ഇവിടുത്തെ ഒരു നാട്ടുകാരിൽ അതായത് ഇസ്ലാമിക ഭരണത്തിൽ മുസ്ളിം പൗരന്മാരിൽപ്പെട്ടതാണെന്ന് അവരോട് പറയപ്പെട്ടു. ഉടനെ അവരിരുവരും പറഞ്ഞു: നബി(സ)യുടെ അടുക്കലൂടെ ഒരു ജനാസ കടന്നുപോയപ്പോൾ നബി(സ) എഴുന്നേറ്റു നിന്ന സമയത്ത് അതൊരു ജൂതന്റെ മയ്യിത്താണെന്ന് പറയപ്പെട്ടു. നബി(സ) പറഞ്ഞു. അതും ഒരു മനുഷ്യനല്ലയോ? (ബുഖാരി. 2. 23. 399)

47) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: മയ്യിത്ത് കട്ടിലിൽ വെച്ച് പുരുഷന്മാർ അത് ചുമലിലേറ്റി പുറപ്പെട്ടാൽ സുകൃതം ചെയ്ത ഒരാത്മാവിന്റെ മയ്യിത്താണെങ്കിൽ എന്നെയും കൊണ്ടു വേഗം പോവുക എന്ന് അത് വിളിച്ചു പറയും. സുകൃതം ചെയ്തിട്ടില്ലാത്ത ആത്മാവിന്റെ മയ്യിത്താണെങ്കിലോ അഹാ കഷ്ടം! എന്നെ നിങ്ങൾ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് വിളിച്ചു പറയും. മനുഷ്യനൊഴിച്ച് മറ്റെല്ലാ വസ്തുക്കളും അതു കേൾക്കും. മനുഷ്യൻ അതു കേട്ടാൽ ബോധം കെട്ടുപോകും. (ബുഖാരി. 2. 23. 400)

48) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മയ്യിത്തുകൊണ്ട് നിങ്ങൾ വേഗം പോവുക. അത് നന്മ ചെയ്തതാണെങ്കിൽ നിങ്ങൾ ഒരു നല്ല കാര്യമാണ് ചെയ്യുന്നത്. അതു നന്മ ചെയ്തവന്റെ മയ്യിത്തല്ലെങ്കിലോ ഒരു തിന്മ നിങ്ങളുടെ ചുമലിൽ നിന്നിറക്കിവെച്ചുവെന്ന് നിങ്ങൾക്ക് സമാധാനിക്കാം. (ബുഖാരി. 2. 23. 401)

49) ജാബിർ(റ) നിവേദനം: നബി(സ) നജ്ജാശിക്ക് വേണ്ടി നമസ്കരിച്ചു. ഞാൻ രണ്ടാമത്തെ അല്ലെങ്കിൽ മൂന്നാമത്തെ വരിയിലായിരുന്നു. (ബുഖാരി. 2. 23. 403)

50) അബൂഹുറൈറ(റ) നിവേദനം: നജ്ജാശിയുടെ മരണവാർത്ത നബി(സ) അനുയായികളെ അറിയിച്ചു. ശേഷം നബി(സ) മുന്നിട്ടു. അനുയായികൾ നബിക്ക് പിന്നിൽ അണികളായി. അങ്ങനെ നബി(സ) നാല് തക്ബീർ ചൊല്ലി. (ബുഖാരി. 2. 23. 404)

51) ശഅ്ബി(റ) പറയുന്നു: നബി(സ)യുടെ കൂടെ ഹാജരായ ഒരാൾ എന്നോട് പറഞ്ഞു. നബി(സ) നനവുള്ള ഒരു ഖബറിന്റെ അടുത്ത് ചെന്ന് ജനങ്ങളെ തനിക്ക് പിന്നിൽ അണികളാക്കി നിർത്തി നാല് തക്ബീർ ചൊല്ലി. ഇബ്നു അബ്ബാസാണ് ഈ ഹദീസ് ഉദ്ധരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. (ബുഖാരി. 2. 23. 405)

52) ഇബ്നു അബ്ബാസ്(റ) നിവേദനം: രാത്രിയിൽ ഖബറടക്കപ്പെട്ട ഒരു ഖബറിന്റെ അടുത്തുകൂടി നബി(സ) നടന്നുപോയി. നബി(സ) ചോദിച്ചു. ഇതിനെ എപ്പോൾ ഖബറടക്കം ചെയ്തു? അവർ പറഞ്ഞു: ഇന്നലെ രാത്രി. നബി(സ) പറഞ്ഞു. എന്നെ നിങ്ങൾക്ക് വിവരമറിയിക്കാമായിരുന്നില്ലേ? അവർ(അനുചരന്മാർ)പറഞ്ഞു: രാത്രിയുടെ ഇരുട്ടിലാണ് ഞങ്ങൾ അദ്ദേഹത്തെ ഖബറടക്കിയത്. താങ്കളെ വിളിച്ചുണർത്താൻ ഞങ്ങൾ വെറുത്തു. അപ്പോൾ നബി(സ) എഴുന്നേറ്റു നിൽക്കുകയും ഞങ്ങൾ അദ്ദേഹത്തിന്റെ പിന്നിൽ വരികളായി നിൽക്കുകയും ചെയ്തു. ഇബ്നു അബ്ബാസ്(റ) പറയുന്നു. ഞാനും അവരിൽ ഉണ്ടായിരുന്നു. അങ്ങനെ നബി(സ) അദ്ദേഹത്തിന് നമസ്കരിച്ചു. (ബുഖാരി. 2. 23. 407)

53) നാഫിഅ്(റ) നിവേദനം: വല്ലവനും ഒരു മയ്യിത്തിനെ പിൻതുടർന്നാൽ ഒരു ഖീറാത്തു പ്രതിഫലം അവന് ലഭിക്കുമെന്ന് അബൂഹുറൈറ(റ) ഉദ്ധരിച്ച വിവരം ഇബ്നു ഉമർ(റ) നോട് പറയപ്പെട്ടു. അപ്പോൾ ഇബ്നുഉമർ(റ) പറഞ്ഞു: അബൂഹുറൈറ(റ) ഞങ്ങളേക്കാൾ ഹദീസ് വർദ്ധിപ്പിക്കുന്നു. (ബുഖാരി. 2. 23. 409)

54) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഒരു മയ്യിത്തിന് നമസ്കരിക്കുന്നത് വരെ ഹാജരായാൽ അവന് ഒരു ഖീറാത്തു പ്രതിഫലമുണ്ട്. എന്നാൽ വല്ലവനും അതിനെ ഖബറടക്കം ചെയ്യുന്നതു വരെ ഹാജരായാൽ അവന് രണ്ട് ഖീറാത്ത് പ്രതിഫലമുണ്ട്. എന്താണ് ഖീറാത്തു എന്ന് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: വലിയ രണ്ട് പർവ്വതം പോലെ. (ബുഖാരി. 2. 23. 410)

55) അബൂഹുറൈറ(റ) നിവേദനം: മൈതാനത്തുവെച്ച് നബി(സ) അനുചരന്മാരുമായി അണിനിരന്നു. ശേഷം നാല് തക്ബീർ ചൊല്ലി. (ബുഖാരി. 2. 23. 412)

56) ആയിശ(റ) നിവേദനം: നബി(സ) മരണപ്പെട്ടതായ രോഗത്തിൽ പറഞ്ഞു. ജൂതന്മാരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ. അവർ അവരുടെ നബിമാരുടെ ഖബറുകൾ പ്രാർത്ഥനാ സ്ഥലങ്ങളാക്കി. ആയിശ പറയുന്നു: ആളുകൾ പ്രാർത്ഥനാകേന്ദ്രങ്ങളാക്കുമെന്നു ഭയമില്ലായിരുന്നെങ്കിൽ അവർ (സഹാബി വര്യന്മാർ) നബി(സ)യുടെ ഖബർ വെളിയിലെവിടെയെങ്കിലും ആക്കിയേനെ. അതു വല്ല കാലത്തും ജനങ്ങൾ പ്രാർത്ഥനാകേന്ദ്രങ്ങൾ (പള്ളികൾ) ആക്കിക്കളയുമോ എന്ന് എനിക്ക് ഇപ്പോഴും ഭയമുണ്ട്. (ബുഖാരി. 2. 23. 414)

57) സമുറ(റ) നിവേദനം: പ്രസവത്തിൽ മരണപ്പെട്ട ഒരു സ്ത്രീക്ക് നബി(സ) മയ്യിത്ത് നമസ്കരിച്ചപ്പോൾ ഞാനും നബി(സ)യുടെ പിന്നിൽ നിന്ന് കൊണ്ട് നമസ്കരിച്ചു. നബി(സ) അവളുടെ മധ്യഭാഗത്താണ് നിന്നു നമസ്കരിച്ചത്. (ബുഖാരി. 2. 23. 415)

58) ജാബിർ(റ) നിവേദനം: നബി(സ) നജ്ജാശിക്ക് നമസ്കരിച്ചപ്പോൾ നാല് തക്ബീറുകൾ ചൊല്ലി. (ബുഖാരി. 2. 23. 418)

59) ത്വൽഹ(റ): നിവേദനം: ഒരിക്കൽ ഇബ്നു അബ്ബാസിന്റെ പിന്നിൽ നിന്നുകൊണ്ട് ഞാൻ മയ്യിത്ത് നമസ്കരിച്ചു. അപ്പോൾ അദ്ദേഹം ഫാതിഫ(ഉറക്കെ)ഓതി. ഫാതിഹ ഓതൽ സുന്ന(ബുഖാരി. 2. 23. 419)

60) അബൂഹുറൈറ(റ) നിവേദനം: ഒരു കറുത്ത സ്ത്രീ അല്ലെങ്കിൽ പുരുഷൻ പള്ളി പരിപാലിച്ചിരുന്നു. അങ്ങനെ അദ്ദേഹം മരണപ്പെട്ടു. നബി(സ) അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞിരുന്നില്ല. ഒരു ദിവസം നബി(സ)ക്ക് അദ്ദേഹത്തെ ഓർമ്മ വരികയും ആ മനുഷ്യൻ എന്തു ചെയ്യുന്നുവെന്ന് തന്റെ അനുചരന്മാരോട് ചോദിക്കുകയും ചെയ്തു. അവർ പറഞ്ഞു. അദ്ദേഹം മരണപ്പെട്ടു. നബി(സ) പറഞ്ഞു. നിങ്ങൾക്ക് അദ്ദേഹത്തിന്റെ മരണവാർത്ത എന്നെ അറിയിക്കാമായിരുന്നില്ലേ? അവർ പറഞ്ഞു: ഇങ്ങനെയെല്ലാമായിരുന്നു അവസ്ഥ. അവർ അദ്ദേഹത്തിന്റെ പ്രശ്നം നിസ്സാരമാക്കും വിധമായിരുന്നു മറുപടി. നബി(സ) പറഞ്ഞു: നിങ്ങൾ അദ്ദേഹത്തിന്റെ ഖബർ എനിക്ക് കാണിച്ചുതരിക. അങ്ങനെ അദ്ദേഹത്തിന്റെ ഖബറിന്റെ അടുത്തുചെന്ന് നബി(സ) മയ്യിത്ത് നമസ്കാരം നിർവ്വഹിച്ചു. (ബുഖാരി. 2. 23. 421)

61) അനസ്(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യനെ അവന്റെ ഖബറിൽ വെച്ച് അതിന്റെ ബന്ധുക്കൾ പിരിഞ്ഞുപോയി. അവരുടെ ചെരിപ്പിന്റെ കരച്ചിൽ ഇവന് കേൾക്കാൻ കഴിയുന്ന ദൂരം വരെ അവർ എത്തിക്കഴിഞ്ഞാൽ രണ്ട് മലക്കുകൾ വന്ന് അവനെ പിടിച്ചിരുത്തി ചോദിക്കും. ഈ മനുഷ്യൻ അഥവാ മുഹമ്മദിനെ സംബന്ധിച്ച് നീ എന്താണ് പറഞ്ഞിരുന്നത്? അവൻ പറയും: അദ്ദേഹം അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അപ്പോൾ പറയപ്പെടും അതാ, നരകത്തിലെ നിന്റെ ഇരിപ്പിടം നോക്കൂ! അതിനു പകരമായി അല്ലാഹു സ്വർഗ്ഗത്തിൽ നിനക്കൊരു ഇരിപ്പിടം തന്നിരിക്കുന്നു. നബി(സ) പറഞ്ഞു. അപ്പോൾ ഈ രണ്ടു ഇരിപ്പിടങ്ങളും അവൻ നോക്കിക്കാണും. സത്യനിഷേധി അല്ലെങ്കിൽ കപടവിശ്വാസി പറയും: എനിക്ക് യാഥാർത്ഥ്യം അറിയില്ല. ജനങ്ങൾ പറയുംപോലെ ഞാനും പറഞ്ഞുകൊണ്ടിരുന്നു. അവനോട് മലക്കുകൾ പറയും. നീ കാര്യത്തെക്കുറിച്ച് ചിന്തിച്ചു നോക്കുകയോ വായിച്ചു പഠിക്കുകയോ ചെയ്തില്ല. പിന്നെ ഒരു ഇരുമ്പ് ദണ്ഡുകൊണ്ട് അവർ അവന്റെ ചെവികൾക്കിടയിൽ അടിക്കും. അപ്പോഴവൻ ഉച്ചത്തിൽ നിലവിളിക്കും. ജിന്നുകളും മനുഷ്യനുമൊഴിച്ച് അവന്നടുത്തുള്ള എല്ലാ വസ്തുക്കളും അതു കേൾക്കുന്നതാണ്. (ബുഖാരി. 2. 23. 422)

62) അബൂഹുറൈറ(റ) നിവേദനം: മരണ മലക്ക് മൂസാ(അ)യെ മരിപ്പിക്കാൻ ചെന്നപ്പോൾ അവിടുന്ന് മലക്കിന്റെ മുഖത്തൊരടി വെച്ചുകൊടുത്തു. ആ മലക്ക് തന്റെ രക്ഷിതാവിന്റെ അടുക്കൽ തിരിച്ചുചെന്ന് ഇപ്രകാരം ബോധിപ്പിച്ചു. നാഥാ! മരിക്കാൻ ഇഷ്ടപ്പെടാത്ത ഒരു ദാസന്റെയടുക്കലേക്കാണ് നീ എന്നെ അയച്ചത്. (അടികൊണ്ട് മലക്കിന്റെ ഒരു കണ്ണ് പൊട്ടിപ്പോയിരുന്നു)അല്ലാഹു മലക്കിന്റെ കണ്ണ് പൂർവ്വസ്ഥിതിയിലാക്കിക്കൊണ്ട് കൽപ്പിച്ചു. നീതിരിച്ചുചെന്ന് മൂസയോട് തന്റെ കൈ ഒരു കാളയുടെ മുതുകിൽ വെക്കാൻ പറയണം. ആ കൈകൊണ്ട് മൂടുന്ന ഓരോ രോമത്തിനും ഒരു വർഷത്തെ ആയുസ്സ് വീതം നീട്ടിക്കൊടുക്കുന്നതാണ്. മൂസാ നബി(അ)ചോദിച്ചു. എന്റെ നാഥാ! അതിനുശേഷം എന്തു സംഭവിക്കും.! പിന്നെ മരണമായിരിക്കും. രക്ഷിതാവ് പ്രത്യുത്തരം നൽകി. മൂസാ നബി(അ)പറഞ്ഞു: എങ്കിൽ ഇപ്പോൾ തന്നെ മരിക്കാൻ സന്നദ്ധനാണ്. പക്ഷെ, ബൈത്തൂൽ മുഖദ്ദസ്സിൽ നിന്നും ഒരു കല്ലെറിഞ്ഞാലെത്തുന്ന ദൂരത്തു എത്തി ശേഷമെ തന്നെ മരിപ്പിക്കാവൂ എന്ന് അല്ലാഹുവിനോട് ചോദിച്ചു. ഞാനവിടെയായിരുന്നെങ്കിൽ ചുവന്ന കുന്നിനടുത്തേക്കുള്ള വഴിയിൽ അദ്ദേഹത്തിന്റെ ഖബർ നിങ്ങൾക്ക് കാണിച്ചു തരുമായിരുന്നു എന്ന് നബി(സ) അരുളി. (ബുഖാരി. 2. 23. 423)

63) ജാബിർ(റ) നിവേദനം: നബി(സ) ഉഹ്ദ് യുദ്ധത്തിൽ കൊല്ലപ്പെട്ട ഈരണ്ടു പേരെ ഒരുമിച്ച് ഒരു വസ്ത്രത്തിൽ കഫൻ ചെയ്തിരുന്നു. അവിടുന്നു ചോദിക്കും: ഇവരിൽ അധികം ഖുർആൻ മന:പാഠമാക്കിയ ആൾ ആരാണ്? അവരിൽ ഖുർആൻ മന:പാഠമാക്കിയത് ഇന്നയാളാണെന്ന് നബി(സ)യോട് ചൂണ്ടിക്കാണിച്ചാൽ അദ്ദേഹത്തെ ആദ്യം ഖബറിൽ വെക്കും. അവിടുന്നു അരുളും: പരലോകദിവസം ഇവർക്കുവേണ്ടി ഞാൻ സാക്ഷി നിൽക്കും. യുദ്ധത്തിൽ വധിക്കപ്പെട്ടവരെ അവരുടെ രക്തത്തോട് കൂടിതന്നെ ഖബറടക്കം ചെയ്യാൻ അവിടുന്ന് കൽപ്പിക്കും. അവരെ കുളിപ്പിക്കുകയോ അവരുടെ പേരിൽ മയ്യിത്ത് നമസ്കരിക്കുകയോ ചെയ്തില്ല. (ബുഖാരി. 2. 23. 427)

64) ഉഖ്ബത്തു(റ) പറയുന്നു: ഒരിക്കൽ നബി(സ) പുറപ്പെട്ടു ഉഹ്ദിലെ രക്തസാക്ഷികളുടെ പേരിൽ സാധാരണ മയ്യിത്തു നമസ്കരിക്കുന്നതുപോലെ നമസ്കരിച്ചു. നമസ്കാരത്തിൽ നിന്ന് വിരമിച്ച ശേഷം അവിടുന്ന് മിമ്പറിൽ കയറി ഇങ്ങനെ അരുളി: നിങ്ങളുടെ യാത്രാസംഘത്തിന് വെള്ളവും അന്വേഷിച്ച് മുന്നിൽ പോകുന്നയാളും നിങ്ങൾക്കു സാക്ഷിയുമാണ് ഞാൻ. അല്ലാഹു സത്യം! ഞാൻ എന്റെ ഹൗള് ഇതാ ഇപ്പോൾത്തന്നെ നോക്കികാണുന്നു. ഭൂമിയിലെ ഖജനാവുകളുടെ താക്കോൽ എനിക്ക് നൽകപ്പെട്ടിട്ടുണ്ട്. എന്റെ കാലശേഷം നിങ്ങൾ(സഹാബിവര്യന്മാർ) ശിർക്കിലകപ്പെട്ടു പോകുമെന്ന് ഞാൻ ഭയപ്പെടുന്നില്ല. എന്നാൽ ഐഹിക സുഖങ്ങൾക്കുവേണ്ടിയുള്ള കിടമത്സരത്തിൽ മുഴുകിപ്പോകുമോ എന്നാണ് ഞാൻ ഭയപ്പെടുന്നത്. (ബുഖാരി. 2. 23. 428)

65) ജാബിർ(റ) നിവേദനം: ഉഹ്ദിൽ വധിക്കപ്പെട്ടവരെ രണ്ടു ആളുകൾ വീതം നബി(സ) ഒരു ഖബറിൽ മറവ് ചെയ്തു. (ബുഖാരി. 2. 23. 429)

66) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു മക്കയെ പരിശുദ്ധമാക്കിയിരിക്കുന്നു. എനിക്ക് മുമ്പും എനിക്ക് ശേഷവും ഒരാൾക്കും അവിടെ യുദ്ധം അനുവദിച്ചിട്ടില്ല. എനിക്ക് തന്നെ പകലിലെ ഒരു മണിക്കൂർ മാത്രമാണ് അനുവദിക്കപ്പെട്ടത്. അവിടത്തെ പുല്ലരിയുവാനോ മരം മുറിക്കുവാനോ വേട്ടമൃഗത്തെ ഓടിക്കുവാനോ വീണ് പോയ വസ്തു അതിന്റെ ഉടമസ്ഥൻ അല്ലാതെ എടുക്കുവാനോ പാടില്ല. അപ്പോൾ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: ഇദ്ഖർ പുല്ല് ഒഴിവാക്കിയാൽ കൊള്ളാം. അതുകൊണ്ട് ഞങ്ങൾ ഖബറുകളിൽ വെക്കുകയും പുരമേയുകയും ചെയ്യാറുണ്ട്. അപ്പോൾ നബി(സ) പറഞ്ഞു. എന്നാൽ ഇദ്ഖർ ഒഴിച്ചു. (ബുഖാരി. 2. 23. 432)

67) സാലിം പറയുന്നു: ഇബ്നുഉമർ(റ) പറയുന്നത് ഞാൻ കേട്ടു. പിന്നീട് ഒരിക്കൽ നബി(സ) ഉബയ്യ്(റ)ന്റെ കൂടെ ഇബ്നുസയ്യാദ് താമസിക്കുന്ന ഈത്തപ്പനത്തോട്ടത്തിൽ പോയി. ഇബ്നു സയ്യാദ്(റ) നബി(സ)യെ കാണുന്നതിന് മുമ്പ് അവനിൽ നിന്നും എന്തെങ്കിലും കേൾക്കാൻ സാധിച്ചെങ്കിലോ എന്നു കരുതി മറ്റൊന്നും ശ്രദ്ധിക്കാത്ത മട്ടിലാണ് അവിടുന്നു ചെന്നത്. അവനൊരു വസ്ത്രത്തിൽ ചെരിഞ്ഞു കിടക്കുകയായിരുന്നു. എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവിടുന്ന് ആരും കാണാതിരിക്കാനായി ഈത്തപ്പനയുടെ മറവിൽ ഒളിഞ്ഞുനിന്നു. അപ്പോഴാണ് ഇബ്നു സയ്യാദിന്റെ മാതാവ് നബി(സ)യെ കണ്ടത്. അവൾ അവനെ വിളിച്ചു. സാഫി - അതായിരുന്നു അവന്റെ പേര്. മുഹമ്മദ് ഇതാ വന്നിരിക്കുന്നു. അപ്പോൾ അവൻ ചാടിയെണീറ്റു. അവളവനെ വെറുതെ വിട്ടിരുന്നുവെങ്കിൽ കാര്യം വ്യക്തമാകുമായിരുന്നുവെന്ന് നബി(സ) അരുളി. (ബുഖാരി. 2. 23. 437)

68) അനസ്(റ) നിവേദനം: നബി(സ)ക്ക് പരിചാരകനായിക്കൊണ്ട് ഒരു ജൂതൻ ഉണ്ടായിരുന്നു. അവന് രോഗം ബാധിച്ചു. അപ്പോൾ നബി(സ) അവനെ സന്ദർശിക്കുവാൻ ചെല്ലുകയും അവന്റെ തലക്ക് സമീപത്തായി ഇരിക്കുകയും ചെയ്തു. നബി(സ) പറഞ്ഞു: നീ ഇസ്ളാമിലേക്ക് പ്രവേശിക്കുന്നുവോ? ആ ഭൃത്യൻ അടുത്തുതന്നെ നിന്നിരുന്ന തന്റെ പിതാവിന്റെ നേരെ എന്തുവേണമെന്ന അർത്ഥത്തിൽ നോക്കി. അബുഖാസിമിനെ അനുസരിക്കൂ എന്നയാൾ പറഞ്ഞു. അപ്പോൾ അവൻ മുസ്ളിമായി. കുട്ടിയെ നരക ശിക്ഷയിൽ നിന്നു രക്ഷിച്ച അല്ലാഹുവിന് സർവ്വസ്തുതിയും എന്നു പറഞ്ഞുകൊണ്ട് നബി(സ) അവിടെനിന്ന് പുറത്തുവന്നു. (ബുഖാരി. 2. 23. 438)

69) ഇബ്നുഅബ്ബാസ്(റ) പറയുന്നു:(മർദ്ദിതന്മാരുടെ മോചനത്തിനായി നിങ്ങൾ യുദ്ധം ചെയ്യുവീൻ)എന്ന് അല്ലാഹു പറഞ്ഞ മർദ്ദിതന്മാരുടെ കൂട്ടത്തിലായിരുന്നു ഞാനും എന്റെ മാതാവും. ഞാൻ കുട്ടികളിലും എന്റെ മാതാവ് സ്ത്രീകളിലും ഉൾപ്പെടുന്നു. (ബുഖാരി. 2. 23. 439)

70) ഇബ്നു ശിഹാബ്(റ) പറയുന്നു: മരണപ്പെടുന്ന എല്ലാ കുട്ടികൾക്കും മയ്യിത്ത് നമസ്കരിക്കണം. വ്യഭിചാരസന്താനമാണെങ്കിൽ പോലും. കാരണം ഇസ്ളാമായ ശുദ്ധ പ്രകൃതിയിലാണ് അവനും ജനിക്കുന്നത്. അവന്റെ മാതാപിതാക്കളോ അല്ലെങ്കിൽ പിതാവ് മാത്രമോ ഇസ്ളാം അവകാശപ്പെടുന്നുണ്ടെങ്കിൽ. മാതാവ് അമുസ്ളിമാണെങ്കിലും വിരോധമില്ല. കുട്ടി കരഞ്ഞാൽ അവന് മയ്യിത്ത് നമസ്കരിക്കണം. കരയാത്ത ചാപിള്ളക്ക് നമസ്കരിക്കേണ്ടതില്ല. അബൂഹുറൈറ(റ) നബി(സ) യിൽ നിന്ന് നിവേദനം ചെയ്യുന്നു. നബി(സ) അരുളി: മുസ്ളിമായിക്കൊണ്ടല്ലാതെ ഒരു കുട്ടിയും ജനിക്കുന്നില്ല. പിന്നീട് ആ കുട്ടിയെ ജൂതനോ കൃസ്ത്യാനിയോ അഗ്നി ആരാധകനോ ആക്കിത്തീർക്കുന്നത് അവന്റെ മാതാപിതാക്കൾ മാത്രമാണ്. കാലികൾക്ക് കുഞ്ഞുങ്ങൾ ജനിക്കുന്നത് യാതൊരു അംഗവൈകല്യവും കൂടാതെയാണ്. കാലികളുടെ കുഞ്ഞുങ്ങൾ മൂക്കോ ചെവിയോ മുറിക്കപ്പെട്ട നിലക്ക് ജനിക്കുന്നത് നിങ്ങൾ കാണുന്നുണ്ടോ? എന്നിട്ട് അബൂഹുറൈറ(റ) ഈ ഖുർആൻ വാക്യം തെളിവായി ഉദ്ധരിച്ചു. അല്ലാഹു മനുഷ്യരെ ഏതു പ്രകൃതിയോടുകൂടി സൃഷ്ടിച്ചിട്ടുണ്ടോ ആ പ്രകൃതിക്കനുസരിച്ചു ജീവിച്ചുകൊള്ളുക. അല്ലാഹുവിന്റെ സൃഷ്ടിപ്പിന് യാതൊരു മാറ്റവും ഇല്ലതന്നെ. അതത്രെ വക്രതയില്ലാത്ത മതം. (ബുഖാരി. 2. 23. 440)

71) മുസയ്യിബ്(റ) നിവേദനം: അബൂത്വാലിബിന് മരണം ആസന്നമായപ്പോൾ നബി(സ) അവിടെ ചെന്നു. അബൂജഹ്ൽ, അബ്ദുല്ലാഹിബ്നു അബീഉമയ്യ എന്നിവരെ നബി(സ) അദ്ദേഹത്തിന്റെ അടുത്തു കണ്ടു. നബി(സ) അബൂത്വാലിബിനോട് പറഞ്ഞു: എന്റെ പ്രിയപ്പെട്ട പിതൃവ്യരെ! താങ്കൾ ലാഇലാഹ ഇല്ലല്ലാഹു എന്നു ചൊല്ലുവീൻ. താങ്കൾക്ക് വേണ്ടി അല്ലാഹുവിന്റെ സന്നിധിയിൽ ഞാൻ സാക്ഷി നിൽക്കാം. അപ്പോൾ അബൂജഹ്ലും അബ്ദുല്ലാഹിബ്നു അബീഉമയ്യയും പറഞ്ഞു. അബൂത്വാലിബ് താങ്കൾ അബ്ദുൽ മുത്വലിബ്ന്റെ മതം ഉപേക്ഷിക്കുകയോ? നബി(സ) യാകട്ടെ അവിടുത്തെ നിർദ്ദേശം ആവർത്തിച്ചുന്നയിച്ചുകൊണ്ടിരുന്നു. മറ്റു രണ്ടു പേരും അവരുടെ ചോദ്യവും. അവസാനം അബൂത്വാലിബ് പറഞ്ഞു: ഞാൻ അബൂമുത്വലിബിന്റെ മതത്തിൽ തന്നെയാണ്. അങ്ങനെ ലാഇലാഹ ഇല്ലല്ലാഹു എന്ന് ചൊല്ലുവാൻ അദ്ദേഹം വിസമ്മതിച്ചു. അപ്പോൾ നബി(സ) പ്രഖ്യാപിച്ചു. അല്ലാഹു സത്യം! താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് എന്നോട് വിരോധിക്കും വരേക്കും താങ്കളുടെ പാപമോചനത്തിനായി ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കും. അപ്പോഴാണ് ദൈവദൂതനും അദ്ദേഹത്തിന്റെ കൂടെയുള്ളവർക്കും ബഹുദൈവവിശ്വാസികൾക്ക് പാപമോചനത്തിനായി പ്രാർത്ഥിക്കാൻ പാടില്ല എന്നു തുടങ്ങുന്ന ഖുർആൻ സൂക്തം അല്ലാഹു അവതരിപ്പിച്ചത്. (ബുഖാരി. 2. 23. 442)

72) അലി(റ) നിവേദനം: ബഖീഅഗ്ർകഇദ് എന്ന ഖബർ സ്ഥാനത്ത് ഞങ്ങൾ ഒരു മയ്യിത്തിന്റെ കൂടെയായിരുന്നപ്പോൾ നബി(സ) ഞങ്ങളുടെ അടുത്തുവന്നു. അവിടുന്ന് തല കീഴ്പ്പോട്ടു താഴ്ത്തിക്കൊണ്ട് ഇരുന്നു. ഞങ്ങളും നബി(സ)ക്ക് ചുറ്റുമിരുന്നു. നബി(സ)യുടെ കൈയിൽ ഒരു വടിയുമുണ്ടായിരുന്നു. അത് നിലത്ത് കുത്തിക്കൊണ്ട് അവിടുന്നു അരുളി: നിങ്ങളിൽ ഓരോ വ്യക്തിക്കും സ്വർഗ്ഗത്തിലും നരകത്തിലുമുളള സ്ഥാനം നിർണ്ണയിച്ച് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. അപ്രകാരം തന്നെ സൗഭാഗ്യവാന്മാരും നിർഭാഗ്യവാന്മാരും ആരെല്ലാമെന്ന് എഴുതിവെച്ചിട്ടുമുണ്ട്. അപ്പോൾ ഒരാൾ പറഞ്ഞു. ദൈവദൂതനേ! എങ്കിൽ ഞങ്ങൾ പ്രവർത്തനമെല്ലാമുപേക്ഷിച്ച് ദൈവവിധിയെ അവലംബമായി ജീവിച്ചാൽ പോരെ! ഞങ്ങളിൽ സൗഭാഗ്യവാൻ സൗഭാഗ്യവാന്മാരുടെ പ്രവർത്തികളിലേക്കും നിർഭാഗ്യവാന്മാർ നിർഭാഗ്യവാന്മാരുടെ പ്രവർത്തികളിലേക്കും എത്തിച്ചേരുമല്ലോ? നബി(സ) പ്രത്യുത്തരം നൽകി. സൗഭാഗ്യവാന്മാർക്ക് സൗഭാഗ്യവാന്മാരുടെ പ്രവർത്തനത്തിന് സൗകര്യവും ഉദവിയും ലഭിക്കും. നിർഭാഗ്യവാന്മാരുടെ പ്രവർത്തനത്തിലെത്തിച്ചേരാൻ നിർഭാഗ്യവാന്മാർക്കും സൗകര്യം ലഭിക്കും. എന്നിട്ടവിടുന്നു ഈ ഖുർആൻ വാക്യം ഉദ്ധരിച്ചു. ആര് ദാനം ചെയ്യുകയും സൂക്ഷ്മത പാലിക്കുകയും ഉൽകൃഷ്ടമായതിൽ വിശ്വസിക്കുകയും ചെയ്യുന്നുണ്ടോ അവന്ന് ഏറ്റവും സുഗമമായ മാർഗ്ഗം നാം സൗകര്യപ്പെടുത്തിക്കൊടുക്കും. (ബുഖാരി. 2. 23. 444)

73) സാബിത്(റ) നിവേദനം: ഇസ്ളാം ഒഴിച്ച് മറ്റു വല്ല മതത്തിന്റെ പേരിലും ഒരാൾ ബോധപൂർവ്വം കള്ള സത്യം ചെയ്താൽ അവന്റെ സ്ഥിതി അവൻ പറഞ്ഞതുപോലെ തന്നെയായിത്തീരും. വല്ലവനും ഒരായുധം കൊണ്ട് ആത്മഹത്യ ചെയ്താൽ നരകത്തിൽ വെച്ച് അതേ ആയുധം കൊണ്ടവനെ ശിക്ഷിക്കും എന്ന് നബി(സ) അരുളി. ജുൻദൂബ്(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യന് ഒരു മുറിവുണ്ടായിരുന്നു. അയാൾ അതു കാരണം ആത്മഹത്യ ചെയ്തു. അപ്പോൾ അല്ലാഹു പറഞ്ഞു: എന്റെ ദാസൻ അവന്റെ ആത്മാവിനെ പിടിക്കുന്നതിൽ എന്നെ കവച്ചുവെച്ച് തന്നിമിത്തം ഞാനവനു സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി. 2. 23. 445)

74) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ശ്വാസം മുട്ടിച്ച് ആത്മഹത്യ ചെയ്താൽ നരകത്തിൽ വെച്ച് അവനെ ശ്വാസം മുട്ടിക്കും. വല്ലവനും ദേഹത്തെ കുത്തി മുറിപ്പെടുത്തി ആത്മഹത്യ ചെയ്താൽ നരകത്തിൽ അവൻ സ്വയം കുത്തി മുറിവേൽപ്പിച്ചുകൊണ്ടിരിക്കും. (ബുഖാരി. 2. 23. 446)

75) അനസ്(റ) നിവേദനം: ഒരിക്കൽ നബി(സ) യും അനുചരന്മാരും ഒരു മയ്യിത്തിന്റെ അരികിലൂടെ നടന്നുപോയി. അനുചരന്മാർ മയ്യിത്തിനെ പ്രശംസിച്ചു. അപ്പോൾ നബി(സ) പറഞ്ഞു. ഉറച്ചു കഴിഞ്ഞു. പിന്നീട് മറ്റൊരു മയ്യിത്തിന്റെ അരികിലൂടെ അവർ നടന്നുപോയി. അപ്പോൾ അവർ അതിനെ ആക്ഷേപിച്ചു. അപ്പോഴും നബി(സ) അരുളി: ഉറച്ചുകഴിഞ്ഞു. അന്നേരം ഉമർ(റ) ചോദിച്ചു. എന്താണുറച്ചു കഴിഞ്ഞത്? നബി(സ) പ്രത്യുത്തരം നൽകി. ഈ മയ്യിത്തിനെ നിങ്ങൾ പ്രശംസിച്ചു. അതിനാൽ അതിനു സ്വർഗ്ഗം ഉറച്ചു കഴിഞ്ഞു. പിന്നെ നിങ്ങളൊന്നിനെ ആക്ഷേപിച്ചു. അതിനു നരകവും ഉറച്ചുകഴിഞ്ഞു. ഭൂമിയിൽ അല്ലാഹുവിന്റെ സാക്ഷികളാണ് നിങ്ങൾ. (ബുഖാരി. 2. 23. 448)

76) അബൂഅസ്വദ്(റ) പറയുന്നു: മദീനയിൽ ഒരു രോഗം പടർന്നുപിടിച്ച സന്ദർഭത്തിൽ ഞാൻ അവിടെ പ്രവേശിച്ചു. അങ്ങനെ ഉമർ(റ)ന്റെ അടുത്തു ഞാൻ ഇരുന്നു. അപ്പോൾ അവരുടെ അടുത്തുകൂടി ഒരു ജനാസ കൊണ്ടുപോയി. അതിനെ പ്രശംസിക്കപ്പെട്ടു. ഉമർ(റ) പറഞ്ഞു: ഉറച്ചുപോയി. മറ്റൊരു മയ്യിത്തു കൂടി കൊണ്ടു പോകപ്പെട്ടു. അതിനെയും പ്രശംസിക്കപ്പെട്ടു. അപ്പോഴും ഉമർ(റ) പറഞ്ഞു. ഉറച്ചുകഴിഞ്ഞു. മൂന്നാമത്തെ മയ്യിത്ത് കൊണ്ടുപോകപ്പെട്ടപ്പോൾ അവർ അതിനെ ആക്ഷേപിച്ചു. ഉമർ(റ) പറഞ്ഞു: ഉറച്ചുപോയി. അസ്വദ്(റ) ചോദിച്ചു. മുസ്ളിംകളുടെ നേതാവേ! എന്താണ് ഉറച്ചു കഴിഞ്ഞത്. ഉമർ(റ) പറഞ്ഞു:നബി(സ) പറഞ്ഞത് പോലെ ഞാനും പറഞ്ഞു. വല്ല മുസ്ളിമും മരണപ്പെടുകയും നാലു പേർ അവൻ നല്ലവനെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്താൽ അല്ലാഹു അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. മൂന്നുപേരായാലോ? ഞങ്ങൾ ചോദിച്ചു. മൂന്നു പേരായാലും ശരി. നബി(സ) അരുളി: രണ്ടു പേരായാലോ? ഞങ്ങൾ ചോദിച്ചു. രണ്ടുപേരായാലും ശരി എന്ന് നബി(സ) അരുളി: ഒരാളായാലോ എന്ന് ഞങ്ങൾ ചോദിച്ചില്ല. (ബുഖാരി. 2. 23. 449)

77) ബറാഅ്(റ) നിവേദനം: നബി(സ) അരുളി: മുഅ്മിനിനെ അവന്റെ ഖബറിൽ വെച്ച് കഴിഞ്ഞാൽ (രണ്ടു മലക്കുകൾ) വരും. അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ലെന്നും മുഹമ്മദ്(സ) അവന്റെ ദൂതനാണെന്നും അവരുടെ മുമ്പിൽ അവൻ സാക്ഷ്യപ്പെടുത്തും. അതാണ് അല്ലാഹു പറഞ്ഞത്: സത്യവിശ്വാസികളെ അടിയുറച്ച് വചനത്തിന്മേൽ അല്ലാഹു ഉറപ്പിച്ചു നിർത്തും. മറ്റൊരു നിവേദനത്തിൽ ഇത് ഖബർ ശിക്ഷയെ കുറിച്ച് അവതരിപ്പിക്കപ്പെട്ടതാണെന്ന് പറയുന്നു. (ബുഖാരി. 2. 23. 450)

78) ആയിശ(റ) നിവേദനം: ഞാനവരോട് പറഞ്ഞിരുന്നത് സത്യമായിരുന്നെന്ന് അവർക്കിപ്പോൾ ബോധ്യമായികഴിഞ്ഞു എന്നു മാത്രമാണ്(ബദറിൽ വധിക്കപ്പെട്ടവരെപ്പറ്റി)നബി(സ) പ്രത്യുത്തരം നൽകിയത്(അവർ കേൾക്കുമെന്നല്ല)നിശ്ചയം അല്ലാഹു പറയുന്നു. തീർച്ചയായും നീ മരിച്ചവരെ കേൾപ്പിക്കുകയില്ല. (27:80) (ബുഖാരി. 2. 23. 453)

79) അസ്മാഅ്(റ) നിവേദനം: ഒരിക്കൽ നബി(സ) പ്രസംഗിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു. അങ്ങനെ മനുഷ്യന് അനുഭവിക്കേണ്ടതായ ഖബർ ശിക്ഷയെക്കുറിച്ച് അനുസ്മരിപ്പിച്ചു. ഇതുകേട്ടപ്പോൾ ജനങ്ങളൊന്നടങ്കം ഉച്ചത്തിൽ നിലവിളിച്ചു. (ബുഖാരി. 2. 23. 455)

80) അബൂഅയ്യൂബ്(റ) നിവേദനം: ഒരു ദിവസം സൂര്യനസ്തമിച്ചശേഷം നബി(സ) പുറപ്പെട്ടു. അപ്പോൾ നബി(സ) ഒരു ശബ്ദം കേട്ടു. നബി(സ) അരുളി: ജൂതന്മാർ അവരുടെ ഖബറുകളിൽ വെച്ച് ശിക്ഷിക്കപ്പെടുകയാണ്. (ബുഖാരി. 2. 23. 457)

81) ഖാലിദിന്റെ പുത്രി നിവേദനം: ഖബറിലെ ശിക്ഷയിൽ നിന്ന് നബി(സ) രക്ഷതേടുന്നത് അവൾ കേൾക്കുകയുണ്ടായി. (ബുഖാരി. 2. 23. 458)

82) അബൂഹുറൈറ(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ട്. അല്ലാഹുവേ! ഖബറിലേയും ശിക്ഷകളിൽ നിന്നും ജീവിതത്തിലേയും ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിന്റെ (അസത്യവാദികളുടെ)പരീക്ഷണങ്ങളിൽ നിന്നും നിന്നോട് രക്ഷ തേടുന്നു. (ബുഖാരി. 2. 23. 459)

83) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളിൽ ഒരാൾ മരിച്ചാൽ അവൻ സ്വർഗ്ഗക്കാരനാണെങ്കിൽ സ്വർഗ്ഗത്തിലും നരകത്തിലാണെങ്കിൽ നരകത്തിലും ഉള്ള അവന്റെ ഇരിപ്പിടം അല്ലാഹു അവനെ ഉയർത്തെഴുന്നേൽപ്പിക്കുന്നതുവരെ രാവിലെയും വൈകൂന്നേരവും അവന്ന് ദർശിപ്പിച്ച് കൊടുത്ത് കൊണ്ടേയിരിക്കും. എന്നിട്ട് പറയും: ഇതാണ് നിന്റെ സീറ്റ്. (ബുഖാരി. 2. 23. 461)

84) അനസ്(റ) നിവേദനം: നബി(സ) അരുളി: മുസ്ളിമായ ഒരു മനുഷ്യന് മൂന്ന് കുട്ടികൾ മരിച്ചാൽ - അവർക്ക് പ്രായപൂർത്തിയെത്തിയിട്ടില്ല - അല്ലാഹു അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാതിരിക്കുകയില്ല. അവൻ അവർക്ക് ചെയ്ത കാരുണ്യത്തിന്റെ ശ്രേഷ്ഠത കാരണം. (ബുഖാരി. 2. 23. 463)

85) ബറാഅ്(റ) നിവേദനം: നബി(സ)യുടെ പുത്രൻ ഇബ്റാഹിം മരിച്ചപ്പോൾ അവിടുന്ന് അരുളി: അവന് മുലകൊടുക്കുന്ന ഒരു സ്ത്രീ സ്വർഗ്ഗത്തിലുണ്ടായിരിക്കും. (ബുഖാരി. 2. 23. 464)

86) ഇബ്നു അബ്ബാസ്(റ) നിവേദനം: മുശ്രിക്കുകളുടെ സന്താനങ്ങളെക്കുറിച്ച് നബി(സ)യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു. അവരെന്തെല്ലാമാണ് പ്രവർത്തിക്കുകയെന്ന് സൃഷ്ടിക്കുമ്പോൾ തന്നെ അല്ലാഹുവിന് നന്നായറിയാം. (ബുഖാരി. 2. 23. 465)

87) അബൂഹുറൈറ(റ) നിവേദനം: ബഹുദൈവവിശ്വാസികളുടെ കുട്ടികളെക്കുറിച്ച് നബി(സ) ചോദിക്കപ്പെട്ടു. അപ്പോൾ അവർ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹുവാണ് ഏറ്റവും വലിയ ജ്ഞാനി. (ബുഖാരി. 2. 23. 466)

88) ആയിശ(റ) നിവേദനം: അബൂബക്കർ(റ) രോഗിയായിക്കിടക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുത്തു പ്രവേശിച്ചു. അപ്പോൾ ചോദിച്ചു. നബി(സ)യെ നിങ്ങൾ എത്ര വസ്ത്രത്തിലാണ് കഫൻ ചെയ്തത്? ആയിശ(റ) പറഞ്ഞു: യമനിൽ നിർമ്മിച്ച മൂന്ന് വെളുത്ത വസ്ത്രത്തിൽ. അതിൽ കുപ്പായവും തലപ്പാവും ഉണ്ടായിരുന്നില്ല. ഏത് ദിവസമാണ് നബി(സ) മരിച്ചത്? ആയിശ(റ) പറഞ്ഞു: തിങ്കളാഴ്ച ദിവസം. അബൂബക്കർ(റ) ചോദിച്ചു. ഇന്ന് ഏത് ദിവസമാണ്. ആയിശ(റ) പറഞ്ഞു: തിങ്കളാഴ്ചയാണ്. അദ്ദേഹം പറഞ്ഞു: രാത്രിയുടെയും എന്റെയും ഇടയിൽ ഞാൻ(മരിക്കുവാൻ) ആഗ്രഹിക്കുന്നു. അങ്ങനെ അദ്ദേഹം താൻ രോഗിയായിക്കിടക്കുന്ന വസ്ത്രത്തിന്റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു - അതിൽ കുങ്കുമം കലർന്നിരുന്നു. നിങ്ങൾ എന്റെ വസ്ത്രം കഴുകി വൃത്തിയാക്കുവീൻ. ശേഷം രണ്ടു വസ്ത്രം കൂടി വർദ്ധിപ്പിച്ച് അതിൽ എന്നെ കഫൻ ചെയ്യുവീൻ. ഞാൻ പറഞ്ഞു: നിശ്ചയം ഇതു പഴയ വസ്ത്രമാണ്. അദ്ദേഹം പറഞ്ഞു: മയ്യിത്തിനേക്കാൾ പുതിയതിന് അവകാശപ്പെട്ടത് ജീവിച്ചിരിക്കുന്നവരാണ്. ഇത് ചലത്തിനുള്ളതാണ്. എന്നാൽ ചൊവ്വാഴ്ച രാത്രിയാണ് അബൂബക്കർ(റ) മരണപ്പെട്ടത്. പ്രഭാതത്തിന് മുമ്പ് തന്നെ അദ്ദേഹത്തെ ഖബറടക്കം ചെയ്തു. (ബുഖാരി. 2. 23. 469)

89) ആയിശ(റ) നിവേദനം: നിശ്ചയം ഒരു മനുഷ്യൻ നബി(സ)യോട് ചോദിച്ചു. എന്റെ മാതാവ് പൊടുന്നനവേയാണ് മരിച്ചത്. അവർക്ക് സംസാരിക്കാൻ കഴിഞ്ഞാൽ എന്തെങ്കിലും(വസ്വിയ്യത്തായി) ദാനം ചെയ്യുമായിരുന്നു. അതിനാൽ അവരുടെ പേരിൽ ഞാൻ ദാനം ചെയ്താൽ അതിന്റെ പുണ്യം അവർക്ക് ലഭിക്കുമോ? നബി(സ) അരുളി: അതെ. (ബുഖാരി. 2. 23. 470)

90) ആയിശ(റ) നിവേദനം: നബി(സ) തന്റെ മരണരോഗത്തിൽ(മാറിത്താമസിക്കാനുള്ള പ്രയാസം കാരണം) ഇന്നു ഞാൻ താമസിക്കേണ്ടത് എവിടെയാണ്? നാളെ ഞാൻ താമസിക്കേണ്ടത് എവിടെയായിരിക്കും എന്നിങ്ങനെ ചോദിച്ചു കൊണ്ടിരുന്നു. ആയിശ(റ) യുടെ ദിവസം പിന്തിയതിനാൽ. എന്റെ ഊഴദിവസം എന്റെ നെഞ്ചിലേക്ക് തലചാരിവെച്ച സ്ഥിതിയിൽ അല്ലാഹു നബി(സ)യെ ഖബറടക്കുകയും ചെയ്തു. (ബുഖാരി. 2. 23. 471)

91) ആയിശ(റ) നിവേദനം: നബി(സ) മരണപ്പെട്ട രോഗത്തിൽ ഇപ്രകാരം അരുളി: ജൂത-ക്രൈസ്തവരെ അല്ലാഹു ശപിക്കട്ടെ. അവർ അവരുടെ പ്രവാചകന്മാരുടെ ഖബറുകൾ പ്രാർത്ഥനാ കേന്ദ്രമാക്കി. നബി(സ)യുടെ ആ ഉണർത്തൽ ഇല്ലായിരുന്നെങ്കിൽ അവിടുത്തെ ഖബർ പൊതു സ്ഥലത്ത് ആക്കുമായിരുന്നു. എന്നിട്ടും ഏതെങ്കിലും കാലത്ത് അവിടുത്തെ ഖബർ പ്രാർത്ഥനാ സ്ഥലമാക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. (ബുഖാരി. 2. 23. 472)

92) ആയിശ(റ) നിവേദനം: അവർക്ക് മരണം അടുത്തപ്പോൾ അബ്ദുല്ലാഹിബ്നു സുബൈർ(റ) നോട് ഇപ്രകാരം വസ്വിയ്യത്ത് ചെയ്തു. നിങ്ങൾ എന്നെ അവരുടെ കൂടെ (നബി, അബൂബക്കർ, ഉമർ) ഖബറടക്കം ചെയ്യരുത്. ബഖീഅ്: ശ്മശാനത്തു എന്റെ സ്നേഹിതകളുടെ കൂടെ ഖബറടക്കം ചെയ്യുക. ഞാൻ സ്വയം ഒരിക്കലും പരിശുദ്ധപ്പെടുത്തുന്നില്ല. (ബുഖാരി. 2. 23. 474)

93) ഉമർ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. ഉമറിന്റെ പുത്രനായ അബ്ദുല്ലാ! നീ സത്യവിശ്വാസികളുടെ മാതാവായ ആയിശ(റ) യുടെ അടുത്തു ചെന്ന് ഇപ്രകാരം പറയുക: ഉമർ നിങ്ങൾക്ക് സലാം പറഞ്ഞിരിക്കുന്നു. ശേഷം നീ നബി(സ)യുടെയും അബൂബക്കറിന്റെയും കൂടെ എന്നെ ഖബറടക്കം ചെയ്യുവാൻ അവരോട് അനുവാദം ചോദിക്കുക. അപ്പോൾ ആയിശ(റ) പറഞ്ഞു: ആ സ്ഥലം എനിക്ക് ഞാൻ ആഗ്രഹിച്ചിരുന്നു. എങ്കിലും എന്റെ ശരീരത്തിന്റെ മേൽ ഞാൻ ഇന്ന് അദ്ദേഹത്തിന്ന് മുൻഗണന നൽകുന്നതാണ്. ഇബ്നു ഉമർ(റ) തിരിച്ചുവന്നപ്പോൾ ഉമർ(റ) അദ്ദേഹത്തോട് നിനക്ക് എന്ത് മറുപടി ലഭിച്ചുവെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങൾക്ക് ആയിശ(റ) അനുമതി നൽകിയിരിക്കുന്നു. ഉമർ(റ) പറഞ്ഞു: ആ കിടപ്പ് സ്ഥലത്തേക്കാൾ എനിക്ക് പ്രധാനപ്പെട്ട മറ്റൊന്നും ഇല്ല തന്നെ. ഞാൻ മരണപ്പെട്ടാൽ നിങ്ങൾ എന്നെ വഹിക്കുവീൻ. പിന്നെ ആയിശ(റ) ക്ക് നിങ്ങൾ സലാം പറയുകയും എന്നെ നബി(സ)യുടെ അടുത്ത് ഖബറടക്കം ചെയ്യുവാൻ ഒന്നു കൂടി നിങ്ങൾ അനുമതി ചോദിക്കുകയും ചെയ്യുവീൻ. അവർ അനുവാദം നൽകിയാൽ എന്ന ഖബറടക്കം ചെയ്യുവീൻ. അല്ലാത്ത പക്ഷം മുസ്ളീമുകളുടെ ശ്മശാനത്തേക്ക് എന്നെ കൊണ്ടു പോകുവീൻ. ഈ ഭരണത്തിന് ഈ സംഘത്തെയല്ലാതെ മറ്റൊരു സംഘത്തെ ഞാൻ ദർശിക്കുന്നില്ല. നബി(സ) മരണപ്പെട്ടപ്പോൾ അവരെ സംബന്ധിച്ച് സംതൃപ്തനായിരുന്നു. എനിക്ക് ശേഷം അവർ ഖലീഫ: യാക്കുന്നവരെ നിങ്ങൾ അനുസരിക്കുകയും കേൾക്കുകയും ചെയ്യുവീൻ. അങ്ങനെ ഉമർ(റ) അവരുടെ പേര് ഇപ്രകാരംപറഞ്ഞു: ഉസ്മാൻ, അലി, തൽഹ:സുബൈർ, അബ്ദുറഹ്മാനുബ്നുഔഫ്, നൂസഅ്ദ്ബ്നുഅബീവഖാസ്. ഒരു യുവാവ് അവിടെ പ്രവേശിച്ചു. അദ്ദേഹം ഒരു അൻസാരിയാണ്. അദ്ദേഹം പറഞ്ഞു: മുസ്ളിംകളുടെ ഭരണാധികാരിയാക്കി. താങ്കൾ അവരോട് നീതിപുലർത്തി. പുറമേ സർവ്വോപരി താങ്കൾ ഇതാ രക്തസാക്ഷിത്വം വഹിക്കുന്നു. അപ്പോൾ ഉമർ(റ) പറഞ്ഞു:എനിക്ക് ശേഷം വരുന്ന ഖലീഫ:യോട് ആദ്യ മുഹാജിറുകൾക്ക് നന്മ ചെയ്യുവാൻ ഞാൻ വസ്വിയ്യത്ത് ചെയ്യുന്നു. അവരുടെ അവകാശങ്ങൾ അംഗീകരിച്ച് കൊടുക്കുവാനും അവരുടെ പവിത്രത കാത്തു സൂക്ഷിക്കുവാനും, അൻസാരികൾക്കും നന്മ ചെയ്യുവാൻ ഞാൻ വസ്വിയ്യത്തു ചെയ്യുന്നു. അവരാണ് ആദ്യമായി ഈമാനും ഭവനവും തയ്യാറാക്കിയവർ. അവരുടെ നന്മയെ അംഗീകരിക്കുവാനും തിന്മയെ വിട്ടുവീഴ്ച ചെയ്യുവാനും ഞാൻ ഉപദേശിക്കുന്നു. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ബാധ്യതയുടെ അടിസ്ഥാനത്തിൽ അവരോട് ചെയ്യുന്ന കരാറുകൾ പൂർത്തിയാക്കിക്കൊടുക്കുവാനും ഞാൻ അവനെ (ശേഷം വരുന്ന ഭരണാധികാരിയെ) ഉപദേശിക്കുന്നു. അവർക്ക് വേണ്ടി സമരം ചെയ്യുവാനും അവർക്ക് വഹിക്കുവാൻ സാധിക്കാത്തത് അവരോട് കൽപിക്കാതിരിക്കുവാനും. (ബുഖാരി. 2. 23. 475)

94) ആയിശ(റ) നിവേദനം: നിങ്ങൾ മരിച്ചവരെ ശകാരിക്കരുത്. മുമ്പ് എന്തു പ്രവർത്തിച്ചിരുന്നുവോ അതിലേക്കവർ എത്തിച്ചേർന്ന് കഴിഞ്ഞിരിക്കുന്നു. (ബുഖാരി. 2. 23. 476)

95) ഉമ്മു സൽമ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: നിങ്ങൾ ഒരു രോഗിയേയോ മരിച്ചവരേയോ സന്ദർശിക്കുമ്പോൾ അയാളെക്കുറിച്ചു നല്ലതു മാത്രം പറയുക: നിങ്ങൾ പറയുന്നതിനു മലക്കുകൾ ആമീൻ പറയുന്നു. (മുസ്ലിം)

96) ആയിഷ(റ) പറഞ്ഞു: ഉസ്മാൻ ഇബ്നു മസ്ഉൻ മരിച്ചപ്പോൾ, അദ്ദേഹത്തെ പ്രവാചകൻ ചുംബിക്കുകയും, പ്രവാചകന്റെ കണ്ണുനീർ ഉസ്മാന്റെ മുഖത്തുകൂടി ഒഴുകുകയും ചെയ്തു. (തിർമിദി)

97) മുഖീറ(റ) നിവേദനം ചെയ്തു. പ്രവാചകൻ(സ) പറഞ്ഞു: സവാരിചെയ്യുന്ന ആൾ ജനാസയുടെ പിന്നിൽ പോകേണ്ടതാണ്. കാൽനടയായി പോകുന്നയാൾ, അതിന്റെ പിന്നിലും, മുമ്പിലും അതിന്റെ വലത്തും അതിന്റെ ഇടത്തും അതിനോടടുത്തും പോകേണ്ടതാണ്. (അബൂദാവൂദ്)

98) അബുഹുറയ്റാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: മയ്യത്തു നമസ്കാരത്തിൽ, അവനുവേണ്ടിയുള്ള പ്രാർത്ഥന നിഷ്കളങ്കമായിരിക്കട്ടെ. (അബൂദാവൂദ്)

99) അബുഹുറയ്റാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) മയ്യത്തുനമസ്കാരത്തിൽ(ഇപ്രകാരം)പറയുക പതിവായിരുന്നു. അല്ലാഹുവേ, ഞങ്ങളുടെ ജീവിച്ചിരിക്കുന്നവർക്കും, ഞങ്ങളുടെ മരിച്ചവർക്കും, ഞങ്ങളിൽ ഹാജരായിട്ടുള്ളവർക്കും, ഹാജരില്ലാത്തവർക്കും, ഞങ്ങളുടെ ഇളയവർക്കും പ്രായമായവർക്കും ഞങ്ങളുടെ പുരുഷന്മാർക്കും ഞങ്ങളുടെ സ്ത്രീകൾക്കും മാപ്പു നൽകേണമെ, അല്ലാഹുവേ, ഞങ്ങളിൽ ജീവിച്ചിരിക്കുന്നവനെ, നീ മുസ്ളീമായി ജീവിപ്പിക്കണമെ. ഞങ്ങളിൽ നിന്നു നീ മരിപ്പിക്കുന്നവനെ നീ ഈമാനോടുകൂടി മരിപ്പിക്കണമെ. അല്ലാഹുവെ, അവനുള്ള പ്രതിഫലത്തിൽ നിന്നു ഞങ്ങളെ അവനുശേഷം പരീക്ഷണത്തിൽ ആക്കാതിരിക്കണമെ. (അബൂദാവൂദ്)

100) ജാബിർ(റ) പറഞ്ഞു: ഖബർ കുമ്മായം തേക്കുന്നതും അതിന്മേൽ ഇരിക്കുന്നതും അല്ലാഹുവിന്റെ ദൂതൻ(സ) നിരോധിച്ചു. (മുസ്ലിം)

101) ബുറൈദഃ(റ) പറഞ്ഞു: അവർ ഖബറുങ്കൽ പോകുമ്പോൾ പറയുവാൻ അല്ലാഹുവിന്റെ ദൂതൻ(സ) അവരെ പഠിപ്പിക്കുമായിരുന്നു. ഈ വാസസ്ഥലത്തെ മുഅ്മിനുകളും മുസ്ളീംകളുമായ നിവാസികളെ! നിങ്ങൾക്കു സമാധാനമുണ്ടാകട്ടെ. അല്ലാഹു ഉദ്ദേശിച്ചെങ്കിൽ ഞങ്ങളും നിങ്ങളോട് ചേരും. അല്ലാഹുവിനോട് ഞങ്ങൾക്കുവേണ്ടിയും നിങ്ങൾക്ക് വേണ്ടിയും ഞങ്ങൾ രക്ഷ ചോദിക്കുന്നു. (മുസ്ലിം)

102) ഉമ്മുസലമ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു. രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാവുമ്പോൾ നല്ലതേ നിങ്ങൾ പ്രാർത്ഥിക്കാവൂ! നിങ്ങളുടെ പ്രാർത്ഥനകൾക്ക് മലക്കുകൾ ആമീൻ ചൊല്ലും. ഉമ്മുസലമ(റ) പറയുന്നു. (എന്റെ ഭർത്താവ്) അബൂസലമ മരണപ്പെട്ടപ്പോൾ ഞാൻ റസൂൽ(സ)യുടെ അടുത്തുചെന്ന് പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ! നിശ്ചയം, അബൂസലമ(റ) മരണപ്പെട്ടിരിക്കുന്നു. നബി(സ) പറഞ്ഞു. നീ പ്രാർത്ഥിക്കൂ. അല്ലാഹുവേ! എനിക്കും അദ്ദേഹത്തിനും നീ പൊറുത്തുതരേണമേ! അദ്ദേഹത്തിനുപകരം ഉത്തമനായ ഒരു പിൻഗാമിയെ എനിക്ക് നീ പ്രദാനം ചെയ്യേണമേ! പ്രാർത്ഥനയുടെ ഫലമായി അദ്ദേഹത്തേക്കാൾ ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ്നബി(സ)യെ അവൻ എനിക്ക് തുണയാക്കിത്തന്നു. (മുസ്ലിം)

103) ഉമ്മുസലമ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: ആർക്കെങ്കിലും ഒരാപത്ത് നേരിട്ടു. എന്നിട്ടവൻ നമ്മൾ അല്ലാഹുവിന്നുള്ളതാണ്. നാം അവങ്കലേക്കാണ് മടങ്ങിച്ചെല്ലുക. അല്ലാഹുവേ! എന്റെ യാതനയ്ക്ക് എനിക്ക് നീ പ്രതിഫലം നല്കേണമേ! അതിനേക്കാൾ നന്മയുള്ളത് എനിക്ക് നീ പകരമാക്കേണമേ. എന്ന് പ്രാർത്ഥിക്കുന്നപക്ഷം അല്ലാഹു അവന്റെ മുസീബത്തിന് പ്രതിഫലം നല്കുകയും അതിനേക്കാൾ ഗുണമുള്ളത് പകരമാക്കുകയും ചെയ്യും. ഉമ്മുസലമ(റ) പറഞ്ഞു: അബൂസലമ മരിച്ചപ്പോൾ റസൂൽ(സ) എന്നോട് ആജ്ഞാപിച്ചിരുന്നതുപോലെ ഞാൻ പ്രാർത്ഥിച്ചു. തന്നിമിത്തം അദ്ദേഹത്തേക്കാൾ ഉത്തമനായ റസൂൽ(സ)യെ എനിക്ക് അവൻ പകരമായി നൽകി. (മുസ്ലിം)

104) അബൂമൂസ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) തറപ്പിച്ചു പറഞ്ഞു: ഒരാളുടെ സന്താനം മരണപ്പെട്ടാൽ അല്ലാഹു മലക്കുകളോട് ചോദിക്കും; നിങ്ങൾ എന്റെ അടിമയുടെ സന്താനത്തെ പിടിച്ചോ? അപ്പോൾ അവർ പറയും: അതെ! ഉടനെത്തന്നെ അല്ലാഹു ചോദിക്കും: അവന്റെ കരളിന്റെ കരളിനെ നിങ്ങൾ പിടിച്ചെടുത്തോ? അതെ! എന്നവർ മറുപടി നല്കും. അല്ലാഹു തുടർന്നു ചോദിക്കും. അപ്പോൾ എന്റെ അടിമ എന്താണ് പറഞ്ഞത്? അവർ പറയും: അവൻ നിന്നെ സ്തുതിച്ചു. ഇന്നാ ലില്ലാഹി എന്ന് പറഞ്ഞു. അല്ലാഹു പറയും: എന്റെ അടിമക്ക് സ്വർഗ്ഗത്തിൽ ഒരു ഭവനം നിങ്ങൾ നിർമ്മിക്കുകയും ബൈത്തുൽ ഹംദ് എന്ന് അതിനു നാമകരണം ചെയ്യുകയും ചെയ്യുവിൻ. (തിർമിദി)

105) ആയിശ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: 100 മുസ്ളീംകൾ ഒരു മയ്യിത്ത് ശുപാർശ ചെയ്തുകൊണ്ട് നമസ്കരിച്ചാൽ അവരുടെ ശുപാർശ സ്വീകരിക്കപ്പെടാതിരിക്കയില്ല. (മുസ്ലിം)

106) ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: മുശ്രിക്കുകളല്ലാത്ത 40 ആളുകൾ, മരണപ്പെട്ട ഒരു മുസ്ളീമിനുവേണ്ടി മയ്യിത്ത് നമസ്കരിച്ചുവെങ്കിൽ അല്ലാഹു അവരുടെ ശുപാർശ സ്വീകരിക്കാതിരിക്കയില്ല. (മുസ്ലിം)

107) മർസദി(റ)യിൽ നിന്ന് നിവേദനം: മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കുമ്പോൾ ആളുകൾ കുറവാണെങ്കിൽ അവരെ മൂന്നായി ഭാഗിച്ചുകൊണ്ട് അദ്ദേഹം പറയും: നബി(സ) പറഞ്ഞിട്ടുണ്ട്: ആർക്കെങ്കിലും മൂന്ന് അണികൾ (മയ്യിത്ത്)നമസ്കാരം നിർവ്വഹിച്ചാൽ അവൻ(സ്വർഗ്ഗം) കരസ്ഥമാക്കി. (അബൂദാവൂദ്, തിർമിദി)

108) ഇബ്നു ഔഫ്(റ) പറഞ്ഞു: റസൂൽ(സ) ഒരു മയ്യിത്ത് നമസ്കരിച്ചു. അന്നേരം അവിടുത്തെ പ്രാർത്ഥനയിൽ നിന്ന് ഞാൻ ഹൃദിസ്ഥമാക്കി; അല്ലാഹുവേ! ഈ മയ്യത്തിന് നീ പൊറുത്തുകൊടുക്കുകയും അവനോട് നിനക്ക് കനിവുണ്ടാവുകയും, രക്ഷ നല്കുകയും, മാപ്പ് കൊടുക്കുകയും, ഈ മയ്യിത്തിന്റെ വാസസ്ഥലം ആദരിക്കുകയും, പ്രവേശമാർഗ്ഗം വിശാലപ്പെടുത്തുകയും, വെള്ളംകൊണ്ടും ആലിപ്പഴം കൊണ്ടും ഈ മയ്യത്തിനെ നീ കഴുകി വൃത്തിയാക്കുകയും, വെള്ളവസ്ത്രം ശുദ്ധിയാക്കിയതുപോലെ ശുദ്ധിയാക്കുകയും, തന്റെ ഭവനത്തിനു പകരം കൂടുതൽ ഭദ്രമായ ഒരു ഭവനവും കുടുംബത്തിനുപകരം കൂടുതൽ ഉത്തമമായ ഒരു കുടുംബവും, തന്റെ ഇണയേക്കാൾ കൂടുതൽ ഉത്തമമായ ഒരു ഇണയെയും നീ നൽകുകയും, സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും, ഖബറിലെ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും രക്ഷിക്കുകയും ചെയ്യേണമേ! അവസാനം ആ മയ്യിത്ത് ഞാനായാൽ കൊള്ളാമെന്ന് ഞാനാഗ്രഹിച്ചു പോയി. (മുസ്ലിം)

109) അബൂഹൂറയ്റ(റ)യും അബൂഖത്താദ(റ)യും അബൂഇബ്രാഹീം(റ) തന്റെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു: പിതാവ് സ്വഹാബിയാണ്. (അതുകൊണ്ട് വ്യക്തിയിന്നയാളാണെന്ന് അറിയപ്പെട്ടില്ലെങ്കിലും ദോഷമില്ല) നബി(സ) ഒരിക്കൽ ഒരു മയ്യിത്ത് നമസ്കാരം നിർവ്വഹിച്ച പ്പോൾ ഇങ്ങനെ പ്രാർത്ഥിച്ചു: അല്ലാഹുവേ! ഞങ്ങളിൽ നിന്ന് ജീവിച്ചിരിക്കുന്നവർക്കും മരിച്ച വർക്കും ചെറിയവർക്കും വലിയവർക്കും സ്ത്രീകൾക്കും പുരുഷൻമാർക്കും സ്ഥലത്തുള്ളവർക്കും ഇല്ലാത്തവർക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! ഞങ്ങളിൽ നീ ജീവിപ്പിക്കുന്നവർ ആരോ, അവരെ നീ മുസ്ളീമായി ജീവിപ്പിക്കുകയും, മരിപ്പിക്കുന്നവരെ ഈമാനോടെ മരിപ്പിക്കുകയും ചെയ്യേണമേ! അല്ലാഹുവേ! ഇതി (ഈ പരിപാലനത്തി)ന്റെ പ്രതിഫലം ഞങ്ങൾക്ക് നിഷേധിക്കുകയോ, ഇതിനുശേഷം ഞങ്ങളെ കുഴപ്പത്തിലാക്കുകയോ ചെയ്യരുതേ! (തിർമിദി)

110) അബൂഹൂറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: മയ്യിത്ത് നമസ്കാരം നിർവ്വഹിക്കുമ്പോൾ അവന്നുവേണ്ടി നിങ്ങൾ നിഷ്കളങ്കരായി പ്രാർത്ഥിക്കണം. (അബൂദാവൂദ്)

111) വാസിലത്തി(റ)ൽ നിന്ന് നിവേദനം: മുസ്ളീംകളിൽ ഒരാളുടെ മയ്യിത്ത് നമസ്കാരം ഞങ്ങളൊന്നിച്ച് നബി(സ) നിർവ്വഹിച്ചു. അന്നേരം അവിടുന്ന് പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു: അല്ലാഹുവേ! ഇന്ന വ്യക്തിയുടെ ഇന്ന മകൻ നിന്റെ ഉത്തരവാദിത്തത്തിലും സംരക്ഷണത്തിലുമാണ്, അതുകൊണ്ട് ഖബറിലെ പരീക്ഷണങ്ങളിൽ നിന്നും അതിലെ ശിക്ഷയിൽ നിന്നും നീ അവനെ സംരക്ഷിക്കേണമേ! നീ കരാർ പൂർത്തികരിക്കുന്നവനും സ്തുതി അർഹിക്കുന്നവനുമാണ്. അല്ലാഹുവേ! നീ അവനോട് പൊറുക്കുകയും ദയ കാണിക്കുകയും ചെയ്യേണമേ! നിശ്ചയം, നീ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്. (അബൂദാവൂദ്)

112) അബൂഹൂറയ്റ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: കടം വീടുന്നതുവരെ കടത്തിന്റെ പേരിൽ സത്യവിശ്വാസിയുടെ ആത്മാവ് (ഉന്നത പദവിയിൽ നിന്ന്) തടഞ്ഞുവയ്ക്കപ്പെടുന്നതാണ്. (തിർമിദി)

113) ഹുസൈനി(റ)ൽ നിന്ന് നിവേദനം: ത്വൽഹത്ത്(റ) രോഗബാധിതനായപ്പോൾ നബി(സ) അദ്ദേഹത്തെ സന്ദർശിച്ചുകൊണ്ട് പറഞ്ഞു: ത്വൽഹത്തിന്ന് മരണം ബാധിച്ചതായിട്ടാണ് എനിക്ക് മനസ്സിലാകുന്നത്. അതുകൊണ്ട് അദ്ദേഹം മരണപ്പെടുന്നപക്ഷം നിങ്ങളെന്നെ അറിയിക്കുകയും താമസംവിനാ അദ്ദേഹത്തെ സംസ്കരിക്കുകയും ചെയ്യണം. കാരണം മുസ്ളിമിന്റെ മൃതശരീരം തന്റെ കുടുംബത്തിൽ വെച്ചുകൊണ്ടിരിക്കൽ നല്ലതല്ല. (അബൂദാവൂദ്)

114) ഉസ്മാനുബിൻ അഫാനി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) മയ്യിത്ത് മറമാടിക്കഴി ഞ്ഞാൽ അവിടെ നിന്നുകൊണ്ട് പറയാറുണ്ട്. നിങ്ങളുടെ സഹോദരനുവേണ്ടി നിങ്ങൾ പൊറുക്കലിനെ തേടുകയും സ്ഥിരതയെ ആവശ്യപ്പെടുകയും ചെയ്യുക. നിശ്ചയം, അവനിപ്പോൾ ചോദ്യം ചെയ്യപ്പെടും. (അബൂദാവൂദ്)

115) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു. മനുഷ്യൻ മരണപ്പെട്ടാൽ മൂന്നു കാര്യങ്ങളല്ലാത്ത അവന്റെ എല്ലാ പ്രവർത്തനങ്ങളും അറ്റുപോകും. 1 ജാരിയായ സദഖ (വഖഫ്, വസിയ്യത്ത് മുതലായ തുടർന്ന് പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുന്ന സദഖ) 2. ഫലപ്രദമായ ഇൽമ് 3. തനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന സന്താനം. (മുസ്ലിം)