Jump to content

തിരഞ്ഞെടുത്ത ഹദീസുകൾ/പാരിതോഷികം - അതിന്റെ ശ്രേഷ്ഠത, അതിനുള്ള പ്രേരണ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലയോ മുസ്ളിം സ്ത്രീകളെ! ഒരു അയൽവാസിനി മറ്റേ അയൽവാസിനിക്ക് വല്ലതും സമ്മാനിച്ചാൽ അതിനെ അവൾ താഴ്ത്തിക്കാണിക്കരുത്. പാരിതോഷികമായി നൽകിയത് ഒരാട്ടിന്റെ കുളമ്പാണെങ്കിലും ശരി. (ബുഖാരി. 3. 47. 740)

2) ആയിശ(റ) നിവേദനം: അവർ ഉർവ്വാ(റ) യോട് പറഞ്ഞു: എന്റെ സഹോദരിപുത്രാ! നിശ്ചയം ഞങ്ങൾ ചന്ദ്രപ്പിറവി കാണും. പിന്നെയും ഒരു ചന്ദ്രപ്പിറവി കാണും. അങ്ങനെ മൂന്ന് ചന്ദ്രപ്പിറവികൾ കണ്ടുകൊണ്ട് രണ്ടു പൂർണ്ണമാസം കടന്നുപോകും. എന്നാലും നബി(സ)യുടെ വീടുകളിൽ തീയും പുകയുമുണ്ടായിരിക്കുകയില്ല. ഉർവ(റ) അപ്പോൾ ആയിശ(റ) യോട് ചോദിച്ചു: എന്റെ മാതൃസഹോദരി, എങ്കിൽ നിങ്ങളെങ്ങിനെയാണ് ജീവിക്കുക?! ആയിശ(റ) പറഞ്ഞു: രണ്ടു കറുത്ത സാധനങ്ങൾ - ഈത്തപ്പഴവും പച്ചവെളളവും - പക്ഷെ നബി(സ)ക്ക് അയൽവാസികളായി ചില അൻസാരികളും അവർക്ക് പാൽ കറക്കുന്ന ചില മൃഗങ്ങളുമുണ്ടായിരുന്നു. അവയുടെ പാൽ നബി(സ)ക്ക് അവർ സമ്മാനിക്കും. അവിടുന്ന് അതിൽ നിന്ന് ഒരംശം ഞങ്ങൾക്ക് നൽകും. (ബുഖാരി. 3. 47. 741)

3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു മൃഗത്തിന്റെ കയ്യോ കാലോ എനിക്ക് വല്ലവനും സമ്മാനമായി നൽകിയാൽ ഞാനതു സ്വീകരിക്കും. വല്ലവനും ഒരു മൃഗത്തിന്റെ കയ്യോ കാലോ തിന്നാൻ എന്നെ വിളിച്ചാൽ ഞാനാ വിളിക്ക് ഉത്തരം നൽകും. (ബുഖാരി. 3. 47. 742)

4) അനസ്(റ) പറയുന്നു: മർദള്ളഹ്റാൻ എന്ന സ്ഥലത്തുവെച്ച് ഞങ്ങളൊരു മുയലിനെ ഇളക്കിവിട്ടു. ആളുകൾ അതിന്റെ പിന്നാലെ ഓടി ക്ഷീണിച്ചു പോയി. അവസാനം ഞാൻ അതിനെ പിടികൂടി അബൂത്വൽഹത്തിന്റെയടുക്കൽ കൊണ്ടു വന്നു. അദ്ദേഹം അതിനെ അറുത്തു. അതിന്റെ തുട രണ്ടും നബി(സ)ക്ക് കൊടുത്തയച്ചു. നബി(സ) അതു സ്വീകരിച്ചു. നബി(സ) അതിൽ നിന്ന് ഭക്ഷിച്ചുവോ എന്ന് ഞാൻ(ഒരു നിവേദകൻ)ചോദിച്ചു. അതെയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. (ബുഖാരി. 3. 47. 746)

5) ആയിശ(റ) നിവേദനം: ആയിശ(റ) യുടെ ദിവസത്തിൽ അനുചരന്മാർ സമ്മാനം നൽകുവാൻ ശ്രദ്ധിക്കാറുണ്ട്. നബി(സ)യുടെ തൃപ്തിയായിരുന്നു അവർ അതുകൊണ്ട് കാംക്ഷിച്ചിരുന്നത്. (ബുഖാരി. 3. 47. 748)

6) ഇബ്നുഅബ്ബാസ്(റ) പറയുന്നു: ഇബ്നുഅബ്ബാസ്(റ)ന്റെ മാതൃസഹോദരി ഉമ്മുഹുഫൈദ് നബി(സ)ക്ക് കുറച്ച് പാൽക്കട്ടിയും നെയ്യും ഉടുമ്പ് മാംസവും സമ്മാനമായി നല്കി. നബി(സ) പാൽക്കട്ടിയും നെയ്യും കഴിച്ചു. അറപ്പ് കാരണം ഉടുമ്പിന്റെ മാംസം കഴിച്ചില്ല. ഇബ്നുഅബ്ബാസ്(റ) പറയുന്നു: എന്നാൽ നബി(സ)യുടെ മുമ്പിലുള്ള സുപ്രയിൽ വെച്ച് മറ്റുള്ളവർ അത് തിന്നു. അതു നിഷിദ്ധമാണെങ്കിൽ നബി(സ)യുടെ സുപ്രയിൽ വെച്ച് മറ്റുള്ളവർ തിന്നുകയില്ലായിരുന്നു. (ബുഖാരി. 3. 47. 749)

7) അബൂഹുറൈറ(റ) നിവേദനം: നബി(സ)യുടെ അടുത്തു വല്ല ഭക്ഷണസാധനവും കൊണ്ട് വരപ്പെട്ടാൽ അത് ദാനമാണോ അതല്ല എനിക്കുള്ള സമ്മാനമാണോ എന്ന് ചോദിക്കും. ദാനമാണെന്ന് പറഞ്ഞാൽ നിങ്ങൾ തിന്നുകൊള്ളുവീൻ എന്ന് അനുചരന്മാരോട് പറയും. നബി(സ) ഭക്ഷിക്കുകയില്ല. സമ്മാനമാണെന്ന് പറയപ്പെട്ടാൽ വേഗത്തിൽ അതു അവരുടെ കൂടെ ഭക്ഷിക്കും. (ബുഖാരി. 3. 47. 750)

8) അനസ്(റ) നിവേദനം: ഒരിക്കൽ നബി(സ)യുടെ അടുത്തു കുറച്ച് മാംസം കൊണ്ട് വരപ്പെട്ടു. അതു ബരീറക്ക് ദാനമായി ലഭിച്ചതാണെന്ന് പറയപ്പെട്ടു. നബി(സ) പറഞ്ഞു. അവൾക്കത് ദാനമായി ലഭിച്ചതാണെങ്കിൽ നമുക്കിപ്പോൾ സമ്മാനമായി മാറിയിരിക്കുന്നു. (ബുഖാരി. 3. 47. 752)

9) ഉമ്മുഅത്വിയ്യ(റ) പറയുന്നു: നബി(സ) ഒരിക്കൽ ആയിശ(റ) യുടെ അടുത്ത് പ്രവേശിച്ചു. അവിടുന്ന് ചോദിച്ചു; നിങ്ങളുടെ അടുത്ത് എന്തെങ്കിലും ഉണ്ടോ? ഇല്ലെന്ന് അവർ മറുപടി പറഞ്ഞു: സകാത്തിൽ നിന്ന് ഉമ്മുഅത്വിയ്യക്ക് ലഭിച്ച ആട്ടിന്റെ മാംസത്തിൽ നിന്ന് അവർ സമ്മാനമായി നൽകിയതു ഒഴികെ. നബി(സ) പറഞ്ഞു: അതു അനുവദനീയമായിരിക്കുന്നു. (ബുഖാരി. 3. 47. 753)

10) ആയിശ(റ) നിവേദനം: എന്റെ ദിവസം സമ്മാനം നൽകുവാൻ ജനങ്ങൾ പ്രത്യേകം ശ്രദ്ധി ക്കാറുണ്ടായിരുന്നു. ഉമ്മു സലമ(റ) പറയുന്നു: എന്റെ സ്നേഹിതകൾ ഇതിനെതിരായി ഒരുമിച്ച് കൂടി നബി(സ)യോട് പറഞ്ഞു. അവിടുന്ന് അവരിൽ നിന്ന് പിന്തിരിഞ്ഞു. (ബുഖാരി. 3. 47. 754)

11) അനസ്(റ) നിവേദനം: നബി(സ) സുഗന്ധദ്രവ്യം സമ്മാനമായി ലഭിച്ചാൽ അതൊരിക്കലും നിരസിക്കാറുണ്ടായിരുന്നില്ല. (ബുഖാരി. 3. 47. 756)

12) ആയിശ(റ) നിവേദനം: നബി(സ) ഒരു യാത്രക്ക് ഉദ്ദേശിച്ചാൽ തന്റെ ഭാര്യമാർക്കിടയിൽ നറുക്കിടും. നറുക്ക് വീഴുന്ന് പത്നിയെ നബി(സ) കൂടെ കൊണ്ടുപോകും. നബി(സ) ഓരോ ഭാര്യക്കും ഓരോ രാവും പകലും ഊഴമായി നിശ്ചയിച്ചിരുന്നു. നബി(സ)യുടെ തൃപ്തി കാംക്ഷിച്ചുകൊണ്ട് തന്റെ ദിവസം ആയിശ(റ)ക്ക് വിട്ടുകൊടുത്തിരുന്നു. (ബുഖാരി. 3. 47. 766)

13) ആയിശ(റ) നിവേദനം: ഞാൻ പറഞ്ഞു: പ്രവാചകരേ! എനിക്ക് രണ്ടു അയൽവാസികൾ ഉണ്ട്. ഞാൻ അവരിൽ ആർക്കാണ് സമ്മാനം നൽകുവാൻ ഏറ്റവും അവകാശപ്പെട്ടത്? നബി(സ) അരുളി: നീയുമായി വാതിൽ ഏറ്റവും അടുത്തവൾക്ക്. (ബുഖാരി. 3. 47. 767)

14) മിസ്വർ(റ) പറയുന്നു: നബി(സ) തന്റെ അനുയായികൾക്കിടയിൽ കുറെ ഓവർ കോട്ടുകൾ വിതരണം ചെയ്തു. മഖ്റമക്ക് അതിൽ ഒന്നും കൊടുത്തില്ല. മഖ്റമ: പറഞ്ഞു: മകനെ വരൂ. നമുക്ക് നബി(സ)യുടെയടുക്കൽ പോകാം. അങ്ങനെ ഞാൻ കൂടെപോയി. അകത്തു കടന്നു നബി(സ) ഒരു ഓവർകോട്ടുമായി മഖ്റമയുടെ അടുത്തേക്ക് വന്നു. ഇതു നാം നിങ്ങൾക്കുവേണ്ടി മാറ്റി വെച്ചിരുന്നതാണ്. എന്ന് നബി(സ) അരുളി. മഖ്റമ: അതിലേക്ക് സന്തോഷത്തോട് കൂടി നോക്കി. നബി(സ) പറഞ്ഞു: മഖ്റമക്ക് സംതൃപ്തിയായി. (ബുഖാരി. 3. 47. 771)

15) ഇബ്നുഉമർ(റ) പറയുന്നു: നബി(സ) ഒരിക്കൽ ഫാത്വിമാ(റ) യുടെ വീട്ടിൽ ചെന്നു. അകത്തു പ്രവേശിച്ചില്ല. അലി വന്നപ്പോൾ ഫാത്വിമ അദ്ദേഹത്തോട് വിവരം പറഞ്ഞു. അലി(റ) അതു നബിയോട് പറഞ്ഞു. നബി(സ) അരുളി: ഞാനവളുടെ വാതിൽക്കൽ ചിത്രപ്പണികളുളള ഒരു വിരി കണ്ടു. ഭൗതികാഢംബരങ്ങളുമായി എനിക്കെന്തു ബന്ധം? അലി(റ) ഫാത്വിമ(റ) യുടെ അടുത്തു ചെന്ന് ഈ വിവരം അവരോട് പറഞ്ഞു. അപ്പോൾ ഫാത്തിമ(റ) ഞാനെന്ത് വേണമെന്ന് നബി(സ) എന്നോട് കൽപ്പിച്ചാലും. അലി(റ) പറഞ്ഞു: ഇന്നയാളുടെ വീട്ടിലേക്ക് അതുകൊടുത്തയക്കുക. അവർക്കത് വല്ല ആവശ്യവും കാണും എന്ന് നബി(സ) അരുളിയിട്ടുണ്ട്. (ബുഖാരി. 3. 47. 783)

16) അലി(റ) നിവേദനം: നബി(സ) എനിക്കൊരു പട്ടുവസ്ത്രം സമ്മാനമായി നൽകി. ഞാനതു ധരിച്ചു. അപ്പോൾ നബി(സ)യുടെ മുഖത്ത് കോപത്തെ ഞാൻ കണ്ടു. ഉടനെ ഞാനതു എന്റെ കുടുംബത്തിലെ സ്ത്രീകൾക്ക് മുറിച്ചു കൊടുത്തു. (ബുഖാരി. 3. 47. 784)

17) അനസ്(റ) നിവേദനം: ഒരു ജൂതസ്ത്രീ നബി(സ)ക്ക് വിഷം കലർത്തിയ ആട്ടിന്റെ മാംസം പാരിതോഷികം നൽകി. നബി(സ) അതിൽ നിന്ന് തിന്നു. ഞങ്ങൾ അവളെ വധിക്കട്ടെയോ എന്ന് ചോദിക്കപ്പെട്ടു. പാടില്ലെന്ന് നബി(സ) പറഞ്ഞു. അനസ്(റ) പറയുന്നു: നബി(സ)യുടെ ചെറുനാക്കിൽ അതിന്റെ ശല്യം ദർശിച്ചു കൊണ്ടിരുന്നു. (ബുഖാരി. 3. 47. 786)

18) അബ്ദുറഹ്മാനുബ്നു അബീബക്കർ(റ) നിവേദനം: ഒരിക്കൽ ഒരു യാത്രയിൽ നബി(സ)യുടെ കൂടെ ഞങ്ങൾ 130 പേരുണ്ടായിരുന്നു. നിങ്ങളാരുടെയെങ്കിലും പക്കൽ വല്ല ഭക്ഷണവുമുണ്ടോ എന്ന് നബി(സ) ചോദിച്ചു. ഒരാളുടെ കയ്യിൽ ഏതാണ്ടൊരു സാഅ് ധാന്യമുണ്ടായിരുന്നു. അതു പൊടിച്ചു. ഒരു ഉയരമുളള ബഹുദൈവ വിശ്വാസി കുറെ ആടുകളെ തെളിച്ചു കൊണ്ടു ആ വഴിക്ക് വന്നു. വില്പനക്കോ സമ്മാനമോ എന്ന് നബി(സ) ചോദിച്ചു. വിൽപ്പനക്കാണെന്ന് അയാൾ മറുപടി പറഞ്ഞു. ഒരു ആടിനെ നബി(സ) വിലക്ക് വാങ്ങി എന്നിട്ടത് അറുത്തു. കരളെടുത്തു ചുടുവാൻ നബി(സ) കൽപ്പിച്ചു. അല്ലാഹു സത്യം! ആ 130 പേർക്കും ആ കരളിൽ നിന്നും നബി(സ) ഓരോ കഷ്ണം മുറിച്ചു കൊടുത്തു. സദസ്സിലുളളവർക്ക് കയ്യിൽ കൊടുക്കുകയും ഇല്ലാത്തവർക്ക് പ്രത്യേകം കരുതി വെക്കുകയും ചെയ്തു. അവസാനം അതിന്റെ മാംസം രണ്ടു പാത്രങ്ങളിലാക്കി എല്ലാവരും വയറു നിറയുന്നതുവരെ തിന്നു. എന്നിട്ടും രണ്ടുപാത്രങ്ങളിലും ബാക്കി വന്നു. അതു ഞങ്ങൾ ഒട്ടകപ്പുറത്തു വഹിച്ചുകൊണ്ടുപോയി. അല്ലെങ്കിൽ നിവേദകൻ പറഞ്ഞതുപോലെ. (ബുഖാരി. 3. 47. 787)

19) അസ്മാഅ്(റ) നിവേദനം: നബി(സ)യുടെ കാലത്തു എന്റെ മാതാവ് എന്റെയടുക്കൽ വന്നു. അവരന്ന് ബഹുദൈവ വിശ്വാസിനിയായിരുന്നു. എന്നിൽ നിന്ന് ഔദാര്യം പ്രതീക്ഷിച്ചുകൊണ്ട് എന്റെ ഉമ്മ വന്നിട്ടുണ്ട്. ഉമ്മാക്ക് വല്ലതും നൽകാൻ എനിക്ക് പാടുണ്ടോയെന്ന് ഞാൻ നബി(സ)യോട് ചോദിച്ചു നബി(സ) അരുളി: നിന്റെ മാതാവിനോട് ബന്ധം പുലർത്തിപ്പോരുക. (ബുഖാരി. 3. 47. 789)

20) ജാബിർ(റ) പറയുന്നു: ഉംറാ സമ്പ്രദായമനുസരിച്ചു ഒരു വസ്തു ഒരാൾക്ക് സമ്മാനം നൽകിയാൽ അതു സമ്മാനം ചെയ്യപ്പെട്ടവന്റെതു തന്നെയാണ് എന്ന് നബി(സ) വിധികൽപ്പിച്ചിരിക്കുന്നു. (ബുഖാരി. 3. 47. 793)

21) ആയിശ(റ) നിവേദനം: ഒരിക്കൽ ഐമൻ(റ) അവരുടെ വീട്ടിൽ ചെന്നു. പരുക്കൻ നൂലുകൊണ്ട് നെയ്ത ഒരു കുപ്പായമാണ് ആയിശ(റ) ധരിച്ചിരുന്നത്. അതിന്റെ വില അഞ്ച് വെള്ളി നാണയമായിരുന്നു. എന്റെ പരിചാരികയെ നിങ്ങളൊന്നു ശ്രദ്ധിച്ചുനോക്കൂ. വീട്ടിൽ ഇരിക്കുമ്പോൾ ഈ വസ്ത്രം ധരിക്കുന്നത് അവൾക്ക് പോരായ്മയാണ്. നബി(സ)യുടെ കാലത്തു ഇതുപോലെ ഒരു കുപ്പായം എനിക്കുണ്ടായിരുന്നു. മദീനയിൽ വെച്ച് വിവാഹവേളയിലും മറ്റും ചമയിക്കപ്പെടുന്ന ഒരു പെണ്ണും ഇതു വായ്പ ചോദിച്ചുകൊണ്ട് എന്റെയടുക്കലേക്ക് ആളെ അയക്കാതിരുന്നിട്ടില്ല. എന്നു ആയിശ(റ) പറഞ്ഞു. (ബുഖാരി. 3. 47. 796)

22) അനസ്(റ) പറയുന്നു: മക്കയിൽ നിന്ന് മുഹാജിറുകൾ മദീനയിൽ വന്നപ്പോൾ അവരുടെ കൈകളിൽ ഒന്നും തന്നെയുണ്ടായിരുന്നില്ല. അൻസാരികൾ ഭൂവുടമകളും തോട്ടമുടമകളുമായിരുന്നു. കൃഷിക്കുവേണ്ട ചിലവും അധ്വാനവും മുഹാജിറുകൾ വഹിക്കുമെന്നും അൻസാരികളുടെ തോട്ടങ്ങളിൽ ഓരോ വർഷവുമുണ്ടാകുന്ന പഴങ്ങളിൽ പകുതി അവർക്ക് കൊടുക്കുമെന്നുമുളള വ്യവസ്ഥയിൽ അൻസാരികൾ തങ്ങളുടെ സ്വത്തുകളിൽ മുഹാജിറുകളെ പങ്കു ചേർത്തു. അനസ്(റ)ന്റെ മാതാവ് ഉമ്മുസുലൈം അബ്ദുല്ലയുടെയും മാതാവായിരുന്നു. അവർ നബി(സ)ക്ക് കുറെ ഈത്തപ്പനകൾ വിട്ടുകൊടുത്തിരുന്നു. നബി(സ) യാകട്ടെ ഉസാമത്തിന്റെ മാതാവും മുമ്പ് നബി(സ)യുടെ ദാസിയുമായിരുന്ന ഉമ്മു ഐമനിന് അവ നൽകി. അനസ്(റ) പറയുന്നു: നബി(സ)യെ ഖൈബർ യുദ്ധത്തിൽ നിന്നും വിരമിച്ച് മദീനയിൽ തിരിച്ചെത്തിയപ്പോൾ അൻസാരി കൾ പഴം പറിക്കാൻ വിട്ടുകൊടുത്തിരുന്ന ഈത്തപ്പനകൾ അൻസാരികൾക്കു തന്നെ തിരിച്ചു കൊടുത്തു. (അനസിന്റെ മാതാവ് വിട്ടുകൊടുത്തിരുന്ന ഈത്തപ്പനകൾ കൈവശം വെച്ചിരുന്ന)ഉമ്മുഐമിനിന് തൽസ്ഥാനത്തു നബി(സ) തന്റെ തോട്ടത്തിൽ നിന്നും കുറെ ഈത്തപ്പനകൾ കൊടുത്തു. (ബുഖാരി. 3. 47. 799)

23) അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: നബി(സ) അരുളി: ഏതെങ്കിലുമൊരു കർമ്മത്തിന്റെ പ്രതിഫലം കാംക്ഷിച്ചും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്നു മനസ്സിലാക്കിക്കൊണ്ടും ചെയ്താൽ അല്ലാഹു അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാതിരിക്കുകയില്ല. അങ്ങനെയുളള 40 സംഗതികളുണ്ട്. അവയിലേറ്റവും മേന്മയേറിയത് പാൽ കറക്കുന്ന ആടിനെ ദാനമായി നൽകലാണ്. ഹസ്സൻ പറയുന്നു. സലാം മടക്കൽ, തുമ്മിയാൽ സ്തുതിക്കൽ, വഴിയിൽ നിന്ന് ഉപദ്രവകാരിയായ വസ്തുക്കളെ നീക്കം ചെയ്യൽ എന്നിവ അവയിൽ ഞങ്ങൾ എണ്ണുകയുണ്ടായി. 15 സംഗതികൾ മാത്രമേ ഞങ്ങൾക്ക് എത്തിക്കുവാൻ സാധിച്ചുളളൂ. (ബുഖാരി. 3. 47. 800)

24) ആയിഷ(റ) നിവേദനം ചെയ്തു. പ്രവാചകൻ(സ) പറഞ്ഞു: അന്യോന്യം സമ്മാനങ്ങൾ നൽകുക, എന്തുകൊണ്ടെന്നാൽ സമ്മാനങ്ങൾ പക എടുത്തുകളയുന്നു. (തിർമിദി)

25) ഉസാമ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ആരൊരുവന് നന്മചെയ്കയും അയാൾ നന്മചെയ്തയാളോട് അല്ലാഹു നിങ്ങൾക്കു പ്രതിഫലം തരട്ടെ എന്നു പറകയും ചെയ്താൽ അവൻ സ്തുതിക്കുന്നതിൽ അവന്റെ കഴിവ് മുഴുവൻ ചെയ്തുകഴിഞ്ഞു. (തിർമിദി)