തിരഞ്ഞെടുത്ത ഹദീസുകൾ/പശ്ചാത്താപം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1) അഗർറ്(റ)ൽ നിന്ന്: റസൂൽ(സ) പറഞ്ഞു. ജനങ്ങളെ ! നിങ്ങൾ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും അവനോട് പാപമോചനത്തിന്നഭ്യർത്ഥിക്കുകയും ചെയ്യുക: കാരണം ഞാൻ ദിവസവും നൂറുപ്രാവശ്യം മടങ്ങുന്നു. (മുസ്ലിം)

2) മുസ്ളിമിന്റെ റിപ്പോർട്ടിലുണ്ട്: യാത്രാമദ്ധ്യേമരുഭൂമിയിൽവെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാൾക്ക് നഷ്ടപ്പെട്ടു. തെരഞ്ഞുപിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷച്ചുവട്ടിലിരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. മൂക്കുകയർ പിടിച്ച് അതിരറ്റ സന്തോഷത്താൽ അവൻ പറഞ്ഞുപോയി. അല്ലാഹുവേ! നീ എന്റെ ദാസനും ഞാൻ നിന്റെ നാഥനുമാണ്. സന്തോഷാധിക്യത്താൽ അദ്ദേഹം മാറി പറഞ്ഞു. അയാളേക്കാൾ ഉപരിയായി തന്റെ ദാസന്റെ പശ്ചാത്താപത്തിൽ സന്തോഷിക്കുന്നവനാണ് അല്ലാഹു.

3) അബൂമൂസൽ അശ്അരി(റ)യിൽ നിന്ന്: നബി(സ) പറഞ്ഞു: പകലത്തെ കുറ്റവാളികളുടെ തൗബ രാത്രിയിലും രാത്രിയിലെ കുറ്റവാളികളുടെ തൗബ പകലും സ്വീകരിക്കുവാൻ അല്ലാഹു തയ്യാറാകുന്നു. ഈ പ്രക്രിയ സൂര്യൻ പശ്ചിമഭാഗത്തു നിന്നും ഉദിക്കുന്നതുവരെ (അന്ത്യനാൾ വരെ) തുടരും. (മുസ്ലിം)

4) അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് നബി(സ) പറയുകയുണ്ടായി: റൂഹ് തൊണ്ടക്കുഴിയിലെത്തുന്നതുവരെ ദാസന്റെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ്. (തിർമിദി)

5) അഗർറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവനെ ത്തന്നെയാണെ, നിങ്ങൾ പാപംചെയ്യുന്നില്ലെങ്കിൽ ഈ ഭൂലോകത്ത് നിന്ന് അല്ലാഹു നിങ്ങളെ എടുത്തുമാറ്റുകയും പകരം പാപം പ്രവർത്തിക്കുകയും ഇസ്തിഗ്ഫാർ ചെയ്യുകയും അനന്തരം അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗത്തെ അവനിവിടെ കൊണ്ടുവരികയും ചെയ്യും. (മുസ്ലിം)

6) ഇബ്നുഉമറി(റ)ൽ നിന്ന് നിവേദനം: ഒരേ സദസ്സിൽവെച്ച് നാഥാ! എനിക്കു നീ പൊറുത്തുതരേണമേ! എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ! നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാലുവുമാകുന്നു. എന്ന് 100 പ്രാവശ്യം റസൂൽ(സ) പ്രാർത്ഥിച്ചിരുന്നത് ഞങ്ങൾ എണ്ണി കണക്കാക്കിയിരുന്നു. (അബൂദാവൂദ്, തിർമിദി)

7) ഇബ്നുഅബ്ബാസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാർ ചെയ്താൽ എല്ലാ വിഷമങ്ങളിൽ നിന്നും അല്ലാഹു അവന്ന് രക്ഷ നല്കുന്നതും എല്ലാ ദുഃഖത്തിൽ നിന്നും സമാധാനം നൽകുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നൽകുന്നതുമാകുന്നു. (അബൂദാവൂദ്)

8) ഇബ്നുമസ്ഊദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു. എന്നെന്നും ജീവിച്ചിരിക്കുന്നവനും നിയന്താവുമായ അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല. ഞാൻ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു എന്ന് വല്ലവനും പറഞ്ഞാൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെടും. അവൻ രണാങ്കണത്തിൽ നിന്ന് ഓടിപ്പോയവനാണെങ്കിലും. (അബൂദാവൂദ്, തിർമിദി, ഹാകിം)

9) സൗബാനി(റ)ൽ നിന്ന് നിവേദനം: നമസ്കരിച്ചതിനുശേഷം റസൂൽ(സ) മൂന്ന് പ്രാവശ്യം ഇസ്തിഗ്ഫാർ ചെയ്തിട്ട് പറയുമായിരുന്നു. അല്ലാഹുവേ! നീ രക്ഷ മാത്രമാണ്. നിന്നിൽ നിന്ന് മാത്രമാണ് രക്ഷ. മഹാനും പ്രതാപിയുമായവനേ! നീ ഗുണാഭിവൃദ്ധിയുള്ളവനാണ്. ഇതിന്റെ നിവേദകരിൽപ്പെട്ട വൗസാഇ(റ) യോട് ചോദിക്കപ്പെട്ടു. ഇസ്തിഗ്ഫാർ എങ്ങനെയായിരുന്നു. അദ്ദേഹം പറഞ്ഞു: നബി(സ) പറഞ്ഞിരുന്നത് 'അസ്തഗ്ഫിറുല്ലാ' എന്നായിരുന്നു. (മുസ്ലിം)

10) ഇബ്നുഉമറി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്ത്രീ സമൂഹമേ! നിങ്ങൾ ദാനധർമ്മം പെരുപ്പിക്കണം. ധാരാളമായി ഇസ്തിഗ്ഫാറും ചെയ്യണം. നിശ്ചയം നരകവാസികളിൽ കൂടുതലും നിങ്ങളെയാണ് ഞാൻ കണ്ടിട്ടുള്ളത്. അന്നേരം അവരിൽപെട്ട ഒരു സ്ത്രീ ചോദിച്ചു. എന്തുകൊണ്ടാണ് നരകവാസികളിൽ അധികവും ഞങ്ങളായത്? അവിടുന്ന് പറഞ്ഞു: നിങ്ങൾ ലഅ്നത്ത് പെരുപ്പിക്കുകയും ഭർത്താക്കളോട് നന്ദികേട് പ്രവർത്തിക്കുകയും ചെയ്യും. ബുദ്ധി കുറഞ്ഞവരായിട്ടും ബുദ്ധിയുള്ള പുരുഷന്മാരെ കീഴടക്കുന്നവരായും ചിന്താമണ്ഡലത്തിലും ദീനീരംഗത്തും നിങ്ങളേക്കാൾ കഴിവുകുറഞ്ഞവരായും മറ്റാരെയും ഞാൻ കണ്ടില്ല. അവർ ചോദിച്ചു: ദീനും അഖലും അപര്യാപ്തമായത് എന്തുകൊണ്ടാണ്? അവിടുന്ന് അരുൾചെയ്തു: ഒരു പുരുഷൻ സാക്ഷി നിൽക്കുന്നേടത്ത് രണ്ട് സ്ത്രീകൾ സാക്ഷി നില്ക്കണം. അനേക ദിവസം (പുരുഷനെ അപേക്ഷിച്ച്) അവൾ (സ്ത്രീ) നമസ്കാരം കൂടാതെ കഴിക്കും. (മുസ്ലിം)