തിരഞ്ഞെടുത്ത ഹദീസുകൾ/ധർമ്മയുദ്ധം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി:(മക്കാ)വിജയത്തിനുശേഷം ഹിജ്റ:യില്ല. എന്നാൽ ധർമ്മയുദ്ധവും അതിനുള്ള ഉദ്ദേശവുമുണ്ട്. അപ്പോൾ യുദ്ധത്തിന് ക്ഷണിക്കപ്പെട്ടാൽ നിങ്ങൾ അതിനു പുറപ്പെടുക. (ബുഖാരി. 4. 52. 42)

2) അബൂ ഹൂറൈറ(റ) നിവേദനം: ഒരു മനുഷ്യൻ നബി(സ)യുടെ മുമ്പിൽ വന്നിട്ട് പറഞ്ഞു. ധർമ്മയുദ്ധത്തിന് തുല്യമായ ഒരു പ്രവർത്തനം താങ്കൾ എനിക്ക് അറിയിച്ചു തന്നാലും. നബി(സ) അരുളി: ഞാനതു ദർശിക്കുന്നില്ല. ശേഷം നബി(സ) തുടർന്നു. ഒരു യോദ്ധാവ് യുദ്ധത്തിനു പോയിക്കഴിഞ്ഞാൽ നിന്റെ പള്ളിയിൽ പ്രവേശിച്ച് ക്ഷീണിക്കാതെ നമസ്കരിച്ച് കൊണ്ടിരിക്കുവാനും മുറിക്കാതെ നോമ്പനുഷ്ഠിക്കുവാനും നിനക്ക് സാധിക്കുമോ? അയാൾ പറഞ്ഞു: ആർക്കാണതിന് സാധിക്കുക. അബൂഹൂറൈറ(റ) പറയുന്നു. നിശ്ചയം യോദ്ധാവിന്റെ കുതിര അതിന്റെ കയറിലായി ഉന്മേഷം കൊള്ളുന്നതുപോലും അവന് നന്മയായി രേഖപ്പെടുത്തപ്പെടും. (ബുഖാരി. 4. 52. 44)

3) അബൂസഈദ്(റ) നിവേദനം: പ്രവാചകരേ! മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണെന്ന് അവിടുന്നു ചോദിക്കപ്പെട്ടു. നബി(സ) അരുളി: തന്റെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുന്ന വിശ്വാസി. ശേഷം ആരാണെന്ന് വീണ്ടും ചോദിച്ചു. നബി(സ) പ്രത്യുത്തരം നൽകി. ഏതെങ്കിലുമൊരു മലഞ്ചെരുവിൽ ആണെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ടും മനുഷ്യരെ ഉപദ്രവിക്കുന്നതു വർജ്ജിച്ചുകൊണ്ടും ജീവിക്കുന്നവൻ. (ബുഖാരി. 4. 52. 45)

4) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളിയതായി ഞാൻ കേട്ടു. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മയുദ്ധം ചെയ്യുന്നവന്റെ ഉപമ-ആരാണ് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടുന്നവനെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ - നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്നവന്റെതുപോലെയാണ്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുന്നവൻ മരിക്കുന്നപക്ഷം അവന് സ്വർഗ്ഗം പ്രദാനം ചെയ്യും. അങ്ങിനെയല്ല, സുരക്ഷിതമായി യുദ്ധത്തിൽ നിന്ന് മടങ്ങുന്ന പക്ഷം അവനിൽ നിന്നുള്ള പുണ്യവും യുദ്ധത്തിൽ കൈവന്ന ധനവും അവന്ന് ലഭിക്കുന്നു. ഇവ രണ്ടിലേതെങ്കിലുമൊന്ന് അവന്ന് ലഭിക്കുമെന്ന് അല്ലാഹു ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നു. (ബുഖാരി. 4. 52. 46)

5) അബൂഹൂറൈ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും നമസ്കാരം നിലനിർത്തുകയും റമളാനിൽ നോമ്പനുഷ്ഠിക്കുകയും ചെയ്താൽ അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കൽ അല്ലാഹുവിന്റെ ബാധ്യതയാണ്. അവൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുകയോതാൻ ജനിച്ച ഭൂമിയിൽ(വെറുതെ)ഇരിക്കുകയോ ചെയ്താലും ശരി. അപ്പോൾ അനുചരന്മാർ ചോദിച്ചു: പ്രവാചകരേ! ഞങ്ങൾ ഈ സന്തോഷവാർത്ത ജനങ്ങളെ അറിയിക്കട്ടെയോ? നബി(സ) അരുളി: നിശ്ചയം സ്വർഗ്ഗത്തിൽ നൂറ് പദവികൾ ഉണ്ട്. അവ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുന്നവർക്ക് അവൻ ഒരുക്കി വെച്ചിരിക്കുന്നു. അവയിലെ ഈ രണ്ടു പദവികൾക്കിടയിൽ ആകാശഭൂമികൾക്കിടയിലുള്ളത്ര അന്തരമുണ്ട്. അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുമ്പോൾ ഫിർദൗസിനെ ചോദിക്കുവിൻ. നിശ്ചയം അതാണ്. സ്വർഗ്ഗത്തിലെ മധ്യഭാഗവും ഏറ്റവും ഉന്നതപദവിയുമാണ്. അല്ലാഹുവിന്റെ സിംഹാസനം അതിനു മുകളിലാണ് എന്നുകൂടി നബി(സ) അരുളിയെന്നാണ് ഞാൻ ഓർക്കുന്നത്. അവിടെ നിന്നാണ് സ്വർഗ്ഗത്തിലെ അരുവികൾ പൊട്ടി ഒഴുകുന്നത്. (ബുഖാരി. 4. 52. 48)

6) അനസ്(റ) നിവേദനം: "അല്ലാഹുവിന്റെ മാർഗ്ഗത്തിൽ രാവിലെയോ വൈകുന്നേരമോ പുറപ്പെടൽ ഇഹലോകത്തേക്കാളും അതിലുള്ള സകലവസ്തുക്കളേക്കാളും പുണ്യമുള്ളതാണ്. എന്ന് നബി(സ) അരുളി. (ബുഖാരി. 4. 52. 50)

7) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: സ്വർഗ്ഗത്തിലെ ഒരു വില്ലിന്റെ ഞാൺ സൂര്യനുദിച്ച് അസ്തമിക്കുന്നതിനിടക്കുള്ള എല്ലാ വസ്തുക്കളെക്കാളും ശ്രേഷ്ഠമായതാണ്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരു പ്രഭാതത്തിലേയോ വൈകുന്നേരത്തെയോ ഉള്ള യാത്ര സൂര്യനുദിച്ച് അസ്തമിക്കുന്നതിന്നിടക്കുള്ള വസ്തുക്കളേക്കാൾ മഹത്വമേറിയതാണ്. (ബുഖാരി. 4. 52. 51)

8) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള പ്രഭാതത്തിലെയും വൈകുന്നേരത്തിലെയും യാത്ര ദുൻയാവിനേക്കാളും അതിലുള്ള വസ്തുക്കളെക്കാളും ഏറ്റവും ഉത്തമമായതാണ്. (ബുഖാരി. 4. 52. 52)

9) അനസ്(റ) നിവേദനം:നബി(സ) അരുളി: മരണപ്പെടുന്ന യാതൊരു വ്യക്തിയും അല്ലാഹുവിന്റെ അടുത്തു അവന് ലഭിക്കുന്ന പ്രതിഫലത്തിന്റെ നന്മകാരണം ദുൻയാവിലെ സർവ്വ വസ്തുക്കൾ ലഭിച്ചാലും ദുൻയാവിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുകയില്ല. രക്തസാക്ഷികൾ ഒഴികെ. അവർ ദുൻയാവിലേക്ക് തിരിച്ചുവന്നു ഒന്നുകൂടി രക്തസാക്ഷിയാവാൻ ആഗ്രഹിക്കുന്നതാണ്. അനസ്(റ) നിവേദനം: നബി(സ) അരുളി: തീർച്ചയായും സ്വർഗ്ഗവാസികളിൽപ്പെട്ട ഒരു സ്ത്രീ ഭൂനിവാസികളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടാൽ ആകാശഭൂമികൾക്കിടയിലുള്ള സ്ഥലങ്ങൾ മുഴുവനും സുഗന്ധത്താൽ നിറയുന്നതാണ്. ആ വനിതകൾ തലയിലിടുന്ന തട്ടം ഈ ലോകത്തേക്കാളും അതിലുള്ള സർവ്വവസ്തുക്കളേക്കാളും വിലപിടിച്ചതാണ്. (ബുഖാരി. 4. 52. 53)

10) അനസ്(റ) നിവേദനം: ഒരിക്കൽ ബനൂസുലൈം ഗോത്രക്കാരായ എഴുപതുപേരെ നബി(സ) ബനൂആമിർ ഗോത്രക്കാരുടെ അടുക്കലേക്ക് നിയോഗിച്ചു. അവർ അവിടെയെത്തിയപ്പോൾ എന്റെ അമ്മാവൻ അവരോട് പറഞ്ഞു; നിങ്ങളെക്കാൾ മുമ്പ് ഞാൻ അവരുടെയടുത്തേക്ക് പോകാം. നബി(സ)യുടെ സന്ദേശം ഞാനവർക്കെത്തിക്കും വരേക്കും അവരെനിക്ക് അഭയം നൽകിയാൽ ഞാൻ നിങ്ങളേയും വിളിക്കാം. അല്ലാത്തപക്ഷം നിങ്ങളെന്റെ സമീപത്തായി നിന്നാൽ മതി. അങ്ങനെ അദ്ദേഹം മുന്നിട്ടുചെന്നു. അവരദ്ദേഹത്തിന് അഭയം നൽകി. അദ്ദേഹം അവരോട് നബി(സ)യെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ അവർ കൂട്ടത്തിൽപ്പെട്ട ഒരാൾക്ക് സൂചന നൽകുകയും ഉടനെയവൻ അദ്ദേഹത്തിന് കുന്തംകൊണ്ട് കുത്തുകൊടുത്തു. അത് അദ്ദേഹത്തിന്റെ ശരീരത്തിൽ തുളച്ചുകയറി. അദ്ദേഹം പറഞ്ഞു. അല്ലാഹു അക്ബർ! കഅ്ബ: യുടെ രക്ഷിതാവ് സത്യം. ഞാൻ വിജയിച്ചുകഴിഞ്ഞു. ശേഷം അദ്ദേഹത്തിന്റെ ശേഷിച്ച സ്നേഹിതന്മാരുടെ നേരെ തിരിഞ്ഞു. അവരുടെ കൂട്ടത്തിൽ മുടന്തനായ ഒരാളൊഴികെ മറ്റെല്ലാവരെയും കൊന്നുകളഞ്ഞു. മുടന്തൻ ഒരു മലമുകളിൽ കയറി രക്ഷപ്പെട്ടു. ഈയവസരത്തിൽ ജീബ്രീൽ (അ) നബി(സ)യെ സമീപിച്ച് അവരെല്ലാം തങ്ങളുടെ നാഥനെ കണ്ടുമുട്ടിയെന്നും അവരുടെ നാഥൻ അവരെ സംബന്ധിച്ചും അവർ അവനെ സംബന്ധിച്ചും തൃപ്തിപ്പെട്ടിരിക്കുന്നുവെന്നും അറിയിച്ചു. ഞങ്ങൾ ഇപ്രകാരം പാരായണം ചെയ്തിരുന്നു. "ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടിക്കഴിഞ്ഞു. എന്നിട്ട് അവൻ ഞങ്ങളെക്കുറിച്ചും ഞങ്ങൾ അവനെക്കുറിച്ചും സംതൃപ്തനായിരുന്നു. ഇതു ഞങ്ങളുടെ ജനതയെ നിങ്ങൾ അറിയിക്കുവിൻ ശേഷം ഈ വാക്യം ദുർബ്ബലപ്പെടുത്തി. അതിനുശേഷം നബി(സ) ദിഅ്ല്, ദക്വാൻ, ബനൂലിഹ്യാൻ, ബനൂഉസയ്യ് - അല്ലാഹുവിനോടും അവന്റെ ദൂതനോടും ധിക്കാരം പ്രവർത്തിച്ചവരാണവർ - എന്നീ ഗോത്രങ്ങൾക്കെതിരിൽ നാൽപത് പ്രഭാതത്തിൽ പ്രാർത്ഥന (ഖുനൂതൂ) നടത്തി. (ബുഖാരി. 4. 52. 57)

11) ജൂൻദുബ്(റ) നിവേദനം: നിശ്ചയം ഒരു യുദ്ധത്തിൽ നബി(സ)യുടെ ഒരു വിരൽ മുറിഞ്ഞ് രക്തമൊഴുകാൻ തുടങ്ങി. അപ്പോൾ അവിടുന്നു ഇപ്രകാരം പാടി: രക്തമൊഴുകുന്ന ഒരു വിരലല്ലാതെ മറ്റെന്താണ് നീ. അല്ലാഹുവിന്റെ മാർഗ്ഗത്തിലാണ് നീ ഈ വിപത്ത് നേരിട്ടത്. (ബുഖാരി. 4. 52. 58)

12) അബൂഹുറൈ(റ) നിവേദനം: നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവൻ തന്നെയാണ് സത്യം. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരാളും മുറിവേൽക്കുകയില്ല - ആരാണ് അവന്റെ മാർഗ്ഗത്തിൽ മുറിവേൽക്കുന്നവനെന്ന് അല്ലാഹുവിനാണ് അറിയുക - അന്ത്യനാളിൽ അവന്റെ മുറിവിൽ നിന്നും രക്തമൊഴുകുന്ന നിലയിലല്ലാതെ അവനെ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയില്ല. ആ മുറിവിൽ വർണ്ണം രക്തത്തിന്റെ വർണ്ണമാണ്. എന്നാൽ ഗന്ധം കസ്തൂരിയുടേതുമായിരിക്കും. (ബുഖാരി. 4. 52. 59)

13) അനസ്(റ) പറയുന്നു: അനസ്ബ്നുന്നളീറിന്റെ സഹോദരി റുബയ്യിഅ് ഒരു സ്ത്രീയുടെ മുൻപല്ല് പൊട്ടിച്ചു കളഞ്ഞു. നബി(സ) ശിക്ഷാ നടപടി എടുക്കാൻ കൽപിച്ചു. അപ്പോൾ അനസ്ബ്നുന്നളീർ(റ) പറഞ്ഞു. പ്രവാചകരേ! സത്യവുമായി താങ്കളെ നിയോഗിച്ചവൻ തന്നെയാണ് സത്യം. അവളുടെ പല്ല് പൊട്ടിക്കപ്പെടുകയില്ല. ഉടനെ നഷ്ടപരിഹാരം വാങ്ങൽ കൊണ്ട് അന്യായക്കാർ തൃപ്തിപ്പെട്ടു. ശിക്ഷാ നടപടി അവർ വേണ്ടെന്നു വെക്കുകയും ചെയ്തു. അന്നേരം നബി(സ) അരുളി: അല്ലാഹുവിന്റെ ദാസന്മാരിൽ ചില ആളുകളുണ്ട്. അല്ലാഹുവിന്റെ മേൽ സത്യം ചെയ്തു കൊണ്ട് അവർ ഒരു സംഗതി ചോദിച്ചാൽ അല്ലാഹു അവർക്കതു നിറവേറ്റിക്കൊടുക്കും. (ബുഖാരി. 4. 52. 61)

14) സൈദ്ബ്നു സാബിതു(റ) നിവേദനം: ഖുർആൻ വാക്യങ്ങൾ എഴുതി വെച്ചിരുന്ന മുസ്ഹഫിൽ നിന്ന് അവയെല്ലാം ഒരു മുസ്വഹഫിലേക്ക് ആക്കിയപ്പോൾ അഹ്സാബ് സൂറത്തിലെ ഒരായത്തു ഞാൻ കണ്ടില്ല. നബി(സ) അതു പാരായണം ചെയ്യുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു. അവസാനം ഖുസൈമത്തൂർ അൻസാരിയുടെ പക്കൽ നിന്നാണു എനിക്കതു കണ്ടുകിട്ടിയത്. അദ്ദേഹത്തിന്റെ സാക്ഷ്യത്തെ രണ്ടു പുരുഷന്മാരുടെ സാക്ഷ്യത്തിന് തുല്യമാക്കിക്കൊണ്ട് നബി(സ) വിധി കൽപ്പിച്ചിട്ടുണ്ട്. സത്യവിശ്യാസികളിൽ ചില പുരുഷന്മാരുണ്ട്. അല്ലാഹു ചെയ്ത കരാർ അവർ സാക്ഷാത്കരിച്ചിരിക്കുന്നു എന്ന ഖുർആൻ വാക്യമാണത്. (ബുഖാരി. 4. 52. 62)

15) ബറാഅ്(റ) നിവേദനം: ഇരുമ്പിന്റെ മുഖംമൂടി ധരിച്ച ഒരു മനുഷ്യൻ നബി(സ)യുടെ അടുത്തുവന്നു. അങ്ങനെ അദ്ദേഹം പറഞ്ഞു. പ്രവാചകരേ! ഞാൻ യുദ്ധം ചെയ്യുകയോ ഇസ്ളാം മതം സ്വീകരിക്കുകയോ ഏതാണ് ചെയ്യേണ്ടത്? നബി(സ) പറഞ്ഞു: നീ ആദ്യം മുസ്ലീമാകുക. ശേഷം നീ യുദ്ധം ചെയ്യുക. ഉടനെ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു. എന്നിട്ട് യുദ്ധം ചെയ്തു; ശഹീദായി. നബി(സ) അരുളി: അദ്ദേഹം അൽപം പ്രവർത്തിച്ചു കൂടുതൽ പുണ്യം കരസ്ഥമാക്കി. (ബുഖാരി. 4. 52. 63)

16) അനസ്(റ) നിവേദനം: ബറാഇന്റെ മകൾ ഉമ്മുഹാരിസ്(റ) നബി(സ)യുടെ അടുത്തുവന്ന് പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരെ! ഹാരിസിനെക്കുറിച്ച് അവിടുന്ന് എനിക്ക് വിവരിച്ചു തന്നാലും - അദ്ദേഹം ബദർ യുദ്ധത്തിൽ ഒരു ഒളിയമ്പ് ബാധിച്ചാണ് മരണപ്പെട്ടത് - അവൻ സ്വർഗ്ഗത്തിലാണെങ്കിൽ ഞാൻ ക്ഷമിച്ചുകൊള്ളാം. മറിച്ചാണെങ്കിൽ അദ്ദേഹത്തെചൊല്ലി കരയാൻ ഞാൻ പാടുപെടും. നബി(സ) അരുളി: ഹാരിസിന്റെ മാതാവേ! സ്വർഗ്ഗത്തിൽ നിശ്ചയം പല പദവികളുണ്ട്. നിന്റെ പുത്രന് ലഭിച്ചിരിക്കുന്നത് മഹോന്നതമായ ഫിർദൗസാണ്. (ബുഖാരി. 4. 52. 64)

17) അബൂമൂസാ(റ) നിവേദനം: ഒരാൾ നബി(സ)യുടെ അടുത്തു വന്നു പറഞ്ഞു. ഒരാൾ ധനം മോഹിച്ച് യുദ്ധം ചെയ്യുന്നു. മറ്റൊരുത്തൻ പ്രസിദ്ധിക്കുവേണ്ടി യുദ്ധം ചെയ്യുന്നു. മറ്റൊരുത്തൻ തന്റെ സ്ഥാനം മറ്റുള്ളവർ കാണാൻ വേണ്ടി യുദ്ധം ചെയ്യുന്നു. ഇവരിൽ ആരാണ് ദൈവ മാർഗ്ഗത്തിൽ? നബി(സ) അരുളി: അല്ലാഹുവിന്റെ വചനം (തൗഹീദ്) ഉയർന്നുനിൽക്കാൻവേണ്ടി യുദ്ധം ചെയ്യുന്നവൻ ആരോ അവൻ മാത്രമാണ് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവൻ. (ബുഖാരി. 4. 52. 65)

18) അബ്ദുറഹ്മാൻ(റ) നിവേദനം: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരാളുടെ ഇരു കാൽപാദങ്ങളിലും മണ്ണ് പുരളുകയും അതിന് നരകാഗ്നി സ്പർശിക്കലും ഉണ്ടാവുകയില്ലെന്ന് നബി(സ) അരുളുകയുണ്ടായി. (ബുഖാരി. 4. 52. 66)

19) ആയിശ:(റ) നിവേദനം: നബി(സ) ഖന്തക്ക് യുദ്ധം കഴിഞ്ഞു മടങ്ങി. ആയുധങ്ങളെല്ലാം ഇറക്കിവെച്ച് കുളിച്ചു. അപ്പോൾ ജിബ്രീൽ വന്ന് - നബി(സ)യുടെ തലയിൽ മണ്ണ് മൂടിപ്പൊടിഞ്ഞിരുന്നു - ചോദിച്ചു. അവിടുന്നു ആയുധം ഇറക്കിവെച്ചിട്ടില്ല. നബി(സ) ചോദിച്ചു. ഇനി എങ്ങോട്ടാണ്? ഇങ്ങോട്ട് എന്ന് പറഞ്ഞിട്ട് ബനൂഖുറൈളാ ഗോത്രത്തിന്റെ കേന്ദ്രത്തിലേക്ക് ജീബ്രീൽ ചൂണ്ടിക്കാട്ടി. ആയിശ(റ) പറയുന്നു: അപ്പോൾ നബി(സ) അവരുടെ ഭാഗത്തേക്ക് പുറപ്പെട്ടു. (ബുഖാരി. 4. 52. 68)

20) അനസ്(റ) നിവേദനം: വല്ലവനും സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ ദുൻയാവിലെ സർവ്വ വസ്തുക്കൾ അവന് ലഭിച്ചാലും ദുൻയാവിലേക്ക് മടക്കത്തെ ആഗ്രഹിക്കുകയില്ല. രക്തസാക്ഷി ഒഴികെ അവൻ ദുൻയാവിലേക്ക് മടക്കത്തെ ആഗ്രഹിക്കുന്നു. അങ്ങനെ പത്തു പ്രാവശ്യം വധിക്കപ്പെടുവാനും. അവന് അതുമൂലം ലഭിക്കുന്ന ആദരവ് അവൻ ദർശിച്ചതിനാൽ. (ബുഖാരി. 4. 52. 72)

21) അബ്ദുല്ലാഹിബ്നു അബി ഔഫാ(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ അറിയുവിൻ! നിശ്ചയം വാളിന്റെ നിഴലിന്ന് കീഴിൽ സ്വർഗമുണ്ട്. (ബുഖാരി. 4. 52. 73)

22) ജൂബൈറ്ബ്നു മുത്വ്ളം(റ) നിവേദനം: അദ്ദേഹം നബി(സ)യുടെ കൂടെ ഹൂനൈൻ യുദ്ധത്തിൽ നിന്ന് തിരിച്ചു വരുമ്പോൾ ഒരു സംഘം ആളുകളും ഉണ്ടായിരുന്നു. യാചിച്ചും കൊണ്ട് ജനങ്ങൾ നബി(സ)യെ ബന്ധിക്കുകയും ഒരു എലന്തമരത്തിന്റെ അടുത്തേക്കു നീങ്ങുവാൻ അവർ അദ്ദേഹത്തെ നിർബന്ധിതനാക്കുകയും ചെയ്തു. അവിടുത്തെ തട്ടം അതിന്മേൽ കൊളുത്തി വലിച്ചു. നബി(സ) അവിടെ നിന്നുകൊണ്ട് പറഞ്ഞു. നിങ്ങൾ എന്റെ തട്ടം എനിക്ക് തരിക. ഈ കാണുന്ന മരങ്ങൾക്ക് എണ്ണം ഒട്ടകങ്ങൾ എനിക്കുണ്ടായാൽ ഞനതു നിങ്ങൾക്കിടയിൽ മുഴുവനും വീതിച്ചു തരുന്നതാണ്. നിങ്ങൾ എന്നെ പിശുക്കനായും വ്യാജനായും ഭീരുവായും ദർശിക്കുകയില്ല. (ബുഖാരി. 4. 52. 75)

23) അംറ്(റ) നിവേദനം: സഅ്ദ്(റ) ഒരു അധ്യാപകൻ കുട്ടികളെ സാക്ഷരത പഠിപ്പിക്കുന്നതുപോലെ, താഴെ പറയുന്ന വാക്യങ്ങൾ ഞങ്ങളെ പഠിപ്പിക്കാറുണ്ടായിരുന്നു. നബി(സ) നമസ്കാരത്തിന്റെ ശേഷം പ്രാർത്ഥിക്കും. അല്ലാഹുവേ! ഭീരുത്വത്തിൽ നിന്ന് നിന്നോട് ഞാൻ രക്ഷതേടുന്നു. വയസ്സിന്റെ മോശമായ അവസ്ഥയിലേക്ക് ഞാൻ മടക്കപ്പെടുന്നതിൽ നിന്നും ദുൻയാവിന്റെ കുഴപ്പത്തിൽ നിന്നും ഖബറിലെ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. മുസ്ഹഅബിനോട് ഞാൻ ഈ ഹദീസ് പറഞ്ഞപ്പോൾ അദ്ദേഹം ഇതിനെ സത്യപ്പെടുത്തി. (ബുഖാരി. 4. 52. 76)

24) അനസ്(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാർഥിക്കാറുണ്ട്. അല്ലാഹുവേ, ദുർബ്ബലത, അലസത, ഭീരുത്വം, വാർധക്യം എന്നിവയിൽ നിന്ന് നിന്നോട് ഞാൻ രക്ഷതേടുന്നു. (ബുഖാരി. 4. 52. 77)

25) സാഇബ്ബ്നു യസീദ്(റ) പറയുന്നു: ത്വൽഹ, സഅ്ദ, മിഖ്ദാദ്, അബ്ദുറഹ്മാൻ മുതലായവരെ ഞാൻ സഹവസിച്ചിട്ടുണ്ട്. ഇവരിൽ ആരും തന്നെ നബി(സ) യിൽ നിന്ന് ഹദീസ് ഉദ്ധരിക്കുന്നതുകൊണ്ട് ഞാൻ കേട്ടിട്ടില്ല. ഉഹ്ദ്യുദ്ധത്തെ സംബന്ധിച്ച് ത്വൽഹ: വിവരിച്ചുപറഞ്ഞതല്ലാതെ. (ബുഖാരി. 4. 52. 78)

26) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ട് വ്യക്തികളെ നോക്കിയിട്ട് അല്ലാഹു ചിരിക്കും. അവരിൽ ഒരാൾ മറ്റെയാളെ വധിക്കുന്നു. രണ്ടുപേരും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഒരാൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്തു വധിക്കപ്പെടുന്നു. ശേഷം അയാളെ കൊന്നവന്റെ പാപം അല്ലാഹു പൊറുത്തുകൊടുക്കും. അങ്ങനെ അദ്ദേഹവും രക്തസാക്ഷിയാവും. (ബുഖാരി. 4. 52. 80)

27) അനസ്(റ) നിവേദനം: അബൂത്വൽഹ:(റ) നബി(സ)യുടെ കാലത്തു യുദ്ധം കാരണം (സുന്നത്ത്) നോമ്പ് നോൽക്കാറുണ്ടായിരുന്നില്ല. നബി(സ) മരണപ്പെട്ടശേഷം ചെറിയ പെരുന്നാൾ, ബലി പെരുന്നാൾ എന്നീ രണ്ടു ദിവസങ്ങളിലല്ലാതെ അദ്ദേഹം നോമ്പുപേക്ഷിക്കുന്നത് ഞാൻ കണ്ടിട്ടുമില്ല. (ബുഖാരി. 4. 52. 81)

28) അനസ്(റ) നിവേദനം: നബി(സ) അരുളി: പ്ളേഗ് രോഗം ഓരോ മുസ്ളിമിന്നും രക്തസാക്ഷിത്വമാണ്. (ബുഖാരി. 4. 52. 82)

29) ബറാഅ്(റ) പറയുന്നു: സത്യവിശ്വാസികളിൽ നിന്നു യുദ്ധത്തെവിട്ടു ഇരുന്നു കളയുന്നവരും. എന്നു തുടങ്ങുന്ന ആയത്തു അവതരിപ്പിക്കപ്പെട്ടപ്പോൾ നബി(സ) സൈദ്(റ) നെ വിളിച്ചു. അദ്ദേഹം ഒരു എല്ലിന്റെ കഷ്ണവുമായി വന്നു. അതു എഴുതി രേഖപ്പെടുത്തുവാൻ ഉദ്ദേശിച്ചപ്പോൾ ഇബ്നു ഉമ്മി മക്തൂമ(റ) വന്ന് തന്റെ അന്ധതയെക്കുറിച്ച് ആവലാതിപ്പെട്ടു. (ബുഖാരി. 4. 52. 84)

30) സഹ്ല്(റ) പറയുന്നു: മർവാൻ പള്ളിയിൽ ഇരിക്കുന്നതു ഞാൻ കണ്ടു. ഞാൻ മുന്നിട്ടുവന്ന് അദ്ദേഹത്തിന്റെ അടുത്തു ഇരുന്നു. അപ്പോൾ സൈദ്ബ്നു സാബിത്(റ) പറഞ്ഞതായി അദ്ദേഹം ഞങ്ങളോട് ഇപ്രകാരം പ്രസ്താവിച്ചു. നബി(സ) എനിക്ക് ഓതി തന്നു: "സത്യവിശ്വാസികളിൽ നിന്ന് (യുദ്ധത്തെവിട്ടു) ഇരിക്കുന്നവരും അപ്പോൾ ഉമ്മു മക്തൂമിന്റെ മകൻ കയറിവന്നു പറഞ്ഞു: പ്രവാചകരേ! എനിക്ക് ജിഹാദിന് സാധിക്കുമായിരുന്നുവെങ്കിൽ ഞാനതു ചെയ്യുമായിരുന്നു - അദ്ദേഹം ഒരു അന്ധനായിരുന്നു - അപ്പോൾ അല്ലാഹു "ബുദ്ധിമുട്ടുള്ളവർ ഒഴികെ എന്ന ഭാഗം അവതരിച്ചു. ആ സന്ദർഭത്തിൽ നബി(സ)യുടെ തുട എന്റെ തുടക്ക് മീതെ വെച്ചിരിക്കുകയായിരുന്നു. അന്നേരം ഉണ്ടായ ഭാരം മൂലം എന്റെ തുട പൊട്ടുമോ എന്നെനിക്ക് ഭയം തോന്നി. പിന്നീട് നബി(സ) യിൽ നിന്ന് ആ അവസ്ഥ നീങ്ങിപ്പോയി. (ബുഖാരി. 4. 52. 85)

31) അനസ്(റ) നിവേദനം: നബി(സ) ഖന്തക്ക് യുദ്ധസന്ദർഭത്തിൽ കിടങ്ങ് കുഴിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്കു പുറപ്പെട്ടു. അപ്പോൾ കഠിനശൈത്യമുള്ള പ്രഭാതത്തിൽ മുഹാജിറുകളും അൻസാരികളുമതാ കിടങ്ങ് കുഴിച്ചുകൊണ്ടിരിക്കുന്നു. അന്ന് അവർക്ക് ജോലിചെയ്യുവാൻ ഭൃത്യന്മാരും ഉണ്ടായിരുന്നില്ല. അവരെ ബാധിച്ചിരുന്ന ക്ഷീണവും വിശപ്പും കണ്ടപ്പോൾ നബി(സ) ഇങ്ങിനെ പാടി: "അല്ലാഹുവേ! ജീവിതം യഥാർത്ഥത്തിൽ പരലോകജീവിതം മാത്രമാണ്. അല്ലാഹുവേ! അൻസാരികൾക്കും മുഹാജിറുകൾക്കും നീ പൊറുത്തു കൊടുക്കേണമേ. അപ്പോൾ നബി(സ)ക്ക് മറുപടിയായി അവർ പറഞ്ഞു. ഞങ്ങൾ മുഹമ്മദിന് അനുസരണ പ്രതിജ്ഞ ചെയ്തവരാണ്. ജീവിച്ചിരിക്കുന്ന കാലമത്രയും പോരാട്ടത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കും. (ബുഖാരി. 4. 52. 87)

32) ബറാഅ്(റ) നിവേദനം: നബി(സ) ഖന്തക്ക് യുദ്ധദിവസം മണ്ണു ചുമക്കുകയുണ്ടായി. അവിടുന്നു പറയും. അല്ലാഹുവേ! നിന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ സന്മാർഗ്ഗത്തിലാകുമായിരുന്നില്ല. (ബുഖാരി. 4. 52. 89)

33) ബറാഅ്(റ) പറയുന്നു: അഹ്സാബ് യുദ്ധത്തിൽ നബി(സ) മണ്ണ് ചുമന്നുകൊണ്ടു പോകുന്നത് ഞാൻ കണ്ടു. നബി(സ)യുടെ വെളുത്ത വയറ് മണ്ണുപുരണ്ടു കഴിഞ്ഞിരുന്നു. അവിടുന്നു ഇപ്രകാരം പാടിക്കൊണ്ടിരുന്നു. അല്ലാഹുവേ! നിന്റെ അനുഗ്രഹം ഇല്ലെങ്കിൽ ഞങ്ങൾക്ക് നേർമാർഗ്ഗം സിദ്ധിക്കുമായിരുന്നില്ല. ഞങ്ങൾ ദാനം ചെയ്യുകയും നമസ്കരിക്കുകയും ചെയ്യുമായിരുന്നില്ല. അതുകൊണ്ട് ഞങ്ങൾക്ക് നീ ശാന്തി പ്രദാനം ചെയ്യേണമേ. ശത്രുക്കളെ അഭിമുഖീകരിക്കുമ്പോൾ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിറുത്തേണമേ. ഞങ്ങളെ ആക്രമിക്കുന്നവർ ഞങ്ങളെ മർദ്ദിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഞങ്ങളതു തടയുകതന്നെ ചെയ്യും. (ബുഖാരി. 4. 52. 90)

34) അനസ്(റ) പറയുന്നു: തബൂക്ക് യുദ്ധത്തിൽ നിന്ന് നബി(സ)യുടെ കൂടെ ഞങ്ങൾ മടങ്ങി. (ബുഖാരി. 4. 52. 92)

35) അനസ്(റ) നിവേദനം: നബി(സ) ഒരു യൂദ്ധത്തിൽ അരുളി: നമ്മോടൊപ്പം പോരാതെ മദീനായിൽ ചില ആളുകൾ പിന്തി നിൽക്കുന്നുണ്ട്. നാം ഒരു മലയിടുക്കിലോ താഴ്വരയിലോ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അവരും നമ്മുടെ കൂടെ (മനസ്സുകൊണ്ട്)ഉണ്ടാവാതിരിക്കുന്നില്ല. ചില പ്രതിബന്ധങ്ങളാണ് അവരെ തടസ്സപ്പെടുത്തിയത്. (ബുഖാരി. 4. 52. 92)

36) അബുസഈദ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ (യുദ്ധം ചെയ്യുവാൻ) ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ 70 കൊല്ലത്തെ യാത്രാ ദൂരം വരെ അല്ലാഹു അവന്റെ മുഖത്തെ നരകത്തിൽ നിന്ന് വിദൂരമാക്കുന്നതാണ്. (ബുഖാരി. 4. 52. 93)

37) സൈദ്ബ്നുഖാലിദ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവന് യുദ്ധോപകരണങ്ങൾ വല്ലവനും തയ്യാറാക്കിയാൽ അവൻ യുദ്ധം ചെയ്തു. വല്ലവനും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്ന ഒരു യോദ്ധാവിന്റെ കുടുംബത്തിലിരുന്ന് മുസ്ളിമിന്റെ താല്പര്യങ്ങൾ നല്ലനിലക്ക് സംരക്ഷിച്ചാൽ അവനും യുദ്ധം ചെയ്തു. (ബുഖാരി. 4. 52. 96)

38) അനസ്(റ) പറയുന്നു: നബി(സ) തന്റെ ഭാര്യമാരൊഴിച്ച് മറ്റൊരു സ്ത്രീയുടെ വീട്ടിലും പ്രവേശിക്കാറുണ്ടായിരുന്നില്ല. എന്നാൽ ഉമ്മുസുലൈമിന്റെ വീട്ടിൽ ചെല്ലാറുണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് അരുളി: എനിക്കവളോട് വളരെ അനുകമ്പയുണ്ട്. എന്നോടൊപ്പം യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവളുടെ സഹോദരൻ മരണമടഞ്ഞത്. (ബുഖാരി. 4. 52. 97)

39) അനസ്(റ) പറയുന്നു: യമാമ യുദ്ധസന്ദർഭത്തിൽ അദ്ദേഹം സാബിത്തിബ്നു ഖൈസിന്റെയടുക്കൽ ചെന്നു. സാബിത്തു തന്റെ രണ്ടു തുടയിൽ നിന്നും തുണി പൊക്കിയിട്ടു സുഗന്ധം പൂശിക്കൊണ്ടിരിക്കുകയായിരുന്നു'. അനസ്(റ) ചോദിച്ചു. എന്റെ പിതൃവ്യാ! എന്തുകൊണ്ടാണ് താങ്കൾ യുദ്ധരംഗത്തേക്ക് വരാതെ പിന്തി നിൽക്കുന്നത്? സാബിത്തൂ(റ) പറഞ്ഞു: എന്റെ സഹോദരപുത്രാ! ഇതാ എത്തിക്കഴിഞ്ഞു. ശേഷം സുഗന്ധദ്രവ്യം തുടർന്നു അദ്ദേഹം പൂശിക്കൊണ്ടിരുന്നു. പിന്നീടദ്ദേഹം വന്ന് ഇരിക്കുകയും ആളുകൾ യുദ്ധക്കളം വിട്ടോടിപ്പോയ വാർത്ത വിവരിക്കുകയും ചെയ്തു. അദ്ദേഹംപറഞ്ഞു: ഞങ്ങൾ ശത്രുക്കളുമായി ഇങ്ങിനെ നേരിട്ടാണ് പടവെട്ടിയിരുന്നത്. അല്ലാതെ ഇന്നു കാണുന്ന ഈ രൂപത്തിലല്ല നബി(സ) യോടൊപ്പം ഞങ്ങൾ യുദ്ധം ചെയ്തിരുന്നത്. നിങ്ങളുടെ തലമുറയെ നിങ്ങൾ പരിശീലിപ്പിച്ച സമ്പ്രദായം എത്ര മോശമായിരിക്കുന്നു. (ബുഖാരി. 4. 52. 98)

40) ജാബിർ(റ) നിവേദനം: ഖന്തക്ക് യുദ്ധവേളയിൽ നബി(സ) പറഞ്ഞു: ശത്രുക്കളുടെ വാർത്ത ആരാണ് എനിക്ക് കൊണ്ടുവന്നു തരിക? അപ്പോൾ സുബൈർ(റ) മറുപടി പറഞ്ഞു: ഞാനൊരുക്കമാണ്. നബി(സ) പ്രത്യുത്തരം നൽകി. എല്ലാ നബിമാർക്കും ആത്മാർത്ഥ സ്നേഹിതന്മാരുണ്ട്. എന്റെ ആത്മാർത്ഥ സ്നേഹിതൻ സുബൈർ ആണ്. (ബുഖാരി. 4. 52. 99)

41) ഇബ്നുഉമർ(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനം വരെ കുതിരയുടെ മൂർദ്ധാവിൽ നന്മയുണ്ട്. (ബുഖാരി. 4. 52. 102)

42) ഉർവ:(റ) നിവേദനം: നബി(സ) അരുളി: കുതിരയുടെ നെറുകയിൽ ലോകാവസാനം വരെ നന്മ ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണ്. അനസ്(റ) നിവേദനം: നബി(സ) അരുളി: കുതിരയുടെ നെറുകയിൽ നന്മയുണ്ട്. (ബുഖാരി. 4. 52. 103)

43) അബൂഹുറൈറ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ അരുളി: വല്ലവനും ഒരു ഒട്ടകത്തെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വഖ്ഫ് ചെയ്തു വെച്ചു. അല്ലാഹുവിൽ വിശ്വസിച്ചുകൊണ്ടും അവന്റെ വാഗ്ദാനത്തെ സത്യപ്പെടുത്തിക്കൊണ്ടും. എന്നാൽ അത് വയറു നിറക്കുന്നതും ദാഹം തീർക്കുന്നതും അതിന്റെ കാഷ്ഠവും മൂത്രവും എല്ലാം തന്നെ അന്ത്യദിനത്തിൽ മീസാനിൽ ഉണ്ടാവുന്നതാണ്. (ബുഖാരി. 4. 52. 105)

44) അനസ്(റ) നിവേദനം: നബി(സ)ക്ക് "അള്ബാഅ്" എന്നു പേരുളള ഒരൊട്ടകമുണ്ടായിരുന്നു. നടത്തത്തിൽ അതിനെ മുൻകടക്കൂവാൻ ഒരൊട്ടകത്തിനും കഴിഞ്ഞിരുന്നില്ല. ഒരിക്കൽ ഒരു ഗ്രാമീണൻ യൗവനം നിറഞ്ഞ ഒരൊട്ടകപ്പുറത്തു കയറി നബി(സ)യുടെ ആ ഒട്ടകത്തെ പരാജയപ്പെടുത്തിക്കൊണ്ടു മുൻകടന്നു. അതു മുസ്ളിംകൾക്ക് വളരെ പ്രയാസം സൃഷ്ടിക്കുകയും അവരുടെ പ്രയാസം നബി(സ)ക്ക് മനസ്സിലാകുകയും ചെയ്തു. അപ്പോൾ നബി(സ) പ്രഖ്യാപിച്ചു: ലോകത്ത് ഏതൊരു വസ്തുവും ഉയർന്നു കഴിഞ്ഞാൽ അതിനെ താഴ്ത്തി വെക്കേണ്ടത് അല്ലാഹുവിന്റെ ബാധ്യതയാണ്. (ബുഖാരി. 4. 52. 124)

45) ആയിശ:(റ) നിവേദനം: നബി(സ) ഒരു യാത്രക്ക് ഉദ്ദേശിച്ചാൽ തന്റെ ഭാര്യമാരുടെ ഇടയിൽ നറുക്കിടും. ആരുടെ നറുക്കാണോ ലഭിച്ചത് അവരുമായി യാത്ര പുറപ്പെടും അങ്ങനെ ഒരു യുദ്ധത്തിൽ നബി(സ) നറുക്കിടുകയും എന്റെ നറുക്ക് ലഭിക്കുകയും ഞാൻ നബി(സ)യുടെ കൂടെ പുറപ്പെടുകയും ചെയ്തു. ഈ സംഭവം ഹിജാബിന്റെ ആയത്ത് അവതരിപ്പിക്കപ്പെട്ട ശേഷമാണ്. (ബുഖാരി. 4. 52. 130)

46) അനസ്(റ) പയുന്നു: ഉഹ്ദ് യുദ്ധദിവസത്തിൽ ജനങ്ങൾ നബി(സ) യിൽ നിന്ന് തോറ്റോടുവാൻ തുടങ്ങി. അബൂബക്കറിന്റെ പുത്രി ആയിശ(റ)യും ഉമ്മു സുലൈമും(റ) തോൽപാത്രങ്ങളിൽ വെളളം കൊണ്ടു വരികയുണ്ടായി. വസ്ത്രം അവർ കയറ്റിയതിനാൽ അവരുടെ കാൽപാദങ്ങൾ ഞാൻ ദർശിക്കുകയുണ്ടായി. ശേഷം പട്ടാളക്കാരുടെ വായിൽ അവർ അത് ഒഴിച്ചു കൊടുക്കും. വീണ്ടും മടങ്ങിവന്ന് വെളളം നിറക്കും. (ബുഖാരി. 4. 52. 131)

47) സഅ്ലബ്(റ) നിവേദനം: മദീനയിലെ സ്ത്രീകൾക്കിടയിൽ ഒരിക്കൽ ഉമർ(റ) കുറെ തുണികൾ പങ്കിട്ടു കൊടുത്തു. അവസാനം ഒരു നല്ല തുണി ബാക്കിയായി. അദ്ദേഹത്തിന്റെ അടുത്തു ഉണ്ടായിരുന്നവരിൽ ചിലർ പറഞ്ഞു. അമീറുൽ മുഅ്മീനിൻ!അങ്ങയുടെ(ഭാര്യയായി) അടുത്തുളള നബിയുടെ പുത്രിക്ക് ഇത് നൽകിയാലും. അലി(റ) യുടെ പുത്രി ഉമ്മു കുൽസുമിനെയാണ് അവരുദ്ദേശച്ചത്. ഉമർ(റ) പറഞ്ഞു. ഇത് ഉമ്മുസലീത്തിന് കൊടുക്കാനാണ് ഏറ്റവും അവകാശപ്പെട്ടത്. നബി(സ) യുമായി അനുസരണപ്രതിജ്ഞ ചെയ്ത അൻസാരി സ്ത്രീകളിൽ ഒരാളാണവർ. ഉമർ(റ) തുടർന്നു പറഞ്ഞു:ഉഹ്ദ് യുദ്ധത്തിൽ തോൽ പാത്രത്തിൽ വെളളം നിറച്ച് ഞങ്ങൾക്ക് കൊണ്ടുതന്നിരുന്നത് അവരായിരുന്നു. (ബുഖാരി. 4. 52. 132)

48) റുബയ്യിഅ്(റ) നിവേദനം: നബി(സ) യുദ്ധത്തിന് പോകുമ്പോൾ ഞങ്ങളും കൂടെ പോകാറുണ്ട്. പട്ടാളക്കാർക്ക് കുടിക്കാൻ വെളളംകൊണ്ടുപോയി കൊടുക്കുക, മുറിവേറ്റവരെ ചികിത്സിക്കുക, മരണമടഞ്ഞവരെ മദീനയിലേക്ക് കൊണ്ടുവരിക ഇതെല്ലാമാണ് ഞങ്ങൾ നിർവഹിച്ചിരുന്ന ജോലികൾ. (ബുഖാരി. 4. 52. 133)

49) റുബയ്യിഅ്(റ) നിവേദനം: യുദ്ധത്തിൽ മുറിവേറ്റവരേയും മരണമടഞ്ഞവരെയും മദീനയിലേക്ക് കൊണ്ടുവരിക ഞങ്ങളാണ്. (ബുഖാരി. 4. 52. 134)

50) അബൂമൂസ(റ) പറയുന്നു: അബു ആമിറിന്റെ കാൽമുട്ടിൽ ഒരു മുറിവ് ബാധിച്ചു. ഞാൻ അദ്ദേഹത്തെ ദർശിക്കുവാൻ ചെന്നു. അദ്ദേഹം പറഞ്ഞു: ഈ അമ്പ് നീ ഊരിയെടുത്താലും. അപ്പോൾ ഞാനതു ഊരിയെടുത്തു. ഉടനെ അതിൽ നിന്ന് ഒരു തരം ദ്രാവകം പുറത്തുവന്നു. നബി(സ)യോട് ഞാൻ വിവരം പറഞ്ഞപ്പോൾ അവിടുന്ന് ഇപ്രകാരം പ്രാർത്ഥിച്ചു. അല്ലാഹുവേ! നീ അബുഅമീറിന്ന് പാപമോചനം നൽകേണമേ. (ബുഖാരി. 4. 52. 135)

51) അബൂഹുറൈറ(റ) പറയുന്നു: തൂഫൈലും അദ്ദേഹത്തിന്റെ അനുയായികളും നബി(സ)യെ സന്ദർശിച്ചു. അവർ പറഞ്ഞു. പ്രവാചകരേ, ദൗസ് ഗോത്രം ഇസ്ലാം സ്വീകരിക്കുന്നതിൽ വൈമുഖ്യം പ്രകടിപ്പിക്കുന്നു. ദൗസ് ഗോത്രത്തെ നശിപ്പിക്കുവാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും. അപ്പോൾ ദൗസ്ഗോത്രം നശിക്കട്ടെ എന്ന് അവരുടെ കൂട്ടത്തിൽ ചിലർ പ്രാർത്ഥിക്കുകയും ചെയ്തു. എന്നാൽ നബി(സ) പ്രാർത്ഥിച്ചത് ഇപ്രകാരമാണ്. അല്ലാഹുവേ! ദൗസ് ഗോത്രത്തിന് മാർഗദർശനം നൽകുകയും അവരെ നല്ലവഴിക്ക് കൊണ്ട് വരികയും ചെയ്യേണമേ.. (ബുഖാരി. 4. 52. 188)

52) സഹ്ല്(റ) നിവേദനം: ഖൈബർ യുദ്ധദിവസം നബി(സ) ഇപ്രകാരം പ്രഖ്യാപിക്കുന്നത് ഞാൻ കേട്ടു. തീർച്ചയായും ഒരു മനുഷ്യന് ഞാൻ കൊടി നൽകുന്നതാണ്. അദ്ദേഹത്തിന്റെ കൈക്ക് അല്ലാഹു വിജയം നൽകുന്നതാണ്, കൊടി തനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് അനുചരന്മാർ ആഗ്രഹിച്ചുകൊണ്ടു അവിടെ നിന്ന് എഴുന്നേറ്റുപോയി. അടുത്ത ദിവസം അവരിലോരോരുത്തരും തങ്ങൾക്ക് കൊടി ലഭിക്കണമെന്ന് ആശിച്ചുകൊണ്ട് പ്രഭാതത്തിൽ പുറപ്പെട്ടു. അലിയെവിടെ? നബി(സ) ചോദിച്ചു. നേത്രരോഗം ബാധിച്ചിരിക്കുകയാണെന്ന് പറയപ്പെട്ടു. ഉടനെ നബി(സ)യുടെ നിർദ്ദേശപ്രകാരം അലി(റ) യെ കൂട്ടിക്കൊണ്ടുവന്നു. നബി(സ) അലിയുടെ കണ്ണിൽ അല്പം തുപ്പുനീർ പുരട്ടി. ഉടനെ അദ്ദേഹത്തിന് രോഗശമനം ലഭിച്ചു. മുമ്പ് രോഗം ബാധിക്കാത്തതുപോലെ അലി(റ) പറഞ്ഞു. അവർ നമ്മെപ്പോലെ ആകുന്നതുവരേക്കു നാം അവരുമായി യുദ്ധം ചെയ്യുന്നതാണ്. നബി(സ) പറഞ്ഞു: നീ അവരുടെ വീടുകൾക്കു മുമ്പിൽ ഇറങ്ങുന്നത് വരേക്കും ശാന്തതയോടെ പുറപ്പെടുക. ശേഷം അവരെ ഇസ്ളാമിലേക്ക് ക്ഷണിക്കുക. അവരുടെ ബാധ്യതകൾ അവരോട് പറയുക. അല്ലാഹു സത്യം. ഒരു മനുഷ്യൻ നേർമാർഗ്ഗം പ്രാപിക്കുന്നതിന് നീ കാരണമാകുന്നതാണ്, ചുവന്ന ഒട്ടകങ്ങളെക്കാളും നിനക്ക് ഉത്തമം. (ബുഖാരി. 4. 52. 192)

53) സ്വഅ്ബ്(റ) പറയുന്നു: നബി(സ) അബവാളൽ വെച്ച് അല്ലെങ്കിൽ വദ്ദാനിൽവെച്ച് എന്റെ അരികിലൂടെ നടന്നുപോയി. അന്നേരം ഒരു പ്രശ്നത്തെക്കുറിച്ച് അവിടുന്നു ചോദിക്കപ്പെട്ടു. രാത്രി സമയങ്ങളിൽ ബഹുദൈവവിശ്വാസികളുടെ ഒരു വീട് ആക്രമിക്കപ്പെടുന്നു. അപ്പോൾ അവരുടെ സ്ത്രീകൾക്കും കുട്ടികൾക്കും ആപത്ത് ബാധിക്കുന്നു. അതിനെക്കുറിച്ച് എന്താണവിടുന്ന് പറയുന്നത് നബി(സ) അരുളി: ആ സ്ത്രീകളും കുട്ടികളും അവരിൽപ്പെട്ടവർ തന്നെയാണല്ലോ? അല്ലാഹുവിനും അവന്റെ ദൂതനുമല്ലാതെ മേച്ചിൽ സ്ഥലം സ്ഥാപിക്കാൻ അധികാരമില്ലെന്ന് നബി(സ) അരുളുന്നതും ഞാൻ കേട്ടിട്ടുണ്ട്. (ബുഖാരി. 4. 52. 256)

54) ഇബ്നുഉമർ(റ) പറയുന്നു: നബി(സ) നടത്തിയ ഒരു യുദ്ധത്തിൽ ഒരു സ്ത്രീ വധിക്കപ്പെട്ട കിടക്കുന്നത് കണ്ടു. അപ്പോൾ സ്ത്രീകളേയും കുട്ടികളേയും വധിക്കുന്നത് നബി(സ) വിരോധിച്ചു. (ബുഖാരി. 4. 52. 256)

55) ജരീർ(റ) പറയുന്നു: എന്നോട് നബി(സ) പറഞ്ഞു; ദുൽഖലാസായുടെ കാര്യത്തിൽ നിങ്ങൾ എനിക്ക് മനസ്സമാധാനം തരികയില്ലേ? ഖസ്അം ഗോത്രത്തിന്റേതായി കഅബത്തുൽയമാനിയ എന്നറിയപ്പെടുന്ന ഒരു വിഗ്രഹാലയമായിരുന്നു ദുൽഖലാസാ. ഉടനെ അഹ് മസ് ഗോത്രത്തിലെ 150 പേരുളള ഒരു കുതിരപ്പട്ടാളത്തോടൊപ്പം ഞാൻ പുറപ്പെട്ടു. അവർ കുതിരകളെ വളർത്തുന്നവരായിരുന്നു. ഞാനാണെങ്കിൽ കുതിരപ്പുറത്ത് ഇരിക്കാൻ പരിചയമില്ലാത്തവനായിരുന്നു. നബി(സ) എന്റെ നെഞ്ചിൽ ഒന്നടിച്ചു. എന്നീട്ട് അവിടുന്ന് പ്രാർത്ഥിച്ചു; അല്ലാഹുവേ! ജരീറിന്ന് സ്ഥൈര്യവും ധൈര്യവും പ്രദാനം ചെയ്യുകയും അദ്ദേഹത്തെ മാർഗ്ഗദർശിയും മാർഗ്ഗദർശനം ലഭിച്ചവനുമാക്കുകയും ചെയ്യണമേ! ജരീർ ആ വിഗ്രഹാലയത്തിലേക്ക് പോയി. അതെല്ലാം പൊട്ടിച്ചുകളഞ്ഞുകൊണ്ട് അഗ്നിക്കിരയാക്കി. അനന്തരം നബി(സ)യെ വിവരം അറിയിക്കാൻ ജരീർ അയച്ച ആൾ നബിയുടെ മുൻപിൽ വന്നിട്ടുണർത്തി. സത്യവും കൊണ്ട് അങ്ങയെ അയച്ചിരിക്കുന്നു. അല്ലാഹു സത്യം ആ വിഗ്രഹാലയത്തെ ചൊറിപിടിച്ച ഒട്ടകത്തെപ്പോലെയാക്കിയശേഷമല്ലാതെ ഞാൻ താങ്കളുടെ അടുക്കൽ വന്നിട്ടില്ല. അപ്പോൾ നബി(സ) പ്രാർത്ഥിച്ചു. അഹ്മസ് ഗോത്രത്തിലെ പുരുഷന്മാർക്ക് അല്ലാഹു നന്മ ചെയ്യട്ടെ. ഇപ്രകാരം അഞ്ചുപ്രാവശ്യം നബി(സ) ആവർത്തിച്ചു. (ബുഖാരി. 4. 52. 262)

56) അബുമൂസ(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ ബന്ദികളെ മോചിപ്പിക്കുവിൻ. വിശന്നവന് ഭക്ഷണം നൽകുകയും, രോഗിയെ സന്ദർശിക്കുകയും ചെയ്യുവിൻ. (ബുഖാരി. 4. 52. 282)

57) അബുജുഹൈഫ(റ) നിവേദനം: അല്ലാഹുവിന്റെ ഗ്രന്ഥത്തിലുളളതിനുപുറമെ ദൈവീകസന്ദേശത്തിൽപ്പെട്ട വല്ലതും നിങ്ങളുടെ പക്കലുണ്ടോ എന്ന് ഞാൻ അലി(റ) യോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഇല്ല. വിത്തിനെ മുളപ്പിച്ചവനും ആത്മാവിനെ സൃഷ്ടിച്ചവനുമായ അല്ലാഹു സത്യം. അങ്ങനെയൊന്ന് ഉളളതായി ഞാൻ ഗ്രഹിച്ചിട്ടില്ല. പക്ഷേ ഖുറാനിൽ നിന്ന് വല്ലതും ഗ്രഹിക്കാനുളള കഴിവ് മനുഷ്യന് അല്ലാഹു നൽകിയിട്ടുണ്ടെങ്കിൽ അതു ഇതിൽപ്പെടുകയില്ല. അതെ പ്രകാരം തന്നെ ഈ ഏടിലുളള ചിലകാര്യങ്ങളും ഞങ്ങളുടെ പക്കലുണ്ട്. ഞാൻ ചോദിച്ചു; എന്താണ് ഈ ഏടിലുളളത്? അദ്ദേഹം പറഞ്ഞു കുറ്റങ്ങൾക്ക് നൽകേണ്ടതായ നഷ്ടപരിഹാരം, ബന്ധനസ്ഥരെ മോചിപ്പിക്കേണ്ട കാര്യം. ശത്രുവിനെ വധിച്ചതിനുപകരം ഒരു മുസ്ലീമിനെ വധിക്കാൻ പാടില്ല ഇവ മാത്രമാണ്. (ബുഖാരി. 4. 52. 283)

59) അസ്ലം(റ) പറയുന്നു: ഉമർ(റ) ഹുനൈയ്യ് എന്ന് വിളിക്കപ്പെടുന്ന ഒരു മോചിത അടിമയെ ഒരു സംരക്ഷണഭൂമിയുടെ ഗവർണ്ണറായി നിശ്ചയിച്ചു. എന്നിട്ട് ഉമർ(റ) അദ്ദേഹത്തോട് പറഞ്ഞു. അല്ലയോ ഹൂനൈയ്യ്! നീ മുസ്ലീമുകളോട് വിനയത്വം കാണിക്കുക. മർദ്ദിതന്റെ പ്രാർത്ഥനയെ നീ സൂക്ഷിക്കുക. നിശ്ചയം മർദ്ദിതന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കപ്പെടുന്നതാണ്. അല്പം ഒട്ടകങ്ങളും ആടുകളുമുളളവരെ നീ ഉപേക്ഷിക്കുക. ഇബ്നുഔഫ്, ഇബ്നുഅഫ്ഫാൻ മുതലായവരുടെ ഒട്ടകങ്ങളെ സംബന്ധിച്ച് എന്റെ നിയമത്തെ നീ സൂക്ഷിക്കുക. അവരുടെ മൃഗങ്ങൾ നശിച്ചാൽ അവർ കൃഷിയിലേക്ക് പ്രവേശിക്കും. അല്പം ഒട്ടകങ്ങളുടേയും ആടുകളുടേയും ഉടമസ്ഥന്മാർ അവരുടെ മൃഗങ്ങൾ നശിച്ചാൽ അവരുടെ സന്താനങ്ങളേയുമായി എന്റെ അടുത്ത് വന്ന് ഇപ്രകാരം പറയും: വിശ്വാസികളുടെ ഭരണാധികാരി! ഞങ്ങൾ ദരിദ്രന്മാരാണ്. ഞങ്ങളെ സഹായിച്ചാലും അവരെ ഉപേക്ഷിക്കാൻ എനിക്ക് സാധിക്കുമോ? നിനക്ക് നാശം. സ്വർണ്ണത്തെക്കാളും വെളളിയേക്കാളും എന്റെ അടുത്ത് നിസ്സാരമായത് വെളളവും പുല്ലുമാണ്. അല്ലാഹു സത്യം. ഞാനവരെ ആക്രമിച്ചതായി അവർ ദർശിക്കും. ഭൂമി അവരുടേതാണ്. അജ്ഞാനകാലത്തു അതിനുവേണ്ടിയാണ് അവർ യുദ്ധം ചെയ്തിരുന്നതും. അതുമായി അവർ മുസ്ലീമാവുകയും ചെയ്തു. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവൻ തന്നെയാണ് സത്യം. അല്ലാഹുവിന്റെ മാർഗ്ഗത്തിലുളള മൃഗങ്ങളെ സംരക്ഷിക്കേണ്ടതായ ബാദ്ധ്യത എനിക്കില്ലായിരുന്നുവെങ്കിൽ അവരുടെ ഭൂമിയിൽ നിന്ന് ഒരു ചാൺ പോലും സംരക്ഷണ ഭൂമിയാക്കുമായിരുന്നില്ല. (ബുഖാരി. 4. 52. 292)

60) അബ്ദുല്ലാഹിബിനു അംറ്(റ) നിവേദനം: നബി(സ)യുടെ സമ്മാനങ്ങൾ സൂക്ഷിക്കുവാനേൽപ്പിക്കപ്പെട്ടത് "കിർകിറ" എന്ന് പേരായ ഒരാളെയായിരുന്നു. അയാൾ മരിച്ചപ്പോൾ അവൻ നരകത്തിലാണ് എന്ന് നബി(സ) അരുളി. സഹാബിമാർ അയാളുടെ സ്ഥിതി അന്വേഷിക്കാൻ ചെന്നപ്പോൾ അയാൾ വഞ്ചിച്ചെടുത്ത ഒരു പുതപ്പ് അവർക്ക് കണ്ടുകിട്ടി. (ബുഖാരി. 4. 52. 308)

61) ഇംറാൻ ഇബ്നുഹുസൈൻ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു; എന്റെ സമുദായത്തിൽ നിന്നു ഒരു സംഘം, സത്യത്തിന് വേണ്ടിയുള്ള സമരം നിർത്തരുത്. അവർ അവരുടെ എതിരാളികളുടെ മേൽ വിജയം പ്രാപിക്കുന്നതാണ്. (അബൂദാവൂദ്)

62) അബഹുറയ്റാ(റ) നിവേദനം ചെയ്തു, പ്രവാചകൻ(സ) പറഞ്ഞു: അല്ലാഹു ഈ സമുദായത്തിൽ ഓരോ നൂറ്റാണ്ടുകളുടേയും ആദ്യത്തിൽ, ഓരോ മതപരിഷ്ക്കർത്താക്കളെ അയക്കും. (അബൂദാവൂദ്)


63) അബ്ഹുറയ്റ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: നിങ്ങളിൽ, രക്തസാക്ഷിയായി നിങ്ങൾ ഗണിക്കുന്നതാരെയാണ്? അവർ പറഞ്ഞു, അല്ലാഹുവിന്റെ ദൂതരെ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടവനാരോ അവനാണ് രക്തസാക്ഷി. അവിടുന്നു പറഞ്ഞു, അങ്ങനെയാണെങ്കിൽ എന്റെ സമുദായത്തിൽ രക്തസാക്ഷികൾ കുറവായിരിക്കും. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടവനാരോ അവൻ രക്തസാക്ഷിയാണ്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സ്വാഭാവികമായി മരണം പ്രാപിച്ചവനാരോ അവനും രക്തസാക്ഷിയാണ്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പ്ളേഗ് മൂലം മരിച്ചവനാരോ അവനും രക്തസാക്ഷിയാണ്. വിഷൂചിക മൂലം മരിച്ചവനാരോ അവനും രക്തസാക്ഷിയാണ്. (മുസ്ലിം)

64) സൽമാനി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. ഒരു രാപ്പകലെങ്കിലും ശത്രുവിനെ പാർത്തിരിക്കൽ ഒരു മാസം നോമ്പുനോൽക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്നതിനെക്കാൾ ഉൽകൃഷ്ടമായതാണ്. അതിലവൻ മരണപ്പെട്ടാലോ? തദവസരത്തിലുള്ള തന്റെ പ്രവർത്തനഫലം അവനെന്നും കിട്ടിക്കൊണ്ടിരിക്കും. അപ്രകാരം തന്നെ (സ്വർഗ്ഗത്തിൽ നിന്ന്) അവന് ഭക്ഷണം കിട്ടിക്കൊണ്ടിരിക്കുകയും ഖബർ ശിക്ഷയിൽ നിന്ന് അവന് അഭയം ലഭിക്കുകയും ചെയ്യും. (മുസ്ലിം)

65) ഫളാലത്തി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: എല്ലാ മൃതശരീരങ്ങളുടെയും അമലുകൾ സീൽ വെക്കപ്പെടും. (പിന്നീട് അതിന് വർദ്ധനവുണ്ടാവുകയില്ല)അല്ലാഹുവിന്റെ സബീലിൽ ശത്രുക്കളെ പ്രതീക്ഷിച്ചിരിക്കുന്നവരുടേതൊഴികെ. അന്ത്യദിനം വരേക്കും അവന്റെ പ്രവർത്തനം (പ്രതിഫലം) വളർന്നുകൊണ്ടേയിരിക്കും. ഖബർ ശിക്ഷയിൽ നിന്ന് അവന് അഭയവും ലഭിക്കും. (അബൂദാവൂദ്, തിർമിദി)

66) ഉസ്മാനി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ മുസ്ളിം രാഷ്ട്രത്തിലെ അതിർത്തിയിൽ കാവലിരിക്കുന്ന ഒരു ദിവസം മറ്റു കാര്യങ്ങളിൽ ചെലവഴിക്കുന്ന ആയിരം ദിവസത്തേക്കാൾ ഉത്തമമാണ്. (തിർമിദി)

67) അബൂഹുറയ്റ(റ)യിൽ നിന്ന്: റസൂൽ(സ) പറഞ്ഞു: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ (ജിഹാദിന്ന്) പുറപ്പെട്ടവന് അല്ലാഹു നന്മ ചെയ്യുമെന്ന് ഏറ്റിട്ടുണ്ട്. കാരണം, എന്റെ മാർഗ്ഗത്തിലുള്ള സമരവും എന്നിലുള്ള വിശ്വാസദാർഢ്യവും എന്റെ പ്രവാചകനിലുള്ള യഥാർത്ഥ വിശ്വാസവും മാത്രമാണ് അവനെ വീട്ടിൽ നിന്ന് പുറപ്പെടുവിച്ചത്. സ്വർഗ്ഗത്തിൽ പ്രവേശിക്കുകയോ, ഗനീമത്ത് സ്വത്തുക്കളും പ്രതിഫലവുമായി പുറപ്പെട്ട വീട്ടിലേക്ക് തിരിച്ചെത്തിക്കുകയോ ചെയ്യുമെന്ന് അല്ലാഹു ഏറ്റിട്ടുണ്ട്. മുഹമ്മദിന്റെ ആത്മാവ് നിയന്ത്രിക്കുന്നവനെത്തന്നെയാണ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഏൽക്കുന്ന ഏതൊരു പരിക്കും അന്ത്യദിനത്തിൽ പരിക്ക് പറ്റിയ ദിവസത്തെപ്പോലെയാണ്. അതിന്റെ വർണ്ണം രക്തത്തിന്റേതും മണം കസ്തൂരിയുടേതുമത്രെ. മുഹമ്മദിന്റെ ആത്മാവ് നിയന്ത്രിക്കുന്നവനെത്തന്നെയാണ, (ദുർബ്ബലരായ) മുസ്ളിംകൾക്ക് വിഷമം നേരിടുകയില്ലായിരുന്നുവെങ്കിൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധത്തിന് പുറപ്പെടുന്ന ഓരോ യോദ്ധാക്കളുടേയും പിന്നിൽ ഞാനിരിക്കയില്ലായിരുന്നു. പക്ഷേ, അവരെ കൊണ്ടു പോകുന്ന സൗകര്യം ഞാനെത്തിക്കുകയില്ല. അവർക്ക് സ്വന്തമായി അതിനുള്ള ശേഷിയില്ലതാനും. എന്നെ കൂടാതെ പിന്തിനിൽക്കൽ അവരെ ക്ളേശിപ്പിക്കുകയും ചെയ്യും. മുഹമ്മദിന്റെ ആത്മാവ് കൈവശമുള്ളവനെക്കൊണ്ട് സത്യം, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്ത് രക്തസാക്ഷിയാവുക എന്നതാണ് ഞാനാഗ്രഹിക്കുന്നത്. (മുസ്ലിം)

68) മുആദി(റ)ൽ നിന്ന് നിവേദനം: നബി(സ) അരുൾചെയ്തു: ഒട്ടകത്തിന്റെ രണ്ട് കറവുകൾക്കിടയിലുള്ളത്ര സമയം വല്ല മുസ്ളിമും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരം ചെയ്താൽ സ്വർഗ്ഗം അവന് സ്ഥിരപ്പെട്ടു. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വല്ലവനും മുറിവേൽക്കുകയോ ഒരു പോറലേൽക്കുകയോ ചെയ്താൽ അന്ത്യദിനത്തിൽ അത് അത്യധികം വലിപ്പമുള്ളതായി പരിണമിക്കും. അതിന്റെ നിറം കുങ്കുമത്തിന്റേതും മണം കസ്തൂരിയുടേതുമായിരിക്കും. (അബൂദാവൂദ്, തിർമിദി)

69) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: റസൂൽ(സ)യുടെ അസ്ഹാബിമാരിലൊരാൾ ശുദ്ധജലപ്രവാഹമുള്ള ഒരു മലയിടുക്കിലൂടെ നടന്നുപോയപ്പോൾ അതദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. തൽസമയം അയാൾ പറഞ്ഞു. ജനങ്ങളെ കൈ വെടിഞ്ഞുകൊണ്ട് ഞാൻ ഈ മലയിടുക്കിൽ താമസിച്ചിരുന്നെങ്കിൽ (നന്നായിരുന്നു) പക്ഷേ, റസൂൽ(സ)യോട് അതിന്നനുമതി തേടാതെ ഞാനങ്ങനെ ചെയ്യുകയില്ല. അങ്ങനെ അദ്ദേഹം റസൂൽ(സ)യോട് അക്കാര്യം പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു. ഒരിക്കലും നീ അങ്ങനെ ചെയ്യരുത്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ (മുജാഹിദായി) നിലകൊള്ളൽ 70 കൊല്ലം തന്റെ ഭവനത്തിൽവെച്ച് നമസ്കരി ക്കുന്നതിനേക്കാൾ ഉൽകൃഷ്ടമാണ്. അല്ലാഹു പൊറുത്തുതരികയും സ്വർഗ്ഗത്തിൽ പ്രവേശിപ്പി ക്കുകയും ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? എന്നാൽ നിങ്ങൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരം ചെയ്യൂ. ഒട്ടകത്തിന്റെ രണ്ടു കറവുകൾക്കിടയിലുള്ളത്ര സമയം വല്ലവനും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരം ചെയ്താൽ അവന് സ്വർഗ്ഗം സുനിശ്ചിതമായി. (തിർമിദി)

70) അബുസഈദിൽ നിന്ന് നിവേദനം: സംരക്ഷകനായി അല്ലാഹുവിനെയും മതമായി ഇസ്ളാമിനെയും പ്രവാചകനായി മുഹമ്മദ്നബി(സ)യെയും വല്ലവനും തൃപ്തിപ്പെട്ടാൽ അവന്ന് സ്വർഗ്ഗം സ്ഥിരപ്പെട്ടു. അബുസഈദ്(റ) ഇതിൽ ആശ്ചര്യപ്പെട്ടുകൊണ്ട് പറഞ്ഞു: പ്രവാചകരേ! അതൊന്നുകൂടി ആവർത്തിച്ചാലും! നബി(സ) അതാവർത്തിച്ച് തുടർന്നുപറഞ്ഞു. വേറൊരു കാര്യമുണ്ട്. അതുവഴി സ്വർഗ്ഗത്തിൽ ഒരടിമക്ക് 100 പദവി ഉയർത്തപ്പെടും. ഈരണ്ട് പദവികൾക്കിടയിൽ ആകാശഭൂമികൾക്കിടയിലുള്ളത്ര ദൂരമുണ്ട്. അദ്ദേഹം ചോദിച്ചു: പ്രവാചകരേ! അതെന്താണ്? അവിടുന്ന് അരുളി: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സമരമാണത്. (മുസ്ലിം)

71) അബൂബക്കറി(റ)ൽ നിന്ന് നിവേദനം: ശത്രുക്കളുടെ സാന്നിദ്ധ്യത്തിൽവെച്ച് എന്റെ പിതാവ് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. റസൂൽ(സ) പറഞ്ഞു: നിശ്ചയം, സ്വർഗ്ഗത്തിന്റെ കവാടം വാളിന്റെ നിഴലിലാണ്. അന്നേരം ജീർണ്ണിച്ച വസ്ത്രധാരിയായ ഒരാൾ എഴുന്നേറ്റുനിന്ന് ചോദിച്ചു. അബൂമൂസാ! ഇത് റസൂൽ(സ) പറയുന്നത് നീ കേട്ടിട്ടുണ്ടോ? അതെ എന്നദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹം തന്റെ കൂട്ടുകാർക്കിടയിലേക്ക് മടങ്ങിചെന്നിട്ട് ഞാൻ നിങ്ങൾക്ക് സലാമോതുന്നു എന്നു പറഞ്ഞതിനുശേഷം തന്റെ വാളുറ പിച്ചിക്കീറി വലിച്ചെറിയുകയും വാളുമേന്തിക്കൊണ്ട് ശത്രുക്കളിലേക്ക് ഇറങ്ങിച്ചെന്ന് യുദ്ധം ചെയ്ത് രക്തസാക്ഷിയാവുകയുമുണ്ടായി. (മുസ്ലിം)

72) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: അല്ലാഹുവിനെ ഭയപ്പെട്ടു കരഞ്ഞവൻ, കറന്നെടുത്ത പാല് അകിട്ടിലേക്ക് മടങ്ങുംവരെ നരകത്തിൽ പ്രവേശിക്കുകയില്ല. അപ്രകാരം അല്ലാഹുവിന്റെ പോർക്കളത്തിലെ പൊടിയും നരകത്തിലെ പുകയും കൂടി ഒരാളിൽ ഒരുമിച്ചുകൂടുകയില്ല.! (തിർമിദി)

73) ഇബ്നുഅബ്ബാസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞ കണ്ണിനെയും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ (ശത്രുക്കളെ) കാവൽ നിൽക്കുന്ന കണ്ണിനെയും നരകം സ്പർശിക്കുകയില്ല. (തിർമിദി)

74) അബുഉമാമ(റ)യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ തണലേകുന്ന ഒരു തമ്പ് നിർമ്മിക്കലും, സേവനം ചെയ്യുന്ന ഒരു ദാസനെ സൗജന്യം ചെയ്യലും, പ്രായപൂർത്തിയെത്തിയ ഒരൊട്ടകത്തെ ദാനംചെയ്യലുമാണ് ധർമ്മങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായത്. (തിർമിദി)

75) അബ്ദുല്ല(റ)യിൽ നിന്ന് നിവേദനം: കടം ഒഴിച്ച് മറ്റെല്ലാ പാപങ്ങളും രക്തസാക്ഷിക്ക് അല്ലാഹു പൊറുത്തുകൊടുക്കും. (മുസ്ലിം)

76) അനസി(റ)ൽ നിന്ന് നിവേദനം: മുശ്രിക്കുകളെ മുൻകടക്കുമാറ് റസൂൽ(സ) യും സഹാബാക്കളും ബദറിലേക്ക് പുറപ്പെട്ടു. മുശ്രിക്കുകളെത്തിച്ചേർന്നപ്പോൾ റസൂൽ(സ) പറഞ്ഞു. ഞാൻ മുമ്പിലില്ലാതെ നിങ്ങളാരും ഒരു സ്ഥലത്തേക്കും പോകാൻ പാടില്ല. അങ്ങനെ മുശ്രിക്കുകൾ അടുത്തെത്തിയപ്പോൾ റസൂൽ(സ) പറഞ്ഞു: ആകാശഭൂമിയുടെയത്ര വിസ്താരമുള്ള സ്വർഗ്ഗത്തിലേക്ക് നിങ്ങൾ എഴുന്നേൽക്കൂ! അനസ്(റ) പറയുന്നു: ഉമൈർ(റ) ചോദിച്ചു: പ്രവാചകരേ! ആകാശഭൂമിയുടെയത്ര വിസ്താരമുള്ള സ്വർഗ്ഗമോ? അവിടുന്ന് പറഞ്ഞു. അതെ. ഉടനെതന്നെ ഉമൈർ(റ) പറഞ്ഞു. ബഖിൻ ബഖിൻ (കൊള്ളാം) റസൂൽ(സ) അദ്ദേഹത്തോട് ചോദിച്ചു. ബഖിൻ ബഖിൻ എന്ന് നീ പറയാൻ എന്താണ് കാരണം? അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ, പ്രവാചകരെ! എനിക്കതിന്റെ അഹ്ലുകാരിലുൾപ്പെടാനുള്ള ആഗ്രഹം മാത്രമാണ്. അവിടുന്ന് പറഞ്ഞു: എന്നാൽ നീ അതിന്റെ അഹ്ലുകാരിൽ ഉൾപ്പെട്ടിരിക്കുന്നു. ഉടനെ തന്നെ കുറച്ച് കാരക്കകൾ എടുത്തുകൊണ്ട് തിന്നാൻ തുടങ്ങി. എന്നിട്ടദ്ദേഹം പറഞ്ഞു: ഞാൻ ഈ കാരക്ക ഭക്ഷിച്ചുകഴിയുന്നത്ര സമയം ജീവിക്കുന്നപക്ഷം അതൊരു ദീർഘമായ ജീവിതമാണ്. ഒട്ടും താമസിച്ചില്ല. കാരക്ക വലിച്ചെറിഞ്ഞുകൊണ്ട് അവരുമായി പടപൊരുതി അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചു. (മുസ്ലിം)

77) അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: വല്ലവനും ആത്മാർത്ഥതയോടെ രക്തസാക്ഷിയായി മരണം വരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അങ്ങനെ മരിച്ചിട്ടില്ലെങ്കിലും പ്രതിഫലം നൽകപ്പെടും. (മുസ്ലിം)

78) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: നിങ്ങൾ ഉറുമ്പു കടി അനുഭവിക്കുംപോലെയല്ലാതെ രക്തസാക്ഷിക്ക് മരണവേദന അനുഭവപ്പെടുകയില്ല. (തിർമിദി) (അത്രയും നിസ്സാര വേദനയാണനുഭവപ്പെടുക)

79) സഹ്ലി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: രണ്ട് പ്രാർത്ഥന നിരസിക്കപ്പെടുകയില്ല. അതല്ലെങ്കിൽ വളരെ അപൂർവ്വമായേ തടയപ്പെടുകയുള്ളു: ബാങ്കി (ഇഖാമത്തി) ന്റെ ഉടനെയുള്ള പ്രാർത്ഥന. ഗതികെട്ട് പോരടിക്കുമ്പോഴുള്ള പ്രാർത്ഥന. (അബൂദാവൂദ്)

80) അനസി(സ) ൽ നിന്ന് നിവേദനം: റസൂൽ(സ) യുദ്ധത്തിന് പുറപ്പെട്ടാൽ ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ! നീയാണ് എന്റെ സഹായി. നിന്റെ പേരിൽ മാത്രമാണ് ലക്ഷ്യത്തിലേക്ക് ഞാൻ നീങ്ങിക്കൊണ്ടിരിക്കുന്നത്. നിന്റെ പേരിൽ മാത്രമാണ് ഞാൻ ശത്രുക്കളോട് എതിർക്കുന്നതും രണാങ്കണത്തിൽ വെച്ച് പോരാടുന്നതും. (അബൂദാവൂദ്, തിർമിദി)

81) അബൂമസ്ഉദി(റ)ൽ നിന്ന് നിവേദനം: ഒരാൾ നബി(സ)യുടെ സവിധത്തിൽ മൂക്കുകയറിട്ട ഒട്ടകത്തെ കൊണ്ടുവന്ന് പറഞ്ഞു: ഇത് അല്ലാഹുവിന്റെ വഴിയിലാണ്. റസൂൽ(സ) പറഞ്ഞു: നിനക്കതിനുപകരം അന്ത്യദിനത്തിൽ 700 ഒട്ടകം ലഭിക്കും. അതെല്ലാം കടിഞ്ഞാണിട്ടതായിരിക്കും. (മുസ്ലിം)

82) ഉഖ്ബ(റ)യിൽ നിന്നും നിവേദനം: റസൂൽ(സ) മിമ്പറിൽവെച്ച് പറയുന്നത് ഞാൻ കേട്ടു. ശത്രുക്കൾക്കെതിരെ നിങ്ങളുടെ കഴിവിൽപ്പെട്ട ശക്തി നിങ്ങൾ സംഭരിക്കണം. അറിയണം. ശക്തികളിൽ പ്രധാനപ്പെട്ടത് (അമ്പ്) തൊടുത്തുവിടലാണ്. മൂന്ന് പ്രാവശ്യം അതാവർത്തിച്ചു. (മുസ്ലിം)

83) ഉഖ്ബ(റ)യിൽ നിന്നും നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. പല സ്ഥലങ്ങളും നിങ്ങൾക്ക് ഫത്ഹാക്കപ്പെടും. അനന്തരം നിങ്ങൾക്ക് അല്ലാഹു യുദ്ധം ആവശ്യമില്ലാതാക്കിത്തീർക്കും. തദവസരം നിങ്ങളാരും അമ്പ് പരിശീലനം കൈവെടിയരുത്. (മുസ്ലിം)

84) ഉഖ്ബ(റ)യിൽ നിന്നും നിവേദനം: റസൂൽ(സ) പറഞ്ഞു: വല്ലവനും അമ്പെയ്യാൻ പഠിച്ചു. പിന്നീടതുപേക്ഷിച്ചാൽ അവൻ നമ്മളിൽപ്പെട്ടവനല്ല-അല്ലെങ്കിൽ അവൻ പാപിയാണ്. (മുസ്ലിം)

85) ഉഖ്ബ(റ)യിൽ നിന്നും നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: ഒരേ അമ്പുകൊണ്ട് മൂന്നാളുകളെ അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. നന്മ ഉദ്ദേശിച്ചുകൊണ്ട് അതുണ്ടാക്കിയവൻ, അത് പ്രയോഗിച്ചവൻ, അതുകൊണ്ട് യോദ്ധാവിനെ ഒരുക്കി അയക്കുന്നവൻ (അതല്ലെങ്കിൽ അമ്പെടുത്ത് കൊടുക്കുന്നവൻ). അതുകൊണ്ട് നിങ്ങൾ അമ്പെയ്യുകയും വാഹനപ്പുറത്തേറുകയും ചെയ്യൂ! (അവ രണ്ടും പരിശീലിക്കൂ!) നിങ്ങൾ അമ്പെയ്തു പഠിക്കലാണ് വാഹനപ്പുറത്തേറി പരിശീലിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം. പരിശീലനം നേടിയതിനുശേഷം അവഗണനയോടെ അമ്പെയ്ത്ത് വല്ലവനും കൈവെടിഞ്ഞാൽ നിശ്ചയം ഒരു നിഅ്മത്തിനെ യാണവൻ കൈവെടിഞ്ഞത്. അല്ലെങ്കിൽ നിഷേധിച്ചത്. (അബൂദാവൂദ്)

86) അംറി(റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വല്ലവനും അമ്പെയ്താൽ അത് ഒരടിമയെ മോചിപ്പിച്ചതിന് തുല്യമാണ്. (അബൂദാവൂദ്, തിർമിദി)

87) ഖുറൈമി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വല്ലവനും എന്തെങ്കിലും ചെലവഴിച്ചാൽ 700 ഇരട്ടി പ്രതിഫലം അവന്നെഴുതപ്പെടും. (തിർമിദി)

88) അബൂഉമാമ(റ)യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വല്ലവനും വ്രതമനുഷ്ഠിച്ചാൽ അവന്റെയും നരകത്തിന്റെയും ഇടയിൽ ആകാശഭൂമിയുടെ അത്ര വിടവ് അല്ലാഹു ഉണ്ടാക്കിവെക്കും. (തിർമിദി)

89) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: (യുദ്ധവേളയിൽ) വല്ലവനും യുദ്ധം ചെയ്യാതെയോ യുദ്ധം ചെയ്യണമെന്ന് മനസ്സിൽ വിചാരിക്കാതെയോ മരണപ്പെട്ടാൽ കപടവിശ്വാസിയായിക്കൊണ്ടാണ് അവൻ അന്ത്യശ്വാസം വലിക്കുന്നത്. (മുസ്ലിം)

90) അബ്ദുല്ല(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: വല്ല ഭടന്മാരും യുദ്ധം ചെയ്ത് ഗനീമത്ത് സമ്പാദിച്ചുകൊണ്ട് രക്ഷപ്പെട്ടു. എങ്കിൽ അവരുടെ പ്രതിഫലത്തിന്റെ മൂന്നിൽ രണ്ടംശം അവർക്ക് ലഭിച്ചു കഴിഞ്ഞു. വല്ല യോദ്ധാക്കളും (മരണംകൊണ്ടോ, പരിക്കുകൾകൊണ്ടോ) വിപത്തേൽക്കുകയും പരാജയപ്പെടുകയും ചെയ്തെങ്കിൽ അവർക്ക് (പരലോകത്ത്) അവരുടെ പ്രതിഫലം പരിപൂർണ്ണമായി ലഭിക്കും. (മുസ്ലിം)

91) അബൂഉമാമ(റ)യിൽ നിന്ന് നിവേദനം: ഒരാൾ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ! എനിക്ക് സിയാഹത്തിന് (പലായനം ചെയ്യാൻ)അനുവാദം തന്നാലും. നബി(സ) പറഞ്ഞു: എന്റെ സമുദായത്തിന്റെ സിയാഹത്ത് അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള യുദ്ധമാണ്. (അബൂദാവൂദ്)

92) അബ്ദുല്ല(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു. യുദ്ധം കഴിഞ്ഞ് മടങ്ങൽ (ഫലത്തിൽ) യുദ്ധത്തെപ്പോലെയാണ്. (യുദ്ധം കഴിഞ്ഞുള്ള തിരിച്ചുവരവിലും യുദ്ധത്തിന് പോകുമ്പോഴുള്ള പ്രതിഫലം ലഭിക്കും) (അബൂദാവൂദ്)

93) സാഇബി(റ)ൽ നിന്ന് നിവേദനം: നബി(സ) തബൂക്ക് യുദ്ധത്തിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ജനങ്ങൾ അദ്ദേഹത്തെ എതിരേറ്റ് സ്വീകരിച്ചു. കുറേ കുട്ടികളൊന്നിച്ച് സനിയ്യത്തുൽ വദാഇൽവെച്ച് ഞാനും അദ്ദേഹത്തെ എതിരേറ്റു. (അബൂദാവൂദ്)

94) അബൂഉമാമ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വല്ലവനും യുദ്ധം ചെയ്യുകയോ ഒരു യോദ്ധാവിനെ ഒരുക്കി അയക്കുകയോ അല്ലെങ്കിൽ ഒരു യോദ്ധാവിന്റെ കുടുംബത്തിൽ നല്ല കാര്യത്തിന് യോദ്ധാവിന് പകരം വർത്തിക്കുന്നവനാകുകയോ ചെയ്തില്ലെങ്കിൽ അന്ത്യനാൾക്ക് മുമ്പ് തന്നെ അല്ലാഹുവിൽ നിന്നും ഒരു വിപത്ത് അവനെ പിടികൂടുന്നതാണ്. (അബൂദാവൂദ്)

95) അനസി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ധനം കൊണ്ടും ശരീരം കൊണ്ടും നാവുകൊണ്ടും മുശ്രിക്കുകളോട് നിങ്ങൾ ജിഹാദ് ചെയ്യുവിൻ. (അബൂദാവൂദ്)

96) നുഅ്മാനി(റ)ൽ നിന്ന് നിവേദനം: നബി(സ)യെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. പകലിന്റെ ആദ്യസമയത്ത് യുദ്ധത്തിൽ ഏർപ്പെട്ടിട്ടില്ലെങ്കിൽ മദ്ധ്യാഹ്നത്തിൽ നിന്ന് സൂര്യൻ ചായുകയും കാറ്റടിച്ച് വീശുകയും (അന്തരീക്ഷം തണുത്ത്) സഹായം ലഭിക്കുകയും ചെയ്യുന്നതുവരെ അവിടുന്ന് യുദ്ധം പിന്തിച്ചിരുന്നു. (അബൂദാവൂദ്, തിർമിദി)

97) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) ചോദിച്ചു: നിങ്ങളിൽ ആരെയാണ് ശുഹദാക്കളായി കണക്കാക്കുന്നത്? സദസ്യർ പറഞ്ഞു: പ്രവാചകരേ! അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടവരാണ് ശുഹദാക്കൾ. പ്രവാചകൻ(സ) പറഞ്ഞു: എങ്കിൽ എന്റെ സമുദായത്തിൽ ശുഹദാക്കൾ വളരെ കുറവായിരിക്കും. അവർ ചോദിച്ചു: പ്രവാചകരേ, പിന്നെ ആരാണവർ? അവിടുന്ന് മറുപടി പറഞ്ഞു: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടവൻ ശഹീദാണ്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ (യുദ്ധം നിമിത്തമല്ലാതെ) മരണപ്പെട്ടവൻ ശഹീദാണ്. വിഷൂചിക നിമിത്തം മരണപ്പെട്ടവൻ ശഹീദാണ്. വയറിലെ അസുഖം നിമിത്തം മരണപ്പെട്ടവൻ ശഹീദാണ്. മുങ്ങിമരിച്ചവൻ ശഹീദാണ്. (മുസ്ലിം)

98) സഈദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. ധനത്തിനുമുമ്പിൽ കൊല്ലപ്പെട്ടവൻ രക്തസാക്ഷിയാണ്. രക്തത്തിന് മുമ്പിൽ കൊല്ലപ്പെട്ടവൻ രക്തസാക്ഷിയാണ്. ദീനിനു മുമ്പിൽ കൊല്ലപ്പെട്ടവൻ ശഹീദാണ്. കുടുംബത്തിനു മുമ്പിൽ കൊല്ലപ്പെട്ടവൻ ശഹീദാണ്. (അബൂദാവൂദ്, തിർമിദി)

99) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: ഒരാൾ നബി(സ)യുടെ അടുത്തുവന്ന് പറഞ്ഞു: പ്രവാചകരെ അവിടുന്ന് പറഞ്ഞാലും! ഒരാൾ എന്റെ ധനം തട്ടിയെടുക്കാൻ ഉദ്ദേശിച്ചുകൊണ്ടുവന്നാൽ (ഞാനെന്ത് ചെയ്യണം)? അവിടുന്ന് പറഞ്ഞു: നിന്റെ ധനം അവന് കൊടുക്കരുത്. അയാൾ പറഞ്ഞു: അവിടുന്ന് പറഞ്ഞുതരിക. അവനെന്നോട് പോരാടിയാലോ? അവിടുന്ന് പറഞ്ഞു: നീയും അവനോട് പോരാടണം. അയാൾ പറഞ്ഞു. അവിടുന്ന് പറഞ്ഞുതന്നാലും. അവനെന്നെ കൊന്നാലോ? അവിടുന്ന് പറഞ്ഞു നീ അപ്പോൾ രക്തസാക്ഷിയാണ്. അയാൾ പറഞ്ഞു: അവിടുന്ന് പറഞ്ഞുതന്നാലും, ഞാനവനെ കൊന്നാലോ? അവിടുന്ന് പറഞ്ഞു അവൻ നരകത്തിലാണ്. (മുസ്ലിം)

100) മഅ്ഖലി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: കലാപവേളയിലെ ഇബാദത്ത് എന്റെ അടുത്തേക്ക് ഹിജ്റ ചെയ്യുന്നതിന്(ഫലത്തിൽ) തുല്യമാണ്. (മുസ്ലിം)