തിരഞ്ഞെടുത്ത ഹദീസുകൾ/ചുരുക്കി നമസ്കരിക്കൽ
എന്താണ് ചുരുക്കി നമസ്കരിക്കൽ
[തിരുത്തുക]രോഗം, യാത്ര, മറ്റു ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ നമസ്കാരം ചുരുക്കിയും രണ്ട് സമയത്തുള്ളത് ചേർത്ത് ഓരു സമയത്തായും നിർവ്വഹിക്കാൻ അനുവദിച്ചിട്ടുണ്ട്. നാല് റകഅത്ത് (സ്റ്റെപ്പ്)കളുള്ള നമസ്കാരം രണ്ടായി ചുരുക്കി നിർവ്വഹിക്കാവുന്നതാണ്. ഉച്ചക്ക് ശേഷമുള്ള ളുഹർ, സായാഹ്ന നേരത്തുള്ള അസർ, രാത്രിയിലുള്ള ഇശാ എന്നിങ്ങനെ നാല് റകഅത്തുള്ള നമസ്കാരമാണ് രണ്ടായി നമസ്കരിക്കാവുന്നത്.
1.ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) പത്തൊമ്പത് ദിവസം ഖസ്റാക്കിക്കൊണ്ട് (മക്കാവിജയ വേളയിൽ) അവിടെ താമസിച്ചു. ഞങ്ങൾ യാത്ര ചെയ്യുകയും ഒരു സ്ഥലത്തു 19 ദിവസം വരെ താമസിക്കുകയും ചെയ്താൽ ഖസ്റാക്കും. വർദ്ധിപ്പിച്ചാൽ പൂർത്തിയാക്കും. (ബുഖാരി. 2. 20. 186)
2.അനസ്(റ) നിവേദനം: ഞങ്ങൾ നബി(സ) യോടൊപ്പം (ഹജ്ജുത്തൂൽ വദാഇൽ) മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു. ആ യാത്രയിൽ മദീനയിലേക്ക് മടങ്ങും വരെ നബി(സ) ഈ രണ്ട് ഈ രണ്ട് റക്ക്അത്തുകളായിട്ടാണ് നമസ്കരിച്ചിരുന്നത്. ഇത് പറഞ്ഞപ്പോൾ നിങ്ങൾ മക്കയിൽ കുറച്ച് ദിവസം താമസിച്ചിരുന്നോ എന്ന് ചിലർ ചോദിച്ചു. ഞങ്ങൾ പത്തുദിവസം താമസിച്ചുവെന്ന് അനസ്(റ) മറുപടി പറഞ്ഞു. (ബുഖാരി. 2. 20. 187)
3.അബ്ദുല്ല(റ) നിവേദനം: ഞാൻ നബി(സ) യോടൊപ്പം മിനായിൽ വെച്ച് രണ്ടു റക്അത്തു ഖസ്റാക്കി നമസ്കരിച്ചിട്ടുണ്ട്. അബൂബക്കർ, ഉമർ എന്നിവരോടൊപ്പം ഉസ്മാന്റെ ഭരണത്തിന്റെ ആദ്യഘട്ടത്തിലും രണ്ടു റക്ക് അത്തു തന്നെയാണ് നമസ്കരിച്ചിരുന്നത്. അവസാന ഘട്ടങ്ങളിൽ ഉസ്മാൻ പൂർത്തിയാക്കി നമസ്കരിക്കുകയാണ് ചെയ്തിരുന്നത്. (ബുഖാരി. 2. 20. 188)
4.ഹാരിസത്തു(റ) പറയുന്നു: ഞങ്ങൾ തികച്ചും നിർഭയരായിരിക്കുന്ന സന്ദർഭത്തിൽ തന്നെ നബി(സ) ഞങ്ങളെയും കൂട്ടി മിനായിൽ വെച്ച് രണ്ട് റക്ത്താക്കി നമസ്കരിച്ചിട്ടുണ്ട്. (ബുഖാരി. 2. 20. 189)
5.അബ്ദുറഹ്മാൻ(റ) നിവേദനം: ഉസ്മാൻ(റ) മിനായിൽ വെച്ച് (ഖസ്റാക്കാതെ) ഞങ്ങളേയുമായി നാല് റക്അത്തു നമസ്കരിച്ചു. ഇതിനെ സംബന്ധിച്ച് അബ്ദുല്ലാഹിബ്നുമസ്ഊദി(റ)നോട് ചിലർ ചോദിച്ചു. ഇന്നാലില്ലാഹിവഇന്നഇലൈഹിറാജിഊൻ എന്നാണ് അദ്ദേഹം പറഞ്ഞത്. ശേഷം അദ്ദേഹം പറഞ്ഞു. ഞാൻ നബി(സ)യുടെ കൂടെ മിനായിൽ വെച്ച് രണ്ട് റക്അത്തു ഖസ്റാക്കി നമസ്കരിച്ചിട്ടുണ്ട്. അബൂബക്കർ(റ) ഉമർ(റ) എന്നിവരുടെ കൂടെയും മിനായിൽ വെച്ച് രണ്ടു റക്അത്തു നമസ്കരിച്ചിട്ടുണ്ട്. ആ നാല് റക്അത്തുകളുടെ സ്ഥാനത്ത് അല്ലാഹുവിങ്കൽ സ്വീകാര്യങ്ങളായ രണ്ട് റക്അത്തു നമസ്കരിക്കാൻ എനിക്ക് ഭാഗ്യമുണ്ടായെങ്കിൽ എന്നാണ് ഞാൻ ആശിക്കുന്നത്. (ബുഖാരി. 2. 20. 190)
6.ഇബ്നു അബ്ബാസ്(റ) പറയുന്നു: നാലിന്റെ പ്രഭാതത്തിൽ ഹജ്ജിന് തൽബിയ്യത്തു ചൊല്ലികൊണ്ടു നബി(സ)യും സഹാബിമാരും പുറപ്പെട്ടു. നബി(സ) അവരോട് ഹജ്ജിനെ ഉംറ:യാക്കി മാറ്റുവാൻ നിർദ്ദേശിച്ചു. ബലിമൃഗത്തെ കൂടെ കൊണ്ടുവന്നവർ ഒഴികെ. (ബുഖാരി. 2. 20. 191)
7.ഇബ്നു ഉമർ(റ) നിവേദനം: വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട ഒരു പുരുഷന്റെ കൂടെയല്ലാതെ ഒരുസ്ത്രീ മൂന്നു ദിവസത്തെ യാത്ര ചെയ്യുവാൻ പാടില്ലായെന്ന് നബി(സ) അരുളി. (ബുഖാരി. 2. 20. 192)
8.അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു പകലും ഒരു രാത്രിയും വിവാഹബന്ധം നിഷിദ്ധമാക്കിയവർ കൂടെയില്ലാതെ യാത്ര ചെയ്യുവാൻ പാടില്ല. (ബുഖാരി. 2. 20. 194)
9.ആയിശ:(റ) നിവേദനം: നമസ്കാരം ആദ്യം ഈ രണ്ട് റക്ക്അത്തു വീതമായിരുന്നു നിർബന്ധമാക്കപ്പെട്ടിരിക്കുന്നത്. യാത്രയിൽ അതു അപ്രകാരം തന്നെ സ്ഥിരപ്പെടുത്തി. നാട്ടിലെ നമസ്കാരത്തിൽ പൂർത്തിയാക്കുകയും ചെയ്തു. സുഹ്രി(റ) പറയുന്നു. ആയിശ:(റ)യുടെ സ്ഥിതി എന്താണ്!. അവർ യാത്രയിൽ പൂർത്തിയാക്കി (നാല് റക്ക്അത്തു) നമസ്കരിക്കുന്നുണ്ടല്ലോ? എന്ന് ഞാൻ ഉറ്വ:(റ) യോടു ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഉസ്മാൻ(റ) വ്യാഖ്യാനിച്ചതുപോലെ അവരും വ്യാഖ്യാനിച്ചു. (ബുഖാരി. 2. 20. 196)
10.ഇബ്നു ഉമർ(റ) നിവേദനം: നബി(സ) വേഗം എത്തേണ്ട യാത്രയിലാണെങ്കിലും മഗ്രിബ് നമസ്കാരം (ഇശാ നമസ്കാരത്തിലേക്ക്) പിന്തിക്കും. എന്നിട്ട് മഗ്രിബും ഇശായും ജംഅ് ആക്കി നമസ്കരിക്കും. സാലിം(റ) പറയുന്നു. അബ്ദുല്ല ധൃതിയുള്ള യാത്രയിൽ അപ്രകാരം ചെയ്യാറുണ്ട്. സാലിം(റ) പറയുന്നു: ഇബ്നു ഉമർ(റ) മുസ്ദലിഫയിൽ വെച്ച് മഗ്രിബിന്റെയും ഇശായുടെയും ഇടയിൽ ജംഅാക്കാറുണ്ട്. സാലിം(റ) പറയുന്നു. ഇബ്നു ഉമർ(റ) മഗ്രിബ് നമസ്കാരത്തെ പിന്തിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സ്വഫിയ്യ: ക്ക് രോഗമാണെന്ന വിവരം അദ്ദേഹത്തിന് ലഭിക്കുകയും അദ്ദേഹത്തിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു: നമസ്കാരത്തിന്റെ സമയമായി. ഇബ്നു ഉമർ(റ) പറഞ്ഞു: നീ യാത്ര ചെയ്യുക. രണ്ടോ മൂന്നോ മൈൽ ഞങ്ങൾ യാത്ര ചെയ്തപ്പോൾ വാഹനത്തിൽ നിന്ന് ഇറങ്ങി അദ്ദേഹം നമസ്കരിച്ചു. അനന്തരം അദ്ദേഹം പറഞ്ഞു. നബി(സ)ക്ക് യാത്ര ധൃതിയുള്ളതാകയാൽ ഇപ്രകാരം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അബ്ദുല്ല(റ) പറയുന്നു: നബി(സ)ക്ക് വേഗം എത്തേണ്ട യാത്രയിലാണെങ്കിൽ മഗ്രിബ് നമസ്കാരം അദ്ദേഹം പിന്തിക്കും. എന്നിട്ട് മഗ്രിബ് മൂന്ന് റക്അത്തായിട്ടു തന്നെ നമസ്കരിച്ച് സലാം വീട്ടും. എന്നിട്ട് അധികം താമസിയാതെ രണ്ട് റക്അത്തു ഇശാ നമസ്കരിക്കും. എന്നിട്ട് സലാം ചൊല്ലും. അർദ്ധരാത്രി തഹജ്ജൂദിനു വേണ്ടി എഴുന്നേൽക്കും വരെ നബി(സ) ഒരു സുന്നത്തും നമസ്കരിക്കുകയില്ല. (ബുഖാരി. 2. 20. 197)
11.ഇബ്നു ആമിർ(റ) തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. വാഹനം തിരിഞ്ഞുനിൽക്കുന്ന ഭാഗത്തേക്ക് അഭിമുഖമായിക്കൊണ്ട് നബി(സ) വാഹനപ്പുറത്ത് വെച്ച് നമസ്കരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. (ബുഖാരി. 2. 20. 198)
12.ജാബിർ(റ) നിവേദനം: വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഖിബ്ലയുടെ ഭാഗത്തുനിന്ന് തെറ്റിക്കൊണ്ട് നബി(സ) സുന്നത്തു നമസ്കരിക്കാറുണ്ട്. (ബുഖാരി. 2. 20. 199)
13.ഇബ്നു ഉമർ(റ) നിവേദനം: അദ്ദേഹം വാഹനപ്പുറത്തുവെച്ച് വിത്ർ നമസ്കരിക്കാറുണ്ട്. നബി(സ) അപ്രകാരം ചെയ്യാറുന്ന്െ അനന്തരം അദ്ദേഹം പറയും. (ബുഖാരി. 2. 20. 200)
14.ഇബ്നു ഉമർ(റ) നിവേദനം: അദ്ദേഹം തന്റെ യാത്രയിൽ വാഹനം എവിടേക്ക് തിരിഞ്ഞു നിൽക്കുന്നുവോ അവിടേക്ക് അഭിമുഖീകരിച്ച് നമസ്കരിക്കാറുണ്ട്. ശേഷം നിശ്ചയം പ്രവാചകൻ ഇപ്രകാരം ചെയ്യാറുണ്ടെന്ന് അദ്ദേഹം പറയും. ആംഗ്യം കാണിച്ചാണ് അദ്ദേഹം നമസ്കരിക്കാറുള്ളത്. (ബുഖാരി. 2. 20. 201)
15.ആമിർ(റ) നിവേദനം: ഒട്ടകം ഏത് ഭാഗത്തേക്ക് തിരിഞ്ഞു നിൽക്കുകയാണെങ്കിലും ആ ഭാഗത്തേക്ക് അഭിമുഖീകരിച്ച് തന്റെ ശിരസ്സ് കൊണ്ട് ആംഗ്യം കാണിച്ച് അതിന്റെ പുറത്ത് വെച്ച് നബി(സ) നമസ്കരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഫർള് നമസ്കാരത്തിൽ നബി(സ) അപ്രകാരം ചെയ്യാറില്ല. (ബുഖാരി. 2. 20. 202)
16.ജാബിർ(റ) നിവേദനം: നബി(സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് തന്റെ വാഹനപ്പുറത്ത് വെച്ച് നമസ്കരിക്കാറുണ്ട്. ഫർള് നമസ്കരിക്കുവാൻ ഉദ്ദേശിക്കുമ്പോൾ വാഹനപ്പുറത്ത് നിന്ന് ഇറങ്ങി ഖിബ്ലയെ അഭിമുഖീകരിച്ചുകൊണ്ട് നമസ്കരിക്കും. (ബുഖാരി. 2. 20. 203)
21.ഇബ്നു സീറിൻ(റ) പറയുന്നു: അനസ്(റ) ശാമിൽ നിന്ന് വരുന്ന സന്ദർഭത്തിൽ അദ്ദേഹത്തെ സ്വീകരിക്കുവാൻ വേണ്ടി ഞങ്ങൾ അഭിമുഖീകരിച്ചു. ഐനുത്തംറ് എന്ന സ്ഥലത്തു വെച്ച് ഞങ്ങൾ അദ്ദേഹത്തെ കണ്ടുമുട്ടി. ഖിബ്ലയുടെ ഇടത് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് ഒരു കഴുതപ്പുറത്തിരുന്ന് അദ്ദേഹം നമസ്കരിക്കുന്നത് ഞാൻ കണ്ടു. അപ്പോൾ ഞാൻ ചോദിച്ചു. ഖിബ്ലയിൽ നിന്ന് തെറ്റിയാണോ നിങ്ങൾ നമസ്കരിക്കുന്നത്? അദ്ദേഹം പറഞ്ഞു: നബി(സ) അപ്രകാരം ചെയ്യുന്നത് കണ്ടിരുന്നില്ലെങ്കിൽ ഞാൻ അങ്ങിനെ ചെയ്യുകയില്ലായിരുന്നു. (ബുഖാരി. 2. 20. 204)
22.ഇബ്നു ഉമർ(റ) നിവേദനം: ഞാൻ നബി(സ)യുടെ കൂടെ സഹവസിച്ചിട്ടുണ്ട്. യാത്രയിലൊരിക്കലും നബി(സ) സുന്നത്തു നമസ്കരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ ദൂതനിൽ നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ട് (33. 21). (ബുഖാരി. 2. 20. 206)
23.ഇബ്നു ഉമർ(റ) നിവേദനം: ഞാൻ നബി(സ)യെ സഹവസിച്ചിട്ടുണ്ട്. അവിടുന്ന് യാത്രയിൽ രണ്ട് റക്അത്തിൽ കൂടുതലായി നമസ്കരിക്കാറില്ല. അബൂബക്കർ, ഉമർ, ഉസ്മാൻ എന്നിവരേയും ഞാൻ സഹവസിച്ചിട്ടുണ്ട്. അവരും രണ്ടു റക്അത്തിൽ കൂടുതലായി (സുന്നത്തു) വർദ്ധിപ്പിക്കാറില്ല. (ബുഖാരി. 2. 20. 206)
24.ഉമ്മൂഹാനിഅ്(റ) നിവേദനം: നബി(സ) മക്കാ വിജയത്തിന്റെ സന്ദർഭത്തിൽ അവരുടെ വീട്ടിൽ വെച്ച് കുളിക്കുകയും ളുഹാ നമസ്കാരം എട്ട് റക്ക്അത്തു നമസ്കരിക്കുകയും ചെയ്തു. വളരെ ലഘുവായ നിലക്കാണ് നബി(സ) അവ നിർവ്വഹിച്ചത്. എങ്കിലും സുജൂദും റൂകുഉം പൂർത്തിയാക്കിയിട്ടുണ്ട്. ആമിർ(റ) നിവേദനം: നബി(സ) ഒരു യാത്രയിൽ രാത്രിയിൽ വാഹനത്തിലിരുന്നു. ആ വാഹനം പോകുന്ന ഭാഗത്തേക്ക് തിരിഞ്ഞു സുന്നത്തു നമസ്കരിക്കുന്നത് ഞാൻ കണ്ടു. (ബുഖാരി. 2. 20. 207)
25.ഇബ്നുഉമർ(റ) നിവേദനം: നബി(സ) വേഗം എത്തേണ്ടതായ യാത്രയിലാണെങ്കിൽ മഗ്രിബിന്റെയും ഇശായുടെയും ഇടയിൽ ജംഅാക്കി നമസ്കരിക്കും. ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) യാത്രയിൽ ളുഹ്റും അസ്റും അപ്രകാരം തന്നെ മഗ്രിബും ഇശായും ജം: ആക്കി നമസ്കരിക്കാറുണ്ട് (ബുഖാരി. 2. 20. 209)
26.അനസ്(റ) നിവേദനം: സൂര്യൻ ആകാശമധ്യത്തിൽ നിന്ന് തെറ്റുന്നതിന്റെ മുമ്പ് നബി(സ) യാത്ര പുറപ്പെട്ടാൽ ളുഹ്റിന് അസറിന്റെ സമയത്തിലേക്ക് പിന്തിക്കും. ശേഷം അവയുടെ ഇടയിൽ ഒരുമിച്ച് കൂട്ടി നമസ്കരിക്കും. സൂര്യൻ തെറ്റിയ ശേഷമാണ് യാത്ര പുറപ്പെടുന്നതെങ്കിൽ ളുഹ്ർ നമസ്കരിച്ച് വാഹനത്തിൽ കയറും. (ബുഖാരി. 2. 20. 212)
27.ഇംറാനുബ്നു ഹുസൈൻ(റ) നിവേദനം: എന്നെ മൂലക്കുരു രോഗം ബാധിച്ചിരുന്നു. അപ്പോൾ തിരുമേനി(സ) യോട് ഒരാൾ ഇരുന്ന് നമസ്കരിക്കുന്നതിനെക്കുറിച്ച് ഞാൻ ചോദിച്ചു. അപ്പോൾ നബി(സ) പറഞ്ഞു. എഴുന്നേറ്റ് നിന്ന് നമസ്കരിച്ചാൽ അതാണ് ഉത്തമം. വല്ലവനും ഇരുന്നു നമസ്കരിച്ചാൽ നിന്ന് നമസ്കരിക്കുന്നതിന്റെ പകുതി പ്രതിഫലം അവനുണ്ട്. ഒരാൾ കിടന്നുകൊണ്ട് നമസ്കരിച്ചാൽ ഇരുന്നു നമസ്കരിക്കുന്നവന്റെ പകുതി പ്രതിഫലം അവനുണ്ട്. (ബുഖാരി. 2. 20. 216)
ഇംറാൻ(റ) നിവേദനം: എന്നെ മൂലക്കുരു ബാധിച്ചപ്പോൾ നബി(സ) യോട് നമസ്കാരത്തെക്കുറിച്ച് ഞാൻ ചോദിച്ചു. അപ്പോൾ നബി(സ) പറഞ്ഞു. നീ നിന്ന് നമസ്കരിക്കുക. അതിന് കഴിവില്ലെങ്കിൽ ഇരുന്നും അതിന്നും കഴിവില്ലെങ്കിൽ കിടന്നും നമസ്കരിക്കുക. (ബുഖാരി. 2. 20. 217)
28.ആയിശ:(റ) നിവേദനം: വാർദ്ധക്യം പ്രാപിക്കുന്നതുവരെ നബി(സ) രാത്രിയിലെ സുന്നത്തു നമസ്കാരം ഒരിക്കലും ഇരുന്നു നമസ്ക്കരിക്കുന്നതു ഞാൻ കണ്ടിട്ടില്ല. വാർദ്ധക്യമായപ്പോൾ നബി(സ) ഇരുന്നുകൊണ്ടാണ് നമസ്കാരത്തിൽ ഖുർആൻ ഓതിയിരുന്നത്. അങ്ങനെ റുകൂഅ് ചെയ്യേണ്ട സമയം വരുമ്പോൾ എഴുന്നേറ്റ് നിന്ന് മുപ്പതോ നാൽപ്പതോ ആയത്തുകൾ ഓതിയശേഷം റുകൂഅ്ചെയ്യും. (ബുഖാരി. 2. 20. 219)