തിരഞ്ഞെടുത്ത ഹദീസുകൾ/ഖുർആൻ വ്യാഖ്യാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറഞ്ഞു: മനുഷ്യൻ എന്നെ നിഷേധിച്ചു. അവന് അതിന്നധികാരമില്ല. അവൻ എന്നെ ശകാരിച്ചു. അവന് അതിന്നും അധികാരമുണ്ടായിരുന്നില്ല. അവൻ എന്നെ നിഷേധിച്ചതു അവനെ മരണത്തിനുമുമ്പുളള രൂപത്തിൽ പുനർജ്ജീവിപ്പിക്കുവാൻ എനിക്ക് സാധ്യമല്ലെന്ന് അവൻ വാദിച്ചതാണ്. എന്നെ ശകാരിച്ചുവെന്ന് പറഞ്ഞത് എനിക്ക് സന്താനമുണ്ടെന്ന അവന്റെ വാദവും. സഹധർമ്മിണിയെയും സന്താനത്തേയും സ്വീകരിക്കുന്നതിൽ നിന്നും എത്രയോ പരിശുദ്ധനാണ് ഞാൻ. (ബുഖാരി. 6. 60. 9)

2) അബുഹുറൈറ(റ) പറയുന്നു: വേദക്കാർ തൗറാത്ത് മുസ്ലിംകൾക്ക് ഹിബ്രു ഭാഷയിൽ വായിച്ചുകേൾപ്പിച്ച് അറബിഭാഷയിൽ വിശദീകരിച്ചു കൊടുക്കാറുണ്ട്. അപ്പോൾ നബി(സ) പറഞ്ഞു: വേദക്കാരുടെ ഒരു വാക്കും നിങ്ങൾ വിശ്വസിക്കരുത്. നിഷേധിക്കുകയുമരുത്. അല്ലാഹുവിലും ഞങ്ങൾക്കവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നുവെന്ന് മാത്രം പറഞ്ഞുകൊളളുക. (ബുഖാരി. 6. 60. 12)

3) ഹുദൈഫ:(റ) പറയുന്നു: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിങ്ങൾ ചിലവ് ചെയ്യുവീൻ. നിങ്ങളുടെ കരങ്ങളെ നാശത്തിലേക്ക് നിങ്ങൾ ഇടരുത് (2:195) എന്ന സൂക്തം യുദ്ധത്തിൽ ചിലവ് ചെയ്യുന്നതിനെ സംബന്ധിച്ച് അവതരിപ്പിക്കപ്പെട്ടതാണ്. (ബുഖാരി. 6. 60. 41)

4) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) ഒരു ദിവസം സഫാ മല മേൽ കയറി നിന്ന് പ്രഭാതത്തിൽ വന്നു ഭവിച്ച വിപത്തേ എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഖൂറൈശികൾ ഓടിയെത്തി ചുറ്റുംകൂടി പരിഭ്രാന്തിയോടെ ചോദിച്ചു: നിങ്ങൾക്കെന്തുപറ്റി? നബി(സ) അരുളി: നിങ്ങളൊന്ന് ചിന്തിച്ചുനോക്കുക. നാളെ രാവിലെ അല്ലെങ്കിൽ വൈകുന്നേരം ശത്രുക്കൾ ആക്രമിക്കാൻ വരുന്നുണ്ടെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എന്നെ വിശ്വസിക്കുമോ? അതെയെന്നവർ മറുപടി പറഞ്ഞു. നബി(സ) അരുളി: ശരി, എങ്കിൽ അല്ലാഹുവിൽ നിന്നുളള കഠിനശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാൻ വന്നവനാണ് ഞാൻ. ഉടനെ അബൂലഹബ് പറഞ്ഞു: നിനക്ക് നാശം. ഇതിന് വേണ്ടിയാണോ നീ ഞങ്ങളെ ഇവിടെ വിളിച്ചു വരുത്തിയത്. ആ സന്ദർഭത്തിലാണ്" അബൂലഹബിന്റെ ഇരു കൈകളും നശിച്ചിരിക്കുന്നു”വെന്ന് ഖുർആൻ സൂക്തം അവതരിപ്പിക്കപ്പെട്ടത്. (111: 1, 5 (ബുഖാരി. 6. 60. 293)

5) അബ്ദുല്ല(റ) പറയുന്നു: നബി(സ) ഒരിക്കൽ പ്രസംഗത്തിനിടയിൽ സാലിഹ് നബി (അ) യുടെ ഒട്ടകത്തെയും അതിനെ അറുത്തവനേയും കുറിച്ച് അരുളുന്നതു അദ്ദേഹം കേട്ടു. ആ സമൂഹത്തിലെ അങ്ങേയറ്റത്തെ ദുഷ്ടൻ എഴുന്നേറ്റു പുറപ്പെട്ടപ്പോൾ എന്ന വാക്കിന് അബൂസംഅതിനെപ്പോലെ തന്റെ ജനതയിൽ ശക്തനും സുരക്ഷിതനും ദുഷ്ടനുമായി ജീവിച്ചിരുന്ന ഒരു പുരുഷൻ ആ ഒട്ടകത്തിന്റെ നേരെ എഴുന്നേറ്റു പുറപ്പെട്ടപ്പോൾ എന്നാണർത്ഥമെന്ന് നബി(സ) അരുളി. തുടർന്ന് നബി(സ) സ്ത്രീകളെക്കുറിച്ചു അരുളുകയുണ്ടായി. നിങ്ങളിലൊരാൾ അടിമയെ അടിക്കും പോലെ സ്വപത്നിയെ അടിക്കും. അതേ ദിവസം അവളോടൊപ്പം ശയിക്കുകയും ചെയ്യും. തുടർന്ന് കൊണ്ട് മറ്റുളളവർക്ക് കീഴ്വായു പോകുന്ന ശബ്ദം കേൾക്കുമ്പോൾ ചിരിക്കുന്നവരേയും നബി(സ) ഉപദേശിച്ചു. തങ്ങളിൽ നിന്ന് സംഭവിക്കാറുളള കാര്യത്തെക്കുറിച്ച് എന്തിനാണ് ചിരിക്കുന്നതെന്ന് നബി(സ) ചോദിച്ചു. സുബൈറിബ്നുൽ അഖാമിന്റെ പിതൃവ്യൻ അബൂസംഅതിനെപ്പോലെ എന്നാണ് മറ്റൊരു നിവേദനത്തിൽ വന്നിട്ടുളളത്. (ബുഖാരി. 6. 60. 466)

6) ആയിശ(റ) നിവേദനം: നിനക്ക് നാം കൗസർ നൽകിയിരിക്കുന്നുവെന്ന ഖുർആൻ വാക്യത്തെക്കുറിച്ച് അവരോട് ചോദിക്കപ്പെട്ടു. അവർ പറഞ്ഞു: നബിക്ക് പരലോകത്തുവെച്ച് നൽകപ്പെടുന്ന നദിയാണ്. അതിന്റെ ഇരു കരകളിലും ഉളള് ഓട്ടയായ മുത്തുകളുണ്ടായിരിക്കും. ആകാശത്തിലെ നക്ഷത്രങ്ങളുടെ അത്രയെണ്ണം പാത്രങ്ങളുണ്ടായിരിക്കും അവിടെ. (ബുഖാരി. 6. 60. 489)