തിരഞ്ഞെടുത്ത ഹദീസുകൾ/ഖുർആന്റെ സുജൂദുകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പാരയണ സുജൂദ്[തിരുത്തുക]

ഖുർആൻ പാരായണത്തിനിടെ ചിലസന്ദർഭങ്ങളിൽ സാഷ്ടാംഗം നമിക്കുവാൻ(സുജൂദ്) കൽപിക്കപ്പെട്ടിട്ടുണ്ട്. അത്തരം 15 ഇടങ്ങളാണ് ഖുർആനിലുള്ളത്. അതിനെ സംബന്ധിച്ചാണ് താഴെയുള്ള ഹദീസുകളിൽ പറയുന്നത്.


1) അബൂറാഫിഅ്(റ) നിവേദനം: ഒരിക്കൽ അബൂഹുറൈറ(റ)യുടെ കൂടെ ഞാൻ ഇശാമനസ്കരിച്ചു. അദ്ദേഹം ഇദസ്സമാഉൻശഖത്തു എന്ന സൂറത്തു ഓതുകയും (ഓത്തിന്റെ) സുജൂദ് ചെയ്യുകയും ചെയ്തു. ഇതിനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ അബൂഹുറൈറ(റ) പറഞ്ഞു: നബി(സ)യുടെ പിന്നിൽ നിന്ന് ഞാൻ സുജൂദ് ചെയ്തിട്ടുണ്ട്. ഞാൻ മരിച്ച് അദ്ദേഹത്തെ കണ്ടുമുട്ടുന്നതുവരെ ആ സൂറത്തു ഓതുമ്പോഴെല്ലാം ഞാൻ സുജൂദ് ചെയ്യും. (ബുഖാരി. 1. 12. 733)
2) അബ്ദുല്ല(റ) നിവേദനം: നബി(സ) മക്കയിൽ വെച്ച് സൂറത്ത് നജ്മ് ഓതുകയും അതിൽ സുജൂദ് ചെയ്യുകയും ചെയ്തു. അപ്പോൾ നബി(സ)യുടെ കൂടെയുണ്ടായിരുന്നവരും സുജൂദ് ചെയ്തു. ഒരു കിഴവൻ ഒഴികെ. അയാൾ തന്റെ കയ്യിൽ ചെറിയ കല്ലോ മണ്ണോ എടുത്ത് തന്റെ നെറ്റിക്ക് നേരെ ഉയർത്തി എനിക്ക് ഇത്രയും മതിയെന്ന് ജൽപിച്ചു. അയാൾ ഈ സംഭവത്തിനുശേഷം അവിശ്വാസിയായി വധിക്കപ്പെട്ടത് ഞാൻ കാണുകയുണ്ടായി. (ബുഖാരി. 2. 19. 173)
3) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) സൂറത്തു നജ്മ് പാരായണം ചെയ്തപ്പോൾ നബി(സ)യുടെ കൂടെ മുസ്ളിംകളും മുശ്രിക്കുകളും ജിന്നും മനുഷ്യനും സുജൂദ് ചെയ്തു. (ബുഖാരി. 2. 19. 177)
4) സെയ്തുബ്നു സാബിത്ത്(റ) നിവേദനം: നബി(സ)ക്ക് വന്നജ്മ് സൂറത്തു ഒരിക്കൽ അദ്ദേഹം ഓതി കേൾപ്പിച്ചു. അപ്പോൾ നബി(സ) സുജൂദ് ചെയ്തില്ല. (ബുഖാരി. 2. 19. 179)
5) അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം ഇസസ്സാമഇൻ ശഖത്തു എന്ന സൂറത്തു ഓതുകയും അതിൽ സുജൂദ് ചെയ്യുകയും ചെയ്തു. അതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു. നബി(സ) സുജൂദ് ചെയ്യുന്നത് ഞാൻ കണ്ടിരുന്നില്ലെങ്കിൽ ഞാൻ സുജൂദ് ചെയ്യുകയില്ലായിരുന്നു. (ബുഖാരി. 2. 19. 180)
6) ഇബ്നു ഉമർ(റ) നിവേദനം: സുജൂദ് ചെയ്യേണ്ട സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ചില സൂറത്തുകൾ ഞങ്ങളുടെ മുമ്പിൽ വെച്ച് നബി(സ) ഓതാറുണ്ടായിരുന്നു. അന്നേരം നബി(സ) സുജൂദ് ചെയ്യും. അപ്പോൾ ഞങ്ങളും സുജൂദ് ചെയ്യും. ചിലപ്പോൾ ചിലർക്ക് നെറ്റി നിലത്ത് വെക്കാൻ പോലും സ്ഥലം ലഭിക്കാറില്ല. (ബുഖാരി. 2. 19. 181)
7) ഉമർ(റ) നിവേദനം: അദ്ദേഹം ഒരു വെള്ളിയാഴ്ച ദിവസം മിമ്പറിൽ വെച്ച സൂറത്തു നഹ്ല് ഓതുകയും സുജൂദിന്റെ സ്ഥലത്ത് എത്തിയപ്പോൾ മിമ്പറിൽ നിന്ന് താഴേക്ക് ഇറങ്ങി സുജൂദ് ചെയ്തു. ജനങ്ങളും സുജൂദ് ചെയ്തു. അടുത്ത് ജുമുഅ: യിലും അത് ഓതുകയും സുജൂദിന്റെ സ്ഥാനത്ത് എത്തിയപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു. അല്ലയോ ജനങ്ങളേ, സുജൂദിന്റെ ആയത്തിലൂടെ നാം കടന്നുപോകും. അപ്പോൾ വല്ലവനും സുജൂദ് ചെയ്താൽ സുന്നത്തു അവന്ന് ലഭിച്ചു. സുജൂദ് ചെയ്യാത്ത പക്ഷം അവന്റെ മേൽ തെറ്റില്ല. അങ്ങനെ ഉമർ(റ) സുജൂദ് ചെയ്തില്ല. ഇബ്നുഉമർ(റ)ന്റെ നിവേദനത്തിൽ പറയുന്നു: ഈ സുജൂദ് അല്ലാഹു നിർബ്ബന്ധമാക്കിയിട്ടില്ല. നാം ഉദ്ദേശിച്ചാൽ സുജൂദ് ചെയ്യാം. (ബുഖാരി. 2. 19. 183)
8) അബൂറാഫിഅ്(റ) പറയുന്നു: അബൂഹുറൈറ(റ)യുടെ കൂടെ ഒരു ഇശാ നമസ്കാരം ഞാൻ നിർവ്വഹിച്ചു. അപ്പോൾ അദ്ദേഹം ഇദസ്സമാഉൻ ശഖാത്തു ഓതുകയും സുജൂദ് ചെയ്യുകയും ചെയ്തു. ഇതെന്താണെന്ന് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: അബൂഖാസിമിന്റെ (നബി) പിന്നിൽ നിന്ന് ഈ സൂറത്തിൽ ഞാൻ സുജൂദ് ചെയ്തിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടുന്നത് വരെ ചെയ്ത് കൊണ്ടിരിക്കും. (ബുഖാരി. 2. 19. 184)
9) ഇബ്നുഅബ്ബാസ്(റ) പറയുന്നു: സ്വാദ് സൂറത്തിലെ സുജൂദ് അത്യാവശ്യം സുജൂദുകളിൽ പെട്ടതല്ല. നബി(സ) ഈ സൂറത്തിൽ സുജൂദ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. (ബുഖാരി. 2. 19. 175)
10)അബൂഹുറൈറ(റ) നിവേദനം: നബി(സ) ജുമുഅ:യുടെ ദിവസം സുബ്ഹി നമസ്കാരത്തിൽ സുറത്തു സജദ:യും സൂറത്തും ദഹ്റും ഓതാറുണ്ട്. (ബുഖാരി. 2. 19. 174)