തിരഞ്ഞെടുത്ത ഹദീസുകൾ/ഖുർആനും സുന്നത്തും മുറുകെ പിടിക്കൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: എന്റെ അനുയായികളെല്ലാവരും സ്വർഗ്ഗത്തിൽ പ്രവേശിക്കും. നിരസിച്ചവർ പ്രവേശിക്കുകയില്ല. അവർ ചോദിച്ചു: പ്രവാചകരേ! ആരാണ് നിരസിക്കുന്നവർ?. നബി(സ) അരുളി: എന്നെ വല്ലവനും അനുസരിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. എന്റെ കൽപന ലംഘിച്ചവൻ നിരസിച്ചവനാണ്. (ബുഖാരി. 9. 92. 384)

2) ജാബിർ (റ) പറയുന്നു: ഒരു സംഘം മലക്കുകൾ നബി(സ)യുടെ അടുക്കൽ വന്നു. നബി(സ) ഉറങ്ങുകയായിരുന്നു. ചിലർ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ്. മറ്റുചിലർ പറഞ്ഞു: കണ്ണു ഉറങ്ങിയിട്ടുണ്ടെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അവരിൽ ചിലർ പറഞ്ഞു: നിങ്ങളുടെ ഈ സ്നേഹിതന് ഒരു ഉപമയുണ്ട്. അദ്ദേഹത്തിന്റെ ഉപമ വിവരിക്കുക. അപ്പോൾ ചിലർ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ് മറ്റു ചിലർ പറഞ്ഞു: കണ്ണ് ഉറങ്ങുകയാണെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അപ്പോൾ അവർ പറഞ്ഞു: ഒരു മനുഷ്യൻ ഒരു വീട് നിർമ്മിച്ചു. എന്നിട്ട് അതിൽ ഒരു വിരുന്നു തയ്യാറാക്കി. ആളുകളെ ക്ഷണിക്കാൻ ആളയച്ചു. ക്ഷണം സ്വീകരിച്ചവർ വീട്ടിൽ പ്രവേശിക്കുകയും വിരുന്നിലെ വിഭവങ്ങൾ ഭക്ഷിക്കുകയും ചെയ്തു. ക്ഷണം സ്വീകരിക്കാത്തവർ വീട്ടിൽ പ്രവേശിക്കുകയോ സൽക്കാരവിഭവങ്ങൾ ഭക്ഷിക്കുകയോ ചെയ്തില്ല. തുടർന്ന് അവർ പറഞ്ഞു; ഈ ഉപമ നിങ്ങളദ്ദേഹത്തിന് വിവരിച്ചുകൊടുക്കുക. അദ്ദേഹം അതു ശരിക്കും ഗ്രഹിക്കട്ടെ. അവരിൽ ചിലർ പറഞ്ഞു: അദ്ദേഹം ഉറങ്ങുകയാണ്. ചിലർ പറഞ്ഞു: കണ്ണ് ഉറങ്ങിയിട്ടുണ്ടെങ്കിലും മനസ്സുറങ്ങിയിട്ടില്ല. അവർ പറഞ്ഞു: ആ പറഞ്ഞ വീട് സ്വർഗ്ഗമാണ്. വിരുന്നിന്ന് ക്ഷണിച്ചയാൾ മുഹമ്മദും. അതുകൊണ്ട് മുഹമ്മദിനെ വല്ലവനും അനുസരിച്ചാൽ അവൻ അല്ലാഹുവിനെ അനുസരിച്ചു. മുഹമ്മദിന്റെ കൽപന ലംഘിച്ചു. മുഹമ്മദാണ് ജനങ്ങളെ വിശ്വാസിയും അവിശ്വാസിയുമായി വേർതിരിക്കുന്നത്. (ബുഖാരി. 9. 92. 385)

3) ഹുദൈഫ(റ) പറയുന്നു: അല്ലയോ ഓത്തുകാരേ! നിങ്ങൾ നേർക്കുനേരെ ജീവിക്കുക. നിങ്ങൾ തീർച്ചയായും വിജയത്തിൽ ഒരു വലിയ മുൻകടക്കൽ കടന്നിട്ടുണ്ട്. നിങ്ങൾ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞാൽ വിദൂരമായ വഴികേടിൽ നിങ്ങൾ വീഴുന്നതാണ്. (ബുഖാരി. 9. 92. 386)

4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാൻ ഉപേക്ഷിച്ച വിഷയങ്ങളിൽ നിങ്ങൾ എന്നെ വിട്ടേക്കുവീൻ. പൂർവ്വിക സമുദായങ്ങൾ നശിച്ചത് അവരുടെ നബിമാർക്ക് അവർ എതിർപ്രവർത്തിച്ചതുകൊണ്ടും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചതു കൊണ്ടുമാണ്. ഞാൻ നിങ്ങളോട് എന്തെങ്കിലും വിരോധിച്ചാൽ അതിനെ നിങ്ങൾ പൂർണ്ണമായും വർജ്ജിക്കുവീൻ. എന്തെങ്കിലും കൽപ്പിച്ചാൽ നിങ്ങൾക്ക് സാധിക്കും പ്രകാരം അത് അനുഷ്ഠിക്കുവീൻ. (ബുഖാരി. 9. 92. 391)

5) സഅ്ദ്(റ) നിവേദനം: നബി(സ) അരുളി: ഹറാമ് അല്ലാത്ത ഒരുകാര്യം (അനാവശ്യമായ) ചോദ്യം കാരണം നിഷിദ്ധമാക്കപ്പെട്ടാൽ ആ ചോദ്യ കർത്താവാണ് മുസ്ളിംകളിൽ ഏറ്റവും വലിയ പാപി. (ബുഖാരി. 9. 92. 392)

6) അനസ്(റ) നിവേദനം: ഞങ്ങൾ ഒരിക്കൽ ഉമർ(റ)യുടെ അടുത്ത് ഇരിക്കുകയാണ്. അപ്പോൾ അദ്ദേഹം പറഞ്ഞു: മനസ്സിൽ ഇല്ലാത്തതു സാഹസപ്പെട്ടു ചെയ്യുന്നതിനെ ഞങ്ങൾ വിരോധിക്കപ്പെട്ടിട്ടുണ്ട്. (ബുഖാരി. 9. 92. 396)

7) അനസ്(റ) പറയുന്നു: നബി(സ) അരുളി: മനുഷ്യർ ഓരോന്നു ചോദിച്ചു കൊണ്ടേയിരിക്കും. അവസാനം അവർ ചോദിക്കും. ഇതു അല്ലാഹുവാണ്. എല്ലാസൃഷ്ടികളുടെയും കർത്താവ്. എന്നാൽ അല്ലാഹുവിനെ ആരാണ് സൃഷ്ടിച്ചത്? (ബുഖാരി. 9. 92. 399)

8) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: മനുഷ്യരിൽ നിന്ന് അറിവ് അല്ലാഹു ഒറ്റയടിക്ക് പിടിച്ചെടുക്കുകയില്ല. പണ്ഡിതന്മാരെ മരണപ്പെടുത്തുക വഴിക്കാണ് വിദ്യയെ മനുഷ്യരിൽ നിന്ന് അവൻ പിടിച്ചെടുക്കുക. അവസാനം കുറെ മൂഢന്മാർ അവശേഷിക്കും. അവരോട് മനുഷ്യർ മതവിധി ചോദിക്കും. അപ്പോൾ സ്വന്തം അഭിപ്രായമനുസരിച്ച് അവർ വിധി കൽപ്പിക്കും. അങ്ങിനെ അവർ സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും. (ബുഖാരി. 9. 92. 410)

9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പൂർവ്വീക തലമുറകളുടെ സമ്പ്രദായങ്ങളെ ചാൺ ചാണായും മുഴം മുഴമായും എന്റെ അനുയായികൾ പിൻപറ്റുന്നതുവരേക്കും അന്ത്യ ദിനം സംഭവിക്കുകയില്ല. പ്രവാചകരേ! പേർഷ്യക്കാരെയും റോമക്കാരെയുമാണോ താങ്കൾ ഉദ്ദേശിക്കുന്നതെന്ന് ചിലർ ചോദിച്ചു: അവരല്ലാതെ മറ്റാരാണ്? നബി(സ) പ്രത്യുത്തരം നൽകി. (ബുഖാരി. 9. 92. 421)

10) ആയിശ(റ) നിവേദനം: അവർ അബ്ദുല്ലാഹിബ്നു സുബൈർ(റ) നോട് പറഞ്ഞു: ഞാൻ മരിച്ചാൽ എന്നെ എന്റെ സ്നേഹിതകളുടെ കൂടെ ഖബറടക്കം ചെയ്യുക. നിങ്ങൾ നബി(സ)യുടെ കൂടെ എന്നെ ഖബറടക്കം ചെയ്യരുത്. തീർച്ചയായും സ്വയം പരിശുദ്ധപ്പെടുത്തുന്നതിനെ ഞാൻ വെറുക്കുന്നു. ഉർവ്വ(റ) പറയുന്നു: ഉമർ(റ) ആയിശ(റ)യുടെ അടുക്കലേക്ക് ഇപ്രകാരം ആവശ്യപ്പെട്ടുകൊണ്ട് ആളെ അയച്ചു. എന്റെ രണ്ടു സ്നേഹിതന്മാരുടെ കൂടെ എന്നെ കബറടക്കം ചെയ്യുവാൻ നിങ്ങൾ അനുമതി നൽകിയാലും. അവർ പറഞ്ഞു: അതെ! അല്ലാഹു സത്യം. സഹാബിമാരെക്കാൾ ഞാൻ ആരെയും മുൻഗണന നൽകുകയില്ലെന്ന് ആയിശ(റ) പറയും. (ബുഖാരി. 9. 92. 428)

11) അംറ്(റ) പറയുന്നു: നബി(സ) അരുളി: ഒരു ന്യായാധിപൻ ചിന്തിച്ചശേഷം ഒരു വിധി നൽകി. ആ വിധി സത്യമായിരിക്കുകയും ചെയ്തു. എന്നാൽ അവന്ന് ഇരട്ടപ്രതിഫലമുണ്ട്. ഇനി ശരിക്ക് ചിന്തിച്ച ശേഷം തെറ്റായ വിധിയാണ് നൽകിയതെങ്കിലോ അവന് ഒരുപ്രതിഫലമുണ്ട്. (ബുഖാരി. 9. 92. 450)

12) ജാബിർ (റ) നിവേദനം: ഇബ്നുസ്സയ്യാദ് തന്നെയാണ് ദജ്ജാലെന്ന് അദ്ദേഹം സത്യം ചെയ്തു ഉറപ്പിച്ച് പറയാറുണ്ടായിരുന്നു. കൂടുതലായി നിങ്ങൾ അല്ലാഹുവിനെ മുൻനിർത്തി സത്യം ചെയ്തുറപ്പിച്ചുപറയുകയാണോ എന്നു ഞാൻ (നിവേദകൻ) ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: നബി(സ) യുടെ മുമ്പിൽ വെച്ച് ഉമർ(റ) ഇക്കാര്യം ഉറപ്പിച്ചുപറഞ്ഞുകൊണ്ട് സത്യം ചെയ്യുന്നത് ഞാൻ കേട്ടിട്ടുണ്ട്. നബി(സ) അതു നിഷേധിക്കുകയുണ്ടായില്ല. (ബുഖാരി. 9. 92. 453)