തിരഞ്ഞെടുത്ത ഹദീസുകൾ/ഖുർആനിന്റെ ശ്രേഷ്ഠത

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മനുഷ്യരിൽ വിശ്വാസം ഉണ്ടാക്കുവാൻ പര്യാപ്തമായ ദൃഷ്ടാന്തങ്ങൾ നൽകപ്പെടാത്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ല. എനിക്ക് ലഭിച്ചത് അല്ലാഹുവിങ്കൽ നിന്നുളള ബോധനം (വഹ്യ്) അത്രെ. അതുകൊണ്ട് പരലോകദിനത്തിൽ അവരുടെ കൂട്ടത്തിൽ കൂടുതൽ അനുയായികൾ എനിക്കായിരിക്കും ഉണ്ടായിരിക്കുകയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. (ബുഖാരി. 6. 61. 504)

2) അനസ്(റ) നിവേദനം: നബി(സ) യുടെ മരണത്തിന് അൽപം മുമ്പ് മുതൽ അല്ലാഹു അവിടുത്തേക്ക് കൂടുതലായി വഹ്യ് നൽകിക്കൊണ്ടിരുന്നു. അവിടുന്ന് മരിക്കും വരേക്കും ആ അവസ്ഥ തുടർന്നുകൊണ്ടിരുന്നു. (ബുഖാരി. 6. 61. 505)

3) ഇബ്നുമസ്ഊദ്(റ) പറയുന്നു: അല്ലാഹു സത്യം. നബി(സ)യുടെ നാവിൽ നിന്ന് എഴുപതിൽ പരം അധ്യായങ്ങൾ ഞാൻ കേട്ടുപഠിച്ചിട്ടുണ്ട്. അല്ലാഹു സത്യം. നബി(സ)യുടെ അനുചരന്മാർ തീർച്ചയായും ഞാനാണ് അവരിൽ ഖുർആൻ എനിക്ക് ഏറ്റവും പഠിച്ചവനെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഞാൻ അവരിൽ ശ്രേഷ്ഠൻ അല്ലെങ്കിലും. (ബുഖാരി. 6. 61. 522)

4) അൽഖമ:(റ) പറയുന്നു: ഞങ്ങൾ സിറിയയിലെ ഹിംസിലായിരുന്നു. അപ്പോൾ ഇബ്നുമസ്ഊദ്(റ) സൂറത്തു യൂസ്ഫ് ഓതി. അപ്പോൾ ഒരു മനുഷ്യൻ പറഞ്ഞു. ഇപ്രകാരമല്ല അവതരിച്ചിട്ടുളളത്. ഇബ്നുമസ്ഊദ്(റ) പറഞ്ഞു: നബി(സ)ക്ക് ഞാൻ ഈ അധ്യായം ഓതി കേൾപ്പിച്ചപ്പോൾ വളരെ നന്നായിരിക്കുന്നുവെന്നാണ് അരുളിയത്. ആ മനുഷ്യന്റെ വായിൽ നിന്ന് കളളിന്റെ ദുർഗന്ധം വരുന്നുണ്ടായിരുന്നു. ഇബ്നു മസ്ഊദ്(റ) പറഞ്ഞു: നീ അല്ലാഹുവിന്റെ കിതാബിന്റെ പേരിൽ കളളം പറയുകയും മദ്യപാനം നടത്തുകയും കൂടി ചെയ്യുകയാണോ? അദ്ദേഹം അയാളെ മദ്യപിച്ചതിന്റെ പേരിൽ ശിക്ഷിച്ചു. (ബുഖാരി. 6. 61. 523)

5) അബ്ദുല്ല(റ) നിവേദനം: ആരാധനക്ക് അവകാശപ്പെട്ട അല്ലാഹു സത്യം. പരിശുദ്ധ ഖുർആനിലെ ഓരോ സൂറത്തും എവിടെ അവതരിപ്പിച്ചു എന്നും ഓരോസൂക്തവും ആരിൽ അവതരിപ്പിച്ചുവെന്നും എനിക്കറിയാം. പരിശുദ്ധ ഖുർആനിനെക്കുറിച്ച് എന്നെക്കാൾ അറിവുളളവർ ആരെങ്കിലും ഉണ്ടെങ്കിൽ ഞാനവന്റെ അടുക്കലേക്ക് വാഹനം കയറുക തന്നെ ചെയ്യും. എന്റെ ഒട്ടകത്തിന് അവിടെക്ക് എത്താൻ സാധിക്കുമെങ്കിൽ. (ബുഖാരി. 6. 61. 524)

6) അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യൻ രാത്രി നമസ്കാരത്തിൽ 'കുൽഹുവല്ലാഹു അഹദ് ഓതുന്നത് മറ്റൊരു മനുഷ്യൻ കേട്ടു. അതയാൾ ആവർത്തിച്ചോതിക്കൊണ്ടിരിക്കുകയാണ്. പ്രഭാതമായപ്പോൾ കേട്ട മനുഷ്യൻ നബിയുടെ അടുക്കൽ ചെന്ന് ഈ വിവരം ഉണർത്തി. അയാളുടെ ദൃഷ്ടിയിൽ ഈ സൂറത്തു വളരെ ചെറുതായിരിന്നു. നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം. ഖുർആനിന്റെ മൂന്നിലൊരു ഭാഗത്തിന് തുല്യമാണ് ഈ അധ്യായം. (ബുഖാരി. 6. 61. 533)

7) അബൂസഈദ്(റ) നിവേദനം: നബി(സ) ഒരിക്കൽ തന്റെ അനുചരന്മാരോട് ചോദിച്ചു: ഖുർആനിന്റെ മൂന്നിലൊരു ഭാഗം വീതം രാത്രി ഓതിക്കൊണ്ട് നമസ്കരിക്കുവാൻ നിങ്ങൾക്ക് കഴിവില്ലെന്നോ? ഇതവർക്ക് വളരെ വിഷമമായി അനുഭവപ്പെട്ടു. അവർ പറഞ്ഞു: പ്രവാചകരേ! ഞങ്ങളിലാർക്കാണതിന് കഴിയുക? നബി(സ) അരുളി: 'ഖുൽഹുവല്ലാഹുഅഹദ്' എന്ന അധ്യായം ഖുർആന്റെ മൂന്നിലൊന്നാണ്. (ബുഖാരി. 6. 61. 534)

8) ആയിശ(റ) പറയുന്നു: നബി(സ) എല്ലാ രാത്രിയും തന്റെ വിരിപ്പിൽ ചെന്നുകിടന്നുകഴിഞ്ഞാൽ രണ്ട് കൈപ്പത്തികളും ചേർത്തുപിടിച്ച് ഖുൽഹുവല്ലാഹുഅഹദ് എന്ന സൂറത്തും ഖുൽ അഊദുബിറബ്ബിൽ ഫലക് എന്ന സൂറത്തും ഖുൽ അഊദുബിറബ്ബിന്നാസ് എന്ന സൂറത്തും ഓതി അതിൽ ഊതും ആ കൈപത്തികളും കൊണ്ട് ശരീരത്തിൽ സൗകര്യപ്പെട്ട സ്ഥലങ്ങളിലെല്ലാം തടവും. തലയിൽ നിന്ന് തുടങ്ങി മുഖം ശരീരത്തിന്റെ മുൻവശം എന്നിവയെല്ലാം തടവും. അതു മൂന്നുവട്ടം ആവർത്തിക്കും. (ബുഖാരി. 6. 61. 536)

9) ഉസൈദ് ബ്നുഹുളൈർ(റ) നിവേദനം: തന്റെ കുതിരയെ സമീപത്ത് കെട്ടിക്കൊണ്ട് രാത്രി അദ്ദേഹം അൽബഖറ സൂറത്തു ഓതി നമസ്കരിക്കുവാൻ തുടങ്ങി. അപ്പോൾ കുതിര ചാടാൻ തുടങ്ങി. ഓത്തു നിറുത്തിയപ്പോൾ കുതിരയും അടങ്ങി. വീണ്ടും ഓത്തു തുടങ്ങിയപ്പോൾ കുതിര ചാടാൻ തുടങ്ങി. അദ്ദേഹം മൗനം പാലിച്ചു. കുതിരയും അടങ്ങി. വീണ്ടും അതുപോലെ ആവർത്തിച്ചു. അവസാനം നമസ്കാരത്തിൽ നിന്ന് വിരമിച്ചു. അടുത്തിരിക്കുന്ന മകൻ യഹ്യായെ കുതിര ഉപദ്രവിച്ചേക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. നമസ്കാരാനന്തരം കുട്ടിയെ അവിടെനിന്നും എടുത്ത്് മാറ്റി. ആകാശത്തേക്ക് തലയുയർത്തി നോക്കിയപ്പോൾ ആകാശം കാണാൻ സാധിക്കുന്നില്ല. നേരം പുലർന്നപ്പോൾ അദ്ദേഹം നബിയുടെ അടുക്കൽ ചെന്ന് ഈ വർത്തമാനം പറഞ്ഞു. നബി(സ) കല്പിച്ചു: ഹുളൈറിന്റെ പുത്രാ! ഇനിയും പാരായണം ചെയ്തുകൊളളുക. ഹുളൈറിന്റെ പുത്രാ! നീ ഇനിയും ഖുർആൻ ഓതികൊളളുക. ഹുളൈർ പറഞ്ഞു: പ്രവാചകരേ! എന്റെ കുട്ടി യഹ്യായെ കുതിര ചവിട്ടുമോ എന്നായിരുന്നു എന്റെ ഭയം. അവൻ അതിന്റെ അടുത്തായിരുന്നു. ഞാനെന്റെ തല ഉയർത്തി. മേലോട്ടു നോക്കിയപ്പോൾ അവിടെ കുട പോലൊരു വസ്തു. വിളക്കുകൾ പോലുളള എന്തോ അതിൽ കാണ്മാനുണ്ട്. അവിടെ നിന്നും ഞാൻ പോന്നു കഴിഞ്ഞപ്പോൾ ഞാൻ അതിനെ കണ്ടില്ല. നബി(സ) ചോദിച്ചു. അതെന്താണെന്ന് നിനക്കറിയുമോ? ഇല്ലെന്ന് ഞാൻ പ്രത്യുത്തരം നല്കി. നബി(സ) അരുളി: അതു മലക്കുകളാണ്. നിന്റെ ഖുർആൻ പാരായണശബ്ദം കേട്ടു അടുത്തു വന്നതാണവർ. നീ തുടർന്നും ഓതിക്കൊണ്ടിരുന്നെങ്കിൽ വിട്ടുപോകാതെ അവർ അവിടെത്തന്നെ നില്ക്കുകയും ജനങ്ങൾ പ്രഭാതത്തിൽ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. അവരിൽ നിന്നും അവർ അപ്രത്യക്ഷമാകുമായിരുന്നില്ല. (ബുഖാരി. 6. 61. 536)

10) അബൂമൂസ(റ) നിവേദനം: ഖുർആൻ ഓതുന്നവന്റെ ഉപമ ഓറഞ്ച് പോലെയാണ്. അതിന്റെ രുചിയും വാസനയും നല്ലതാണ്. ഖുർആൻ പാരായണം ചെയ്യാത്ത വിശ്വാസിയുടെ ഉദാഹരണം ഈത്തപ്പഴം പോലെയാണ്. അതിന്റെ രുചി നല്ലതാണ് എന്നാൽ അതിന് വാസനയില്ല. ഖുർആൻ ഓതുന്ന ദുർമാർഗ്ഗിയുടെ ഉപമ തുളസിച്ചെടി പോലെയാണ്. അതിന്റെ വാസന നല്ലതും രുചി കയ്പുളളതുമാണ്. ഖുർആൻ ഓതുക പോലും ചെയ്യാത്ത ദുർമാർഗ്ഗിയുടെ ഉപമ ആട്ടങ്ങ പോലെയാണ്. അതിന്റെ രുചി കയ്പുളളതാണ്. അതിന് നല്ല വാസനയുമില്ല. ഇപ്രകാരം നബി(സ) അരുളി: (ബുഖാരി. 6. 61. 538)

11) അബൂഹുറൈറ(റ) നിവേദനം: ഖുർആൻ കൊണ്ട് ഐശ്വര്യമാകുവാൻ നബിക്ക് അനുമതി നൽകിയതു പോലെ മറ്റൊന്നിനും നൽകിയിട്ടില്ല. (ബുഖാരി. 6. 61. 541)

12) ഇബ്നുഉമർ(റ) നിവേദനം: നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. രണ്ട് കാര്യത്തിൽ അല്ലാതെ അസൂയയില്ല. ഒരാൾക്ക് അല്ലാഹു ഖുർആൻ മന: പ്പാഠമാക്കി നൽകിയിട്ടുണ്ട്. അയാൾ അതുമായി രാത്രിയുടെ യാമങ്ങളിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു. മറ്റൊരുപുരുഷൻ അയാൾക്ക് അല്ലാഹു ധനം നൽകിയിട്ടുണ്ട്. അയാൾ അതു രാത്രിയിലും പകലിലും ധർമ്മം ചെയ്യുന്നു. (ബുഖാരി. 6. 61. 543)

13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ടാളുകളുടെ നിലപാടിൽ മാത്രമാണ് അസൂയാർഹം. ഒരാൾക്ക് അല്ലാഹു ഖുർആൻ പഠിപ്പിച്ചു. അവൻ രാത്രിയിലും പകൽ സമയങ്ങളിലും അതുപാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ തന്റെ അയൽവാസി അതു കേൾക്കുമ്പോൾ ഇവന്ന് ലഭിച്ചത് പോലെയുളള അറിവ് എനിക്കും ലഭിച്ചിരുന്നെങ്കിൽ എന്ന് പറയും. മറ്റൊരുപുരുഷൻ, അല്ലാഹു അവന്ന് കുറെ ധനം നൽകിയിട്ടുണ്ട്. അവനതു സത്യമാർഗ്ഗത്തിൽ ചിലവ് ചെയ്യുന്നു. മറ്റൊരുവൻ അതുകാണുമ്പോൾ പറയും ഇന്നവന് ലഭിച്ചപോലെയുളള ധനം എനിക്ക് ലഭിച്ചെങ്കിൽ നന്നായിരുന്നേനെ. അവൻ പ്രവർത്തിച്ചതുപോലെ എനിക്കും പ്രവർത്തിക്കാമായിരുന്നുവല്ലോ. (ബുഖാരി. 6. 61. 544)

14) ഉസ്മാൻ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളിൽ ഉത്തമൻ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. (ബുഖാരി. 6. 61. 545)

15) ഇബ്നുഉമർ(റ) പറയുന്നു: നബി(സ) അരുളി: ഖുർആൻ മന: പാഠമാക്കിയവന്റെ ഉപമ കെട്ടിയിട്ട ഒട്ടകത്തിന്റെ ഉടമസ്ഥന്റെതു പോലെയാണ്. അതിനെ ശരിക്കു പാലിക്കുന്ന പക്ഷം എപ്പോഴും അവന്റെ നിയന്ത്രണത്തിലായിരിക്കും. കയർ അഴിച്ചുവിട്ടാലോ അതിന്റെ വഴിക്ക് പോവുകയും ചെയ്യും. (ബുഖാരി. 6. 61. 549)

16) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഇന്നിന്ന ആയത്തുകൾ ഞാൻ മറന്നുപോയി. ഇപ്രകാരം നിങ്ങളിൽ ആർക്കെങ്കിലും പറയുവാനിട വരുന്നത് വളരെ മോശമാണ്. ഞാൻ മറപ്പിക്കപ്പെട്ടുവെന്ന് അവൻ പറയട്ടെ. നിങ്ങൾ ഖുർആനിനെക്കുറിച്ചുളള ഓർമ്മ പുതുക്കിക്കൊണ്ടിരിക്കുവിൻ. ഉടമസ്ഥനെ വിട്ടു ഓടിപ്പോകുന്ന നാൽക്കാലികളെക്കാളും മനുഷ്യഹൃദയങ്ങളിൽ നിന്ന് ഖുർആൻ കൂടുതൽ വേഗത്തിൽ ഓടിപ്പോയിക്കൊണ്ടിരിക്കും. (ബുഖാരി. 6. 61. 550)

17) അബൂമൂസാ(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ ഖുർആനുമായി ബന്ധം പുലർത്തിക്കൊണ്ടിരിക്കുവീൻ. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവൻ തന്നെയാണ് സത്യം. കയർ മുറിച്ച് ചാടിപ്പോകുന്ന ഒട്ടകത്തേക്കാളും ശക്തിയോടെ ചാടിപ്പോകുന്നവന്നാണ് ഖുർആൻ. (ബുഖാരി. 6. 61. 552)

18) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) മരിച്ചപ്പോൾ എനിക്ക് പത്തു വയസ്സാണ്. ഞാൻ ഖുർആനിലെ മുഹ്കമ് (മുഫസ്വല്) ആയ അധ്യായങ്ങൾ മന: പ്പാഠമാക്കിയിരുന്നു. (ബുഖാരി. 6. 61. 554)

19) ഖതാദ(റ) പറയുന്നു: നബി(സ) എപ്രകാരമാണ് ഖുർആൻ പാരായണം ചെയ്യാറുണ്ടായിരുന്നതെന്ന് ഞാൻ അനസ്(റ) നോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു; അവിടുന്ന് നീട്ടിയാണ് ഓതിയിരുന്നത്. (ബുഖാരി. 6. 61. 565)

20) ജുൻദുബ്(റ) നിവേദനം: നബി(സ) അരുളി: മനസ്സിന് ഉന്മേഷം തോന്നുന്ന സമയങ്ങളിൽ നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. മനസ്സ് അങ്ങോട്ടുമിങ്ങോട്ടും മാറാൻ തുടങ്ങിയാലോ അതു നിറുത്തി എഴുന്നേറ്റ് പോവുക. (ബുഖാരി. 6. 61. 581)