തിരഞ്ഞെടുത്ത ഹദീസുകൾ/കൂലിക്ക് കൊടുക്കൽ
1) അബൂമൂസൽ അശ്അരി(റ) നിവേദനം: നബി(സ) അരുളി: തന്നോട് കൽപ്പിച്ചത് മന:സംതൃപ്തിയോടുകൂടി നിർവ്വഹിക്കുന്ന വിശ്വസ്തനായ സൂക്ഷിപ്പുകാരൻ ധർമ്മം ചെയ്യുന്നവരിൽ ഒരുവനാണ്. (ബുഖാരി. 3. 36. 461)
2) അബൂമൂസ(റ) പറയുന്നു: ഞാൻ ഒരിക്കൽ നബി(സ)യുടെ അടുത്തു വന്നു. എന്റെ കൂടെ അശ്അരി ഗോത്രക്കാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു. (ഒരു ഉദ്യോഗം കിട്ടിയാൽ കൊള്ളാമെന്ന് അവർ രണ്ടു പേരും ആഗ്രഹം പ്രകടിപ്പിച്ചു) അതു കേട്ടപ്പോൾ എനിക്ക് പ്രയാസം തോന്നി. ഞാൻ പറഞ്ഞു. ഇവർ രണ്ടുപേരും ഉദ്യോഗം കാംക്ഷിച്ചുകൊണ്ടു വന്നവരാണെന്ന് ഞാൻ ഗ്രഹിച്ചിരുന്നില്ല. നബി(സ) അരുളി: നമ്മുടെ ഈ ജോലികളിൽ അതാവശ്യപ്പെട്ടുകൊണ്ടു വന്നവരെ നാം നിയമിക്കുകയില്ല. (ബുഖാരി. 3. 36. 462)
3) അബൂഹുറൈറ(റ) നിവേദനം: അല്ലാഹു നിയോഗിച്ച ഒരു പ്രവാചകനെങ്കിലും ആടുകളെ മേയ്ക്കാതിരുന്നില്ല. അനുചരന്മാർ ചോദിച്ചു. താങ്കളും ആടു മേയ്ച്ചിരുന്നോ? അതെ! മക്കക്കാരുടെ ആടുകളെ നിശ്ചിത ഖീറാത്വിന്ന് ഞാൻ മേയ്ക്കാറുണ്ടായിരുന്നുവെന്ന് നബി(സ) പ്രത്യുത്തരം നൽകി. (ബുഖാരി. 3. 36. 463)
4) യഅ്ല ബിൻ ഉമായ(റ) നിവേദനം: തബൂക്ക് യുദ്ധത്തിൽ നബി(സ)യുടെ കൂടെ ഞാൻ യുദ്ധം ചെയ്യുകയുണ്ടായി. അതായിരുന്നു എന്റെ പുണ്യകർമ്മങ്ങളിൽ എന്റെ മനസ്സിൽ ഏറ്റവും ശ്രേഷ്ഠമായത്. എനിക്ക് ഒരു കൂലിക്കാരനും (ഈ യുദ്ധത്തിൽ ഉണ്ടായിരുന്നു) അവൻ ഒരു മനുഷ്യനുമായി ശണ്ഠ കൂടി. അവരിൽ ഒരാൾ തന്റെ എതിരാളിയെ കടിച്ചു. കൈ വലിച്ചെടുത്തപ്പോൾ അയാളുടെ ഒരു പല്ല് താഴെ വീണു. കേസ് നബി(സ)യുടെ അടുത്ത് എത്തിയപ്പോൾ നബി(സ) പ്രായശ്ചിത്തം പ്രഖ്യാപിച്ചില്ല. നബി(സ) ചോദിച്ചു. അവൻ തന്റെ വിരൽ നിനക്ക് കടിക്കാൻ വേണ്ടി നിന്റെ വായിൽ നിക്ഷേപിക്കുമോ? ആൺഒട്ടകം കടിക്കുന്നതുപോലെ. (ബുഖാരി. 3. 36. 466)
5) ഇബ്നുഉമർ(റ) നിവേദനം: കാളയെക്കൊണ്ട് പശുവിനെ ചവിട്ടിച്ചു കൂലി വാങ്ങുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 36. 484)
6) ഇബ്നു ഉമർ(റ) പറയുന്നു: ഖൈബറിന്റെ ഭൂമി ഉൽപാദനത്തിന്റെ പകുതി കൂലി നിശ്ചയിച്ച് ജൂതൻമാർക്ക് നബി(സ) നൽകി. അബൂബക്കർ(റ) ഉമർ(റ)ന്റെ ഭരണത്തിലെ ആദ്യഘട്ടം വരെ ഇതു തുടർന്നു. നബി(സ) മരണപ്പെട്ട ശേഷം അബൂബക്കറോ ഉമറോ വേതനം പുതുക്കി നിശ്ചയിച്ചതു ഉദ്ധരിക്കപ്പെടുന്നില്ല. (ബുഖാരി. 3. 36. 485)