തിരഞ്ഞെടുത്ത ഹദീസുകൾ/കച്ചവടം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) അബ്ദുറഹ്മാനുബ്നു ഔഫ്(റ) പറയുന്നു: ഞങ്ങൾ മദീനയിൽ വന്നപ്പോൾ എന്റെയും റബീഅ്ന്റെ പുത്രൻ സഅ്ദിന്റെയും ഇടയിൽ നബി(സ) സഹോദര്യബന്ധം സ്ഥാപിച്ചു. സഅ്ദ്(റ) പറഞ്ഞു: അൻസാരികളുടെ കൂട്ടത്തിൽ കൂടുതൽ ധനമുള്ളവനാണ് ഞാൻ. എന്റെ ധനത്തിൽ നിന്ന് പകുതി താങ്കൾക്ക് ഞാൻ ഭാഗിച്ചു തരാം. എന്റെ രണ്ടു ഭാര്യമാരിൽ ആരെയാണ് താങ്കൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടതെന്ന് നോക്കുക. ഞാനവളെയും വിട്ടു തരാം. (വിവാഹമോചനം നടന്നു)അവളുടെ ഇദ്ദ കഴിഞ്ഞാൽ താങ്കൾക്കവളെ ഞാൻ വിവാഹം ചെയ്തു തരാം. അപ്പോൾ അബ്ദുറഹ്മാൻ പറഞ്ഞു. അതൊന്നും എനിക്കാവശ്യമില്ല. ഇവിടെ കച്ചവടം ചെയ്യാൻ പറ്റുന്ന വല്ല അങ്ങാടിയുമുണ്ടോ? സഅ്ദ്(റ) പറഞ്ഞു: ഉണ്ട് ഖൈനുകാഅ് അങ്ങാടിയാണത്. അബ്ദുറഹ്മാൻ ആ മാർക്കറ്റിലേക്ക് പ്രഭാതത്തിൽ പുറപ്പെട്ടു. കുറച്ചു പാൽക്കട്ടിയും നെയ്യുമായി വന്നു (അതു വിറ്റു) പിന്നീടെന്നും അതു പതിവാക്കി. അധികം താമസിച്ചില്ല. ഒരിക്കൽ അബ്ദുറഹിമാൻ തന്റെ വസ്ത്രത്തിൽ മഞ്ഞ സുഗന്ധ ദ്രവ്യം പുരട്ടിവന്നു. അപ്പോൾ നബി(സ) ചോദിച്ചു. നീ വിവാഹം കഴിച്ചോ? അതെയെന്ന് അദ്ദേഹം പറഞ്ഞു. ആരെയാണ്? നബി(സ) വീണ്ടും ചോദിച്ചു. ഒരു അൻസാരി സ്ത്രീയെ എന്നദ്ദേഹം മറുപടി പറഞ്ഞു. നിങ്ങൾ അവൾക്ക് മഹ്റ് എത്ര കൊടുത്തുവെന്ന് നബി(സ) തുടർന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഒരു ഈത്തപ്പഴക്കുരുവോളം സ്വർണ്ണം. നബി(സ) അരുളി: ഒരാടിനെ അറുത്തെങ്കിലും നീ വിവാഹസദ്യ നടത്തുക. (ബുഖാരി. 3. 34. 264)

2) നുഅ്മാനുബ്നു ബശീർ(റ) പറയുന്നു: നബി(സ) അരുളി: ഹലാൽ (അനുവദനീയം) വ്യക്തമാണ്. ഹറാം (നിഷിദ്ധം) വ്യക്തമാണ്. എന്നാൽ അവ രണ്ടിന്നുമിടയിൽ സാദൃശ്യമായ ചില സംഗതികളുണ്ട്. അപ്പോൾ പാപങ്ങളിൽ വ്യക്തമായി വേർതിരിച്ചറിയാൻ കഴിയാത്തവ ആരെങ്കിലും ഉപേക്ഷിച്ചാൽ വ്യക്തമായ പാപം തീർച്ചയായും അവൻ ഉപേക്ഷിക്കും. സംശയാസ്പദമായ പാപം ചെയ്യാൻ വല്ലവനും ധീരത കാണിച്ചാൽ അവൻ സ്പഷ്ടമായ പാപങ്ങളിൽ ചെന്നു ചാടുവാൻ സാധ്യതയുണ്ട്. പാപങ്ങൾ അല്ലാഹുവിന്റെ സംരക്ഷണ ഭൂമിയാണ്. വല്ല മൃഗത്തെയും അതിന്റെ അരികിൽ നിന്നുകൊണ്ട് പുല്ല് തീറ്റിച്ചാൽ അതു സംരക്ഷണ ഭൂമിയിൽ കാലെടുത്തുവെച്ചേക്കാം. (ബുഖാരി. 3. 34. 267)

3) അനസ്(റ) നിവേദനം: വീണു കിടക്കുന്ന ഒരു ഈത്തപ്പഴത്തിന്റെ അരികിലൂടെ നബി(സ) കടന്നുപോയി. അവിടുന്ന് പറഞ്ഞു. ഇതു സകാത്തിന്റെ ഇനമായിരിക്കുമോ എന്ന ഭയമില്ലാതിരുന്നെങ്കിൽ ഞാനത് ഭക്ഷിക്കുമായിരുന്നു. (ബുഖാരി. 3. 34. 271)

4) അബ്ബാസ് ബിൻ തമീം(റ) തന്റെ പിതൃവ്യനിൽ നിന്ന് നിവേദനം: നമസ്കാരത്തിൽ വുളു മുറിഞ്ഞുവോ എന്ന് സംശയിക്കുന്നതിനെ സംബന്ധിച്ച് ഒരാൾ നബി(സ)യോട് ആവലാതിപ്പെട്ടു. നബി(സ) അരുളി: നീ നമസ്കാരം ഉപേക്ഷിക്കേണ്ടതില്ല. ശബ്ദം നീ കേൾക്കുകയോ വാസന നിനക്കനുഭവപ്പെടുകയോ ചെയ്യുന്നതുവരെ. സുഹ്രി പറയുന്നു: നീ വാസന ദർശിക്കുകയോ ശബ്ദം കേൾക്കുകയോ ചെയ്യാത്തപക്ഷം വുളു എടുക്കേതില്ല. (ബുഖാരി. 3. 34. 272)

5) ആയിശ(റ) പറയുന്നു: ഒരു വിഭാഗം ജനങ്ങൾ നബി(സ)യോട് ചോദിച്ചു. പ്രവാചകരേ! ചില ആളുകൾ ഞങ്ങൾക്ക് മാംസം കൊണ്ടു വന്നു തരാറുണ്ട്. ബിസ്മി ചൊല്ലി അറുത്തതാണോ അല്ലയോ അതെന്ന് ഞങ്ങൾക്കറിയില്ല. അപ്പോൾ നബി(സ) അരുളി: നിങ്ങൾ ബിസ്മി ചൊല്ലി തിന്നുകൊള്ളുക. (ബുഖാരി. 3. 34. 273)

6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മനുഷ്യർക്ക് ഒരു കാലഘട്ടം വരും. അന്ന് മനുഷ്യൻ സമ്പാദിക്കുന്ന ധനം ഹാറാമായതോ ഹലാലായതോ എന്നൊന്നും ഗൗനിക്കുകയില്ല. (ബുഖാരി. 3. 34. 275)

7) സൈദ്ബ്നു അർകം(റ) ബറാഅ്(റ) എന്നിവർ പറയുന്നു: നബി(സ)യുടെ കാലത്ത് ഞങ്ങൾ രണ്ടു കച്ചവടക്കാരായിരുന്നു. ഒരിക്കൽ നാണയം മാറ്റുന്നതിനെക്കുറിച്ച് ഞങ്ങൾ നബി(സ)യോട് ചോദിച്ചു. അവിടുന്ന് അരുളി: റൊക്കമായിട്ടാണെങ്കിൽ തരക്കേടില്ല. അവധിക്കാണെങ്കിൽ പാടില്ല. (ബുഖാരി. 3. 34. 276)

8) ഉബൈദ് ബിൻ ഉമർ(റ) പറയുന്നു: ഒരിക്കൽ അബൂമൂസ(റ) ഉമർ(റ)ന്റെ വാതിൽക്കൽ ചെന്ന് അകത്ത് കടക്കാനനുവാദം ചോദിച്ചു. എന്നാൽ ഉമർ(റ) അദ്ദേഹത്തിന് അനുമതി നൽകിയില്ല. അദ്ദേഹം എന്തോ ജോലിയിൽ മുഴുകിയിരുന്നതുപോലെ തോന്നി. അബൂമൂസ തിരിച്ചു നടന്നു. അപ്പോൾ ഉമർ(റ) ജോലിയിൽ നിന്നു വിരമിച്ചു. അബുമൂസയുടെ ശബ്ദം ഞാനിപ്പോൾ കേട്ടല്ലോ? അദ്ദേഹത്തെ ഇങ്ങോട്ട് കടക്കാനനുവദിക്കുക. ഉമർ(റ) പറഞ്ഞു. അദ്ദേഹം പൊയ്ക്കഴിഞ്ഞുവെന്ന് ഒരാൾ പറഞ്ഞു. അപ്പോൾ ഉമർ(റ) അദ്ദേഹത്തെ വിളിപ്പിച്ചു. (മടങ്ങിപ്പോകാനെന്താണ് കാരണമെന്നന്വേഷിച്ചു)ഇങ്ങനെ ചെയ്യാനാണ് നബി(സ) ഞങ്ങളോട് കൽപ്പിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. എങ്കിൽ താങ്കളെനിക്ക് തെളിവ് തരണം എന്ന് ഉമർ(റ) പറഞ്ഞു. അങ്ങനെ അദ്ദേഹം (അബൂമൂസ) അൻസാരികളുടെ സദസ്സിലേക്ക് പുറപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അബൂസഈദ് പോലും താങ്കൾക്ക് ഇതിനു സാക്ഷി നിൽക്കുന്നതാണ്. എന്ന് മറുപടി പറഞ്ഞു. അങ്ങനെ അബൂസഈദിനെയുമായി അദ്ദേഹം മടങ്ങി. ഉമർ(റ) പറഞ്ഞു. കച്ചവടത്തിനുവേണ്ടി അങ്ങാടിയിൽ പോകൽ നബി(സ)യുടെ ഈ കൽപ്പന ഗ്രഹിക്കുന്നതിൽ നിന്ന് എന്നെ അശ്രദ്ധയിലാക്കി. (ബുഖാരി. 3. 34. 277)

9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ സമ്പാദ്യത്തിൽ നിന്ന് അദ്ദേഹത്തിന്റെ നിർദ്ദേശമില്ലാതെ തന്നെ ചിലവ് ചെയ്താൽ പ്രതിഫലത്തിന്റെ പകുതി അവൾക്കുണ്ട്. (ബുഖാരി. 3. 34. 280)

10) അനസ്(റ) നിവേദനം: നബി(സ) പറയുന്നത് ഞാൻ ശ്രവിച്ചു. വല്ലവനും തന്റെ ജീവിത വിഭവങ്ങളിൽ സമൃദ്ധിയുണ്ടാകണമെന്നും സൽകീർത്തി പിൻതലമുറകളിൽ നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്റെ കുടുംബബന്ധം പുലർത്തട്ടെ. (ബുഖാരി. 3. 34. 281)

11) ആയിശ(റ) നിവേദനം: നബി(സ) ഒരു ജൂതനിൽ നിന്നും അവധി നിർണ്ണയിച്ച് കുറച്ച് ഭക്ഷണം വിലക്ക് വാങ്ങി. തന്റെ പടയങ്കി അയാളുടെ അടുത്തു പണയം വെച്ചു. (ബുഖാരി. 3. 34. 282)

12) അനസ്(റ) നിവേദനം: പഴകി അൽപം ദുർഗന്ധമുള്ള നെയ്യും ബാർലിയുടെ റൊട്ടിയും അദ്ദേഹം നബി(സ)ക്ക് കൊണ്ടു പോയിക്കൊടുത്തു. നിശ്ചയം നബി(സ) തന്റെ കവചം മദീനയിലെ ഒരു ജൂതന് പണയം വെച്ചു. അയാളിൽ നിന്നു തന്റെ കുടുംബത്തിനു കുറച്ച് ബാർലി വിലക്ക് വാങ്ങി. അനസ്(റ) പറയുന്നു: സന്ധ്യയാകുമ്പോൾ നബി(സ)യുടെ കുടുംബത്തിൽ ഒരു സാഅ് ഗോതമ്പോ മറ്റു ധാന്യങ്ങളോ കാണുകയില്ല. അദ്ദേഹത്തിന് ഒമ്പതു ഭാര്യമാരുണ്ട് താനും. (ബുഖാരി. 3. 34. 283)

13) ആയിശ(റ) നിവേദനം: അബൂബക്കർ സിദ്ദീഖിനെ ഖലീഫയാക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ അധ്വാനം(തൊഴിൽ)എന്റെ കുടുംബത്തിന്റെ ചിലവിന്ന് ഒരിക്കലും മതിയാവാതെ വരികയില്ലെന്ന് എന്റെ ജനതക്കറിയാം. എങ്കിലും മുസ്ളിംകളുടെ പ്രശ്നം ഞാൻ ഏറ്റെടുത്തിരിക്കുന്നു. അതിനാൽ അബൂബക്കറിന്റെ കുടുംബം ഈ ധനത്തിൽ നിന്ന് നിത്യവൃത്തിക്കുള്ളതു ഭക്ഷിക്കുന്നതാണ്. മുസ്ളിംകൾക്ക് വേണ്ടി ഈ ധനത്തിൽ ഞാൻ അധ്വാനിക്കുകയും ചെയ്യും. (ബുഖാരി. 3. 34. 284)

14) ആയിശ(റ) പറയുന്നു: നബി(സ)യുടെ അനുചരൻമാർ സ്വയം അധ്വാനിക്കുന്നവരായിരുന്നു. ഒരു തരം ദുർഗന്ധം അവരുടെ ശരീരത്തിൽ നിന്ന് വമിക്കും. അപ്പോൾ നബി(സ) പറഞ്ഞു: നിങ്ങൾ കുളിക്കുവീൻ. (ബുഖാരി. 3. 34. 285)

15) മിഖ്ദാം(റ) പറയുന്നു: നബി(സ) അരുളി: സ്വന്തം കൈകൊണ്ട് അധ്വാനിച്ച് നേടിയതിനേക്കാൾ ഉത്തമമായ ഭക്ഷണം ഒരാളും ഭക്ഷിച്ചിട്ടില്ല. പ്രവാചകനായ ദാവൂദ് (അ) തന്റെ കൈകൊണ്ടു അധ്വാനിച്ചാണ് ഉപജീവനം കഴിച്ചിരുന്നത്. (ബുഖാരി. 3. 34. 286)

16) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സ്വന്തം അധ്വാനഫലമല്ലാതെ ദാവൂദ് (അ) ഭക്ഷിച്ചിരുന്നില്ല. (ബുഖാരി. 3. 34. 287)

17) ജാബിർ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു ഒരു മനുഷ്യന് അനുഗ്രഹം ചെയ്തു. അയാൾ വിൽക്കുമ്പോഴും വാങ്ങുമ്പോഴും കിട്ടാനുളള കടം ചോദിക്കുമ്പോഴും വിട്ടു വീഴ്ച കാണിക്കും. (ബുഖാരി. 3. 34. 290)

18) ഹുദൈഫ:(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾക്ക് മുമ്പ് കഴിഞ്ഞ ജനതയിലൊരാളുടെ ആത്മാവിനെ മലക്കുകൾ ഏറ്റുവാങ്ങി. അവർ പറഞ്ഞു. നീ വല്ല നന്മയും പ്രവർത്തിച്ചിട്ടുണ്ടോ? ഞെരുക്കക്കാരായ കടക്കാർക്ക് അവധി കൊടുക്കാനും പണക്കാരായ കടക്കാരോട് വിട്ടുവീഴ്ച കാണിക്കാനും ഞാനെന്റെ കാര്യസ്ഥന്മാരോട് കൽപ്പിക്കാറുണ്ടായിരുന്നുവെന്ന് അയാൾ മറുപടി പറഞ്ഞു. അതിനാൽ അല്ലാഹു അയാളുടെ പാപങ്ങൾ മാപ്പ് ചെയ്തുകൊടുത്തു. (ബുഖാരി. 3. 34. 291)

19) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു കച്ചവടക്കാരൻ ജനങ്ങൾക്ക് കടം കൊടുക്കാറുണ്ടായിരുന്നു. അയാൾ ഞെരുക്കക്കാരനെ കണ്ടാൽ തന്റെ കാര്യസ്ഥന്മാരോടു പറയും. നിങ്ങൾ അയാൾക്ക് വിട്ടുവീഴ്ച നൽകുവീൻ. അല്ലാഹു എനിക്കും വിട്ടുവീഴ്ച നൽകിയേക്കാം. അപ്പോൾ അല്ലാഹു അദ്ദേഹത്തിന്ന് വിട്ടുവീഴ്ച നൽകി. (ബുഖാരി. 3. 34. 292)

20) ഹക്കീം(റ) നിവേദനം: നബി(സ) അരുളി: വാങ്ങുന്നവന്നും വിൽക്കുന്നവന്നും കച്ചവട സ്ഥലത്തു നിന്ന് വേർപിരിയും വരേക്കും ആ കച്ചവടം ദുർബ്ബലപ്പെടുത്താനവകാശമുണ്ട്. അവർ രണ്ടു പേരും യാഥാർത്ഥ്യം തുറന്ന് പറയുകയും വസ്തുതകൾ വിശദീകരിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ ഇടപാടിൽ നന്മയുണ്ടാകും. ചരക്കിന്റെ കേടുപാടുകൾ മറച്ചുവെക്കുകയും കള്ളം പറയുകയും ചെയ്താലോ അവരുടെ കച്ചവടത്തിലെ ബർക്കത്തു നഷ്ടപ്പെടും. (ബുഖാരി. 3. 34. 293)

21) അബൂസഈദ്(റ) പറയുന്നു: യുദ്ധത്തിൽ ലഭിച്ച സാധനങ്ങൾ വിതരണം ചെയ്യുമ്പോൾ താഴ്ന്നതും മുന്തിയതും കൂട്ടിക്കലർത്തിയ ഈത്തപ്പഴം ഞങ്ങൾക്ക് ലഭിക്കാറുണ്ട്. നല്ല ഒരു സാഅ് കാരക്കക്ക് പകരം ഈ കലർത്തിയ കാരക്ക രണ്ട് സാഅ് ഞങ്ങൾ വിൽക്കാറുണ്ട്. അപ്പോൾ നബി(സ) അരുളി: രണ്ട് സാഅ് ഒരു സാഇന്നും രണ്ട് ദിർഹം ഒരു ദിർഹമിന്നും വിൽക്കാൻ പാടില്ല. (ബുഖാരി. 3. 34. 294)

22) അബൂമസ്ഊദ്(റ) പറയുന്നു: അബൂശുഐബ് എന്ന് വിളിക്കപ്പെടുന്ന ഒരു അൻസാരി വന്ന് തന്റെ കശാപ്പ്കാരനായ അടിമയോടു പറഞ്ഞു. നീ അഞ്ച് പേർക്ക് മതിയാകുന്ന ഭക്ഷണം എനിക്ക് വേണ്ടി തയ്യാറാക്കുക. അഞ്ചിൽ ഒരുവനായിക്കൊണ്ട് നബി(സ)യെ ക്ഷണിക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു. നിശ്ചയം വിശപ്പ് ഞാൻ നബി(സ)യുടെ മുഖത്തു ദർശിക്കുകയുണ്ടായി. അങ്ങനെ അദ്ദേഹം അവരെ വിളിച്ചു. നബി(സ)യുടെ കൂടെ ക്ഷണിക്കാത്ത ഒരു മനുഷ്യനും പുറപ്പെട്ടു. അപ്പോൾ നബി(സ) പറഞ്ഞു: ഇദ്ദേഹം ഞങ്ങളെ അനുഗമിച്ചതാണ്. താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ അദ്ദേഹത്തിന് സമ്മതം നൽകുക. തിരിച്ചു പോകുവാനാണ് താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ അദ്ദേഹം തിരിച്ചുപോകും. അദ്ദേഹം പറഞ്ഞു: ഞാൻ അയാൾക്ക് അനുവാദം നൽകിയിരിക്കുന്നു. തിരിച്ചുപോകേണ്ടതില്ല. (ബുഖാരി. 3. 34. 295)

23) ഔന് ബിൻ അബീജുഹൈഫ(റ) പറയുന്നു: എന്റെ പിതാവ് കൊമ്പ് വെക്കുന്ന ഒരടിമയെ വിലക്കു വാങ്ങി. ഇതിനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: നബി(സ) നായയുടെയും രക്തത്തിന്റെയും വില വിരോധിച്ചിരിക്കുന്നു. അവിടുന്ന് പച്ച കുത്തുന്നതും കുത്തിക്കുന്നതും പലിശ തിന്നുന്നതും പലിശ തീറ്റിക്കുന്നതും വിരോധിച്ചിരിക്കുന്നു. അതുപോലെ രൂപങ്ങൾ നിർമ്മിക്കുന്നവനെ ശപിച്ചിരിക്കുന്നു. (ബുഖാരി. 3. 34. 299)

24) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: കച്ചവടക്കാരന്റെ സത്യം ചെയ്യൽ ചരക്കിന്നു ചിലവുണ്ടാക്കും. പക്ഷെ ബർക്കത്തു(നന്മ)നശിപ്പിക്കും. (ബുഖാരി. 3. 34. 300)

25) അബ്ദുറഹ്മാനുബ്നു അബീ ഔഫ(റ) നിവേദനം: ഒരു മനുഷ്യൻ തന്റെ ചരക്ക് അങ്ങാടിയിൽ പ്രദർശിപ്പിച്ച് താൻ അതിന്ന് നൽകാത്ത വില നൽകിയിട്ടുണ്ടെന്ന് അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്തുകൊണ്ട് പറഞ്ഞു. മുസ്ളിംകളിൽ പെട്ട ഒരു മനുഷ്യൻ അതു സ്വീകരിക്കുവാൻ വേണ്ടി. അപ്പോൾ അല്ലാഹു അവതരിപ്പിച്ചു. (നിശ്ചയം അല്ലാഹുവിന്റെ കരാറുകളും തങ്ങളുടെ സത്യങ്ങളും തുച്ഛമായ വിലക്ക് വിൽക്കുന്നവർ. ആലു-ഇംറാൻ:77). (ബുഖാരി. 3. 34. 301)

26) അലി(റ) നിവേദനം: ഗനീമത്തുസ്വത്തിൽ നിന്ന് പ്രായം ചെന്ന ഒരു പെൺ ഒട്ടകം ലഭിച്ചു. നബി(സ)ക്ക് അവകാശപ്പെട്ട അഞ്ചിൽ ഒന്ന്(യുദ്ധസ്വത്തിൽ) നിന്ന് എനിക്ക് അതുപോലെയുള്ള ഒരു ഒട്ടകത്തെയും നൽകി. ഫാത്തിമ(റ) യുമായി വീടു കൂടാൻ ഞാൻ ഉദ്ദേശിച്ചപ്പോൾ ബനീഗയ്നുഗാഅ് ഗ്രോത്രത്തിൽ പെട്ട ഒരു ആഭരണപ്പണിക്കാരനോട് എന്റെ കൂടെ അനുഗമിക്കുവാൻ ഞാൻ കരാർ ചെയ്തു. അങ്ങനെ ഞങ്ങൾ ഇദ്ഖർ പുല്ല് കൊണ്ടുവരികയും ഞാനത് ആഭരണപ്പണിക്കാരന് വിൽക്കുകയും കല്ല്യാണസദ്യ നൽകുവാൻ ഉദ്ദേശിക്കുകയും ചെയ്തു. (ബുഖാരി. 3. 34. 302)

27) ഖബ്ബാബ്(റ) പറയുന്നു: അജ്ഞാന കാലത്ത് ഞാനൊരു കൊല്ലനായിരുന്നു. ആസ്വിബ്നുവാഇൽ എനിക്ക് ഒരു സംഖ്യ കടം തരാനുണ്ടായിരുന്നു. ഞാനതു ആവശ്യപ്പെട്ടുകൊണ്ട് അയാളെ സമീപിച്ചു. അയാൾ പറഞ്ഞു: നീ മുഹമ്മദിനെ നിഷേധിക്കും വരേക്കും നിന്റെ സംഖ്യ ഞാൻ തരികയില്ല. അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹു നിന്നെ മരിപ്പിച്ച് പുനർജീവിപ്പിക്കും വരേക്കും മുഹമ്മദ്(സ) നെ ഞാൻ നിഷേധിക്കുകയില്ല. അയാൾ പറഞ്ഞു. എങ്കിൽ ഞാൻ മരിച്ചു വീണ്ടും ജീവിക്കുന്നതുവരെ നീയെന്നെ വിട്ടേക്കുക. അന്നെനിക്ക് ധാരാളം ധനവും സന്താനവും കൈവരും. അപ്പോൾ നിന്റെ കടം ഞാൻ വീട്ടാം. ഈ സന്ദർഭത്തിലാണ് താഴെ പറയുന്ന സൂക്തം അവതരിപ്പിക്കപ്പെട്ടത്. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവനെ നീ കണ്ടുവോ? അവൻ പറയുന്നു. എനിക്ക് ധനവും സന്താനങ്ങളും ലഭിക്കുമെന്ന്. അവൻ അദൃശ്യ കാര്യങ്ങളുടെ മണ്ഡലങ്ങളിലേക്ക് തലയുയർത്തി നോക്കിയിട്ടുണ്ടോ? അല്ലെങ്കിൽ അല്ലാഹുവിങ്കൽ നിന്ന് വല്ലകരാറും അവൻ കരസ്ഥമാക്കി വെച്ചിട്ടുണ്ടോ? (19:77'78) (ബുഖാരി. 3. 34. 304)

28) അനസ്(റ) പറയുന്നു: തീർച്ചയായും ഒരു തയ്യൽക്കാരൻ നബി(സ)യെ അയാൾ നിർമ്മിച്ച ഭക്ഷണത്തിന് ക്ഷണിച്ചു. അനസ്(റ) പറഞ്ഞു: ആ ഭക്ഷണത്തിന് ഞാനും പോയിരുന്നു. അയാൾ റൊട്ടിയും ചുരുക്കയും ഉണക്ക മാംസവും ചേർത്തുണ്ടാക്കിയ കറിയും കൊണ്ടു വന്ന് വെച്ചു. പിഞ്ഞാണത്തിന്റെ ഭാഗങ്ങളിൽ നിന്നും നബി(സ) ചുരുക്ക പെറുക്കിയടുത്തു തിന്നുകൊണ്ടിരുന്നു. അനസ്(റ) പറയുന്നു: അന്നു മുതൽ ഞാൻ ചുരുക്ക ഇഷ്ടപ്പെടാൻ തുടങ്ങി. (ബുഖാരി. 3. 34. 305)

29) ആയിശ(റ) നിവേദനം: നബി(സ) ഒരു ജൂതനിൽ നിന്ന് കടമായി കുറെ ഭക്ഷണം വാങ്ങുകയും തന്റെ പടയങ്കി അയാളെ ഏൽപ്പിക്കുകയും ചെയ്തു. (ബുഖാരി. 3. 34. 309)

30) അംറ്(റ) പറയുന്നു: നവ്വാസ് എന്നു പേരുള്ള ഒരാളുടെ അടുത്ത് എത്ര വെള്ളം കുടിച്ചാലും ദാഹം തീരാത്ത ഒരു തരം രോഗം ബാധിച്ച ഒരൊട്ടകം ഉണ്ടായിരുന്നു. ഇബ്നുഉമർ(റ) ആ ഒട്ടകത്തെ അതിന്റെ ഒരു പങ്കുകാരിൽ നിന്ന് വിലക്ക് വാങ്ങി. വിൽപ്പന നടത്തിയവൻ തന്റെ പങ്കുകാരന്റെ അടുത്തുവന്നു പറഞ്ഞു. ആ ഒട്ടകത്തെ നാം വിൽപ്പന നടത്തി. നീ ആർക്കാണ് അതിനെ വിറ്റതെന്ന് സ്നേഹിതൻ ചോദിച്ചു. ഇന്ന സ്വഭാവമുള്ള ഒരു കിഴവനെന്ന് അയാൾ മറുപടി പറഞ്ഞു. സ്നേഹിതൻ പറഞ്ഞു. നിനക്ക് നാശം. അല്ലാഹു സത്യം. അതു ഇബ്നുഉമർ(റ) ആണ്. അങ്ങനെ അദ്ദേഹം ഇബ്നു ഉമർ(റ)ന്റെ അടുത്തുവന്നു പറഞ്ഞു: ദാഹമുള്ള ഒട്ടകത്തെയാണ് എന്റെ പങ്കുകാരൻ താങ്കൾക്ക് വിറ്റത്. അതിന്റെ രോഗത്തെക്കുറിച്ച് അയാൾ താങ്കളെ ഉണർത്തിയിട്ടില്ല. എങ്കിൽ നീയതിനെ കൊണ്ട് പോയ്ക്കൊള്ളുകയെന്ന് ഇബ്നു ഉമർ(റ) പറഞ്ഞു. അയാളതിനെ തെളിച്ചുകൊണ്ട് പോകാൻ തുടങ്ങിയപ്പോൾ ഇബ്നുഉമർ(റ) പറഞ്ഞു. അതിനെ നീ വിട്ടേക്കൂ. എല്ലാ രോഗങ്ങളും പകരുകയില്ലെന്ന നബി(സ)യുടെ വിധിയിന്മേൽ ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു. (ബുഖാരി. 3. 34. 312)

31) അബൂമൂസ(റ) നിവേദനം: നബി(സ) അരുളി: നല്ല സ്നേഹിതന്റെയും ചീത്ത സ്നേഹിതന്റെയും ഉപമ കസ്തൂരി വിൽക്കുന്നവന്റെയും കൊല്ലന്റെ ഉല പോലെയുമാണ്. കസ്തൂരി വിൽക്കുന്നവനിൽ നിന്ന് നിന്നിലേക്ക് പകരുക ഒന്നുകിൽ നീ അതു വിലക്ക് വാങ്ങലോ അല്ലെങ്കിൽ അതിന്റെ വാസന നിനക്ക് അനുഭവപ്പെടലോ ആണ്. എന്നാൽ കൊല്ലന്റെ ഉല നിന്റെ വീട് അഗ്നിക്കിരയാക്കും. അല്ലെങ്കിൽ നിന്റെ വസ്ത്രത്തെ കരിക്കും. അല്ലെങ്കിൽ ചീത്ത വാസന നിനക്ക് അനുഭവപ്പെടും. (ബുഖാരി. 3. 34. 314)

32) ആയിശ(റ) നിവേദനം: അവർ ചിത്രങ്ങളുള്ള ഒരു കുഷ്യൻ വിലക്ക് വാങ്ങി. നബി(സ) അതു കണ്ടപ്പോൾ അകത്തു പ്രവേശിക്കാതെ വാതിൽക്കൽ തന്നെ നിന്നു. നബി(സ)യുടെ മുഖത്ത് വെറുപ്പ് ഞാൻ മനസ്സിലാക്കി. ഞാൻ പറഞ്ഞു: പ്രവാചകരേ! ഞാൻ ഇതാ അല്ലാഹുവിങ്കലേക്കും അവന്റെ ദൂതനിലേക്കും പശ്ചാത്തപിച്ചു മടങ്ങുന്നു. ഞാനെന്തു തെറ്റാണ് ചെയ്തത്? നബി(സ) ചോദിച്ചു: എന്താണീ കുഷ്യന്റെ സ്ഥിതി? ഞാൻ പറഞ്ഞു. അങ്ങേക്കിരിക്കാനും തലക്ക് വെക്കാനും വേണ്ടി ഞാൻ വാങ്ങിയതാണ്. അപ്പോൾ നബി(സ) അരുളി: ഈ രൂപങ്ങളുണ്ടാക്കിയവർ പരലോകത്ത് വെച്ച് ശിക്ഷിക്കപ്പെടും. നിങ്ങൾ സൃഷ്ടിച്ചതിനെ ജീവിപ്പിക്കുവീൻ എന്നവരോട് വിളിച്ചു പറയും. രൂപങ്ങളുള്ള വീട്ടിൽ (നന്മയുടെ മലക്കുകൾ പ്രവേശിക്കുകയില്ല). (ബുഖാരി. 3. 34. 318)

33) ഇബ്നുഉമർ(റ) നിവേദനം: നബി(സ) അരുളി: സദസ്സിൽ നിന്ന് വേർപിരിയുന്നതുവരെ കച്ചവടത്തിൽ നിന്ന് പിൻമാറുവാൻ വിൽപ്പനക്കാരനും വാങ്ങുന്നവനും സ്വാതന്ത്യ്രമുണ്ട്. അല്ലെങ്കിൽ വിൽപ്പന സമയത്ത് തന്നെ പിൻമാറാൻ സ്വാതന്ത്യമുണ്ടെന്ന് വ്യവസ്ഥ വെക്കുന്ന കച്ചവടത്തിൽ നിന്നും ഇബ്നു ഉമർ(റ) തനിക്ക് തൃപ്തികരമായ എന്തെങ്കിലും വിലക്ക് വാങ്ങിയാൽ വിൽപ്പനക്കാരനിൽ നിന്നും വേഗത്തിൽ വേർപിരിയും. (ബുഖാരി. 3. 34. 320)

34) ഇബ്നുഉമർ(റ) പറയുന്നു: ഒരാൾ നബി(സ)യുടെ അടുത്തുവന്ന് ആളുകൾ കച്ചവടത്തിൽ തന്നെ വഞ്ചിച്ചു കളയുന്നുവെന്ന് ആവലാതിപ്പെട്ടു. അപ്പോൾ നബി(സ) പറഞ്ഞു. നീ കച്ചവടം ചെയ്യുമ്പോൾ (വാങ്ങുന്നവനോട്) ചതിയൊന്നും ഉണ്ടാക്കരുത് എന്നു പറയുക. (ബുഖാരി. 3. 34. 328)

35) ആയിശ(റ) നിവേദനം: നബി(സ) അരുളി: ഒരു സൈന്യം കഅബയെ ആക്രമിക്കും. അവർ ബൈദാഅ് എന്ന സ്ഥലത്തെത്തിയാൽ ആ സമൂഹം ഒന്നടങ്കം ഭൂമിയിലാണ്ടു പോകും. ആയിശ(റ) പറഞ്ഞു. പ്രവാചകരേ! സമൂഹം ആദ്യം മുതൽ അവസാനം വരെ (ഒന്നടങ്കം)എങ്ങിനെയാണ് ഭൂമിയിലാണ്ടു പോകുക? അവരിൽ കച്ചവടക്കാരും നിരപരാധികളും എല്ലാമുണ്ടാവില്ലേ? നബി(സ) ആവർത്തിച്ചു. അതെ അവർ ഒന്നടങ്കം ഭൂമിയിലാണ്ടു പോകും. ശേഷം അവരുടെ ഉദ്ദേശമനുസരിച്ച് ഉയിർത്തെഴുന്നേൽപ്പിക്കും. (ബുഖാരി. 3. 34. 329)

36) അനസ്(റ) നിവേദനം: നബി(സ) ഒരിക്കൽ അങ്ങാടിയിൽ നിൽക്കുകയായിരുന്നു. പിന്നിൽ നിന്ന് ഒരാൾ അബുൽ കാസിം എന്ന് വിളിച്ചു. നബി(സ) അയാളുടെ നേരെ തിരിഞ്ഞു നോക്കി. അപ്പോൾ അയാൾ പറഞ്ഞു. ഞാൻ ഇന്നയാളിനെയാണ് വിളിച്ചത്. താങ്കളെയല്ല. നബി(സ) അരുളി: നിങ്ങൾ എന്റെ പേര് ഇട്ടു കൊള്ളുവീൻ. എന്നാൽ എന്റെ വിളിക്കുന്ന പേര് നിങ്ങൾ ഇടരുത്. (ബുഖാരി. 3. 34. 331)

37) അബൂഹുറൈറ(റ) നിവേദനം: നബി(സ) ഒരു ദിവസം പകലിന്റെ ഒരു ഭാഗത്ത്(അങ്ങാടിയിലേക്ക്)പുറപ്പെട്ടു. ഞാനും നബി(സ) യോടൊപ്പമുണ്ടായിരുന്നു. നബി(സ) എന്നോടും ഞാൻ നബി(സ) യോടും ഒന്നും സംസാരിച്ചിരുന്നില്ല. അങ്ങിനെ ഞങ്ങൾ കൈനുകാഅ് അങ്ങാടിയിൽ എത്തി. (അവിടെ നിന്ന് മടങ്ങി) ഫാത്വിമ(റ) യുടെ വീട്ടിൽ ചെന്നു. അവരുടെ മുറ്റത്തിരുന്നു. ആ കൊച്ച് ഇവിടെയില്ലേ? ആ കൊച്ച് ഇവിടെയില്ലേ? എന്ന് നബി(സ) വിളിച്ചു ചോദിച്ചു. (തന്റെ പൗത്രൻ ഹസ്സൻ(റ) നെ ഉദ്ദേശിച്ചാണ് നബി(സ) ആ കൊച്ച് എന്ന് പറഞ്ഞത്). (ബുഖാരി. 3. 34. 333)

38) ഇബ്നുഉമർ(റ) നിവേദനം: നബി(സ)യുടെ കാലത്തു ചരക്കുമായി വരുന്ന യാത്രക്കാരിൽ നിന്നും ജനങ്ങൾ ആഹാരസാധനങ്ങൾ വാങ്ങാറുണ്ടായിരുന്നു. ആഹാര സാധനങ്ങൾ വാങ്ങിയ സ്ഥലത്തു നിന്നും അവ വിൽക്കുവാനുള്ള(അങ്ങാടിയിലെ)സ്ഥലത്തേക്ക് മാറ്റിയ ശേഷമല്ലാതെ വീണ്ടും കച്ചവടം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് നബി(സ) ആളെ അയ്ക്കാറുണ്ടായിരുന്നു. ഇബ്നു ഉമർ(റ) നിവേദനം: നബി(സ) ആഹാര സാധനം വാങ്ങിയാൽ അതു ഏറ്റെടുത്ത ശേഷമല്ലാതെ വീണ്ടും വിൽക്കുന്നത് വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 34. 334)

39) അംറ്ബ്നുൽ ആസ്വി(റ) മകൻ അബ്ദുല്ല(റ) നിവേദനം: അത്വാഅ്(റ) അദ്ദേഹത്തോട് തൗറാത്തിൽ നബി(സ)യെക്കുറിച്ച് വല്ലതും പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെങ്കിൽ അത് എന്നോട് പറയുക. അദ്ദേഹം പറഞ്ഞു. അതെ! അല്ലാഹു സത്യം. നബി(സ)യെ ഖുർആനിൽ വിശേഷിപ്പിച്ചു ഗുണങ്ങളിൽ ചിലതു തൗറാത്തിലും പ്രസ്താവിച്ചിട്ടുണ്ട്. അല്ലയോ പ്രവാചകരേ! സത്യദീനിന്ന് സാക്ഷിയായും സത്യവിശ്വാസികൾക്ക് സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതുകാരനായും അക്ഷരജ്ഞാനമില്ലാത്ത അറബികൾക്ക് ഒരു രക്ഷാ സാങ്കേതമായുമാണ് താങ്കളെ നാം നിയോഗിച്ചിരിക്കുന്നത്. താങ്കൾ എന്റെ അടിമയും ദൂതനുമാണ്. മുതവക്കിൽ എന്നാണ് നിനക്ക് നാം നൽകിയ പേര്. താങ്കൾ ഒരു ദു: സ്വഭാവിയോ കഠിനഹൃദയനോ അല്ല. അങ്ങാടിയിലിരുന്ന് ബഹളമുണ്ടാക്കുന്നവനുമല്ല. തിന്മയെ താങ്കൾ തിന്മകൊണ്ട് തടുക്കുകയില്ല. എന്നാൽ വീട്ടുവീഴ്ചയും മാപ്പും ചെയ്യും. വക്രമായ മതത്തെ ചൊവ്വായ നിലയിലാക്കിത്തീർക്കും വരേക്കും അല്ലാഹു അദ്ദേഹത്തെ മരിപ്പിക്കുകയില്ല. അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് അവർ പറയുന്നതുകൊണ്ട് അതുവഴി അന്ധത ബാധിച്ച കണ്ണുകളും ബധിരത ബാധിച്ച കാതുകളും മൂടിവെച്ച മനസ്സുകളും തുറക്കും. (ബുഖാരി. 3. 34. 335)

40) ജാബിർ(റ) പറയുന്നു: അബ്ദുല്ലാഹിബ്നു അംറ്(റ) (അതായത് എന്റെ പിതാവ്) മരിക്കുമ്പോൾ അദ്ദേഹത്തിന് കുറെ കടങ്ങൾ ഉണ്ടായിരുന്നു. കടങ്ങൾ വിട്ട് കൊടുക്കാൻ അദ്ദേഹത്തിന്റെ കടക്കാരെ ഉപദേശിക്കുവാനായി ഞാൻ നബി(സ)യെ സഹായമെടുത്തു. നബി(സ) അപ്രകാരം അവരോടാവശ്യപ്പെട്ടു. എന്നാൽ അവർ അപ്രകാരം പ്രവർത്തിച്ചില്ല. നബി(സ) എന്നോട് പറഞ്ഞു: നീ പോയി നിന്റെ ഈത്തപ്പഴങ്ങളൊക്കെ ഇനം തിരിച്ച് വെക്കുക. അജ്വത്ത് വേറെ ഇനമായും അദ്ഖുബ്നുസൈദ് വേറെ ഇനമായും വെക്കുക. ശേഷം എന്റെയടുത്തേക്ക് ആളെ അയക്കുക. ഞാൻ അപ്രകാരം ചെയ്തു. നബി(സ)യുടെ അടുത്തേക്ക് ആളയച്ചു. നബി(സ) വന്നു. ഈത്തപ്പഴ കൂമ്പാരത്തിൽ മീതെ ഇരുന്നിട്ടു അരുളി: കടക്കാർക്ക് നീ അളന്നു കൊടുക്കൂ. ഞാനവർക്ക് കണക്ക് തീർത്തു അളന്നു കൊടുത്തു. എന്നിട്ടും എന്റെ കാരക്ക ഒട്ടും കുറയാതെ അവശേഷിച്ചു. (ബുഖാരി. 3. 34. 337)

41) മിഖ്ദാം(റ) നിവേദനം: നബി(സ) അരുളി: നിങ്ങളുടെ ഭക്ഷണസാധനങ്ങൾ അളന്നു കൊടുക്കുവീൻ. എങ്കിൽ അതിൽ നിങ്ങൾക്ക് നന്മയുണ്ടാകും. (ബുഖാരി. 3. 34. 338)

42) അബ്ദുല്ലാഹിബ്നു സൈദ്(റ) നിവേദനം: ഇബ്രാഹിം മക്കയെ ഹറം ആയി നിശ്ചയിക്കുകയും അതിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അതുപോലെ ഞാൻ മദീനായെ ഹറം ആക്കി നിശ്ചയിക്കുകയും അതിന്റെ അളവ് പാത്രങ്ങളായ മുദ്ദിലും സാഇലും അനുഗ്രഹം ചൊരിയേണമേ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. (ബുഖാരി. 3. 34. 339)

43) ഇബ്നുഅബ്ബാസ്(റ) നിവേദനം: ആഹാരസാധനം കച്ചവടം ചെയ്തിട്ട് ഏറ്റ് വാങ്ങും മുമ്പ് വീണ്ടും വിൽപ്പന നടത്തുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. ഞാൻ(ത്വാവൂദ്)ചോദിച്ചു. അതെങ്ങിനെയാണ്? ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അതു യാഥാർത്ഥ്യത്തിൽ ദിർഹമിന് പകരണം ദിർഹം കൈമാറലാണ്. കാരണം ചരക്ക് പിന്നീടേ കൊടുക്കുന്നുള്ളൂ. (ബുഖാരി. 3. 34. 342)

44) ഉമർ (റ) നിവേദനം: നബി(സ) അരുളി: സ്വർണ്ണം നൽകി സ്വർണ്ണം കൈമാറുന്നത് പലിശയാണ്. എന്നാൽ റൊക്കമായിട്ടാണെങ്കിൽ വിരോധമില്ല. ഗോതമ്പ് കൊടുത്ത് ഗോതമ്പ് കൈമാറുന്നതു പലിശയാണ്. എന്നാൽ റൊക്കമാണെങ്കിൽ വിരോധമില്ല. ഈത്തപ്പഴം കൊടുത്തു ഈത്തപ്പഴം കൈമാറുന്നത് പലിശയാണ്. പക്ഷെ, റൊക്കമാണെങ്കിൽ വിരോധമില്ല. ബാർലി കൊടുത്തു ബാർലി വാങ്ങുന്നതു പലിശയാണ്. റൊക്കമാണെങ്കിൽ വിരോധമില്ല. (ബുഖാരി. 3. 34. 344)

45) ഇബ്നുഉമർ(റ) നിവേദനം: ഭക്ഷണസാധനങ്ങൾ മതിച്ചു വാങ്ങുകയും അവ വ്യാപാരകേന്ദ്രത്തിലെത്തിക്കും മുമ്പ് വിൽപന നടത്തുകയും ചെയ്തവരെ അടിക്കുന്നത് നബി(സ)യുടെ കാലത്ത് ഞാൻ കണ്ടിട്ടുണ്ട്. (ബുഖാരി. 3. 34. 347)

46) ആയിശ(റ) പറയുന്നു: പകലിന്റെ ഏതെങ്കിലും ഒരു അറ്റത്ത് നബി(സ) അബൂബക്കറിന്റെ വീട്ടിൽ കയറി വരാത്ത ദിവസവും ഉണ്ടായിരുന്നില്ല. ഹിജ്റ പോകുവാനുള്ള അനുവാദം നബി(സ)ക്ക് ലഭിച്ചപ്പോൾ ഉച്ച സമയത്തു നബി(സ) ഞങ്ങളുടെ വീട്ടിൽ കയറി വന്നത് ഞങ്ങളെ ഭയപ്പെടുത്തി. അബൂബക്കർ നബി(സ)യുടെ വരവ് അറിഞ്ഞപ്പോൾ ഇപ്രകാരം പറഞ്ഞു: എന്തോ പുതിയ പ്രശ്നം സംഭവിച്ചതുകൊണ്ടാണ് നബി(സ) ഈ സമയത്തു നമ്മുടെ അടുത്തു വന്നിട്ടുള്ളത്. അങ്ങനെ നബി(സ) പ്രവേശിച്ചുകൊണ്ട് അബൂബക്കറിനോട് പറഞ്ഞു: നിന്റെ അടുത്തു ഉള്ളവരെ പുറത്താക്കുക. പ്രവാചകരേ! എന്റെ രണ്ടു പെൺകുട്ടികളായ ആയിശ(റ)യും അസ്മാഅ്(റ)യും മാത്രമാണ് ഇവിടെയുള്ളതെന്ന് അബൂബക്കർ(റ) മറുപടി പറഞ്ഞു. നബി(സ) പറഞ്ഞു. എനിക്ക് ഹിജ്റ പുറപ്പെടാൻ അനുവാദം ലഭിച്ചതു നീ അറിഞ്ഞില്ലേ? പ്രവാചകരേ! ഞാൻ അനുഗമിക്കേണ്ടതുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചു. അതെയെന്ന് നബി(സ) പ്രത്യുത്തരം നൽകി. അബൂബക്കർ പറഞ്ഞു. പ്രവാചകരേ! എന്റെ അടുത്തു രണ്ടു ഒട്ടകങ്ങളുണ്ട്. ഹിജ്റക്ക് വേണ്ടി ഞാനതു തയ്യാറാക്കിയതാണ്. അതിൽ ഒന്ന് താങ്കൾ സ്വീകരിച്ചാലും. നബി(സ) പറഞ്ഞു. ഞാനതു വിലക്ക് വാങ്ങിയിരിക്കുന്നു. (ബുഖാരി. 3. 34. 348)

47) ഇബ്നുഉമർ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളിൽ ചിലർ തന്റെ സ്നേഹിതന്റെ കച്ചവടത്തിൽ കച്ചവടം ചെയ്യരുത്. (ബുഖാരി. 3. 34. 349)

48) അബൂഹുറൈറ(റ) നിവേദനം: ചരക്കുമായി വരുന്ന ഗ്രാമവാസികൾക്ക് വേണ്ടി പട്ടണവാസി വിൽപ്പന നടത്തുന്നത് നബി വിരോധിച്ചിരിക്കുന്നു. (വാങ്ങാനുദ്ദേശമില്ലാതെ മറ്റുള്ളവരെ വഞ്ചിക്കാനായി)ചരക്കിന് വില ഏറ്റിപ്പറയുകയോ തന്റെ സഹോദരൻ കച്ചവടം ചെയ്തു കഴിഞ്ഞ ചരക്ക് വീണ്ടും കച്ചവടം ചെയ്യാൻ ശ്രമിക്കുകയോ തന്റെ സഹോദരൻ വിവാഹാലോചന നടത്തിക്കൊണ്ടിരിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യാൻ ആലോചന നടത്തുകയോ ചെയ്യരുത്. തന്റെ സഹോദരിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അവകാശാനുകൂല്യങ്ങൾ നഷ്ടപ്പെടുത്തിക്കളയാൻ വേണ്ടി ഒരു സ്ത്രീ അവളുടെ വിവാഹമോചനത്തിന് ആവശ്യപ്പെടുകയുമരുത്. (ബുഖാരി. 3. 34. 350)

49) ഇബ്നു ഉമർ(റ) പറയുന്നു: ചരക്കിന് വില കൂടുതൽ വാങ്ങുന്നതിനെ (കൊള്ളലാഭത്തെ) നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 34. 352)

50) ഇബ്നുഉമർ(റ) നിവേദനം: നിശ്ചയം നബി(സ) ഒരു മൃഗത്തിന്റെ ഗർഭത്തിലുള്ള കുട്ടിയെ വിൽക്കുന്നത് വിരോധിച്ചിരിക്കുന്നു. ഇതു അജ്ഞാന കാലത്തെ കച്ചവടമായിരുന്നു. ഒരു ഒട്ടകത്തെ അതു പ്രസവിച്ചുണ്ടാകുന്ന കുഞ്ഞു വീണ്ടും പ്രസവിക്കുമ്പോൾ വില തരാമെന്ന നിബന്ധനയോടെയായിരുന്നു അവർ കച്ചവടം നടത്തിയിരുന്നത്. (ബുഖാരി. 3. 34. 353)

51) അബൂസഈദ്(റ) പറയുന്നു: നബി(സ) മുനാബദത്തു കച്ചവടം വിരോധിച്ചിരിക്കുന്നു. വസ്ത്രം മറിച്ചു നോക്കുന്നതിന് മുമ്പായി എറിഞ്ഞു കൊടുക്കലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മൂലാമസത്തു കച്ചവടവും നബി(സ) നിരോധിച്ചിരിക്കുന്നു. വസ്ത്രത്തിലേക്ക് നോക്കാതെ സ്പർശിച്ച് കൊണ്ട് മാത്രം നടത്തുന്ന കച്ചവടമാണിത്. (ബുഖാരി. 3. 34. 354)

52) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ ഒട്ടകത്തിന്റെയും ആടുകളുടെയും അകിട് കറക്കാതെ പാൽ കെട്ടി നിറുത്തരുത്. വല്ലവനും കറക്കാതെ പാൽ കെട്ടി നിറുത്തി മൃഗത്തെ വാങ്ങിയാൽ കറന്നു നോക്കിയിട്ട് തൃപ്തിയായെങ്കിൽ മാത്രം സ്വീകരിച്ചാൽ മതി. തൃപ്തിയായില്ലെങ്കിൽ തന്നെ പാലിന് പകരം ഒരു സാഅ് കാരക്കയോട് കൂടി ആടിനെ തിരിച്ചു കൊടുക്കണം. (ബുഖാരി. 3. 34. 358)

53) ഇബ്നുമസ്ഊദ്(റ) നിവേദനം: നബി(സ) അരുളി: അകിട് കെട്ടിയ ആടിനെ ആരെങ്കിലും വിലക്ക് വാങ്ങിയാൽ അതിനെ അവർ തിരിച്ചു കൊടുക്കട്ടെ. അതിന്റെ കൂടെ ഒരു സ്വാഅ് ഈത്തപ്പഴവും. നബി(സ) ചരക്കുകൾ വഴിയിൽ വെച്ച് കണ്ടുമുട്ടുന്നതും വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 34. 359)

54) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അടിമപ്പെണ്ണ് വ്യഭിചരിക്കുകയും അതു വ്യക്തമാക്കുകയും ചെയ്താൽ അവളെ ചമ്മട്ടി കൊണ്ടടിക്കുക. ആക്ഷേപിക്കരുത്. വീണ്ടും അവൾ വ്യഭിചരിച്ചാൽ അപ്പോഴും അവളെ ചമ്മട്ടി കൊണ്ടടിക്കുക. അവളെ ആക്ഷേപിക്കരുത്. മൂന്നാമതും വ്യഭിചരിച്ചാൽ കിട്ടിയ വിലക്ക് അവളെ വിറ്റുകളയുക. രോമത്തിന്റെ ഒരു കയറിനാണെങ്കിലും. (ബുഖാരി. 3. 34. 362)

55) അബൂഹുറൈറ(റ)യും സൈദ്ബ്നു ഖാലിദും(റ) നിവേദനം: വിവാഹം ചെയ്യാത്ത അടിമസ്ത്രീ വ്യഭിചരിച്ചാൽ അവളെ എന്തുചെയ്യണമെന്ന് നബി(സ)യോട് ചോദിക്കപ്പെട്ടു. നബി(സ) പറഞ്ഞു: നിങ്ങൾ അവളെ ചമ്മട്ടികൊണ്ടടിക്കുക. വീണ്ടും അവൾ വ്യഭിചരിക്കുകയാണെങ്കിൽ ഒരു രോമത്തിന്റെ കയറിനെങ്കിലും അവളെ വിൽക്കുക. (ബുഖാരി. 3. 34. 363)

56) ഇബ്നു അബ്ബാസ്(റ) നിവേദനം: ചരക്ക് അങ്ങാടിയിലേക്ക് കൊണ്ടുവരുന്നവരിൽ നിന്നും ഇടക്ക് വെച്ച് ചരക്ക് വാങ്ങരുതെന്നും ഗ്രാമീണന് വേണ്ടി അവന്റെ ചരക്ക് പട്ടണവാസി വിൽപ്പന നടത്തരുതെന്നും നബി(സ) അരുളിയിരിക്കുന്നു. അപ്പോൾ ഞാൻ(ത്വാവൂസ്) ഇബ്നുഅബ്ബാസിനോട് ചോദിച്ചു. ഗ്രാമീണനുവേണ്ടി ചരക്ക് പട്ടണവാസി വിൽപ്പന നടത്തരുതെന്നും പറഞ്ഞതുകൊണ്ടുള്ള ഉദ്ദേശ്യമെന്താണ്? ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: അവനുവേണ്ടി ദല്ലാലിയായി നിൽക്കരുതെന്ന് വിവക്ഷ. (ബുഖാരി. 3. 34. 367)

57) അനസ്(റ) നിവേദനം: പട്ടണവാസി ഗ്രാമീണന് വേണ്ടി വിൽപ്പന നടത്തുന്നതിനെ ഞങ്ങളോട് വിരോധിക്കപ്പെട്ടിട്ടുണ്ട്. (ബുഖാരി. 3. 34. 370)

58) ഇബ്നുഉമർ(റ) നിവേദനം: നബി(സ) അരുളി: മറ്റു ചിലർ കച്ചവടം ചെയ്തുകഴിഞ്ഞ ചരക്ക് വീണ്ടും നിങ്ങൾ കച്ചവടം ചെയ്യരുത്. ചരക്ക് അങ്ങാടിയിലെത്തും മുമ്പ് ഇടക്ക് വെച്ച് കച്ചവടം നിങ്ങൾ ചെയ്യരുത്. (ബുഖാരി. 2165)

59) ഇബ്നുഉമർ(റ) നിവേദനം: ഞങ്ങൾ ചരക്കുമായി വരുന്നവരെ ഇടക്ക് വെച്ച് അഭിമൂഖീകരിച്ച് അവരിൽ നിന്ന് ഭക്ഷണസാധനങ്ങൾ വാങ്ങാറുണ്ട്. നബി(സ) ചരക്ക് അങ്ങാടിയിൽ ഇറക്കുന്നതുവരെ ഈ കച്ചവടത്തെ ഞങ്ങളോട് വിരോധിച്ചു. (ബുഖാരി. 3. 34. 374)

60) ഇബ്നുഉമർ(റ) അവർ ഭക്ഷണസാധനങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്ന അങ്ങാടിയുടെ മുകൾ ഭാഗത്ത് വെച്ച് ചരക്കുകൾ വാങ്ങാറുണ്ട്. ഇതു നബി(സ) അറിഞ്ഞപ്പോൾ ചരക്ക് അവിടെ നിന്ന് നീക്കപ്പെടുന്നതിന് മുമ്പ് കച്ചവടം ചെയ്യുന്നതു വിരോധിച്ചു. (ബുഖാരി. 3. 34. 375)

61) ഇബ്നുഉമർ(റ) നിവേദനം: നബി(സ) മുസാബനത്ത് കച്ചവടം നിരോധിച്ചിരിക്കുന്നു. മുസാബനത്ത് എന്നാൽ ഉണങ്ങിയ ഈത്തപ്പഴത്തിന് പകരം ഉണങ്ങാത്ത ഈത്തപ്പഴം അളന്ന് കൈമാറലും ഉണങ്ങിയ മുന്തിരിക്ക് പകരം പച്ച മുന്തിരി അളന്നു കൈമാറലുമാണ്. (ബുഖാരി. 3. 34. 380)

62) അബൂബുക്കറത്തു(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ സ്വർണ്ണം കൊടുത്തു സ്വർണ്ണവും വെള്ളി കൊടുത്തു വെള്ളിയും കൈമാറരുത്. തുല്യ തൂക്കത്തിലാണെങ്കിൽ വിരോധമില്ല. എന്നാൽ സ്വർണ്ണം കൊടുത്തു വെളളിയും വെള്ളി കൊടുത്തു സ്വർണ്ണവും നിങ്ങൾക്കിഷ്ടം പോലെ കൈമാറാം. (ബുഖാരി. 3. 34. 383)

63) ബറാഅ്(റ) സൈദ്ബ്നു അർകം(റ) എന്നിവരോട് നാണയ വിനിമയത്തെക്കുറിച്ച് മിൻഹാൽ(റ) ചോദിച്ചു. അപ്പോൾ ഇദ്ദേഹത്തിനാണ് എന്നേക്കാൾ കൂടുതൽ ജ്ഞാനമെന്ന് രണ്ടാളും ചൂിക്കാട്ടി. രണ്ടുപേരും പറഞ്ഞു: സ്വർണ്ണം വെള്ളിക്ക് പകരം കടമായി വിൽക്കുന്നതു നബി(സ) വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 3. 34. 387)

64) ഇബ്നു ഉമർ(റ) പറയുന്നു: നബി(സ) അരുളി: പഴങ്ങൾ അതിന്റെ കേടുപാടുകളുടെ ഘട്ടങ്ങൾ കഴിഞ്ഞു അവയുടെ ഗുണങ്ങൾ പ്രത്യക്ഷപ്പെടും വരേക്കും അവയെ നിങ്ങൾ വിൽക്കരുത്. ഉണങ്ങാത്ത ഈത്തപ്പഴത്തിന്ന് ഉണങ്ങിയ ഈത്തപ്പഴം നിങ്ങൾ വിൽക്കരുത്. (ബുഖാരി. 3. 34. 389)

65) അബൂസഈദ്(റ) നിവേദനം: നബി(സ) മുസാബനത്തു കച്ചവടം വിരോധിച്ചിരിക്കുന്നു. അതുപോലെ ഭൂമി പാട്ടത്തിന് നൽകലും വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 3. 34. 391)

66) ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ) ഭൂമി പാട്ടത്തിന് നൽകലും മുസാബനത്തും വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 34. 392)

67) സൈദ്ബ്നു സാബിത്(റ) പറയുന്നു: നബി(സ)യുടെ കാലത്ത് ജനങ്ങൾ (വൃക്ഷങ്ങളിന്മേൽ നിൽക്കുന്ന)ഫലങ്ങൾ വിൽക്കാറുണ്ടായിരുന്നു. വിലക്ക് വാങ്ങിയ ആളുകൾ പഴം പറിക്കാൻ ആരംഭിക്കുകയും തോട്ടങ്ങളുടെ ഉടമസ്ഥൻ പണം ആവശ്യപ്പെട്ടു വരികയും ചെയ്യുമ്പോൾ തോട്ടത്തിലെ ഫലങ്ങൾക്ക് രോഗം പിടികൂടി. അതിനെ ഇന്ന രോഗം ബാധിച്ചു. ആ രോഗം ബാധിച്ചു - കാലക്കേട് ബാധിച്ചു. എന്നെല്ലാം പറയാൻ തുടങ്ങും. അതെല്ലാം തെളിവാക്കി വഴക്ക് കൂടാനാരംഭിക്കും. അങ്ങനെ നബി(സ)യുടെ അടുത്ത് ആവലാതികൾ വളരെയെണ്ണം വരാൻ തുടങ്ങിയപ്പോൾ ഒരുപദേശമെന്ന നിലക്ക് നബി(സ) അരുളി: ഈ വഴക്ക് നിങ്ങൾക്ക് അവസാനിപ്പിക്കുവാൻ സാധ്യമല്ലെങ്കിൽ ഫലങ്ങൾ അവയുടെ ഗുണങ്ങൾ ശരിക്ക് പ്രത്യക്ഷപ്പെടുംവരേക്കും നിങ്ങൾ ക്രയവിക്രയം നടത്തരുത്. സൈദ്(റ) സുറൈയ്യാ നക്ഷത്രം ഉദിച്ചുയരുന്നത് വരെ തന്റെ ഭൂമിയിലെ ഫലങ്ങൾ വിൽക്കാറില്ല. അങ്ങനെ മഞ്ഞ ചുവപ്പിൽ നിന്ന് വ്യക്തമാക്കും. (ബുഖാരി. 3. 34. 397)

68) അനസ്(റ) നിവേദനം: പഴങ്ങൾ ചുവപ്പ് നിറം പ്രാപിക്കും മുമ്പ് അവയെ വിൽപ്പന നടത്തുന്നതിന് നബി(സ) വിരോധിച്ചിരിക്കുന്നു. അവിടുന്ന് ചോദിച്ചു. നിങ്ങൾ ഒന്നു ചിന്തിച്ചുനോക്കൂ. അല്ലാഹു ആ തോട്ടത്തിലെ ഫലം തടഞ്ഞുവെച്ചു. എങ്കിൽ എന്തു ന്യായത്തിന്മേലാണ് സ്വസഹോദരന്റെ പക്കൽ നിന്ന് നിങ്ങൾ വില വസൂലാക്കുക?(ബുഖാരി. 3. 34. 403)

69) ഇബ്നു ഉമർ(റ) പറയുന്നു: ഏതെങ്കിലും ഈത്തപ്പന പരാഗണം ചെയ്ത നിലക്കു വിറ്റാൽ (ആ വർഷത്തെ) ഈത്തപ്പഴം പരാഗണം ചെയ്തവനാണ്. ഇതുപോലെതന്നെയാണ് അടിമയും കൃഷിഭൂമിയും. (ബുഖാരി. 3. 34. 406)

70) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) അരുളി: പരാഗണം ചെയ്ത ഈത്തപ്പന വിറ്റാൽ അതിന്റെ ഫലം വിൽക്കുന്നവനാണ്. വാങ്ങുന്നവൻ വ്യവസ്ഥ ചെയ്താൽ ഒഴികെ. (അപ്പോൾ വാങ്ങുന്നവനാണ്). (ബുഖാരി. 3. 34. 408)

71) ആയിശ(റ) പറയുന്നു: (വല്ലവനും ഐശ്വര്യവാനാണെങ്കിൽ അവൻ പരിശുദ്ധി സ്വീകരിക്കട്ടെ. വല്ലവനും ദരിദ്രനാണെങ്കിൽ മാന്യമായ നിലക്ക് ഭക്ഷിക്കട്ടെ) ഈ സൂക്തം യത്തീമിനെ സംരക്ഷിക്കുന്നവരെ സംബന്ധിച്ച് അവതരിപ്പിക്കപ്പെട്ടതാണ്. അദ്ദേഹം ദരിദ്രനാണെങ്കിൽ മാന്യമായ നിലക്ക് (സംരക്ഷണ ചിലവായി) അവന്റെ ധനത്തിൽ നിന്ന് ഭക്ഷിക്കാവുന്നതാണ്. (ബുഖാരി. 3. 34. 414)

72) ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരു ആടിന്റെ ശവത്തിന്ന് അരികിലൂടെ നബി(സ) നടന്നുപോയി അപ്പോൾ നബി(സ) പറഞ്ഞു. അതിന്റെ തോല് നിങ്ങൾക്ക് ഉപയോഗിച്ചു കൂടേ? അവർ പറഞ്ഞു: തീർച്ചയായും അത് ശവമാണ്. നബി(സ) അരുളി: അതു ഭക്ഷിക്കുന്നതാണ് നിഷിദ്ധം. (ബുഖാരി. 3. 34. 424)

73) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പുനരുത്ഥാന ദിവസം മൂന്ന് പേർക്കെതിരിൽ താൻ ശിക്ഷാ നടപടികൾ എടുക്കുമെന്ന് അല്ലാഹു അരുളുന്നു. എന്റെ പേരിൽ ഒരാളുമായി ഒരു കരാർ ചെയ്തിട്ട് അത് ലംഘിച്ചവൻ. ഒരു സ്വതന്ത്രനെ വിറ്റിട്ട് വില തിന്നവൻ. ഒരാളെ കൂലിക്ക് ജോലി ചെയ്യാൻ വിളിച്ചിട്ടു ജോലി ചെയ്യിച്ച് എന്നിട്ട് കൂലി കൊടുത്തില്ല. അങ്ങിനെയുള്ളവൻ. (ബുഖാരി. 3. 34. 430)

74) ജാബിർ(റ) പറയുന്നു: മക്കാവിജയവർഷം മക്കയിൽ വെച്ച് നബി(സ) ഇപ്രകാരം അരുളുന്നത് ഞാൻ കേട്ടു. നിശ്ചയം അല്ലാഹുവും അവന്റെ ദൂതനും മദ്യം, ശവം, പന്നി, വിഗ്രഹം എന്നിവ വിൽക്കുന്നത് നിഷിദ്ധമാക്കിയിട്ടുണ്ട്. ദൈവദൂതരേ! ശവത്തിലെ കൊഴുപ്പിനെക്കുറിച്ച് താങ്കൾ എന്തുപറയുന്നു? കപ്പലിന്റെ പുറത്തു പൂശാൻ അതുപയോഗിക്കാറുണ്ടല്ലോ. അതുപോലെ തോലിന്റെ പുറത്തു തേക്കാറുണ്ട്. വിളക്ക് കത്തിക്കാറുണ്ട് എന്ന് ചിലർ ഉണർത്തി. നബി(സ) അരുളി: അതും ഹറാമാണ്. ശേഷം നബി(സ) തുടർന്നു. അല്ലാഹു ജൂതന്മാരെ ശപിക്കട്ടെ. അല്ലാഹു മൃഗങ്ങളുടെ കൊഴുപ്പ് നിഷിദ്ധമാക്കിയപ്പോൾ അതവർ ഉരുക്കി വിറ്റിട്ട് അതിന്റെ വില തിന്നു. (ബുഖാരി. 3. 34. 438)

75) അബൂമസ്ഊദ്(റ) നിവേദനം: നായയെ വിറ്റു കിട്ടുന്ന വില, വ്യഭിചാരണം പ്രശ്നക്കാരനും കിട്ടുന്ന പ്രതിഫലം ഇവ നബി(സ) നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി. 3. 34. 439)

76) അബൂസയ്യിദ്(റ) നിവേദനം ചെയ്തു. പ്രവാചകൻ(സ) പറഞ്ഞു: സത്യസന്ധനും വിശ്വസ്തനുമായ വ്യാപാരി നബിമാരോടും സത്യാത്മക്കളോടും ഷഹീദ് (രക്തസാക്ഷി) കളോടും കൂടിയാകുന്നു. (തിർമിദി)

77) മഅ്മർ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ധാന്യങ്ങൾ ദുർല്ലഭമാകുന്നതിനും, വില കൂടുന്നതിനും വേണ്ടി പൂഴ്ത്തിവയ്ക്കുന്നവർ പാപിയാകുന്നു. (മുസ്ലിം)

78) അനസ്(റ) നിവേദനം ചെയ്തു: അല്ലാഹുവിന്റെ ദൂതൻ(സ) ഒരു കമ്പിളി വസ്ത്രവും ഒരു പാത്രവും വാങ്ങിച്ചു. അവിടുന്നു പറഞ്ഞു: ഈ കമ്പിളിവസ്ത്രവും പാത്രവും ആരുവാങ്ങും? ഒരാൾ പറഞ്ഞു: ഒരു ദിർഹമിനു ഞാൻ എടുക്കാം. പ്രവാചകൻ(സ) പറഞ്ഞു: ഒരു ദിർഹമിൽ കൂടതൽ ആരുതരും? ഒരു ദിർഹമിൽ കൂടുതൽ ആരു തരും? ഒരാൾ രണ്ടു ദിർഹം കൊടുത്ത് അവിടുന്നിൽ നിന്നു അതു വാങ്ങി. (തിർമിദി)

79) സഈദ് ഇബ്നുഹുറൈസ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ആരൊരുവൻ ഒരു വീടോ വരുമാനമുള്ള ഒരു വസ്തുവോ വിൽക്കയും അതിന്റെ വില അവൻ അതിനു സമമായതിനു നിക്ഷേപിക്കയും ചെയ്യാതിരിക്കുന്നുവോ അവൻ അതിൽ അനുഗ്രഹിക്കപ്പെടുവാൻ ഇടയില്ല. (അഹ്മദ്)

80) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) മദീനയിൽ വന്നു. അപ്പോൾ ജനങ്ങൾ ഒരു കൊല്ലത്തേയും രണ്ടു കൊല്ലത്തേയും ചരക്കിന് മുൻകൂട്ടി പണം കൊടുത്തു സ്ഥലം കച്ചവടം ചെയ്യുന്ന പതിവ് അവിടെയുണ്ടായിരുന്നു. അതു കണ്ടപ്പോൾ നബി(സ) അരുളി: വല്ലവനും ഈത്തപ്പഴത്തിനു മുൻകൂട്ടി വില കൊടുത്ത് കച്ചവടം ചെയ്യുന്നുണ്ടെങ്കിൽ അളവും തൂക്കവും നിർണ്ണയിച്ചുകൊണ്ട് കച്ചവടം ചെയ്യട്ടെ. (ബുഖാരി. 3. 35. 441)

81) ഇബ്നു അബ്ബാസ്(റ) നിവേദനം: ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ) മദീനയിൽ വന്നപ്പോൾ രണ്ടു കൊല്ലത്തേയും മൂന്നു കൊല്ലത്തേയും കാരക്കക്ക് ജനങ്ങൾ മുൻകൂർ പണം കൊടുത്തു കച്ചവടം ചെയ്യാറുണ്ടായിരുന്നു. അപ്പോൾ നബി(സ) പറഞ്ഞു: വല്ലവനും മുൻകൂർ കച്ചവടം നടത്തുകയാണെങ്കിൽ തൂക്കം, അളവ്, സമയം മുതലായവ ശരിക്കും നിർണ്ണയിക്കണം. (ബുഖാരി. 3. 35. 443)

82) ഇബ്നുഅബീഔഫാ(റ) പറയുന്നു: അവധിയും അളവും നിർണ്ണയിച്ചുകൊണ്ട് ഗോതമ്പ്, ബാർലി, മുന്തിരി എന്നീ ചരക്കുകൾക്ക് മുൻകൂർ പണം കൊടുത്തും സിറിയായിലെ കർഷകരുമായി ഞങ്ങൾ കച്ചവടം ചെയ്യാറുണ്ടായിരുന്നു. യഥാർത്ഥ കർഷകരുമായിട്ടുതന്നെയാണോ നിങ്ങൾ അങ്ങനെ കച്ചവടം ചെയ്തിരുന്നത്? എന്ന് അദ്ദേഹം ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു. നബി(സ)യുടെ സഹാബിമാർ സ്ഥലം കച്ചവടം നടത്താറുണ്ട്. അവർ കൃഷി ചെയ്യാറുണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ ചോദിക്കാറില്ല. (ബുഖാരി. 3. 35. 447)

83) ഇബ്നുഅബ്ബാസ്(റ) നിവേദനം: ഈത്തപ്പനയിൽ സ്ഥലം കച്ചവടം ചെയ്യുന്നതിനെ സംബന്ധിച്ച് അദ്ദേഹം ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: ഈത്തപ്പനമേൽ പഴം ഉണ്ടായി ഭക്ഷിക്കാനും തൂക്കുവാനും ആക്കുന്നതിന്റെ മുമ്പ് കച്ചവടം ചെയ്യുന്നത് നബി(സ) വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 3. 35. 450)

84) അബ്ദുല്ല(റ) നിവേദനം: ഒട്ടകത്തിന്റെ ഗർഭത്തിലെ ശിശുവിനെ അവർ കച്ചവടം ചെയ്തിരുന്നു. നബി(സ) അതിനെ വിരോധിച്ചു. (ബുഖാരി. 3. 35. 457)

85) അബൂമസ്ഊദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: മുൻഗാമികളിൽ ഒരാൾ വിചാരണ ചെയ്യപ്പെട്ടു. ഒരു നന്മയും അയാളിൽ കാണപ്പെടുകയുണ്ടായില്ല. പക്ഷേ, ധനികനായിരുന്നപ്പോൾ അദ്ദേഹം ജനങ്ങളുമായി സമ്പർക്കം പുലർത്തുകയും ഞെരുക്കമുള്ളവർക്ക് വിട്ടുവീഴ്ച ചെയ്തുകൊടുക്കാൻ തന്റെ ഭൃത്യന്മാരോട് കൽപ്പിക്കുകയും ചെയ്തിരുന്നു. അല്ലാഹു പറഞ്ഞു: വിട്ടുവീഴ്ച ചെയ്തുകൊടുക്കാൻ അവനെക്കാൾ കൂടുതൽ ഞാനാണർഹൻ. അതുകൊണ്ട് (മലക്കുകളേ!) നിങ്ങളവന്ന് വിട്ടുവീഴ്ച ചെയ്തുകൊടുക്കൂ. (മുസ്ലിം)

86) ഹുദൈഫ(റ)യിൽ നിന്ന് നിവേദനം: അല്ലാഹു ധനം നൽകിയ ഒരടിമയെ കൊണ്ടുവന്നിട്ട് അല്ലാഹു ഇപ്രകാരം ചോദിച്ചു: ദുൻയാവിൽ നീ എന്തു ചെയ്തു? റിപ്പോർട്ടർ പറയുകയാണ്. അല്ലാഹുവിനോട് ജനങ്ങൾക്ക് ഒന്നും മറച്ചുവെക്കാൻ കഴിയുകയില്ല. അയാൾ പറഞ്ഞു: രക്ഷിതാവേ! നീ എനിക്ക് ധനം നൽകി. ഞാനതു കൊണ്ട് ജനങ്ങളുമായി ഇടപാട് നടത്തിപ്പോന്നു. വിട്ടുവീഴ്ച ചെയ്തുകൊടുക്കൽ എന്റെ സ്വഭാവമായിരുന്നു. ധനവാന്ന് ഞാൻ സൗകര്യം ചെയ്യുകയും ദരിദ്രന് അവധി കൊടുക്കുകയും ചെയ്യുമായിരുന്നു. അല്ലാഹു പറഞ്ഞു: നിന്നേക്കാൾ ഇതിന്നർഹൻ ഞാനാണ്. അതുകൊണ്ട് (മലക്കുകളേ!) നിങ്ങളെന്റെ ദാസന് വിടുതിചെയ്യൂ. ഉഖ്ബത്തും(റ) അബൂമസ്ഊദും(റ) പറഞ്ഞു: ഇപ്രകാരം നബി(സ)യുടെ വായിൽ നിന്നും ഞങ്ങൾ കേട്ടിട്ടുണ്ട്. (മുസ്ലിം)

87) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ഞെരുക്കമുള്ളവന് അവധി നല്കുകയോ കടം വിട്ടുകൊടുക്കുകയോ ചെയ്താൽ അല്ലാഹുവിന്റേതല്ലാത്ത മറ്റാരുടെയും നിഴലില്ലാത്ത അന്ത്യദിനത്തിൽ അർശിന്റെ നിഴലിൽ അല്ലാഹു അവന് നിഴലിട്ട് കൊടുക്കും. (തിർമിദി)

88) സുവൈദി(റ)ൽ നിന്ന് നിവേദനം: ഞാനും മഖ്റമത്തും(റ) (ബഹ്റൈനിലെ) ഹജറിൽ നിന്ന് പട്ട് കയറ്റുമതി ചെയ്തു. നബി(സ) ഞങ്ങളുടെ അടുത്ത് വന്ന് ഞങ്ങളിൽ നിന്ന് പൈജാമ കച്ചവടം ചെയ്തു. എന്റെ അടുക്കൽ തൂക്കിക്കൊടുക്കുന്ന ഒരു കൂലിക്കാരനുണ്ടായിരുന്നു. നബി(സ) തൂക്കുന്നവനോട് പറഞ്ഞു: വില നീതൂക്കിക്കൊടുക്കുകയും അല്പം കൂടുതലാക്കുകയും ചെയ്യൂ. (അബൂദാവൂദ്, തിർമിദി)