തിരഞ്ഞെടുത്ത ഹദീസുകൾ/ഉംറ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു ഉംറ: മുതൽ മറ്റേ ഉംറ: വരേക്കും സംഭവിക്കുന്ന പാപങ്ങൾക്ക് ആ ഉംറ: പ്രായശ്ചിതമാണ്. പരിശുദ്ധമായ ഹജ്ജിന്റെ പ്രതിഫലം സ്വർഗ്ഗം മാത്രമാണ്. (ബുഖാരി. 3. 27. 1)

2) ഇക്രിമ: പറയുന്നു: ഹജ്ജ് ചെയ്യുന്നതിന് മുമ്പ് ഉംറ: നിർവ്വഹിക്കുന്നതിനെ സംബന്ധിച്ച് ഇബ്നു ഉമർ(റ) ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: കുഴപ്പമില്ല. നബി(സ) ഹജ്ജ് ചെയ്യുന്നതിനുമുമ്പ് ഉംറ: നിർവ്വഹിക്കുകയുണ്ടായി. (ബുഖാരി. 3. 27. 2)

3) മുജാഹിദ്(റ) പറയുന്നു: ഞാനും ഉർവയും തമ്മിൽ ഒരിക്കൽ പള്ളിയിൽ പ്രവേശിച്ചു. അപ്പോൾ ആയിശ(റ) യുടെ മുറിയുടെ അടുത്തു ഇബ്നുഉമർ(റ) ഇരിക്കുന്നുണ്ട്. ചില മനുഷ്യർ പള്ളിയിൽ ളുഹാ നമസ്കരിക്കുന്നു. ഞങ്ങൾ അദ്ദേഹത്തോട് അവരുടെ നമസ്കാരത്തെക്കുറിച്ച് ചോദിച്ചു. ഇബ്നു ഉമർ(റ) പറഞ്ഞു: അനാചാരം. ശേഷം അദ്ദേഹത്തോട് ചോദിച്ചു: നബി(സ) എത്ര ഉംറ: നിർവ്വഹിച്ചിട്ടുണ്ട്. ഇബ്നു ഉമർ(റ) പറഞ്ഞു: നാല് ഉംറ: അവയിൽ ഒന്ന് റജബ് മാസത്തിലായിരുന്നു. അപ്പോൾ അദ്ദേഹത്തെ ഖണ്ഡിക്കുവാൻ ഞങ്ങൾ വെറുത്തു. മുജാഹിദ്(റ) പറയുന്നു: അപ്പോൾ ആയിശ(റ) അവരുടെ മുറിയിൽ നിന്ന് പല്ല് തേക്കുന്നത് ഞങ്ങൾ കണ്ടു. ഉർവ്വ(റ) പറഞ്ഞു: എന്റെ മാതാവേ! വിശ്വാസികളുടെ മാതാവേ! ഇബ്നുഉമർ(റ) പറയുന്നത് നിങ്ങൾ കേട്ടില്ലേ? അവർ പറഞ്ഞു: എന്താണദ്ദേഹം പറയുന്നത്? നബി(സ) നാല് ഉംറ: ചെയ്തിട്ടുണ്ടെന്നും അവയിലൊന്ന് റജബിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അപ്പോൾ ആയിശ(റ) പറഞ്ഞു: അബൂഅബ്ദുർറഹ്മാനെ (ഇബ്നു ഉമർ) അല്ലാഹു അനുഗ്രഹിക്കട്ടെ! നബി(സ) അബൂഅബ്ദുർറഹ്മാന്റെ സാന്നിദ്ധ്യത്തിലല്ലാതെ ഒരു ഉംറയും ചെയ്തിട്ടില്ലല്ലോ. റജബിൽ അവിടുന്നൊരിക്കലും ഉംറ: ചെയ്തിട്ടില്ല. (ബുഖാരി. 3. 27. 4)

4) ബറാഅ്(റ) പറയുന്നു: നബി(സ) ഹജ്ജ് ചെയ്യുന്നതിനു മുമ്പ് ദുൽ-ഖഅദ് മാസത്തിൽ രണ്ടു പ്രാവശ്യം ഉംറ ചെയ്തു. (ബുഖാരി. 3. 27. 9)

5) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) അൻസാരികളിൽ പെട്ട ഒരു സ്ത്രീയോട് ചോദിച്ചു. ഞങ്ങളുടെ കൂടെ നിനക്ക് ഹജ്ജ് ചെയ്യാൻ എന്താണ് തടസ്സം? അവൾ പറഞ്ഞു: ഞങ്ങൾക്ക് ഒരു ഒട്ടകമുണ്ട്. അതിന്മേൽ ഇന്നവന്റെ പിതാവും മകനും യാത്ര പുറപ്പെട്ടു. മറ്റൊരു ഒട്ടകത്തെ അദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ കൃഷി നനക്കുന്നത്. നബി(സ) പറഞ്ഞു: എങ്കിൽ റമളാൻ മാസത്തിൽ നീ ഉംറ ചെയ്യുക. നിശ്ചയം റമളാനിൽ ഒരു ഉംറ ചെയ്യുന്നത് ഒരു ഹജ്ജിന് തുല്യമാണ്. (ബുഖാരി. 3. 27. 10)

6) ആയിശ(റ) നിവേദനം: പ്രവാചകരേ! ജനങ്ങൾ രണ്ടു ആരാധനയുമായി മടങ്ങുമ്പോൾ ഞാൻ ഒരു ആരാധനയുമായിട്ടാണ് മടങ്ങുന്നത്. അപ്പോൾ നബി(സ) അവളോട് പറഞ്ഞു: നീ പ്രതീക്ഷിക്കുക, നീ ശുദ്ധിയായാൽ തൻഈമിൽ പോയി ഉംറ:ക്ക് ഇഹ്റാം കെട്ടുക. പിന്നെ ഇന്ന സ്ഥലത്തു നിങ്ങൾ വരുക. നീ ചിലവഴിക്കുന്ന ധനത്തിന്റെ അല്ലെങ്കിൽ നീ അനുഭവിക്കുന്ന വിഷമത്തിന്റെ തോതനുസരിച്ചാണ് നിനക്ക് പ്രതിഫലം ലഭിക്കുക. (ബുഖാരി. 3. 27. 15)

7) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) ഒരു യുദ്ധമോ ഹജ്ജോ ഉംറയോ കഴിഞ്ഞു മടങ്ങുമ്പോൾ ഭൂമിയുടെ ഉയർന്ന പ്രദേശങ്ങളിൽ കയറുമ്പോഴെല്ലാം മൂന്ന് പ്രാവശ്യം തക്ബീർ ചൊല്ലും. എന്നിട്ട് പറയും.: അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല. അവൻ ഏകനാണ്. അവന് പങ്കുകാരില്ല. അവനാണ് ഉടമാവകാശം. സർവ്വ സ്തുതിയും അവന്നാണ്. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളനത്രെ. ഞങ്ങളിതാ മടങ്ങുന്നു. പശ്ചാത്തപിക്കുന്നു. അവന് കീഴ്പ്പെട്ടു ജീവിക്കുന്നു. അവന് സാഷ്ടാംഗം ചെയ്യുന്നു. ഞങ്ങളുടെ നാഥനെ ഞങ്ങൾ സ്തുതിക്കുന്നു. അല്ലാഹു തന്റെ കരാർ യാഥാർത്ഥ്യമാക്കിയിരിക്കുന്നു. അവൻ തന്റെ ദാസനെ സഹായിച്ചിരിക്കുന്നു. ഐക്യകക്ഷികളെ ഏകനായിക്കൊണ്ട് പരാജയപ്പെടുത്തിയിരിക്കുന്നു. (ബുഖാരി. 3. 27. 23)

8) ജാബിർ(റ) പറയുന്നു: യാത്രയിൽ നിന്ന് മടങ്ങിവന്ന് രാത്രി വീട്ടിൽ ചെന്ന് വീട്ടുകാരെ മുട്ടിവിളിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 27. 27)