നിനച്ച് പ്രകൃതിയുടെ നിയമങ്ങളെ വകവയ്ക്കാതെ ഓരോന്നു കാട്ടിയാൽ ഗുണത്തേക്കാളേറെ ദോഷമാണ് സംഭവിക്കുക.” മാസ്റ്റർ പറഞ്ഞു.
“അതെന്താ മാസ്റ്റർ, പ്രകൃതിയുടെ നിയമങ്ങൾ എന്നു പറയുന്നത്?” അപ്പുക്കുട്ടൻ തിരക്കി.
“ഈ ഭൂമുഖത്ത് മനുഷ്യൻ ഉണ്ടായിട്ട് ഏതാനും ലക്ഷം കൊല്ലങ്ങളേ ആയുള്ളൂ. അതിന് എത്രയോ മുമ്പുതന്നെ ഇവിടെ മണ്ണും മലയും സമുദ്രങ്ങളും കോടാനുകോടി തരം സസ്യജന്തുജാലങ്ങളും നിലനിന്നിരുന്നു. അവ തമ്മിൽ ഒരു വലയിലെ കണ്ണി പോലെ ബന്ധപ്പെട്ടുമാണിരുന്നത്. അങ്ങനെ പ്രകൃതിയിൽ ഒരു സന്തുലനം നിലനിന്നിരുന്നു. പ്രകൃതി തന്നെ അതിസൂക്ഷ്മതയോടെയും അതിവിദഗ്ധമായും ഒരുക്കിയ ഒരു സന്തുലനം.”
“ഒരുദാഹരണം പറയാമോ മാസ്റ്റർ?”
“ചെറിയ ഒരു ഉദാഹരണം പറയാം. കാട്ടിൽ പുല്ലു വളരുന്നു. ഈ പുൽമേടും കാടിൻറെ തന്നെ ഒരു ഭാഗമാണ്. കാരണം കാട്ടിലെ മാനുകൾക്ക് ജീവിക്കണമെങ്കിൽ പുല്ലു വേണം. പക്ഷേ മാനുകൾ ക്രമാതീതമായി പെരുകിയാലോ?”
“പുല്ലു മുഴുവൻ തിന്നുതീർക്കും.” വിനു പറഞ്ഞു.
“അതായത് പുൽമേടുകൾ നശിക്കും. അല്ലേ, അങ്ങനെ വന്നാലോ?”
“വന്നാലെന്താ? പുല്ലില്ലാതാകും.” മുഹമ്മദ് കാര്യം മനസ്സിലാക്കാതെ കയറി പറഞ്ഞു.
“അതു മാത്രമാണോ ഫലം?”
“ഓ പുൽമേടുകൾ നശിച്ചാൽ മണ്ണൊലിപ്പുണ്ടാകും.” കൊച്ചുറാണി പറഞ്ഞു.
“അത് മാത്രമല്ലല്ലോ കുഴപ്പം.” മാസ്റ്റർ കുട്ടികളുടെ നേരെ നോക്കി.
“പുൽമേടുകളില്ലാതായാൽ മാനുകൾ പട്ടിണിയാകും, ചാകും.” അപ്പുക്കുട്ടൻ ചാടിപ്പറഞ്ഞു.