Jump to content

താൾ:Vayichalum vayichalum theeratha pusthakam.djvu/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"അതും പ്രകൃതിസ്നേഹികൾ പഠിച്ചിരിക്കേണ്ടതാണ്. ആൺകുട്ടികൾ പഠിച്ചാൽ മതി. നമുക്കതിലും മത്സരം വയ്ക്കാം.” മാസ്റ്റർ സമ്മതിച്ചു.

“എങ്കിൽ ഞങ്ങൾ പെൺകുട്ടികൾക്ക് മാത്രമായി ഒരു മത്സരം വേണം.” കൊച്ചുറാണിക്ക് വാശി.

“കാട്ടുപൂക്കൾ കൊണ്ടൊരു അലങ്കാരമത്സരമായാലോ?”

“ങാ അതു കൊള്ളാം" അമ്മൂമ്മയ്ക്കും അതിൽ താത്പര്യമായി.

“അയ്യോ തവളച്ചാട്ടം തീർച്ചയായും വേണം." വിനു ഓർത്തു പറഞ്ഞു.

“ഇനി ഇങ്ങനെ തർക്കിച്ചിരിക്കേണ്ട. പറ്റിയ കുറെയേറെ കളികൾ നമുക്ക്‌ തെരഞ്ഞെടുക്കാം. അവയെല്ലാം നിങ്ങളുടെ പ്രകൃതി നിരീക്ഷണ പാടവം മെച്ചപ്പെടുത്തുന്നവയായിരിക്കും.” മാസ്റ്റർ സമ്മതിച്ചു.

"ഞങ്ങൾ സയൻസ് പഠിത്തത്തിൽ മിടുക്കന്മാരാകാനാണോ മാസ്റ്റർ ഈ പ്രകൃതി നിരീക്ഷണം?” ദീപുവിന് ഒരു സംശയം.

“അതിനു മാത്രമല്ല. പ്രകൃതിയെ നിരീക്ഷിക്കണമെങ്കിൽ അതുമായി ബന്ധപ്പെടണം. അങ്ങനെ പ്രകൃതിയെ കാണുന്നവർ അറിയാതെ അതിൽ താൽപര്യമുള്ളവരാകും.”

“ഓ അതു ശരി.”

“മാത്രമല്ല, അങ്ങനെയുള്ളവർ അറിയാതെ പ്രകൃതിയെ സ്നേഹിച്ചു പോകും.”

“ഓ പരിചയം കൊണ്ട് ഇഷ്ടമാകുമെന്ന്.” കൊച്ചുറാണി തലകുലുക്കി.

“അതുശരിയാ.” എല്ലാവരും സമ്മതിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/77&oldid=172241" എന്ന താളിൽനിന്ന് ശേഖരിച്ചത്