"ഏറ്റവും അധികം ശബ്ദങ്ങൾ ഏറ്റവും നന്നായി അവതരിപ്പിക്കുന്ന ആളിനെ മിമിക്രിവീരനായി പ്രഖ്യാപിക്കാം.” മാസ്റ്റർ തുടർന്നു.
“ഞങ്ങൾ പെൺകുട്ടികളാണ് ജയിക്കുന്നതെങ്കിലോ മാസ്റ്റർ?” മിനിക്കൊരു സംശയം.
“എങ്കിൽ മിമിക്രി രാജ്ഞി എന്ന പദവി തരും. സമ്മാനവുമുണ്ട്, കേട്ടോ.”
“ഇത് ഒരു നല്ല മത്സരമായിരിക്കും.” ചേച്ചിയും സമ്മതിച്ചു.
“എങ്കിലേ, ഞാനുമൊരു മൽസരം പറയാം” അമ്മൂമ്മ പറഞ്ഞു.
“ങേ അമ്മൂമ്മയോ?” അനുവിന് അത്ഭുതം!
“എന്താ അമ്മൂമ്മക്ക് പറഞ്ഞാൽ” കേട്ടോ പിള്ളേരെ, നമ്മുടെ നാടൻ പച്ചമരുന്നുകൾ കൊണ്ടുള്ള എന്തെല്ലാം മരുന്നുകൾ ഉണ്ടെന്നോ. ദഹനക്കേടിനും തലവേദനക്കും എല്ലാം.” അമ്മൂമ്മ തുടങ്ങി.
“ഓ ആ മരുന്നുകൾ ഉണ്ടാക്കുന്നത് ഞങ്ങൾ പഠിച്ചുവരാനാണോ?” കൊച്ചുമുഹമ്മദ് അത് ചോദിച്ചിട്ട് ചിരിയെടാ ചിരി.
"ചിരിക്കാതെടാ മുഹമ്മദേ. കേൾക്ക്. പക്ഷെ നമ്മുടെ കുട്ട്യോൾക്കും അവരുടെ അമ്മമാർക്കു പോലും ഇന്ന് മരുന്നുചെടികൾ തിരിച്ചറിയാൻ വയ്യ. പനിക്കൂർക്ക കാണാത്തവരാണിന്നത്തെ കുട്ടികൾ?"
“അതിന്?”
“ഒരു കളി നടത്താം നമുക്ക്. ഞാൻ കുറെ ഇലകൾ കൊണ്ടുവന്ന് ഈ ആലിനു ചുറ്റും വട്ടത്തിൽ വെക്കും. ഓരോ ഇലക്കു മുമ്പിലും ഓരോരുത്തരെ ഇരുത്തും.”
“ഓ ഇനി പിടികിട്ടി അമ്മൂമ്മെ,” മാസ്റ്റർ പറഞ്ഞു.
“എന്നാ നീ മാസ്റ്ററുടെ ഭാഷയിൽ ഇനി ബാക്കി വിവരിച്ചോ.” അമ്മൂമ്മ സമ്മതിച്ചു.
“നിങ്ങൾക്കെല്ലാം കാര്യം മനസ്സിലായല്ലോ? ഓരോരുത്തരും മണത്തും തൊട്ടും നോക്കി മുന്നിലെ ഇല ഏതെന്നു മനസ്സിലാക്കി തന്നിരിക്കുന്ന കടലാസിലെഴുതണം. സമയം തീർന്നാൽ സീറ്റു മാറി അടുത്ത സീറ്റിലിരുന്ന് കളി തുടരാം.” മാസ്റ്റർ ചുരുക്കി പറഞ്ഞു.