"എങ്കിൽ മാസ്റ്റർക്ക് നല്ല ക്ഷമയുണ്ടല്ലോ." അനു സമ്മതിച്ചു.
"ഇതെല്ലാം നിങ്ങൾക്ക് അറിവില്ലാത്തതു കൊണ്ട് തോന്നുന്നതാണ്. ആദ്യം ഇത്തിരി വിഷമം തോന്നും. തുറന്നെഴുതാൻ മടി തോന്നും. പിന്നെപ്പിന്നെ എഴുത്ത് എളുപ്പമാകും. പിന്നെയോ രസകരവും."
"ഡയറി നിങ്ങളുടെ ഒരു കൊച്ചു കൂട്ടുകാരനാണ് എന്നു കരുതണം. നിങ്ങൾക്ക് മറ്റാരും കാണാതെ ഉള്ളിൽത്തോന്നുന്ന കാര്യങ്ങൾ ഡയറിയിലെഴുതാം. ഒരിക്കലും മറക്കാൻ പറ്റാത്ത വലിയ അനുഭവമായി മാറും ഡയറിയെഴുത്ത്."
"എങ്കിലൊന്ന് നോക്കണം." കൊച്ചുമുഹമ്മദ് സമ്മതിച്ചു.
"അപ്പോൾ ഏറ്റവും നല്ല ഡയറിക്ക് സമ്മാനം അല്ലേ മാസ്റ്റർ?" അപ്പുക്കുട്ടൻ കാര്യത്തിലേക്ക് കടന്നു.
"അതെ. തികഞ്ഞ സത്യസന്ധ്യതയോടെ എഴുതണേ മറക്കരുത്." മാസ്റ്റർ തുടർന്നു.
"എന്നാലിനിയുള്ള മാസങ്ങൾ ശരിക്കൊന്നു പ്രകൃതി നിരീക്ഷണത്തിൽ മുഴുകണമല്ലോ." രൂപക്കുട്ടി പ്ലാനിട്ടു.
"സയൻസ് പ്രോജക്ട് ആകട്ടെ അടുത്ത മത്സരയിനം." മാസ്റ്റർ പറഞ്ഞു.
"എന്നുവച്ചാലെന്താ മാസ്റ്റർ" അനുവിന് സംശയം.
"പറയാം. ഒരു ചെറിയ പരീക്ഷണം, നിരീക്ഷണം, നിഗമനം. ഉദാഹരണമായി നമുക്ക് വാലുമാക്രികളെക്കുറിച്ചാകാം ഒരു പ്രോജക്റ്റ്," മാസ്റ്റർ വിശദീകരിച്ചു.
"ആഹാ അതെങ്ങനെ?"
"പറയാം. കുളത്തിൽ തവളയുടെ മുട്ടകൾ കണ്ടിട്ടില്ലേ?" പതപോലെ പൊങ്ങിക്കിടക്കുന്നത്. അതു കണ്ടാൽ എത്ര ദിവസം കഴിഞ്ഞാണ് മുട്ടകൾ വിരിഞ്ഞ് വാലുമാക്രികൾ പുറത്തുവരുന്നതെന്ന് കണ്ടു പിടിക്കുക. എന്നിട്ടവയിൽ കുറച്ചെണ്ണത്തെ ഒരു കൃത്രിമക്കുളത്തിൽ വളർത്തൂ."
"കൃത്രിമക്കുളമോ?"