ആവാസവ്യവസ്ഥ എന്നു പറയുന്നത്. ഇക്കോസിസ്റ്റം (Eco system) എന്നാണ് ഇംഗ്ലീഷിലുള്ള പേര്"
"കുളം അത്തരമൊരു ആവാസ വ്യവസ്ഥയാണ് എന്ന്. ഓ അപ്പോൾ എന്താണ്ടൊക്കെ പിടികിട്ടി." കൊച്ചുമുഹമ്മദ് ഗമയിൽ തല ഉയർത്തി നിന്നു.
"എങ്കിൽ മീനുകളെപ്പറ്റി പഠിക്കുമ്പോൾ പായലുകളെപ്പറ്റിയും പഠിക്കണമല്ലോ!"
"വളരെ ശരിയാണ് അപ്പുക്കുട്ടാ. ഒരു ജീവിയേയും അതിന്റെ ചുറ്റുപാടിൽ നിന്ന് മാറ്റി നിർത്തി പഠിച്ചാൽ പഠനം പൂർണ്ണമാവുകയില്ല."
"നീർക്കോലിയെപ്പറ്റി പഠിക്കുമ്പോൾ വാലുമാക്രിയെപ്പറ്റിയും അറിയണമെന്ന്. ഹഹഹഹ. അതുകൊള്ളാമല്ലോ." കൊച്ചുറാണിക്ക് അതൊരു തമാശയായി തോന്നി.
"അതെ കൊച്ചുറാണി, വാലുമാക്രിയെപ്പറ്റിയും കുളത്തെപ്പറ്റിയും അതിലെ പായലിനെപ്പറ്റിയും ഒക്കെ അറിയണം. അവയൊക്കെയുമായി ശ്രീമാൻ നീർക്കോലിക്കുള്ള ബന്ധവും പഠിക്കണം."
"ശരി ശരി. സമ്മതിച്ചിരിക്കുന്നു." കൊച്ചുറാണി തല കുലുക്കി.
"ഇങ്ങനെ ജീവികളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് പരിസ്ഥിതി വിജ്ഞാനം. ഇക്കോളജി (Ecology) എന്ന് ഇംഗ്ലീഷിൽ പറയും." മാസ്റ്റർ വിശദീകരിച്ചു.
"ഓ ഇതാണോ പരിസ്ഥിതി വിജ്ഞാനം? അതായത് ഇക്കോളജി?"
"ഞാനും ആ പേരു കേട്ടിട്ടുണ്ട്. എന്താണെന്ന് ഇപ്പോഴാണ് അറിയുന്നത്."
"അപ്പോൾ മാസ്റ്റർ ഞങ്ങളെ കുളം കാണിച്ചു രസിപ്പിച്ച് ഇക്കോളജി എന്താണെന്ന് പഠിപ്പിച്ചു!" ലില്ലിക്കുട്ടിക്ക് മാസ്റ്ററുടെ വിദ്യ പിടികിട്ടി.
"ഇങ്ങനെ കുളത്തിലിറങ്ങി പഠിച്ചാൽ ഈ പഠനം എത്ര രസകരമാണ്!" കൊച്ചുമുഹമ്മദ് കുളത്തിലെ പായൽ വാരി നോക്കുന്നതിനിടയിൽ പറഞ്ഞു.
"അതെ കൊച്ചുമുഹമ്മദേ പ്രകൃതിയെ ഇങ്ങനെ നിരീക്ഷിച്ചു പഠിച്ചാൽ പ്രകൃതി പഠനം