നിരീക്ഷിച്ചാൽ ഇങ്ങനെ എന്തെല്ലാം കാഴ്ചകൾ കാണാൻ കഴിയുമെന്നോ. ഞാൻ ഒരു ദിവസം കരിയിലപ്പക്ഷികളെ നോക്കിനിന്നപ്പോൾ ഒരു നാടകം കണ്ടു." മാസ്റ്റർ ഒരു കഥ പറയാൻ തുടങ്ങി.
"നാടകമോ?" ദേവുവിന് അത്ഭുതം.
"അതേ. ഒരു ദിവസം പറമ്പിന്റെ മൂലയിൽ വലിയ ബഹളം. കരിയിലപ്പക്ഷികളായിരുന്നു ബഹളം കൂട്ടിയിരുന്നത്. ഞാൻ ഒളിച്ചു നിന്ന് ശ്രദ്ധിച്ചു." മാസ്റ്റർ ആ സംഭവകഥ പറയാൻ തുടങ്ങി.
"എന്നിട്ടോ?" നാരായണന് ബാക്കി കേൾക്കാൻ ധൃതിയായി.
"കരിയിലപ്പക്ഷികളെല്ലാം ഒരുസ്ഥലത്ത് വട്ടത്തിൽനിന്ന് വലിയ കരച്ചിൽ. ഞാൻ ശ്രദ്ധിച്ചു നോക്കി. അപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച!"
"എന്താ മാസ്റ്റർ!"
"ഒരു വലിയ ചേരപ്പാമ്പ്! അവന്റെ വായിൽ ഒരു വലിയ കരിയിലപ്പക്ഷിക്കുഞ്ഞ്!"
"ഹോ കഷ്ടം!"
"പാമ്പിനു ചുറ്റും നിന്നാണ് പാവങ്ങൾ കരയുന്നത്. ചില ധൈര്യവാൻമാർ പാമ്പിന്റെ പുറത്തു ചാടി നിന്നുവരെ കരയുന്നുണ്ട്. പക്ഷെ പാമ്പിന്റെ വായുടെ അടുത്തു ചെല്ലാനോ അതിനെ കൊത്താനോ അവർക്ക് ധൈര്യവുമില്ല."
"പാമ്പ് അനങ്ങാതെ കിടപ്പാണോ മാസ്റ്റർ?"